പ്രണയ സ്വകാര്യം: ഭാഗം 12

pranaya swakaryam

രചന: ആദിത്യൻ മേനോൻ

 പെട്ടന്ന് നന്ദന്റെ കൈകൾ അവളുടേതിൽ നിന്നും അഴഞ്ഞു വന്നു.. കണ്ണു തുറന്നു നോക്കിയില്ലെങ്കിലും അവന്റെ ശ്വാസം മുഖത്ത് തത്തിക്കളിക്കുന്നുണ്ടായിരുന്നു. അവന്റെ ബലിഷ്ടമായ കൈകൾ ഞെരിച്ചമർത്തിയതിനാലാവണം ചെറുത്തു നിൽക്കുവാൻ കൈ പൊക്കാനായില്ല.. കണ്ണുകൾ തുറക്കുവാൻ പേടി തോന്നി.. നിമിഷങ്ങൾ കടന്നു പോയിട്ടും ഒരു പ്രതികരണവും നന്ദനിൽ നിന്നും ഇല്ലാഞ്ഞത് കണ്ടാണ് പതിയെ കണ്ണുകൾ തുറന്നു നോക്കിയത്. എന്നാൽ തൊട്ട് മുൻപിൽ നന്ദനില്ലായിരുന്നു.. ചുറ്റിനും നോക്കിയിട്ടും നന്ദനെ കണ്ടില്ല.. കൊതിപ്പിച്ചിട്ട്‌ കടന്നു കളയുക എന്ന് കെട്ടിട്ടല്ലേ ഉള്ളു.. ദേ കണ്ടോളൂ.. മുഖത്താകേ ഒരു ചമ്മല് പരന്നു.. ശേ.. ആകെ നാണം കെട്ട്... "ഛെ..." ചമ്മിയതിന്റെ ആത്മഗതം ഇത്തിരി ഉറക്കെ ആയിപ്പോയി.... "ആഹാ.. മോള് സ്വപ്നലോകത്ത് നിന്നും എണീറ്റോ?

നിന്റെ പിടച്ചില് കണ്ടിട്ട് നീ വല്ല ലിപ്‌ലോക്കും സ്വപ്നം കണ്ടിട്ടുണ്ടെന്ന് തോന്നുന്നല്ലോ.." പരിഹാസത്തോടെയുള്ള നന്ദന്റെ ശബ്‌ദം ഹാളിൽ നിന്നുമെത്തി.. "താൻ പോടോ.." ദേഷ്യത്തിൽ പിറുപിറുക്കുമ്പോഴും ചുറ്റുമുണ്ടായിരുന്ന ഇരുട്ട് പെണ്ണിനെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടാവണം വാക്കുകൾ പയ്യെ വിക്കിപ്പോയത്. അത് മനസ്സിലാക്കിയാവണം മറ്റൊരു തമാശ നന്ദന്റെ മനസ്സിലുദിച്ചത്.. "എടൊ.. ആ മുറിയിൽ ഒറ്റക്കിരിക്കണ്ട.. പണ്ട് ഇതുപോലെ ഒരു രാത്രി കരണ്ട് പോയ സമയത്താണ് ആ മുറിയിൽ ഒരു ചേച്ചി കെട്ടിതൂങ്ങി ചത്തത്.." ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് ശബ്ദത്തിൽ ഗൗരവം കലർത്തിയുള്ള നന്ദന്റെ വാക്കുകൾ ചെന്നുകൊണ്ടത് പെണ്ണിന്റെ നെഞ്ചത്തേക്കാണ്.. "അ.. അതിന്.. അതിന് അതുപോലെ ഞാൻ കെട്ടിത്തൂങ്ങാനൊന്നും പോണില്ല.. എന്റെ പേടി താനെന്നെ തൂക്കിക്കൊല്ലുമോ എന്നാ.." ഉള്ളിലെ ഭയത്തെ ഒതുക്കിവച്ച് പെണ്ണ് പറഞ്ഞു. പല്ലുകൾ കൂട്ടിമുട്ടിയൊരു നേർത്ത ശബ്‌ദം അവിടെ ഉയർന്നു. "ഹാ.. താൻ ചാവുകയൊന്നും വേണ്ട.. അവര് വന്ന് തന്നേ കൊന്നോളും..."

ഇടയ്ക്കിടെ മുറിയിലേക്ക് എത്തിനോക്കിയിട്ട് നന്ദൻ പറഞ്ഞു. മുഴുവൻ ഇരുട്ടായതിനാൽ പെണ്ണിന്റെ മുഖഭാവങ്ങളൊന്നും കാണാനായില്ല എങ്കിലും അവൾക്കുള്ളിൽ നേരിയ ഭയമുണർന്നു എന്ന് അവനു ഉറപ്പായിരുന്നു. "താൻ.. താനെന്താ ഈ പറയുന്നേ?" "ആന്നെ.. അവര് മരിച്ചതിനു ശേഷം ഈ ഫ്ലാറ്റിൽ താനിപ്പോ കിടക്കുന്ന മുറിയിൽ കിടന്ന വേറൊരു പെണ്ണിനെയും ഇതേ പോലെ കരണ്ട് പോയൊരു രാത്രീല് കെട്ടിതൂങ്ങിയ നിലയില് കണ്ടതാ.. ഇവിടെ ആ രണ്ട് തവണയേ കരണ്ട് പോയിട്ടുള്ളൂ.. കരണ്ട് പോയപ്പോഴൊക്കെ ഓരോ മരണവും.. ഇവിടുള്ളവർ പറയുന്നത് മരിച്ചുപോയ ആ ചേച്ചീടെ പ്രേതം ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നാ.. കരണ്ട് പോയാൽ ഈ റൂമില് നിക്കുന്ന ആരെയേലും കൊണ്ടുപോവാൻ കാത്ത്....." ഭയാനകമായ ശബ്ദത്തിൽ പറഞ്ഞു തീർത്തപ്പോൾ പെട്ടന്ന് പുറത്തുനിന്നും ഇടിമിന്നലിന്റെ ഭീകര ശബ്ദമുയർന്നു.. പുറത്താകെ കാറ്റും മഴയും തുടങ്ങി.. "അയ്യോ.. അമ്മേ.. ഞാനൊരു പാവമാണ് ചേച്ചീ...." പെട്ടന്ന് മുറിയിൽ നിന്നൊരു ശബ്‌ദം കേട്ടു..

നന്ദൻ ഹാളിന്റെ ഒരു മൂലയിലിരുന്ന് വായ പൊത്തി ചിരിച്ചു. ചിരിയുടെ ശബ്‌ദം പുറത്തേക്കെത്തുവാതിരിക്കാൻ പാടുപെട്ടു... പെട്ടന്ന് കിതച്ചോടിക്കൊണ്ട് പെണ്ണ് ഹാളിലേക്ക് വന്നു.. "എടൊ.. താനെവിടെയാ..." പതറിക്കൊണ്ടുള്ള അവളുടെ ചോദ്യം.. അവൻ മറുപടി പറഞ്ഞില്ല.. "എടൊ നന്ദാ.. എനിക്ക് പേടിയാവുന്നെടോ..." പതറലിനൊപ്പം ദേഷ്യയും കലർന്നു വന്നു. പെണ്ണ് ബാൽക്കണിയിലേക്ക് ഓടിപ്പോയി.. ഈ സമയത്ത് നന്ദൻ വേഗം കയ്യിലെ മൊബൈൽ എടുത്ത് യൂട്യൂബിൽ ആകാശഗംഗ സിനിമയിലെ ഗാനം പ്ലേ ചെയ്തു... അവളുടെ ഉള്ളൊന്ന് കിടുങ്ങി.. 'പുതുമഴയായി വന്നു നീ.. പുളകം കൊണ്ട് പൊതിഞ്ഞു നീ.. ഒരേ മനസ്സായി നാം.. ഉടലറിയാതെ ഉയിരറിയാതെ അണയൂ നീയെൻ ജീവനായ് വരൂ നിശാ ഗീതമായ്...' "അയ്യോ.. ചേച്ചീ.. ചേച്ചിക്കെന്റെ അമ്മേടെ പ്രായം ഉണ്ടാവില്ലേ.. വേണേൽ ആ കാട്ടുമാക്കാനെ കൊണ്ടുപോയേച്ചീ.. ഞാനൊരു പാവം ആണേയ്..

എന്നെ ഒറ്റക്കാക്കി ആ മറുത ഓടിപ്പോയതാണേയ്...." ബാൽക്കണിയില് നിന്നും ഹാളിലേക്ക് നോക്കി വിളിച്ചു പറയുമ്പോ പെണ്ണിന്റെ സ്വരം പാതി മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. ഇനിയും കൂടുതൽ കളിപ്പിക്കണ്ടാന്ന് കരുതിയാണ് ഹാളിന് മുന്നിൽ ചെന്ന് നിന്ന് മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തത്.. "എടോ...." ശബ്‌ദം കേട്ട് അവൾ ഒരുതരം ആശ്വാസത്തോടെ അവന്റെയരികിലേക്ക് ഓടിയെത്തി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ശരീരമാകെ വിറക്കുന്നുണ്ടായിരുന്നു. ചെറുതായി ഒരു കുറ്റബോധം തോന്നി അവന്.. "താനെന്നെയിവിടെ ഒറ്റക്കാക്കിയിട്ട് പെട്ടന്ന് എവിടേക്ക് പോയതാടോ ദുഷ്ടാ... " പേടിയുടെയും സങ്കടത്തിന്റെയും ഭാരമിറക്കി വെക്കുവാനാകണം അവൾ മറ്റൊന്നുമാലോചിക്കാതെ അവനെ വേഗം കെട്ടിപ്പിടിച്ചു.. അപ്രതീക്ഷിതമായ അവളുടെ ആ പ്രതികരണത്തിൽ അവൻ അമ്പരന്നു പോയി...

"എടോ.. സോറി.. ഞാൻ വെറുതേ തമാശക്ക്.. ഇവിടെ പ്രേതമൊന്നുമില്ല.." പെട്ടന്നവന്റെ മഞ്ഞുമലയുരുകിപ്പോയി.. പറഞ്ഞു നോക്കിയെങ്കിലും പെണ്ണ് നിർത്താതെ കരയുകയാണ്.. "എടോ.. പേടിക്കണ്ടടോ? ഞാനില്ലേ ഇവിടെ?" പിന്നെയും പറഞ്ഞു നോക്കി.. പതിയെ പതിയെ കണ്ണീര് വറ്റിയപ്പോൾ അവന്റെ നെഞ്ചിലാണ് താനെന്ന ബോധം അവളിൽ ഉടലെടുത്തു.. മെല്ലെ അവനിൽ നിന്നും അടർന്നു മാറി.. അവനെ നോക്കുവാൻ മടിച്ചുകൊണ്ട് കണ്ണുകൾ ഭിത്തിയിൽ തൂക്കിയിട്ട രേവതിയുടെ ഫോട്ടോയിലേക്ക് പറിച്ചു നട്ടു ; ഫോട്ടോ അവ്യക്തമായിരുന്നെങ്കിലും.. "താൻ കിടന്നോ.. ഇവിടെ സാധാരണ കരണ്ട് പോകാറില്ല.. ഇനി രാവിലെ പ്രതീക്ഷിച്ചാൽ മതി.. പേടിക്കണ്ട.. നേരത്തെ തന്നേ പേടിപ്പിക്കാൻ വേണ്ടി പ്രേതമുണ്ടെന്ന് ഞാനൊന്നു തള്ളിയെന്നെ ഉള്ളു.. പിന്നെ എന്റെ കാര്യത്തിലാണ് പേടി എങ്കിൽ അത് വേണ്ട.. നന്ദൻ കുടിയനാണ്.. താന്തോന്നിയാണ്.. പക്ഷെ പെണ്ണ്പിടിയനല്ല..." നന്ദന്റെ വാക്കുകൾ കേട്ട് പെണ്ണൊരു നിമിഷം അയാളെ നോക്കി.. ശേഷം മുറിയിലേക്ക് നടന്നു പോയി..

അവൾക്ക് കാവലെന്നെ പോലെ നന്ദൻ ഹാളിലേക്ക് അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും നടന്നുകൊണ്ടിരുന്നു, ആ രാത്രി മുഴുവൻ... 🌺🥀🌺🥀🌺🥀🌺🥀🌺🥀 രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ നന്ദൻ ഹാളിലെ സോഫയിൽ കിടന്നുറങ്ങുകയായിരുന്നു. ഇന്നലെ പേടിപ്പിച്ച് ഒരു വഴിക്കാക്കിയതിന് ഒരൊറ്റ വീക്ക് വച്ചു കൊടുത്ത് എഴുന്നേൽപ്പിക്കുവാനാണ് തോന്നിയത്. എങ്കിലും വേണ്ടെന്ന് വച്ചു.. മനുഷ്യത്വം.. വെറും മനുഷ്യത്വം.. അല്ലാതെ അവനെ പേടിച്ചിട്ടൊന്നുമല്ല.. ഫ്രഷ് ആയിട്ട് കിച്ചണിൽ എത്തിയപ്പോഴാണ് ഒരു സംശയം മനസ്സിൽ ഉദിച്ചത്.. നന്ദനുള്ള ഫുഡും താൻ ഉണ്ടാക്കണോ? ആദ്യം ചിന്തിച്ചത് അയാൾക്കുള്ളത് അയാൾ തന്നേ ഉണ്ടാക്കിക്കോട്ടെ എന്നാണ്. പിന്നെ കരുതി എന്തിനാ വെറുതേ രാവിലെ തന്നേ ഒരു വഴക്ക് ഉണ്ടാക്കുന്നതെന്ന്.. ചപ്പാതിക്ക് മാവ് കുഴച്ച് പരത്തുവാൻ തുടങ്ങി.. മനുഷ്യത്വം.. വെറും മനുഷ്യത്വം.. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.. ചപ്പാത്തിയും കറിയും റെഡിയായപ്പോഴാണ് നന്ദൻ എണീറ്റു വന്നത്. കണ്ടപ്പോ മൈൻഡ് ചെയ്യാനൊന്നും പോയില്ല. ബ്രേക്ക്‌ ഫാസ്റ്റ് ടേബിളിൽ കൊണ്ട് വച്ചിട്ട് പാത്രങ്ങൾ കഴുകുവാനായി പോയി..

"എന്താ ചപ്പാത്തിയാണോ ബ്രേക്ക്‌ ഫാസ്റ്റിന്?" പിന്നിൽ നിന്നും നന്ദന്റെ ചോദ്യം കേട്ടു. "കണ്ടിട്ട് ദോശയാണെന്ന് തോന്നുന്നുണ്ടോ?" തിരിഞ്ഞു നോക്കാതെ പാത്രം കഴുകുന്നതിനിടെ ചോദിച്ചു. "ഇല്ല.. ഇഡ്ഡലി ആണെന്ന് തോന്നി..." "തനിക്ക് ബോധം മാത്രമേ ഇല്ലാത്തതുള്ളൂ എന്നാ കരുതിയത്.. കാഴ്ചയും ഇല്ലേ..?" "വാഹ് വാഹ് വാഹ്.. എന്താ മോളൂസേ ഇന്നലെ തീർന്നു പോയ ചാർജ് പിന്നെയും കയറ്റിയതിന്റെയാണോ ഈ നെഗളിപ്പ്?" മറുപടി കൊടുത്തില്ല. ഇതൊന്നും മറുപടി അർഹിക്കുന്നില്ല. "അതേയ്.. എനിക്ക് ചപ്പാത്തിയൊന്നും വേണ്ട.. വേറെ വല്ലതും ഉണ്ടാക്കിത്താ.." നന്ദൻ പിന്നെയും പറഞ്ഞത് കേട്ടാൻ പാത്രം കഴുകുന്നത് നിർത്തിവച്ച് തിരിഞ്ഞു നോക്കിയത്.. "ഹലോ.. ഞാൻ തന്റെ കെട്ട്യോളൊന്നുമല്ല.. തനിക്ക് തോന്നുന്നത് ഉണ്ടാക്കിത്തരാനായിട്ട്..." ദേഷ്യത്തോടെ നന്ദനെ നോക്കി... നന്ദൻ അവളെ നോക്കാതെ വെയ്‌സിനടുത്തെ റാക്കിൽ കയറിയിരുന്നു. "എനിക്ക് ചപ്പാത്തി വേണ്ടാ..." നന്ദൻ മുകളിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ട് പറഞ്ഞു. "പിന്നെ സാറിന് എന്താ വേണ്ടത്?" "എനിക്ക് പുട്ട് മതി പുട്ട്...."

"അത് തന്നെ കണ്ടപ്പഴേ തോന്നി.. വായ തുറന്നാ തള്ളാണെന്ന്.. തന്റെ പേര് ഹരി നന്ദൻ എന്നല്ല തള്ള് നന്ദൻ എന്നാക്കണം... വേണേൽ ഞാനുണ്ടാക്കിയ ചപ്പാത്തി കഴിക്ക്.. അല്ലേൽ താൻ പട്ടിണി കിടന്ന് ചത്തോ.." പെണ്ണ് പറഞ്ഞത് കേട്ട് നന്ദൻ ഉള്ളിൽ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. "എനിക്കുള്ള പുട്ടുണ്ടാക്കാൻ എനിക്കറിയാം.. ഞാൻ പുട്ടേ കഴിക്കാറുള്ളു.." നന്ദൻ ചാടി നിലത്തിറങ്ങിക്കൊണ്ട് പറഞ്ഞു. "ആയിക്കോ ആയിക്കോ.." പാത്രം കഴുകിത്തീർത്തുകൊണ്ട് പെണ്ണ് ഹാളിലേക്ക് പോകുന്നതിനിടെ പറഞ്ഞു. ഡൈനിങ് ടേബിളിൽ ചെന്നിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് നന്ദൻ പരുങ്ങിക്കൊണ്ട് അടുത്തേക്ക് വന്ന് ഒരു ചെയറിൽ ഇരുന്നത്. എന്തോ പറയാനുണ്ടെന്ന് ആ മുഖത്ത് എഴുതിവച്ചിട്ടുണ്ട്.. "മ്മ്? എന്തെ.. പുട്ട് ഉണ്ടാക്കിയില്ലേ?" കഴിക്കുന്നതിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. "അത്... പുട്ടുപൊടി ഇല്ലെന്ന് തോന്നുന്നു... എനിക്ക് വിശക്കുന്നു..."

ചമ്മലോടെ നന്ദൻ പറഞ്ഞു. "ഇനി എന്ത് ചെയ്യാനാ.. പട്ടിണി കിടന്നോ.." നന്ദൻ കുറേ നേരത്തിനു ഒന്നും മിണ്ടിയില്ല. അവൾ കഴിക്കുന്നത് നോക്കി നിന്നു. "അതേയ്... എനിക്കും തരാവോ....?" നന്ദൻ അവളുടെ മുഖത്തേക്ക് നോക്കുവാനുള്ള മടിയോടെ പറഞ്ഞു. "അയ്യോ സാറേ ഇത് പുട്ടല്ല.. ചപ്പാത്തിയാ ചപ്പാത്തി.." കളിയാക്കിക്കൊണ്ട് അവൾ പറഞ്ഞു. "മതി.. മതി.. ഞാൻ ചപ്പാത്തിയെ പുട്ടായിക്കണ്ട് കഴിച്ചോളാം...." വിശപ്പ് സഹിക്കാനാവാതെ നന്ദൻ പ്ലേറ്റിലേക്ക് ചപ്പാത്തി എടുത്തിട്ടുകൊണ്ട് കഴിക്കുവാൻ തുടങ്ങി. കണ്ടു നിന്നവൾക്ക്‌ ചിരിയടക്കുവാൻ ആയില്ല.. ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്തു നിന്നും കാളിങ് ബെൽ കേട്ടത്.. ആര് പോയി നോക്കുമെന്ന് അറിയാനായാണ് നന്ദൻ അഞ്ജലിയെയും അഞ്ജലി നന്ദനെയും നോക്കിയത്. "മാഡം അവിടിരുന്നു കഴിച്ചോളൂ..

അഭിയും രേവതിയും ആകും. ഞാൻ പോയി നോക്കിക്കോളാം.." പറഞ്ഞുകൊണ്ട് നന്ദൻ ഡോറിനു മുന്നിലെത്തിയിട്ട് ഹോളിലൂടെ പുറത്തേക്ക് നോക്കി.. പുറത്ത് ഒരു ആരോഗ്യവാനായ വൃദ്ധനും ഒപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു.. "എടീ.. ദേ.. രേവതിയുടെ അച്ഛനും ചേട്ടനും ആണെന്ന് തോന്നുന്നു.. നീ അവിടെ തന്നെയിരുന്നോ.. ഞാൻ ഡോർ തുറക്കുവാണെ.." അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ നന്ദൻ പറഞ്ഞു. അവൾ ശരിയെന്നു തലയാട്ടി. നന്ദൻ മെല്ലെ ഡോർ തുറന്നു. പെണ്ണിന്റെ കണ്ണുകൾ പുറത്ത് വന്നിരിക്കുന്ന ആളുകളിൽ എത്തി. വന്നിരിക്കുന്ന ആളുടെ മുഖം കണ്ടതും പെണ്ണിന്റെ ഉടലൊന്ന് വിറച്ചുപോയി.. ഒരു ഞെട്ടലോടെ അവൾ അവരെ നോക്കി നിന്നു.. "അ.. അച്ഛൻ...." പെണ്ണിന്റെ അധരങ്ങൾ പതിയെ വിറച്ചുകൊണ്ട് ആ പേര് മന്ത്രിച്ചു.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story