പ്രണയഗീതം: ഭാഗം 35

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

പ്രതാപൻ തിഞ്ഞുനടന്ന് കുറച്ചകലെയായി നിർത്തിയിട്ട തന്റെ കാറിന്റെ ഡിക്കിതുറന്ന് അതിലുണ്ടായിരുന്ന പെട്രോൾ എടുത്തുകൊണ്ടുവന്ന് ആ വീടിന്റെ ചുമരിലും ഓഡിന്റെ മേലേക്കും ഒഴിച്ചു... പിന്നെ വീടിന്റെ വടക്കു ഭാഗത്തേക്ക് ചെന്ന് അവിടെ കെട്ടിവച്ചിരുന്ന ഓലചൂട്ടുമായിവന്നു... പിന്നെ റോഡിലേക്കിറങ്ങി തന്റെ കീശയിൽനിന്നും ലൈറ്ററെടുത്ത് ആ ചൂട്ട് കത്തിച്ച് ആ വീടിന് മുളിലേക്കെറിഞ്ഞു... ആ നിമിഷം ആ വീട് അഗ്നി വിഴുങ്ങി.... ആ വീട് മുഴുവനുമായി അഗ്നിക്കിരയാകുമെന്ന് ഉറപ്പായപ്പോൾ പ്രതാപനും സുനിലും തങ്ങളുടെ കാറിനു നേരെ നടന്നു... കാറുമെടുത്ത് അവൻ അവിടെനിന്നും കുതിച്ചു... സമയം രാത്രി ഒരുപാടായതിനാൽ അടുത്തുള്ളവരൊക്കെ ഉറങ്ങിയിരുന്നു.. അവർ അറിയുമ്പോഴേക്കും ആ വീട് ഏകദേശം പൂർണ്ണമായും കത്തിയമർന്നിരുന്നു...

അടുത്തുള്ളവരുടെ മനസ്സിൽ ഗോപിനാഥന്റെ അവസ്ഥയോർത്ത് സങ്കടം പൂണ്ടു... അവിടെനിന്നും പോയ പ്രതാപൻ കവലയിലെത്തിയപ്പോൾ കാർ നിർത്തി... "സുനിലേ ഇനി ഒരു കാര്യംകൂടി ചെയ്യാനുണ്ട്... പ്രതാപനോട് ധിക്കാരം കാണിച്ചവരാരും നല്ലപോലെ ജീവിച്ചിട്ടില്ല... ആ ഗോപിനാഥനും മക്കളും നാളെ കോടതിയിൽ പോകാൻ ഒരുനിമിഷം മടിക്കും... ഇനി അതിന് ഒരു കാര്യംകൂടി ചെയ്യാനുണ്ട്... പ്രതാപൻ കാറിൽ നിന്നിറങ്ങി... അവൻ നേരെ ഗോപിനാഥന്റെ കടയുടെ നേരെ നടന്നു... ഗോപിനാഥാ നിന്റെ മകൾ നാളെ കോടതിയിൽ എത്തരുത്... ഈ പ്രതാപൻ ആരാണെന്ന് നാളെ നേരം വെളുക്കുമ്പോൾ നീ അറിയും... പ്രതാപൻ കയ്യിലെ ലൈറ്റർ കത്തിച്ച് ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ കടയുടെ ഒരു സൈഡിൽ തീ കൊടുത്തു... സാവധാനം ആ കടയും അഗ്നി വിഴുങ്ങി... അതുകണ്ട് പ്രതാപൻ ഉച്ചത്തിൽ ചിരിച്ചു....

"ഗോപിനാഥാ പ്രതാപൻ ആരാണെന്ന് നിനക്ക് മനസ്സിലായില്ലേ... നാളെ നേരം വെളുക്കുമ്പോൾ സ്വന്തം കൂരയും അന്നം തന്നിരുന്ന കടയും ഇല്ലാണ്ടായത് നീ അറിയും... അതോടെ നിന്റെ മോൾ എടുത്ത തീരുമാനം മാറ്റും... അങ്ങനെ എന്റെ അനിയൻ പുഷ്പംപോലെ ഇറങ്ങിപ്പോരും... ഇത് ഈ നാട്ടിലെ ഓരോരുത്തർക്കുമുള്ള പാഠമാണ്... ഈ പ്രതാപനെതിരേയോ എനിക്ക് വേണ്ടപ്പെട്ടവർക്കെതിരേയോ ഒരുത്തനും ഒരു ചെറുവിരലനക്കാൻ മുതിരില്ല... ഇനിയഥവാ മുതിർന്നാൽ അവന്റെയൊക്കെ അവസ്ഥ ഇതായിരിക്കും... എല്ലാവർക്കും ഇതൊരു പാഠമാണ്... " പ്രതാപൻ നേരെ കാറിനടുത്തേക്ക് നടന്നു... ഇതെല്ലാം കണ്ട് സുനിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു... "എടാ പ്രതാപാ... നീയെന്തൊക്കെയാണ് ചെയ്തത്... നാളെ ഈ നാട് മൊത്തം അറിയില്ലേ നീയാണ് ഇത് ചെയ്തതെന്ന്... അന്നേരം പ്രശ്നമാകില്ലേ... " സുനിൽ ചോദിച്ചു...

"എന്ത് പ്രശ്നം... എല്ലാവരും അറിയണം ഇതൊക്കെ ഞാനാണ് ചെയ്തതെന്ന്... എന്നാലേ എല്ലാവർക്കും എന്നോട് കൂടുതൽ ഭയമുണ്ടാകൂ... " "പക്ഷേ ഇതിന്റെ പേരിൽ നമ്മൾ അകത്തുപോകില്ലേ... " "അകത്തോ... ഈ പ്രതാപനെ സഹായിച്ചവർ ഒരിക്കലും വിഷമിക്കില്ല... മാത്രമല്ല.. എന്നെ തൊടാൻ ഇവിടെ ഒരു പോലീസുകാരനും ഒരു രാഷ്ട്രീയ നേതാക്കൾക്കും ദൈര്യമുണ്ടാവില്ല... പിന്നെയുള്ളത് അവനാണ് പ്രസാദ്... അവൻ വരട്ടെ... എന്നാലല്ലേ കളിക്ക് ഒരു രസമുണ്ടാകൂ... അവൻ വരണം... അവന്റെ അവസാനത്തെ വരവുമായിട്ട്... അതോടെ അവന്റെ അന്ത്യ കർമ്മങ്ങൾക്ക് വേണ്ടിയുള്ള ആളെ കണ്ടെത്തണമെന്ന് മാത്രം... ഈ പ്രതാപനോട് കളിച്ചതിന്റെ ഫലം അവനറിയണം.. ഒരിക്കൽ എനിക്ക് തന്ന ഒരു കണക്കും കൂടിയുണ്ട് ബാക്കി... അത് വീട്ടാൻ ഒരു അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു... നീനോക്കിക്കോ... ഇനിയങ്ങോട്ട് പലതും നീ കാണും... പ്രതാപന്റെ തനി സ്വരൂപം പുറത്തെടുക്കാൻ പോവുന്നതേയുള്ളൂ... "

അവൻ കാറിൽ കയറി അത് സ്റ്റാർട്ട്ചെയ്ത് നേരെ സുനിലിനെ വീട്ടിലേക്ക് കുതിച്ചു അവനെ ഡ്രോപ്പ് ചെയ്യാൻ... അടുത്തദിവസം രാവിലെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് പ്രസാദ് ഉയർന്നത്... അവൻ കോളെടുത്തു... മറുവശത്തുനിന്നുമുള്ള വാർത്തകേട്ട് കട്ടിലിൽ നിന്നും അവൻ ചാടിയെഴുന്നേറ്റു... അവൻ പെട്ടന്ന് ബാത്രൂമിൽ കയറി പല്ലു തേച്ച് ഒരു ഷർട്ടുമെടുത്തിട്ട് പുറത്തേക്കിറങ്ങി തന്റെ ബൈക്കിൽ ഗോപിനാഥന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു... അവിടെയെത്തിയ അവൻ കണ്ട കാഴ്ച അവനെ ആകെയൊന്നുലച്ചു... അവന്റെ കണ്ണിൽ അഗ്നിയാളി... അന്നേരമാണ് ആരോ ഒരാൾ വന്ന് കട കത്തിയ കാര്യവും പറഞ്ഞത്... എല്ലാം ചെയ്തത് പ്രതാപനാണെന്ന് അവന് മനസ്സിലായി... അവൻ നേരെ സ്റ്റേഷനിലേക്ക് കുതിച്ചു... അവിടെ ഡ്യൂട്ടിക്ക് രണ്ടു പോലീസുകാർ മാത്രമേയുണ്ടായിരുന്നുള്ളൂ... അതും പ്രസാദിനോട് കുറച്ച് കൂറുള്ളവർ... " സത്യശീലാ... അവൻ നാളെ കോടതിൽ എത്തരുത് അതിന് എന്താണ് മാർഗ്ഗം... ആ പരനാറി പ്രതാപൻ ആ പാവങ്ങളുടെ വീടും കടയും ചുട്ടെരിച്ചു...

അതും ഇവിടെ കിടക്കുന്ന ഈ നെറികെട്ടവനുവേണ്ടി... ഇവനെ രക്ഷിക്കാനല്ലേ അവൻ ഇതെല്ലാം ചെയ്തത്... ഇനിയിവൻ പുറംലോകം കാണരുത്... അത് ഇവിടെനിന്നല്ലെന്നു മാത്രം... അതിന് എന്താണ് മാർഗ്ഗം... " സാറേ ഇത്രയും കാലം ഇവിടെ പലരും പണത്തിനു ള്ള ആക്രാന്തംമൂലം ആ പ്രതാപന്റെ മൂടുംതാങ്ങി നടന്നിട്ടുള്ളവരാണ്... എന്നാൽ സാറിനെ പരിചയപ്പെട്ട നാൾ മുതൽ സാറിന്റെ ഈ ജോലിയോടുള്ള ആത്മാർത്ഥത ഒന്നു കൊണ്ട് മാത്രം സാറിനെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ അതുകൊണ്ട് ഇവിടെയുള്ള എസ്ഐ രവീന്ദ്രൻസാറുൾപ്പടെ പലരുമായി വിരോദമുണ്ടായി... അതിന്റെ പേരിൽ പലതും ഞങ്ങൾ അനുഭവിച്ചു... ഇന്ന് ഇവനെപ്പോലെയുള്ളവന് കാവലിരിക്കാൻ നിമയിച്ചതും രവിന്ദ്രൻസാറിന്റെ ബുദ്ധിയാണ്... അത് ഒരു കണക്കിന് നന്നായി...

സാറെന്താണോ ഇപ്പോൾ ആഗ്രഹിക്കുന്നത് അതിന് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും... ഇവനൊക്കെ ഈ നാടിനു തന്നെ ശാപമാണ്... ഒരിക്കലും ഇവനൊന്നും പുറംലോകം കാണരുത്... അതിന് എന്തിനും ഞങ്ങൾ തയ്യാറാണ്... " "എന്നാൽ പവിത്രൻ ജയിൽ ചാടി... അങ്ങനെ വരുത്തിതീർക്കണം... അതിന്റെ പേരിൽ നിങ്ങളുടെ ജോലിക്കൊന്നും സംഭവിക്കില്ല... അതിനുള്ള പൂർണ്ണ ഉറപ്പ് ഞാൻതരാം... " "അതിന്റെ ആവശ്യമില്ല സാർ... ഇവനെപ്പോലുള്ളനെ ഒതുക്കാൻ ഇവൻ ജയിൽ ചാടിയെന്ന പേരിൽ ഏറിയാൽ കിട്ടുന്നത് ഒരു സസ്പെൻഷൻ... ഇനിയഥാവാ ജോലി തന്നെ പോയാലും ഞങ്ങൾക്കത് പ്രശ്നമല്ല... നാടിനുവേണ്ടി ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി സമാധാനിക്കും ഞങ്ങൾ... " "അതൊന്നും വേണ്ട... ഞാനുള്ളപ്പോൾ ഒരിക്കലും നിങ്ങൾക്കൊരാപത്തും വരില്ല... എന്നെ വിശ്വസിക്കുന്ന നല്ലവരായായ പല മന്ത്രിമാരും ഓഫീസർമാരും ഇവിടെയുണ്ട്... അതുകൊണ്ട് നിങ്ങൾക്കൊന്നും സംഭവിക്കില്ല... ഇതെന്റെ വാക്കാണ്... ഇപ്പോൾ വേണ്ടത് അവനെ ഇവിടെനിന്നും ഒരീച്ചപോലും അറിയാതെ നല്ലൊരിടത്തേക്ക് മാറ്റണം...

അതിനുമുമ്പ് ഇവന്റെ ചേട്ടൻ ചെയ്ത ക്രൂരതക്കുള്ള തക്കതായ മറുപടി ഇവനറിയണം... കാരണം ഇവനുവേണ്ടിയല്ലേ പ്രതാപൻ ഇത്തരമൊരു ക്രൂരത കാണിച്ചത്... നിങ്ങൾ ആ സെല്ലൊന്ന് തുറക്ക്... ആ പ്രതാപനോടുള്ള പക ഇവന്റെ ഓരോ അവയവത്തിലും തീർക്കണമെനിക്ക്... " അതിലൊരു കോൺസ്റ്റബിൾ പരമു സെല്ല് തുറന്നു... സാറേ ഇവൻ ജയിൽ ചാടിയെന്ന് വിശ്വസിക്കാൻ എന്തെങ്കിലും തെളിവ് വേണ്ടേ... അതിന് തക്കതായ ഒരു തെളിവ് ആവശ്യമാണ്... അത് മറ്റുള്ളവർ എത്തുന്നതിമുന്നേ ഞങ്ങൾ ചെയ്തോളാം... " അതിനൊരു വഴിയുണ്ട് എന്റെ കൂടെ പഠിച്ച ഡോക്ടർ വിനോദ് നിങ്ങളെ കാണാൻ വരും... അവൻ പറയുന്നതുപോലെ നിങ്ങൾ അനുസരിച്ചാൽ മതി... പ്രസാദ് തന്റെ ഫോണെടുത്ത് വിനോദിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... അതുകഴിഞ്ഞ് പ്രസാദ് സെല്ലിനകത്തേക്ക് കയറി... നല്ല ഉറക്കത്തിലായിരുന്നു പവിത്രൻ...

അവന്റെയടുത്തേക്ക് ചെന്നു പ്രസാദ്... പ്രസാദ് അവൻ ഉറങ്ങുന്നത് ഒരു നിമിഷം നോക്കി നിന്നു... പിന്നെ അവനെ തട്ടി വിളിച്ചു... ഉറക്കത്തിൽനിന്നുണർന്ന പവിത്രൻ തന്റെയടുത്ത് നിൽക്കുന്ന പ്രസാദിനെ കണ്ട് എഴുന്നേറ്റു... " "എന്താ സാറേ സമയം നേരം വെളുക്കുന്നതല്ലേയുള്ളൂ... ഇത്ര രാവിലെതന്നെ കോടതിയിലേക്ക് പോകണോ... " "പോകണം പവിത്രാ എന്നാൽ കോടതിയിലേക്കല്ല... ഒരിക്കലുമിനി പുറംലോകം കാണാത്ത മറ്റൊരിടത്തേക്ക്... കോടിതിയിലെത്തി ജാമ്യവും വാങ്ങിച്ച് പുറത്തിറങ്ങി വിലസാമെന്ന് കരുതിയോ നീ... " "മനസ്സിലായില്ല... സാറെന്താണ് ഉദ്ദേശിക്കുന്നത്.. " പവിത്രൻ സംശയത്തോടെ പ്രസാദിനെ നോക്കി... "നിനക്ക് ഞാൻ എല്ലാം മനസ്സിലാക്കിത്തരാമെടാ... നീ കാരണം ഇന്ന് ഒരുകുടുംബത്തിനുണ്ടായ നഷ്ടം അതെത്രയാണെന്ന് അറിയുമോ... അത് ചെയ്തത് നിന്റെ ചേട്ടൻ പ്രതാപനും... അവൻ ആ പാവം ഗോപിനാഥിന്റെ വീടും കടയും കത്തിച്ചു... ആ പാവങ്ങൾക്ക് ആകെയുണ്ടായിരുന്നതാണ് അതെല്ലാം... നീ കാരണമാണ് അതെല്ലാം നഷ്ടപ്പെട്ടത്..... " അതുകേട്ട് പവിത്രൻ ഉറക്കെ ചിരിച്ചു... "ആണോ... ഇപ്പോൾ മനസ്സിലായി ഈ പവിത്രനോട് കളിച്ചാലുള്ള ഭവിഷ്യത്ത്... ഇത് നിനക്കും ഒരു പാഠമാണ്... ഞങ്ങൾക്കെതിരെ നിൽക്കുന്നവരാരും നല്ലതുപോലെ ജീവിച്ചിട്ടില്ല...

ഇനി ജീവിക്കുകയുമില്ല... " പവിത്രൻ പറഞ്ഞുതീരുംമുന്നേ പ്രസാദിന്റെ മുഷ്ടി അവന്റെ മുഖത്ത് പതിഞ്ഞിരുന്നു... "കഴുവേറിയുടെ മോനേ... ഒരു പാവം കുടുംബത്തെ വഴിയാധാരമാക്കിയിട്ട് അതിന്റെ പേരിൽ സന്തോഷത്തോടെ നെഗളിക്കുന്നോ... എടാ നിന്റെ ചേട്ടൻ ചെയ്ത ക്രൂരതക്ക് അനുഭവിക്കാൻ പോകുന്നത് നീയാണ്... കുഞ്ഞു നാളിൽ നീ കുടിച്ച മുലപ്പാലുവരെ കക്കിക്കും ഞാൻ... " പ്രസാദ് പറഞ്ഞുനിർത്തിയതും അവൻ പവിത്രനെ വീണ്ടുമടിച്ചു... പവിത്രന് തിരിച്ച് എന്തെങ്കിലും ചെയ്യാനുള്ള സമയം പ്രസാദ് കൊടുത്തില്ല... അവന്റെ കലി അടങ്ങുംവരെ പവിത്രനെ തല്ലി... അവസാനം പവിത്രൻ തളർന്ന് നിലത്തുവീണു... അവന്റെ വായിലൂടേയും മൂക്കിലുടേയും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു... പ്രസാദ് അവിടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാരെ നോക്കി... കാര്യം മനസ്സിലായ അവർ പവിത്രനെ എടുത്ത് പുറത്തുകൊണ്ടുപോയി കിടത്തി... പ്രസാദ് ആരേയോ ഫോൺ ചെയ്തു... കുറച്ചുകഴിഞ്ഞ് ഒരു കാർ അവിടെ വന്നുനിന്നു...

കോൺസ്റ്റബിൾമാർ പവിത്രനെ ആ കാറിൽ കയറ്റി... പ്രസാദ് ആ കാറിലുണ്ടായിരുന്ന ആളോട് എന്തോ പറഞ്ഞു... പിന്നെ ആ കാർ അവിടെനിന്നും സ്പീഡിൽ പുറത്തേക്കുപോയി... ഇനിയവൻ പുറംലോകം കാണില്ല... ഇത് ആ പ്രതാപനുള്ള ആദ്യത്തെ സമ്മാനം... ആര് എങ്ങനെ എന്തുചോദിച്ചാലും നിങ്ങളെ ഉപദ്രവിച്ച് രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതി... ബാത്രൂമിൽ പോകാനുണ്ടെന്ന് പറഞ്ഞപ്പോൾ സെല്ലുതുറന്ന നിങ്ങളെ തല്ലി വീഴ്ത്തി അവൻ രക്ഷപ്പെടുകയായിരുന്നു... ഇതേ എവിടേയും പറയാവു... മനസ്സിലായല്ലോ... " "അറിയാം സാർ... ഇവനെപ്പോലെ ഒരുത്തൻ ഇനി പുറംലോകം കാണരുത്... പക്ഷേ ഇവനെ പൂട്ടിയിട്ടതുകൊണ്ട് എന്താണ് കാര്യം... ആദ്യം ആ പ്രതാപനെയല്ലേ പൂട്ടേണ്ടത്... " ഒരു പോലീസുകാരൻ ചോദിച്ചു... "ഇവൻ രക്ഷപ്പെട്ടന്നറിഞ്ഞാൽ ആദ്യം ആ പ്രതാപൻ സന്തോഷിക്കും... എന്നാൽ ഇവൻ ചെയ്ത വിഡ്ഢിത്തത്തെ ഓർത്ത് പ്രാന്തിളകും... രണ്ടു ദിവസം കഴിഞ്ഞിട്ടും ഇവന്റെ ഫോൺകോളുപോലും വരാതിരുന്നാൽ അവനൊന്ന് പതറും... ഇവന് എന്തോ സംഭവിച്ചെന്ന് അവന് മനസ്സിലാകും... അതോടെ അവന് ഹാലിളകും... അതുതന്നെയാണ് അവന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ........... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story