പ്രണയ സ്വകാര്യം: ഭാഗം 16

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"വാട്ട്‌? വിഷ്ണുവിനെയോ? നമ്മുടെ ഒപ്പമോ?" നന്ദനോട് വിഷ്ണുവിനെയും ഒപ്പം കൂട്ടണമെന്ന് പറഞ്ഞത് നീരു നിർബന്ധിച്ചതുകൊണ്ടാണ്. നന്ദനോട് അതിനെപ്പറ്റി പറയുമ്പോൾ നീരു അടുക്കളയിൽ നിന്നും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. "അല്ല.. അവനെന്തിനാ നമ്മുടെ കൂടെ വരുന്നത്? അത് ശരിയാവോ?" നന്ദൻ ഒന്നുകൂടെ ആലോചിച്ചിട്ട് ചോദിച്ചു. എന്തായാലും ആ വീട്ടിലേക്ക് വരാൻ വിഷ്ണുവിന് സമ്മതമുണ്ടാവില്ലെന്ന് അറിയാമായിരുന്നെങ്കിലും നീരുവിന് വേണ്ടിയാണ് പിന്നെയും നന്ദനോട് അവൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. "അതെന്താ എന്റെ ചേട്ടൻ വന്നാൽ?" "അതെന്തിനാ നിന്റെ ചേട്ടൻ വരുന്നത്?" നന്ദൻ തിരിച്ചു ചോദിച്ചു.. "എന്നാ എന്റെ ചേട്ടനെ കൊണ്ടുപോകാത്ത ഇടത്തേക്ക് ഞാനും വരുന്നില്ല.. എന്റെ ചേട്ടനെ കൂടെ കൂട്ടുന്നതേ എന്റെ സേഫ്റ്റിക്ക് വേണ്ടിയാ.. നിങ്ങടെ കൂടെയല്ലേ വരുന്നത്..

എനിക്കെന്തെങ്കിലും പറ്റിയാൽ ചോദിക്കാനും പറയാനും ആരെങ്കിലും ഒക്കെ വേണ്ടേ..." അത് പറയുമ്പോൾ നന്ദൻ മെല്ലെ തല താഴ്ത്തി പുഞ്ചിരിച്ചു. പടുത്തുയർത്തിയ ആ ചിരിക്ക് പിന്നിലായി ഒരു നോവ് കടന്നു പോയതായി പെണ്ണിന് തോന്നി. "നിനക്കിപ്പഴും എന്നെ ഒട്ടും വിശ്വാസമില്ലേ വാവേ.. അതോണ്ടാണോ നീ വിഷ്ണുവിനെ കൂടെക്കൂട്ടുന്നത്?" നന്ദൻ ചോദിച്ചപ്പോൾ പെട്ടെന്നവളുടെ മഞ്ഞുമലയിരുകിപ്പോയി.. അവൾക്ക് മുന്നിൽ തലതാഴ്ത്തി നിന്ന് പുഞ്ചിരിക്കുന്ന അവളുടെ ജീബേട്ടനെ അവളൊരു നിമിഷം നോക്കി നിന്നു പോയി... "അത്.. ജീബേട്ടാ.." അറിയാതെ പെണ്ണിന്റെ വായിൽ നിന്നും ആ പേര് വീണതും നന്ദൻ അവളുടെ മുഖത്തേക്കൊന്ന് നോക്കി.. ദുർഗയെ നേരിട്ട് കാണുമ്പോ ഒരു നൂറു തവണ ജീബേട്ടാന്നങ്ങനെ വിളിപ്പിക്കണമെന്നൊക്കെ മനസ്സിലാഗ്രഹിച്ചിരുന്നതാണ്.

ജീബേട്ടനെന്ന് വിളിച്ചതോർത്ത് അവളും പതറിപ്പോയിരുന്നു.. "അത്.. എന്താന്ന് വച്ചാൽ.. നീരുവും വിഷ്ണുവും തമ്മിൽ റിലേഷനിലാണ്. സോ.." നന്ദനോട് എങ്ങനെ അവതരിപ്പിക്കണമെന്നറിയില്ലായിരുന്നു. കേട്ടതും നന്ദന്റെ നെറ്റിയൊന്ന് ചെറുതായി ചുളിഞ്ഞു. ആ കാര്യത്തെ പറ്റി നന്ദനോട് പറയണ്ടാന്ന് നീരു നേരത്തെ ഓർമ്മിപ്പിച്ചതായിരുന്നു.. "എന്താ? അപ്പൊ ഗ്രൂപ്പിൽ അന്ന് പറഞ്ഞതൊന്നും തമാശക്കായിരുന്നില്ലേ..?" നന്ദൻ ചോദിച്ചു. അടുക്കളയിൽ നിന്നും ഒളിഞ്ഞു നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന നീരു അമ്പരന്നുകൊണ്ട് താടിക്ക് കൈ വച്ചു.. "ഗ്രൂപ്പിൽ പറഞ്ഞതൊക്കെ തമാശക്കായിരുന്നു പക്ഷെ അതിന് ശേഷമാണ് അവര് തമ്മിൽ അടുക്കുന്നത്...." "താനെന്തൊക്കെയാടോ ഈ പറയുന്നേ? ഒരു ഗ്രൂപ്പിൽ രണ്ട് മൂന്ന് തള്ള് തള്ളിയെന്ന് വച്ച് അവരുടനെ ഇഷ്ടത്തിലാവുകേ?" നന്ദൻ ചോദിച്ചു... "അപ്പൊ.. ജീബേട്ടൻ ദുർഗയോട് മെസേജ് അയച്ചു പറഞ്ഞതും കോൾ ചെയ്തപ്പോ പറഞ്ഞതുമെല്ലാം ഒരു ഗ്രൂപ്പിൽ തള്ളിയതിന്റെ തമാശയായിരുന്നോ..?"

നന്ദന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് പുഞ്ചിരിക്കുവാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചപ്പോൾ നന്ദനൊന്ന് പതറി. എന്ത് പറയണമെന്നറിയാതെ കുഴങ്ങിപ്പോയി... "എന്തേലും ചെയ്യ്..." അത്രയും പറഞ്ഞുകൊണ്ട് നന്ദൻ ഫ്ലാറ്റിനു പുറത്തേക്ക് നടന്നു. "ഉത്തരം പറഞ്ഞിട്ട് പോ.." പെണ്ണ് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. അറിയാതെ പെണ്ണിന്റെ കണ്ണിലൊന്നിൽ നനവ് പടർന്നു.. കേട്ടതും നന്ദനൊന്ന് നിന്നു.. മെല്ലെ തിരിഞ്ഞു നോക്കി.. അവളുടെ മുഖത്തേക്ക് നോക്കാതെ തറയിലേക്ക്.. "ഇതിനൊക്കെ ഞാനെന്താ പറയണ്ടേ? മറുപടി അർഹിക്കുന്നില്ല.." പറഞ്ഞുകൊണ്ട് നന്ദൻ മെല്ലെ നടന്നകന്നു.. എങ്ങോട്ടെന്നില്ലാതെ നടന്നു മുന്നിൽ കണ്ട ലിഫ്റ്റിലേക്ക് നേരെ കയറിച്ചെന്നു.. കണ്ണുകളിൽ എന്തോ കോറിയത് പോലെ തോന്നി.. നോവിന്റെ ഭാരം കൊണ്ട് തല താണു പോയി. അത്രയും വിഷമം തോന്നിയത് അവൾക്കൊരു മറുപടി കൊടുക്കുവാൻ കഴിയാതെ പോയല്ലോ എന്നോർത്താണ്. അത്രയും വിഷമം തോന്നിയത് ആ പൊട്ടിപ്പെണ്ണ് തന്റെ ജീവനാണെന്ന് അവളറിയാതെ പോകുന്നല്ലോ എന്നോർത്താണ്..

"എന്തോന്നാടി ഇത്?" നന്ദൻ പോയ ശേഷവും അവിടെ തന്നെ നിൽക്കുകയായിരുന്നു. അപ്പോഴാണ് നീരു അടുക്കലേക്ക് വന്ന് തോളിൽ തട്ടിയത്.. "ഏയ്‌.. ഞാൻ വെറുതേ വിഷ്ണൂനെ കൂടെ കൂട്ടാൻ വേണ്ടി പറഞ്ഞതാടീ.. നിന്റെ ഏട്ടനല്ലേ അങ്ങേർക്കത് ഫീൽ ആകത്തൊന്നുമില്ല...." അഞ്ജലി പുഞ്ചിരിക്കുവാൻ ശ്രമിച്ചു. "ഏട്ടന് നിന്നെ നല്ല ഇഷ്ട്ടാ നാത്തൂനേ.." "അതെനിക്കറിയാടീ..." "ഹ്മ്മ്.. നിനക്കും ഏട്ടനെ ഇഷ്ടമാണെന്നുള്ള കാര്യം നിനക്കറിയോ?" നീരു ചോദിച്ചു. അറിയാമെന്നു മറുപടി പറയാൻ തുടങ്ങുകയായിരുന്നു.. പെട്ടന്നാണ് അവളുടെ ചോദ്യത്തിന്റെ അർത്ഥം ശ്രദ്ധിച്ചത്... "ഡീ...." കണ്ണുകൾ കൂർപ്പിച്ചുകൊണ്ട് നീരുവിനെ നോക്കുന്നതിന് മുന്നേ അവൾ ഓടി രക്ഷപ്പെട്ടിരുന്നു... 🌺🥀🌺🥀🌺🥀🌺🥀🌺🥀 പാക്കിങ് എല്ലാം കഴിഞ്ഞപ്പോഴും വിഷ്ണുവിനെ എങ്ങനെ വിളിക്കുമെന്നുള്ള സംശയമായിരുന്നു. നന്ദൻ ഓക്കേ പറഞ്ഞെങ്കിലും ഒരു മടി.. ഏതായാലും നന്ദനോട് ഒന്നുകൂടെ ചോദിച്ചിട്ട് ചെയ്യാം. പാക്കിങ് എല്ലാം കഴിഞ്ഞ് ലഗേജുമായി രേവതിയുടെയും അഭിയുടെയും ഫ്ലാറ്റിലേത്തി.

ഇടക്ക്‌ വച്ച് നന്ദനെ ഒന്നു രണ്ട് തവണ കണ്ടെങ്കിലും മുഖത്തേക്ക് നോക്കാനോ സംസാരിക്കാനോ നന്ദൻ കൂട്ടാക്കിയില്ല. രേവതി ഭയങ്കര ഉത്സാഹത്തിലാണ്. അവള് വല്ലതും അറിയുന്നുണ്ടോ തന്റെ കഷ്ടപ്പാട്.. കേറി ചെന്നപ്പോ അവള് ഇളിച്ചുകൊണ്ട് അടുത്തേക്ക് ഓടി വന്നു. ഒരൊറ്റ ആട്ട് വച്ചുകൊടുക്കാനാണ് തോന്നിയത്. ആ ദേഷ്യം അവളെ കെട്ടിപ്പിടിക്കുന്നതിൽ തീർത്തു. "ഞെക്കിക്കൊല്ലാതെടീ ദുഷ്ടേ..." കെട്ടിപ്പിടിക്കുമ്പോൾ അവളെ ഒന്ന് ഞെരിക്കുവാൻ നോക്കി.. "അത് പിന്നെ.. സ്നേഹം കൊണ്ടാഡീ..." അവളെ അടർത്തിമാറ്റിക്കൊണ്ട് പറഞ്ഞു.. നീരു വന്നപ്പോ തുടങ്ങിയതാണ് ടെൻഷനോടെ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നത്.. വിഷ്ണു ആവും.. അവൻ വരില്ലെന്ന് പറഞ്ഞുകാണും.. ഫ്ലാറ്റ് പൂട്ടിയിട്ട് നന്ദൻ തിരിച്ചുവന്നു.. അഞ്ജലിയെ ഒന്ന് കണ്ടതും നന്ദൻ മുഖത്ത് നോക്കുവാൻ മടിച്ചുകൊണ്ട് ഹാളിലെ സോഫയിൽ പോയിരുന്നു. "എല്ലാരും റെഡിയല്ലേ.. നമുക്ക് ഇറങ്ങാറായി.." നന്ദൻ ആരോടെന്നില്ലാതെ ചോദിച്ചു.

വിഷ്ണുവിന്റെ കാര്യം എങ്ങനെ ചോദിക്കുമെന്നായിരുന്നു ടെൻഷൻ. അതിനു മുൻപ് വിഷ്ണുവിനെയും ഒന്ന് വിളിച്ചു ചോദിക്കണമായിരുന്നു. എന്തു ചെയ്യുമെന്നാലോചിച്ച് തല കനത്തു.. പെട്ടന്നാണ് പുറത്തു നിന്നും ഒരു കാളിങ് ബെൽ കേട്ടത്.. കാളിങ് ബെൽ കേട്ടതും എല്ലാവരുമൊന്ന് ഞെട്ടി.. ഇനി രേവതിയുടെ അച്ഛനും പോലീസും ആയിരിക്കുമോ എന്നായിരുന്നു ചിന്ത.. രേവതി അഭിയുടെ പിന്നിലേക്ക് മാറി നിന്ന് അവന്റെ കയ്യിൽ മുറുകെ പിടിച്ചു.. നന്ദൻ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ പുറത്ത് വിഷ്ണുവായിരുന്നു. വിഷ്ണുവിനെ ഇതുവരെ കണ്ടിട്ടില്ലാത്ത നന്ദൻ നിസ്സാരമായിക്കൊണ്ട് ഡോർ തുറന്നു. "യാര് നീവു?" നന്ദൻ ചോദിച്ചു.. "അളിയാ...." വിഷ്ണു വേഗം നന്ദനെ കെട്ടിപ്പിടിച്ചു.. വിഷ്ണുവിനെ കണ്ടതും അഞ്ജലി ഒന്ന് അമ്പരന്നു നിന്നു പോയി.. വിഷ്ണുവിന്റെ ഒപ്പം ഒരു ലോഡ് ലഗേജുകളുമുണ്ടായിരുന്നു.. അപ്പോഴാണ് ഇതെല്ലാം നീരുവും ഇവനും മുന്നേ പ്ലാൻ ചെയ്തതാണെന്ന് മനസ്സിലായത്.. ബാൽക്കണിയിൽ നിന്ന നീരുവിനെ ഒന്ന് നോക്കിയപ്പോൾ ഒന്നും അറിയാത്ത മട്ടിൽ നീരു ഇളിച്ചു കാണിച്ചു..

"അളിയനോ.. ആരുടെ അളിയൻ..." നന്ദൻ പെട്ടന്നു ആളെ മനസ്സിലാകാതെ വിഷ്ണുവിൽ നിന്നും അടർന്നു മാറിക്കൊണ്ട് ചോദിച്ചു.. "അത് വിഷ്ണുവാണ്...." അഞ്ജലി പറഞ്ഞത് കേട്ടപ്പോഴാണ് നന്ദന്റെ മുഖത്ത് ഗൗരവം നിറഞ്ഞത്. വിഷ്ണുവിനെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് നന്ദൻ അകത്തേക്കിരുന്നു.. അഞ്ജലി വേഗം വിഷ്ണുവിന്റെ അടുത്തേക്കെത്തി.. "എടാ മരപ്പട്ടീ.. അപ്പൊ നിന്നെയും കൂടെ തറവാട്ടിലേക്ക് എത്തിക്കുക എന്നുള്ളത് നിന്റെയും കൂടെ പ്ലാൻ ആയിരുന്നല്ലേഡാ.. എന്തായാലും കൊള്ളാം.. നീയും നീരുവും നല്ല മാച്ചാ.. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്... " അഞ്ജലി അവന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ദേഷ്യവും കലർത്തി പറഞ്ഞപ്പോൾ വിഷ്ണു ഒന്ന് ഇളിച്ചു കാണിച്ചു.. വിഷ്ണുവിന്റെ കണ്ണുകൾ വന്നപാടെ തിരഞ്ഞത് നീരുവിൽ ആയിരുന്നു.. അവളെ ബാൽക്കണിക്കടുത്ത് കണ്ടതും ലഗേജ്‌ താഴെ വച്ച് അവനോടി അങ്ങോട്ട് ചെന്നു. അത് നന്ദന് പിടിച്ചില്ലെന്ന് തോന്നുന്നു, നന്ദൻ ഫ്ലാറ്റിനു പുറത്തേക്ക് വേഗത്തിൽ നടന്നു പോയി.. പിന്നാലെ ചെന്ന് നോക്കി... "അതേയ്.. ഇഷ്ടായില്ലെങ്കിൽ വിഷ്ണൂനോട് ഞാൻ പൊക്കോളാൻ പറയാട്ടോ.."

പിന്നിൽ നിന്നുകൊണ്ട് ചോദിച്ചു. "അതിന് എനിക്കിഷ്ടായില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ?" തിരിഞ്ഞു നോക്കാതെ നന്ദൻ തിരിച്ചു ചോദിച്ചു.. "പിന്നെ പേടിക്കണ്ട.. വിഷ്ണു ഒരു പാവമാണ്. എന്നെപ്പോലെയൊന്നുമല്ല.. ആരേം നോവിക്കാനറിയില്ല.. ആരേം വെറുപ്പിക്കാനുമറിയില്ല.. വെറും പാവം.. നീരൂനെ ഓർത്ത് പേടി വേണ്ട..." അഞ്ജലി പറഞ്ഞു.. നന്ദൻ തിരിഞ്ഞു നോക്കാതെ തലയാട്ടി... 🌺🥀🌺🥀🌺🥀🌺🥀🌺🥀 ട്രെയിനിൽ പോകാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. വിഷ്ണുവിന്റെ കാർ ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് കോവിഡ് ആയതുകൊണ്ട് എന്തുകൊണ്ടും സേഫ് കാർ ആണെന്ന് നീരു പറഞ്ഞത്. "അഡ്ജസ്റ്റ് ചെയ്ത് ഇരിക്കണേൽ ഞാൻ ആരുടെയെങ്കിലും മടിയിൽ ഇരുന്നോളാട്ടോ..." ഇടയിലൂടെയാണ് നീരു ഗോൾ അടിക്കാൻ നോക്കിയത്. നീരു പറഞ്ഞത് കേട്ട് അഞ്ജലി ഒന്ന് ഞെട്ടിക്കൊണ്ട് നന്ദനെ നോക്കി. നന്ദൻ അതിന് മുൻപേ നീരുവിനെയും വിഷ്ണുവിനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. ജീബേട്ടനെയും കുറ്റം പറയാൻ പറ്റില്ല. ഒരു ആങ്ങളയുടെ രോദനം.. എല്ലാവരും ഒരുങ്ങിക്കെട്ടി റെഡിയായപ്പോഴേക്കും സമയം രാത്രി ആകാറായിരുന്നു..

താഴെക്കിറങ്ങിച്ചെന്ന് കാറിൽ കേറുമ്പോ വിഷ്ണുവിന് നേരിയ തലവേദന തുടങ്ങി.. സ്വാഭാവികം.. "ഇനി കാർ ഞാനോ അഭിയോ ഓടിക്കണമായിരിക്കും..." നന്ദൻ എടുത്തു പറഞ്ഞു.. "വല്യ ഉപകാരം അളിയാ.. ഞാൻ പിന്നിൽ ഇരുന്നോളാം.. അല്ലെ നീരൂ.." വിഷ്ണു നീരുവിനെ നോക്കി. നീരു നാണത്തോടെ തലയാട്ടി. അങ്ങനെ നാണവും മാനവും ഇല്ലാതിരുന്ന നീരുമോൾക്ക് അതും തുടങ്ങി. ഇത് ചരിത്രം രേഖപ്പെടുത്തുന്ന നിമിഷം.. "അത് വേണ്ടാ.. നിന്റെ കാറല്ലേ.. നീ തന്നെ ഓടിച്ചാൽ മതി.." നന്ദൻ പറഞ്ഞു. അളിയാ എന്ന് സ്നേഹത്തോടെ നീട്ടി വിളിച്ചുകൊണ്ടു വിഷ്ണു ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്നു.. ഇനി സൈഡ് സീറ്റും മിസ്സ്‌ ആകണ്ടാന്ന് കരുതി നീരു നന്ദൻ എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപേ ഫ്രണ്ടിലെ സൈഡ് സീറ്റിൽ ചാടിക്കേറിയിരുന്നു. രേവതിയും അഭിയും മൂന്നാമത്തെ റോയിൽ കയറിയിരുന്നപ്പോൾ രണ്ടാമത്തെ റോയിലാണ് നന്ദനും അഞ്ജലിയും കയറിയത്. അടുത്തിരുന്നപ്പോൾ അഞ്ജലി അവനെ നോക്കിയെങ്കിലും അത് മനസ്സിലാക്കി നന്ദൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി..

"അളിയാ...." കാർ യാത്ര പുറപ്പെട്ടു.. അപ്പോഴാണ് നന്ദൻ വിളിക്കുന്നത്. പിന്നിലിരുന്ന അഭി വിളി കേട്ടു.. "എന്താ അളിയാ..?" "നിന്നെയല്ലടാ.. ഞാൻ എന്റെ സ്വന്തം അളിയനെ വിളിച്ചതാ.." നന്ദൻ പറഞ്ഞപ്പോൾ അഞ്ജലിക്കൊപ്പം നീരുവും വിഷ്ണുവും ഒന്ന് ഞെട്ടി. ഞെട്ടലിന്റെ ആഘാതത്തിൽ വിഷ്ണു കാർ ബ്രേക്ക്‌ ഇട്ട് നിർത്തി... "എന്നെയാണോ?" ഒന്നുകൂടെ ഉറപ്പിക്കുവാനായി വിഷ്ണു തിരിഞ്ഞു നന്ദനെ നോക്കിക്കൊണ്ട് ചോദിച്ചു. "നീയെന്റെ അളിയനല്ലേ? നിന്നോട് തന്നെ.." നന്ദൻ അതുപറഞ്ഞപ്പോൾ നീരുവിന്റെ മുഖമൊന്നു കാണേണ്ടത് തന്നെയായിരുന്നു.. വിഷ്ണുവിന്റെ മുഖത്ത് ഒരു പുഞ്ചിരി പരന്നു.. അവന്റെ ഇരു കവിളുകളിലെയും നുണക്കുഴികൾ വ്യക്തമായി കാണപ്പെട്ടു.. "പറ അളിയാ..." വിഷ്ണു പറഞ്ഞു. "നേരെ നോക്കി വണ്ടി ഓടിക്കണേ എന്ന് പറയാനാ.. ഇടത്തോട്ട് നോക്കിയിരുന്നു വണ്ടിയോടിച്ച് വല്ല കൊക്കയിലും കൊണ്ടിടരുത് നീ.."

നീരുവിനെ അർത്ഥം വച്ചുകൊണ്ട് നന്ദൻ പറഞ്ഞു. "ഓക്കേ അളിയാ...." വിഷ്ണു സന്തോഷത്തോടെ കാർ പിന്നെയും ഓടിക്കുവാൻ തുടങ്ങി. അഞ്ജലിയുടെ ഉള്ളിൽ ഒരു സംശയമായിരുന്നു.. വിഷ്ണുവിനെ അളിയനെന്ന് വിളിച്ചത് തന്നെ ഉദ്ദേശിച്ചാണോ അതോ നീരുവിനെ ഉദ്ദേശിച്ചാണോ അതോ രണ്ടുപേരേം ഉദ്ദേശിച്ചാണോ..? പതുക്കെ നന്ദന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. "അതേയ്.. അവനെ അളിയൻ എന്ന് വിളിച്ചല്ലോ.. ഏത് വകയിലാ..?" നന്ദൻ ഒരു നിമിഷം ആലോചിച്ചു. പിന്നെയാണ് oru കുസൃതി തോന്നിയത്. "എന്റെ പെങ്ങളേ കെട്ടാൻ പോകുന്നവനെ ഞാൻ അളിയനെന്നല്ലാതെ പിന്നെന്ത് വിളിക്കാനാ?" നന്ദൻ ഗൗരവത്തോടെ അവൾക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ മന്ത്രിച്ചു. കേട്ടപ്പോ പെണ്ണിന്റെ മുഖമൊന്നു വാടുന്നതവൻ ശ്രദ്ധിച്ചു.. അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു... "ആ പിന്നേ.. നമ്മടെ ഗ്രൂപ്പിൽ നമ്മളേ എല്ലാരേം ഒരുമിച്ച് കാണാതായതിനെ പറ്റി വൻ ചർച്ചയാ.." നീരു തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. "രണ്ട് മൂന്ന് ദിവസമായിട്ട് കിളി പറക്കൽ ആയതുകൊണ്ട് അതിലേക്ക് നോക്കാൻ സമയം കിട്ടിയിട്ടേ ഇല്ല.." അഞ്ജലി പറഞ്ഞു.

ഗ്രൂപ്പ് എന്ന് കേട്ടപ്പോ ഒന്ന് പതറിപ്പോയി നന്ദനും അഞ്ജലിയും.. "സാരമില്ല.. ദുർഗമോൾ പ്രെഗ്നന്റ് ആയതോണ്ട് അവൾക്കൊട്ടും വയ്യാന്നും അതോണ്ട് ജീബേട്ടൻ എന്നും അവൾക്കൊപ്പമാന്നും ഞാൻ തള്ളി വിട്ടിട്ടുണ്ട്..." നീരു പറഞ്ഞത് കേട്ട് നന്ദന്റെയും അഞ്ജലിയുടെയും മുഖത്ത് ഒരു ഇടി വെട്ടി... "നാത്തൂനേ....." അഞ്ജലി ഒന്ന് നീട്ടി വിളിച്ചു. "സ്റ്റിൽ ഐ ലവ് യൂ നാത്തൂനെ..." "ഉവ്വെടീ.. എന്നെ നീ സ്നേഹിച്ച് സ്നേഹിച്ച് കൊല്ല്.." അഞ്ജലി പറഞ്ഞു. "എന്തായാലും ഗ്രൂപ്പിൽ ഒന്ന് കേറിയേക്കാം ല്ലേ.." നന്ദൻ പറഞ്ഞപ്പോഴാണ് നീരുവും ഓക്കെയെന്ന് പറഞ്ഞു ഫോൺ എടുക്കുന്നത് കണ്ടത്. അപ്പോ പിന്നെ അഞ്ജലിയും മെസെഞ്ചർ ഓപ്പൺ ചെയ്തു. 'അലോ.. ദുർഗമോൾ വന്നല്ലോ....' നേരെ കേറി ഒരു മെസേജ് അങ്ങ് അയച്ചു... 'ദുർഗ്ഗേ.. ഒരു വിവരവും ഇല്ലല്ലോ നിന്നെ പറ്റി..' ആരുടെയൊക്കെയോ മെസേജുകൾ കണ്ടു.. 'ഞങ്ങളെല്ലാരും ഇപ്പൊ നാട്ടിലോട്ടു പോയിക്കൊണ്ടിരിക്കുവാ...' നീരു പറഞ്ഞു. 'അതെന്തിനാ? എന്തെങ്കിലും ഫങ്ഷൻ ഉണ്ടോ?' ഇങ്ങനെയൊരു മെസേജ് കണ്ടപ്പോഴാണ് നാത്തൂനിട്ടൊരു താങ് താങ്ങുവാൻ ദുർഗമോൾക്ക് തോന്നിയത്..

'അത് പിന്നെ.. ഒരു അസുലഭ നിമിഷത്തിൽ നീരുമോൾടേം വിഷ്ണൂന്റേം എൻഗേജ്മെന്റ് ഉറപ്പിച്ചു....' ദുർഗ മെസേജ് ഇട്ടതും നന്ദനും നീരുവും ഞെട്ടിക്കൊണ്ട് അഞ്ജലിയെ നോക്കി. "ഈ തള്ളൽ ന്ന് പറയുന്നത് നിങ്ങള് ആങ്ങളുടെയും പെങ്ങളുടെയും കുടുംബസ്വത്ത് ഒന്നുമല്ലല്ലോ.. ദുർഗ മോൾക്കും അറിയാം തള്ളാൻ.. തള്ളൽ പ്രസ്ഥാനത്തിലെ രണ്ട് മഹാ പ്രബന്ധങ്ങൾ എന്റെയാ.. അറിയോ.. ദുർഗ മോളും നൂറ്റിയൊന്ന് തള്ളുകളും എന്നാ പേര്..." അഞ്ജലി ചുണ്ടുകൾ കോട്ടിക്കൊണ്ട് പറഞ്ഞു. 'എന്നാലും അവരിത്ര പെട്ടന്നു സെറ്റ് ആയോ? അറേഞ്ച് മാര്യേജ് ആണോ?' മെസേജ് വന്നു.. അഞ്ജലി എന്തെങ്കിലും തള്ളിതുടങ്ങുന്നതിന് മുൻപേ അതേയെന്ന് റിപ്ലൈ കൊടുക്കുന്നതിനു മുന്നേ അല്ല.. ലവ് മാര്യേജ് ആണെന്ന് ദുർഗ മെസേജ് ഇട്ടിരുന്നു... 'അപ്പൊ നിങ്ങൾക്കാർക്കും നീരുവിന്റേം വിച്ചൂന്റേം ലവ് സ്റ്റോറി അറിയില്ലേ?' ദുർഗ ചോദിച്ചു.. ആ മെസേജ് കണ്ട് നീരു തിരിഞ്ഞു നോക്കി. "നാത്തൂനെ.. നാറ്റിക്കരുത്.. പ്ലീസ്...." അതിന് മറുപടിയായി കൊഞ്ഞനം കുത്തിക്കൊണ്ട് അഞ്ജലി ചിരിച്ചു കാണിച്ചു..

'അതില്ലേ.. ദുർഗ മോളുടെം ജീബേട്ടന്റേം കെട്ടിന് നീരൂനെ വിഷ്ണു കണ്ടായിരുന്നു. നീരു അന്നുടുത്ത ഒരു മഞ്ഞ ദാവണിയെ പറ്റി കുറേ തവണ പിന്നെയും വിഷ്ണു എന്നോട് പറഞ്ഞതാ.. ഞാനത് ഈ അടുത്താ നാത്തൂനോട് പറയുന്നതെന്ന് മാത്രം.. വിഷ്ണൂന് അന്നേ നോട്ടമുണ്ടായിരുന്നു. നീരു ഇപ്പോഴാ അറിയണേ എന്ന് മാത്രം.. വീട്ടുകാരുമായി സംസാരിച്ചുറപ്പിച്ചു.. അത്ര തന്നേ.. അല്ലെ നാത്തൂനേ.... ' ദുർഗ നീരുവിനെ മെൻഷൻ ചെയ്തുകൊണ്ട് ചോദിച്ചു. 'ഉം.. അതെയതെ...' നീരു അഞ്ജലിയെ നോക്കി കൈകൂപ്പി... 'ഹോ.. മോഡേൺ ഫാമിലി ആയാലുള്ള ഓരോ ഗുണങ്ങളെ....' ആരോ പറഞ്ഞു. ഇവരിതിങ്ങനെ ഇടക്കിടക്ക് എടുത്ത് പറഞ്ഞു കളിയാക്കുവാണോ എന്തോ? "മതി മതി.. ഇന്നത്തേക്കുള്ളതായി.." നീരു ഫോൺ ഓഫ് ചെയ്തു വച്ചു.. അപ്പോഴാണ് പെണ്ണിന് ജീബേട്ടന്റെ മെസേജ് എത്തുന്നത്. 'കലിപ്പിലാണോ മോളൂസേ?' നന്ദനെ നോക്കാൻ കൂട്ടാക്കിയില്ല.. 'ആ.. അതേ..' 'നീ ഏതോ ഹരിനന്ദനുമായി റിലേഷനിൽ ആണെന്ന് കേട്ടത് ശരിയാണോ?' ജീബേട്ടന്റെ അടുത്ത മെസേജ്.. മെസേജ് അയച്ചുകൊണ്ട് അവളുടെ മറുപടിക്ക് ചിരിയോടെ കാത്തു നിൽക്കുകയായിരുന്നു നന്ദൻ.. 'അല്ല.. ഞാൻ എന്റെ ഉണ്ണിയേട്ടനുമായി കുമ്മിറ്റഡ് ആണ്..' പെണ്ണ് പറഞ്ഞു. 'ഉണ്ണി മുകുന്ദൻ ആണോ?'

'ഏയ്‌.. അല്ല ജീബേട്ടാ.. വേറെ ഉണ്ണിയേട്ടൻ.. എന്റെ മാത്രം ഉണ്ണിയേട്ടൻ.. ഞാൻ കെട്ടാൻ പോണ ആളാ.. അച്ഛന്റെ ചോയിസ്...' ഒരു തമാശക്കാണ് ജീബേട്ടന് ഇങ്ങനെ ഒരു മെസേജ് അയച്ചത്. പിന്നെ മറുപടിയൊന്നും കണ്ടില്ല.. കുറേ കഴിഞ്ഞിട്ടും കാണാതായപ്പോ ഒളികണ്ണിട്ട് നന്ദനെ നോക്കി. മുഖത്ത് കോപം വേരിട്ടിരുന്നു.. ദേഷ്യത്തോടെ മൊബൈൽ ഓഫ് ചെയ്ത് പോക്കറ്റിൽ വെക്കുന്നത് കണ്ട് ചുണ്ടുകൾ കടിച്ചു പിടിച്ചു ചിരിയമർത്തി... പിന്നെ നന്ദൻ അവളുടെ ഭാഗത്തേക്കേ തിരിഞ്ഞു നോക്കിയില്ല.. പെണ്ണ് ഇടയ്ക്കിടെ നീരുവിന്റെയും വിഷ്ണുവിന്റെയും ക്‌ളീഷേ കണ്ണും കണ്ണും സ്റ്റൈൽ മിറർ റൊമാൻസ് നോക്കിക്കൊണ്ടിരുന്നു. കാറിൽ ആകമാനം ഒരു നിശബ്ദതയായിരുന്നു. പയ്യെ പയ്യെ എല്ലാവരും ഉറങ്ങിപ്പോയി... 🌺🥀🌺🥀🌺🥀🌺🥀🌺🥀 നാത്തൂൻ തട്ടി വിളിക്കുമ്പോഴാണ് കണ്ണു തുറന്നു നോക്കിയത്... കാറിനു പുറത്ത് നേരിയ ഇരുട്ടായിരുന്നു..

കണ്ണുകൾ തിരുമ്മിക്കൊണ്ട് നോക്കിയപ്പോൾ നന്ദൻ പുറത്ത് നിൽക്കുന്നത് കണ്ടു.. "നാത്തൂനെ.. വീടെത്തി..." നീരു പിന്നെയും വിളിച്ചപ്പോഴാണ് നെഞ്ചിടിപ്പ് കൂടിയത്. ധൃതിയിൽ കാറിന് പുറത്തേക്കിറങ്ങി പിന്നിലേക്ക് നോക്കിയപ്പോൾ വളരെ ദൂരെ അരണ്ട വെളിച്ചത്തിൽ ഒരു ഗേറ്റ് കണ്ടു... "സമയം എത്രയായി?" ആരോടെന്നില്ലാതെ ചോദിച്ചു. "നേരം വെളുക്കാറായി.." നന്ദൻ മറുപടി നൽകി. "നാത്തൂ.... ഇതാണ് ഞങ്ങടെ വീട്..." നീരു മുന്നിൽ നിന്നും വിളിച്ചു പറഞ്ഞപ്പോഴാണ് തിരിഞ്ഞു മുന്നോട്ട് നോക്കുന്നത്... കണ്മുന്നിൽ കണ്ണുകൾക്കുള്ളിൽ നിറയാത്ത ഒരു വലിയ തറവാട്ടു വീട് കണ്ട് പെണ്ണ് അമ്പരന്നു നിന്നു... "വൗ... അടിപൊളി.." പെണ്ണിന്റെ ചുണ്ടുകൾ മന്ത്രിച്ചു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story