പ്രണയഗീതം: ഭാഗം 38

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അച്ഛാ... " കാവ്യയുടെ കരച്ചിൽകേട്ട് പ്രസാദും കൃഷ്ണനും തിരിഞ്ഞു നോക്കി... ഇരുന്ന കസേരയിൽ നിന്ന് താഴേക്ക് വീണ് ബോധമില്ലാതെ കിടക്കുന്ന ഗോപിനാഥനെയാണ് അവർ കണ്ടത്.... ആയാളെ താങ്ങിപ്പിടിച്ചുകൊണ്ട് കരയുകയായിരുന്നു കാവ്യയും ആര്യയും... പ്രസാദ് ഓടിവന്ന് ഗോപിനാഥനന്റെ അടുത്തിരുന്ന് അയാളുടെ തല മടിയിലേക്ക് വച്ചു... അപ്പോഴേക്കും ലക്ഷ്മി മേശപ്പുറത്തിരുന്ന വെള്ളത്തിന്റെ ജഗ്ഗുമായിവന്നു... പ്രസാദ് അത് വാങ്ങിച്ച് അതിൽനിന്നും കുറച്ചു വെള്ളം അയാളുടെ മുഖത്ത് കുടഞ്ഞു... ഗോപിനാഥൻ പതുക്കെ കണ്ണു തുറന്നു... അതേ സമയം കൃഷ്ണൻ ഗോപിനാഥന്റെ കാൽ വെള്ളയിൽ കൈകൊണ്ട് തടവി ചൂടാക്കിക്കൊണ്ടിരുന്നു... "എന്തു പറ്റി അങ്കിൾ... " പ്രസാദ് ചോദിച്ചു... "എന്താണെന്നറിയില്ല... പെട്ടെന്ന് തലകറങ്ങുന്നതുപോലെ തോന്നി... കസേരയിൽ പിടിക്കാൻ നോക്കി... കഴിഞ്ഞില്ല... " "സാരമില്ല പ്രഷറ് കുറഞ്ഞതോ കൂടിയതോ ആകാം... ഏതായാലും നമുക്കൊന്ന് ഡോക്ടറെ കാണിക്കാം... " കൃഷ്ണൻ പറഞ്ഞു... "അതൊന്നും വേണ്ട... കുറച്ചുനേരം കിടന്നാൽ ശരിയാകും... ഓരോന്നാലോചിച്ച് ഇരുന്നതാണ്... " ഗോപിനാഥൻ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു... പ്രസാദും കൃഷ്ണനുകൂടി അയാളെ പിടിച്ച് കസേരയിലിരുത്തി...

"അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ഇതൊന്നും വച്ചുകൊണ്ടിരിക്കാൻ പറ്റില്ല... പ്രസാദേ നീ പോയി കാറെടുക്ക് മോളേ അച്ഛന്റെ ഒരു ഷർട്ടെടുത്ത് വാ... " കൃഷ്ണൻ പറഞ്ഞു... ആര്യ അകത്തു പോയി ഗോപിനാഥന്റെ ഷർട്ടെടുത്ത് വന്നു... കൃഷ്ണനും കാവ്യയുംകൂടി ഗോപിനാഥനെ പിടിച്ച് കാറിൽ കൊണ്ടിരുത്തി... "മോളിവിടെ നിന്നോളൂ... ഞങ്ങൾ അച്ഛനേയും കൊണ്ട് ഡോക്ടറെ കണ്ടു വരാം... " കൃഷ്ണൻ കാവ്യയോട് പറഞ്ഞു... അതേ സമയത്താണ് ഗിരി അവിടെയെത്തിയത്... "എന്താണ് എന്തുപറ്റി... " ബൈക്കിൽ നിന്നിറങ്ങിയ ഗിരി ചോദിച്ചു... "ഗോപിനാഥനൊരു തലകറക്കം... ഇരുന്നേടത്തുനിന്നു വീണു പോയി... ഹോസ്പ്പിറ്റലിലൊന്ന് പോയിവരാമെന്ന് കരുതി... " കൃഷ്ണൻ പറഞ്ഞു... "എന്നാൽ ഞങ്ങൾ പോയിവരാം അങ്കിൾ ഇവിടെ നിന്നോളൂ... " ഗിരി കാറിൽ കയറി...പ്രസാദ് കാർ മുന്നോട്ടെടുത്തു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "രമേ ആ ഗോപിനാഥന്റെ അവസ്ഥയൊന്നാലോചിച്ച് നോക്കിക്കേ... ഒന്നിനുമാത്രം പോന്ന രണ്ട് പെൺകുട്ടികളാണ് അവന്... വാസുദേവൻ ഇത് പറഞ്ഞപ്പോൾ മുതൽ എന്തോ എനിക്ക് വല്ലാതെപോലെ...

എത്രയും പെട്ടന്ന് വാസുദേവന്റെ വീടിനടുത്തുള്ള ആ വീട് ആ ഗോപിനാഥന്റെ പേരിൽ വാങ്ങിക്കണം... അതിന് എത്ര പണമായാലും പ്രശ്നമല്ല... വാസുദേവനോട് ഞാൻ പറഞ്ഞിട്ടുണ്ട്... എന്താ നിന്റെ അഭിപ്രായം... " രാസദാസൻ ചോദിച്ചു... "ഞാനെന്തു പറയാനാണ് രാമേട്ടാ... മുപ്പത് വർഷമായി ഈ തണലിൽ കഴിയുന്നവളാണ് ഞാൻ ഒന്നും ഇല്ലാത്തിടത്തുനിന്നാണ് ഞാൻ വന്നത്... ഞാൻ വരുമ്പോൾ ഇന്ന് ഈ വീട് നിൽക്കുന്നിടത്ത് പഴയൊരു ചെറിയ കുടിലാണ്... നിങ്ങൾ എപ്പോഴും പറയാറുള്ള തമിഴനായ ആ വലിയ മനുഷ്യന്റെ കാരുണ്യംകൊണ്ടാണ് നിങ്ങളും വാസുവേട്ടനും ഇന്ന് ഈ നിലയിൽ എത്തിയത്... അതിൽ ഒരു പങ്ക് പാവപ്പെട്ടവർക്ക് നമ്മൾ നൽകുന്നതല്ലേ... അത് വീട് നിർമ്മിച്ചായാലും... പെൺകുട്ടികളുടെ വിവാഹം നടത്തിയിട്ടായാലും നമ്മൾ ചെയ്തുപോരുന്നുണ്ട്... ആ പാവപ്പെട്ട ഗോപിനാഥേട്ടനെ നമ്മൾ സഹായിച്ചാൽ അതിന്റെ പുണ്യം നമ്മുടെ മക്കൾക്കാണ് കിട്ടുക.. അത് ശരത്തിനും ശ്രേയക്കും മാത്രമല്ല സുധീറിനും ആ പുണ്യമുണ്ടാകും...

അതിന്റെ ഫലമാണ് ഇപ്പോൾ സുധീറിന് വന്ന മാറ്റം... " "നീ പറഞ്ഞത് സത്യമാണ്... ഇന്നലെ നമ്മൾ വരുമ്പോൾ സുമതി അവനെപ്പറ്റി പറഞ്ഞത് നീയും കേട്ടതല്ലേ... ഇത്രയും കാലം അവൻ ചെയ്ത എല്ലാ തെറ്റുകൾക്കും അവന് വിഷമമുണ്ടെന്ന്... എല്ലാം നല്ലതിനുള്ള ലക്ഷണമാണ് കാണുന്നത്... അതുകൊണ്ടാണ് കുറച്ചുദിവസമായി നടന്നുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും... ശ്രേയക്ക് ആ ജോലി കിട്ടാൻ കാരണമായതാണ് എല്ലാറ്റിന്റെയും തുടക്കം... അതുകൊണ്ടാണല്ലോ... അറ്റുപോയിക്കൊണ്ടിരുന്ന ഞാനും വാസുദേവനുമായുള്ള ബന്ധം വീണ്ടും തളിർത്തത്... നമ്മുടെ മോളെ അവന്റെ വീട്ടിലേക്ക് പറഞ്ഞയക്കേണ്ടിവന്നത്... നമ്മുടെ മകൻ അറിയാതെയാണെങ്കിലും വാസുദേവന്റെ മോളെ ഇഷ്ടപ്പെട്ടത്... ഗിരിയും ശ്രേയയുമായി അടുത്തത്... സുധീറിനോട് എല്ലാ കാര്യവും തുറന്നു പറയേണ്ടി വന്നത്... എല്ലാ കഷ്ടകാലവും നമ്മളിൽ നിന്ന് അകന്നു പോവുകയാണ്... ഇനിയെനിക്ക് ആദ്യം ചെയ്യാനുള്ളത് സുധീറിന്റെ വിവാഹക്കാര്യമാണ്... അതിന് പറ്റിയ ഒരു കുട്ടിയെ അവനുവേണ്ടി കണ്ടെത്തണം...

അതിന് ആദ്യം അവനുമായി ഒന്ന് സംസാരിക്കണം... " "ഞാനൊരൂട്ടം പറഞ്ഞാൽ നിങ്ങൾ അനുസരിക്കുമോ... ഒരു നല്ല കുട്ടിയുണ്ട്... നല്ല വിദ്യാഭ്യാസവും കാണാൻ നല്ല ചന്തവുമുള്ള കുട്ടിയാണ്... സുധീറിന് വേണ്ടി അവളെയൊന്ന് ആലോചിച്ചാലോ... പക്ഷേ വലിയ പണക്കാരൊന്നുമല്ല... എന്നാൽ മോശമല്ലാത്ത കുടുംബമാണ്... പക്ഷേ അച്ഛനില്ല... ഒരുകാലത്ത് വലിയ നിലയിൽ ജീവിച്ചവരാണ്... പക്ഷേ ബിസിനസ്സെല്ലാം പൊട്ടി അയാൾ ആത്മഹത്യ ചെയ്തതാണ്..." രമ പറഞ്ഞു... "നീ ആരുടെ കാര്യമാണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി... സുനന്ദയുടെ മകളുടെ കാര്യമല്ലേ നീ പറയുന്നത്... ഞാനത് മനസ്സിൽ കണ്ടതാണ്... പക്ഷേ സുധീറിന് അവളെ ഇഷ്ടമാകുമോ എന്നതാണ് വിഷയം...സുനന്ദക്ക് ഒരു മകനുമുണ്ടല്ലോ... " വാസുദേവൻ ചോദിച്ചു... " ഉണ്ടെന്നറിയാം... സുനന്ദയെ അറിയാമെന്നല്ലാതെ മകനെ എനിക്ക് പരിചയമില്ല... കുറച്ചുമുന്നേ അമ്പലത്തിൽ നിന്ന് വരുമ്പോൾ സുനന്ദയേയും മകളേയും വഴിയിൽ വച്ച് കണ്ടു... അന്നേരമാണ് മകളെ കണ്ടത്... അവളെ കണ്ടപ്പോൾ നമ്മുടെ ശരത്തിനു വേണ്ടി ആലോചിച്ചാലോ എന്ന് മനസ്സിൽ കരുതി...

അങ്ങനെയാണ് അവളുടെ കാര്യങ്ങൾ സുന്ദയോട് ചോദിച്ചത്... പക്ഷേ നമ്മുടെ മോൻ നമ്മളെ കവിച്ചുവെട്ടിയില്ലേ... മാത്രമല്ല നിങ്ങളുടെ മനസ്സിലും വാസുവേട്ടന്റെ മോളായിരുന്നല്ലോ... പിജി കഴിഞ്ഞ് നിൽക്കുകയാണ് ആ കുട്ടി.. സുധീറിന് ചിലപ്പോൾ അവരെ പരിചയമുണ്ടാകും... നിങ്ങൾ ഏതായാലും അവനുമായി സംസാരിക്ക്... അവനിഷ്ടമാണെങ്കിൽ നമുക്കാലോചിക്കാം... " രമ പറഞ്ഞതുകേട്ട് രാമദാസനൊന്ന് മൂളി... "നമുക്ക് നോക്കാം... എല്ലാം നല്ലതുപോലെ നടന്നാൽ മതിയായിരുന്നു... " പുതിയ ജോലിക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രേയ... നേരത്തെത്തന്നെ അവളൊരുങ്ങി നിൽക്കുന്നുണ്ടായിരുന്നു... അപ്പോഴാണ് വാസുദേവൻ അവിടേക്ക് വന്നത്... "മോളേ ഇറങ്ങാറായെങ്കിൽ പറഞ്ഞോളു ട്ടോ... ഗിരി വരാൻ വൈകും... അവനെ കാത്തുനിന്ന് സമയം പോകേണ്ട... ആദ്യദിവസമല്ലേ..

കുറച്ച് നേരത്തെ എത്തിയാലും കുഴപ്പമില്ല... ഞാനേതായാലും ആ വഴിയാണ് പോകുന്നത്... നമുക്കൊരുമിച്ച് പോകാം... " വാസുദേവൻ പറഞ്ഞു... "ഒരു അഞ്ചുമിനിറ്റങ്കിൾ ഇപ്പോൾ വരാം... ജോലിക്ക് ഇറങ്ങുകയല്ലേ അച്ഛനേയും അമ്മയേയും വിളിച്ച് പറയട്ടെ... " "അത് നല്ലകാര്യമാണ്... അവരുടെ അനുഗ്രഹം വാങ്ങിക്കണം... എന്നാൽ ഞാൻ കാർ പോർച്ചിൽനിന്ന് ഇറക്കിയിടാം... " വാസുദേവൻ പറഞ്ഞതുകേട്ട് ശ്രേയ ചിരിച്ചുകൊണ്ട് തലയാട്ടി... പിന്നെ തന്റെ ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു... ഈ സമയം മറ്റൊരിടത്ത്........................................ "എന്താ പവിത്രാ പുതിയ സ്ഥലം നിനക്ക് പിടിച്ചോ ആവോ... സൌകര്യം കുറച്ച് കുറവാണ്... എന്നാലും നീ കിടന്ന ജയിലിനേക്കാളും നല്ലതാണ്... " പ്രസാദിന്റെ നിർദ്ദേശപ്രകാരം പവിത്രനെ ജയിലിൽ നിന്നും കൊണ്ടുപോയവൻ പവിത്രന്റെയടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു... "നീ... നീയാരാണ്... എന്താണ് നിനക്ക് വേണ്ടത്... എന്തിനാണ് എന്നെ ഇവിടേക്ക് കൊണ്ടുവന്നത്... " പവിത്രൻ ചോദിച്ചു... അതുകേട്ട് അയാൾ ഉറക്കെ ചിരിച്ചു....

"കൊള്ളാം... ന്യായമായ സംശയം... ആർക്കും ഉണ്ടാകും ഈ സംശയം... മൂന്നു ചോദ്യങ്ങളാണ് നീ ചോദിച്ചത്... ഒന്ന് ഞാനാരാണെന്ന്... രണ്ട് എന്താണ് എനിക്ക് വേണ്ടതെന്ന്... മൂന്ന് എന്തിനാണ് നിന്നെ ഇത്രയും ദൂരത്തേക്ക് കൊണ്ടു വന്നതെന്ന്... എല്ലാം നിനക്ക് വിശദമായി പറഞ്ഞുതരാം... ആദ്യം അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം തരാം... എന്തിനാണ് നിന്നെ ഇവിടേക്ക് കൊണ്ടുവന്നത് എന്നല്ലേ... മനുഷ്യന്റെ ജീവന് വിലകല്പിക്കാത്ത നീയും നിന്റെ ചേട്ടനും നാട്ടിലെ പാവപ്പെട്ടവർക്കെതിരേ ചെയ്തുകൂട്ടിയ ഒരോ നോന്നിവാസത്തിനും അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരു ശമനം കിട്ടാൻ വേണ്ടിയാണെന്ന് കൂട്ടിക്കോ... നീ കാരണം ഇന്ന് ഒരു പാവം കുടുംബത്തിന് അവരുടെ കൂരയും ഒരു നേരത്തെ വിശപ്പടക്കാൻ മറ്റുള്ളവരുടെ ദയകൊണ്ട് കെട്ടിയുണ്ടാക്കിയ അവരുടെ അന്നമായ ആ കടയും നിന്റെ ചേട്ടൻ കത്തിച്ച് ഒരുപിടി ഭസ്മമാക്കി... അതും നിനക്കുവേണ്ടി... അത്യാവശ്യം കാണാൻ ഭംഗിയുള്ള ഏതൊരു പെണ്ണിനെ കാണുമ്പോഴും നിനക്കുണ്ടാകുന്ന ഞരമ്പുരോഗവുമായി നീ ചെന്നത് രണ്ട് പാവം പെൺകുട്ടികളുടെയടുത്തേക്ക്...

അതും അവരുടെ അച്ഛൻ വാങ്ങിച്ച പണത്തിന്റെ പേരും പറഞ്ഞ്... ഇന്നവർ നിനക്കെതിരേ കോടതിൽ സത്യങ്ങൾ പറയരുത് എന്ന് കരുതി നിന്റെ ചേട്ടൻ ചെയ്ത ക്രൂരതക്ക് ഇനി അനുഭവിക്കാൻ പോകുന്നത് നീയാണ്... ഇനി നീ പുറംലോകം കാണില്ല... കാരണം നിനക്കു വേണ്ടിയാണ് നിന്റെ ചേട്ടൻ കളിച്ചത്... അതേ ചേട്ടൻ നിന്നെ കാണാതെ വരുമ്പോൾ വേദനിക്കും... വേദനിക്കണം... അങ്ങനെ വേദനിച്ചു വേദനിച്ചു ഇരിക്കുമ്പോഴാകണം... സ്വാസംനിലച്ച നിന്റെ ശരീരം നിന്റെ ചേട്ടന്റെ മുന്നിലേക്കിട്ടുകൊടുക്കാൻ... അതോടെ അവന് സമനില തെറ്റും... അതോടെ അവന് ഇത്രയും കാലം മറ്റുള്ളവരെ ദ്രോഹിച്ച് ഹരംകൊണ്ട എല്ലാ ക്രൂരതയും തെറ്റായിപ്പോയെന്ന് മനസ്സിലാകും... അവിടെ അവൻ വീഴും... ആ വീഴ്ച പിന്നീട് എഴുന്നേൽക്കാൻ പറ്റാത്തതീതിയിൽ വീഴ്ത്തും ഞാൻ.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story