പ്രണയ സ്വകാര്യം: ഭാഗം 18

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"എന്തൊക്കെയാടാ ഹരി നീയീ പറയുന്നേ?" മുത്തശ്ശി പിന്നെയും ആവർത്തിച്ചു.. "മുത്തശ്ശി.. ഞാൻ പറഞ്ഞു കഴിഞ്ഞു.. ഇതെന്റെ ഭാര്യയാണ്." അത് പറയുമ്പോൾ മുത്തശ്ശിയുടെയും മായമ്മയുടെയും മുഖത്തേക്ക് നോക്കുവാൻ കഴിഞ്ഞില്ല. തല താണു പോയി.. മായമ്മ അമ്പരപ്പോടെ വാ പൊത്തുന്നുണ്ടായിരുന്നു. മുത്തശ്ശി കേട്ടത് വിശ്വസിക്കുവാനാകാതെ രണ്ടടി പിന്നിലേക്ക് നീങ്ങി.. "നിങ്ങള് രണ്ടും പുറത്തോട്ടിറങ്ങിക്കേ.." മുത്തശ്ശിയുടെ ശബ്ദത്തിന് കനം കൂടിയതായി തോന്നി. തലയുയർത്തി മുത്തശ്ശിയെ നോക്കി.. "മുത്തശ്ശി.." "മിണ്ടരുത് നീ.. ഉം.. വേം ഇറങ്ങിക്കെ..." പിന്നെയും പറഞ്ഞിട്ടും അനുസരിക്കാഞ്തിലാവും അഞ്ജലിയുടെയും നന്ദന്റെയും കൈകൾ പിടിച്ചുകൊണ്ടു മുത്തശ്ശി അവരെ മുറ്റത്തേക്കിറക്കി നിർത്തി.. മുത്തശ്ശിയുടെ ഇത്തരമൊരു പ്രതികരണം ആരും ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. "മുത്തശ്ശി.. ഞാൻ പറയുന്നതൊന്നു...." "നിന്നോട് മിണ്ടരുതെന്നല്ലേ പറഞ്ഞത്.. മായേ.. പോയി ആ പൂജാമുറിയിൽ നിന്നും നിലവിളക്കെടുത്തുകൊണ്ട് വാ.."

മുത്തശ്ശിയുടെ വാക്കുകൾ ഉള്ളിലൊരു നനുത്ത മഴ പെയ്യിച്ചു. മരുഭൂമിയിൽ മഴ പെയ്യുന്നതു പോലെ തോന്നി നന്ദന്.. മുത്തശ്ശിയുടെ മുഖത്ത് പതിയെ ഒരു ചിരി വിടർന്നു.. മായമ്മ തലകുലുക്കിക്കൊണ്ട് പൂജാമുറിയിലേക്ക് പോയി നിലവിളക്കുമായി വന്നു. മുത്തശ്ശി വിളക്ക് വാങ്ങി അഞ്ജലിക്ക് നേരെ നീട്ടി. "ഇത് പിടിച്ചുകൊണ്ടു കേറി വാ മോളെ..." മുത്തശ്ശി വാത്സല്യത്തോടെ അഞ്ജലിയോട് പറഞ്ഞു. പെണ്ണ് നന്ദനെ ഒരു നിമിഷം നോക്കിയ ശേഷം നിലവിളക്കുമായി അകത്തേക്ക് കയറി. ഒപ്പം നന്ദനും... "ഹോ.. താങ്ക് ഗോഡ്, മുത്തശ്ശി ഞങ്ങളെ ശരിക്കും പേടിപ്പിച്ചു കളഞ്ഞു." നന്ദൻ ആശ്വാസത്തോടെ മുത്തശ്ശിയുടെ തോളിൽ കൈ വച്ചു. "നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. നിന്നെ വിശ്വസിച്ച് ഇങ്ങോട്ടെത്തിയ ഈ പാവം പെണ്ണിനെ ഓർത്തു മാത്രമാ.." മുത്തശ്ശി ചുണ്ടുകൾ കോട്ടിക്കൊണ്ട് തല തിരിച്ചു.

. "ബട്ട്‌ സ്റ്റിൽ ഐ ലവ് യൂ മുത്തശ്ശി.. എനിക്കറിയാം മുത്തശ്ശിക്ക് എന്നാലും എന്നെ ഭയങ്കര ഇഷ്ടമാണെന്ന്.. അല്ലെ അല്ലെ?" നന്ദൻ മുത്തശ്ശിയുടെ താടിത്തുമ്പ് പിടിച്ചു സ്നേഹത്തോടെ കുലുക്കിക്കൊണ്ട് ചോദിച്ചപ്പോൾ മുത്തശ്ശിയുടെ ചുണ്ടുകൾ വിരിഞ്ഞു.. "എന്നാലും നിനക്ക്‌ ഞങ്ങളോടൊരു വാക്ക് പറയായിരുന്നു ഹരി.... നിന്റെ അമ്മയോടെങ്കിലും..." മുത്തശ്ശി പറഞ്ഞപ്പോഴാണ് അല്പമകലെ നിന്ന അമ്മയെ ശ്രദ്ധിക്കുന്നത്.. അമ്മയുടെ കണ്ണുകൾ നിറഞ്ഞു കാണപ്പെട്ടു. ഇടയ്ക്കിടെ കൈകൾ കൊണ്ട് അവ തുടച്ചു മാറ്റുന്നുണ്ട്... "പിന്നെ.. എന്റെ അമ്മയെ എനിക്ക് നന്നായിട്ടറിയാം.. എന്റമ്മക്ക് എന്നെയും.. ഹരി നന്ദൻ ഒരു കാര്യം തീരുമാനിച്ചെങ്കിൽ അത് നൂറു വട്ടം ആലോചിച്ച് എനിക്ക് ശരിയാണ് എന്ന് ഉറപ്പായതിന് ശേഷം മാത്രം ആവുമെന്ന് എന്റമ്മക്കറിയാം...." മുത്തശ്ശിയെ വിട്ട് മെല്ലെ മായമ്മയുടെ അടുത്തേക്ക് നടന്നു നീങ്ങി.

മായമ്മയുടെ കണ്ണുകൾ തറയിലായിരുന്നു. അമ്മയുടെ പിന്നിൽ ചെന്നു നിന്നുകൊണ്ട് വലയം ചെയ്ത് തല തോളിൽ പൂഴ്ത്തുന്നതിനിടക്കേപ്പോഴോ നന്ദന്റെ കണ്ണുകളും നിറഞ്ഞു.. മായമ്മ തന്നേ വലയം ചെയ്ത കൈകളെ മുറുകെ പിടിച്ചുകൊണ്ടു ചുംബിച്ചു.. "മോളിങ്ങു വന്നേ..." മുത്തശ്ശി എല്ലാം നോക്കിക്കണ്ടുകൊണ്ടിരുന്ന അഞ്ജലിയെ അടുത്തേക്ക് വിളിച്ചു. അഞ്ജലി മടിച്ചു മടിച്ചുകൊണ്ട് അവർക്കരികിലെത്തി. "എന്താ മോൾടെ പേര്?" "അഞ്ജലി..." പെണ്ണ് മറുപടി പറഞ്ഞു.. "വാ.. അകത്തേക്ക് കേറി വാ.." മായമ്മ അഞ്ജലിയെ സ്നേഹത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. പിന്നാലെ നന്ദനോട് ഒരു നൂറു ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ട് കാശിയും അവനെയെടുത്തുകൊണ്ട് അകത്തേക്ക് പോയി.. "എല്ലാവരോടും കൂടെയാണെ.. നല്ല യാത്രാക്ഷീണം കാണും.. പ്രഭാത ഭക്ഷണത്തിനുള്ള സമയമായി.. ഭക്ഷണം കഴിച്ച് എല്ലാരും മതിയാവോളം വിശ്രമിച്ചോളൂ. വൈകീട്ട് മുതല് ആചാരങ്ങൾ ആരംഭിക്കാനുള്ളതാ.." മുത്തശ്ശിയും ഏറ്റു പറഞ്ഞു. അഞ്ജലിയുടെ കൈ പിടിച്ചുകൊണ്ടു മായമ്മ അകത്തേക്ക് കൊണ്ടുപോയി..

"എന്നാലും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കള്ള കാന്താരീ.. സ്വന്തം ഏട്ടൻ കല്യാണം കഴിച്ച വിവരം നീ ഞങ്ങളോടൊക്കെ മറച്ചു വെച്ചല്ലോ.." മുത്തശ്ശി വേഗം ചെന്ന് നീരുവിന്റെ ചെവിക്ക് പിടിച്ചുയർത്തി.. "ആ.. മുത്തശ്ശി.. ന്റെ ചെവി വേനിക്കുന്നു..." നീരു ചിരിച്ചുകൊണ്ട് മുത്തശ്ശിയുടെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. പിന്നാലെ ഇതെല്ലാം കണ്ടുകൊണ്ട് വിഷ്ണുവും നടന്നു ചെന്നു. മായമ്മ അഞ്ജലിയുടെ കൈ പിടിച്ചുകൊണ്ടു നടുവകത്തിലൂടെ നടന്ന് നടുമുടത്തിനടുത്തെത്തി. പെണ്ണിന്റെ കണ്ണുകൾ സുന്ദരമായ ആ നടുമുറ്റത്തിലൂടെ പരതി നടന്നു. "ആ കാണണതാ ഹരീടെ മുറി.. കുട്ടി അവിടെ പോയി വിശ്രമിച്ചോളൂ.. സ്ഥലങ്ങളും ആളുകളേം ഒക്കെ പരിചയപ്പെടാൻ ആഗ്രഹം ണ്ടാവുംന്ന് അറിയാം.. പക്ഷെ വൈകീട്ട് ആചാരങ്ങൾ തുടങ്ങാനുള്ളതാ... അപ്പൊ എല്ലാം വിശ്രമങ്ങൾ കഴിഞ്ഞാവാം..." മായമ്മ നന്ദന്റെ മുറി ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു... "ആചാരങ്ങളൊക്കെ എന്തിന് വേണ്ടിയുള്ളതാ?" അഞ്ജലി ചോദിച്ചു..

"ഇന്നേക്ക് ഏഴാം നാൾ കാശീടേം ഗായുമോളുടെം കല്യാണമല്ലേ.. ഈ തറവാടിന്റെ പാരമ്പര്യമനുസരിച്ച് കല്യാണത്തിന്റെ ആറ് ദിവസം മുൻപേ പലവിധ ആചാരങ്ങള് തുടങ്ങും.. ഓരോ ദിവസവും ഓരോ ആചാരങ്ങൾ വീതം.. ഏഴാം ദിവസം കല്യാണവും.. ഇന്നാ ആദ്യത്തെ ചടങ്ങ് ആരംഭിക്കണേ.. ഇതിന്റെ അപ്പുറത്തൊരു ശിവക്കാവുണ്ട്.. ഇന്ന് സന്ധ്യക്ക്‌ അവിടെ വധുവും വരനും വിളക്ക് വെച്ചിട്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്ക്യ.. പിന്നീട് പൂജ തുടങ്ങും.. വധുവും വരനും ചേർന്ന് നാഗ ദൈവങ്ങൾക്ക് നൂറും പാലും സമർപ്പിച്ച് അവരുടെ അനുഗ്രഹം വാങ്ങിക്കും.. ഇതാണ് ഇന്നത്തെ ചടങ്ങ്..." മായമ്മ വിവരിച്ചുകൊണ്ടിരിക്കെയാണ് പിന്നാലെ നന്ദനും എത്തിയത്.. "ഞാൻ നിന്റെ മുറി അവൾക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.." മായമ്മ നന്ദനെ നോക്കി പുഞ്ചിരിച്ചു. "എത്ര വർഷത്തിന് ശേഷാ ഈ മുറീലോട്ട് പിന്നേം കടക്കാൻ പോണത്..." നന്ദൻ ആരോടെന്നില്ലാതെ പറഞ്ഞു. "നീ പോയേൽ പിന്നെ നിന്റെ മുറിയിൽ ആരെയും താമസിപ്പിച്ചിട്ടില്ല.. ആ മുറി മുഴുവനും ഇപ്പഴും നിന്റെ ഗന്ധാന്ന് അമ്മയിപ്പഴും പറയും..."

മായമ്മ പറഞ്ഞോണ്ടിരുന്നപ്പോഴാണ് നന്ദൻ മെല്ലെ മുറിക്കരിലേക്ക് നീങ്ങിക്കൊണ്ട് കതക് തുറന്നത്.. കതക് തുറന്നതും പഴയതിന്റെ നേർത്ത ഒരു ഗന്ധം മുറിയിൽ നിന്നും പുറത്തേക്കെത്തി... മെല്ലെ അകത്ത് കയറിയപ്പോൾ മൂക്ക് പൊത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചിരുന്നു.. "മൂക്ക് പൊത്തണ്ടാ.. പോടീം അഴുക്കും ഒന്നും ല്ല്യാ.. നീ എപ്പഴേലും വരുമെന്ന് ഉറപ്പുണ്ടായത്കൊണ്ട് ഞാൻ സന്ധ്യയോട് എന്നും ഈ മുറി വൃത്തിയാക്കി വെക്കാൻ പറയാറുണ്ട്.... ഓരോ ദിവസോം നിന്നെ പ്രതീക്ഷിച്ചിരിക്കാറുണ്ട്..." മായമ്മ പറഞ്ഞത് കേട്ടപ്പോ നന്ദന്റെ കണ്ണുകൾ ഈറനണിഞ്ഞു. വേഗം ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.. "സോറി അമ്മാ... ഞാൻ വീട് വിട്ട് പോണത് അമ്മയെ ഇത്രക്കും അലട്ടും ന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല്യ.. അമ്മ എന്നെയോർത്ത് ഇത്രേം നോവ് തിന്നും ന്ന് ഞാൻ ഒട്ടും ഓർത്തതേല്ല്യ... സോറി അമ്മാ...." നന്ദനെ അന്നാദ്യമായി അഞ്ജലി ഒരു കൊച്ചു കുട്ടിയായി കണ്ടു.. അല്ലെങ്കിലും ഏത് കൊലകൊമ്പനും തന്റെ അമ്മക്ക് മുന്നിൽ നിഷ്കളങ്കനായ ഒരു കൊച്ചുകുട്ടി ആയിരിക്കുമല്ലോ..

"പോട്ടെടാ.. എന്നാലേ.. നീ ഇവളുടെയൊപ്പം ഇവിടെയിരുന്നോ.. ഭക്ഷണം ആയിട്ട് വിളിക്കാം.. അത് കഴിഞ്ഞ് ഒരുറക്കം അങ്ങുറങ്ങി തീർത്താൽ സന്ധ്യയാവുമ്പോഴേക്ക് നല്ല ഉന്മേഷത്തിൽ ശിവക്കാവിലെത്താം..." മായമ്മ നന്ദന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞശേഷം അഞ്ജലിയെ നോക്കി പോട്ടെയെന്ന് തലയാട്ടിയ ശേഷം മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. മുറിയിലെ കട്ടിലിന്റെ രണ്ട് വശത്തുമായി അഞ്ജലിയും നന്ദനും ഇരുന്നു. ഇടയ്ക്കിടെ നന്ദന്റെ കണ്ണുകൾ പിന്നോട്ട് തിരിഞ്ഞ് അഞ്ജലിയിൽ പതിക്കുന്നത് അവളറിയുന്നുണ്ടായിരുന്നു. "രേവതിക്കും അഭിക്കുമുള്ള മുറി റെഡിയായോ?" കുറേ നേരത്തെ നിശബ്ദതക്ക് ശേഷമാണ് നന്ദനോട് പെണ്ണ് ചോദിക്കുന്നത്.. "ഉവ്വ്.. വിഷ്ണൂനുള്ളതും സെറ്റ് ആക്കിയിട്ടുണ്ട്.." നന്ദൻ പറഞ്ഞു.. പിന്നെയും അവിടെ മൗനം തളം കെട്ടി നിന്നു.. "എടോ.. പിന്നെ.. താനെന്നെ ഹരിയേട്ടാന്ന് വിളിച്ചോണം കേട്ടല്ലോ?" "അയ്യടാ.. എന്തോന്ന് കരിയേട്ടൻ.. എന്റെ പട്ടി വിളിക്കും..." പെണ്ണ് പറഞ്ഞു... "നീ ഇവിടെ വച്ചും തുടങ്ങുവാണോ? മര്യാദക്ക് ഹരിയേട്ടൻ ന്ന് വിളിച്ചോണം..

ഇത് റിക്വസ്റ്റ് അല്ല.. എന്റെ ആജ്ഞയാണ്.." നന്ദൻ പറഞ്ഞപ്പോൾ പെണ്ണ് കണ്ണുകൂർപ്പിച്ചുകൊണ്ടവനെ നോക്കി. "ചത്താലും തന്നേ ഞാൻ ആ പേര് വിളിക്കത്തില്ല.." അഞ്ജലി തീർത്തു പറഞ്ഞു. "നിന്നെ ഞാനിന്നു ശരിയാക്കി തരാടീ..." പെട്ടന്നു നന്ദൻ അവളുടെ കഴുത്തിനു പിടിച്ചു വലിച്ചുകൊണ്ട് ബെഡിലേക്കിട്ടു... വേഗത്തിൽ തിരിഞ്ഞുകൊണ്ട് അവളുടെ മുഖത്തിന്‌ അല്പം മുകളിലായി മുഖമുറപ്പിച്ചു.. തടുക്കുവാനാഞ്ഞ കൈകളെ അവൻ ബെഡിൽ അമർത്തി കീഴടക്കിയിട്ടുണ്ടായിരുന്നു.. "നീയെന്നെ ഹരിയേട്ടാന്ന് വിളിക്കില്ലേ?" നന്ദൻ അവസാനത്തെ മന്ത്രണമെന്നോണം ചോദിച്ചു.. "ഇല്ലെങ്കിൽ...?" പെണ്ണിന്റെ മെയ്യ് നെഞ്ചിടിപ്പിനാൽ ഉയർന്നും താഴ്ന്നും കാണപ്പെട്ടു.. "ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ ഞാനിപ്പോ നിന്നെ ഉമ്മ വെക്കും.. അന്നത്തെ പോലെ പറ്റിക്കില്ല.. ഇന്ന് ശരിക്കും വെക്കുമെന്ന് പറഞ്ഞാ വെക്കും.. ചുണ്ടിൽ തന്നേ വെക്കും...." നന്ദൻ പറഞ്ഞത് കേട്ട് പെണ്ണൊന്നു ഞെട്ടി.... അവളിൽ നിന്നും മറുപടിയുണ്ടായില്ല... "വാശിയാണല്ലേ...." "ഞാൻ ഒച്ച വെക്കും...." അഞ്ജലി പറഞ്ഞു...

"എന്നിട്ട് നീയെന്തു പറയും? നിന്റെ ഭർത്താവ് നിന്നെ ഉമ്മ വെക്കാൻ പോയെന്നോ?" നന്ദൻ ചോദിച്ചു. പെണ്ണിന് ഉത്തരമില്ലാതായി... "നീയപ്പോ എന്നെ ഹരിയേട്ടനെന്ന് ഒരിക്കലും വിളിക്കില്ലല്ലേ.... നിന്നെക്കൊണ്ട് വിളിപ്പിക്കാൻ എനിക്കറിയാടീ..." നന്ദൻ തുടർന്നൊന്നും ചോദിക്കാതെ പെണ്ണിന്റെ നെറ്റിയിൽ ആഴത്തിൽ അമർത്തി മുത്തി... അവളൊന്ന് തരിച്ചു പോയി.. അവന്റെ മീശരോമങ്ങൾ നെറ്റിയിലമർന്നതും ഉള്ളിലോടൊരു കൊള്ളിമീൻ പാഞ്ഞു പോയി... പെട്ടെന്ന് അവന്റെ ചുണ്ടുകൾ മെല്ലെയവളുടെ പിരികങ്ങൾക്കിടയിലൂടെ താഴേക്ക് ഇഴഞ്ഞു നീങ്ങിത്തുടങ്ങി... കൈകളത്രയും നിസ്സഹായതയിലായിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു.. മെല്ലെ മെല്ലെ ചുണ്ടുകൾ പിന്നെയും ഇഴഞ്ഞ് നാസികത്തുമ്പത്ത് എത്തി നിൽക്കുന്നതറിഞ്ഞ പെണ്ണിന്റെ ഉള്ളിലൊരു മിന്നൽപിണരുയർന്നു... പെട്ടന്നവന്റെ ചുണ്ടുകൾ നാശികത്തുമ്പത്തു നിന്നും താഴേക്ക് ചലിക്കുവാനാരംഭിച്ചു.....

"നന്ദേട്ടാ......" അറിയാതെയവളുടെ വായിൽ നിന്നും ആ പേര് ഉച്ചരിച്ചുപോയി.. ആ വിളി കേട്ടതും ഏതോ സ്വപ്നവിഹായസ്സിലേക്ക് ലയിച്ചുവീണ നന്ദന്റെ ബോധം തിരിച്ചു വന്നു.. അവൻ പെട്ടന്നു തന്നേ അവളിൽ നിന്നും അടർന്ന് മാറിക്കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു... മറുവശത്തായി അവളും... "നീ.. നീ എന്താ വിളിച്ചേ? ഒരിക്കൽ കൂടെ വിളിച്ചേ...." നന്ദൻ ആകാംഷയോടെ അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു. "അത്... ഹരിയേട്ടനെന്ന് വിളിക്കില്ലാന്നാ ഞാൻ പറഞ്ഞെ.. നന്ദേട്ടനെന്ന് വിളിക്കാം...." പെണ്ണ് പറഞ്ഞു... "ഒന്നൂടെ വിളിച്ചേ...." "നന്ദേട്ടാ.............." പെണ്ണവന്റെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് ചെവിയിൽ ഉറക്കെ മന്ത്രിച്ചു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story