പ്രണയ സ്വകാര്യം: ഭാഗം 17

pranaya swakaryam

രചന: ആദിത്യൻ മേനോൻ

വിശാലമായ വലിയൊരു മുറ്റത്തായിരുന്നു കാർ നിർത്തിയിട്ടത്. കണ്മുന്നിലുള്ള എട്ടുകെട്ട് വീടിന്റെ പ്രൗഢഗംഭീരമായ മുഖം കണ്ട് പെണ്ണിന്റെ കണ്ണുകൾ വിടർന്നു പോയി.. കണ്ണുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാത്തത്രയും പരന്നു കിടക്കുന്ന ഒരു തറവാട്ടു വീട്.. ആദ്യമായിട്ടാണ് അങ്ങനെയൊരു വീട് പെണ്ണ് നേരിട്ട് കണ്ടിട്ടുള്ളത്. അകത്തേക്ക് കയറുന്ന സ്റ്റെപ്പുകളുടെ തൊട്ടടുത്ത് തന്നേ ഇരുവശത്തുമായി രണ്ട് സിംഹങ്ങളുടെ പ്രതിമകൾ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്.. നീളെ പരന്നു കിടക്കുന്ന വീടിന്റെ കോലായയുടെ നടുഭാഗങ്ങളിൽ ഇടവിട്ടിടവിട്ട് ഓരോ കൂറ്റൻ തൂണുകൾ.. "വൗ.. ഇതൊരു രാജകൊട്ടാരം പോലെയുണ്ടല്ലോ.." രേവതിയുടെ വാക്കുകൾ അവളും ശരിയെന്നു തലയാട്ടി.. "അനന്ദഭദ്രത്തിലും മണിച്ചിത്രത്താഴിലുമൊക്കെയേ ഇങ്ങനെയുള്ള വീടുകൾ ഞാൻ കണ്ടിട്ടുള്ളൂ.." അഞ്ജലി ആ വീട്ടിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു..

"ഇത് ആ സിനിമകളിലെ വീടൊന്നുമല്ലെങ്കിലും അനന്ദഭദ്രത്തിലെ പോലൊരു ശിവക്കാവ് ഇവിടേം ഉണ്ട്.." ലഗേജുകൾ കാറിൽ നിന്നും മുറ്റത്തേക്കിറക്കി വച്ചുകൊണ്ട് നീരു അഞ്ജലിയെ നോക്കി പറഞ്ഞു. "അത് പിന്നെ ഇവിടെയൊരു ദിഗംബരനുണ്ടാകുമ്പോ.. സ്വാഭാവികം.." അഞ്ജലി നന്ദനെ അർത്ഥം വച്ചുകൊണ്ട് പറഞ്ഞപ്പോൾ അത് മനസ്സിലാക്കി നന്ദൻ അവളെയൊന്ന് നോക്കി.. പെണ്ണ് കാണാത്ത പോലെ വീട്ടിലേക്ക് തന്നേ കണ്ണും നട്ടു നിന്നു. കുറച്ചകലെ നിന്നും കുളിച്ച് ഈറനണിഞ്ഞൊരു സ്ത്രീ വീടിന്റെ വലതു ഭാഗത്തുകൂടെ നടന്നു മുന്നിലെത്തി. കയ്യിലൊരു കിണ്ടിയുമുണ്ടായിരുന്നു. അവർ വന്നിരുന്നവരെ കണ്ടിരുന്നില്ല.. "ദേ.. അവരാണ് സന്ധ്യചേച്ചി.. ഇവിടുത്തെ പണിക്കാരിയാ.. അപ്പുറത്തെ കുളത്തീന്ന് കുളിച്ചിട്ട് വരുന്ന വഴിയാ.. മുത്തശ്ശിക്ക് ഏറ്റോം ഇഷ്ടം സന്ധ്യചേച്ചിയെ ആയതോണ്ട് ബാക്കി എല്ലാ പണിക്കാരും അന്നന്നത്തെ ജോലി കഴിഞ്ഞ് വീട്ടിൽ പോയാലും സന്ധ്യ ചേച്ചിയേ മുത്തശ്ശി പറഞ്ഞയക്കത്തില്ല.. ചേച്ചീടെ ഭർത്താവ് മരിച്ചതാ.. ഒരു മോനുള്ളത് ദുബൈയിലും.."

കയ്യിലെ കിണ്ടിയിൽ നിന്നും വെള്ളം കാലിലേക്ക് കോരിയൊഴിച്ചുകൊണ്ടിരുന്ന സന്ധ്യ ചേച്ചിയേ കൈ ചൂണ്ടിക്കാണിച്ച്കൊണ്ട് നീരു പറഞ്ഞു. "ചേച്ചീ..." നീരു ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ സന്ധ്യ ചേച്ചി തലയുയർത്തി നോക്കി. ഞങ്ങളെ കണ്ടതും നിരതെറ്റിയ പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് കിണ്ടി താഴെ വച്ച് വെപ്രാളത്തോടെ അകത്തേക്ക് കേറിപ്പോയി.. "അമ്മാ.. ദേ നീരുക്കുഞ്ഞ് ഹരിക്കുഞ്ഞിനെ കൂട്ടി വന്നിട്ടുണ്ട്.. ഒപ്പം വേറെ ആരൊക്കെയോ ഒണ്ട്.." അകത്ത് ആട്ടുതൊട്ടിലിൽ രാമായണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. സന്ധ്യ പറഞ്ഞത് കേട്ടതും വട്ടക്കണ്ണട ഒന്നുകൂടെ അടുത്തേക്ക് ഊന്നിവച്ച് ചാടിയെഴുന്നേറ്റു. "ഉവ്വോ... ഹരി വന്നോ?" മുത്തശ്ശിയുടെ കണ്ണുകൾ തിളങ്ങി.. ആഹ്ലാദം കൊണ്ടവർ നെഞ്ചത്ത് കൈ വച്ചു.. "മായേ.. തുളസീ.. ബാലാ... സുഭദ്രേ... എല്ലാരും ഒന്ന് വേഗം വായോ... ദേ ഹരിമോൻ വന്നിട്ടുണ്ടെന്ന്..

ഒന്ന് വേഗം വാ.. ഇവറ്റകൾ ഇതെവിടെ പോയി കിടക്കുവാ.. എല്ലാം ഉറക്കമെണീറ്റതാണല്ലോ...." മുത്തശ്ശിക്ക് ധൃതിയായി.. സാരിത്തലപ്പ് ഒരു കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ട് മുത്തശ്ശി നടുവകത്തേക്ക് കയറിച്ചെന്നു. നടുമുറ്റത്ത് ഒരു ചാറുകസേരയിൽ മാനം വെളുക്കുന്നത് നോക്കിയിരിക്കുന്ന മകനെ കണ്ടു.. "ജയാ.. നീരു വന്നിട്ടുണ്ടത്രേ.. കൂടെ ഹരിയും ഉണ്ട്.. നീ വേഗം ഉമ്മറത്തേക്ക് ചെന്ന് നോക്കിക്കേ..." മുത്തശ്ശി പറഞ്ഞു. നന്ദന്റെ പേര് കേട്ടപ്പോൾ അയാളുടെ മുഖമൊന്നു കനത്തു. അമ്മ പറഞ്ഞത് കേട്ടിട്ടും അയാൾ അവിടെ നിന്നും അനങ്ങാതിരുന്നു.. കുറച്ചടുത്തായി തറയിൽ നട്ട തുളസിൽ നിന്നും ഏതാനും ഇലകൾ ഇറുക്കുകയായിരുന്നു മായ. ഒന്നര വർഷത്തിന് ശേഷം തന്റെ മകൻ വീട്ടിലേക്ക് തിരിച്ചു വന്നെന്ന് കേട്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. "നീയെന്താടാ ജയാ ഇങ്ങനെയിരിക്കുന്നെ.. നല്ലൊരു ദിവസങ്ങളാ വരാൻ പോണത്..

ഇനിയെങ്കിലും നിനക്കൊന്ന് അവനോട് മിണ്ടിക്കൂടെ?" മുത്തശ്ശി ദേഷ്യത്തോടെ അയാളെ നോക്കി. "എന്റെ തീരുമാനങ്ങൾക്ക് വേലികെട്ടി പോയതല്ലേ അവൻ.. ദേവൂനെ അവനെക്കൊണ്ട് കെട്ടിക്കാം ന്ന് ഞാൻ സുഭദ്രക്ക് വാക്ക് കൊടുത്തിട്ടും എന്റെ വാക്ക് ധിക്കരിച്ച് പറ്റില്ലാന്ന് പറഞ്ഞ് ഇറങ്ങിപ്പോയതല്ലേ അവൻ.. ദേവുമോൾടേം സുഭദ്രേടേം മുന്നിൽ ഞാൻ അന്ന് നാണം കെട്ട് നിന്നു പോയില്ലേ? ഇന്നും ആ ദേവു ഇങ്ങനെ പുര നിറഞ്ഞു നിക്കണത് അവന് വേണ്ടീട്ടല്ലേ..?" അച്ഛൻ മുത്തശ്ശിയെ നോക്കാതെ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.. "അതൊക്കെ വിട്ടുകള ജയാ.. നമുക്ക് അവനോട്‌ ഇതിനെ പറ്റി ഒന്നുകൂടെ സംസാരിച്ചു നോക്കാം. അവന് എന്നിട്ടും ഇഷ്ടല്ല്യാച്ചാൽ പിന്നെ അവനെ നിർബന്ധിക്കരുത്.. അവന്റെ ഇഷ്ടങ്ങൾ അറിഞ്ഞു വച്ചിട്ടല്ലല്ലോ നീ സുഭദ്രക്ക് വാക്ക് കൊടുത്തത്.. ഒക്കെ നീ വരുത്തി വച്ചതല്ലേ.. അതോണ്ട് തല്ക്കാലം അതൊക്കെ വിട്ടിട്ട് നീയിപ്പോ ഉമ്മറത്തേക്ക് വായോ..." മുത്തശ്ശി അച്ഛന്റെ കൈ പിടിച്ച് നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു. പിന്നാലെ മായയും ധൃതിയോടെ നടന്നു ചെന്നു.

നടുവകത്തെത്തിയപ്പോൾ കാശിനാഥനും ഉറക്കമെണീറ്റ് വന്നിരുന്നു.. "മുത്തശ്ശി ഇതെങ്ങടാ അച്ഛന്റെ കയ്യും പിടിച്ചു വലിച്ചോണ്ട്...?" കാശി കണ്ണുകൾ തിരുമ്മിക്കൊണ്ട് ചോദിച്ചു. "ഹരി വന്നിട്ടുണ്ടെടാ.. നീ ഉമ്മറത്ത് വന്ന് നോക്കിക്കേ.." മുത്തശ്ശിയുടെ സ്വരം ഉയർന്നു പൊങ്ങി.. അത് അപ്പുറത്തെ മുറിയിൽ നിന്നും നടുവകത്തേക്ക് വരാൻ തുടങ്ങിയ സുഭദ്രാമ്മയുടെ ചെവിലേക്കെത്തി.. കേട്ടതും അവരൊന്നു നിന്നു. നെഞ്ചില് കൈവച്ചുകൊണ്ട് തിരിച്ചവരുടെ മുറിയിലേക്ക് കയറിപ്പോയി.. മുറിയിലെത്തിയപ്പോൾ കട്ടിലിൽ കിടന്ന് ഉറങ്ങിക്കൊണ്ടിരുന്ന ദേവികയെ കണ്ടു.. "ഓ.. കഷ്ടം.. നേരം പുലരാറായിട്ടും പോത്ത് പോലെ കിടന്നുറങ്ങുവാണ്. എടീ ദേവൂ..." ശകരിച്ചുകൊണ്ടവർ അവളെ തട്ടി വിളിച്ചു. "എന്താമ്മേ... ഞാൻ കുറച്ചൂടെ ഒന്ന് ഉറങ്ങിക്കോട്ടെ...." "നേരം വെളുക്കാറായെടീ.. വേഗം പോയി കുളിച്ചൊരുങ്ങി വാ..." "ഇത്ര നേരത്തെയോ.. ഈ തണുപ്പത്ത് കുളത്തീ ചാടി കുളിക്കാനൊന്നും എനിക്ക് വയ്യേ.." ദേവു കണ്ണുതുറക്കാതെ പറഞ്ഞു. "എടീ.. എണീക്കെടീ.. ഹരി വന്നിട്ടുണ്ട്.. കാശിയുടെ കെട്ടിന് കൂടാനാവും...

പറ്റിയാ ഈ സമയത്ത് തന്നേ നിന്റെം അവന്റെം കെട്ടിനെ പറ്റി സംസാരിച്ചുറപ്പിക്കണം.. വേം എണീക്ക്..." സുഭദ്രാമ്മയുടെ തട്ടല് സഹിക്ക വയ്യാതെ ദേവു മെല്ലെ എണീറ്റു. "വേഗം ചെന്ന് കുളിച്ചേച്ച് വാ.. ഹരിമോൻ നിന്നെ കാണുമ്പോ നീ കണ്ണെഴുതി പൊട്ടൊക്കെ തൊട്ട് സുന്ദരിയായിട്ടിരിക്കണം.. വേഗം പോ..." അവര് അവളെ ഉന്തിത്തള്ളി കുളക്കടവിലെത്തിച്ചു. "ഈ അമ്മയെക്കൊണ്ട്.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല്യ..." കുളപ്പടവുകൾ ഇറങ്ങുന്നതിനിടെ ദേവു പിറുപിറുത്തു. മുത്തശ്ശി മായയെയും ജയനെയും കാശിയെയും കൂട്ടി ഉമ്മറക്കോലായയിൽ എത്തിയായപ്പോൾ നീരു ഹരിയെ കൂട്ടിക്കൊണ്ടുവന്ന വിവരമറിഞ്ഞു തുളസിയും ബാലനും നകുലനും ഉമ്മറത്ത് ഹാജരായിരുന്നു... "ഇവരുടെ കൂടെ വേറെ ആരൊക്കെയാ?" തുളസി ചോദിച്ചു. "ഹരീടെ ഫ്രണ്ട്സ് ആവും..." മുത്തശ്ശി പറഞ്ഞു... "ഇവരെന്താ നമ്മളെയിങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നെ.." അഞ്ജലി ചോദിച്ചു.. "കൂടെ പരിചയമില്ലാത്ത നാല് മുഖങ്ങളെ കണ്ടാൽ അവര് ആരാന്ന് വിചാരിക്കില്ലേ?" നന്ദൻ മറുപടി പറഞ്ഞു.

"വിച്ചേട്ടാ.. ദേ ആ കാണുന്നതാ എന്റച്ഛൻ.." നീരു ജയനെ കണ്ണുകൊണ്ട് വിഷ്ണുവിന് കാണിച്ചു കൊടുത്തു. "ഇപ്പൊ തന്നേ പോയി അച്ഛന്റെ കാലിൽ ചെന്ന് അനുഗ്രഹം വേടിച്ചാലോ?" വിഷ്ണു ചോദിച്ചു.. "ആ.. എന്നാൽ നിന്നെ ഇപ്പൊത്തന്നെ ഈ നാട്ടീന്നു ഇവര് നിന്നെ ഓടിക്കും.." നന്ദനാണ് മറുപടി പറഞ്ഞത്... ശേഷമവൻ അഞ്ജലിയെ നോക്കി. "പിന്നെ.. ഇപ്പൊ നീ എന്റെ വൈഫാണ്.. എന്നെ ഏട്ടാന്ന് വിളിച്ചോണം.. ജീബേട്ടാന്നല്ല.. ഹരിയേട്ടാന്ന്.. പിന്നെ ദേ ആ കാണുന്നതാണ് എന്റമ്മ.. മായമ്മ.. മറ്റേത് അച്ഛൻ.. നടുക്കിലുള്ളത് മുത്തശ്ശി.. അമൃതാന്നാ പേര്.. ആ പേരാ ഞാൻ എന്റെ അപാർട്മെന്റിന് ഇട്ടത്.. അപ്പുറത്ത് കാശിയേട്ടൻ, എന്റേട്ടനാ.. പിന്നെ ആ കാണുന്നത് ബാലൻമാമൻ മറ്റേത് മാമന്റെ ഭാര്യ തുളസിയമ്മ.. ദേ ആ കാണുന്നത് നകുലൻമാമൻ..." നന്ദൻ ഓരോരുത്തരേയുമായി ചൂണ്ടിക്കാണിച്ചുകൊണ്ട് അഞ്ജലിക്ക് പരിചയപ്പെടുത്തി.. "ഏട്ടാ.. ഇപ്പൊ അവരുടെ എല്ലാരുടെയും മുഖം ഓണവില്ലിൻ തമ്പുരു മീട്ടും വീടാണീ വീട് പോലെയുണ്ട്.. എന്നാ അഞ്ജലി ഏട്ടന്റെ ഭാര്യയാന്ന് പറഞ്ഞാൽ മിക്കവാറും ഇവിടെ ഒരു ബോംബ് പൊട്ടും..."

നീരു ഉണർത്തിച്ചപ്പോൾ പെണ്ണിന്റെ നെഞ്ചിലും ഒരു തീ കേറിക്കൂടി.. കാശി കോലായയിൽ നിന്നും ഇറങ്ങിയോടിവന്ന് നന്ദനെ ഇറുകെ കെട്ടിപ്പിടിച്ചു... "ഒടുവില്.. ഒടുവില് നീ വന്നൂലോ..." കാശിയുടെ കണ്ണുകൾ നിറഞ്ഞു, അത് മെല്ലെ നന്ദന്റെ കണ്ണുകളിലേക്കും പടർന്നു പിടിച്ചു. "എത്ര കാലായെടാ കണ്ടിട്ട്... വല്ലപ്പോഴുമെങ്കിലും ഒന്നിങ്ങോട്ട് വന്നൂടെഡാ നിനക്ക്? നിന്റെ മുഖമാകെ മാറിയിരിക്കുന്നു.. ആദ്യത്തേതിനേക്കാൾ തടി വച്ചിട്ടുണ്ട്...." കാശി അവന്റെ കവിളിൽ കൈകൾ ചേർത്തുകൊണ്ട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ നന്ദൻ അറിയാതെ കരഞ്ഞുപോയി.. "ഏട്ടാ.." നന്ദൻ പിന്നെയും കാശിയുടെ തോളിലേക്ക് വീണു കരഞ്ഞു... "ചെല്ല്.. എല്ലാരേം ചെന്നു കാണ്.. മുത്തശ്ശിയതാ.. അമ്മയും.. എല്ലാരും ണ്ട്.." കണ്ണുകൾ തുടച്ചുകൊണ്ട് കാശി പറഞ്ഞു. "മീനാക്ഷിയും രാഹുലും സഞ്ജുവുമൊന്നും എത്തിയില്ലേ?" നന്ദൻ ചോദിച്ചു..

ബാലൻ മാമന്റെയും തുളസിയമ്മേടെയും മക്കളാണ്.. "അവരൊക്കെ വൈകുന്നേരമാവും ന്ന് ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു.. നീ കെട്ടിന്റന്നേ വരൂന്നാ എല്ലാരും ധരിച്ചത്..." കാശി പറഞ്ഞു.. നന്ദൻ വെറുതേ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് കോലായയിലേക്ക് നടന്നു കയറി.. "എല്ലാരും പുറത്തു നിക്കാതെ അകത്തോട്ടു വരൂ..." കാശി എല്ലാവരെയും അകത്തേക്ക് വിളിച്ചു. ഒപ്പം അവരുടെ ലഗേജുകൾ എടുക്കുവാൻ സഹായിച്ചു. നന്ദൻ മായമ്മക്ക് മുന്നിൽ ചെന്ന് നിന്നപ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. സങ്കടവും സന്തോഷവും സഹിക്ക വയ്യാതെ അവര് സാരിത്തലപ്പ് കൊണ്ട് വാ പൊത്തി കരഞ്ഞു... "മോനെ...." ആ ശബ്‌ദം ഇടറിയിരുന്നു.. "മാ.. യ.... മ്മേ...." അവന്റെ ശബ്‌ദവും മുറിഞ്ഞുപോയി... ആ വിളിയും ഉള്ളുലഞ്ഞ് അവര് നന്ദന്റെ നെഞ്ചത്തേക്ക് വീണു കരഞ്ഞു.. "എന്നാലും നിനക്കൊന്ന് എന്നെ വന്നു കാണാൻ തോന്നിയില്ലല്ലോടാ..." "ഇടക്ക് വരുന്നതായിരുന്നില്ലേ ഞാൻ.. പിന്നെ കഴിഞ്ഞ വർഷം മുതല് കൊറോണ ആയതോണ്ട് വരാൻ പറ്റാഞ്ഞതാ.. അല്ലാണ്ടെ മനഃപൂർവം ഞാനെന്റെ അമ്മേം മുത്തശ്ശിയേം കാണാൻ വരാതിരിക്കുവോ?"

നന്ദൻ പറഞ്ഞുകൊണ്ട് മുത്തശ്ശിയെ നോക്കി.. മുത്തശ്ശിയും ചുണ്ടുകൾ വിറപ്പിച്ചുകൊണ്ട് കരയുകയായിരുന്നു.. "അയ്യേ.. ന്താത്? കൊച്ചു പിള്ളേരെപ്പോലെ കരയാ രണ്ടുപേരും?" നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ മുത്തശ്ശിയും അവന്റെ നെഞ്ചിന്റെ ഒരു ഭാഗത്ത് തല ചായ്ച്ചു... "എന്റെ ഈ രണ്ട് മക്കളേം ഞാൻ മനപ്പൂർവം കാണാൻ വരാതിരിക്കുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്?" നന്ദൻ അവരുടെ ഇരുവരുടെയും തലമുടിയിൽ അമർത്തി ചുംബിച്ചു.. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന അഞ്ജലിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. നന്ദൻ എല്ലാവരോടും വിശേഷമന്വേഷിക്കുന്നതിനിടെയാണ് കുളി കഴിഞ്ഞ് ഒരുങ്ങിക്കൊണ്ട് ദേവുവുമായി സുഭദ്രാമ്മ അവിടേക്കെത്തിയത്.. ദേവുവിനെ കണ്ടതും നന്ദൻ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു. "സുഭദ്രാമ്മേ... സുഖമല്ലേ..." "സുഖാമാ ഹരി മോനെ..." "ദേവൂനോ?" "അവൾക്കും സുഖമാ.. ഉറങ്ങുവായിരുന്നു..

ഹരി മോൻ വന്നെന്ന് കേട്ടതും ചാടിപ്പിടഞ്ഞ് കുളിയൊക്കെ കഴിച്ച് വേഗം വന്നതാ പെണ്ണ്.. എന്തൊരു തിടുക്കമാണ് അവൾക്ക്‌..." സുഭദ്രമ്മ പറഞ്ഞു. ദേവു തല താഴ്ത്തി നിന്നു. അതിനിടക്ക് വച്ചാണ് അച്ഛന്റെ കണ്ണുകളുമായി തന്റെ കണ്ണുകൾ ഉടക്കിപ്പോകുന്നത്.. അച്ഛൻ മെല്ലെ കണ്ണുകൾ മുറ്റത്തേക്ക് പറിച്ചു നട്ടു.. അവൻ അത് വക വച്ചില്ല. "അല്ല മോനെ.. ഇവരൊക്കെ ആരാ? നിന്റെ ഫ്രണ്ട്സ് ആണോ?" മുത്തശ്ശി ചോദിച്ചു.. "അതേ മുത്തശ്ശി.. കല്യാണം കൂടാൻ വന്നതാ.. ഇത് അഭി.. ഇത് ഇവന്റെ വൈഫ് രേവതി.. ദേ ഇത് വിഷ്ണു.. എന്റെ ഫ്രണ്ടാ.. ദേ ഇവളുടെ ആങ്ങളയും...." നന്ദൻ അഞ്ജലിയെ ചൂണ്ടിക്കാണിച്ചിട്ടാണ് പറഞ്ഞത്...

"അപ്പൊ ഈ കൊച്ച് ഏതാ?" കാശിയുടേതായിരുന്നു ചോദ്യം.. "അത്.. ഏട്ടാ.. ഇവളെന്റെ ഭാര്യയാണ്.. അഞ്ജലി...." ആരുടേയും മുഖത്ത് നോക്കാതെ നന്ദൻ പറഞ്ഞത് കേട്ടതും എല്ലാവരും ഒരേ പോലെ അമ്പരന്നു. അച്ഛൻ കേട്ടത് വിശ്വസിക്കാനാവാതെ മൂക്കത്ത് വിരൽ വച്ചു പ്രതികരിക്കാനാവാതെ നിന്നു പോയി. ശേഷം ദേഷ്യത്തോടെ അകത്തേക്ക് കേറിപ്പോയി.. സുഭദ്രാമ്മ തലക്കൊരു ഇടിയേറ്റതുപോലെ ഞെട്ടി.. കോപം കൊണ്ട് വിറച്ചുകൊണ്ട് അവരും അകത്തേക്കോടി. അമ്മയുടെ പിന്നാലെ ദേവുവും.. അമ്മയും മുത്തശ്ശിയും കാശിയും ബാലൻമാമയും നകുലൻമാമയും തുളസിയമ്മയും അതേ നിൽപ്പ് തുടർന്നു... "ശരിക്കും ഇത് നിന്റെ പെണ്ണാണോഡാ?" അമ്പരപ്പോടെ മായമ്മ പിന്നെയും ചോദിച്ചു. കണ്ണുകൾ അഞ്‌ജലിയിലായിരുന്നു. "അതെയമ്മേ... അഞ്ജലി എന്റെ ഭാര്യയാണ്.." നന്ദൻ പിന്നെയും അതാവർത്തിച്ചു. അഞ്ജലി എന്ത് ചെയ്യണമെന്നറിയാതെ തല കുനിച്ചു നിന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story