പ്രണയ സ്വകാര്യം: ഭാഗം 13

pranaya swakaryam

രചന: ആദിത്യൻ മേനോൻ

 കണ്മുൻപിൽ അച്ഛനെയും തനിക്ക് വേണ്ടി വിവാഹമാലോചിച്ചവനെയും കണ്ട് ഒരു തരം മരവിപ്പോടെ നിൽക്കുകയായിരുന്നു പെണ്ണ്.. അച്ഛൻ ഒരു വിറച്ചിലോടെ നന്ദനെയും അവളെയും മാറി മാറി നോക്കി. അഞ്ജലിയുടെ തൊണ്ട വറ്റി വരണ്ടുപോയി.. "അ.. അച്ഛൻ..." വീണ്ടുമുറക്കെ അവളുടെ ചുണ്ടുകൾ ആവർത്തിച്ചപ്പോൾ രേവതിയുടെ അച്ഛനാണ് വന്നിരിക്കുന്നതെന്ന് നന്ദൻ കരുതി.. "യാരിതു? നാനാകെ അരത്തവാഗത്തില്ല?" ആളെ മനസ്സിലാകാത്ത പോലെ നന്ദൻ ആരാണെന്ന് അവരോട് കന്നഡയിൽ ചോദിച്ചു. "ഇവനെന്താ ചോദിക്കുന്നെ?" നന്ദന്റെ ചോദ്യം കേട്ട് അഞ്ജലിയുടെ അച്ഛൻ കൂടെയുണ്ടായിരുന്ന ആളോട് തല താഴ്ത്തി ചോദിച്ചു. "ഓഹ്.. മലയാളി ആയിരുന്നോ? ആളാരാണെന്ന് മനസ്സിലായില്ലെന്ന് ചോദിക്കുവായിരുന്നു ഞാൻ.." നന്ദൻ ബഹുമാനത്തോടെ പുഞ്ചിരിച്ചു. "ഞാൻ മോഹൻ ദാസ്.. ഈ വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയുടെ അച്ഛനാണ്.." അദ്ദേഹം പറഞ്ഞു.. "ഓഹ്.. ഇപ്പോ മനസ്സിലായി.. എന്തോ രേവതി ജയമോഹൻ എന്നോ മറ്റൊ അല്ലെ പേര്..

ആ കുട്ടിയും കൂടെ ഒരു പയ്യനും, അവളുടെ ഹസ്ബൻഡ് ആണെന്ന് തോന്നുന്നു ഇന്നലെ ഫ്ലാറ്റ് വൊക്കേറ്റ് ചെയ്ത് പോയി. ഇപ്പൊ ഇവിടെ ഞാനും എന്റെ ഭാര്യ അഞ്ജലിയും ആണ് താമസം.." നന്ദൻ പറഞ്ഞപ്പോൾ ഒരേ നിമിഷം അഞ്ജലിയുടെയും അച്ഛന്റെയും കൂടെ വന്ന ആളുടെയും ഉള്ളിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു പോയി. "അവര് എങ്ങോട്ടാണ് പോയതെന്നൊന്നും ഞങ്ങൾക്കറിയില്ലാട്ടോ.. ഞാനാണ് ഈ ഫ്ലാറ്റിന്റെ ഓണർ. ഇന്നലെ അവര് അഡ്വാൻസ് തിരിച്ചു തന്നിട്ട് തിരക്കിട്ട് ഇറങ്ങിപ്പോയതാണ്.. അവരുടെ പെട്ടന്നുള്ള ആ പോക്കിൽ ഞങ്ങക്കും ചെറിയ സംശയം തോന്നിയിരുന്നു.. ഈ മുറി ഇവൾക്ക് വലിയ ഇഷ്ടമാണ് അതാ ഞങ്ങളിങ്ങോട്ട് മാറിയത്.. നിങ്ങളോട് ആ കുട്ടി വീട് മാറിയ കാര്യമൊന്നും പറഞ്ഞില്ലേ?" നന്ദൻ ഒറ്റ ശ്വാസത്തിൽ സംസാരിച്ചുകൊണ്ടേയിരുന്നു.. അഞ്ജലി എന്ത് ചെയ്യണമെന്നറിയാതെ വിളറി വെളുത്തു നിന്നു പോയി. "അതെയോ.. നന്ദി.. നിങ്ങൾ ഭാര്യയും ഭർത്താവും ഭക്ഷണം കഴിക്കുവായിരുന്നെന്ന് തോന്നുന്നല്ലോ.. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.."

അച്ഛൻ നിറഞ്ഞുവന്ന കണ്ണീരിനെയും തിരട്ടിവന്ന ദേഷ്യത്തെയും നിയന്ത്രിക്കുവാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു. "അയ്യോ.. ഒരു കുഴപ്പവുമില്ല.. ഞങ്ങളിപ്പോ കഴിക്കാൻ ഇരുന്നതേ ഉള്ളു. നിങ്ങള് കഴിച്ചല്ലോ അല്ലെ.. കൊറോണ ഒക്കെ ആയതുകൊണ്ട് ഇവിടെ ഒരു റെസ്റ്റോറന്റും ഇല്ലല്ലോ.. അതുകൊണ്ട് ചോദിച്ചതാ..." "ഞങ്ങൾ ഒന്നും കഴിച്ചില്ലായിരുന്നു.. പക്ഷെ ഇപ്പൊ വയറു നിറഞ്ഞു.." അഞ്ജലിയെ നോക്കിക്കൊണ്ട് ഒരു ഭാവവും മുഖത്ത് പ്രകടിപ്പിക്കാതെ അച്ഛൻ പറഞ്ഞു. "നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഞങ്ങളുടെ ഒപ്പം.. ഐ മീൻ, എന്റെയും എന്റെ വൈഫിന്റെയും കൂടെ ചേർന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം... അല്ലെ ബേബി?" നന്ദൻ ഒരു കൂസലുമില്ലാതെ അഞ്ജലിയെ തിരിഞ്ഞു നോക്കി ചോദിച്ചുകൊണ്ട് തിരിച്ച് അച്ഛനെ നോക്കി. അപ്പോഴാണ് അദ്ദേഹത്തിന്റെ ഒപ്പം വന്നവന്റെ മുഖം കോപം കൊണ്ട് വിറക്കുന്നത് കണ്ടത്.. "ഇവളെ ബാംഗ്ലൂരിൽ ഒന്നും വിട്ട് പഠിപ്പിക്കണ്ടാന്ന് ഞാനപ്പഴേ പറഞ്ഞതല്ലേ അങ്കിളെ.. ഇപ്പൊ എന്തായി? കണ്ടില്ലേ ഇവളുടെ പഠിത്തം...

ഇവളെയാണോ അങ്കിൾ എനിക്ക് കെട്ടിച്ചുതരാമെന്ന് വാക്ക് തന്നത്? ഇപ്പോ വന്നിട്ട് രണ്ടിനെയും കയ്യോടെ പിടികൂടിയത് നന്നായി.." കൂടെ വന്നവൻ ദേഷ്യത്തോടെ നന്ദനെയും അഞ്ജലിയെയും നോക്കിയിട്ട് ഇറങ്ങിപ്പോകുവാൻ തുടങ്ങി. അവർ പറഞ്ഞതിന്റെ അർത്ഥമെന്താണെന്ന് പെട്ടന്ന് നന്ദന് മനസ്സിലായില്ല. എന്നാൽ അച്ഛൻ തല താഴ്ത്തിയിട്ട് തിരിച്ചു നടന്നുപോകാവേ പെണ്ണ് പിന്നാലെ അച്ചായെന്ന് വിളിച്ച് ഓടിയപ്പോഴാണ് നന്ദന് കാര്യങ്ങൾ മനസ്സിലായത്. കാര്യങ്ങളുടെ കിടപ്പ് വ്യക്തമായതും നന്ദന്റെ ഉള്ളിലൊരു മിന്നൽപ്പിണരുയർന്നു.... "അച്ഛാ..." പെണ്ണ് ഓടിക്കൊണ്ട് അച്ഛന്റെ കൈ പിടിച്ചു നിർത്തി. മുന്നിൽ ചെന്നു നിന്നപ്പോ അച്ഛൻ അപ്പോഴും തല താഴ്ത്തി നിൽക്കുകയായിരുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീര് നിറഞ്ഞൊലിക്കുന്നത് കണ്ടു.. അത് പെണ്ണിന്റെ കണ്ണുകളെയും നിറച്ചു.. "സന്തോഷായി.. ഈ അച്ഛന് സന്തോഷായി... നിനക്കൊരു സർപ്രൈസ് തരാം ന്ന് കരുതീട്ടാ ആ ചെക്കനെയും കൂട്ടി ഇങ്ങോട്ട് വന്നത്.. എന്നാ ശരിക്കും സർപ്രൈസ് കിട്ടിയത് ഞങ്ങക്കാ..."

അവളുടെ കൈ തന്റേതിൽ നിന്നും വിടുവിച്ചുകൊണ്ട് അയാൾ പറഞ്ഞു. "അച്ഛാ.. അച്ഛൻ കരുതുന്ന പോലെയൊന്നുമല്ല..." "മതി..... ഇനിയൊന്നും കേക്കണംന്നില്യ.. ഒക്കെ മനസ്സിലായി. സന്തോഷായി..." അവളെ പറയാനനുവദിക്കാതെ അയാൾ ഇടയ്ക്കുകയറി പറഞ്ഞു. അവളുടെ കണ്ണു നിറഞ്ഞു കലങ്ങിപ്പോയി. "അച്ഛാ.. ഒന്ന്.. ഒന്ന് കേക്കച്ഛാ..." പെണ്ണ് കെഞ്ചിക്കൊണ്ട് പറഞ്ഞു. "ന്താ ഞാൻ കേക്കണ്ടേ? കേക്കേണ്ടതൊക്കെ നിന്റെ കെട്ടിയോൻ കേൾപ്പിച്ചല്ലോ? അതിനപ്പുറം ഇനിയെന്താ ഞാൻ കേൾക്കണ്ടേ? തൃപ്തിയായി.." അച്ഛന്റെ മുഖത്ത് ദേഷ്യവും സങ്കടവും മിന്നിമറിഞ്ഞുകൊണ്ടിരുന്നു. "അച്ഛാ.. എന്നെയൊന്നു വിശ്വസിക്കച്ഛാ.." "ഇനി എന്ത് കള്ളമാ നിനക്കെന്നോട് പറയാൻ ഉള്ളെ? ഞാൻ കണ്ടത് സത്യമല്ലേ? അവൻ പറഞ്ഞതൊക്കെ സത്യമല്ലേ? ഇതില് കൂടുതൽ എനിക്കിനി ഒന്നും അറിയണം ന്നില്യ...." അച്ഛൻ തറപ്പിച്ചു പറഞ്ഞുകൊണ്ട് നടന്നു തുടങ്ങിയപ്പോൾ പെണ്ണ് താഴെ കുനിഞ്ഞിരുന്ന് അച്ഛന്റെ ഒരു കാലിൽ വിടാതെ പിടിച്ചു. ആ അച്ഛന്റെ ഉള്ള് നീറി.. "അച്ഛാ.. സത്യമാ അച്ഛാ ഞാൻ പറയുന്നത്.. ഒന്ന് കേക്കച്ഛാ...."

അവളുടെ കണ്ണുനീര് അയാളുടെ പാതങ്ങളെ നനച്ചു. അയാൾക്ക്‌ ഒത്തിരി നോവ് തോന്നി.. എന്നാൽ പിന്നാലെ നന്ദൻ അരികിലേക്ക് വരുന്നത് കണ്ടു.. പൊടുന്നനെ അച്ഛന്റെ കണ്ണുകളിൽ കോപം മാത്രം നിഴലിച്ചു. "എങ്കിൽ വാ നിന്റെ കോളേജിലേക്ക് പോകാം.. അവിടെ നിന്നും ടീസി വാങ്ങിച്ച് വീട്ടിലേക്ക് പോകാം.. ഇവിടം ഉപേക്ഷിച്ചിട്ട്.. ഇവനേം വിട്ടിട്ട്.... എന്താ പറ്റുവോ?" താഴെ നിന്നും അവളെ മെല്ലെ എഴുന്നേൽപ്പിച്ചിട്ട് നന്ദനെ ചൂണ്ടിക്കാണിച്ചിട്ട് അദ്ദേഹം ചോദിച്ചു... അവളൊന്ന് ഞെട്ടി.. അങ്ങനെയൊരു കോളേജേ ഇല്ലെന്ന് അച്ഛനോട് എങ്ങനെ പറയും..... "എന്താ..? പറ്റില്ലല്ലേ???" അച്ഛൻ പുച്ഛത്തോടെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. "അങ്കിളെ.. അയാം സോറി.. അങ്കിൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ.. സത്യത്തിൽ...." നന്ദൻ പറഞ്ഞു തുടങ്ങിയെങ്കിലും അച്ഛൻ അവനെ നോക്കി നിർത്താൻ കൈ കാണിച്ചു. "ഞാനെന്റെ മോളോടാണ് ചോദിക്കുന്നത്.... പറയെടീ.. ഇവനെ ഉപേക്ഷിച്ച് എന്റെ കൂടെ ഇപ്പൊ ടിസി വാങ്ങിച്ചിട്ട് വീട്ടിലേക്ക് വരാൻ പറ്റുവോ നിനക്ക്?

"അത്.. അച്ഛാ.. ഞാൻ... ഞാനൊരു കോളേജിലും പഠിക്കുന്നില്ല...." തല താഴ്ന്നു പോയി പറയുമ്പോൾ.. അച്ഛന്റെ മുഖം കാണാനുള്ള കരുത്തില്ലായിരുന്നു. "അത് ശരി... കൊള്ളാം.. ഇതില് കൂടുതൽ ഇനിയൊന്നും കേക്കാൻ വയ്യ... അസ്സലായിരിക്കുന്നു. പഠിക്കാനെന്നും പറഞ്ഞ് ഇവന്റെ കൂടെ ജീവിക്കാൻ വന്നതായിരുന്നല്ലേ.. അച്ഛന് സന്തോഷായി മോളെ...എനിക്കിനി ഇങ്ങനെ ഒരു മോളില്ലാന്ന് ഞാൻ കരുതിക്കോളാം.. ഞാൻ മരിച്ചാ പോലും എന്റെ ശവം കാണാൻ ന്റുട്ടി വന്നേക്കരുത്.. അത്രക്ക് നെഞ്ചില് കൊണ്ടിട്ടുണ്ട് അച്ഛനിത്.. മറക്കില്ല്യ.. മരിച്ചാലും മറക്കില്ല്യ...." വാക്കുകൾ ഇടറിക്കൊണ്ട് അച്ഛൻ പറഞ്ഞു. പെട്ടന്നവളെ അവളെ തള്ളിമാറ്റിക്കൊണ്ട് അയാൾ ലിഫ്റ്റിലേക്ക് കേറിപ്പോയി.. തള്ളലിൽ താഴേക്ക് വീഴാൻ പോയവളെ നന്ദൻ പിടിച്ചു നിർത്തി. നന്ദന്റെ കൈ വിട്ടവൾ ലിഫ്റ്റിനകത്തേക്ക് കടക്കാൻ തുടങ്ങുന്നതിനു തൊട്ട് മുൻപേ ലിഫ്റ്റ് അടഞ്ഞു പോയിരുന്നു.. ലിഫ്റ്റിന്റെ അടഞ്ഞ ഡോറിലൂടെ ഒലിച്ചിറങ്ങി താഴെ ഇരുന്നുകൊണ്ടവൾ ഏങ്ങിയേങ്ങി കരയുവാൻ തുടങ്ങി..

ഫ്ലാറ്റിലെ ഒരുപാട് പേരുടെ കണ്ണുകൾ അവളിലായിരുന്നെങ്കിലും അതൊന്നും വക വെക്കാതെ അവൾ പൊട്ടിക്കരഞ്ഞു. "എടോ.. എല്ലാരും നോക്കുന്നു.. താൻ വന്നേ.." നന്ദൻ അവൾക്കരികിൽ പോയിട്ട് അവളുടെ കൈ പിടിച്ചെഴുന്നേല്പിച്ചു. അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടിമാറ്റി. "നിങ്ങളാ.. നിങ്ങളൊരുത്തൻ കാരണമാ.. എന്നോട് ചെയ്ത ബാക്കി എല്ലാ കാര്യങ്ങളും ഞാൻ ക്ഷമിക്കുമായിരുന്നു.. പക്ഷെ ഇത്.. ഇത് ഞാൻ ഒരിക്കലും ക്ഷമിച്ചു തരില്ല.. വെറുപ്പാ നിങ്ങളെയെനിക്ക്..." പെണ്ണ് കോപത്തോടെ അവനോടുറക്കെ പറഞ്ഞുകൊണ്ട് തിരിച്ചു റൂമിലേക്ക് നടന്നു പോയി.. വഴി മദ്ധ്യേ പിന്നിൽ നിന്നും അവൻ അവളുടെ കൈകളെ പിടിച്ചു നിർത്തി.. അവൾ കോപത്തോടെയവനെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കണ്ണുകൾ നിറഞ്ഞുതുളുമ്പി നിൽക്കുന്ന നന്ദനെയായിരുന്നു.. "എനിക്കറിയുമോ അത് നിന്റെ അച്ഛനാണെന്ന്? നീ പറഞ്ഞോ എന്നോട്? അത് പോട്ടെ.. നീയിവിടെ പഠിക്കാൻ വന്നതാണെന്ന് നിന്റെയച്ചനോട് കള്ളം പറഞ്ഞത് ഞാനാണോ? ഇതൊന്നും അറിയാത്ത ഞാനാണോ തെറ്റുകാരൻ? ഏഹ്.. കൊള്ളാല്ലോ..

എല്ലാ കുറ്റങ്ങളും നന്ദൻ ഉണ്ടല്ലോ ഏറ്റെടുക്കാൻ.. ഞാനെന്ത് തെറ്റാ ചെയ്തത്? ഞാൻ പോയി നിന്റച്ഛനെ കണ്ട് സംസാരിക്കണോ ഇനി? അതോ കാല് പിടിക്കണോ?" അവന്റെ ചോദ്യങ്ങൾ കേട്ടവൾ അമ്പരന്നു പോയി.. അവന്റെ അത്തരമൊരു മുഖം അവളാദ്യമായി കാണുന്നതായിരുന്നു.. എന്നാലത് ദുർഗായോടുള്ള അവളുടെ ജീബേട്ടന്റെ സ്നേഹമാണെന്ന് അവൾക്കപ്പോഴും അറിയില്ലായിരുന്നു... "അയാം സോറി... ഞാൻ അറിയാതെ.. പെട്ടന്ന് ദേഷ്യം വന്നപ്പോ..." അവൾ കരഞ്ഞുകൊണ്ടവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. "സാരമില്ല.. മക്കളോടുള്ള മാതാപിതാക്കളുടെ പിണക്കത്തിന് കുറച്ച് നേരത്തെ ആയുസേ ഉള്ളു.. തന്റച്ഛനെ നമുക്കെല്ലാം പറഞ്ഞു മനസിലാക്കിക്കാം.." നന്ദൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഫ്ലാറ്റിലേക്ക് കയറിപ്പോയി. 🌺🥀🌺🥀🌺🥀🌺🥀🌺🥀 സമയം ഉച്ച കഴിഞ്ഞിട്ടും അഞ്ജലി കരച്ചിൽ നിർത്തിയിരുന്നില്ല.. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു. ഇടയ്ക്കിടെ അവൾക്കരികിൽ പോയിരുന്നുകൊണ്ട് പോട്ടെടോ എന്ന് മാത്രം അവൻ ആവർത്തിച്ചുകൊണ്ടിരുന്നു.

അവളെ ഹാളിൽ ഒറ്റക്ക് വിട്ട് ബാൽക്കണിയിൽ പോയി നിന്നുകൊണ്ട് എന്തൊക്കെയോ ചിന്തകളിൽ ആയിരുന്നു നന്ദൻ.. ഇനി എന്താണ് അടുത്ത നീക്കം.... അറിയില്ല..... പെട്ടന്നാണ് പുറത്തു നിന്നും ഒരു കാളിങ് ബെൽ കേട്ടത്.. കേട്ടത്തും അവനൊന്ന് തുള്ളിപ്പോയി. ഇപ്പൊ കാളിങ് ബെൽ കേൾക്കുന്നതെ പേടിയാ.. അകത്തേക്ക് ചെന്ന് നോക്കിയപ്പോ അഞ്ജലി ചെന്ന് ഡോർ തുറക്കുന്നത് കണ്ടു..... "നാത്തൂനേ.........." നീട്ടിയലറിക്കൊണ്ട് നീരു അഞ്ജലിയുടെ ദേഹത്തേക്ക് ചാടിവീണുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു.. പെട്ടന്ന് അഞ്ജലിയുടെ മുഖത്തെ സങ്കടം മാറി സന്തോഷവും ആഹ്ലാദവും മൊട്ടിട്ടത് കണ്ടു.. അതുമതി... അത്രമാത്രം മതി തനിക്ക്... "എന്റെ നാത്തൂൻ ഫോട്ടോയിൽ കാണുന്നതിനേക്കാൾ അടിപൊളി ലുക്ക്‌ ആണല്ലോ..." നീരു അവളുടെ കവിളുകൾ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.. "ഇതാ ഞാൻ പറഞ്ഞത് എന്നെക്കാണാൻ ഒരു ഐശ്വര്യ റായിടെ കട്ട് ഉണ്ടെന്ന്.." അഞ്ജലി പറയുന്നത് കേട്ടു.. ചാവാൻ കിടന്നാലും ശരി, തള്ള് വിടുന്ന പ്രശ്നമില്ല... നീരുവിനെ അകത്തേക്കിരുത്തവേ പെണ്ണിന്റെ കണ്ണുകൾ പതിയെ പുറത്തേക്ക് പാറിവീഴുന്നത് കണ്ട് നന്ദന്റെ ഹൃദയം തുടിക്കുവാൻ തുടങ്ങി.. ചുണ്ടുകളിലൊരു മന്ദാഹാസം വിരിഞ്ഞു... "നാത്തൂനെ.. നിന്റെ ആങ്ങള വന്നില്ലെ.. എവിടെ നിന്റെ സർപ്രൈസ്..?"

പെണ്ണിന് ആകാംഷ അടക്കാനാവുന്നുണ്ടായിരുന്നില്ല. "ഞാനൊന്ന് വന്നു കേറിയിട്ടല്ലേ ഉള്ളൂ നാത്തൂനേ.. എനിക്ക് കുടിക്കാനിത്തിരി കോൾഡ് ആയിട്ട് എന്തെങ്കിലും താ ആദ്യം..." നീരുവിന്റെ സംസാരം കേട്ടപ്പോ ജീബേട്ടൻ വന്നിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി.. നിരാശയോടെ അവൾ കിച്ചനിലേക്ക് പോയതും നന്ദൻ ഓടിവന്ന് നീരുവിനെ കെട്ടിപ്പിടിച്ചു.. "ഏട്ടാ...." "നീരൂ.. സുഖമാണോ കുഞ്ഞോ നിനക്ക്? എത്ര നാളായി കണ്ടിട്ട്...." നന്ദന്റെ കണ്ണുകൾ തിളങ്ങി.. അവൻ അവളുടെ മുടിയിഴകൾ മെല്ലെ തലോടി... "ഏട്ടാ.. ഏട്ടനോട് ഒരുപാട് പറയാനുണ്ട്.. പക്ഷെ ഒരു രണ്ട് മിനിറ്റ് നിക്കണേ.. നമുക്കാ ട്വിസ്റ്റ്‌ പൊട്ടിക്കാനുള്ളതാ.. ദേ അവൾ വരുന്നു.." നീരു പെട്ടന്ന് നന്ദന്റെ അടുത്ത് നിന്നും അടർന്നു മാറിക്കൊണ്ട് സോഫയിൽ ഇരുന്നു. ഈ അവസ്ഥയിൽ താനാണ് ജീവനെന്ന് അഞ്ജലി അറിയണ്ട എന്ന് നന്ദന് നീരുവിനോട് പറയണമെന്നുണ്ടായിരുന്നു.

പക്ഷെ അതിനു മുൻപേ അഞ്ജലി ഒരു ഗ്ലാസ്‌ ജ്യൂസുമായി നീരുവിന്റെ അടുത്തേക്ക് വന്നിരുന്നു.... "ഇനി പറ.. ജീബേട്ടൻ വന്നില്ലെ?" പെണ്ണ് ചോദിച്ചു... നന്ദൻ മെല്ലെ അവൾക്ക് പിന്നിലായി ചെന്നു നിന്നു.. "നീ ജീബേട്ടനെ കണ്ടില്ലേ?" ജ്യൂസ് പാതി കുടിച്ചിട്ട് നീരു ചോദിച്ചു. "ഇല്ല.. എവിടെ? പുറത്ത് നിക്കുവാണോ?" "എടീ.. നിന്നോട് ഞാനൊരു സർപ്രയ്‌സിനെ പറ്റി പറഞ്ഞില്ലേ???" "ഹാ....." അവൾക്ക് കൗതുകമേറി വന്നു. "നീ ജീബേട്ടൻ നിന്റെ അടുത്തുണ്ടായിട്ട് നീ കണ്ടില്ലേ?" അവൾ പിന്നെയും പുറത്തേക്ക് നോക്കി. അവിടെ ആരുമില്ല.... "എടീ നാത്തൂനേ ടെൻഷൻ അടിപ്പിക്കാതെ....." "ഇല്ല.. ഇനി ടെൻഷൻ അടിപ്പിക്കടിപ്പിക്കുന്നില്ല.. നിന്റെ ജീബേട്ടൻ ദേ നിന്റെ തൊട്ട് പിന്നിൽ തന്നെ നിക്കുന്നു..." നീരു പറഞ്ഞത് കേട്ട് പെണ്ണ് പെട്ടന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കി.. അവൾക്ക് തൊട്ട് മുന്നിലായി ഇരു കയ്കളും നീട്ടിക്കൊണ്ട് നന്ദൻ ചിരിച്ചുകൊണ്ടങ്ങനെ നിൽക്കുന്നുണ്ടായിരുന്നു...

കണ്ണുകൾ വിടർന്നു.. തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന നന്ദനെ കണ്ട് പെണ്ണ് അന്ധാളിച്ചു പോയി.. "വാവേ..." നന്ദൻ മെല്ലെ ആ പേര് ഉച്ചരിച്ചു. പയ്യെ പയ്യെ ഒരു തീ പെണ്ണിന്റെ അടിവയറ്റിൽ നിന്നും മുകളിലോട്ടുയർന്നു വന്നു.. കാഴ്ച മങ്ങിത്തുടങ്ങി. കാലുകൾ നിലത്തുറക്കുവാൻ മടിച്ചു... വിശ്വസിക്കാനാവാതെ ഒറ്റ നിമിഷം കൊണ്ടവൾ മെല്ലെ ബോധം കെട്ട് നന്ദന്റെ ദേഹത്തേക്ക് വീണു.. നന്ദൻ അവളെ താങ്ങിപ്പിടിച്ചുകൊണ്ട് കൈകളിൽ എടുത്തു.... "ദൈവമേ.. എന്റെ നാത്തൂന്റെ കാറ്റ് പോയാ?" നീരു ചാടി എണീറ്റു.. ഇങ്ങനെയൊരു പ്രതികരണം നീരു ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. "നിന്റെ ട്വിസ്റ്റ്‌ കേട്ട് എല്ലാ കിളികളും ഒരുമിച്ച് പറന്നതിന്റെയാ.. വാ ബെഡിൽ കൊണ്ടുപോയി കിടത്താം...." നന്ദൻ പറഞ്ഞു..............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story