പ്രണയഗീതം: ഭാഗം 7

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

രേഖ ചുറ്റുമൊന്ന് നോക്കി ഗിരിയെ അവിടെയൊന്നും കണ്ടില്ല... അവർ ബാൽക്കണിയിൽ ചെന്നു നോക്കി... അവിടേയും അവനെ കണ്ടില്ല അവർ ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് നോക്കി... അവിടെ കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു... മുറ്റത്ത് കാർ കഴുകുന്നു ഗിരി... എത്ര നാളായി ഇവൻ കാറിന്റെയടുത്തുപോലും പോയിട്ട്... അവൻ ബൈക്കിലല്ലാതെ കാറെടുത്ത് പുറത്തേക്ക് പോയിട്ടില്ല... രേഖ പെട്ടന്ന് താഴേക്കോടി... മുറിയിൽ ഇരുന്ന് കണക്കുകൾ ചെക്കുചെയ്യുകയായിരുന്നവാസുദേവന്റെ കയ്യിൽ അവർ പിടിച്ചു വലിച്ചു... "വാസുവേട്ടാ ഒന്നു വന്നേ ഒരത്ഭുതം കാണിച്ചുതരാം.. " "നീയാദ്യം കയ്യിൽനിന്ന് പിടിച്ചു വിട്... എന്നിട്ട് കാര്യം പറ... " വാസുദേവൻ പറഞ്ഞു... "അത് പറഞ്ഞാൽ ശരിയാവില്ല... നേരിട്ടുതന്നെ കാണേണ്ട കാഴ്ചയാണ്... " വാസുദേവൻ രേഖയുടെ കൂടെ ഉമ്മറത്തേക്ക് ചെന്നു... അവിടെ കണ്ട കാഴ്ച അയാളേയും അത്ഭുതപ്പെടുത്തി.. "എന്താടോ ഈ കാണുന്നത്... ഇന്നലെ രാത്രി കഴിഞ്ഞ് നേരം വെളുത്തപ്പോഴേക്കും എന്താണ് ഉണ്ടായത്... " വാസുദേവൻ ചോദിച്ചു...

"അതാണ് എനിക്കും മനസ്സിലാവാത്തത്... ഞാൻ അമ്പലത്തിൽ പോകുവാൻ ശ്രേയമോളെ വിളിക്കാൻ പോയതായിരുന്നു... അവളുടെ നിർബന്ധത്തിന് വഴങ്ങി ഇവനേയും കൂടി വിളിക്കാൻ പോയതായിരുന്നു... മുറിയിൽ കാണാതെ വന്നപ്പോൾ ബാൽക്കണിയിൽ ചെന്നു നോക്കിയതാണ്... അന്നേരമാണ് ഇത് കണ്ടത്... " "അവന് ഇങ്ങനെയൊരു മാറ്റമുണ്ടാവണമെങ്കിൽ അതിൽ എന്തോ സംഭവിച്ചിട്ടുണ്ട്... നീയേതായാലും അവനെ വിളിക്കാൻ പോയതല്ലേ... ചെന്ന് ചോദിക്ക്... ചിലപ്പോൾ മനസ്സ് മാറി കൂടെ വന്നാലോ... " "അതുശരിയാണ് ... ഞാനൊന്ന് ചോദിച്ചു നോക്കട്ടെ.. " രേഖ ഗിരിയുടെ അടുത്തേക്ക് നടന്നു... "നീയെങ്ങോട്ടാണ് ഗിരീ രാവിലെത്തന്നെ... " രേഖ ചോദിച്ചു... "ഞാൻ അമ്പലത്തിലേക്കാണ്... ഒരുപാടായല്ലോ പോയിട്ട്... ഇന്നൊന്ന് പോകാമെന്ന് തോന്നി... " "എന്തേ ഇപ്പോൾ ഇങ്ങനെയൊരു ചിന്ത തോന്നാൻ കാരണം... ആ വഞ്ചകി പോയതിൽ പിന്നെ നിനക്ക് അമ്പലവും ദൈവമൊന്നും വേണ്ടാതായതല്ലേ... "

"അവൾ പോയന്നെന്ന് കരുതി ഞാൻ എന്റെ ഇഷ്ടങ്ങൾ മാറ്റിവക്കണോ... അവൾ നേരത്തേ പോയത് നന്നായിയെന്നേ ഞാൻ കരുതുന്നുള്ളൂ... " "അത് നിനക്കിപ്പോഴെങ്കിലും മനസ്സിലായല്ലോ... നന്നായി... അതു പോട്ടെ ഞാൻ വന്നത് ഞാനും ശ്രേയമോളുംകൂടി അമ്പലത്തിൽ പോകുന്നുണ്ട്... വിരോധമില്ലെങ്കിൽ ഞങ്ങളുടെ കൂടെ നീ വരുന്നോ എന്ന് ചോദിക്കാനാണ്... " "ഇത്രയും നാൾ നിങ്ങൾ പോകുമ്പോൾ എന്നോട് ചോദിച്ചിരുന്നോ... ഇന്നെന്താണ് അതിനൊരു മാറ്റം... " "അന്നേരം നിന്നെ വിളിക്കാൻ പറ്റിയ സമയമായിരുന്നല്ലോ... " "ഇപ്പോൾ ആ സമയത്തിന് എന്ത് മാറ്റമാണ് വന്നത്... " "അതൊന്നും എനിക്കറിയില്ല... ശ്രേയമോൾ ചോദിക്കാൻ പറഞ്ഞു ഞാൻ ചോദിച്ചു... നിനക്ക് ഇഷ്ടമുണ്ടെങ്കിൽ കൂടെ വാ... " "അതു ശരി... അന്നേരം സ്വന്തം ഇഷ്ടപ്രകാരമല്ല ചോദിച്ചത്... എന്തായാലും ഇത്രയുംകാലത്തിനിടക്ക് ചോദിച്ചതല്ലേ... ഒന്നിച്ച് പോകാം... " "സത്യമാണോ നീ പറയുന്നത്... " "എന്താ ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ..." "വിശ്വാസമായി... മഹാദേവൻ തന്നെയാണ് നിന്നെക്കൊണ്ട് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്...

ഞങ്ങൾ പെട്ടന്ന് റഡിയായി വരാം...... " രേഖ സന്തോഷത്തോടെ അകത്തേക്ക് നടന്നു... എന്നാൽ ഇതെല്ലാം കണ്ട് ഒരു ചെറു ചിരിയോടെ ബാൽക്കണിയിൽ ശ്രേയ നിൽക്കുന്നുണ്ടായിരുന്നു... അവൾ നിൽക്കുന്നത് ഗിരി കണ്ടിരുന്നില്ല... ശ്രേയ മുറിയിലേക്ക് നടന്നു... കുറച്ചുസമയത്തിനു ശേഷം ശ്രേയ റെഡിയായി താഴേക്കു വന്നു... നീലയിൽ സ്വർണ്ണനിറത്തിൽ ലൈനുകളുള്ള ദാവണിയായിരുന്നു അവൾ ഉടുത്തിരുന്നത്... അവൾ ഹാളിൽ എത്തിയപ്പോൾ കണ്ണുതള്ളി തന്നെത്തന്നെ നോക്കി നിൽക്കുന്ന വാസുദേവനേയും രേഖയേയുമായിരുന്നു അവൾ കണ്ടത്... അവൾ തന്റെ ഡ്രസ്സിലേക്ക് നോക്കി... പിന്നെ അവരെ നോക്കി... "എന്താണ് അങ്കിളും ആന്റിയും പകച്ചു നിൽക്കുന്നത്... " ശ്രേയ ചോദിച്ചു... "അല്ലാ ഇന്നലെ മുതൽ കുറച്ചു മുമ്പുവരെ കണ്ട നിന്നെയല്ലല്ലോ ഇപ്പോൾ കണ്ടത് അതുകൊണ്ട് പകച്ചുപോയതാണ്... " രേഖ പറഞ്ഞു... "അതെന്താ... അതിനിടയിൽ ഞാൻ മാറിയോ... " "മാറിയോ എന്നോ... മോളാകെമാറി... ഇപ്പോഴാണ് നീ തനി തങ്കക്കട്ടിയായത്... നിനക്ക് ഇതുപോലുള്ള ഡ്രസ്സാണ് നന്നായി ചേരുക...

ഇന്നലെ കണ്ടപോലെ ജീൻസും ടോപ്പും നിനക്ക് ചേരില്ല എന്നല്ല... ഇതാണ് കൂടുതൽ ഭംഗി... ഇവിടെയുണ്ടല്ലോ ഒരുത്തി അനു.. അവൾക്കും നിന്നെപ്പോലെ ജീൻസിനോടും ടോപ്പിനോടുമാണ് താല്പര്യം... അവിടെ ദേവ ദാസന്റെ അടുത്തെത്തിയപ്പോൾ കുറച്ച് മാറ്റം വന്നു... അത് അവനെ പേടിച്ചിട്ടാണെന്ന് മാത്രം... അവിടെ ചുരിദാറാണ് ഉപയോഗിക്കുന്നത്... ഗിരിക്ക് തീരെ താല്പര്യമില്ലാത്ത കാര്യമാണ് ഒന്നിനാത്രം പോന്ന പെൺകുട്ടികൾ ജീൻസും ടോപ്പും ധരിച്ച് നടക്കുന്നത്... പിന്നെ അവളെ വാശിപിടിപ്പിക്കേണ്ട എന്നുകരുതി മിണ്ടാതെ നിൽക്കുന്നതാണ്... അവന്റെ മുന്നിൽ അതുമിട്ടുകൊണ്ട് ചെന്നാൽ ഓടിക്കും അവൻ... "അതുശരി... അപ്പോൾ അതാണ് ഇന്നലെ എന്നെ വല്ലാതങ്ങ് മൈന്റ് ചെയ്യാതിരുന്നത്... ഇപ്പോഴല്ലേ കാര്യം മനസ്സിലായത്... " "അതുകൊണ്ട് മാത്രമല്ല... നിന്നെപ്പോലെയുള്ള പെൺകുട്ടികളെ കാണുന്നതു തന്നെ അവന് കലിപ്പാണിപ്പോൾ... എല്ലാ പെൺകുട്ടികളും അവളിലൂടെയാണ് അവൻ കാണുന്നത്... " "ഇതു നല്ല കഥ... ഒരാൾ അങ്ങനെ ചെയ്തെന്ന് കരുതി എല്ലാവരും അങ്ങനെയാകുമോ... "

"അവളുടെ വഞ്ചന അത്രയേറെ അവനെ തളർത്തിയതാണ്... എത്രയായാലും മനുഷ്യ മനസ്സല്ലേ... തളരാതെയിരിക്കുമോ... അല്ലെങ്കിൽ മനസ്സ് കരിങ്കല്ലായിരിക്കണം... സ്നേഹിക്കാൻ മാത്രമേ അവനറിയൂ... അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമ്പോൾ ആരായാലും തളർന്നുപോകും... അതാണ് ഇവിടെ സംഭവിച്ചത്... പക്ഷേ ഇന്ന് അവന് എന്തോ മാറ്റം സംഭവിച്ചിട്ടുണ്ട്... അത് നേരിൽ കണ്ടു ഞാൻ... നീ പറഞ്ഞതുപോലെ അവനെ ഞാൻ വിളിക്കാൻ ചെന്നു... അവൻ അമ്പലത്തിൽ പോകാൻ തയ്യാറായിയിരിക്കുകയാണ്... നമ്മുടെ കൂടെ വരാമെന്ന് അവൻ പറഞ്ഞു... നിനക്ക് അത് നേരത്തെ അറിയാമായിരുന്നോ... " "ഞാനെങ്ങനെ അറിയാനാണ്... ഇന്നലെയല്ലേ ഞാൻ ഗിരിയേട്ടനെ കണ്ടതുതന്നെ... " "അത് ശരിയാണല്ലോ... പിന്നെ എങ്ങനെ ഈ മാറ്റമുണ്ടായി... നീ ഇന്നലെ രാത്രിയെങ്ങാനും അവനോട് സംസാരിച്ചുരുന്നോ... " രേഖ സംശയത്തോടെ അവളെ നോക്കി... "സത്യം പറയാലോ... ഞാനിന്നലെ ഗിരിയേട്ടനെ... " പെട്ടന്ന് അവൾ പറയാൻ വന്നത് നിർത്തി... രേഖ നോക്കുമ്പോൾ ഗിരി കോണിപ്പടികളിറങ്ങി വരുന്നത് കണ്ടു... അവർ രേഖയേയും കൂട്ടി കാറിനടുത്തേക്ക് നടന്നു...

ഗിരി ആരോടും ഒന്നും മിണ്ടാതെ കാറിൽ കയറി... രേഖയും ശ്രേയയും കയറിയെന്ന് കണ്ടപ്പോൾ അവൻ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു... പോകുന്ന വഴി ശ്രേയ ഗിരിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... പിന്നിൽ രണ്ടുപേർ ഇരിക്കുന്നുണ്ടെന്ന ഭാവംപോലും അവനില്ലായിരുന്നു... "ഇതെന്താ അവാർഡ് സിനിമ പോലെ... ആരും ഒന്നും മിണ്ടുന്നില്ലല്ലോ... മിണ്ടുന്നില്ലെങ്കിൽ പോട്ടെ... ഒരു ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അവിടുത്തെ ദൈവമന്ത്രം മനസ്സിൽ ഉച്ചരിക്കുകയാണെന്ന് കരുതാം... അതിന്റെ കൂടെ വല്ല ഭക്തിഗാനവും വക്കുന്നതിന് കുഴപ്പമുണ്ടോ... രാവിലെ രണ്ട് ഭക്കിഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിന്നു കുളിർമ്മയാണ്.. എന്റെ വീട്ടിൽ എന്നും രാവിലെ ഏട്ടൻ നല്ലനല്ല ഗാനങ്ങൾ വക്കും... അതു കേട്ടാണ് എന്നും ഉണരുന്നത്തന്നെ... ഇവിടെ വീട്ടിലും ആ ശീലമില്ല... വണ്ടിയിലും ഇല്ല... "

"എല്ലാം ഉണ്ടായിരുന്നു... കുറച്ചു മുമ്പുവരെ... ഇപ്പോൾ അതൊന്നുമില്ല... ആര് വെക്കാൻ... അതെല്ലാം ഇവന്റെ മുറിയിലെ മേശയുടെ ചുവട്ടിൽ കൊണ്ടുപോയി ഇട്ടിട്ടുണ്ട്... ഇപ്പോഴത് വർക്കുചെയ്യുമോ എന്നുപോലും അറിയില്ല... വാസുവേട്ടൻ രാവിലെ ഓഫീസിൽ പോകുമ്പോൾ വെക്കാറുണ്ട്... അതുമാത്രമാണ് ഇപ്പോഴുള്ളത്... പിന്നെ അവിടെ അടുത്തുള്ള അമ്പലത്തിൽ നിന്നും രാവിലെ കേൾക്കാം... " രേഖ ഗിരിയെ നോക്കിക്കൊണ്ട് പറഞ്ഞു... എന്നാൽ അതൊന്നും കേട്ട ഭാവം അവനില്ലായിരുന്നു... അമ്പലത്തിന്റെ കുളക്കടവിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ ഗിരി കാർ നിർത്തി... അതിൽ നിന്നിറങ്ങിയ അവൻ കുളത്തിലിറങ്ങി മുഖവും കൈകാലുകളും കഴുകി അമ്പലത്തിനടുത്തേക്ക് നടന്നു... പെട്ടന്ന് അവൻ നിന്നു പിന്നെ തിരിഞ്ഞ് രേഖയെ നോക്കി... "വഴിപാട് കഴിക്കാനുണ്ടെങ്കിൽ പറ ഞാൻ പോയി ശീട്ടാക്കാം... " രേഖ വഴിപാടുകൾ പറഞ്ഞു കൊടുത്തു... പിന്നെ ശ്രേയയോട് എന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചു... അവളും രണ്ടുമൂന്നു വഴിപാടുകൾ പറഞ്ഞു... പിന്നെ തന്റെ നാളും...

തന്റെ ബാഗിൽ നിന്ന് പണമെടുത്ത് ഗിരി ക്കു നേരെ നീട്ടി.. ഗിരി അവളെ തറപ്പിച്ചൊന്ന് നോക്കി പിന്നെ ശീട്ടാക്കാൻ നടന്നു... "ഇതെന്താ പണം വാങ്ങിക്കാതെ പോയത്... " ശ്രേയ ചോദിച്ചു... "നീ ഇപ്പോൾ കാണിച്ചത് ശരിയല്ലാത്തതുകൊണ്ട്... സംഭവം നീ നിന്റെ വഴിപാടിന്റെ പണമാണ് കൊടുത്തത്... പക്ഷേ അത് അവൻ കഴിച്ചോളും..." രേഖ പറഞ്ഞു... "അതല്ല എന്റെ വഴിപാടിന്റെ പണം വാങ്ങിക്കേണ്ടേ... എന്നാലല്ലേ അതിന്റെ ഗുണം എനിക്ക് കിട്ടൂ... " "നീ ഇപ്പോൾ പറഞ്ഞത് അന്ധവിശ്വാസമാണ്... നമ്മളെ സ്നേഹിക്കുന്നവർ നമുക്ക് വേണ്ടി എന്തു കഴിച്ചാലും അതിന്റെ ഗുണം കിട്ടും... ദൈവത്തിന് അങ്ങനെ വേർതിരിവില്ല... നിന്റെ പേരിലും നാളിലുമല്ലേ കഴിക്കുന്നത്... അപ്പോൾ അതിന്റെ ഗുണം നിനക്കുതന്നെയല്ലേയുണ്ടാവുക... പിന്നെ ഞങ്ങളെ അങ്ങനെ വേർതിരിച്ചാണോ മോള് കാണുന്നത്... " "അയ്യോ അങ്ങനെ പറയല്ലേ... ആന്റിയും അങ്കിളും എനിക്കെന്റെ അച്ഛനുമമ്മയും തന്നെയല്ലേ... അങ്ങനെയാണ് നിങ്ങളെ കണ്ടതുമുതൽ ഞാൻ കരുതിയത്... "

"ആണല്ലോ... അപ്പോൾ വഴിപാട് ഞങ്ങൾ കഴിച്ചാലും പ്രശ്നമില്ല... മോള് വാ... " "അവർ അമ്പലകുളത്തിൽ ഇറങ്ങി കയ്യും കാലും മുഖവും കഴുകി അമ്പലത്തിലേക്ക് നടന്നു... തൊഴുതുകഴിഞ്ഞ് വഴിപാടുകൾ നടത്തി പ്രസാദവുമായി അവർ പുറത്തേക്ക് വന്നു... കാറിനടുത്ത് അവരേയും കാത്ത് ഗിരി നിൽക്കുന്നുണ്ടായിരുന്നു... "എടാ ഗിരി... " ആരുടേയോ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി... ഗിരിയുടെ കൂട്ടുകാരൻ വിഷ്ണുവായിരുന്നു അത്... ചിരിച്ചുകൊണ്ട് അവൻ ഗിരിയുടെ അടുത്തേക്ക് വന്നു... "എടാ ഗിരീ... ഇത് വല്ലാത്തൊരു അത്ഭുതമായിരിക്കുന്നല്ലോ... എത്ര നാളായി നീ ഈ അമ്പലനടയിലേക്ക് വന്നിട്ട്... അതു മാത്രമോ ക്ലബിലേക്കും നീ വരാറില്ല... " "എല്ലാം നിനക്കറിയാവുന്നതല്ലേ വിഷ്ണു... " അറിയാം... നിന്റെ മനസ്സിനെ അവൾ കുത്തിപരിക്കേൽപ്പിച്ചല്ലേ പോയത്... നിന്നോട് ഞാൻ പറഞ്ഞതല്ലേ അവൾ പോയെങ്കിലും പോകട്ടെയെന്ന്... നേരത്തേ പോയത് നിന്റെ ഭാഗ്യമാണ്... എന്നു കരുതി.. ഇങ്ങനെ നിരാശകാമുകനായി നടക്കാനോ നിന്റെ പ്ലാൻ...

ഇന്നലേയുംകൂടി നിന്റെ കാര്യം ക്ലബിൽ വച്ച് സംസാരിച്ചതാണ് ഞാനും സന്തോഷും സുമേഷും ജീവനുമെല്ലാം... നിന്നെ കണ്ട് സംസാരിക്കാൻ വീട്ടിലേക്ക് വരാനിരുന്നതാണ്... അപ്പോഴല്ലേ ഇങ്ങനെയൊരു അത്ഭുതം കണ്ടത്... നിന്നെയിവിടെ തീരെ പ്രതീക്ഷിച്ചില്ല... "എന്നും ഒരുപോലെ ഇരിക്കാൻ പറ്റുമോ... സത്യമാണ് അവളുടെ വഞ്ചനയിൽ ആകെ തളർന്നുപോയതാണ് ഞാൻ... ഇപ്പോൾ എനിക്കത് അടഞ്ഞ അദ്ധ്യായമാണ്... ഇപ്പോൾ കണ്ട മുറച്ചെറുക്കനാണ് അവൾക്ക് പ്രിയ്യപ്പെട്ടതെങ്കിൽ അത് അതുപോലെത്തന്നെയാവട്ടെ... അത് നല്ലപോലെ മുന്നോട്ട് പോയാൽ മതി..." ഗിരി പറഞ്ഞു... "അതാണ് അതിന്റെ ശരി.. ഇനി നീ ക്ലബിലും വരണം... എന്തിനും ഏതിനും മുന്നിട്ടിറങ്ങുന്ന ആ പഴയ ഗിരിയെ ഞങ്ങൾക്ക് വേണം... " "വരാം... വരണം എനിക്ക്... നീ പറഞ്ഞപോലെ പഴയ ഗിരിയായി നിങ്ങളുടെ കൂടെ ഞാനുണ്ടാകും... " "എന്നാൽ ഇന്ന് വൈകീട്ട് ക്ലബിലേക്ക് വാ... ഞങ്ങളെല്ലാവരും അവിടെയുണ്ടാകും... " "വരാം ഞാൻ...അതുപോട്ടെ നീയെന്താ തനിച്ച്... അവളെവിടെ നിന്റെ ഭാര്യ... "

"അതുശരി... അപ്പോൾ അവളെയൊക്കെ ഓർമ്മയുണ്ടല്ലേ... അവൾ വീട്ടിൽ പോയതാണ്... ഒരാഴ്ചയായി... സംഭവം രണ്ടുമാസം റസ്റ്റെടുക്കാനാണ് പോയത്.. പുതിയ ഒരാൾ ഞങ്ങളുടെ വീട്ടിൽ വരാൻ പോകുന്നുണ്ട്... ഇത് പറയാൻ നിന്നെ കണ്ടുകിട്ടേണ്ടേ... " "ആഹാ.. അപ്പോൾ ചിലവുണ്ട്... " "അതുറപ്പല്ലേ... നീയും കൂടി കൂടിയിട്ട് ചിലവ് നടത്തിയാൽ മതിയെന്നാണ് ജീവനും സന്തോഷുമെല്ലാം പറഞ്ഞത്... അതിനും കൂടിയാണ് വീട്ടിലേക്ക് വരുന്ന കാര്യം പറഞ്ഞത്... അതല്ലാ നീ തനിച്ചാണോ വന്നത്... അല്ല ആദ്യമൊക്കെ അങ്ങനെയായിരുന്നല്ലോ പതിവ്...

പിന്നെ മറ്റവൾ എപ്പോഴെങ്കിലുമുണ്ടാകും... ഇപ്പോൾ ആ ശൂർപ്പണകയില്ലല്ലോ... " "ഞാൻ തനിച്ചല്ല... അമ്മയുണ്ട്... കൂടെ പുതിയ ഒരാളും... അച്ഛന്റെ പഴയ കൂട്ടുകാരന്റെ മകളാണ്... ഇവിടെ സൂര്യ ഗ്രൂപ്പിൽ ജോലി കിട്ടി... അന്നേരം വീട്ടിലാണ് താമസിക്കുന്നത്... " "എന്നിട്ട് എവിടെ അവർ... " വിഷ്ണു അമ്പലത്തിലേക്ക് നോക്കി... അവിടെ രേഖയുടെ കൂടെ നടന്നുവരുന്ന ശ്രേയയെ കണ്ട് വിഷ്ണു അമ്പരന്നു നിന്നു... " "ഇതെന്താടാ... നിന്റെ അമ്മയുടെ കൂടെ ഇവിടുത്തെ ഉപദേവതയായ ദേവി ഇറങ്ങിവരുന്നതോ... " വിഷ്ണു ചോദിച്ചുകൊണ്ട് ഗിരിയെ നോക്കി... അപ്പോൾ അവൻ അമ്പലത്തിലേക്ക് വരുന്ന വഴിയിലേക്ക് നോക്കി ദേഷ്യത്തോടെ പല്ലു കടിക്കുന്നവൻ കണ്ടു... വിഷ്ണു അവൻ നോക്കുന്നിടത്തേക്ക് നോക്കി... അവനും ദേഷ്യം വന്നു... "അവൾ... ശരണ്യ... ഗിരിയെ ചതിച്ചവൾ..." .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story