പ്രണയ സ്വകാര്യം: ഭാഗം 1

pranaya swakaryam

രചന: ആദിത്യൻ മേനോൻ

'ഇടതൂർന്നു പെയ്യും മഴപോൽ.. ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ.. നിന്നിലലിയാൻ മാത്രം ഞാൻ.. പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം..' തന്റെ തോളിൽ തലചായ്ച്ചു കിടന്നുറങ്ങുകയായിരുന്നവളെ വിഷ്ണു കവിളിൽ തട്ടിക്കൊണ്ട് വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ ടാക്സിയിലെ എഫ് എം റേഡിയോയിൽ നിന്നും അവ്യക്തമായി അവളുടെ കാതുകളിലെത്തിയത് ഈ വരികളായിരുന്നു.. "അഞ്ജലീ.. സ്ഥലമെത്തി.." കുറേ നേരം ഉറങ്ങിപ്പോയതുകൊണ്ടാവണം കണ്ണുകൾ തുറന്നപ്പോൾ ചുറ്റിനുമൊരു അവ്യക്തത.. പതിയെ പതിയെ കാഴ്ച തെളിഞ്ഞു വന്നു.. "ഇന്നലെ ട്രെയിനിൽ മര്യാദക്ക് ഉറങ്ങാൻ പറ്റിയില്ല.. ആ ക്ഷീണം ഇപ്പൊ തീർന്നു.." കണ്ണുകൾ തിരുമ്മിക്കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ടാക്സി വന്ന് നിർത്തിയത് ഒരു വലിയ അപാർട്മെന്റിന് മുന്നിലായിരുന്നു.. അകത്തേക്ക് പ്രവേശിക്കുവാനുള്ള ഡോറിന് തൊട്ട് മുകളിലായി ചുവന്നു തടിച്ച ഇംഗ്ലീഷ് അക്ഷരങ്ങളിൽ അമൃത അപാർട്മെന്റ്സ് എന്നെഴുതുയിട്ടുണ്ടായിരുന്നു.

"എഷ്ട് ആയിത്തു അണ്ണാ?" വിഷ്ണു ടാക്സി ഡ്രൈവറോട് കന്നഡയിൽ ചോദിക്കുന്നത് കേട്ടാണ് തിരിഞ്ഞു നോക്കിയത്.. "ത്രീ ഹൻഡ്രഡ് റുപ്പീസ്.." ടാക്സി ഡ്രൈവർ മറുപടി പറഞ്ഞു. അയാൾക്ക് പഴ്സിൽ നിന്നും കാശെണ്ണി കൊടുത്ത ശേഷം വിഷ്ണു അടുത്തേക്ക് വന്നു. "നീയെപ്പഴാടാ തെലുഗു പഠിച്ചത്?" "അത് തെലുഗു അല്ല, കന്നഡയാ.." മെല്ലെ ചിരിച്ചുകൊണ്ടവൻ പറഞ്ഞു. "ഇവിടെ രേവതി ഒപ്പമുള്ളതുകൊണ്ട് എനിക്ക് കഷ്ടപ്പെട്ട് കന്നഡ പഠിക്കേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു.." ഇരുവരും അപാർട്മെന്റിന്റെ അകത്തേക്ക് നടന്നു ചെന്ന് ലിഫ്റ്റിനരികിലെത്തി. കുറച്ചു നേരം കാത്തപ്പോൾ ലിഫ്റ്റ് ഓപ്പൺ ആയി. അതിൽ കയറി രണ്ടുവശത്തുമായി നിൽക്കുമ്പോൾ പെണ്ണിന്റെ ഉള്ളിൽ ആയിരം ചിന്തകളുണർന്നു.. "നീയെന്താ ആലോചിക്കണേ?" വിഷ്ണു ചോദിച്ചപ്പോൾ ദീർഘമായോന്ന് നിശ്വസിച്ചുകൊണ്ട് ചിരിച്ചുകാണിച്ചു.. "പഠിക്കാനെന്നും പറഞ്ഞ് നാട്ടീന്ന് ട്രെയിൻ ഇവിടെ ബാംഗ്ലൂരിൽ അടിച്ചു പൊളിക്കാൻ വന്നതാ.. ഇത് വല്ലോം അച്ഛനറിഞ്ഞാൽ...."

"അയ്യടാ... വീട്ടീന്ന് ഇറങ്ങിത്തിരിക്കുമ്പോ ഇതൊന്നും ഓർത്തില്ലല്ലോ.. ദാസ് മാമ എങ്ങാനും ഇതറിഞ്ഞ് എന്നോട് ചോദിച്ചാൽ എനിക്കൊന്നും അറിയത്തില്ലാന്ന് ഞാൻ പറയും.." വിഷ്ണു തറപ്പിച്ചു പറഞ്ഞു. "ഇപ്പൊ അങ്ങനെയായോ.. ലൈഫ് അടിച്ചു പൊളിക്കണം ന്ന് പറഞ്ഞപ്പോ നീയല്ലേ ബാംഗ്ലൂർക്ക് വരാൻ പറഞ്ഞത്?" അവളവന്റെ അടുത്തേക്ക് നീങ്ങിച്ചെന്ന് കണ്ണുകൂർപ്പിച്ചുകൊണ്ട് ചോദിച്ചു. "അത്.. അത് പിന്നെ.. ഇതിപ്പോ ഞാനറിഞ്ഞോ കേട്ടപാടെ പെട്ടിയും കിടക്കയും എടുത്തോണ്ട് നീയിങ്ങോട്ട് വരുമെന്ന്?" "അത് നിന്റെ തെറ്റ്.. അച്ഛനെങ്ങാനും അറിഞ്ഞാ ഞാൻ പറയും നീയെന്നെ നിർബന്തിച്ചിട്ട് ഞാൻ വന്നതാന്ന്.." ചുണ്ടുകൾ വക്രിപ്പിച്ചുകൊണ്ടവൾ മുഖം തിരിച്ചു. മറുത്തു പറയാൻ ഒന്നുമില്ലാതെ വിഷ്ണു കൈകൂപ്പി കാണിച്ചു. "രേവതീടെ റൂം നമ്പർ എത്രയാന്നാ പറഞ്ഞെ?" ലിഫ്റ്റിൽ നിന്നും ഫിഫ്ത് ഫ്ലോറിൽ ഇറങ്ങിയിട്ട് അവൾ ചോദിച്ചു.

"A 12" "ദേ അതല്ലേ..." ദൂരെയുള്ള A 12 റൂം ചൂണ്ടിക്കാണിച്ചുകൊണ്ട് വിഷ്ണുവിന്റെ പ്രതികരണത്തിന് കാക്കാതെ അവൾ അവിടേക്ക് വേഗം നടന്നു ചെന്നു. ഡോറിന് മുന്നിലെത്തി ബെൽ അടിക്കുമ്പോൾ പിന്നിലായിരുന്ന വിഷ്ണുവും അവൾക്കരികിലേക്ക് നടന്നെത്തിയിരുന്നു. ഉള്ളിൽ നിന്നും ഡോർ തുറന്നതും അവൾ രേവുമ്മാന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടു രേവതിയെ കെട്ടിപ്പിടിക്കുകയായിരുന്നു. മുഖപുസ്തകത്തിലൂടെയാണ് രേവതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കൂടപ്പിറപ്പുകൾ എന്നതിനപ്പുറം ഒരു നിലയുണ്ടെങ്കിൽ അവിടെ വരെയെത്തിയിരിക്കുകയാണ് രേവതിയുടെയും തന്റെയും ബന്ധം. വിഷ്ണു പറഞ്ഞു എന്നതിനേക്കാൾ രേവതി ഇവിടെ ഉണ്ടല്ലോ എന്നതാണ് മറ്റൊന്നുമാലോചിക്കാതെ ബാംഗ്ലൂർക്ക്‌ എത്തിയതിന്റെ കാരണം.. "കേറി വാടാ വിഷ്ണു..." രേവതി വിഷ്ണുവിനെയും അകത്തേക്ക് വിളിച്ചിരുത്തി.. "നീയെന്ത് പറഞ്ഞാ വീട്ടീന്ന് മുങ്ങിയെ..?" "ബാംഗ്ലൂർക്ക് പഠിക്കാൻ പോകുവാണെന്ന് പറഞ്ഞിട്ട്..."

ഷർട്ടിന്റെ കോളർ ഒന്ന് പൊക്കിപ്പിടിച്ചുകൊണ്ടവൾ അന്തസോടെ പറഞ്ഞു. "അപ്പൊ കുറേ കൊല്ലം ഇവിടെ താമസിക്കാനുള്ള സ്കോപ്പ് ആയല്ലോ മോളെ..." "എന്ന് പറയാൻ പറ്റില്ല.. ചിലപ്പോ അച്ഛനെങ്ങാനും ഇങ്ങോട്ട് വന്നാൽ എല്ലാം പൊളിഞ്ഞില്ലേ... പഠിക്കാനെന്നും പറഞ്ഞിട്ട് അടിച്ചു പൊളിക്കാൻ ബാംഗ്ലൂർക്ക് എത്തിയ മോളെ അച്ഛൻ സ്നേഹിച്ചു കൊല്ലും...." യാതൊരു സങ്കോചവുമില്ലാതെയാണ് പറഞ്ഞതെങ്കിലും ഉള്ളിലെവിടെയോ ആ സന്ദർഭമോർത്ത് ചെറിയൊരു പേടിയുണ്ട്.. "എന്നാലും എന്റെ അഞ്ജലീ നിനക്കെന്താ പെട്ടന്ന് നാട് ചുറ്റാൻ തോന്നാൻ?" "അത് പിന്നെ അച്ഛൻ കല്യാണം തീരുമാനിച്ചു.. പാടെ ഒഴിവാക്കാൻ പറ്റിയില്ലെങ്കിലും പഠിക്കാൻ പോകുവാണെന്ന കാരണം പറഞ്ഞ് രണ്ട് മൂന്ന് കൊല്ലത്തേക്ക് തിയതി ഞാൻ നീട്ടി വെപ്പിച്ചിട്ടുണ്ട്.. ഇനി അങ്ങോട്ടൊരു മടക്കം ഉണ്ടാവില്ല അമ്മിണിയെ..."

ചിരിച്ചുകൊണ്ട് പറഞ്ഞു. "ആ ബെസ്റ്റ്.. സ്വന്തം ചേട്ടന്റെ മകളുടെ കെട്ട് കഴിഞ്ഞിട്ടേ തന്റെ മകനെ കെട്ടിക്കൂ എന്ന് ശപഥം ചെയ്ത ഒരു പാവം അമ്മയുണ്ട് എന്റെ വീട്ടിൽ.. ആ അമ്മയുടെ സങ്കടം നീ കാണാതെ പോകരുത് അഞ്ജലീ..." വിഷ്ണു സങ്കടം മുഖത്ത് നിറച്ചുകൊണ്ട് പറഞ്ഞു.. "ഇടയിലൂടെ നീ നന്മമരം ആയതാണെന്ന് മനസ്സിലായി.. എന്നാലും ഇവള് കെട്ടിയിട്ടേ നീ കെട്ടൂ എങ്കിൽ നിനക്കീ ജന്മത്തിൽ കെട്ടാനുള്ള യോഗമില്ല മോനെ.." വാ പൊത്തി ചിരിച്ചുകൊണ്ട് രേവതി പറഞ്ഞു.. "നിങ്ങളിരിക്ക്.. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.. അഞ്ജലി ഒരുപാട് അവേർസ് യാത്ര കഴിഞ്ഞു വന്നതല്ലേ, നല്ല ക്ഷീണമുണ്ടാവും.." "യെസ്.. ഒന്ന് കുളിക്കണം.."

രേവതി പറഞ്ഞുകൊണ്ട് കിച്ചണിലേക്ക് പോയതിന് പിന്നാലെ കുടഞ്ഞെണീട്ടുകൊണ്ട് അഞ്ജലി പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോൾ രേവതി രണ്ട് കപ്പിൽ കോഫിയുമായി വന്നു. അത് വാങ്ങി കുടിച്ചുകൊണ്ടിരിക്കെ അഞ്ജലി മുഖപുസ്തകത്തിലെ സൗഹൃദത്തെകുറിച്ചും അവരുടെ മറ്റു സുഹൃത്തുക്കളെ കുറിച്ചും വാചാലയായി. "എന്നാ ഞാനിറങ്ങുവാ.. എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണേ.." കപ്പ്‌ തിരികെയേൽപ്പിച്ച് വിഷ്ണു പോകാനായി എണീറ്റു. "അച്ഛൻ വിളിച്ച് എന്റെ കാര്യങ്ങൾ നിന്നോട് തിരക്കുവാണേൽ ഞാൻ കോളേജിൽ നന്നായിട്ട് പേടിച്ചോണ്ടിരിക്കുന്നുണ്ടെന്ന് പറയണേടാ.." "മിക്കവാറും ദാസ് മാമ എല്ലാമറിയുമ്പോ ആദ്യം തട്ടുന്നത് എന്നെയായിരിക്കും..." പിറുപിറുത്തുകൊണ്ടവൻ ഡോർ തുറന്ന് പുറത്തേക്ക് നടന്നു നീങ്ങി.... "എന്നിട്ട് നീയെപ്പഴാ ഇവിടെ വന്നിറങ്ങിയേ?" കാല് മടക്കിവച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് രേവതി ചോദിച്ചു. "ഞാൻ ഇന്നലെ നൈറ്റ്‌ മുഴുവൻ ട്രെയിനിൽ ആയിരുന്നു.. മര്യാദക്ക് ഉറങ്ങാനും പറ്റിയില്ല.. കാലത്ത് സ്റ്റേഷനിൽ വിഷ്ണു പിക് ചെയ്യാൻ വന്നു. പുറത്ത് നിന്ന് ബ്രേക്ഫാസ്റ്റ്‌ കഴിച്ച് ഞങ്ങൾ നേരെ ഇങ്ങ് പോന്നു."

"ഇനി എന്താ നിന്റെ പ്ലാൻ?" "ഈ ബാംഗ്ലൂർ മൊത്തതിൽ ഒന്ന് അരച്ച് കുടിച്ചെടുക്കണം.. എത്രനാളെന്നു വച്ചാൽ.. അച്ഛൻ കണ്ടുപിടിക്കുന്നത് വരെ.. അതിന്റെ മുൻപ് എനിക്കിവിടം മൊത്തം കണ്ട് പറന്നങ്ങനെ നടക്കണം.. അവസാനം പിടിക്കപ്പെട്ടാൽ അച്ഛന്റെ മുന്നിൽ നേരെ സറെണ്ടർ ഏതേലും ഒരുത്തന് കഴുത്ത് നീട്ടിക്കൊടുക്കുക..." "അപ്പൊ പിന്നെ എന്തിനാ ഇത്രക്ക് ഇറിറ്റേഷൻ സഹിച്ച് കല്യാണം കഴിക്കുന്നേ.. താല്പര്യം ഇല്ലെങ്കിൽ നോ എന്ന് അച്ഛനോട് അങ്ങ് പറഞ്ഞാൽ പോരെ.." "അത് പറഞ്ഞോണ്ട് ചെന്നാലും മതി.. പിന്നെ എന്നെ നിലത്തൂന്ന് പെറുക്കി എടുക്കേണ്ടി വരും.." പറഞ്ഞത് തമാശയല്ലാതിരുന്നിട്ടും എന്തോ വലിയ തമാശ പറഞ്ഞതുപോലെ അവൾ ചിരിക്കുവാൻ ശ്രമിച്ചു. "ഞാൻ സീരിയസ് ആയിട്ട് പറയുവാ അഞ്ജലീ.. എനിക്ക് നിന്റച്ഛനോട് യോജിപ്പില്ല. ഒരു കല്യാണത്തിന് ആദ്യം നോക്കേണ്ടത് പെണ്ണിന്റെ സമ്മതമാണ്.. ഇത് രണ്ടായിരത്തി ഇരുപത്തൊന്നാ എന്നിട്ടും..." അറപ്പുളവാക്കുന്ന എന്തോ ഒരു വസ്തു നേരിൽ കണ്ട പ്രതീതിയിൽ രേവതി ചുണ്ടുകൾ കോട്ടി.. "ശരിയാടാ.. എന്തായാലും ഈ ടോപിക് നീയിവിടെ വിട്ടേ.. ഇനി കുറച്ചു നാളുകൾ എനിക്ക് അടിച്ചു പൊളിച്ചു നടക്കണം.. പിന്നീട് അതിനൊന്നും പറ്റിയെന്നു വരില്ല..." അത് പറയുമ്പോ കണ്ണിൻതുമ്പത്ത് ഒരു നേർത്ത വെള്ളത്തുള്ളി മൊട്ടിട്ടു.. 🥀🌺🥀🌺🥀🌺🥀🌺🥀🌺

'ഇടതൂർന്നു പെയ്യും മഴപോൽ.. ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ.. നിന്നിലലിയാൻ മാത്രം ഞാൻ.. പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം..' ഡ്രസ്സ്‌ ഒക്കെ അടുക്കിവെക്കലും കിച്ചൻ പരിചയപ്പെടലും കത്തികളുമൊക്കെയായി അന്നത്തെ ദിവസം രാത്രി ഏകദേശം പത്തുമണി ആകാറായി. ബാത്‌റൂമിൽ നിന്നും കുളികഴിഞ്ഞിറങ്ങിയപാടെ പെണ്ണിന്റെ കാതിൽ വലിയ ശബ്ദത്തിൽ പതിച്ചുകൊണ്ടിരുന്നത് ഈ പാട്ടാണ്... "ഇതെവിടുന്നാ.. ആരാ ഈ രാത്രി ഇത്രേം ശബ്ദത്തിൽ പാട്ട് വച്ചേക്കുന്നെ?" ഏറ്റവും ഇഷ്ടപെട്ട പാട്ടായിരുന്നെങ്കിലും അല്പം അലോസരത്തോടെ ചോദിച്ചു.. "അതാ A 10 ൽ ബോയ്സ് എല്ലാവരും കൂടെ കുടിച്ചിട്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാ.. എന്നും രാത്രി ഇത് പതിവാ ഇവിടെ.. സാധാരണ ഡബ്ബാങ്കൂത്ത് സ്റ്റൈൽ പാട്ടുകളാണ്. ഇന്നെന്തു പറ്റിയോ ആവോ.. ചിലപ്പോ കൂട്ടത്തിൽ ഏതവനെങ്കിലും വല്ല തേപ്പും കിട്ടിക്കാണും..."

കിച്ചനിൽ നിന്നും രേവതി ഉറക്കെ വിളിച്ചു പറഞ്ഞു. "അപ്പോ ദിവസവും രാത്രി ഇതാണോ ഇവിടെ? എന്നിട്ടാരും ഇതുവരെ കംപ്ലയിന്റ് പോലും ചെയ്തില്ലേ?" രേവതിയുടെ അടുത്തേക്ക് ചെന്നു ചോദിക്കുമ്പോൾ കാടായിയിൽ പൊരിച്ചുകൊണ്ടിരുന്ന ചിക്കന്റെ ഗന്ധം മൂക്കിലേക്ക് നുഴഞ്ഞു കയറി. "ആ A 13 ഇൽ ഉള്ളവര് ഒരിക്കൽ അവന്മാരെ പുറത്താക്കണമെന്ന് ഓണറോട് കംപ്ലയിന്റ് ചെയ്തപ്പോ അവരെ പുറത്താക്കാൻ പറ്റില്ല വേണമെങ്കിൽ നിങ്ങൾക്ക് വേറെ വീട് നോക്കി പോകാമെന്നാ അയാൾ പറഞ്ഞെ.. അയാൾക്കും അവന്മാരെ നല്ല പേടിയാ.." "അവരെന്ന് പറയുമ്പോ അവിടെ എത്രപേരുണ്ട്?" "അവിടെ ഒരുത്തനേ താമസിക്കുന്നുള്ളു.. ഹരി നന്ദൻ എന്നാണ് പേര്. കാണാനൊരു മെനയൊക്കെയുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം രാത്രി ഫ്രണ്ട്സിനെയെല്ലാവരെയും വിളിച്ചുകൊണ്ടു വെള്ളമടി, ഡബ്ബാങ്കൂത്ത്, വാളുവെക്കൽ, ഒക്കെയാണ് പുള്ളിയുടെ ഡെയിലി റൂട്ടീൻ.." കുക്കിംഗിൽ ശ്രദ്ധ കേന്ത്രീകരിച്ചുകൊണ്ട് രേവതി തുടർന്നുകൊണ്ടിരുന്നു.

"ഇത് വല്ലാത്ത ഇറിറ്റേഷൻ ആവുന്നു രേവൂ.. ഞാനിപ്പോ വരാം.." "നീയിതെവിടെ പോകുവാ..? വെറുതേ അവന്മാരുമായിട്ട് വഴക്കിനൊന്നും പോകണ്ടാട്ടോ.." ഇത്തിരി ദേഷ്യത്തോടെയവൾ ഡോർ തുറന്ന് എതിർവശത്തെ റൂം നമ്പർ ലക്ഷ്യമാക്കി നടന്നപ്പോൾ പിന്നിൽ നിന്നും രേവതി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. റൂം നമ്പർ A 10 ന്റെ മുന്നിൽ ചെന്നുനിന്ന് ബെൽ അടിച്ചു.. കുറച്ചു നേരം കാത്തു നിന്നിട്ടും ആരും ഡോർ തുറക്കത്തായപ്പോൾ ദേഷ്യത്തോടെ പിന്നെയും കാളിങ് ബെല്ലിൽ അമർത്തുവാൻ തുടങ്ങി.. "നീ ഇങ്ങ് വന്നേ അഞ്ജലീ.." തന്റെ റൂമിൽ നിന്നും രേവതി വിളിച്ചുകൊണ്ടിരുന്നെങ്കിലും അഞ്ജലി അത് വക വച്ചില്ല. പെട്ടന്ന് ഡോർ തുറക്കപ്പെട്ടു.. റൂമിനുള്ളിൽ നിന്നും സിഗരറ്റിന്റെ നേർത്ത പുക പുറത്തേക്ക് വരാൻ തുടങ്ങി.. മുഖത്തേക്ക് പതിക്കുവാൻ ശ്രമിക്കുന്ന പുകയെ കൈകൊണ്ട് ഇളക്കിമാറ്റിക്കൊണ്ടവൾ ഉള്ളിലേക്ക് ചെന്നു.

ഡൈനിങ് ഹാളിലെ ഒരു വട്ട മേശയിൽ ഒരുത്തൻ ഇരുന്ന് നല്ല തീറ്റയാണ്. ഒരു മൂലയിലെ സോഫയിൽ രണ്ടുപേർ ചിയേർസ് പറഞ്ഞു ഒന്നാകത്താക്കി. അതിലൊരുത്തന്റെ മുഖം വ്യക്തമായില്ല. സ്പീക്കറിൽ പാട്ടുറക്കെ വച്ചുകൊണ്ട് പാമ്പായി കിടക്കുന്ന മൂന്നാലു പേർ ഇഴഞ്ഞു കളിക്കുന്നു.. രണ്ട് മൂന്ന് പേരെ കിച്ചണിലും കാണാം.. "ഈ പാട്ടൊന്നു ഓഫ്‌ ചെയ്യാവോ...?" ഒന്ന് രണ്ട് തവണ പറഞ്ഞു നോക്കിയിട്ടും ശ്രമം വിജയിച്ചില്ല എന്ന് മാത്രമല്ല അവരവളെ ഒന്ന് വക വെക്കുക പോലും ചെയ്തില്ല.. അതുകൊണ്ടാണവൾ ദേഷ്യത്തോടെ ചെന്ന് മ്യൂസിക് പ്ലേയറിന്റെ പ്ലഗ് ഊരിയെടുത്തത്. തുള്ളിക്കൊണ്ടിരുന്നവർ തങ്ങളുടെ ഡാൻസ് അലങ്കോലമാക്കിയവളെ കണ്ണുരുട്ടി നോക്കി.. "നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾക്കൊക്കെ കേൾക്കാൻ പാകത്തിന് വെച്ചാൽ പോരെ.. നാട് മുഴുവൻ കേൾപ്പിക്കണോ. അപ്പുറത്തെ റൂമിനെ ആൾക്കാർക്കും ഇവിടെ താമസിക്കണ്ടേ..." ചുണ്ട് കൂർപ്പിച്ചുവെച്ചുകൊണ്ട് ഉറക്കെ അവൾ പറഞ്ഞു. "നീ ഏതാടീ.. എന്ത് ധൈര്യത്തിലാ നീ...."

ഏതോ ഒരുത്തൻ ദേഷ്യത്തോടെ അവൾക്കരികിലേക്ക് നടന്നു നീങ്ങുന്നതിന് മുന്നേ മറ്റൊരുത്തൻ അവനെ വിലക്കി.. "ഡെയ്.. പെൺപിള്ളേരോട് മര്യാദക്ക് സംസാരിക്കടെയ്.." അവൾ നോക്കിയപ്പോൾ അത് നേരത്തെ മദ്യപിച്ചുകൊണ്ടിരുന്ന മുഖം വ്യക്തമല്ലാഞ്ഞ ആ ആളായിരുന്നു. രേവതി പറഞ്ഞതനുസരിച്ച് ഇവനാവും ഈ റൂമിൽ താമസിക്കുന്നവനെന്ന് ഒറ്റനോട്ടത്തിലെ അവൾക്ക് മനസ്സിലായി. ഹരി നന്ദൻ.. ഒരുപാട് മദ്യപിച്ചതിനാൽ അവന്റെ സംസാരം ഉറക്കെയായിരുന്നെങ്കിലും ഒന്നും വ്യക്തമല്ലായിരുന്നു.. എഴുന്നേൽക്കുമ്പോൾ വീഴാതിരിക്കുവാനായി അടുത്തിരുന്ന ഒരുത്തന്റെ കയ്യിൽ പിടിച്ച് നന്ദൻ മെല്ലെ എഴുന്നേറ്റു.. പതുക്കെ പതുക്കെ അവൾക്കരികിലേക്ക് നടന്നു ചെല്ലുമ്പോഴും അവന്റെ ഓരോ ചുവടുകളും ഇടറുന്നുണ്ടായിരുന്നു. അവൻ അടുത്തേക്ക് വരും തോറും മദ്യത്തിന്റെ ഗന്ധം കൂടിക്കൂടിവരുന്നുണ്ടായിരുന്നു.

"കുട്ടി പൊയ്ക്കോളൂ.. മേലിൽ ഇങ്ങനെ ഉണ്ടാ....വാതിരിക്കാൻ ശ്രദ്ധിക്കാം...." നന്ദന്റെ വായിൽ നിന്നും മദ്യത്തിന്റെ ഗന്ധം അലയടിച്ചപ്പോൾ അവൾ പെട്ടന്ന് തന്നെ മുഖം തിരിച്ചു. കൂടുതലൊന്നും പറയാൻ നിക്കാതെ അവൾ വേഗം ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയി... തിരിച്ചു മുറിയിലെത്തി ആശ്വാസത്തോടെ ബെഡിൽ പോയി കിടന്നപ്പോൾ രേവതി പോയിട്ടെന്താണ് നടന്നതെന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരു കളി ജയിച്ച മട്ടിൽ ചിരിച്ചു കാണിക്കുകയല്ലാതെ ഒന്നും കാര്യമായി പറഞ്ഞില്ലായിരുന്നു. "ആ റൂമിൽ താമസിക്കുന്നവനില്ലേ.. ഹരി നന്ദൻ.. അയാൾ അത്രക്ക് മോശമൊന്നുമല്ല..." ഇളിച്ചുകൊണ്ട് പറഞ്ഞു മുഖം പൊത്തി. "ങ്ങേ.. അവിടെ പോയിട്ട് വന്നപ്പോഴേക്കും നിനക്കെന്ത് പറ്റി?" രേവതി ആശ്ചര്യത്തോടെ ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം പറഞ്ഞു കൊടുത്തു.

പക്ഷെ പെട്ടന്നാണ് ആ റൂമിൽ നിന്നും പാട്ട് പിന്നെയും കേട്ട് തുടങ്ങിയത്.. ഒരു നിമിഷം രേവതിയെ നോക്കി നിന്ന ശേഷം ദേഷ്യത്തോടെയവൾ പിന്നെയും ആ റൂമിലേക്ക് ചെന്നു. ആദ്യം ചെന്നപ്പോ കണ്ട അതേ കാഴ്ചകൾ തന്നെയായിരുന്നു ഇപ്പോഴും കണ്ടത്.. നേരത്തെ തന്നോട് മാന്യമായി സംസാരിച്ച അതേ അവൻ തന്നെ മദ്യപിച്ചുകൊണ്ട് അവിടെ പാട്ട് ആസ്വദിക്കുന്നത് കണ്ടപ്പോ പെണ്ണിന്റെ ദേഷ്യം ഒന്നുകൂടെ ഇരട്ടിച്ചു. അർദ്ധബോധത്തിൽ അവന്റെ കണ്ണുകൾ തന്നേ കോപത്തോടെ നോക്കി നിൽക്കുന്ന പെണ്ണിൽ ചെന്നുടക്കി.. പ്ലേയറിൽ നിന്നും പാട്ട് തുടർന്നുകൊണ്ടിരുന്നു... 'കരളിതിൽ നീയെഴുതുകയായ് പുതിയൊരു കാവ്യം.. വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം..' ഒരു ചോദ്യത്തിനോ ഉത്തരത്തിനോ കാക്കാതെ അരിശത്തോടെ അവൾ നേരെ ചെന്ന് ടേബിളിൽ വച്ചിരിക്കുന്ന മ്യൂസിക് പ്ലേയർ എടുത്ത് ചുവരിലേക്ക് ഒരൊറ്റയേറ് വച്ചുകൊടുത്തു.. സ്പീക്കറിലെ പാട്ട് നിന്നു.. അവിടെയുള്ളവരെല്ലാവരും നിശ്ചലരായി ചാടിയെഴുന്നേറ്റു... പക്ഷെ അപ്പോഴും അവൻ മാത്രം യാതൊരു സങ്കോചിവുമില്ലാതെ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു.. (തുടരും..)

Share this story