പ്രണയഗീതം: ഭാഗം 26

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അതാണ് ജീവിതം... നമ്മൾ നേരത്തെ കണ്ടതാവില്ല പിന്നീട് നടക്കുന്നത്... അതങ്ങനെയാണ്... പിന്നെ ഞാൻ ഇപ്പോൾ വന്നത് ഒരു കാര്യം അറിയാനാണ്... അനു എന്നോട് പറഞ്ഞത് സത്യമാണോ... നിനക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടം ഈ ഉള്ളിന്റെയുള്ളിലുണ്ടോ..." ഗിരി ചോദിച്ചു... "എന്താണ് ഞാൻ പറയുക... നമ്മൾ തമ്മിൽ ആദ്യമായി കണ്ടത് ഓർമ്മയില്ലേ... സുലൈമാനിക്കായുടെ ഗോഡൌണിന്റെ അടുത്തുവച്ച്... അന്ന് നിങ്ങളെ കണ്ടപ്പോൾ എന്തോ ഇയാളെ വല്ലാതങ്ങ് പിടിച്ചു... അവിടെ നിന്ന് വരുമ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു പേടി തോന്നിയിരുന്നു... പരിചയമില്ലാത്ത രണ്ടുപേരുടെ കൂടെ ഒരു പെൺകുട്ടിയായ ഞാനൊറ്റക്ക്... ജോലിക്ക് കരക്റ്റ് സമയത്ത് എത്തണമെന്നതുകൊണ്ടും ആ ജോലിയോട് എനിക്ക് ഒരുപാട് മോഹമുള്ളതുകൊണ്ടും എന്റെ എടുത്തുചാട്ടം എന്നുപറയാം നിങ്ങളുടെ കൂടെ ഞാൻ ആ ലോറിയിൽ കയറി... ലോറി ഓടിക്കൊണ്ടിരുന്നപ്പോഴാണ് താൻ ചെയ്തത് അബദ്ധമായോ എന്നു തോന്നിയത്... അതുമുതൽ എനിക്ക് പേടിയായിരുന്നു...

നിങ്ങൾ ചോദിക്കുന്നതും സംസാരിക്കുന്നതും കേൾക്കാതിരിക്കാൻ ഞാൻ ഹെഡ് സെറ്റ് വച്ച് പാട്ട് കേട്ടു... പാട്ടിൽ ലയിച്ച ഞാൻ എപ്പോഴോ മയങ്ങി പെട്ടന്ന് ഞെട്ടിയുണർന്നപ്പോൾ നിങ്ങളെ വണ്ടിയിൽ കണ്ടില്ല... പരിചയമില്ലാത്ത സ്ഥലവും... വണ്ടിയിൽ നിന്നിറങ്ങി നോക്കിയപ്പോൾ നിങ്ങൾ ഒരു ചായക്കടയിൽനിന്ന് ഇറങ്ങിവരുന്നതു കണ്ടു... ആ നിമിഷം എനിക്ക് നിങ്ങളെ മനസ്സിലായി... ചില ഡ്രൈവർമാരെ പോലെയല്ല നിങ്ങളെന്ന്... അതാണ് പിന്നെ നിങ്ങൾ വാങ്ങിച്ചുതന്നത് കഴിച്ചതും... ഇവിടെയെത്തി നിങ്ങൾ വാസുദേവനങ്കിളിന്റെ മകനാണ് എന്നറിഞ്ഞപ്പോൾ എനിക്ക് നിങ്ങളോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ.. പിന്നീട് നിങ്ങളുടെ അവസ്ഥയറിഞ്ഞപ്പോൾ സഹതാപം തോന്നി... അവിടെ എന്തോ നിങ്ങളുടെ അച്ഛനുമമ്മയും ആഗ്രഹിക്കുന്നതുപോലെ ആ പഴയ ഗിരിയെ തിരിച്ചുകൊണ്ടുവരാൻ ഞാൻ ശ്രമിച്ചു... അത് ഒരു പരിധിവരെ വിജയിച്ചു... രണ്ട് ദിവസംമുന്നേ ആ ശേഖരൻ എന്നു പറയുന്ന ആളുടെ മകൻ എന്നെപ്പറ്റി പറഞ്ഞപ്പോൾ നിങ്ങളിലുണ്ടായ പ്രതികരണം... അതാണ് എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചത്... അതിൽ പ്രണയത്തിന്റെ ചില കണികകൾ എന്റെ മനസ്സിൽ മുളപൊട്ടി...

പക്ഷേ എന്റെ ജീവിതം അത് എന്താകുമെന്നോ എങ്ങനെയാകുമെന്നോ എനിക്കറിയില്ലായിരുന്നു... അതാണ് എന്റെ മനസ്സിൽ വേദനയുണ്ടെങ്കിലും എപ്പോഴും ഒരു ഏട്ടന്റെ സ്ഥാനത്താണ് കാണുന്നതെന്ന് പറഞ്ഞത്... എന്നാലിപ്പോൾ എനിക്ക് ആ ഇഷ്ടം നഷ്ടപ്പെടരുതേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ... അനു എന്നോടും പറഞ്ഞു ഇയാൾക്ക് എന്നെ ഇഷ്ടമാണെന്ന്... അത് സത്യസന്ധമായിത്തന്നെ പറഞ്ഞതാണോ അതോ അവളോട് വെറുതേ ഒരു തമാശയായിട്ട് പറഞ്ഞതാണോ..." "ഇതുപോലുള്ള കാര്യം ആരെങ്കിലും തമാശയായി കാണുമോ... എന്റെ ജീവിതത്തിൽ മനസ്സു തുറന്ന് ഒരു പെണ്ണിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു... എന്നാൽ അതിനുപിന്നിലൊരു ചതിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല... ഒരു സുപ്രഭാതത്തിൽ അവൾ ഇനിയൊരിക്കലും തന്നെ കാണരുതെന്ന് പറഞ്ഞ് പോയപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ് ഉണ്ടായത്... പിന്നീട് അവൾ ആരാണെന്നറിഞ്ഞപ്പോൾ ആ വേദന മാറി അവളോട് ഒരുതരം പകയായിരുന്നു മനസ്സിൽ... അത് ഇപ്പോഴും എന്റെ നെഞ്ചിൽ അണയാതെ കിടക്കുന്ന ഒരു കനലായി നിലകൊള്ളുന്നുണ്ട്... എന്നാൽ നിന്നെ കണ്ടപ്പോൾ നീയുമായി കൂടുതൽ അടുത്തപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി...

യഥാർത്ഥ സ്നേഹം അതെന്താണെന്ന് ഞാൻ മനസ്സിലാക്കി... അവൾക്ക് എന്റെ പണത്തോടായിരുന്നു കൂടുതൽ താല്പര്യം... അതിനുവേണ്ടിയുള്ള കപട സ്നേഹം കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചുപോയി... അതാണ് സത്യം... നീ പറഞ്ഞതുപോലെ നിന്നോട് സംസാരിക്കുമ്പോഴും ഒന്നിച്ച് നിൽക്കുമ്പോഴുമുള്ള സന്ദർഭത്തിൽ എന്തോ ഒരു വല്ലാത്ത അടുപ്പം അത് അനു പറഞ്ഞതുപോലെ മുൻജന്മത്തിൽ ഒന്നിക്കാൻ കഴിയാതെപോയ രണ്ട് പുനർജന്മം പോലെ തോന്നി... പക്ഷേ ഇനിയും ഒരു പരീക്ഷണത്തിന് മുതിരാൻ എനിക്ക് താല്പര്യമില്ലാത്തതിനാൽ എല്ലാം മനസ്സിൽ കൊണ്ടുനടന്നു... അത് പുറത്തു വീണത് അനുവിന്റെ ഒരേയൊരു സംസാരത്തിലാണ്... നീ മറ്റൊരാളുടേതാകും എന്ന ചിന്ത അതാണ് എനിക്ക് നിന്നോടുള്ള ഇഷ്ടം പുറത്തു വീണത്... എനിക്ക് നിന്നിലൂടെ ജീവിക്കാനൊരാശ അതാണ് അവിടെ എന്റെ ഇഷ്ടം അനുവറിയാൻ കാരണം... പിന്നെ നിന്റെ പ്രശ്നവും... അവിടെ എന്റെ ഇഷ്ടം പറഞ്ഞ് വന്നാൽ നീ ഏതു രീതിയിൽ എടുക്കുമെന്ന് അറിയില്ലായിരുന്നു... "

"ഇപ്പോൾ എല്ലാ പ്രശ്നവും തീർന്നില്ലേ... ഇനി എനിക്ക് എന്റേതായി ഇയാളെ സങ്കൽപ്പിച്ചുകൂടേ... ഒരിക്കലും ഞാൻ മറ്റൊരു ശരണ്യയാവില്ല... അത് എന്റെ ഉറപ്പാണ്... " "ഇതുമതിയെനിക്ക്... ഇനി ആര് എതിർത്താലും ആര് അവകാശവുമായി വന്നാലും നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല... ഞങ്ങളുടെ തറവാട്ടിലെ പരദേവതാണ് സത്യം... പറഞ്ഞതുപോലെ നീ ഞങ്ങളുടെ തറവാട് കണ്ടിട്ടില്ലല്ലോ.. നാളെ നമുക്കൊരു മിച്ച് പോകാം അവിടേക്ക്... മറ്റെന്നാൾ ജോലിക്ക് ജോയിൻ ചെയ്യേണ്ടതല്ലേ... അന്നേരം പരദേവതയുടെ അനുഗ്രഹം വാങ്ങിക്കുന്നത് നല്ലതാണ്... " "ആന്റി പറഞ്ഞിരുന്നു നാളെ പോകണമെന്ന്.. ഇവിടുന്ന് ഒരുപാട് നടക്കാനുണ്ടോ അവിടേക്ക്..." "ഏറിയാൽ പത്തു മിനിറ്റ് അത്രയേയുള്ളൂ... പിന്നെ അവരോട് നമ്മുടെ കാര്യം സമ്മതമാണെന്ന് പറയട്ടെ... " "ഉം.. " ശ്രേയ താഴേക്ക് നോക്കിക്കൊണ്ട് മൂളി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ടൌണിൽ നിന്ന് വീട്ടിലേക്ക് തന്റെ കാറിൽ വരുകയായിരുന്നു പ്രതാപൻ... പെട്ടന്നയാളുടെ ഫോൺ റിംഗ് ചെയ്തു... "എന്താ രവീന്ദ്രൻസാറേ പതിവില്ലാതെ... " പ്രതാപൻ ചോദിച്ചു...

"അത് പ്രതാപാ ചെറിയൊരു പ്രശ്നമുണ്ട്... അത് നമ്മുടെ പവിത്രൻ ഇവിടെ സ്റ്റേഷനിലുണ്ട്... ഏതോ രണ്ട് പെൺകുട്ടികളോട് വഴിയിൽവച്ച് എന്തോ അനാവിശ്യം പറഞ്ഞതാണ് പ്രശ്നം.. അതിന് അവനെ അറസ്റ്റ് ചെയ്താണ് ഇവിടെ കൊണ്ടുവന്നത്... " "അറസ്റ്റു ചെയ്യുകയോ... ആര് നിങ്ങളോ... " "ഞാനല്ല... പക്ഷേ എനിക്കെന്തു ചെയ്യാൻ പറ്റും... പറയുന്നത് അനുസരിച്ചില്ലെങ്കിൽ എന്റെ തൊപ്പി തെറിക്കും... " "ആരാണ് നിങ്ങളെക്കൊണ്ട് അത് ചെയ്യിച്ചത്... അവരുടെ നിർദ്ദേശപ്രകാരമാണ് അവനെ അറസ്റ്റ് ചെയ്തത്.. " "അത് കമ്മീഷണറുടെ ഓഡറാണ്... മാത്രമല്ല പ്രതാപനെ അയാൾ തല്ലുകയും ചെയ്തു... " "എന്നിട്ട് നിങ്ങൾ കയ്യും കെട്ടിനിന്ന് അത് കണ്ടു അല്ലേ... നിങ്ങൾക്കൊക്കെ ചോദിക്കുമ്പോൾ കൈനിറയെ തരുന്നതിനുള്ള നന്ദി കാട്ടിയതായിരിക്കും അല്ലേ... " "അയ്യോ പ്രതാപാ രവിന്ദ്രൻ ഒരിക്കലും നന്ദികേട് കാണിക്കില്ല... " "എന്നാൽ അവനെ എത്രയും പെട്ടന്ന് റിലീസ് ചെയ്യണം..." "അത് പ്രതാപാ കമ്മീഷണറുടെ അനുവാദമില്ലാതെ ആരു വന്നാലും പറഞ്ഞാലും അവനെ വിടരുതെന്നാണ്... ഇനിയിപ്പോ ഒറ്റവഴിയേയുള്ളൂ.. മുകളിൽ പിടിക്കുക... അതേ രക്ഷയുള്ളൂ... " "അപ്പോൾ ഒന്നിനായിട്ടാണ് അവൻ ഇറങ്ങിയതല്ലേ...

പത്തു മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ആ കമ്മീഷണറുടെ കോൾ വരും അതിന് വേണ്ടത് ഞാൻ ചെയ്തോളാം... പിന്നെ അവനുള്ളത് ഞാൻ കൊടുത്തോളാം... " അതും പറഞ്ഞ് പ്രതാപൻ കോൾ കട്ട് ചെയ്ത് ഹോംമിനിസ്റ്ററുടെ നമ്പറിലേക്ക് വിളിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കട പൂട്ടി ഗോപിനാഥനും ഗിരിജയും വീട്ടിലെത്തുമ്പോൾ തന്റെ പണിയെല്ലാം കഴിച്ച് രാത്രിയിലേക്കുള്ള ഭക്ഷണവും ഉണ്ടാക്കിയതുനുശേഷം കാവ്യയും ആര്യയും പഠിക്കാൻ ഇരിക്കുകയായിരുന്നു... ഗോപിനാഥനും ഗിരിജയും അവരുടെ അടുത്തേക്ക് വന്ന് അവരുടെ അടുത്തിരുന്നു... "മോളെ കാവ്യേ... ഇന്നെന്താണ് വഴിയിൽ വച്ച് നടന്നത്... ആ പവിത്രൻ എന്താണ് പറഞ്ഞത്... " ഗോപിനാഥൻ ചോദിച്ചു... "അച്ഛനെങ്ങനെ അറിഞ്ഞു അത്... " "എന്നോട് നമ്മുടെ വിജയൻ പറഞ്ഞതാണ്... ആ ദുഷ്ടൻ എന്റെ മോളെ തല്ലിയോ... " "അത് സാരമില്ല അച്ഛാ... ഏതായാലും അയാൾക്കുള്ള ശിക്ഷ ദൈവം തന്നെ കൊടുത്തു... കരക്ട് സമയത്ത് ആ കമ്മീഷണർക്ക് അതുവഴി വരാൻ തോന്നിയത് ഭാഗ്യമായി... " "ഞാൻ കാരണമല്ലേ മോളേ നീ നാണം കെട്ടത്... ഒരീർക്കിൾക്കൊണ്ടുപോലും നിന്നെയിതുവരെ ഞങ്ങൾ തല്ലിയിട്ടില്ല... എന്നിട്ടും ഏതോ ഒരുത്തൻ അച്ഛൻ വാങ്ങിച്ച പണത്തിന്റെ പേരിൽ മോളെ... " "മറ്റാർക്കും വേണ്ടിയല്ലല്ലോ അച്ഛൻ പണം വാങ്ങിയത് ഞങ്ങൾക്ക് വേണ്ടിയല്ലേ... ഞങ്ങളുടെ പഠിപ്പിന് വേണ്ടിയല്ലേ... "

"അത് ശരി തന്നെ... ഇപ്പോൾ എന്റെ മോൾക്ക് അച്ഛനോട് വെറുപ്പ് തോന്നുന്നുണ്ടാകും... സ്വന്തം കുട്ടികളെ പഠിപ്പിക്കാൻ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയോർത്ത്... കുറച്ചു കഴിഞ്ഞാൽ എന്റെ കുട്ടികളെ വിവാഹം ചെയ്തയക്കേണ്ടതാണ്... അതിനു പോലും അച്ഛന് ഗതിയില്ല... " പെട്ടന്ന് കാവ്യ ഗോപിനാഥന്റെ വായ പൊത്തി... " "എന്താണച്ഛാ ഇങ്ങനെയൊക്കെ പറയുന്നത്... നമ്മുടെ കഷ്ടപ്പാടെല്ലാം എനിക്ക് നന്നായിട്ട് അറിയുന്നതല്ലേ... ഇത്രവരെ ഞങ്ങളെ പഠിപ്പിക്കാൻ വേണ്ടി അച്ഛൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് ഞങ്ങൾ കാണുന്നതല്ലേ... ഉത്സവ സീസണിൽ ഉറങ്ങാതെ അവിടെ ചെറിയൊരു ഷെഡ് കെട്ടി അതിൽ കച്ചവടം നടത്തിയിട്ടുമാണ് ഞങ്ങളെ ഇതുവരെ നോക്കിയത്... ഭാരപ്പെട്ട പണിക്ക് അച്ഛന് പോകാൻ കഴിയാത്തതും ഞങ്ങൾക്കറിയുന്നതല്ലേ... എന്നിട്ടുമെന്തിനാണ് ഞങ്ങളെ ഇതൊക്കെ പറഞ്ഞ് വേദനിപ്പിക്കുന്ന ത്... " എന്റെ കുട്ടികളുടെ യോഗമോർത്ത് പറഞ്ഞുപോയതാണ്... ഇപ്പോൾ അതല്ല പ്രശ്നം എങ്ങനെയെങ്കിലും ആ പവിത്രന്റെ മുതലും പലിശയും വീട്ടണം...

അതിന് ഒരു വഴിയുമാലോചിച്ചിട്ട് പിടികിട്ടുന്നില്ല... അവനെ പോലീസ് പൊക്കിയെന്നറിഞ്ഞാൽ അവന്റെ ഏട്ടൻ പ്രതാപൻ വെറുതെയിരിക്കുമോ... അതിന് കാരണക്കാരായ ത് നമ്മളാണെന്നറിഞ്ഞാൽ അവൻ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് അറിയില്ല... " ".എന്ത് കാണിക്കാൻ ആ കമ്മീഷണർ നല്ലവനാണെന്നാണ് തോന്നുന്നത്... എന്തെങ്കിലും പ്രശ്നമുണ്ടായാൽ അദ്ദേഹത്തിനോട് പറയാമല്ലോ... അദ്ദേഹം നമ്പറുംതന്നിട്ടുണ്ട്..." "അതും ശരിയാണ്... കൈപ്പുറത്തെ കൃഷ്ണന്റെ മകനല്ലേ ഇവിടുത്തെ കമ്മീഷണർ... നല്ല പയ്യനാണെന്നാണ് കേട്ടത്... കൃഷ്ണനും ഞാനും പണ്ട് ഗോവയിൽ ഒന്നിച്ച് ജോലിയെടുത്തവരാണ്...അവിടെവച്ചാണ് എനിക്ക് അപകടം പറ്റിയത്... അവന് എന്നെ നന്നായി അറിയാം...ഏതായാലും എന്റെ കുട്ടികൾ ഇനി ഒറ്റക്ക് ഒരിടത്തേക്കും പോകേണ്ട... ആരുടേയെങ്കിലുംകൂടെ പോയാൽ മതി... " "അച്ഛനിങ്ങനെ പേടിക്കല്ലേ... എന്തെങ്കിലും സംഭവിക്കാനുള്ളതാണെങ്കിൽ അത് ആര് കൂടെയുണ്ടായാലും സംഭവിക്കും... ഇന്ന് നിമിഷ എന്റെ കൂടെയില്ലായിരുന്നോ... എന്നിട്ടും ആ ദുഷ്ടൻ ചെയ്തതുകണ്ടില്ലേ...

എല്ലാം ശരിയാകും അച്ഛാ... ഈ വർഷത്തോടെ ഡിഗ്രി കഴിയില്ലേ... എവിടെയെങ്കിലും നല്ലൊരു ജോലി സംഘടിപ്പിക്കണം... അതോടെ നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും ചെറിയൊരു സമാധാനം കിട്ടും... ഇപ്പോൾ നിങ്ങൾ രണ്ടുപേരും പോയി മേല് കഴുകി വാ... എന്നിട്ട് സംസാരിക്കാം... " "ഉം... നാളെയാവട്ടെ... അറിയാവുന്ന ആരോടെങ്കിലും കുറച്ച് പണം സംഘടിപ്പിക്കണം... വീണുപോയ രണ്ടുമാസത്തെ പലിശയെങ്കിലും കൊടുക്കണം... " "അച്ഛൻ ഇനി ആരുടേയും മുന്നിൽ കൈ നീട്ടേണ്ട... അയാളുടെ മുതലും പലിശയും കൊടുക്കാനുള്ള വഴി ഞാൻ കണ്ടു വച്ചിട്ടുണ്ട്... എന്റെ കഴുത്തിലെ ഈ മാലയും കയ്യിലെ വളയും വിറ്റാലോ പണയംവച്ചാലോ അയാൾക്ക് കൊടുക്കാനുള്ളത് കിട്ടും... എത്രയും പെട്ടന്ന് ഇത് എന്തുചെയ്താലും അയാളുടെ പണം കൊടുക്കണം... " "മോളേ... ഇത് നിനക്ക് വയസ്സറിയിച്ചിട്ട് നിന്റെ അമ്മാവൻ തന്നതല്ലേ... എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും ഇതുവരെ എടുക്കാതെ ഇരുന്നതല്ലേ അത്... അത് നിന്റെ കഴുത്തിലും കയ്യിലും കിടന്നോട്ടെ... പണം എങ്ങനെയെങ്കിലും ഉണ്ടാക്കാം... നിന്റെ അമ്മാവനുണ്ടായിരുന്ന കാലത്ത് എന്ത് ബുദ്ധിമുട്ടുണ്ടായിരുന്നാലും അതെല്ലാം തരണം ചെയ്തിരുന്നു... അവനെ ദൈവം നേരത്തെ വിളിച്ചില്ലേ... ആ ഇതുപോലെ കഷ്ടപ്പാടുകൾ അനുഭവിക്കാൻ ദൈവംതീരുമാനിച്ചിട്ടുണ്ടാകും... " ഗോപിനാഥൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു... പുറകെ ഗിരിജയും ചെന്നു...... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story