പ്രണയ സ്വകാര്യം: ഭാഗം 14

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"എന്നിട്ട് ഇതൊന്നുമെന്താ ഏട്ടനെന്നോട് നേരത്തെ പറയാഞ്ഞേ.. എന്റെ ചാവാറായ പാവം നാത്തൂനെയാണോ ഞാൻ കൊല്ലാൻ കൊണ്ടോയെ?" അഞ്ജലിയെ എടുത്ത് ബെഡിൽ കിടത്തിയ ശേഷം നീരുവും നന്ദനും സംസാരിക്കുകയായിരുന്നു. അഞ്ജലിയുടെ അച്ഛൻ വന്നിട്ട് പോയ കാര്യങ്ങൾ അപ്പോഴാണ് നീരു അറിയുന്നത്. "അതിന് നിന്നോട് പറയാൻ എനിക്കൊരു സ്‌പേസ് കിട്ടണ്ടേ? ഇനിയിപ്പോ കഴിഞ്ഞത് കഴിഞ്ഞു.. അത് പോട്ടെ.. വീട്ടിൽ എന്താ പുതിയ വിശേഷമൊക്കെ.." നന്ദൻ നീരുവിന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു. "അതും കൂടെ പറയാനാ ഞാനിപ്പോ കാര്യമായിട്ട് വന്നത്. ഏട്ടനെന്താ കാശിയേട്ടൻ വിളിച്ചാ ഫോൺ എടുക്കാത്തെ...?" നീരു ചുണ്ട് കോട്ടിക്കൊണ്ട് ചോദിച്ചു.. "ഏട്ടൻ വിളിക്കുന്നതെന്തിനാ.. വീട്ടിലേക്ക് തിരിച്ചു വരണം ന്ന് പറയാനല്ലേ.. ഞാനാ വീട്ടിലേക്ക് ഇനിയില്ലെന്ന് ഞാൻ പണ്ടേ പറഞ്ഞതല്ലേ.. എന്റെ ആ തീരുമാനത്തിന് ഇനിയൊരു മാറ്റവും ഉണ്ടാവില്ല. ദിവസോം ഞാൻ അമ്മയേം മുത്തശ്ശിയേം ഒക്കെ വിളിക്കാറുണ്ടല്ലോ.

സമയം കിട്ടുമ്പഴൊക്കെ വീട്ടിൽ വന്ന് കാണാറും ഇല്ലേ.. അതിൽ കൂടുതൽ ഒന്നും ഇനി ഉണ്ടാവില്ല...." നന്ദൻ തല താഴ്ത്തിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "കാശിയേട്ടന്റെ കല്യാണമാ ഏട്ടാ അടുത്താഴ്ച.." നീരു നന്ദന്റെ കയ്യിൽ കയ്യമർത്തിക്കൊണ്ട് സാന്ത്വനമേകി. കേട്ടതും നന്ദന്റെ മനസ്സൊന്നു നൊന്തു.. "അതെയോ.. പാവം ഇന്നലേം വിളിച്ചിരുന്നു.. കല്യാണക്കാര്യം പറയാനാവും.. ഞാൻ കോൾ എടുത്തില്ല..." നന്ദൻ മെല്ലെ പുഞ്ചിരിക്കുവാൻ ശ്രമിച്ചു. "ഞാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോ ഇവിടെ വന്നിട്ട് ഏട്ടനോട് കാശിയേട്ടനെ അങ്ങോട്ട് വിളിക്കാൻ പറയണം ന്ന് പറഞ്ഞായിരുന്നു..." "ഞാൻ വിളിക്കാം... അല്ല.. ആരുമായിട്ടാ? എന്റെ ഏട്ടത്തീടെ പേരെന്താ?" "ഗായത്രി.. ഗായത്രി വസുദേവ്.. ഞാൻ ഗായുവേട്ടത്തീന്നാ വിളിക്കണേ..." നീരു പുഞ്ചിരിച്ചു. "ആഹാ.. അച്ഛൻ കണ്ടുപിടിച്ചതാണോ?" "അല്ലേട്ടാ.. കാശിയേട്ടനും ഗായുവേട്ടത്തീം തമ്മിൽ ഇഷ്ടത്തിലായിരുന്നത്രെ.. ഏട്ടൻ അച്ഛനോട്‌ കാര്യം പറഞ്ഞപ്പോ അച്ഛനും സമ്മതിച്ചു.. അങ്ങനെയാ കെട്ടുറപ്പിച്ചേ..

ഏട്ടത്തി ഒരു പാവാ.. വീട്ടിൽ എല്ലാർക്കും ഇഷ്ടായിട്ടുണ്ട്..." നീരു പറഞ്ഞപ്പോ നന്ദനൊന്ന് തല താഴ്ത്തി ചിരിച്ചു. "മൂത്ത മകൻ കാശിനാഥന്റെ ഇഷ്ടത്തിനനുസരിച്ച് ആരെ വേണമെങ്കിലും കെട്ടാം.. എന്നാ രണ്ടാമത്തെ മകൻ ഹരി നന്ദന് അതിനുള്ള സ്വാതന്ത്ര്യം ഇല്ലാ ല്ലേ?" നന്ദനൊന്ന് നിർത്തി. നീരുവിന്റെ മുഖമൊന്നു വാടി. "ഞാൻ മാത്രം ദേവൂനെ തന്നെ കെട്ടണം ന്ന് അച്ഛനെന്താ ഇത്രക്ക് വാശി..." നന്ദന്റെ കണ്ണുകൾ ഈറനണിയുന്നത് നീരു കണ്ടു... "എന്നിട്ട് ആ കെട്ട് നടന്നൊന്നും ഇല്ലല്ലോ എന്റേട്ടാ.. ഏട്ടൻ വീട്ടീന്ന് ഇറങ്ങിപ്പോരുകയും ചെയ്തില്ലേ? അതോണ്ട് തന്നെ ജീബേട്ടന് ജീബേട്ടന്റെ വാവയെയും കണ്ടെത്താനായില്ലേ?" വിഷയം മാറ്റുവാനായി നീരു അടുത്ത് കണ്ണുകളടച്ചു കിടന്ന അഞ്ജലിയെ നോക്കി.. നന്ദൻ നോക്കിയപ്പോൾ പെണ്ണ് ഒരു പൂച്ചക്കുട്ടിയെ പോലെ കണ്ണുകളടച്ചു കിടന്നുറങ്ങുന്നത് കണ്ടു. അവന്റെ ചുണ്ടുകൾ മെല്ലെ മന്ദഹസിച്ചു. "ആർക്കറിയാം.. ഇവളുടെ ബോധം വന്നാൽ ഇവൾക്ക് ചിലപ്പോ ഉള്ള ബോധവും കൂടെ പോയെന്നിരിക്കും. അമ്മാതിരി ഡോസല്ലേ കിട്ടിയത്.

ഇവളുണർന്നാലേ ഈ കാര്യത്തിലൊരു തീരുമാനം ഇനിയാകൂ. ഒന്നുകിൽ ഇവൾക്ക് വട്ടാവും.. അല്ലെങ്കിൽ ഇവൾ ഇവിടുന്ന് ഇറങ്ങിപ്പോകും.." നന്ദൻ അഞ്ജലിയെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.. പെട്ടന്നു പെണ്ണിന്റെ കണ്ണുകൾ പതറുന്നത് കണ്ടു.. തല ഇരുഭാഗത്തേക്കും അസ്വസ്ഥതയോടെ മെല്ലെയനങ്ങി.. "ദേ.. അവൾക്ക് ബോധം വന്നു..." നീരു ഉത്സാഹത്തോടെ അവളുടെ അടുത്തേക്ക് കൂടുതൽ നീങ്ങിയിരുന്നു. പെണ്ണ് കണ്ണ് തുറന്നു നോക്കുമ്പോൾ തൊട്ട് മുന്നിൽ നീരുവായിരുന്നു. "നാത്തൂനെ.." നീരു പെണ്ണിനെ പിടിച്ചു കുലുക്കി വിളിച്ചു. "ങേ... അപ്പൊ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നില്ല അല്ലെ...." പെണ്ണിന്റെ മുഖത്ത് അമ്പരപ്പ് വിരിഞ്ഞു.. "അല്ല നാത്തൂനേ.. ശരിക്കും ഞാൻ പറഞ്ഞത് സത്യാ.. ദേ ഈ നിക്കുന്ന ഹരിയേട്ടനാണ് നിന്റെ ജീബേട്ടൻ.. വിശ്വാസം വരണില്ലേൽ നീയെന്നെ ഒന്ന് നുള്ളി നോക്കിയേ..."

നീരു പറഞ്ഞുകൊണ്ടിരുന്നു. പെണ്ണ് പതുക്കെ എണീറ്റിരുന്നു.. ആദ്യം നീരുവിനെ ഒന്ന് നോക്കി... "എന്താ നാത്തൂനെ നീ എന്നെ ഇങ്ങനെ നോക്കുന്നെ?" മറുപടി കൊടുക്കാതെ അഞ്ജലി തൊട്ടടുത്തിരുന്ന നന്ദനെയും തറപ്പിച്ചു നോക്കി.. "നിങ്ങളാണോ എന്റെ ജീബേട്ടൻ? അപ്പൊ നന്ദൻ എവിടെ? നിങ്ങളല്ലേ ശരിക്കും നന്ദൻ? അപ്പൊ എന്റെ ജീബേട്ടൻ എവിടെ?" വായിൽ വിരൽ വച്ചുകൊണ്ട് അഞ്ജലി പിച്ചും പേയും പറഞ്ഞപ്പോൾ നന്ദൻ സോഫയിലേക്ക് ചാഞ്ഞിരുന്ന് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. നീരു അഞ്ജലിയുടെ തലക്ക് ചെറിയൊരു കൊട്ട് വച്ചുകൊടുത്തു.. "ഇപ്പൊ ശരിയായോ നാത്തൂനേ?" നീരു ചോദിച്ചു. അഞ്ജലി വേഗം ബെഡിൽ നിന്നും എണീറ്റ് ചെന്ന് മൊബൈൽ തപ്പിയെടുത്തു. ജീബേട്ടന് പേർസണൽ മെസേജ് അയച്ചു നോക്കി.. 'ജീബേട്ടാ.. ജീബേട്ടൻ എവിടെയാ? നിക്കിപ്പോ കാണണം ഇല്ലേൽ എന്റെ ബാക്കിയുള്ള കിളികളെല്ലാം ഇപ്പൊ പോവും....' പെണ്ണിന്റെ മെസേജ് നോട്ടിഫിക്കേഷൻ സൗണ്ട് നന്ദന്റെ ചെവിയിലെത്തിയതും അവൻ വേഗം മൊബൈൽ എടുത്ത് നോക്കി..

അവളയച്ച മെസേജ് കണ്ട് ചിരിയടക്കാൻ പാടുപെട്ടു.. നീരുവിനും അതേ അവസ്ഥയായിരുന്നു. 'വാവേ.. നീ തിരിഞ്ഞു നോക്കിക്കേ.. ഞാൻ നിന്റെ പിന്നിൽ തന്നെയുണ്ട്....' ജീബേട്ടന്റെ റിപ്ലൈ കണ്ട് നേരിയ പകച്ചിലോടെ തിരിഞ്ഞു നോക്കിയപ്പോൾ മൊബൈലും കയ്യിൽ പിടിച്ച്കൊണ്ട് നന്ദൻ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. "ഇപ്പഴേലും വിശ്വാസമായോടീ ഇതാണ് 916 ജീബേട്ടൻ എന്ന്?" നീരു പറഞ്ഞത് മാത്രം കേട്ടു. കണ്ണുകളിൽ ഇരുട്ട് തിങ്ങിക്കൂടി പെട്ടെന്ന് കാഴ്ച മങ്ങി മങ്ങി തീരെ ഒന്നും കാണാൻ പറ്റാതായി.. പതിയെ പതിയെ കാലുകൾ കുഴഞ്ഞു.. മെല്ലെ മെല്ലെ മുട്ടുകുത്തി വീണുകൊണ്ട് നിലം പതിച്ചു. "ദൈവമേ.. കൊടുത്ത ഡോസിന്റെ ക്ഷീണം ഇതുവരെ മാറിയില്ലേ?" നീരു പറഞ്ഞുകൊണ്ടിരുന്നു. നന്ദൻ ഓടിക്കൊണ്ട് നിലത്തു കിടന്ന പെണ്ണിനെ താങ്ങിയെടുത്ത് വീണ്ടും ബെഡിൽ കൊണ്ടുപോയി കിടത്തി.. "ഹോസ്പിറ്റലിൽ കൊണ്ടോണോ ഏട്ടാ?" നീരു ചോദിച്ചു. "ഇതിനുള്ള മരുന്ന് ഒരു ഹോസ്പിറ്റലിലും കിട്ടത്തില്ലെടീ.. കുറച്ചു നേരം റസ്റ്റ്‌ എടുത്തോട്ടെ..

വാ നിനക്ക് ഞാൻ കഴിക്കാൻ വല്ലതും ഉണ്ടാക്കിത്തരാം.." നന്ദൻ നീരുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അവളുമായി കിച്ചണിലേക്ക് നടന്നു. "എത്ര നാളായി ഏട്ടന്റെ കയ്കൊണ്ടുണ്ടാക്കിയ ഫുഡ്‌ കഴിച്ചിട്ട്.." നന്ദൻ കുക്കിംഗ്‌ തുടങ്ങിയപ്പോൾ നീരു അടുത്ത് റാക്കിൽ ചെന്നിരുന്നു. അപ്പോഴാണ് അവളുടെ മൊബൈൽ റിങ് ചെയ്തത്.. കാശിനാഥന്റെ കാൾ ആയിരുന്നു അത്. "ദേ.. കാശിയേട്ടൻ വിളിക്കുന്നു.. ഇവിടെ എത്തിയാൽ കാശിയേട്ടനെ വിളിച്ച് ഏട്ടന്റെ കയ്യിൽ ഫോൺ തരാൻ പറഞ്ഞതായിരുന്നു. ഞാനതങ് മറന്നു.." നീരു ഫോൺ നന്ദന് നേരെ നീട്ടി. ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നന്ദൻ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചു.. "ഏട്ടാ....." നന്ദന്റെ കണ്ണുകൾ മെല്ലെ തിളങ്ങി വന്നു.. "ഹരീ... അപ്പൊ നീയെന്നെ മറന്നിട്ടൊന്നുമില്ലല്ലേ..." അപ്പുറത്ത് നിന്നും കാശിയേട്ടന്റെ ശബ്‌ദം കേട്ടു.. മനസ്സിലൊരു മഴ പെയ്തു.. "ഏട്ടാ... ട്ടാ..." പിന്നെയും വിളിച്ചു. വാക്കുകൾ പൊട്ടിപ്പോയി.. "സുഖാണോടാ നിനക്ക്?" "ഉവ്വ്.. ഏട്ടന് സുഖല്ലേ..." കണ്ണിൽ നിന്നൊരു തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി വീണു. "സുഖാടാ.. അടുത്താഴ്ച കല്ല്യാണാ.. എന്റേം ഗായൂന്റേം..." "അറിഞ്ഞു.. നീരു പറഞ്ഞു...." നന്ദൻ നീരുവിനെ നോക്കി. "ഏഴ് ദിവസം മുന്നേ എത്തിക്കോണം.. എല്ലാ ചടങ്ങിലും മുൻപന്തിയിൽ ഉണ്ടാവേണ്ടത് നീയാ..."

"അത്.. അത് വേണോ ഏട്ടാ?" മടിച്ചു മടിച്ചുകൊണ്ടാണ് നന്ദൻ ചോദിച്ചത്. "പിന്നെ വേണ്ടാതേ? നീ അച്ഛനുമായുള്ള ദേഷ്യത്തിന് എന്റെ കല്യാണത്തിന് കൂടാതിരിക്കുന്നതെന്തിനാടാ....?" "ഏയ്‌.. അതൊന്നുമല്ലേട്ടാ..." "എന്റെ കല്യാണത്തിന് നീ വരാതിരിക്ക്‌.. പിന്നെ എട്ടാന്ന് നീയെന്നെ വിളിച്ചേക്കരുത്..." കാശിയേട്ടൻ പിണങ്ങി.. നോവ് തോന്നി.. ഒത്തിരി... "ഞാൻ വരാം ഏട്ടാ... ഞാൻ വരാം...." അത് പറയുമ്പോൾ കരഞ്ഞു പോയിരുന്നു. കണ്ടുനിന്ന നീരുവിന്റെ കണ്ണുകളും നിറഞ്ഞു. ഏട്ടനുമായി പിന്നെയും ഒത്തിരി സംസാരിച്ചു. പറയാൻ ഒരുപാടുണ്ടായിരുന്നു. ഇത്രയും കാലം വിളിക്കാത്തതിന്റെ പരിഭവങ്ങളെല്ലാം പറഞ്ഞു തീർത്തു കാൾ കട്ട്‌ ചെയ്യുമ്പോഴേക്കും നേരം കുറേ ആയിരുന്നു..

"അപ്പൊ ഏട്ടൻ കല്യാണത്തിന് വരുമല്ലേ..." ആകാംഷയോടെ നീരു പറഞ്ഞു.. "വരും.. പക്ഷെ ദേവുവുമായുള്ള അലയൻസ് ആരെങ്കിലും എടുത്തിട്ടാൽ എന്റെ കയ്യിന്ന് പോകും.. അതാണ് അങ്ങോട്ട് വരാനുള്ള മടി..." നന്ദൻ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.. നീരുവും അതിനെ പറ്റി ആലോചിച്ചു.. പെട്ടന്ന് അവളുടെ മനസ്സുലൊരു ആശയമുദിച്ചു... "ഏട്ടാ.. ഒരു ഐഡിയ..... നമുക്ക് പോവുമ്പോ നാത്തൂനേം കൂടെ കൊണ്ടുപോയാലോ.. കുറച്ചു ദിവസത്തിനല്ലേ.. ഏട്ടന്റെ ഭാര്യയാന്ന് പറഞ്ഞു കൊണ്ടുപോവാം. അതാവുമ്പോ ദേവുവിനെ കെട്ടുന്ന കാര്യം ആരും ഏട്ടനോട് ചോദിക്കുകയും ഇല്ലാല്ലോ... എന്റെ നാത്തൂനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം....." നീരു ഒറ്റ ശ്വാസത്തിൽ പറഞ്ഞത് കേട്ട് നന്ദൻ ഒന്ന് അമ്പരന്നു നിന്നുപോയി............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story