പ്രണയ സ്വകാര്യം: ഭാഗം 15

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"നിനക്ക് തലക്ക് വല്ല ഓളവും ഉണ്ടോടീ കുരിപ്പേ? അവളുടെ ഒരു ഐഡിയ.. നീ വാ തുറന്നാ അപ്പൊ ട്വിസ്റ്റാ..." നീരുവിന്റെ ഐഡിയ കേട്ടതും നന്ദൻ ഒന്ന് ഞെട്ടിപ്പോയി.. "അങ്ങനെയാണല്ലേ.. ഇനി ഞാൻ ഒന്നും പറയുന്നില്ല.. അല്ലെങ്കിലും പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം.." നീരു പിണക്കത്തോടെ മുഖം പിന്തിരിച്ചു നിന്നു. "അച്ചോടാ.. പിണങ്ങിയോ ഏട്ടന്റെ കുഞ്ഞ്..." നന്ദൻ സ്നേഹത്തോടെ അവളുടെ കവിളുകൾ കൈ കൊണ്ട് തലോടി.. "ആ പിണങ്ങി.... നിങ്ങക്കറിയോ രാവും പകലും ഇരുന്ന് ചിന്തിച്ചുകൂട്ടി കഷ്ടപ്പെട്ടിട്ടാ ഞാനിങ്ങനെ ഓരോ ട്വിസ്റ്റ്‌ പറഞ്ഞു തരുന്നേ.. അല്ലെങ്കിലും എറിയാൻ അറിയുന്നവന്റേല് വടി കൊടുക്കണം.." നീരു നന്ദന്റെ കൈ തട്ടിമാറ്റിക്കൊണ്ട് പിന്നെയും തല തിരിച്ചു വച്ചു.. "ഇപ്പോ എന്താ നിന്റെ പ്രശ്നം?" നന്ദൻ സ്നേഹത്തോടെ ചോദിച്ചു.. "അത്.. ഏട്ടാ.. ഏട്ടൻ വീട്ടിലേക്ക് വരുമ്പോ നാത്തൂനേം കൂട്ടണം... ഏട്ടന്റെ ഭാര്യയാന്ന് പറഞ്ഞാൽ പിന്നെ അച്ഛൻ ഏട്ടനെക്കൊണ്ട് ദേവൂനെ കെട്ടിക്കുന്ന കാര്യം മിണ്ടത്തില്ലല്ലോ."

"അതൊന്നും ശരിയാവില്ല നീരു.. ഒന്നാമതേ അഞ്ജലീടെ അച്ഛനെ എങ്ങനെ കൺവീൻസ് ചെയ്യിക്കും എന്നറിയില്ല. ആ ടെൻഷന്റെ ഇടയില് അവളെ വീട്ടിലേക്കും കൊണ്ടുപോകുക എന്ന് പറഞ്ഞാൽ.. അത് ശരിയാവില്ല. നീ നടക്കുന്ന കാര്യം വല്ലതും പറ...." നന്ദൻ വേണ്ടെന്ന് തലയാട്ടി. "നാത്തൂനെക്കൊണ്ട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം ഏട്ടാ.. എന്നിട്ട് നമുക്ക് ഇന്ന് തന്നെ പുറപ്പെടാം.. ഇനി ഏഴ് ദിവസം കൂടിയേ ഉള്ളു കെട്ടിന്.. നാളെ മുതല് ചടങ്ങുകള് തുടങ്ങും..." "കെട്ടിന്റെ തലേന്ന് വന്നാൽ പോരെ ഞാൻ?" "പറ്റില്ല.. എല്ലാ ചടങ്കിലും ഏട്ടനും വേണം.. ഏട്ടൻ വന്നില്ലേൽ എന്നാ ഞാനും പോണില്ല..." നീരു വാശിപിടിച്ചുകൊണ്ട് പറഞ്ഞു.. "നീയെന്നെ കുഴപ്പത്തിൽ ആക്കല്ലേ കുഞ്ഞോ..." നന്ദൻ പറഞ്ഞു നോക്കി.. "ഞാനിനി ഏട്ടനോട് കൂട്ടില്ല..." അവൾ അവിടെ നിന്നും എണീറ്റു പോകാൻ തുടങ്ങവെയാണ് വാതിൽക്കൽ അവരെ ഇരുവരെയും നോക്കി കണ്ണു തള്ളി നിൽക്കുന്ന അഞ്ജലിയെ കണ്ടത്... "നാത്തൂനെ... നീയെപ്പോ എണീറ്റ്..? ഇനീം വീഴരുത്.. ഇനി വീണാൽ നീ ശരിക്കും ചത്തു പോകും...."

അവളെ കണ്ടതും നീരു ഓടിച്ചെന്നു അടുത്തെത്തി കൈ പിടിച്ചു... "അപ്പൊ ഞാൻ കണ്ടതൊന്നും സ്വപ്നം അല്ലാല്ലേ...." അഞ്ജലി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു. പെണ്ണിന്റെ മറുപടി കേട്ട് നന്ദൻ വാ പൊത്തി ചിരിച്ചു.. "നാത്തൂനെ.. കിളികളൊന്നും കൂടണഞ്ഞില്ലേ..?" നീരു സങ്കടത്തോടെ ചോദിച്ചു. "ഒന്നു രണ്ടെണ്ണം ബാക്കിയുണ്ടായിരുന്നു.. ഇവിടെ വന്നപ്പോ നിങ്ങടെ സംസാരം കേട്ടപ്പോ അവറ്റകളും പറഞ്ഞുപോയി....." അഞ്ജലി മുഖഭാവങ്ങളൊന്നുമില്ലാതെ നീരുവിനെ നോക്കി. "നാത്തൂനേ.. അത് പിന്നെ...." "ട്വിസ്റ്റ്‌ ഇട്ട് കിളി പറപ്പിച്ച് നിനക്കിനിയും മതിയായില്ലല്ലേഡീ.." അഞ്ജലി പല്ലുകൾ ഞെരിച്ചുകൊണ്ട് പറഞ്ഞു.. "നാത്തൂനേ.. സ്നേഹം കൊണ്ടല്ലേ...." "എന്നെ നീയിങ്ങനെ സ്നേഹിക്കണ്ടാ.. നീ വന്നേ എനിക്ക് കുറേ കാര്യങ്ങൾക്ക് വ്യക്തത കിട്ടാനുണ്ട്.." പെണ്ണ് നീരുവിന്റെ കൈ പിടിച്ചു കൊണ്ടുപോകുന്നതിനിടെ നന്ദനെ ഒന്ന് നോക്കിയത് നന്ദൻ കണ്ടു. കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ അവൾ പെട്ടന്നു നോട്ടം നീരുവിലേക്ക് പറിച്ചു നട്ടുകൊണ്ട് മുറിയിലേക്ക് പോയി.. നന്ദൻ കുക്കിംഗ്‌ തുടർന്നു..

നീരു കാര്യങ്ങളത്രയും പെണ്ണിന് വിശദീകരിച്ചു കൊടുക്കുന്നതിന്റെ അവ്യക്തമായ ശബ്‌ദം കിച്ചനിലേക്ക് കേൾക്കുന്നുണ്ടായിരുന്നു. സമയം കടന്നു പോയിക്കൊണ്ടിരിക്കവേയാണ് കാളിങ് ബെൽ മുഴങ്ങിയത്.. ഇതിനി ആരാണാവോ എന്നോർത്ത് ഹാളിലെത്തിയപ്പോൾ അവിടെ നീരുവും അഞ്ജലിയും എത്തിയിരുന്നു. ഡോറിന്റെ ഹോളിലൂടെ നോക്കിയപ്പോൾ ഒരു വൃദ്ധനെയും രണ്ട് ചെറുപ്പക്കാരെയും കൂടെ രണ്ട് പോലീസുകാരെയും കണ്ടു. ഇതുതന്നെയാവണം രേവതിയുടെ അച്ഛൻ.. ആ വൃദ്ധനെ കണ്ടപ്പോ നന്ദന് മനസ്സിലായി... "രേവതീടെ അച്ഛനും കൂട്ടരുമാ...." നന്ദൻ അഞ്ജലിയെ നോക്കി പറഞ്ഞു. "ശരിക്കും രേവതീടെ അച്ഛൻ തന്നെയാണെന്ന് ഒന്നൂടെ ശ്രദ്ധിച്ചു നോക്കിക്കേ..." അഞ്ജലി നന്ദനെ നോക്കി ഒന്നൂടെ ചോദിച്ചു.. "നിനക്ക് രണ്ടച്ഛനുണ്ടോ? ഇല്ലല്ലോ? ഇതവൾടെ അച്ഛൻ തന്നെയാ..." നന്ദൻ ദേഷ്യത്തോടെ പറഞ്ഞു. "എടോ.. തന്നെ ഞാൻ...."

"ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും.. ആദ്യം ആ ഡോർ ഒന്ന് തുറക്ക്..." നന്ദന്റെ അരികിലേക്ക് ഒരു വഴക്കിനു നീങ്ങിയ അഞ്ജലിയെ നീരു തടഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ അഞ്ജലി നന്ദനെ ഒരു നോട്ടം നോക്കിയിട്ട് സ്വയം ആശ്വസിപ്പിച്ചു.. നന്ദൻ വേഗം ഡോർ തുറന്നു... "യാരു നീവു?" (ആരാണ് നിങ്ങൾ..?.) നന്ദൻ പോലീസുകാരോടായി ചോദിച്ചു. "എന്റെ മോളെവിടെ?" പോലീസുകാർ എന്തെങ്കിലും പറയുന്നതിന് മുൻപേ രേവതിയുടെ അച്ഛനാണ് തിരിച്ചു ചോദിച്ചത്.. "അങ്കിൾ മലയാളി ആണല്ലേ.... അങ്കിൾ എന്താ ചോദിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.." നന്ദൻ സൗമ്യതയോടെ ചോദിച്ചു. "ഈ ഫ്ലാറ്റിൽ താമസിക്കുന്ന എന്റെ മകൾ രേവതി എവിടെയെന്നാണ് ഞാൻ ചോദിച്ചത്...." "രേവതി..? രേവതി ജയമോഹൻ ആണോ അങ്കിൾ?" "അതേ..." "ആ കുട്ടിയും അവളുടെ ഹസ്ബൻഡും ഇന്നലെ അഡ്വാൻസ് തിരിച്ചു വാങ്ങി പോയല്ലോ.." നന്ദൻ പറഞ്ഞു. "പോകുകയോ? എങ്ങോട്ട്?" രേവതിയുടെ അച്ഛന്റെ കണ്ണുകളിൽ വെറുപ്പ് നിറയുന്നുണ്ടായിരുന്നു. "അതറിയില്ല അങ്കിൾ.. ഞാനാണ് ഈ അപാർട്മെന്റിന്റെ ഓണർ. ഇന്നലെയാണ് എന്നോട് പോലും ഫ്ലാറ്റ് ഒഴിയുകയാണെന്ന് അവർ പറഞ്ഞത്.

വിദേശത്തേക്കുള്ള ട്രിപ്പ്‌ ആണെന്ന് എനിക്ക് തോന്നുന്നു കാരണം അവരുടെ ലഗ്ഗേജ്‌ ഒക്കെ വെൽ പാക്കഡ് ആയിരുന്നു.. അവര് പോയതിനു ശേഷം ഞാനും എന്റെ ഭാര്യയും...." ഒന്ന് പറഞ്ഞു നിർത്തിക്കൊണ്ട് നന്ദൻ അഞ്ജലിയെ നോക്കി... ശേഷം തുടർന്നു... "പിന്നെ എന്റെ പെങ്ങളും ഇങ്ങോട്ട് മാറിയതാണ്.. എന്തെങ്കിലും പ്രശ്നമുണ്ടോ അങ്കിൾ...?" നന്ദൻ ഒന്നുമറിയാത്തത് പോലെ ചോദിച്ചു. രേവതിയുടെ അച്ഛൻ മറുപടി പറഞ്ഞില്ല.. "സെർച്ച് ദി ഹൗസ്.." അദ്ദേഹം പറഞ്ഞതും നന്ദനെ പിടിച്ചുമാറ്റിക്കൊണ്ട് രണ്ട് പോലീസുകാരും ഫ്ലാറ്റിനുള്ളിൽ സേർച്ച്‌ ചെയ്യുവാൻ തുടങ്ങി.. കുറച്ചു നേരത്തിനു ശേഷം അവിടെ ആരെയും കാണാതെ അവർ തിരിച്ചു വന്നു. "ഞങ്ങൾ പറഞ്ഞില്ലേ അങ്കിൾ.. ഞങ്ങൾക്കൊന്നുമറിയില്ല... ആക്ച്വലി ഇവിടെ എന്താ പ്രശ്‌നം?" നന്ദൻ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു.. "എവിടെ ആണെങ്കിലും അവരെ ഞാൻ കണ്ടു പിടിച്ചിരിക്കും..." അത്ര മാത്രം പറഞ്ഞുകൊണ്ട് രേവതിയുടെ അച്ഛൻ തിരിച്ചു നടക്കുവാൻ തുടങ്ങി..

"നീവു രേവതിയവരെ എല്ലിയാദറു നോഡിതറെ ദയവിട്ട് പോലീസ്ഗെ ഇൻഫോം മാടി.." (നിങ്ങള് രേവതിയെ എവിടെയെങ്കിലും വച്ചു കാണുകയാണെങ്കിൽ ദയവായി പോലീസിനെ ഇൻഫോം ചെയ്യുക...) ഇത്രയും പറഞ്ഞുകൊണ്ട് പിന്നാലെ പോലീസുകാരും നടന്നു പോയി. പോകുന്നതിനിടെ അച്ഛൻ ആർക്കൊക്കെയോ കാൾ ചെയ്യുന്നത് കണ്ടു... നന്ദൻ വേഗത്തിൽ ഡോറടച്ചു... "നമ്മൾ കരുതിയതിനേക്കാൾ വലിയ പുള്ളിയാണ് രേവതിയുടെ അച്ഛൻ.. നമ്മൾ സൂക്ഷിച്ചേ മതിയാവൂ..." നന്ദൻ അഞ്ജലിയെ നോക്കാതെ അവളോടായി പറഞ്ഞു. "ഈ രേവതി എന്ന് പറയുന്നത് നാത്തൂന്റെയൊപ്പം ഇവിടെ താമസിച്ച ആളല്ലേ...?" നീരു ചോദിച്ചു. അതേയെന്ന് അഞ്ജലി തലയാട്ടി.. "രേവതിയെയും അഭിയേയും ഇനി ഇവിടെ താമസിപ്പിക്കുന്നത് റിസ്ക്കാണ്.. അവരെ ഉടനെ സെയ്ഫ് ആയ ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റിയെ പറ്റൂ...." നന്ദൻ മൊബൈൽ എടുത്ത് അഭിയുടെ നമ്പർ ഡയൽ ചെയ്ത് ചെവിയിൽ വച്ചു. "പക്ഷെ എങ്ങോട്ട്?" അഞ്ജലി ചോദിച്ചു.. "അറിയില്ല.. അത് നമുക്ക് തീരുമാനിക്കാം.." നന്ദൻ പറഞ്ഞു..

അഭി മറുവശത്തു നിന്ന് കാൾ അറ്റൻഡ് ചെയ്തു.. "ഹെലോ.. എന്താടാ?" "അഭീ.. രേവതിയെ അന്വേഷിച്ച് അവളുടെ അച്ഛനും പോലീസും വന്നിരുന്നു.. നമ്മളുദ്ദേശിച്ചത്ര സ്മൂത്ത് അല്ല കാര്യങ്ങൾ.. പോലീസുകാർ ഒരു വാച്ച്മാനെ പോലെയാണ് അയാളുടെ പിന്നാലെ നടന്നു പോയത്.. ഇനി ഇവിടെ നിക്കുന്നത് അപകടമാണ്.. നീ നിന്റെയും രേവതിയുടെയും ഡ്രെസ്സുകളൊക്കെ പാക്ക്‌ ചെയ്തോ.." നന്ദൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "പാക്ക്‌ ചെയ്യാനോ? എന്തിന്? എന്നിട്ട് എങ്ങോട്ട്?" "അത് നമുക്ക് പിന്നീട് തീരുമാനിക്കാം.. നീയാദ്യം റെഡിയാക്.. പിന്നെ.. രേവതിയുടെ മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പ് വരുത്തണം.. അവരത് ട്രേസ് ചെയ്യാൻ ഇടയാവരുത് കേട്ടല്ലോ.." "എടാ.. പ്രശ്നമാകുമോ?" "എന്ത് പ്രശ്നം? നീ ടെൻഷൻ ആവാൻ നിക്കണ്ട..." നന്ദൻ സമാധാനിപ്പിച്ചുകൊണ്ട് കാൾ കട്ട്‌ ചെയ്തു. "അവരോട് എല്ലാം പാക്ക്‌ ചെയ്യാം പറഞ്ഞിട്ട് അവരെ എങ്ങോട്ട് മാറ്റാനാ?" അഞ്ജലി പിന്നെയും നന്ദനോട് ചോദിച്ചു.. "എന്റെ പക്കൽ ഒരു ഐഡിയ ഉണ്ട്....." നീരു പറഞ്ഞു. "നാത്തൂനെ....."

എന്തോ അപകടം മണത്തറിഞ്ഞുകൊണ്ട് അഞ്ജലി നീരുവിനെ നോക്കി.. "അത്.. നമുക്ക് കാശിയേട്ടന്റെ കല്യാണത്തിന് അവരെയും കൊണ്ടുപോയാലോ? അതാകുമ്പോ ഒരു സേഫ് സ്ഥലമായില്ലേ?" നീരു പറഞ്ഞു. ആദ്യമായി പെങ്ങൾ കുരുട്ടില്ലാത്ത ഒരു ഐഡിയ പറഞ്ഞുവെന്ന് തോന്നി നന്ദന്.. "അത് നല്ലൊരു ഐഡിയ ആണ്.. എവിടെയാകുമ്പോ അവരെ തിരഞ്ഞ് ആരും വരില്ല..." നന്ദനും അത് സമ്മതിച്ചു.. "ഹാവൂ.. ആദ്യമായിട്ട് എന്റേട്ടൻ എന്റെ ഐഡിയയെ അക്‌സെപ്റ്റ് ചെയ്തല്ലോ.. ഇനിയെനിക്ക് ചത്താലും വേണ്ടില്ല...." നീരു കൃതാർതയായി.. അഞ്ജലി വലിയൊരു ആശയക്കുഴപ്പത്തിലായിരുന്നു.. രേവതി പോയാൽ താനിവിടെ ഒറ്റക്കെങ്ങനെ നിക്കും.. ആ ചിന്ത മനസ്സിലാക്കിയത് പോലെയാവണം നീരു അവളെ നോക്കി. "എന്താ നാത്തൂനെ.. റെഡി ആകുന്നില്ലേ?" "ഞാനോ? എവിടേക്ക്...." അഞ്ജലി നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു. "അപ്പൊ നീ വരുന്നില്ലേ?" നന്ദനാണ് ചോദിച്ചത്. "ആഹ്.. ഞാൻ.. നിങ്ങടെ ഭാര്യ ആയിട്ട്.. നിങ്ങടെ വീട്ടിലേക്ക്.. നടന്നത് തന്നെ.." പെണ്ണ് പുച്ഛത്തോടെ മുഖം തിരിച്ചു. "ആഹാ.. എന്താടീ നാത്തൂനെ നിനക്കൊരു പുച്ഛം? നിനക്കെന്റെ ജീബേട്ടനെ കെട്ടാം.. ജീബേട്ടന്റെയൊപ്പം ചോറ് കഴിക്കാം.. ജീബേട്ടന്റെ കൊച്ചിനെ......." "നാത്തൂനെ......"

നീരു പറഞ്ഞു തീർക്കുന്നതിന് മുന്നേ അഞ്ജലി ഇടക്ക് കയറി.. "പറയുമെടീ.. ഞാൻ പറയും... നിനക്ക് ജീബേട്ടനെ എന്റെ പാവം ഹരിയേട്ടനെ വേണ്ടല്ലേ.." നീരു പറഞ്ഞു തീർക്കുക തന്നെ ചെയ്തപ്പോൾ നന്ദന് ചിരി പൊട്ടിയെങ്കിലും അവൻ പുറത്ത് കാണിച്ചില്ല. "നിർബബന്ധിക്കണ്ട നീരു.. അവൾ വേണേൽ ഇവിടെ ഒറ്റക്ക് നിന്നോട്ടെ.. നീ നിന്നോ അഞ്ജലീ.. രേവതിയെയും കൊണ്ട് ഞങ്ങളെല്ലാരും പോകുവാ.. നീയിവിടെ ഒറ്റക്ക് നിക്കേണ്ടി വരും. പിന്നെ നിന്റെ വീട്ടിലേക്ക് പോകാമെന്നു വച്ചാൽ ഇനി ഞാനില്ലാതെ നിന്റച്ഛന്റെ മുന്നിൽ നീ ഒറ്റക്ക് പോയാലുള്ള അവസ്ഥ നിനക്ക് തന്നെ അറിയാല്ലോ.. പിന്നെ ഇടക്കിവിടെ രാത്രീല് കരണ്ട് പോയാ മാത്രം ഒന്ന് കരുതിയിരുന്നോ.. ആ റൂമില് കെട്ടിതൂങ്ങിച്ചത്ത ചേച്ചിയുടെ പ്രേതം...." "മതി ഒന്ന് നിർത്ത്... ഞാൻ വരാം പോരെ....." നന്ദൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ടിരുന്നപ്പോൾ അഞ്ജലി നിർത്തുവാനായി ഇടക്ക് കയറിപ്പറഞ്ഞു. "ദാറ്റ്‌ ഈസ് മൈ നാത്തൂൻ.. എന്നാ വേഗം പോയി റെഡി ആയിക്കെ..." നീരു പറഞ്ഞു. നന്ദൻ മെല്ലെ പുഞ്ചിരിച്ചു നിന്നപ്പോൾ പെണ്ണ് റൂമിലേക്ക് കയറിച്ചെന്നു. പിന്നാലെ നീരുവും... 🌺🥀🌺🥀🌺🥀🌺🥀🌺🥀

"നാത്തൂ..." "മ്മ്?" "നാത്തൂനെ..." ഡ്രസ്സ്‌ പാക്ക്‌ ചെയ്തുകൊണ്ടിരുന്ന അഞ്ജലിയെ നീരു പിന്നെയും കുലുക്കി വിളിച്ചു. "എന്താ നാത്തൂനെ?" അഞ്ജലി ചെയ്യുന്നത് നിർത്തിവച്ച് നീരുവിനെ നോക്കി. "നീയെനിക്കൊരു ഹെല്പ് ചെയ്യോ?" അഞ്ജലിയുടെ കയ്യിൽ വിരലുകളോടിച്ചുകൊണ്ട് നാണത്തോടെ നീരു ചോദിച്ചു. "ഹെൽപ്പോ? എന്തോന്ന്? ചെയ്തുതന്ന ഹെല്പ്പുകളൊക്കെ ധാരാളമല്ലേ നാത്തൂനെ?" അഞ്ജലി ഓരോന്ന് ഓർത്തുകൊണ്ട് ചോദിച്ചു. "അല്ലെങ്കിലും സ്നേഹം വേണം സ്നേഹം..." "നീ പറ... എന്നെക്കൊണ്ട് പറ്റുന്നതാണേൽ ഞാൻ ചെയ്യാം..." അഞ്ജലി പറഞ്ഞു. "അതേയ്.. നമ്മക്ക് വീട്ടിലോട്ട് പോണതിന്റെ കൂടെ വിച്ചേട്ടനേം വീട്ടിലേക്ക് കൊണ്ടുപോയാലോ ലോ ലോ......." നീരുവിന്റെ ചോദ്യം കേട്ട് അഞ്ജലി വാ പൊളിച്ചു. എന്ത് പറയണമെന്നറിയാതെ നിന്നുപോയി.. "വിഷ്ണൂനെയോ? എന്തിന്?"

"അത് പിന്നെ.. നിന്റെ ആങ്ങളയാന്ന് പറഞ്ഞ് നീ വരുമ്പോ കൂടെ കൊണ്ടുപോയാൽ ഞങ്ങക്കും നേരിട്ടൊന്ന് കാണാല്ലോ..." മുഖത്ത് നോക്കാതെ നീരു പറഞ്ഞത് കേട്ട് അഞ്ജലി അവളുടെ കണ്ണിലേക്ക് നോക്കി... "നീയെന്റെ മുഖത്തോട്ടൊന്ന് നോക്കിയേ..." അഞ്ജലി പറഞ്ഞപ്പോൾ നീരു നാണത്തോടെ ഒന്ന് നോക്കി... "ഇതിനായിരുന്നല്ലെടീ നിർബന്ധിച്ച് എന്നേക്കൂടെ നിങ്ങടൊപ്പം വീട്ടിലേക്ക് കൊണ്ടുപോകാൻ പഠിച്ച പണി പതിനെട്ടും പയറ്റിയത്.. ഏതായാലും നീ തരക്കേടില്ല... ഒന്നര ഇഞ്ചുള്ള നിന്റെ തലച്ചോറിൽ ഒന്നേകാൽ ഇഞ്ചും കുരുട്ടു ബുദ്ധിയാല്ലേ..." അഞ്ജലി പറഞ്ഞപ്പോൾ നീരു നാണത്തോടെ കണ്ണ് പൊത്തി.. "ശ്ശോ.. പോ അവിടുന്ന്.... നീ എങ്ങനെയേലും ഏട്ടനെക്കൊണ്ട് ഇതൊന്ന് പറഞ്ഞ് സമ്മതിപ്പിച്ചു താ.. ഞങ്ങളും ഒന്ന് സെറ്റ് ആകട്ടേഡീ...." നീരു പറഞ്ഞു.. അഞ്ജലി അവളുടെ നാത്തൂന്റെ കാഞ്ഞ ബുദ്ധിയോർത്ത് തലയാട്ടിക്കാണിച്ചു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story