പ്രണയഗീതം: ഭാഗം 36

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇവൻ രക്ഷപ്പെട്ടന്നറിഞ്ഞാൽ ആദ്യം ആ പ്രതാപൻ സന്തോഷിക്കും... എന്നാൽ ഇവൻ ചെയ്ത വിഡ്ഢിത്തത്തെ ഓർത്ത് അവന് പ്രാന്തിളകും... രണ്ടു ദിവസം കഴിഞ്ഞിട്ടും ഇവന്റെ ഫോൺകോളുപോലും വരാതിരുന്നാൽ അവനൊന്ന് പതറും... ഇവന് എന്തോ സംഭവിച്ചെന്ന് അവന് മനസ്സിലാകും... അതോടെ അവന് ഹാലിളകും... അതുതന്നെയാണ് അവന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ... " "പക്ഷേ ഇവനെ കാണാതായാൽ ഇതിന്റെ പിന്നിൽ സാറാണെന്ന് അവനൂഹിക്കില്ലേ... " കോൺസ്റ്റബിൾ സത്യശീലൻ ചോദിച്ചു... "കരുതും... കരുതണം... അതുതന്നെയാണ് വേണ്ടത്... എന്നിട്ടവന് പ്രാന്ത് പിടിക്കണം... അവസാനം പവിത്രനെ കാണാതെ വരുമ്പോൾ എന്റെ അടുക്കൽത്തന്നെ അവൻ വരും... വരുത്തും ഞാൻ... ഒന്നും ഞാൻ മറന്നിട്ടില്ല. .. ആ പ്രതാപൻ കാരണം ഞാനനുഭവിച്ച നാണക്കേട് നിങ്ങൾക്കും അറിയുന്നതല്ലേ... അവൻ കാരണം ഒരു പാവം പെണ്ണിനേയും എന്നെയും ചേർത്ത് എന്തൊക്കെ കഥകളുണ്ടാക്കിയവൻ...

ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ നിരപരാധിത്വം തെളിയിച്ചത്... എന്റെ ജോലിവരെ എന്നന്നേക്കുമായി നഷ്ടപ്പെടേണ്ടതായിരുന്നു... അന്നവന് ഞാൻ നല്ലതുപോലെ കൊടുത്തതായിരുന്നു... എന്നിട്ടും അവൻ പഠിച്ചില്ല... മറ്റുള്ളവരെ ദ്രോഹിക്കുമ്പോൾ അവർക്കുണ്ടാകുന്ന വേദനയെന്താണെന്ന് അവനുമൊന്നറിയട്ടെ... ഏതായാലും നിങ്ങൾ എസ്ഐ രവിന്ദ്രനെ വിളിച്ച് കാര്യങ്ങൾ പറ... പവിത്രൻ നിങ്ങളെ അക്രമിച്ച് ജയിൽ ചാടിയെന്ന് വേണം പറയാൻ... അതും അയാൾ വിശ്വസിക്കുന്ന തരത്തിൽ... പ്രതാപനുവേണ്ടി എന്ത് നെറികേടിനും കൂട്ടുനിന്നവനല്ലേ... ഇത് കേൾക്കുമ്പോൾ അയാൾക്ക് ആദ്യം സന്തോഷമാണുണ്ടാവുക... എന്നാൽ ഇന്ന് കോടതി ഹാജരാക്കേണ്ട പ്രതിയാണ് രക്ഷപ്പെട്ടത് എന്നോർക്കുമ്പോൾ അയാൾക്കും ഹാലിളകും... തന്റെ പിടിപ്പുകേടുകൊണ്ടാണ് അവൻ രക്ഷപ്പെട്ടത് എന്ന് അയാൾക്ക് മനസ്സിലാകും... അതോടെ നിൽക്കപ്പൊറുതിയില്ലാതെ അയാൾ ഇവിടേക്ക് ഓടിയെത്തും... ഇപ്പോൾ നടന്ന കാര്യങ്ങൾ അയാളറിയരുത്..

. നമ്മളാണ് ഇതിനു പിന്നിലെന്ന് ഒരു സംശയവുമുണ്ടാവരുത് മനസ്സിലായല്ലോ... " "സാറ് ദൈര്യമായി പോയാട്ടെ... എല്ലാം ഞങ്ങൾ വേണ്ടതുപോലെ ചെയ്തോളാം... അതുപോട്ടെ പവിത്രനെ കൊണ്ടുപോയവനെ വിശ്വസിക്കാമോ... പിന്നീട് നമുക്കു തന്നെ പാരയാകുമോ... " "ഒരിക്കലുമില്ല... അവൻ എന്റെ ആത്മാർത്ഥ കൂട്ടുകാരനാണ്... ഞങ്ങളൊന്നിച്ച് ബാംഗ്ലൂരിൽ പഠിച്ചവരാണ്... മാത്രമല്ല അവൻ ഇവിടുത്തുകാരനുമല്ല... അവൻവേണ്ടതുപൊലെ പവിത്രനെ കൈകാര്യം ചെയ്തോളും.. ഇനിയൊരിക്കലും പവിത്രൻ ഒരാളോടും അപമര്യാദയായി പെരുമാറില്ല... അതിനുള്ളത് അവൻകൊടുത്തോളും... എന്നാൽ ഞാൻ പോവുന്നു... എല്ലാം വേണ്ടപോലെ ചെയ്യണം... " പ്രസാദ് അവിടെനിന്നും ഇറങ്ങി... പോകുന്ന വഴി അവൻ ഗിരിയെവിളിച്ച് പ്രതാപൻ ഗോപിനാഥിന്റെ വീടും കടയും കത്തിച്ച കാര്യം പറഞ്ഞു... എന്നാൽ പവിത്രനെ സ്റ്റേഷനിൽ നിന്ന് മാറ്റിയ കാര്യം പറഞ്ഞില്ല... ഫോണിൽ അത് പറഞ്ഞാൽ ചിലപ്പോൾ തന്റെ ഫോൺകോൾ ആരെങ്കിലും ചോർത്തുമോ എന്നപേടി അവനുണ്ടായിരുന്നു...

നേരിട്ട് കാര്യങ്ങൾ പറയാമെന്ന് കരുതി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അച്ഛാ പ്രസാദിപ്പോൾ വിളിച്ചിരുന്നു... ആ പാവം ഗോപിനാഥനങ്കിളിന്റെ വീടും കടയും ആ പ്രതാപൻ കത്തിച്ചെന്ന്... അവനെകൊണ്ട് വല്ലാതെ പൊറുതിമുട്ടിയല്ലോ... ആ പാവങ്ങൾ എങ്ങനെ സഹിക്കും ഇതെല്ലാം... അല്ലാതെതന്നെ വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതാണ് അവരുടെ ജീവിതം... അതിനിടക്ക് ആകെയുണ്ടായിരുന്ന കൂരയും കടയും നശിച്ചെന്നറിഞ്ഞാൽ... എന്തൊരു ദുർവിധിയാണ് അവരുടേത്... " ഗിരി വാസുദേവനോട് പറഞ്ഞു... "നീ പറഞ്ഞത് സത്യമാണോ... എന്നിട്ട് പ്രസാദ് ഒന്നും ചെയ്തില്ലേ..." "അവനെന്തു ചെയ്യാനാണ്... പ്രതാപനാണ് ഇതെല്ലാം ചെയ്തതെന്ന് എല്ലാവർക്കുമറിയാം... പക്ഷേ അതിനുള്ള തെളിവ് വേണ്ടേ... " "ഇത് ഗോപിനാഥന് മാത്രമുള്ള പണിയല്ല... പ്രസാദിനുംകൂടിയുള്ളതാണ്... പ്രതാപന്റെ അടുത്തലക്ഷ്യം പ്രസാദാണ്... പണ്ടത്തെ പ്രതാപനല്ല അവനിപ്പോൾ... എന്തിനും ഏതിനും അവന് കൂട്ടായി വലിയവലിയ ഉന്നതന്മാർ കൂടെയുണ്ട്... പണ്ട് പ്രസാദിനിട്ട് അവനൊരു പണി കൊടുത്തതാണ്...

ദൈവത്തിന്റെ കാരുണ്യംകൊണ്ട് അത് വലിയ പ്രശ്നമില്ലാതെ നടന്നു... അന്നതിന് പ്രസാദ് അവനിട്ട് രണ്ടെണ്ണം കൊടുത്തതുമാണ്... പക്ഷേ ഇപ്പോൾ അവനെ നേരിടാൻ ആ പഴയ കയ്യൂക്കുംകൊണ്ട് നടന്നാൽ പോരാ... " "അറിയാം... ആ ഹോം മിനിസ്റ്റർ അവന്റെ കൂടെയുണ്ടാകും... കഴിഞ്ഞദിവസം അവനെ വിളിച്ചപ്പോൾ കുറച്ചധികം അവൻ പറഞ്ഞതാണ്... അതിന്റെ പക അയാളുടെ മനസ്സിലുണ്ടാകും... അതുവച്ച് അയാളും പ്രതാപനും കൂടി പ്രസാദിനെ എന്തെങ്കിലും ചെയ്യുമോ എന്നാണ് പേടി... " "നീ പറഞ്ഞത് നേരാണ്... ഏതുനിമിഷവും അവനുനേരെ ഒരാക്രമണം പ്രതീക്ഷിക്കാം... ഗിരീ ഞാനൊരു കാര്യം നിന്നോട് ആവിശ്യപ്പെടുകയാണ്... ഇതുവരെ നിന്നോട് ഒരു കാര്യവും ഞാൻ ആവിശ്യപ്പെട്ടിട്ടില്ല... ആവിശ്യപ്പെടുകയല്ല ആജ്ഞാപിക്കുകയാണെന്ന് കരുതിക്കോ... നിന്നേയും പ്രസാദിനേയും എനിക്ക് രണ്ടു കണ്ണുകൊണ്ട് കാണാൻ പറ്റില്ല... എനിക്ക് ജനിച്ചവനല്ലെങ്കിലും അവനവന്റെ മകൻ തന്നെയാണ്... ഇത്രയും കാലം അങ്ങനെ മാത്രമേ കണ്ടിട്ടുള്ളൂ...

അതുകൊണ്ടുകൂടിയാണ് പറയുന്നത്... നീ ഇനിമുതൽ എപ്പോഴും പ്രസാദിന്റെ കൂടെയുണ്ടാവണം... ഇന്നുമുതൽ നീ ഓഫീസിൽ വന്നുതുടങ്ങാനിരിക്കുകയാണെന്നറിയാം... എന്നാൽ അതല്ല ഇപ്പോൾ മുഖ്യം... ഓഫീസ് കാര്യങ്ങൾ ഞാൻ നോക്കിക്കോളാം...ഒരച്ഛൻ മകനോട് പറഞ്ഞ് ചെയ്യിപ്പിക്കേണ്ട കാര്യമല്ലെന്നറിയാം... പക്ഷേ അവന് ഒരാപത്തും വരരുത്... അതെനിക്ക് നിർബന്ധമാണ്... അതിനുവേണ്ടി നിനക്ക് ഏതു മാർഗ്ഗവും സ്വീകരിക്കാം... പക്ഷേ നേരായ മാർഗ്ഗമാവണമെന്ന് മാത്രം... എന്താ നീ എന്റെ ആവശ്യം നിറവേറ്റില്ലേ... " "അച്ഛനെന്നെ പൂർണ്ണമായി വിശ്വസിക്കാം... പ്രസാദ് എന്റെ കൂട്ടുകാരൻ മാത്രമല്ല.. എനിക്ക് കിട്ടാതെപ്പോയ കൂടപ്പിറപ്പുകൂടിയാണ്... അവനൊരു ആപത്ത് വരുന്നത് കണ്ടു നിൽക്കാൻ എനിക്ക് പറ്റില്ല... അച്ഛന് ഞാൻ ഉറപ്പുതരുകയാണ്... ഞാൻ ജീവിച്ചിരിക്കുമ്പോൾ പ്രസാദിന്റെ ദേഹത്ത് ഒരു പോറൽപോലും ഏൽക്കില്ല... അങ്ങനെ വല്ലതും നടക്കണമെങ്കിൽ ഞാൻ ഇല്ലാതാവണം... ഏതായാലും ഞാൻ കൃഷ്ണനങ്കിളിന്റെ വീടുവരെ പോയിവരാം... എന്താണ് പ്രസാദിന്റെ നീക്കണമെന്ന് അറിയണം... " അതും പറഞ്ഞ് ഗിരി പുറത്തേക്ക് നടന്നു... "ഗിരി... അവിടെനിൽക്ക്... പോകുന്നത് കൊള്ളാം...

പക്ഷേ നമ്മൾ ഇപ്പോൾ ചർച്ച ചെയ്തത് അവിടെ ആരും അറിയരുത്... അതുപോലെ ഇവിടേയും... കേട്ടല്ലോ... " ഗിരി തലയാട്ടികൊണ്ട് തന്റെ ബൈക്കിൽ കയറി... അത് ഗെയ്റ്റുകടന്ന് പുറത്തേക്ക് പോയി... ഈ സമയം സ്റ്റേഷനിൽ... "നീയൊക്കെ എന്തിനാണ് ഈ യൂണിഫോം ധരിച്ച് പോലീസുകാരനാണെന്ന് പറഞ്ഞ് നടക്കുന്നത്... ഒരു പ്രതിയെ സൂക്ഷിക്കാൻ കഴിയാത്ത നീയൊക്കെ ഈ പണി ഒഴിവാക്കി മറ്റെന്തിനെങ്കിലും പോകുന്നതാണ് നല്ലത്... " എസ്ഐ രവിന്ദ്രൻ കോൺസ്റ്റബിൾമാരായ സത്യശീലന്റേയും പരമുവിന്റേയും നേരെ ഉറഞ്ഞുതുള്ളി... " "സാറെന്തറിഞ്ഞിട്ടാണ് ഞങ്ങളുടെ നേരെ ചാടിക്കടിക്കാൻ വരുന്നത്.. ഇത് ഞങ്ങൾ മനപ്പൂർവ്വം ചെതെന്നാണോ സാറ് പറഞ്ഞുവരുന്നത്... " കോൺസ്റ്റബിൾ സത്യശീലൻ കുറച്ച് നീരസത്തോടെ ചോദിച്ചു... "അതുതന്നെയാണ് എന്റെ സംശയം... നീയൊക്കെ ആ കമ്മീഷണറുടെ വലംകയ്യുകളല്ലേ... എന്നെ തകർക്കാൻ കിട്ടിയ അവസരമല്ലേ... അത് നന്നായി ഉപയോഗിച്ചു... അത് തന്നെയാണ് സത്യം... "

"അതിന് സാറല്ലല്ലോ ഞങ്ങൾ... സാറിനെപ്പോലെ ഞങ്ങൾക്ക് ശമ്പളം തരുന്നത് ഇവിടുത്തെ എരണംകെട്ട രാഷ്ട്രീയക്കാരുടെ തറവാട്ടിൽനിന്നോ പ്രതാപനെപ്പോലെയുള്ള ഒരു പക്കാ ക്രിമിനലിന്റെ തറവാട്ടിന്നോ അല്ല... സർക്കാരാണ് തരുന്നത്... അതിനുള്ള ജോലി ഭംഗിയായി ഞങ്ങൾ ചെയ്യുന്നുമുണ്ട്... " "അതു മനസ്സിലായി... അതാണല്ലോ ഒരുത്തനെ സൂക്ഷിക്കാപോലും കഴിയാതിരുന്നത്... " എങ്ങനെ കഴിയും... സാധാരണ രാത്രിഡ്യൂട്ടിക്ക് ഏഴ് പോലീസുകാർ ഉണ്ടാകുന്നതാണ്.. അതിൽ രണ്ടുപേർക്ക് സാർ ലീവ് കൊടുത്തു... മൂന്നുപേരെ സാർ നൈറ്റ് പ്രട്ടോളിന് വിട്ടു... പിന്നെയുള്ളത് ഞാനും പരമുവേട്ടനുമാണ്... ഒരുത്തൻ നേരവണ്ണം ഒരുമ്പട്ടിറങ്ങിയാൽ ഞങ്ങൾ രണ്ടുപേരെക്കൊണ്ട് എന്ത് ചെയ്യാനാണ്... ഒരു ഡ്രൈവർപോലും രാത്രിനേരത്ത് സ്റ്റേഷനിലുണ്ടാവില്ല... ഇതൊക്കെ സാറിന്റെ ബുദ്ധിയാണെന്ന് ആർക്കുമറിയാം... ആ ഇരിക്കുന്ന പരമുസാറിന് നേരാംവണ്ണം എഴുന്നേറ്റ് നടക്കാൻ വയ്യ... ആ പവിത്രന്റെ ചവിട്ട് കൊണ്ടതാണ്...

അയാളെ ആദ്യം ഹോസ്പിറ്റലിൽ എത്തിക്കാനുള്ള സന്മനസ്സ് കാണിക്കണം സാറ്... " "എന്തിന്... കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതല്ലേ... അന്നേരം ആ വേദന അനുഭവിച്ച് അവിടെ കിടക്കട്ടെ... " "കൊള്ളാം... സാറിതുതന്നെയാണ് പറയുകയെന്ന് അറിയാമായിരുന്നു... അതുകൊണ്ടാണ് കമ്മീഷണറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്... സാറ് ഒരു ഡോക്ടറെ ഇവിടേക്ക് പറഞ്ഞു വിടും... ഇനി അത് തടയാൻ സാറ് വല്ലതും ചെയ്താൽ പിന്നെ സാറിനു തന്നെയാണ് പണികിട്ടുക... സാറ് എസ്ഐ ആയി ഇരിക്കുന്ന സ്റ്റേഷനിൽ നിന്നാണ് ഒരു പ്രതി രക്ഷപ്പെട്ടത്... അതും ഇന്ന് കോടതി ഹാജരാക്കേണ്ടവൻ... അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സാറിനു തന്നെയാണ്... സാറ് നേരത്തെ പറഞ്ഞ കൃത്യനിർവഹണം സാറ് തന്നെയാണ് പാളിച്ച വരുത്തിയത്... സാറിന്റെ തൊപ്പിവരെ തെറിക്കുന്ന കേസാണ് ഇത്... ഏത് കൊച്ചു കുട്ടികൾക്കും മനസ്സിലാവും കാര്യങ്ങൾ... " സത്യശീലൻ പറഞ്ഞതുകേട്ട് രവിന്ദ്രനൊന്ന് പകച്ചു.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story