പ്രണയ സ്വകാര്യം: ഭാഗം 19

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"അപ്പൊ നിനക്ക് എന്നെ ഏട്ടാന്ന് വിളിക്കാനൊക്കെ അറിയാം അല്ലെഡീ വാവേ.." നന്ദേട്ടൻ വാവേന്ന് വിളിച്ചപ്പോഴാണ് പഴയ ഓർമ്മകളിലൂടെ കടന്ന് പോയത്.. ജീബേട്ടന്റെ വാവയായിരുന്നു ഒരിക്കൽ.. ജീബേട്ടന്റെ വാവ നന്ദന്റെ അഞ്ജലിയായി മാറുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചതല്ല.. "ഐ മിസ്സ്‌ മൈ ജീബേട്ടൻ.. ന്റെ ജീബേട്ടൻ ഇവിടെ ഇല്ലാത്തോണ്ടല്ലേ എനിക്കീ ഗതിയൊക്കെ വന്നത്..." പെണ്ണ് തല താഴ്ത്തിക്കൊണ്ട് ചുണ്ടുകൾ വക്രിപ്പിച്ചു പറഞ്ഞു.. "അച്ചോടാ.. നന്ദന്റെ ഉള്ളിലൊരു പുഞ്ചിരി വിരിഞ്ഞു.." അവൻ എന്തോ ഒരു സ്വാതന്ത്രത്തിന്റെ പേരിൽ അവൾക്കരികിലേക്ക് നീങ്ങിയിരുന്നു. പെണ്ണൊന്നു പരുങ്ങി.. അവൻ വാത്സല്യത്തോടെ അവളുടെ മുഖം കൈക്കുടന്നയിലെടുത്തുയർത്തിക്കൊണ്ട് പെണ്ണിന്റെ കണ്ണുകളിലേക്ക് നോക്കി.. പരുങ്ങലോടെയവൾ കണ്ണുകൾ താഴേക്ക് പറിച്ചു നട്ടു.. "എടോ.. നന്ദനും അഞ്ജലിയും എപ്പഴും വഴക്കാണേലും അഞ്‌ജലിക്കുള്ളിലെ ദുർഗ ജീബേട്ടാന്നൊന്ന് വിളിച്ചാൽ എന്റെയുള്ളിലെ ജീബേട്ടൻ അവന്റെ വാവക്ക് വേണ്ടി എത്തുക തന്നേ ചെയ്യും.. എന്റെ മരണം വരെയും.." നന്ദൻ പറഞ്ഞു..

"ഞാ.. ഞാൻ നീരൂനെ ഒന്ന് കണ്ടിട്ട് വരട്ടെ..." പെണ്ണ് വിറച്ചുകൊണ്ട് എഴുന്നേറ്റ് പോകുവാനൊരുങ്ങിയെങ്കിലും നന്ദൻ അവളുടെ കയ്യിൽ പിടുത്തമിട്ടു.. അവളൊന്ന് നിന്നു.. കൈകളിലാകെ ഒരു മരവിപ്പ്.. "അങ്ങനെയിപ്പോ ഒഴിഞ്ഞു പോവാന്ന് കരുതണ്ട.. ദേ ഇവിടെ കിടന്നോ.. റസ്റ്റ്‌ എടുത്തോ കുറച്ചു നേരം.. ഞാൻ താഴെ കിടന്നോളാം..." നന്ദൻ അവളെ കട്ടിലിൽ പിടിച്ചിരുത്തി.. പിന്നീടവൻ എഴുന്നേറ്റകൊണ്ട് മെല്ലെ പ്രയാസപ്പെട്ട് താഴെ മലർന്നു കിടന്നു... "നന്ദേട്ടാ.." "ഉം?" "നന്ദേട്ടന് വേണമെങ്കിൽ ഇവിടെ കിടന്നോ.. എനിക്ക് പ്രശ്നമൊന്നുമില്ല.." പെണ്ണ് പറഞ്ഞു.. നന്ദനൊന്ന് എഴുന്നേറ്റിരുന്ന് അവളെ നോക്കി.. "ശരിക്കും? എന്നിട്ട് അവസാനം എന്നെ കുറ്റം പറയരുത്..." "യ്യോ.... എന്തോന്നാ.. അവിടെ തന്നേ കിടന്നോ.. അതാ എനിക്കും സേഫ്.. അയ്യടാ.. ഇച്ചിരി പാവം തോന്നിയപ്പോ ഉള്ളിലിരിപ്പ് ഇതാണല്ലേ.. ഇതിന്റെ കൂടെ ഞാനെത്ര ദിവസം ഈ മുറിക്കുള്ളിൽ ജീവിച്ചു തീർക്കണമോ എന്തോ?"

പറഞ്ഞുകൊണ്ട് പെണ്ണ് മെല്ലെ മലർന്നു കിടന്നു. "ഹോ ഇത്രക്ക് ജാഡയെന്തിനാ? എപ്പഴായാലും എനിക്കുള്ള ചോറ് നീ തന്നെയല്ലേ വിളമ്പിത്തരാൻ പോണത്..." നന്ദൻ പറഞ്ഞുകൊണ്ട് തിരിച്ചു കിടന്നു. കേട്ടതും പെണ്ണ് ദേഷ്യത്തോടെ മറുവശത്തെ തലയിണയെടുത്ത് അവന്റെ ദേഹത്തേക്കെറിഞ്ഞു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "നാത്തൂനെ.. ഇവിടുത്തെ ബാത്രൂം എവിടെയാ.. കുറേ നേരമായി നടന്നു നടന്നു ഞാൻ ക്ഷീണിച്ചു. എവിടെ നിന്ന് തുടങ്ങുന്നോ, കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തുന്നു.." ഉറക്കമെണീറ്റപ്പോ വൈകുന്നേരമായിരുന്നു നന്ദേട്ടൻ നല്ല ഉറക്കമായിരുന്നു. എഴുന്നേൽപ്പിക്കാൻ തോന്നിയില്ല. ഉറങ്ങുമ്പോ മാത്രം നന്ദേട്ടൻ തന്നെയാണ് ജീബേട്ടൻ എന്ന് മനസ്സുറപ്പിക്കുമായിരുന്നു.. "നീയിവിടുത്തെ ബാത്രൂം കണ്ടിട്ടില്ലേ..?" നീരു ചോദിച്ചപ്പോൾ ഇല്ലെന്ന് തലയാട്ടി. "വാ.. ഞാൻ കാണിച്ചു തരാം.. ഞാൻ നേരത്തെ കുളി കഴിച്ചിട്ടാ ഉറങ്ങാൻ പോയത്." നീരു കൈ പിടിച്ച് ബാത്രൂം കാണിക്കുവാനായി കൊണ്ടുപോയി.. നടുമുറ്റത്തിനടുത്തെത്തിയപ്പോൾ പെണ്ണൊന്നു നിന്നു..

"വൗ.. ഇവിടെ മഴ പെയ്താൽ കിടു ആയിരിക്കും അല്ലെ.. ആദ്യായിട്ടാ ഞാൻ ഇതൊക്കെ നേരിട്ട് കാണണേ.." "ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു.." നീരു പിന്നെയും മുന്നോട്ട് നടന്നപ്പോഴാണ് ഇടതുവശത്തെ മുറിയിൽ നിന്നും സുഭദ്രാമ്മ ഇറങ്ങി വന്നത്.. അവരെ കണ്ടതും നീരു ഒന്ന് നിന്നു.. അവര് നീരുവിനെ ഒന്ന് നോക്കിയിട്ട് പിന്നിൽ നിന്ന അഞ്ജലിയെ നോക്കി.. മുഖത്ത് ഗൗരവം മാത്രം നിറച്ചു വച്ചുകൊണ്ട് വേഗം നടന്നു പോയി.. അതിനു ശേഷമാണ് ദേവു വന്നത്.. അഞ്ജലിയെയും നീരുവിനെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.. ശേഷം അമ്മക്ക് പിന്നാലെ നടന്നു പോയി. "ദേവൂനെ ഹരിയേട്ടനെക്കൊണ്ട് തന്നേ കെട്ടിക്കാൻ ഉള്ള എന്തോ ഒരു തരം വാശിയായിരുന്നു സുഭദ്രമ്മക്ക്.. അത് നടക്കാതെ പോയതിന്റെ ദേഷ്യാ ഇപ്പൊ കാണിച്ചത്. അല്ലേലും അവർക്കെന്നെ പണ്ടേ കണ്ണിനു നേരെ പിടിക്കില്ലായിരുന്നു. പക്ഷെ ദേവു പാവാട്ടോ.. അവള് പണ്ടേ ആരോടും ഒന്നും മിണ്ടില്ല്യ. ഒറ്റക്ക് ഒരിടത്ത് ഇരിക്കാനാ ആ കുട്ടിക്കിഷ്ടം. പക്ഷെ അപ്പുറത്തെ വീട്ടിലെ ഉണ്ണിയേട്ടനോട് മാത്രം ഇരുപത്തി നാല് മണിക്കൂറും സംസാരിച്ചോണ്ടിരിക്കും.

ചെറുപ്പം മുതലേ അവര് നല്ല കൂട്ടാ.. ഉണ്ണിയേട്ടൻ സുഖമില്ലാത്ത ഒരേട്ടനാ.. കൊച്ചു പിള്ളേരുടെ കണക്കാ.. ദേവു എപ്പഴും ഉണ്ണിയേട്ടന്റെ ഒപ്പമാ ഉണ്ടാവുക.. ഇന്നേവരെ ഹരിയേട്ടനെ കെട്ടണം ന്ന് ദേവൂന്റെ വായീന്ന് ആരും കേട്ടിട്ടില്ല.. അവളോട് ആരും ചോയിച്ചിട്ടും ഇല്ല്യ..." നീരു പറഞ്ഞതെല്ലാം കേട്ടുകൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ നിന്നും ആരോ നടന്നു വരുന്ന കാലൊച്ച കേട്ടത്.. തിരിഞ്ഞു നോക്കിയപ്പോൾ മായമ്മയെ കണ്ടു.. "അത് ശരി.. അഞ്ജലി ഇവിടെ നിക്കുവായിരുന്നോ? ഞാൻ മുറിയിൽ ചെന്നപ്പോ കണ്ടില്ല.. നന്ദൻ നല്ല ഉറക്കായിരുന്നു..." മായമ്മ അടുത്തേക്ക് വന്നു നിന്നു. കയ്യിലൊരു വസ്ത്രവുമുണ്ടായിരുന്നു. "എന്താ അമ്മേ? ഇതെന്താ കയ്യില്.." അഞ്‌ജലിയാണ് ചോദിച്ചത്. അമ്മയെന്ന് അവൾ വിളിച്ചപ്പോ മായമ്മയുടെ മനസ്സിലൊരു മഴ പെയ്തു. "ഇത് മോൾക്ക് മുത്തശ്ശി തരാൻ അയച്ചതാ. വൈകീട്ട് ശിവക്കാവിലേക്ക് വരുമ്പോ ഇതുടുക്കണം ട്ടോ..." മായമ്മ അഞ്ജലിക്ക് വസ്ത്രം കൈമാറി.

. "അയ്യോ.. ഇതെന്താ സാരിയോ? അമ്മേ ഞാനിതുവരെ സാരി ഉടുത്തിട്ടില്ല..." "അത് സാരമില്ല. ഞാൻ പഠിപ്പിച്ചു തരാം. ശിവക്കാവിൽ പോകുമ്പോ എല്ലാരും സാരിയാ ഉടുക്കുക.." നീരു പറഞ്ഞു. മായമ്മയോട് കുറച്ചു നേരം സംസാരിച്ചു നിന്നപ്പോൾ അമ്മയെ പറ്റി ഓർത്തു പോയി. ഒന്ന് വിളിച്ചു നോക്കണം.. കാര്യങ്ങൾ എല്ലാം വിശദീകരിക്കണം. പക്ഷെ ഇപ്പൊ നന്ദേട്ടന്റെ വീട്ടിലാണെന്ന് പറഞ്ഞാൽ അമ്മയെന്ത് കരുതും? കണ്ണുകൾ അറിയാതെ നിറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. നീരുവുമായി ചെന്നെത്തിയത് ഒരു വലിയ മരകതകിന്റെ മുന്നിലായിരുന്നു.. കണ്ടപ്പോ ഏതോ മുറിയാണെന്ന് തോന്നി. "നാത്തൂനേ നിന്നോട് ഞാൻ ബാത്രൂമാ ചോദിച്ചത് കേട്ടോ.. നിനക്ക് മാറിപ്പോയില്ലല്ലോ അല്ലെ....." അഞ്ജലി പറഞ്ഞു തീർക്കുന്നതിന് തൊട്ട് മുൻപേ നീരു കതക് മലർക്കെ തുറന്നു.. കണ്മുന്നിലെ കാഴ്ച കണ്ട് പെണ്ണ് വാ പൊളിച്ചു നിന്നു..

"നാത്തൂനേ.. ഇവിടെ കുളിമുറിയല്ല.. കുളിക്കടവാ.. പോയി കുളിച്ചേച്ചു വാ..." നീരു പറഞ്ഞു.. അമ്പരപ്പ് മാറിയില്ല.. മുന്നിൽ വിരിച്ചിട്ട പടിക്കെട്ടുകൾക്ക് താഴെയൊരു കുളം.. ചുറ്റിനും വലിയ മതിൽക്കെട്ട്.. "ആണുങ്ങളുടെ കടവ് ഇതിന്റെ അപ്പുറത്താ.. അതിന് വേറെ വഴിയാ.." പറഞ്ഞതിനൊന്നും പ്രതികരണമില്ലെന്നു കണ്ടാണ് നീരു അഞ്ജലിയെ നോക്കിയത്.. അവളപ്പോഴും വാ പിളർത്തി നിൽക്കുകയായിരുന്നു.. "ഞെട്ടണ്ട.. വേഗം പോയി കുളിച്ചിട്ട് വാ.. ദേ ആ കാണുന്ന മുറീന്ന് വസ്ത്രം മാറി വന്നാൽ മതി. ഈ സാരി നിന്റെ മുറിയിൽ ചെന്നിട്ട് ഉടുക്കാം.. നീയെന്നെ വിളിച്ചാൽ മതി.." അത്രയും പറഞ്ഞുകൊണ്ട് നീരു നടന്നു പോയി.. ഒരു തോർത്ത് ചുറ്റിക്കെട്ടി കുളി കഴിഞ്ഞു കേറിയപ്പോ മേലാകെ തണുത്തു വിറക്കുന്നുണ്ടായിരുന്നു. വസ്ത്രം മാറുന്ന മുറിയിലേക്ക് പോയി കുളി കഴിഞ്ഞിട്ട് മാറുവാൻ കയ്യിൽ കരുതിയ ടോപ്പും പാന്റും എടുത്ത് ധരിച്ചു. ഇനി മുറിയിലെത്തിയിട്ട് സാരി ഉടുക്കാം.. വസ്ത്രം മാറിയിട്ട് മുറിയിലെത്തിയപ്പോൾ നന്ദേട്ടൻ ഉറക്കമെണീറ്റ് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു..

"ആഹാ.. കുളിച്ച് നല്ല സുന്ദരി ആയിട്ട് വന്നിട്ടുണ്ടല്ലോ.." നന്ദേട്ടൻ കമന്റ് പറഞ്ഞപ്പോൾ മറുപടി കൊടുത്തില്ല.. കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്ന് തല മെല്ലെ തുവർത്തി. "ആഹാ.. ഇതെന്താ സാരിയോ? നീ സാരി ഉടുക്കാറുണ്ടോ?" നന്ദേട്ടൻ ചോദിച്ചു. "എന്റെ ജീവിതത്തിൽ ഉടുത്തിട്ടില്ല.. ഉടുക്കാൻ അറിയേം ഇല്ല.." കേട്ടതും നന്ദൻ എന്തോ ആലോചിക്കുന്നത് കണ്ടു.. പിന്നെ വേഗം ചെന്ന് കതക് അടച്ച് കുറ്റിയിട്ടു.. "എന്താ?" "നിനക്ക് സാരി ഉടുക്കാൻ അറിയില്ലാന്നല്ലേ പറഞ്ഞെ.. ഞാൻ ഉടുപ്പിച്ച് തരാം." നന്ദേട്ടൻ പറഞ്ഞത് കേട്ട് ഉള്ളിലെ കിളികൾ പറന്നു പോയി. "അയ്യടാ.. ഉള്ളിലിരിപ്പെ.. ഞാനേ ഇപ്പൊ ഒച്ചവക്കും. മര്യാദക്ക് ഇറങ്ങി പൊക്കോണം ഇവിടുന്ന്.." "ഒച്ച വച്ച് ആൾക്കാർ വന്നാ ഞാൻ പറയും ഇവള് സാരിയുടുക്കാൻ അറിയാത്തതോണ്ട് എന്നെക്കൊണ്ട് ഉടുപ്പിക്കാൻ നിർബന്ധിച്ചതാന്ന്.." ചുണ്ടുകൾ ചുളിച്ചുകൊണ്ട് നന്ദേട്ടൻ പറഞ്ഞു.. എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി. അപ്പോൾ നന്ദേട്ടൻ കട്ടിലിൽ വിരിച്ചിട്ട ബെഡ്ഷീറ്റ് വലിച്ചൂരി കണ്ണു കെട്ടി. "ഇതെന്തൊക്കെയാ ഈ കാണിക്കണേ..."

"നീ ഈ ഡ്രസ്സ്‌ മാറി ബ്ലൗസൊക്കെ എടുത്തിട്ടോ.. ഞാൻ അതുവരെ ദേ ഇങ്ങനെ നിക്കാം.. വേണമെങ്കിൽ ദേ ന്റെ രണ്ട് കയ്കളും കെട്ടിക്കോ.." കണ്ണു കെട്ടിയിട്ട് കെട്ടുവാനായി കൈകളും നീട്ടിത്തന്ന നന്ദേട്ടന്റെ കുട്ടിത്തം നിറഞ്ഞ മുഖം കണ്ട് ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.. ഒരിക്കൽ അവൻ പറഞ്ഞുവച്ച കാര്യം അവളുടെ മനസ്സിലേക്കോടിയെത്തി.. "ഹരി നന്ദൻ കള്ളു കുടിയനാണ്... താന്തോന്നിയാണ്.. പക്ഷെ പെണ്ണു പിടിയനല്ല.." ആ വാക്കുകളോടും അത് പറഞ്ഞയാളോടുമുള്ള വിശ്വാസത്തിന്മേലാണ് പെണ്ണ് ടോപ് ഊരി മാറ്റിയിട്ടു ധൃതിയോടെ ബ്ലൗസ് എടുത്ത് ധരിച്ചത്.. സാരി അരയിൽ ചെറുതായി ഒന്ന് ചുറ്റിയുറപ്പിച്ചും വച്ചു.. "കെട്ടഴിക്കാതെ സാരി ഉടുപ്പിക്കാൻ പറ്റോ?" കേട്ടപ്പോ അവനൊന്ന് തല താഴ്ത്തി പുഞ്ചിരിച്ചു. "വാവക്ക് അവളുടെ ജീബേട്ടനെ വിശ്വാസമാണെങ്കി മാത്രം മതി.. ഞാൻ നിർബന്ധിക്കുന്നില്ല.." അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് തൊട്ട് മുൻപേ പെണ്ണവന്റെ കണ്ണിന്റെ കെട്ട് ഊരിമാറ്റി കട്ടിലിലേക്കേറിഞ്ഞു.. പതിയെ കണ്ണുകൾ തുറന്നപ്പോ അവൻ നോക്കിയത് അവളുടെ കണ്ണുകളിലേക്ക് മാത്രമാണ്..

കണ്ണുകൾ തമ്മിലുടക്കിയപ്പോഴാണ് പെണ്ണ് മെല്ലെ തിരിഞ്ഞു നിന്നത്. നന്ദേട്ടൻ അവൾക്ക് മുന്നിൽ വന്ന് മുട്ട് കുത്തിയിരുന്നു.. അവളുടെ ദേഹമാകമാനം വിറച്ചു തുടങ്ങി.. യാതൊരു അമ്പരപ്പുമില്ലാതെ അവൻ സാരി ഉടുപ്പിക്കാൻ തുടങ്ങിയിരുന്നു. സാരി മടക്കിത്തീർത്ത് യാതൊരു സങ്കോചിവുമില്ലാതെ നന്ദേട്ടൻ പെണ്ണിന്റെ അരക്കകത്തേക്ക് സാരി തിരുകി വച്ചു. അവന്റെ ഇരു വിരലുകളുടെ സ്പർശനം അവളുടെ അടിവയറിനെ മെല്ലെ തലോടിക്കൊണ്ട് കടന്നു പോയപ്പോൾ ഉള്ളൊന്ന് വിറച്ചുപോയി.. നന്ദേട്ടൻ പതിയെ എഴുന്നേറ്റുകൊണ്ട് ഒരു തവണ കൂടെ സാരിയൊന്ന് ചുറ്റിക്കൊണ്ട് നന്ദൻ മെല്ലെയവളുടെ തോളിലേക്കത് എടുത്തിട്ടു. അവള് നോക്കുമ്പോഴെല്ലാം അവന്റെ ശ്രദ്ധ സാരിയുടുപ്പിക്കുന്നതിൽ മാത്രമായിരുന്നു.. സാരി ഉടുത്തുകഴിഞ്ഞവൻ പിന്നിൽ ചെന്നു നിന്ന് അവളെ മുന്നിലത്തെ കണ്ണാടിക്കടുത്തേക്ക് കൂടുതൽ അടുപ്പിച്ചു..

അവളൊന്ന് കണ്ണാടിയിൽ നോക്കി.. അവളെയല്ല.. അവനെ.. "എന്തോ ഒരു കുറവുണ്ടല്ലോ... ആഹ്..." നന്ദേട്ടൻ ഒന്ന് മുന്നോട്ടാഞ്ഞു.. അവളുമായി കൂടിച്ചേർന്നു. അവളൊന്ന് പതറി.. കൈ മുന്നോട്ടെത്തി കണ്ണാടിക്ക് മുന്നിലെ സ്റ്റാൻഡിൽ വച്ചിരുന്ന വച്ചിരുന്ന പൊട്ട് എടുത്ത് മെല്ലെ പെണ്ണിന്റെ നെറ്റിയിൽ അമർത്തി ഒട്ടിച്ചു. അവളുടെ തോളിന് മുകളിലായിരുന്നു അവന്റെ മുഖം.. "പിന്നെ താൻ അന്ന് ഫ്ലാറ്റീന്ന് ധരിച്ച ആ വെളുത്ത കളറിലുള്ള നെക്ലസ് ഈ സാരിക്ക് മാച്ച് ആയിരിക്കും.." നന്ദേട്ടൻ പറഞ്ഞു.. പെണ്ണിന്റെ ഇടത്തേ കയ്യിലെ അവന്റെ പിടുത്തം അപ്പോഴും അയഞ്ഞിട്ടുണ്ടായിരുന്നില്ല.. പെട്ടന്നാണ് കതകിനൊരു മുട്ട് കേട്ടത്. നന്ദേട്ടൻ വേഗം അവളുടെ അടുത്ത് നിന്നും മാറിക്കൊണ്ട് കട്ടിലിൽ പോയിരുന്നു. അഞ്ജലി കതക് തുറന്നു നോക്കിയപ്പോൾ നീരുവായിരുന്നു. സാരി ഉടുത്തു നിൽക്കുന്ന അഞ്ജലിയെ നീരു ഒന്ന് അടിമുടി നോക്കി..

"നീയല്ലേ ഡീ നിനക്ക് സാരി ഉടുക്കാൻ അറിയില്ലാന്നു പറഞ്ഞ്ത്...." നീരു ചോദിച്ചപ്പോ എന്ത് പറയുമെന്ന് ആലോചിച്ചു.. പിന്നെയാണ് അവൾ നന്ദേട്ടനെ നോക്കുന്നത്.. "എന്താ ഏട്ടാ ബെഡ് ഷീറ്റൊക്കെ ഇങ്ങനെ ചുളിച്ചിട്ടിരിക്കുന്നെ?" നീരു പറഞ്ഞതും നന്ദേട്ടൻ ഒരു കള്ളച്ചിരി ചിരിച്ചു കാണിച്ചു.. "എന്റെ ഭാര്യയെ സാരി ഉടുപ്പിക്കാൻ എനിക്കറിയാം.. പിന്നെ ഈ ബെഡ് ഷീറ്റ്.. അതൊന്നും പിള്ളേര് അറിയണ്ട.. ഉം പൊക്കോ..." ഒരു നാണത്തോടെ നന്ദേട്ടൻ പറഞ്ഞു കേട്ട് നീരുവിനോപ്പം അഞ്ജലിയും വാ പൊളിച്ചു പോയി. "എടീ.. നിന്റേട്ടന് വട്ടാ.. ഇത്..." അഞ്ജലി നീരുവിനെ പറഞ്ഞു മനസ്സിലാക്കിക്കാൻ നോക്കിയെങ്കിലും നീരു കൂട്ടാക്കിയില്ല.. "ഇല്ല നാത്തൂനേ... നീയൊന്നും പറയണ്ട.. നീയെന്റെ 916 നാത്തൂൻ ആണേലും എന്റെ ഹരിയേട്ടന്റെ 916 ഭാര്യ ആയ കാര്യം നീയെന്നോട് മറച്ചു വെച്ചല്ലേ.. നീയൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ എന്റേട്ടൻ ഉണർന്നേനെ.. എന്നാലും ഞാനിത് അറിയാൻ വൈകിയല്ലോ..." നീരു വിവിധ ഭാവങ്ങൾ മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് അഞ്ജലി പറയുന്നതൊന്നും ചെവി കൊള്ളാതേ നടന്നു പോയി. ഇതെല്ലാം കണ്ട് നന്ദൻ നടുവിൽ കൈവച്ച് ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story