പ്രണയഗീതം: ഭാഗം 52

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഡോക്ടറുടെ ഈ വാക്ക് മതി എനിക്ക്... അവനെ ഒന്നും സംഭവിക്കാതെ എന്റെ കയ്യിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്... അങ്ങനെ ദൈവം എന്നെ ചതിക്കില്ല... ബാക്കി വരുന്നിടത്തുവച്ച് നോക്കാം... " "ഇവനെ നിങ്ങൾക്ക് മനസ്സിലായോ... ഇവനാരാണെന്ന് അറിയോ... " ഡോക്ടർ വിക്രമിനൊപ്പം നോക്കി ബിജുവിനോടും സുധീറിനോടുമായി ചോദിച്ചു... " "അറിയാം ഗിരി പറഞ്ഞിട്ടുണ്ട്... ക്രൈംബ്രാഞ്ച് ഓഫീസർ വിക്രം... ഇദ്ദേഹം വരുമെന്ന് അറിയച്ചതിനെതുടർന്ന് പവിത്രനെ കൊണ്ടുപോകുവാനുള്ള എല്ലാ ഏർപ്പാടിനുമായി ചെന്നതായിരുന്നു ഞങ്ങൾ... പക്ഷേ അവിടെ എത്തിയപ്പോൾ കണ്ടത്... അതിപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല... അന്നേരത്തെ ഞങ്ങളുടെ അവസ്ഥ... എവിടെനിന്നോ കിട്ടിയ ധൈര്യത്തിലാണ് അവനെ ഇവിടെ എത്തിച്ചത്... ഞങ്ങൾ അവിടെ എത്താൻ താമസിച്ചിരുന്നെങ്കിൽ അത് ഓർക്കാൻ കൂടി വയ്യ... അവനെന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും കുടുങ്ങുമായിരുന്നു... " ബിജു പറഞ്ഞു... "നിങ്ങൾ തക്ക സമയത്ത് എത്തിച്ചതു കൊണ്ട് എനിക്കും എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞു...

എന്നാലും പേടിക്കേണ്ടതുണ്ട്... നിങ്ങളുടെ വഴിയേ ഒരു ശത്രുവുണ്ട്... ആ ശത്രുവിന് പവിത്രൻ ഇല്ലാതാകുന്നത് അവിശ്യവുമാണ്... " "ശരിയാണ്... ഇവിടെ വന്ന് പവിത്രനെ ഇല്ലാതാക്കാൻ നോക്കിയെങ്കിൽ... അവർ എല്ലാം അറിഞ്ഞിട്ടുതന്നെയാണ് വന്നത്... പക്ഷേ ആര്... അതാണ് അറിയാത്തത്... ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല... " പെട്ടന്ന് ഡോറിൽ തട്ടി അനുവാദം ചോദിക്കുന്ന ശബ്ദം കേട്ട് അവരെല്ലാവരും തിരിഞ്ഞു നോക്കി... ഗിരിയും പ്രസാദുമായിരുന്നു അത്... "എന്താണ് ബിജു സംഭവിച്ചത്... " പ്രസാദ് ചോദിച്ചു... ബിജു ഉണ്ടായ കാര്യങ്ങൾ പറഞ്ഞു... "അപ്പോൾ ശത്രു പുറകെ തന്നെയുണ്ട്... ആര്.... ആരാണ് അവനോട് ഇത്രക്ക് ശത്രുതയുള്ള ആൾ... ഏതെങ്കിലും പണമിടപാടുകേസിലുള്ള വൈരാഗ്യമായിരുന്നെങ്കിൾ അത് ഇവിടെ വന്ന് ചെയ്യില്ല... സൌകര്യമനുസരിച്ച് നാട്ടിൽനിന്നുതന്നെ പകരം വീട്ടുമായിരുന്നു... ഇത് അതല്ല... ഇതിനുപിന്നിൽ എന്തോ ദുരുദ്ദേശമുണ്ട്... അതറിയണമെങ്കിൽ പ്രതാപന്റെ ഓർമ്മ തെളിയണം അത് ഉണ്ടായിട്ടില്ലല്ലോ ഇതുവരെ...... " ഗിരി ചോദിച്ചു...

"ഓർമ്മ തെളിഞ്ഞിട്ടില്ല... ഇപ്പോഴും ഇവരുടെ നിരീക്ഷണത്തിലാണ് അവൻ... ഒന്നും പറയാറായിട്ടില്ല... " "നിങ്ങൾ പേടിക്കേണ്ട... അവനെ പൂർണ്ണ ആര്യോഗ്യവാനായി ഞാൻ നിങ്ങളുടെ മുന്നിൽ നിർത്തും... എനിക്ക് മറ്റു രണ്ട് കേസുകൂടി നോക്കാനുണ്ട്... അപ്പോൾ നമുക്ക് കാണാം... " ഡോക്ടർ പറഞ്ഞു... അവർ പുറത്തേക്കിറങ്ങി... "വിക്രം നീ വന്നിട്ട് അധികനേരമായോ... എനിക്ക് ഞാൻ പറഞ്ഞ വാക്കുപാലിക്കാൻ കഴിഞ്ഞില്ല... ഇവന് ഇങ്ങനെയൊരു ശത്രു ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല... " ഗിരി പറഞ്ഞു... "അതൂഹിക്കണമായിരുന്നു... ഇത് മുൻകൂട്ടി കണ്ടതു കൊണ്ടാണ് രണ്ടു ദിവസം കഴിഞ്ഞ് പോകാനിരുന്ന ഞാൻ ഇന്നു തന്നെ ഇവനേയുംകൊണ്ട് പോകുവാനൊരുങ്ങിയത്... എതായാലും വരാനുള്ളത് വന്നു... ഇനി ഇതിന്റെ പിന്നിൽ കളിക്കുന്നവൻ അതാരായാലും കണ്ടെത്തണം... ഇല്ലെങ്കിൽ ഇനിയും ഇതുപോലൊരു സംഭവമുണ്ടാവാൻ സാധ്യതയുണ്ട്... " "അത് എനിക്ക് വിട്ടേക്ക്... ഞാൻ നോക്കിക്കോളാം... പിന്നെ പവിത്രന് കാവലായി ആരെങ്കിലുമൊക്കെ നിൽക്കണം... " പ്രസാദ് പറഞ്ഞു...

"അതിന് പറ്റിയ രണ്ട് പോലീസുകാരെ ഞാൻ ഏർപ്പാടുചെയ്യാം... എന്റെ പരിചയത്തിൽ ഈ സ്റ്റേഷനിൽ രണ്ടുമുന്നുപേരുണ്ട്... മാത്രമല്ല സിഐ ദിനകരൻ എനിക്ക് വേണ്ടപ്പെട്ടവനാണ്... " സുധീർ പറഞ്ഞു "അതൊന്നും വേണ്ട... ഞാൻതന്നെ അതുനുള്ള വഴി കണ്ടോളാം... ഇപ്പോൾ ഇതൊന്നും പുറത്താരുമറിയാതിരിക്കുന്നതാണ് നല്ലത്... " വിക്രം പറഞ്ഞു... അതാണ് നല്ലത്... നിന്റെ ശ്രദ്ധ ഇവിടെയുണ്ടായാൽ അത്രപെട്ടന്ന് ആരും ഒന്നിനും മെനക്കെടൂല... " ഗിരി പറഞ്ഞു... " "എന്നാൽ നിങ്ങൾ നടന്നോ... നാളെ നിങ്ങൾക്ക് വേണ്ടപ്പെട്ട ആരുടേയോ വീടുതാമസമുണ്ടെന്നല്ലേ പറഞ്ഞത്... അത് ഭംഗിയായി നടത്താൻ നോക്ക്... ഇവിടുത്തെ കാര്യങ്ങൾ ആലോചിച്ച് ടെൻഷനടിക്കേണ്ട... എന്റെ രണ്ടാളുകൾ കുറച്ചു കഴിഞ്ഞാൽ ഇവിടെ എത്തും... ബാക്കി അവർ നോക്കിക്കോളും... വിക്രം പറഞ്ഞു... കുറച്ചുനേരം കൂടി അവിടെ നിന്നശേഷം അവർ ഇറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈസമയം ഒരു പഴയ കെട്ടിടത്തിന്റെ മുകളിൽ നിൽക്കുകയായിരുന്നു ഒരാൾ... ഇടക്ക് അയാൾ ഇരിക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്... പെട്ടന്ന് അയാളുടെ ഫോണിലേക്ക് ഒരു കോൾ വന്നു... പരിചയമില്ലാത്ത നമ്പർ... എന്നാലും അയാളതെടുത്തു... "എന്തായി ഞാൻ പറഞ്ഞ കാര്യം ഭംഗിയായി നീ ചെയ്തില്ലേ... നീ ചെയ്യുമെന്ന് എനിക്കറിയാം... എന്നാലും ചോദിച്ചെന്നേയുള്ളൂ... " അപ്പുറത്തു നിന്നു ശബ്ദം അയാൾക്ക് മനസ്സിലായി "ബോസ് ക്ഷമിക്കണം... നിങ്ങൾ പറഞ്ഞതുപോലെ അവനെ താമസിപ്പിച്ച സ്ഥലത്ത് ഞാൻ പോയി... അടച്ചിട്ട വാതിലിന്റെ ലോക്ക് തകർത്ത് അകത്തുകയറുകയും ചെയ്തു... പവിത്രന് എന്നെ അറിയുന്നതു കൊണ്ട് അവന് സംശയമൊന്നും ഉണ്ടായില്ല... അവനെ രക്ഷിക്കാൻ ഞാൻ വന്നതാണെന്നായിരുന്നു അവൻ കരുതിയത്... കുറച്ചു നേരം സംസാരിച്ചിരുന്നു... അതാണ് എനിക്ക് പറ്റിയ തെറ്റ്...

ആ സമയത്ത് പവിത്രനെ വകവരുത്താമായിരുന്നു... അവനെ വക വരുത്താനാണ് ഞാനെത്തിയതെന്നറിഞ്ഞ അവൻ എന്റെ കയ്യിൽനിന്ന് രക്ഷനേടാൻ എന്നെ ആക്രമിച്ചു... കുറച്ചു നേരത്തെ മൽപ്പിടിത്തത്തിനിടയിൽ അവനെ ഞാൻ കുത്തി... അതിൽ അവൻ തീരേണ്ടതായിരുന്നു പക്ഷേ ആ കരക്റ്റ് സമയത്ത് രണ്ടുപേർ അവിടേക്ക് വന്നു... ചോരയിൽ കുളിച്ച് പിടയുന്ന അവനെയും ഹോസ്പ്പിറ്റലിലെത്തിച്ചു... അവരുടെ കണ്ണിൽപ്പെടാതെ മറ്റൊരു മുറിയിൽ ഞാൻ ഒളിച്ചു... " "എന്നിട്ട് അവൻ ചത്തില്ലേ..." "ഇല്ല പക്ഷേ കുറച്ച് സീരിയസ്സാണ്... രക്ഷപ്പെടാൻ സാധ്യത കുറവാണ്... " "ഛെ... നിനക്കിതുപോലെ ഒരബദ്ധം സംഭവിക്കാത്തതാണല്ലോ... ദേ അവൻ ജീവനോടെ പുറത്തിറങ്ങിയാൽ നീ മാത്രമല്ല ഞാനും കുടുങ്ങും... അതുകൊണ്ട് ഏത് ഹോസ്പ്പിറ്റലിലായാലും വേണ്ടില്ല... അവനെ പെട്ടന്ന് തീർക്കണം... " "അത് കഴിയുമെന്ന് തോന്നുന്നില്ല... കാരണം അവന് ഇപ്പോൾ കൂട്ടായിട്ടുള്ളത് നമ്മൾ കരുതുന്നതുപോലെയുള്ളവരല്ല... കർണ്ണാടകയിൽ എന്നെപ്പോലെയുള്ളവരുടെ പേടിസ്വപ്നമായ ഒരു ക്രൈംബ്രാഞ്ച് ഓഫീസറാണ്...

അയാൾക്ക് കൂട്ടായിയിട്ട് എന്തിനും പോന്ന രണ്ടുപേരും... അവർ അവിടെയുള്ള പ്പോൾ പവിത്രനെ ഒന്നും ചെയ്യാൻ പറ്റില്ല... എന്തിന് കാണാൻ പോലും പറ്റില്ല... " "അതൊന്നും എനിക്കറിയേണ്ട... നീയൊരു കാര്യം ഏറ്റെടുത്തതാണ്.. അത് പൂർത്തീകരിക്കേണ്ട ബാധ്യത നിനക്കാണ്... എന്തു ചെയ്തിട്ടായാലും വേണ്ടില്ല... അവനെ പരലോകത്തേക്ക് അയച്ചിരിക്കണം... ഇല്ലെങ്കിൽ എന്നെ അറിയാലോ... ഞാൻ നല്ല വൃത്തിയായി കയ്യൊഴിയും... അവനെ തീർക്കാൻ ശ്രമിച്ചതിന് നീ അകത്തു കിടക്കേണ്ടിവരും... " "എന്നെ രക്ഷിക്കാൻ എനിക്കറിയാം... ഒന്നും രണ്ടുമല്ല... ഒരുപാടെണ്ണംചെയ്ത് കൈ തയമ്പിച്ചവനാണ് ഞാൻ... അതിന്റെ പേരിൽ ഇതുവരെ അകത്ത് കിടക്കേണ്ടി വന്നിട്ടുമില്ല... ഞാൻ ഇവിടെനിന്നും മുങ്ങും... " എന്നാൽ ഒരു കാര്യം ചെയ്യ്... ആരും കാണാതെ നീ സ്ഥിരമായി ഒളിക്കുന്ന സ്ഥലത്തുതന്നെ ഒളിക്ക്... ഞാനൊന്ന് രഹസ്യമായി അന്വേഷിക്കട്ടെ... എന്താണ് അവിടുത്തെ പാടെന്ന് നോക്കട്ടെ... നമുക്ക് പറ്റിയ സന്ദർഭം വല്ലതും ഒത്തു വന്നാൽ നിന്നെ വിളിക്കാം... ആ സമയത്ത് വേണ്ടപോലെ ചെയ്താൽ മതി...

പിന്നെ ഈ നമ്പർ സേവ് ചെയ്തുവച്ചോ... ഈ നമ്പറിലേ ഇനി നിന്നെ വിളിക്കൂ... പിന്നെ നിനക്ക് അവിടെ വന്ന രണ്ടുപേരെ ഇനി കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ..." "അറിയാം..." "എന്നാൽ ഫോൺ വെച്ചേക്ക്... " ശരി ബോസ്..." അയാൾ കോൾ കട്ടുചെയ്തു... ഉടനെത്തന്നെ അയാൾതാഴേക്കിറങ്ങി തന്റെ ബൈക്കിൽ അവിടെനിന്നും പോയി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "പ്രസാദേ ഇതിൽ എന്തോ ചതിയുണ്ട്... ഡോക്ടർ പറഞ്ഞത് ശരിയാണെങ്കിൽ അവനെ വകവരുത്താൻ ഒരു പ്രൊഫഷണൽ ക്രിമിനലിനെ ഏർപ്പാടാക്കണമെങ്കിൽ... അത് ചെയ്യിച്ച ആൾ നിസാരക്കാരനല്ല... അതാരാണെന്ന് നമുക്ക് കണ്ടെത്തേണ്ടതുണ്ട്... അതിന് പവിത്രന് ഓർമ്മ തെളിഞ്ഞ് എന്തെങ്കിലും സംസാരിക്കണം... അന്നേരം അവനെ കുത്തിയത് ആരാണെന്ന് കണ്ടുപിടിക്കാവുന്നതാണ്... ആ ക്രിമിനലിലെ പൊക്കിയാൽ ഇതിന്റെ പിന്നിൽകളിച്ചവനെ കണ്ടെത്താം... " ഗിരി പറഞ്ഞു...

"സംഭവം നീ പറഞ്ഞത് സത്യമാണ്... പവിത്രൻ കണ്ണു തുറന്നാൽ അറിയാം അവനെ കുത്തിയത് ആരാണെന്ന്... പക്ഷേ ആ ആളെ പൊക്കിയാൽ അയാൾ പറയുമോ ഇതിന്റെ പിന്നിൽ കളിച്ചതാരാണെന്ന്... ഒരു ക്രിമിനലിന് ഏറ്റവും കൂടുതൽ ആവശ്യം മറ്റുള്ളവരുടെ വിശ്വാസം നേടുക എന്നതാണ്.... സ്വന്തം ജീവൻ ആപത്തിലായാലും ഇവരൊന്നും പിന്നിൽ കഴിക്കുന്നവരുടെ പേര് പുറത്തു പറയില്ല... കാരണം അവർ പുറത്തുണ്ടായാലേ തനിക്ക് രക്ഷയുള്ളൂ എന്ന് ഏത് ക്രിമിനലിനുമറിയാം... " "അത് നിങ്ങളുടെ പോലീസ് രീതി... ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ ഏത് വലിയ ക്രിമിനലും തത്തപറയുന്നതുപോലെ പറയും... ഏതായാലും വിക്രം അവന്റെയടുത്തുണ്ടല്ലോ... അവൻ തന്നെ ചോദിച്ച് മനസ്സിലാക്കോളും... നമ്മൾ ഇതിൽ ഇടപെടേണ്ട... ആളാരാണെന്ന് അറിയട്ടെ എന്നിട്ടുമതി ഇനിയങ്ങോട്ടുള്ള കാര്യം... "....... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story