പ്രണയ സ്വകാര്യം: ഭാഗം 10

pranaya swakaryam

രചന: ആദിത്യൻ മേനോൻ

'അഞ്ജലീ... നിന്റെ നാത്തൂൻ വേറെ പാട്ടൊന്നും പാടീലെ?' വിഷ്ണുവിന്റെ മെസേജ് ആയിരുന്നു.. 'ഡാ.. ഡാ.. ഡാ.. നിന്റെ എൻഗേജ്മെന്റിന്റെ വക്ക് വരെ ഞാനെത്തിച്ചില്ലെടാ..?' 'അതേതായാലും നന്നായി... ആ പേരും പറഞ്ഞ് നിന്റെ ജീബേട്ടൻ നിനക്ക് മെസേജ് അയച്ച പോലെ ഞാനും അവൾക്ക് മെസേജ് അയച്ചിരുന്നു...' 'എന്നിട്ടവൾ എന്നോട് ഇതൊന്നും പറഞ്ഞില്ലല്ലോ?' വിഷ്ണു പേർസണൽ മെസേജ് അയച്ച കാര്യം നീരു ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു. ഇവിടെത്തെ ഭാഗം കേട്ട് കഴിഞ്ഞിട്ട് അവളെ അലക്കാൻ ചെല്ലാമെന്ന് തീരുമാനിച്ചു. 'അത് പോട്ടെ.. നിങ്ങളെന്താ സംസാരിച്ചേ..' വീണ്ടും മെസേജ് അയച്ചു ചോദിച്ചു. 'അവളുടെ ഫോട്ടോ ഞാൻ കണ്ടു.. ആള് കുഴപ്പമില്ല.. പിന്നെ പാട്ടും ഇഷ്ടമായി.. അപ്പൊ ഞാൻ കണ്ണും പൂട്ടി അങ്ങ് പ്രൊപോസ് ചെയ്ത്..' വിഷ്ണു പറഞ്ഞത് കേട്ട് വാ പൊളിച്ചു നിന്നു പോയി. 'എന്നിട്ട്???' മെസേജ് ടൈപ് ചെയ്യുമ്പോൾ ആകാംഷയേറി. 'ഞാൻ ഇത്രയേ പറഞ്ഞുള്ളു.. വീട്ടിലേക്ക് ഒരു മാര്യേജ് പ്രൊപോസലുമായിട്ട് വന്നാൽ കുഴപ്പമുണ്ടോ എന്ന്..

അപ്പൊ അവൾ പറഞ്ഞു കുഴപ്പം ഒന്നും ഇല്ലന്നും വന്നോളൂന്നും.. അവൾക്കെന്നെ ഇഷ്ടപ്പെട്ടോ എന്നറിയില്ല. പക്ഷെ ഇഷ്ടക്കേടൊന്നുമില്ലാന്ന് തോന്നുന്നു.. നീ കൂടെ ഒന്ന് ചോദിച്ച് ഉറപ്പാക്കിയാൽ അച്ഛനേം അമ്മേം ദാസ് മാമയെയും ഒക്കെ കൂട്ടീട്ട് നമുക്കൊന്ന്....' 'ഡെയ്... ഇവിടെ പന പോലെ ഒരു ചേച്ചി നിൽക്കുന്നത് കണ്ടില്ലേ..' 'ചേച്ചീടെ കല്യാണവും കഴിഞ്ഞ് ഒരു കുട്ടിയും ആകാറായില്ലേ.. പിന്നെ ഞാൻ കെട്ടുന്നതിൽ എന്താ കുഴപ്പം...' വിഷ്ണു ചോദിച്ചു. ഇവനെയൊക്കെ വെടി വച്ചു കൊല്ലണം. 'നിർത്തിയങ് അപമാനിക്കുവാണല്ലേ.. എന്തായാലും നിന്റെ കാര്യം കൊള്ളാം.. നിനക്ക് നീരു.. എനിക്ക് നീരുവിന്റെ ഏട്ടൻ... ഹമ്മേ...' മെസേജിനൊപ്പം നാണത്തോടെ മുഖം പൊത്തുന്ന ഇമോജികളും അയച്ചു. 'ങേ.. അപ്പൊ ജീബേട്ടന്റെ കാര്യവും സീരിയസ് ആയോ?' 'അത്.. ചെറുതായിട്ട് കത്തുന്നുണ്ട്.. ഉടനെ ആലിക്കത്തുമെന്ന് തോന്നുന്നു..' 'കത്തലിന്റെ കാര്യം പറഞ്ഞപ്പഴാ.. അഞ്ജലീ.. നീരു അങ്ങോട്ട് വന്നാ നിന്റെ കിളികളെല്ലാം പറത്തിക്കുന്ന ഒരു സർപ്രൈസ് ഉണ്ട് നിനക്കും നിന്റെ ജീബേട്ടനും..' വിഷ്ണുവിന്റെ മെസേജ് കണ്ടപ്പോ ടെൻഷൻ കൂടാൻ തുടങ്ങി.

നാത്തൂൻ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല.. വിഷ്ണു പറഞ്ഞപ്പോ ഒന്നൂടെ വിറക്കാൻ തുടങ്ങി.. ഇനി അവൾ ജീബേട്ടന്റെ മാര്യേജ് പ്രൊപോസലും ആയിട്ട് വരുമോ എന്നായി ചിന്ത.. എന്തൊക്കെയോ ഓർത്തുകൊണ്ട് നീരുവിന്റെ ഐബിയുടെ ഡോർ കൊട്ടി... 'നാത്തൂനെ.. ഞാൻ നിന്നോട് കൂട്ടില്ല.. നീ വിഷ്ണു മെസേജ് അയച്ച കാര്യം എന്നോട് പറഞ്ഞില്ല... അല്ലേലും നിന്റെ പേർസണൽ കാര്യം പറയാൻ നമ്മളാരാ ല്ലേ?' തമാശയിൽ കരഞ്ഞുകൊണ്ട് പറഞ്ഞു. 'നാത്തൂനേ... വിച്ചേട്ടൻ പ്രൊപോസൽ ആയിട്ട് വരട്ടെ എന്ന് ചോദിച്ചപ്പോ ഞാൻ വരാൻ പറഞ്ഞു.. അതല്ലാതെ ഞങ്ങൾ റിലേഷനിലേക്കൊന്നും എത്തിയിട്ടില്ല നാത്തൂനേ... എന്നാലും നീ അങ്ങനെ പറഞ്ഞത് നീരുമോൾക്ക് വിഷമായി..' നീരു പറഞ്ഞു.. 'അത് പിന്നെ നാത്തൂനേ.. പെട്ടന്ന് കേട്ടപ്പോ.... സ്റ്റിൽ ഐ ഡബ്ലിയൂ നാത്തൂനേ...' 'ഓക്കേ നാത്തൂനേ.. ഐ ഡബ്ലിയു ടൂ...' 🌺🥀🌺🥀🌺🥀🌺🥀🌺🥀

"ഒരു കത്തി തന്നാൽ നിനക്കെന്നെ അങ്ങ് കുത്തി കൊന്നൂടെ രേവൂ..." സമയം രാത്രി ആയിരുന്നു. ഇനി നന്ദനൊപ്പം ഫ്ലാറ്റിലോട്ട് പോണം.. സമയം അടുക്കും തോറും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. "എടീ.. ഒന്ന് അഡ്ജസ്റ്റ് ചെയ്യെടീ എനിക്ക് വേണ്ടിയല്ലേ..." രേവതി വിശാദഭാവത്തോടെ പറഞ്ഞു. "ഉവ്വ.. നിങ്ങൾക്കിന്ന് ആദ്യരാത്രി ആവുമല്ലേ.. എന്നാൽ അവിടെ ഒന്നുകിൽ എന്റെയോ അല്ലെങ്കിൽ ആ നന്ദന്റെയോ അവസാനത്തെ രാത്രിയാണ് ഇന്ന്..." വലിയൊരു ദുരന്തം നേരിൽ കണ്ടുകൊണ്ട് അഞ്ജലി പറഞ്ഞു. "ഡേയ്.. അപാർട്മെന്റ് മൊത്തം തലകീഴായി മറിച്ചിടരുതേ..." കോമഡിയൊക്കെ കേട്ടിട്ടും ദേഷ്യം ആണ് വന്നത്.. "അപ്പൊ നിങ്ങൾ പോകുവല്ലേ..." അഭിയേട്ടൻ വന്നിട്ട് പറഞ്ഞു. അടുത്തായി നന്ദനും ഉണ്ട്.. അയ്യടാ.. ഞങ്ങളെ പുറത്താക്കാൻ എന്താ ഉത്സാഹം.. "ഡേയ് രേവൂ.. ഞാനെങ്ങാനും നാളെ രാവിലെ ചത്തു കിടക്കുവാണേൽ രണ്ട് കമിതാക്കളെ ഒന്നിപ്പിക്കാൻ വേണ്ടി ജീവൻ ഭലിയർപ്പിച്ച ധീര വനിത എന്ന രീതിയിലെ ന്യൂസ്‌ പോകാവൂ കേട്ടല്ലോ.." സങ്കടം മുഖത്ത് കാണിച്ചുകൊണ്ട് പറഞ്ഞു.

"അയ്യേ.. തീരെ നിലവാരമില്ലാത്ത കോമഡി.." നന്ദൻ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു. "അത് ഞാൻ തന്റെ നിലവാരത്തിനനുസരിച്ച് പറഞ്ഞതോണ്ടാ..." വിട്ടുകൊടുക്കുവാൻ തയാറായില്ല. "രണ്ടും ഒന്ന് നിർത്തുന്നുണ്ടോ? നിങ്ങളിതൊക്കെ ഇനി റൂമിൽ ചെന്നിട്ട് ആയിക്കോ..." അഭിയേട്ടൻ പിന്നെയും ആവർത്തിച്ചു. രണ്ടുപേരും അഭിയേട്ടനെ ഒന്ന് അടിമുടി നോക്കി പല്ലിറുക്കിയിട്ട് ഹാളിലെത്തി. ഹാളിലെത്തിയപ്പോൾ കണ്ടത് നന്ദന്റെ മൂന്നാലു വലിയ ബാഗുകൾ ആയിരുന്നു. കണ്ടതും തല കറങ്ങുന്നതായി തോന്നി. "താനെന്താടോ വീടുപേക്ഷിച്ച് ഇറങ്ങിയതാണോ?" ദേഷ്യത്തോടെ നന്ദനെ നോക്കി ചോദിച്ചു. "ഞാനല്ലെടീ ഊളെ എന്റെ സാധനങ്ങൾ എടുത്ത് വച്ചത്.. ദേ നിക്കുന്ന നിന്റെ ഫ്രണ്ടും എന്റെ ഫ്രണ്ടും കൂടിയാ..." നന്ദൻ ചൂടിക്കാണിച്ചപ്പോൾ രേവതിയും അഭിയേട്ടനും ചിരിക്കാനും കരയാനും വയ്യാത്ത അവസ്ഥയിൽ നിന്നു. എറിയാൻ കയ്യിലൊന്നും കിട്ടിയില്ല.. ഇല്ലെങ്കിൽ രണ്ടിന്റേം തല എറിഞ്ഞു പൊളിച്ചേനെ... "എടാ അത് പിന്നെ.. ഇവളുടെ അച്ഛൻ എപ്പഴാ വരുന്നേ എന്നറിയില്ലല്ലോ.." ഇളിച്ചുകൊണ്ട് അഭിയേട്ടൻ പറഞ്ഞു.

"കൊറോണ കാരണം വേറെ വീടൊന്നും നോക്കാൻ പറ്റാണ്ടായിപ്പോയി. അല്ലേൽ ഇവളുടെ കൂടെയൊന്നും നിക്കേണ്ടി വരില്ലായിരുന്നു.." നന്ദൻ പിറുപിറുത്തു. "ആടോ.. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെയാ തന്റെ ഫ്ലാറ്റിൽ ഞാൻ കഷ്ടപ്പെട്ട് താമസിക്കുന്നതും..." ദേഷ്യത്തോടെ പെണ്ണ് തിരിച്ചു പറഞ്ഞു. "മതി മതി മതി.. രണ്ടും വേം ചെല്ല്..." അഭിയേട്ടൻ രണ്ടുപേരുടെയും തോളത്ത് പിടിച്ച് ഗെറ്റ് ഔട്ട്‌ അടിക്കാൻ ശ്രമിച്ചു.. "രേവൂ.. നിന്റച്ഛൻ ഈ അടുത്ത കാലത്ത് വല്ലോം എത്തുമോ ഡീ?" പുറത്തേക്ക് നടക്കുമ്പോ രേവതിയോട് വിളിച്ചു ചോദിച്ചു.. "അതിൽ എനിക്ക് ഒരു ഉറപ്പും പറയാൻ പറ്റില്ലെടീ.." രേവുവിന്റെ മറുപടി കേട്ട് കൃതാർഥയായി.. ദിവസങ്ങൾ കൂടും തോറും ഒരു കൊലക്കുള്ള ചാൻസും കൂടിക്കൂടി വരും... അഭിയേട്ടൻ ഫ്ലാറ്റിന്റെ ഡോറിന് മുന്നിൽ വരെ ഉന്തിത്തള്ളി കൊണ്ടിട്ടു.. പരസ്പരം നോക്കി പല്ല് മുറുക്കിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി.. നന്ദൻ ലഗ്ഗേജ്‌ ഇറക്കിവെക്കുവാൻ പാട് പെടുന്നുണ്ടായിരുന്നു പക്ഷെ ആ ഭാഗത്തേക്കേ തിരിഞ്ഞു നോക്കിയില്ല.. നേരെ ടീവിക്ക്‌ മുന്നിൽ പോയിരുന്നു..

നോക്കിയപ്പോൾ ടീവിയിൽ ദേ അയ്യപ്പനും കോശിയും ആണ് സിനിമ.. ആ ബെസ്റ്റ്.. സിറ്റുവേഷന് ചേർന്ന സിനിമ.. ഹരി നന്ദൻ എന്തൊക്കെയോ അടുക്കി വെക്കുന്ന തിരക്കിൽ ആയിരുന്നെങ്കിലും ഇടയ്ക്കിടെ അവന്റെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കുക മാത്രം ചെയ്തുകൊണ്ട് സിനിമയും കണ്ടോണ്ടിരുന്നു. ഇടക്കിടക്ക് അങ്ങേരുടെ കണ്ണും അവളിലേക്കെത്തുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് വിഷ്ണു പറഞ്ഞ നീരുവിന്റെ സർപ്രൈസ് മനസ്സിനെ അലട്ടിത്തുടങ്ങിയത്.. ഇനി നീരു ജീബേട്ടനെയും വീട്ടുകാരെയും ഒക്കെ കൂട്ടി ഇങ്ങോട്ട് വരുമോ? വന്നാൽ തന്നേ ഇവിടെ നന്ദനെ കണ്ടാൽ അവരെന്തു കരുതും? എല്ലാം ജീബേട്ടനോട് ആദ്യമേ പറഞ്ഞാലോ? അപ്പൊ പിന്നെ ജീബേട്ടൻ ഇവിടെ വന്ന് നന്ദനെ കണ്ടാലും കുഴപ്പമില്ലല്ലോ.... പിന്നെയൊന്നും ആലോചിച്ചില്ല.. നേരെ ജീബേട്ടന് മെസേജ് അയക്കാൻ ചെന്നു.. ജീബേട്ടൻ ഓൺലൈനിൽ ഇല്ലായിരുന്നു... 'ജീബേട്ടാ.. നിക്കൊരു കാര്യം പറയാനുണ്ട്..' നന്ദന്റെ മൊബൈലിൽ നോട്ടിഫിക്കേഷൻ റിങ് ചെയ്യുന്നത് കണ്ടു.. നീണ്ട ഒരു നോട്ടിഫിക്കേഷൻ...

"എടൊ.. എന്തിനാടോ ഇത്രേം ഒച്ചയുള്ള നോട്ടിഫിക്കേഷൻ...?" ദേഷ്യത്തോടെ നന്ദനെ നോക്കി. "അയിന് നിനക്കെന്താ? ഇതേ ഞാൻ കെട്ടാൻ പെണ്ണിന്റെയാ.." "അതിന് ഞാൻ എന്തിന് ഈ നോട്ടിഫിക്കേഷന്റെ സൗണ്ട് സഹിക്കണം..?" "സൈലന്റ് ആക്കി.. പോരെ... എന്തൊരു ഉപദ്രവമാണ് ഇത്..." നന്ദൻ ദേഷ്യത്തോടെ പറഞ്ഞിട്ട് മൊബൈൽ സൈലന്റ് ആക്കി. അവനിൽ നിന്നും മുഖം തിരിച്ചുകൊണ്ട് ജീബേട്ടന് മെസേജ് ടൈപ് ചെയ്യുവാൻ തുടങ്ങി. തന്റെ ദുർഗപ്പെണ്ണിന് പറയാനുള്ളത് കേൾക്കാൻ കാത്തോർത്ത് അവൾക്കരികിൽ നന്ദനും ഉണ്ടായിരുന്നു... ദുർഗയുടെ മെസേജ് ഒരുപാട് സമയമെടുക്കുന്നത് കണ്ടപ്പോ എന്തോ വലിയ മെസേജ് ആണെന്ന് നന്ദന് മനസ്സിലായിരുന്നു.. അതുകൊണ്ട് തന്നെ മെസേജുകൾ കാത്തിരുന്നവന്റെ കണ്ണുകൾ ടീവിയിലേക്ക് നീണ്ടു.. ടീവിയിൽ അയ്യപ്പനും കോശിയും തമ്മിലുള്ള അടിയുടെ ഭാഗമായിരുന്നു. "അവളെ... അല്ല... അവനെ അങ്ങ് തലക്കടിച്ചു കൊല്ല്.." അർത്ഥം വച്ചുകൊണ്ട് ടീവിയിലേക്ക് നോക്കി നന്ദൻ പറഞ്ഞപ്പോൾ പെണ്ണൊന്നു പല്ല് മുറുക്കിക്കൊണ്ട് അവനെ തിരിഞ്ഞു നോക്കി.

ശേഷം കേൾക്കാത്ത മട്ടിൽ ജീബേട്ടന് മെസേജ് ചെയ്യുന്നത് തുടർന്നു. നന്ദൻ വെള്ളം കുടിക്കുവാനായി അവളിരുന്നതിന് പിന്നാലെയുള്ള ടേബിളിൽ വച്ച ജഗ്ഗ്‌ എടുത്തു. അവൾക്ക് തൊട്ട് പിന്നിലായിരുന്നു അവൻ. പതിയെ കണ്ണുകൾ അവളുടെ മൊബൈൽ സ്ക്രീനിലേക്കെത്തിയതും പെണ്ണ് മെസേജ് സെൻറ് ചെയ്ത് മൊബൈൽ സോഫയിൽ വച്ചതും ഒരുമിച്ചായിരുന്നു.. അപ്പോഴാണ് നന്ദൻ കാത്തിരുന്ന അവന്റെ ദുർഗയുടെ മെസേജ് മൊബൈലിലേക്കെത്തിയത്.... 'ജീബേട്ടാ... ഞാനിവിടെ അമൃത അപാർട്മെന്റിൽ എന്റെയൊരു ഫ്രണ്ടിന്റെ കൂടെയാണ് താമസം. ഇതിന്റെ ഓണർ ഒരു ഊളയാണ്.. അവനെയെനിക്ക് കണ്ണെടുത്താൽ കണ്ടൂടാ.. ഞങ്ങൾ രണ്ടാളും കീരിയും പാമ്പും പോലെയാണ്. പക്ഷെ ഞാനൊരു വലിയ പണി കിട്ടിയ കാര്യം പറഞ്ഞില്ലേ.. അതെന്താണെന്ന് വച്ചാൽ.....' ഇങ്ങനെ തുടങ്ങുന്ന മെസേജ് വായിക്കവേ നന്ദന്റെ ഉള്ളിൽ ഒരു നടുക്കമുണ്ടായി. കയ്യിലുള്ള ജഗ്ഗ് മെല്ലെ മുന്നിലിരുന്ന പെണ്ണിന്റെ തലയിലേക്ക് വീണു.. പ്ലാസ്റ്റിക് ജഗ് ആയിരുന്നതിനാൽ പരിക്കുകളൊന്നുമില്ലായിരുന്നു പക്ഷെ അതിലെ വെള്ളം മറിഞ്ഞ് പെണ്ണിന്റെ ദേഹം ഈറനണിഞ്ഞു....

അവന്റെ പല്ലുകൾ കൂട്ടിവിറക്കുവാൻ തുടങ്ങി.. ശരീരമാകെ ഒരു മരവിപ്പ്... കാറ്റത്ത് പറന്നു പോകുന്ന ഒരു പട്ടമാണ് താനെന്ന് ഒരു നിമിഷം അവനു തോന്നി..... "എടൊ... തനിക്കെന്തിന്റെ സൂക്കേടാഡോ.. വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ... തന്നെ ഞാനിപ്പോ തന്നെ ശരിയാക്കിത്തരാം...." പെണ്ണ് ദേഷ്യത്തോടെ ചാടിയെണീറ്റ് അവന്റെ നേരെ തിരിഞ്ഞു. പക്ഷെ തലയിലേക്ക് വെള്ളം വീഴ്ത്തിയിട്ട് ഇഞ്ചി കടിച്ചവനെ പോലെ കിളി പോയി വാ പൊളിച്ചു നിന്നവന്റെ മുഖത്തിന് ഒരു ഭാവവ്യത്യാസവും വന്നില്ല... "താനെന്താടോ എന്നെ ഇങ്ങനെ അണ്ടിപോയ അണ്ണാനെ പോലെ നോക്കുന്നത്? എന്റെ ദേഹത്താകെ വെള്ളമാക്കി. തന്റെ നാവെറങ്ങിപ്പോയോ?" അവൾ പിന്നെയും ചോദിച്ചു.. പക്ഷെ ഭാവഭേദങ്ങളൊന്നുമില്ലാതെ അവളെ ഞെട്ടിച്ചുകൊണ്ടവൻ മെല്ലെ പിന്നിലേക്ക് മറിഞ്ഞു വീണു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story