പ്രണയഗീതം: ഭാഗം 50

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഏതവന്റെ തന്തക്ക് വായുഗുളിക വാങ്ങിക്കാനാണെടാ കഴുവേറിമോനേ പോകുന്നത്... " സുനിൽ തല പുറത്തേക്കിട്ട് ചോദിച്ചു... പെട്ടന്ന് കാറിന്റെ ഡോർ തുറന്ന് ഒരാളിറങ്ങി... അയാളെ കണ്ട് സുനിൽ ഞെട്ടി... രവീന്ദ്രനുപകരം പുതിയതായി ചാർജ്ജെടുത്ത എസ്ഐ കിരൺ വർമ്മ... അയാൾ സുനിലിന്റെ അടുത്തേക്ക് വന്നു... "എന്താ താൻ പറഞ്ഞത്... നല്ല വ്യക്തമായി കേട്ടില്ല... " "അത് ഞാൻ ആളറിയാതെ... " "ആളറിയാതെ... ഞാനല്ല മറ്റാരെങ്കിലുമാണെങ്കിലും അവരോട് പറയുക ഇതുപോലെയാണോ... ഇനി കാര്യത്തിലേക്ക് വരാം ആരുടെ തന്തക്ക് വായുളിക വാങ്ങിക്കാൻ പോവുകയാണന്നല്ലേ ചോദിച്ചത്... മറ്റാരുടേയുമല്ല നിന്റെ തന്തക്കുതന്നെയാണ്... എന്താ അതിനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ... എടാ കഴുവേറിമോനേ ഈ ഇടുങ്ങിയ വഴിയിൽക്കൂടി ആരെ തീർക്കാനാണ് ഇത്ര ധൃതിയിൽ പോകുന്നത്...

അതിന് സുനിലൊന്നും മിണ്ടിയില്ല... "എന്താടാ നിന്റെ നാവ് ഇറങ്ങിപ്പോയോ... " കിരൺ ചോദിച്ചു... പിന്നെ അവനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി... നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ... എന്താണ് നിന്റെ പേര്... എവിടെയാണ് നിന്റെ വീട്... " "സുനിൽ പേരും സ്ഥലവും പറഞ്ഞു... " "സുനിൽ ഈ പേര് ഞാൻ ഇവിടെ ചാർജ്ജെടുത്തതിനുശേഷം കേട്ടിട്ടുണ്ടല്ലോ... നീ ഇവിടുത്തെ പക്കാ ക്രിമിനലും പ്രതാപനെ അറിയുമോ... " "അറിയാം... എന്റെ കൂട്ടുകാരനും കൂടിയാണ്... " "ഓ, ഇപ്പോൾ പിടികിട്ടി... നിന്നെ കാണണമെന്ന് കരുതിയിരിക്കുകയായിരുന്നു... നീയും പ്രതാപവും കുറച്ചുദിവസം മുന്നേ രാത്രി യും പകലുമായിട്ട് എന്തായിരുന്നു ബിസിനസ്സ്... നിങ്ങൾ രണ്ടുപേരും ഒരു കാറിൽ സഞ്ചരിക്കുന്നത് കണ്ടല്ലോ... " "അത് ഞങ്ങൾ ഇടക്കിടക്ക് ഒന്നിക്കാറുണ്ട്... അന്നും അതുപോലെ പോയതാകും... "

"ശരി എന്നാൽ വിട്ടോ... പിന്നെ നിന്റെ അമ്മാവനോ മറ്റോ അല്ലേ രവീന്ദ്രൻസാർ... " "അതെ അമ്മാവനാണ്..." "എന്നാൽ പൊയ്ക്കൊ... " കിരൺ തന്റെ കാറിനടുത്തേക്ക് നടന്നു... അപ്പോഴേക്കും സുനിൽ തന്റെ ജീപ്പ് സൈഡിലേക്ക് ഒതുക്കിയിട്ടു... കിരൺ കാർ എടുത്തു... കിരൺ പോയിക്കഴിഞ്ഞപ്പോൾ സുനിൽ തന്റെ ജീപ്പെടുത്തു... കുറച്ചു മുന്നോട്ടുപോയ കിരൺ കാർ നിർത്തി... പിന്നെ തന്റെ ഫോണെടുത്ത് പ്രസാദിനെ വിളിച്ചു... "എന്താ കിരണേ എന്തെങ്കിലും പ്രശ്നം... " പ്രസാദ് ചോദിച്ചു... "കാര്യമായിട്ട് ഒന്നുമില്ല സാർ... ഒരു സംശയം ചോദിക്കാനാണ് വിളിച്ചത്... അന്ന് നിങ്ങളുടെ വീട്ടിൽ താമസിക്കുന്നവരുടെ വീട് കത്തിയ ദിവസം പകൽ ആ പ്രതാപൻ ആ വീട്ടിൽ വന്നിരുന്നു എന്നല്ലേ പറഞ്ഞിരുന്നത്... " "അതെ വന്നിരുന്നു... അന്നവിടെ രണ്ട് പെൺകുട്ടികൾ മാത്രമേയുണ്ടായിരുന്നുള്ളൂ...

അതിൽ മൂത്തവളുടെ ബുദ്ധിയൊന്നുകൊണ്ടു മാത്രമാണ് എനിക്ക് അവിടേക്ക് എത്തിച്ചേരാൻ പറ്റിയത്.. എന്താ ഇപ്പോഴത് ചോദിക്കാൻ കാരണം... " "അന്ന് ആ പ്രതാപന്റെ കൂടെ വേറെ ആരെങ്കിലുമുണ്ടായിരുന്നോ... " "ഉണ്ട് അവന്റെ വിശ്വസ്തൻ ഒരു സുനിൽ... " "അപ്പോൾ സാറത് ഓർത്തില്ല അല്ലേ... " "കിരണേ സത്യം പറഞ്ഞാൽ അതിന്റെ ടെൻഷനിൽ ഞാനത് വിട്ടുപോയി... അവനെ പൊക്കി തന്നായൊന്ന് കുടഞ്ഞാൽ ചിലപ്പോൾ എല്ലാം അവൻ മണിമണിപോലെ പറയും... ചിലപ്പോൾ അവനുമുണ്ടാകും അന്ന് രാത്രി പ്രതാപന്റെ കൂടെ... " "ഉണ്ടാകുമെന്നല്ല... ഉണ്ട്... സാർ ഈ കാര്യം പറഞ്ഞപ്പോൾ വെറുതെയൊന്ന് കവലയിലുള്ള ഒരു കടയിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു... അതിൽ അന്ന് പകലും രാത്രിയും അവർ ഒന്നിച്ചായിരുന്നു... അപ്പോൾ ഒന്നുറപ്പിക്കാം പ്രതാപനാണ് ഇത് ചെയ്തെങ്കിൽ തീർച്ചയായും ആ സുനിയും അവനൊപ്പമുണ്ടാകും... സാറ് പറഞ്ഞതുപോലെ അവനെ ശരിക്കൊന്ന് കുടഞ്ഞാൽ എല്ലാ സത്യവും പുറത്തുവരും... "

"അതിനുമുമ്പ് പ്രതാപന്റെ നമ്പർ ഞാൻ തരാം... അന്നേദിവസം അവൻ എവിടെയൊക്കെയായിരുന്നു എന്ന് ആ നമ്പർ വച്ച് കണ്ടുപിടിക്കണം... ഇതുംകൂടി കിട്ടിയിട്ട് സുനിലിനെ പൊക്കാം... " "എന്നാൽ അങ്ങനെയാകട്ടെ സാർ... " കിരൺ ഫോൺ കട്ടുചെയ്തു... പ്രസാദ് പ്രതാപന്റെ നമ്പർ കിരണിന് അയച്ചുകൊടുത്തു... പിന്നെ തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോഴാണ് മുകളിൽ ബാൽക്കണിയിൽ തന്നെ നോക്കി ഇരിക്കുന്ന കാവ്യയെ കണ്ടത്... അവൻ അവളെ നോക്കി ചിരിച്ചു... പിന്നെയവൻ മുകളിലേക്ക് നടന്നു... "എന്താടോ ഇവിടെ വന്നു നിൽക്കുന്നത്... " പ്രസാദ് ചോദിച്ചു... "ഒന്നുമില്ല... ഞാൻ ആലോചിക്കുകയായിരുന്നു... ഇയാൾക്ക് ശരിക്കും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്... " "ഇന്ന് ഇതുവരെ ഒരു പ്രശ്നമുള്ളതായിട്ട് എനിക്ക് തോന്നിയില്ല... ഇനി അങ്ങനെയാവണമെന്നുണ്ടോ.... നിനക്കു എന്നെ കണ്ടിട്ട് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയോ..." "അതല്ല... എന്നെ ഇഷ്ടപ്പെടാൻ മാത്രം എന്നിൽ എന്താണുള്ളത്... സ്വത്തോ മുതലോ ഇല്ല... മറ്റുള്ളവരുടെ ദയകൊണ്ട് ജീവിച്ചു പോരുന്നു...

ഒരു നല്ല കുടുംബത്തിൽ ജനിച്ചവളുമല്ല... പിന്നെ എന്താണ് എന്നിൽ ഇത്ര പ്രത്യേകത... " "അതാണോ കാര്യം... ഇതുതന്നെ... എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന പ്രകൃതം... മറ്റുള്ളവരോടുള്ള വിനയം... താനാരാണെന്ന സത്യം അറിയാനുള്ള കഴിവ്... ഇതൊക്കെപ്പോരേ ഏതൊരാൾക്കും ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടാൻ... " "എനിക്ക് ഇനിയും വിശ്വാസമായിട്ടില്ല... ദൈവം ഇത്രയും നാൾ എന്നെയും വീട്ടുകാരേയും കഷ്ടപ്പെടുത്തിയത് ഇങ്ങനെയൊരു സന്തോഷം തരാനായിരുന്നോ... ഈ സന്തോഷം എന്നും എനിക്ക് ഉണ്ടാവുമോ... " "ഞാൻ ഇതുപോലെ ജീവനോടെയുള്ള കാലത്തും നിനക്ക് ഈ സന്തോഷം എന്നുമുണ്ടാകും... പോരേ.. " "പക്ഷേ... ആന്റിയും അങ്കിളും ഇതിന് സമ്മതിക്കുമോ... അവരുടെ മനസ്സിലും സ്വന്തം മകന്റെ കാര്യത്തിൽ ചില സ്വപ്നങ്ങളുണ്ടാകില്ലേ... ഒരു ഐപിഎസ് ഓഫീസറായ മകന് അതിന് യോജിച്ച ഒരു പെൺകുട്ടി ഭാര്യയായി വരണമെന്ന് ആഗ്രഹമുണ്ടാവില്ലേ... " "നിനക്കിപ്പോഴും അവരെ മനസ്സിലായില്ല അല്ലേ...

എടോ ഞാൻ നിന്നെ കാണുന്നതിനു മുന്നേ എന്റെ അമ്മ നിന്നെ കണ്ടിട്ടുണ്ട്... അമ്പലത്തിൽ വച്ച് അന്നേ അമ്മ വിചാരിച്ചതാണ് നീ എന്റെ വധുവായി വരണമെന്നത്... എന്റെ അച്ഛനും നിന്നെ ഇഷ്ടമാണെടോ... പിന്നെ നിന്റെ അച്ഛൻ ഇതിന് സമ്മതിക്കുമോ എന്നാണ് എന്റെ പേടി... "അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമാണ് എന്റെ വിവാഹം... പക്ഷേ അത് നടത്താൻ അച്ഛന്റെ കയ്യിൽ ഒന്നുമില്ല... എന്റെ വിവാഹം നടക്കാനുള്ള സമയമായാൽ ഞങ്ങൾ താമസിച്ചിരുന്ന വീട് വിൽക്കുകയോ അല്ലെങ്കിൽ അതിന്റെ ആധാരം ഈട് വച്ച് ഏതെങ്കിലും ബാങ്കിൽ നിന്ന് ലോൺ എടുക്കുണമെന്നും അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്... പക്ഷേ ഇപ്പോൾ ഇയാൾക്ക് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞാൽ അച്ഛന്റെ പ്രതികരണം എന്താകുമെന്നു അറിയില്ല... നിങ്ങളെപ്പോലെയുള്ളവരുമായുള്ള ഒരു ബന്ധം സ്ഥാപിക്കാനുള്ള കഴിവൊന്നും അച്ഛനില്ല... " "നിന്നെ ഞാൻ ഇഷ്ടപ്പെട്ടത് നിന്റെ വീട്ടുകാർ തരുന്ന സ്വർണ്ണം കണ്ടോ അല്ലെങ്കിൽ നിങ്ങളുടെ സ്വത്തു കണ്ടോ അല്ല...

ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകാനുള്ള വരുമാനം ഇപ്പോഴെനിക്കുണ്ട്... അത് ഇല്ലാതാലുമ്പോഴല്ലേ അന്നേരം നാട്ടിൽ എന്തെങ്കിലും പണിക്ക് പോയി ഞാൻ നിന്നെ നോക്കും... നീ പറഞ്ഞല്ലോ നിന്റെ അച്ഛൻ നിന്റെ വിവാഹത്തിന് വീടിന്റെ ആധാരം ഈടുവച്ച് ബാങ്കിൽനിന്ന് ലോണെടുക്കുമെന്ന്... അങ്ങനെയെടുത്താൽ തവണകളായി മാസാമാസം എത്ര പണം അടക്കണം... അത് നിന്റെ അച്ഛനെക്കൊണ്ട് കൂട്ടിയാൽ കൂടുമായിരുന്നോ... പിന്നെ വീടു വിൽക്കുക... നിന്റെ താഴെ ഒരാളുകൂടിയുണ്ട്.... രണ്ടുമൂന്ന് വർഷം കഴിഞ്ഞാൽ അവളുടെ വിവാഹവും നടത്തേണ്ടേ... അതിനപ്പോൾ എന്ത് വിൽക്കും... ഇപ്പോഴാണെങ്കിൽ ആ വീട് അവിടെയില്ല... വെറും സ്ഥലം മാത്രം അത് വിറ്റാൽ എന്തു കിട്ടും... " "എനിക്കൊന്നുമറിയില്ല... ഞങ്ങളുടെ വിധി അതാണ്..." "എല്ലാം വിധിയെ പഴിച്ചിട്ട് കാര്യമില്ല... നമ്മൾ ചെയ്യേണ്ടത് ചെയ്തുകൊണ്ടിരിക്കണം...

നിനക്ക് എന്നെ ഇഷ്ടമാണെന്ന് നിന്റെ അച്ഛനോട് പറയാൻ നിനക്ക് ദൈര്യമുണ്ടോ... ഇല്ലല്ലോ... എന്നാൽ എനിക്കുണ്ട്... നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ആ നിമിഷം മുതൽ നീ എറ്റേതാണ്... ഇനിയുള്ള നിന്റെ എല്ലാ പ്രശ്നവും എന്റേതു കൂടിയാണ്... നിന്റെഅച്ഛനുമമ്മയും എന്റേയുംകൂടി അച്ഛനുമമ്മയുമാണ്... നിന്റെ അനിയത്തി എന്റെ അനിയത്തിയാണ്... അവൾക്ക് വിവാഹപ്രായമായാൽ അത് എങ്ങനെ നടത്തണമെന്ന് എനിക്കറിയാം... ഞാൻ നടത്തും അത്... പിന്നെ നിന്റേയും എന്റേയും കാര്യം... അത് എങ്ങനെ നടത്തുമെന്ന വിഷമം നിന്റെ അച്ഛന് വേണ്ട... നിന്റെ എക്സാം കഴിയട്ടെ... നീ സ്വപ്നം കാണുന്നതിനുമുകളിൽ നല്ല ഭംഗിയായി ഇത് നടക്കും... അതിന് സമയമാകുമ്പോൾ നീ നോക്കിക്കോ... ഇവിടെ വല്ലാതെ നിന്ന് സമയം കളയാതെ പോയി നാലക്ഷരം പഠിക്കാൻ നോക്ക്...

ഒരു ഐപിഎസുകാരനായ പ്രസാദിന്റെ ഭാവിവധു ഡിഗ്രിക്ക് തോറ്റവളാണെന്ന് നാട്ടുകാർ പറഞ്ഞുനടന്നാൽ അതിന്റെ മാനക്കേട് എനിക്കാണ്.... അതുകൊണ്ട് എന്റെ മോള് പോയി പഠിക്കാൻ നോക്ക്... എന്നിട്ട് നല്ല മാർക്കോടെ പാസാവാൻ നോക്ക്... " അതും പറഞ്ഞ് പ്രസാദ് താഴേക്ക് നടന്നു... അവർ പോകപന്നതുംനോക്കി ഒരു ചിരിയോടെ കാവ്യ നിന്നു... പിന്നെ മുറിയിലേക്ക് നടന്നു ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അടുത്തദിവസം രാവിലെ ബിജുവും സുധീറും പവിത്രനെ താമസിപ്പിച്ച സ്ഥലത്തെത്തി... എന്നാൽ ആ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതാണ് അവർ കണ്ടത്... അവർ പെട്ടന്ന് അകത്തേക്ക് കയറി അവനെ പൂട്ടിയിട്ട മുറിയുടെ മുന്നിലെത്തി... ആ വാതിലും തുറന്നുകിടക്കുന്നു... അവർ അകത്തേക്ക് കയറി... അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു... സർവ്വ നാഡികളും തളർന്നു............. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story