പ്രണയഗീതം: ഭാഗം 44

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അവർ ടൌണിലെത്തി വേണ്ട ഡ്രസ്സുകളെടുത്ത് മടങ്ങി... കാറിനടുത്തേക്ക് നടക്കുമ്പോഴാണ് അവർ ആ കാഴ്ച കണ്ടത്... ശ്രേയ പേടിയോടെ ഗിരിയെ നോക്കി... തങ്ങളുടെ കാറിനടുത്ത് തങ്ങളെയും പ്രതീക്ഷിച്ച് ഒരാൾ നിൽക്കുന്നു... എസ്ഐ രവീന്ദ്രൻ... " എന്താ സാറേ... എന്നെ പൂട്ടാൻ പുതിയ എന്തെങ്കിലും കേസുമായി ആരെങ്കിലും പറഞ്ഞുവിട്ടതാണോ നിങ്ങളെ... " "ഗിരീ ശവത്തിൽ കുത്തരുത്... അന്ന് എനിക്ക് അങ്ങനെയൊരു അബദ്ധം പറ്റി... പക്ഷേ ഇപ്പോൾ വന്നത് അതിനല്ല... " "നിങ്ങൾക്ക് എന്നാണ് അബദ്ധം പറ്റാതിരുന്നത്... നിങ്ങൾ ചെയ്യുന്നതൊക്കെ അബദ്ധമല്ലേ... പണ്ട് കോളേജിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് ഗ്ലൂക്കോസ് പൊടി ആക്കിയതുവരെ നിങ്ങളിൽ നിന്നുണ്ടായ അബദ്ധമല്ലേ... " "അത് പറയാനാണ് ഞാൻ വന്നത്... അറിഞ്ഞുകാണുമല്ലോ ആ പവിത്രൻ ജയിൽ ചാടിയത്... എനിക്ക് പണിതന്നാണ് അവൻ രക്ഷപ്പെട്ടത്... അവനെ ഇരുപത്തിനാലു മണിക്കൂർ കൊണ്ട് കണ്ടുപിടിച്ചില്ലെങ്കിൽ എന്റെ കാര്യം പോക്കാണ്...

അതിന്റെ കൂടെ ആ പഴയ മയക്കുമരുന്ന് കേസ്സ് കുത്തിപൊക്കാൻ ഒരുങ്ങുകയാണ് കമ്മീഷണർ... അതെങ്ങാനും അന്വേഷണം വന്നാൽ ഞാൻ കുടുംങ്ങും.. അതുമാത്രമല്ല എന്റെ ജോലിയും പോകും ഞാൻ അകത്താവുകയും ചെയ്യും... പവിത്രനെ ഞാൻ എവിടെപ്പോയി കണ്ടുപിടിക്കാനാണ്... അവൻ പ്രതാപന്റെ അനിയനാണ്... ഇതിനകം പവിത്രൻ പ്രതാപനുമായി ബന്ധപ്പെട്ടിട്ടുണ്ടാകും... പ്രതാപൻ അവനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുമുണ്ടാകും... ഞാൻ ഇങ്ങനെ അവനെയും തിരഞ്ഞ് അലയുന്നത് വെറുതെയാണ്... അവനെ കിട്ടിയില്ലെങ്കിൽ ഏറിവന്നാൽ ഒരു സസ്പെൻഷൻ... അത് കുറച്ചു ദിവസത്തേക്ക് മാത്രം... അതിനെ മറികടക്കാൻ എനിക്ക് കഴിയും.. പക്ഷേ അന്നത്തെ ആ മയക്കുമരുന്ന് കേസ് വീണ്ടും കുത്തിപൊക്കിയാൽ... അത് വീണ്ടുമന്വേഷിക്കരുത്...

അന്ന് അതിന് സാക്ഷിയായവനാണ് നീ മറ്റുള്ളവർ ആരാണ് എവിടെയുള്ളവരാണ് എന്ന് അറിയില്ല... നീ വിചാരിച്ചാൽ ആ കേസ് വീണ്ടും പൊങ്ങരുത്... നിന്റെ അടുത്ത കൂട്ടുകാരനല്ലേ കമ്മീഷണർ... നീ പറഞ്ഞാൽ അവൻ കേൾക്കും... അതുറപ്പാണ്... അതിനുവേണ്ടി നീ എന്തു ചോദിച്ചാലും ഞാൻ തരും... " "എന്തു തരും നിങ്ങൾ... " ഗിരി പുച്ഛത്തോടെ ചോദിച്ചു... " "എന്തും... എത്ര പണം വേണം നിനക്ക്... അഞ്ച് അതോ പത്തോ... പറഞ്ഞോ നീ... " "ഛീ നിർത്തെടോ... ഇത്രയും നേരം താനിട്ടിരിക്കുന്ന ഈ യൂണിഫോമിനെ ബഹുമാനിച്ചിട്ടാകുന്നു നീ പറഞ്ഞതത്രയും ഞാൻ കേട്ടു നിന്നത്... നീയെനിക്ക് വിലയിടാൻ വരുന്നോ... ഇതും നിന്റെ മറ്റവൻ പറഞ്ഞുതന്ന ഐഡിയ ആയിരിക്കും... അന്ന് നിനക്കുള്ള പണി ഞാൻ മനസ്സിൽ വച്ചുനടന്നതാണ്... നീയൊക്കെയറിഞ്ഞുകൊണ്ടല്ലേ ഒരു പാവം കുടുംബത്തെ വഴിയാധാരമാക്കിയത്...

എന്നിട്ട് കാര്യം കൈവിടുമെന്നായപ്പോൾ കാലുപിടിക്കാൻ വന്നിരിക്കുന്നു... പ്രസാദ് ആ പഴയ കേസ് കുത്തിപൊക്കാൻ തുടങ്ങുകയാണെങ്കിൽ എന്റെ എല്ലാ സപ്പോർട്ട് അവനുണ്ടാവും... നിനക്കൊക്കെ ആ പ്രതാപനും മറ്റു ഏറാമൂളികൾക്കും അവരുടെ വിഴുപ്പലക്കാൻ വേണ്ടിയല്ല സർക്കാർ ശമ്പളം തരുന്നത്... അതിനല്ല നീയിട്ട ഈ യൂണിഫോം തൊപ്പിയും... അതഴിച്ചുവച്ച് പറമ്പ് കളിക്കാൻ നടക്കുന്നതായിരുന്നു ഇതിലും നല്ല അന്തസ്സ്... നീ ചെയ്ത എല്ലാ ദ്രോഹങ്ങൾക്കും നിനക്കൊക്കെ കിട്ടാവുന്ന ശിക്ഷ അതെന്തായാലും കിട്ടണം... " "ഞൊട്ടണം... എടാ നീയൊന്നും വിചാരിച്ചാൽ എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല... നല്ല മര്യാദയോടെ പറഞ്ഞ് വീണ്ടുമൊരു പ്രശ്നം ഉണ്ടാക്കേണ്ട എന്നു കരുതി വന്നപ്പോൾ നീയൊക്കെ എന്നെ ഒലത്താൻ വരുന്നോ... എടാ മോനേ നിന്റെ കമ്മീഷണർ കളിക്കട്ടെ... അവന്റെ ഒടുക്കത്തെ കളി... ആയുസടുത്തവന്റെ ആശയായി കാണും ഞാനത്... " "അതേയോ.... നീയാരാ യമദേവന്റെ കണക്കപ്പിള്ളയോ... അവന്റെ ആയുസ്സ് കണക്കാക്കാൻ...

നീയല്ല നിന്റെ തലതൊട്ടപ്പന്മാർ വന്നാലും പ്രസാദിന്റെ അടുത്തുപോലും എത്താൻ പറ്റില്ല... ഞാൻ ജീവനോടെയിരിക്കുമ്പോൾ ആ പൂതി മനസ്സിൽ വച്ച് നടന്നാൽ മതി... ഇനി അവനൊറ്റക്കല്ല... എന്തിനും തയ്യാറായി പലരുമുണ്ടാകും അവന്റെ പുറകിൽ... അത് നീ സ്വപ്നത്തിൽ പോലും വിചാരിക്കാതെ പലരുമാവും... സാറ് പോകാൻ നോക്ക് ഇത് പൊതു റോഡാണ് എനിക്ക് പോയിട്ട് വേറെ പണിയുണ്ട്... ആളുകൾ ശ്രദ്ധിക്കുന്നു... ഇനിയും നിന്ന് ചിലക്കുകയാണെങ്കിൽ അവരുടെ മുന്നിൽ സാറ് നാറും... അത് വേണ്ടെങ്കിൽ വണ്ടിയെടുത്ത് വിടാൻനോക്ക്... " അതും പറഞ്ഞ് ഗിരി ശ്രേയയേയും കൂട്ടി കാറിൽ കയറി... ആ കാർ പോകുന്നതും നോക്കി പകയോടെ പല്ലുകടിച്ച് രവീന്ദ്രൻ നിന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "പ്രസാദേ വാസുദേവൻ വിളിച്ചിരുന്നു... ആ വീടിന്റെ കാര്യത്തിൽ തീരുമാനമായി... എത്രയും പെട്ടന്ന് റെജിസ്ട്രേഷൻ നടത്താമെന്നാണ് പറഞ്ഞത്... " കൃഷ്ണൻ പറഞ്ഞു... "ഉം... പക്ഷേ ഇപ്പോഴും ഗോപിനാഥനങ്കിളിനും കാവ്യക്കുമൊന്നും അതിനോട് പൂർണ്ണ തൃപ്തി വന്നിട്ടില്ല...

അതിനിടയിലാണ് അവരുടെ എല്ലാമായ വീടും കടയും നശിച്ചത്... " "അത് നശിച്ചതല്ലല്ലോ നശിപ്പിച്ചതല്ലേ ആ പ്രതാപൻ... " "അതെ പക്ഷേ അതിന് കാരണക്കാരൻ ഞാനുംകൂടിയല്ലേ.. ഒന്നും വേണ്ടായിരുന്നു... ആ പവിത്രനെയൊന്ന് വിരട്ടി വിട്ടാൽ മതിയായിരുന്നു... " "നടന്നതിനെകുറിച്ച് ഇനി പറഞ്ഞിട്ടെന്തിനാണ്... അതിന് കാരണക്കാരനായ ആ പ്രതാപനെ പിടികൂടാനുള്ള വഴി കാണുകയാണ് വേണ്ടത്... " "എന്നിട്ടെന്തിനാണ്... അവനെതിരെ എന്ത്തെളിവാണ് ഉള്ളത്... " "അത് കണ്ടുപിടിക്കാനാണ് നിന്നെപ്പോലെയുള്ളവർ... ഞാനൊരു കാര്യം ചോദിക്കട്ടെ... ഗോപിനാഥന്റെ വീടിനടുത്തോ അല്ലെങ്കിൽ കടയുടെ അടുത്തോ വല്ല സിസി ടിവി ക്യാമറയോ മറ്റോ ഉണ്ടോ... അതു നീ അന്വേഷിച്ചോ... " "ഹും അച്ഛനെന്താണ് വിഡ്ഢിത്തമാണ് പറയുന്നത്... ആ പാവങ്ങൾ താമസിക്കുന്ന ചേരിയിൽ ആരുടെ വീട്ടിലാണ് ക്യാമറ വച്ചിരിക്കുന്നത്.. എന്തായാലും എന്തെങ്കിലുമൊരു തുമ്പ് കിട്ടാതിരിക്കില്ല.... " "പുറത്തൊരു കാർ വന്നുനിന്ന ശബ്ദം കേട്ട് പ്രസാദും കൃഷ്ണനും അവിടേക്ക് ചെന്നു...

ഗിരിയും ശ്രേയയും അതിൽനിന്നിറങ്ങി... "ആ നീയെത്തിയോ... കയറി വാ... ഇതെന്താ ശ്രേയമോളുടെ കയ്യിലൊരു കവർ... " കൃഷ്ണൻ ചോദിച്ചു... "അത് കുറച്ച് ഡ്രസ്സാണ്.. കാവ്യക്കും അനിയത്തിക്കും... അച്ഛന്റെ ആഗ്രഹമാണ്.... " ഗിരി പറഞ്ഞു... "അത് നന്നായി... ഇവനോട് പറയാനിരിക്കുകയായിരുന്നു അവർക്കെന്തെങ്കിലും വാങ്ങിക്കാൻ... പിന്നെ അച്ഛൻ വിളിച്ചിരുന്നു... നിങ്ങൾ വരുന്ന കാര്യംപറഞ്ഞു... പിന്നെ ആ വീടിന്റെ കാര്യവും.. " "അതിന് അഡ്വാൻസ് കൊടുത്തു... ഈയാഴ്ചതന്നെ റജിസ്ട്രേഷനുണ്ടാകും... പിന്നെ അതിനുമുമ്പ് അവിടെയൊന്ന് വൃത്തിയാക്കാനുമുണ്ട്... അതുപോട്ടെ നിന്റെ കൂട്ടുകാരൻ വരുമെന്ന് പറഞ്ഞിട്ട് എത്തിയോ... " "അവൻ അവിടെ നിന്നും പുറപ്പെട്ടെന്ന് വൈകീട്ട് വിളിച്ചുപറഞ്ഞിരുന്നു... ഏകദേശം എട്ടുമണിയാകുമ്പോഴേക്കും എത്തേണ്ടതാണ്.... കാറിനാണെങ്കിൽ രണ്ട് മണിക്കൂർ ഓടാനില്ലേ... ഇവിടേക്ക്... കവലയിൽ എത്തിയാൽ വിളിക്കാമെന്ന് പറഞ്ഞിരുന്നു... ഇവിടേക്കുള്ള വഴി അറിയില്ലല്ലോ...

പിന്നെ അവന്റെ ഏതോ കൂട്ടുകാരൻ കൂടെയുണ്ട്... പ്രസാദ് പറഞ്ഞു... "എന്നാൽ നിങ്ങൾ കയറിയിരിക്ക്... അകത്തു ണ്ട് അവരെല്ലാവരും... " അവർ അകത്തേക്ക് നടന്നു... "അമ്മേ ഇതാരാണ് വന്നതെന്ന് നോക്കിക്കേ... " പ്രസാദ് വിളിച്ചു പറഞ്ഞു... അടുക്കളയിലായിരുന്ന ലക്ഷ്മിയും കാവ്യയും ആര്യയും ഗിരിജയും അവിടേക്ക് വന്നു... ശ്രേയമോളേ എങ്ങനെയുണ്ടായിരുന്നു പുതിയ ജോലിയും സ്ഥലവുമെല്ലാം... " ലക്ഷ്മി ചോദിച്ചു... "കുഴപ്പമില്ല ആന്റീ... നല്ല ജോലിയാണ്... എല്ലാവർക്കും നല്ല പെരുമാറ്റവുമാണ്... " "അവിടെയൊരു ജോലി കിട്ടുക എന്നത് വലിയ കാര്യമാണ്... ഇതെന്താ കയ്യിൽ... വരുന്നവഴി ഷോപ്പിംഗിന് പോയിരുന്നോ... " ശ്രയയുടെ കയ്യിലെ കവറുകൾകണ്ട് ലക്ഷ്മി ചോദിച്ചു... "പോയിരുന്നു... കുറച്ച് ഡ്രസ്സെടുക്കാൻ... എനിക്കല്ല ട്ടോ... എന്റെ രണ്ട് അനിയത്തിമാർക്ക്... അതായത് ഇവർക്ക്... ശ്രേയ കാവ്യയേയും ആര്യേയും ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു... അതുകേട്ട് അന്ധാളിപ്പോടെ കാവ്യയും ആര്യയും ഗിരിജയും അവളെ നോക്കി... "

"എന്താണിത് ആദ്യമായി കാണുന്നതുപോലെ... എനിക്ക് നിങ്ങൾ അനിയത്തിമാരാണ്... അങ്ങനെ കാണുന്നതുകൊണ്ട് വിരോദമുണ്ടോ... " ശ്രേയ ഡ്രസ്സിന്റെ കവറുകൾ ആര്യയുടേയും കാവ്യയുടേയും കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു... "എന്തിനാണ് മോളേ ഇതൊക്കെ... " ഗിരിജ ചോദിച്ചു... "അതിന് ഇത് ഞാനല്ല വാങ്ങിച്ചത് ഗിരിയേട്ടനാണ്... അങ്കിൾ പറഞ്ഞതാണ്... പിന്നെ ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല... ഇവരെ അനിയത്തികളായി കാണുന്നതിൽ നിങ്ങൾക്കാർക്കും വിരോധമൊന്നുമില്ലല്ലോ... " എന്താണ് മോളേ പറയുന്നത്... അതിൽ ഞങ്ങൾക്ക് സന്തോഷമല്ലേയുള്ളൂ... എങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാൻ പറ്റുക എന്ന് നോക്കിനടക്കുന്നവരാണ് പലരും... ഇവിടെ വന്നപ്പോഴാണ് നല്ലവരായ കുറച്ചു പേരെ കാണാൻ കഴിഞ്ഞതു തന്നെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഒന്നുമല്ല... " "അല്ലെങ്കിലും ആരും ആരുമില്ല... ദൈവത്തിനുമുന്നിൽ എല്ലാവരും തുല്യരാണ്... അവിടെ വലിയവരില്ല ചെറിയവരില്ല... ഇന്ന് നമ്മൾ കാണുന്നത് പലതും അത് മനുഷ്യരാണെങ്കിൽപോലും നാളെ കാണണമെന്നില്ല...

അതുകൊണ്ട് മറ്റുള്ളവരെ സ്നേഹിക്കുക... കഴിയുമെങ്കിൽ അവരെ സഹായിക്കുക... എനിക്ക് അനിത്തിമാരോ ചേച്ചിമാരോ ഇല്ല... ഇപ്പോൾ എനിക്ക് കിട്ടിയ അനിയത്തിമാരാണ് നിങ്ങൾ... അതിനി എന്നും അങ്ങനെത്തന്നെ വേണം.. നിങ്ങൾ പോയി ഈ ഡ്രസ്സൊന്ന് ഇട്ടുവാ.. പാകമാണോ എന്നറിയില്ല എന്നാലും ഒരു ഉദ്ദേശം വച്ച് എടുത്തതാണ്... " കാവ്യയും ആര്യയും അകത്തേക്ക് പോയി... എവിടെ അങ്കിൾ... ശ്രേയ ഗിരിജയോട് ചോദിച്ചു... " "കിടക്കുകയാണ്... ഞാൻ വിളിക്കാം... " "വേണ്ട ആന്റീ... ഇത് അങ്കിളിന് കൊടുക്കണം... പിന്നെയിത് ആന്റിക്കും... " മറ്റു രണ്ട് കവറുകൾ അവൾ ഗിരിജക്ക് കൊടുത്തു... ഗിരിജയുടെ കണ്ണുകൾ നിറയുന്നത് ശ്രേയ കണ്ടു... " "ഇത് നല്ലകഥ... കരയുകയാണോ വേണ്ടത്.. ആന്റിയുടെ മോൾ തന്നതാണെന്ന് കരുതിയാൽ മതി... " "നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ചായയെടുക്കാം... "

ലക്ഷ്മി അടുക്കളയിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ കാവ്യയും ആര്യയും അവിടേക്ക് വന്നു... "ആഹാ സുന്ദരികളായിട്ടുണ്ടല്ലോ.." കൃഷ്ണൻ പറഞ്ഞു "അപ്പോൾ എന്റെ സെലക്ഷൻ കുഴപ്പമില്ല... രണ്ടുപേർക്കും നന്നായി ചേരുന്നുണ്ട്... " "ഇതിനൊക്കെ ഒരുപാട് പണമായിക്കാണില്ലേ... " കാവ്യ ചോദിച്ചു... "അതൊന്നും നിങ്ങൾ നോക്കേണ്ട... നിങ്ങൾക്കിത് ഇഷ്ടമായോ... ഇല്ലെങ്കിൽ മാറ്റി വാങ്ങിക്കാം... " ഗിരി പറഞ്ഞു... "ഇഷ്ടമായി... " ആര്യയാണ് അത് പറഞ്ഞത്... ചായ കുടിച്ചതിനുശേഷം ഗിരിയും പ്രസാദും കൃഷ്ണനും ഉമ്മറത്ത് ഇരിക്കുകയായിരുന്നു... "ഇന്ന് ഞങ്ങൾ ടൌണിൽ പോയപ്പോൾ ഒരു സംഭവം നടന്നു... നമ്മുടെ രവീന്ദ്രൻ സാർ എന്നെ കാണാൻ വന്നു... " ഗിരി പറഞ്ഞു... "അതെന്തിനാണ് അയാൾനിന്നെകാണാൻ വരുന്നത്.. " പ്രസാദ് ചോദിച്ചു....... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story