പ്രണയഗീതം: ഭാഗം 46

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"രാത്രി ഭക്ഷണം കഴിച്ച് മുകളിലെ ബാൽക്കണിയിൽ പുറത്തേക്കും നോക്കി നിൽക്കുകയായിരുന്നു ശ്രേയ... ഒരു കണക്കിന് സുധീറിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുക എന്നതായിരുന്നു അവളുടെ ലക്ഷ്യം... അവളുടെ മനസ്സ് ഗിരിക്ക് മനസ്സിലായി... അതുകൊണ്ട് അവളെ ശല്യം ചെയ്യാൻ അവൻ പോയില്ല... എന്നാൽ തന്റെ പുറകിൽ കാൽപ്പെരുമാറ്റം കേട്ട് ശ്രേയ തിരിഞ്ഞു നോക്കിയത് സുധീറിന്റെ മുഖത്തേക്കായിരുന്നു... എന്തുചെയ്യണമെന്നറിയാതെ അവൾ നിന്നു... "ഞാൻ വന്നപ്പോൾമുതൽ കാണുന്നതാണ് നീയെന്നെ അവഗണിക്കുന്നത്... ഒരു കണക്കിന് ഞാനതിന് അർഹനുമാണ്... അത്രമാത്രം നിന്നെ ദ്രോഹിച്ചവനാണ് ഞാൻ... ഒരിക്കലും എന്നോട് ക്ഷമിക്കാൻ നിനക്ക് കഴിയില്ലെന്നും എനിക്കറിയാം..... എന്നാലും ചോദിക്കുവാണ്... അറിയാതെയാണെങ്കിലും ഞാൻ ചെയ്തുപോയ തെറ്റിന് മാപ്പ് തന്നൂടേ നിനക്ക്...

നീയെന്റെ അനിയത്തിയല്ലേ... അറിയാതെ ഒരിക്കലും ഒരു സഹോദരിയോട് പെരുമാറുന്നതുപോലെയല്ല നിന്നോട് പെരുമാറിയത്... അതെനിക്കറിയാം... നിന്നോടും ചെറിയച്ഛനോടും പല ദുഷ്ടതകൾ പറയുകയും ചെയ്യുകയും ചെയ്തപ്പോൾ അവർക്ക് പറയുമായിരുന്നു എല്ലാ സത്യവും... എന്നാൽ ഇതുപോലെയൊക്കെ സംഭവിക്കുമായിരുന്നോ... നിനക്ക് എന്നോട് പൊറുക്കാൻ കഴിയില്ലെന്ന് അറിയാം... എന്നാലും ഒരിക്കലുമെന്നെ വെറുക്കരുത്... ചിലപ്പോൾ അത് താങ്ങാൻ എനിക്ക് കഴിഞ്ഞെന്നുവരില്ല... നിന്നെ ഒരിക്കലും ഇവിടെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല... അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇവിടേക്ക് വരില്ലായിരുന്നു... ഇപ്പോൾ ഞാൻ ബിജുവിന് അവന്റെ അപ്പച്ചിക്കും കുടുംബത്തിനും വേണ്ടി അവന്റെ കൂടെ നിൽക്കാമെന്ന് വാക്കുകൊടുത്തുപോയി... അതിനുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്... നാളെ ഞങ്ങൾ പോകും...

അതുവരെ ക്ഷമിക്കണം... അതിനുശേഷം നിന്റെ കൺവെട്ടത്ത് വരാതെ ഞാൻ നോക്കിക്കോളാം... ഈ അവഗണന സഹിക്കാൻ കഴിയുന്നില്ല... അതുകൊണ്ടാണ്... " സുധീർ തിരിഞ്ഞു നടന്നു... " "ഏ...ട്ടാ... " ശബ്ദമല്പം പതറിയതുപോലെയാണെങ്കിലും ശ്രേയയുടെ വിളികേട്ട് സുധീർ നിന്നു.. "ശരിയാണ്... ഇത്രയും കാലം ഒരു ദുഷ്ടനെപ്പോലെയായിരുന്നു സുധീറേട്ടനെ ഞാൻ കണ്ടിരുന്നത്... അതിന്റെ കാരണം എന്തായിരുന്നു എന്ന് സുധീറേട്ടനും അറിയാം... പക്ഷേ ഇത്രയും കാലം ആ രീതിയിൽകണ്ട സുധീറേട്ടൻ എന്റെ ഏട്ടനാണെന്ന് അറിഞ്ഞപ്പോൾ ആ രീതിയിൽ സുധീറേട്ടനെ എങ്ങനെ കാണും എന്ന ചിന്ത എന്നെ, അലട്ടിയിരുന്നു... പക്ഷേ ഇപ്പോൾ നിങ്ങളെന്റെ ഏട്ടനാണെന്ന് എനിക്കറിയാം... അത് അംഗീകരിക്കാൻ മനസ്സ് സമ്മതിക്കാതിരിക്കുന്നതാണ് എന്റെ പ്രശ്നം... അതാണ് ഞാൻ ഒഴിഞ്ഞുമാറി നടന്നത്... അല്ലാതെ അവഗണിച്ചതല്ല... "

"അതുകേട്ടാൽ മതിയെനിക്ക്... മാത്രമല്ല നീ എന്നെ ഏട്ടാ എന്നു വിളിച്ചല്ലോ... ഇതിൽകൂടുതൽ ഞാനൊന്നും ആഗ്രഹിക്കുന്നില്ല... സന്തോഷമായി നിനക്ക് എന്നോട് വെറുപ്പൊന്നുമില്ലല്ലോ.... അത് കേട്ടാൽ മതി... ഞാൻ ഇവിടേക്ക് വരുന്നതു മുമ്പ് നിന്റെ വീട്ടിൽ പോയിരുന്നു... അവിടുന്ന് ചെറിയച്ഛൻ പറഞ്ഞു നീയും ഗിരിയും ഒന്നിക്കുന്ന കാര്യം... അതുപോലെ ശരത്തിന്റെ കാര്യവും... ഒരു ചേട്ടനായി നിന്ന് രണ്ടുപേരുടേയും വിവാഹം ഞാൻ നടത്തും... അതെന്റെ അവകാശമാണ്.... " അത്രയും പറഞ്ഞ് സുധീർ തിരിഞ്ഞു നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪ ഈ സമയം പ്രതാപൻ വീട്ടിൽ പവിത്രനെവിടെയാണ് എന്നറിയാതെ ഒരു പ്രാന്തനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു... ആ സമയത്താണ് സുനിലിന്റെ കോൾ അവന് വന്നത് "പ്രതാപാ പവിത്രന്റെ വല്ല വിവരവും കിട്ടിയോ... " സുനിൽ ചോദിച്ചു...

"കിട്ടിയാൽ ഞാനിങ്ങനെ ടെൻഷനടിച്ച് നടക്കുമോ... ഏത് പാതളത്തിലാണ് അവൻ ചെന്ന് ഒളിച്ചതെന്ന് ആർക്കറിയാം... അവനൊന്ന് വിളിച്ചൂടേ... " "അതിന് അവന്റെ കയ്യിൽ ഫോണുണ്ടോ... അത് ആ പ്രസാദിന്റെ കയ്യിലല്ലേ... " "ആ ഫോണിൽ നിന്ന് വിളിച്ചാൽ മാത്രമേ അവന് എന്നെ കിട്ടൂ... മറ്റ് ഏതെങ്കിലും ഫോണിൽ നിന്നും വിളിക്കാലോ... " "അതു ശരിയാണ്... പക്ഷേ എനിക്കെന്തോ ഒരു സംശയം... അന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസുകാർ ആ പ്രസാദിന്റെ കൂട്ടാളികളാണ്... " "അതുകൊണ്ട്... " പ്രതാപൻ സംശയത്തോടെ ചോദിച്ചു... "അതല്ല ഇനിയെങ്ങാനും പ്രസാദും ആ പോലിസുകാരും ചേർന്ന് അവനെ മാറ്റിയതാണോ എന്നൊരു സംശയം... നമ്മൾ ആ പെണ്ണിന്റെ വീടും അവരുടെ കടയും കത്തിച്ചതിന്റെ ദേഷ്യം തീർത്തതാണോ എന്നൊരു സംശയം... " "ഏയ് അങ്ങനെ വരാൻ വഴിയില്ല... കാരണം ആ രണ്ട് പോലീസുകാർക്ക് പവിത്രനെ കീഴ്പ്പെടുത്തി അവിടെനിന്നും മാറ്റാൻ പറ്റില്ല.. മാത്രമല്ല ഇത് അന്ന് രാത്രി നടന്നതല്ലേ...

ആ സമയത്തെങ്ങനെ നമ്മൾ ചെയ്ത കാര്യം അവരറിയുന്നത്... ഇത് പവിത്രൻ രക്ഷപ്പെട്ടതു തന്നെയാണ്... " "ഏതായാലും നീയൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്... നീയും കൂടി അറിഞ്ഞു കൊണ്ടാണ് അവൻ രക്ഷപ്പെട്ടതെന്ന് പുറമേ സംസാരമുണ്ട്... ആ അന്വേഷണം നമ്മൾ ചെയ്തതിലേക്ക് എത്താതെ നോക്കിക്കോ... അന്നേരം നീ മാത്രമല്ല ഞാനും കുടുങ്ങും... " "എന്താ നിനക്ക് പേടിയുണ്ടോ... ഞാനാണ് അത് ചെയ്തത് എന്ന് എല്ലാവർക്കുമറിയാം... എന്നാൽ അവർക്കെന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല... കാരണം അവർ പറയുന്നതല്ലാതെ എന്താണ് ഞാൻ ചെയാതതാണെന്നതിന് തെളിവ്... ഒരിക്കലും അവർക്ക് തെളിയിക്കാൻ കഴിയില്ല ഇതൊന്നും... ഞാൻ കുടുങ്ങിയാലല്ലേ നിനക്ക് പ്രശ്നമുണ്ടാകൂ... ഇനിയഥവാ എന്നെ പൊക്കിയാലും നിന്റെ പേര് ഞാൻ പറയില്ല പോരേ... " "അതുകൊണ്ടല്ല... നിന്നെ വിശ്വാസമില്ലാഞ്ഞിട്ടുമല്ല...ആ പ്രസാദ് അടങ്ങിയിരിക്കില്ല എന്നത് ഉറപ്പാണ്... എത്ര വിധേനയും ഇതിന്റെ സത്യാവസ്ഥയറിയാൻ അവൻ നോക്കും... അവന്റെ കൂട്ടുകാരൻ ഗിരി യെപ്പറ്റി നിനക്കറിയില്ലേ...

അവരു രണ്ടും ഒന്നിച്ചാൽ ഏത് തെളിവില്ലാത്ത കേസും തെളിയും... ഇപ്പോൾ പണ്ട് കോളേജിൽ നടന്ന മയക്കുമരുന്ന് കേസ്സ് വീണ്ടും കുത്തിപൊക്കാൻ തുടങ്ങുകയാണ് അവൻ... ഇതറിഞ്ഞ് ആകെ ടെൻഷനായി നടക്കുകയാണ് രവീന്ദ്രനമ്മാവൻ... അത് കുത്തിപൊക്കിയാൽ അമ്മാവൻ കുടുങ്ങും... അതുറപ്പാണ്... " "ഏത് നമ്മുടെ മുൻമന്ത്രി സഹദേവന്റെ മകളുടെ പ്രശ്നമോ... അത് അന്നുതന്നെ ഒരു തീരുമാനമായതല്ലേ... ഇപ്പോൾ എങ്ങനെ ആ കേസിനെപ്പറ്റി വീണ്ടുമൊരു ചർച്ചയുണ്ടായി... " "അതറിയില്ല... അതിൽ അന്ന് പ്രതിയാക്കാൻ നോക്കിയതും ഈപെണ്ണിനെയാണല്ലോ... ഇപ്പോൾ അവളുടെ രക്ഷകനല്ലേ അവൻ... അന്നേരം ചിലപ്പോൾ അവൾ തന്നെ പറഞ്ഞതായിരിക്കും ഈ കേസ് വീണ്ടും കുത്തിപ്പൊക്കാൻ... " "ഹും രക്ഷകൻ... ആ രക്ഷകസ്ഥാനം അവൾക്കുതന്നെ ദോഷമാക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം... ഇപ്പോൾ പവിത്രന്റെ വിവരം എന്തെങ്കിലുമൊന്ന് അറിയട്ടെ... പിന്നെ നിന്റെ അമ്മാവന് ചെറിയൊരു പണി കിട്ടണം...

അയാൾ ഒറ്റൊരുത്തനാണ് പവിത്രൻ ജയിൽ ചാടാൻ കാരണക്കാരൻ... ഇല്ലെങ്കിൽ ഇന്ന് കോടതിയിൽ നിന്ന് ജാമ്യവും വാങ്ങിച്ച് വീട്ടിലേക്ക് പോരാമായിരുന്നവന്... അയാൾക്കൊക്കെ ചോദിക്കുമ്പോൾ വാരിക്കോരി കൊടുത്തതിനുള്ള നന്ദി കാണിച്ചതാണ്... ഏതായാലും ഞാൻ മുൻ മന്ത്രി സഹദേവനുമായി സംസാരിക്കട്ടെ... അതിനുശേഷം എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്യാം... " പ്രതാപൻ കോൾ കട്ടു ചെയ്തു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങൾ കടന്നുപോയി... പവിത്രനെപറ്റി ഒരു വിവരവും പ്രതാപന് കിട്ടിയില്ല... പവിത്രൻ തന്റെ അനാസ്ഥ മൂലം രക്ഷപ്പെട്ടതാണെന്ന് മനസ്സിലാക്കി രവിന്ദ്രന് സസ്പെൻഷൻ കിട്ടി... അന്ന് രാവിലെ എഴുന്നേറ്റ് ഇമ്മറത്തേക്ക് പത്രമെടുക്കാൻ വന്നതായിരുന്നു പ്രതാപൻ... പത്രമെടുത്തതും അതിന്റെ അടിയിൽ ഒരു കവർ അവൻ കണ്ടു... പ്രതാപനത് എടുത്തു... ആ കവർ പൊട്ടിച്ചുനോക്കി... അതിൽ കുറച്ച് ഫോട്ടോസ് ആണെന്ന് മനസ്സിലായി... അതിന്റെ കൂടെ ഒരു പേപ്പറും അവൻ കണ്ടു... ഫോട്ടോസ് എടുക്കുന്നതിനു മുന്നേ പ്രതാപൻ ആ പേപ്പറെടുത്തുനോക്കി... അതിൽ എഴുതിയത് അവൻ വായിച്ചു.. '"****

പ്രതാപാ... ഇതിന്റെ കൂടെ നിനക്കയച്ചുതന്ന ഫോട്ടോസ് വ്യക്തമായി നീ നോക്കുക... കാരണം അതിൽ നിനക്ക് വേണ്ടപ്പെട്ട ഒരാളുടെ ഫോട്ടോയാണ്... നീയെന്തുകരുതി... നീ കാണിക്കുന്ന എല്ലാ തോന്നിവാസവും എല്ലാവരും കണ്ടില്ലെന്ന് നടിച്ച് പേടിച്ച് മിണ്ടാതിരിക്കുമെന്നോ... ആ കാലം കഴിഞ്ഞു പ്രതാപാ... ഇനിയങ്ങോട്ട് നിന്റെ നാശമാണ്... നീ ഇത്രയും കാലം ചെയതതിനൊക്കേയും നീ അനുഭവിക്കാൻ പോകുന്നു... നിന്റെ പതനം തുടങ്ങിക്കഴിഞ്ഞു... നീയേത് കൊമ്പന്മാരെ പിടിച്ചാലും നിനക്കിനി രക്ഷയില്ല... ഇപ്പോൾ നീ ഒരു കുടുംബത്തെ വഴിയാധാരമാക്കി... അവരുടെ എല്ലാം നീ കത്തിച്ച് ചാമ്പലാക്കി.. ഇന്നവർ ഒരു പാവം പോലിസുദ്യോഗസ്ഥന്റെ കാരുണ്യം കൊണ്ട് ജീവിക്കുകയാണ്...

നാളെ നീ അയാൾക്കെതിരേയും തിരിയും... കാരണം നീയെന്താണോ മുൻകൂട്ടി കണ്ടത് അത് നടത്താൻ എന്തുവൃത്തികേടും കാണിക്കും... ഇനിയതിന് സമ്മതിക്കില്ല... പിന്നെ ഈ കത്തിന്റെ ഉറവിടം അന്വേഷിച്ച് നീ നടക്കുമെന്നറിയാം... എന്നാൽ നീ തലകുത്തി നടന്നാലും ഞാനാരാണെന്ന് നിനക്ക് കണ്ടുപിടിക്കാൻ പറ്റില്ല... ഞാൻ വരും നിന്റെ മുന്നിൽ... ഇപ്പോഴല്ല... നിന്റെ പതനം പൂർത്തീകരിച്ചിട്ട്... ഇപ്പോൾ നീ നിന്റെ കയ്യിലുള്ള കവറിൽനിന്ന് ആ ഫോട്ടോസ് എടുത്തു നോക്ക്... നിനക്ക് തരുന്ന ആദ്യത്തെ ശിക്ഷയാണ് അതിലുളളത്... എന്ന് നിന്റെ നാശം കാണാൻ ആഗ്രഹിക്കുന്ന ഒരുവൻ..**" പ്രതാപൻ കവറിൽനിന്ന് ഫോട്ടോസ്സെല്ലാം എടുത്തു... അതിലേക്ക് ഒന്നേ നോക്കിയുള്ളൂ അവൻ... തന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി അവന്... "നോ.... " പവിത്രൻ അലറി.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story