പ്രണയ സ്വകാര്യം: ഭാഗം 2

pranaya swakaryam

രചന: ആദിത്യൻ മേനോൻ

 "ഒരു തവണ സൗണ്ട് കുറക്കാൻ പറഞ്ഞു വാർണിങ് തന്നതാണ്. അപ്പൊ കേട്ടില്ല.. ഇനി ഇതുപോലുള്ള തോന്നിവാസങ്ങൾ കാണിക്കാനാണ് നിന്റെയൊക്കെ ഭാവമെങ്കിൽ ദേ ആ പ്ലേയറിന്റെ അവസ്ഥയാവും നിങ്ങൾക്ക്..." ദേഷ്യത്തോടെ അവൾ പറഞ്ഞു.. "എന്ത് ധൈര്യമുണ്ടായിട്ടാടീ നീ ഞങ്ങടെ മുറിയിലോട്ട് കേറി വന്ന് ഷോ കാണിക്കുന്നേ..?" കൂട്ടത്തിലൊരുവൻ ഉറക്കെ ചോദിച്ചു. "ഷോയോ? ഇതോ.. പൊന്നുമോനെ അപ്പൊ ഞാൻ ശരിക്കുമുള്ള ഷോ കാണിച്ചാൽ നീയൊക്കെ വാലും പൊക്കി ഓടും.." പുച്ഛം മുഖത്ത് പാകിയിട്ടവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴും കണ്ണുകൾ ഇടക്കിടക്ക് അവനെ തേടി പോകുന്നുണ്ടായിരുന്നു. പെട്ടന്ന് പതുക്കെ എഴുന്നേൽക്കുന്നത് കണ്ടു.. എഴുന്നേറ്റ് മെല്ലെ വീണ്ടുമവൻ അവൾക്കരികിലേക്ക് പാടുപെട്ട് നടന്നെത്തി.. "കഴിഞ്ഞില്ലേ.. ഇനി വിട്ടോ..." അവനെ ഒന്ന് നോക്കി ദഹിപ്പിച്ചുകൊണ്ടവൾ ഡോർ തുറന്നു തന്റെ റൂമിലേക്ക് പോയി. "അവളെ ഇങ്ങനെ വെറുതേ വിടരുതായിരുന്നു നന്ദാ.."

അവരുടെ മുറിയിൽ നിന്നും ആരോ നന്ദനോട് പറയുന്നത് അവ്യക്തമായി കേട്ടു. റൂമിലെത്തിയപ്പോൾ രേവതി ഫുഡ്‌ ഡൈനിങ് ടേബിളിൽ നിരത്തി വച്ചിട്ടുണ്ടായിരുന്നു.. കഴിച്ചെഴുന്നേൽക്കാറായപ്പോഴാണ് ഡോറിനു മുട്ട് കേട്ടത്.. "കാളിങ് ബെൽ ഉണ്ടായിട്ടും ആരാ ഇങ്ങനെ മുട്ടുന്നെ?" രേവതി കഴിക്കുന്നതിനിടെ എഴുന്നേറ്റു ചെന്ന് നോക്കാൻ ശ്രമിച്ചെങ്കിലും അഞ്ജലി തടഞ്ഞു. "നീ കഴിക്ക് ഞാൻ നോക്കാം.." അവൾ എഴുന്നേറ്റ് ചെന്ന് ഡോർ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ മുന്നിൽ കണ്ടത് ഹരിനന്ദനെയും അവന്റെ തോളിൽ കുടിച്ച് ബോധമില്ലാതെ പാട്ട് പാടുന്ന വേറൊരുത്തനെയുമാണ്.. "എന്താടോ?" "അത് പിന്നെ.. ദേ ഇവനൊരു ആഗ്രഹം.. അപ്പൊ അതങ്ങ് സാധിപ്പിച്ചു കൊടുക്കാൻ വേണ്ടി വന്നതാണ്.." നന്ദൻ പിറുപിറുപ്പോടെ പറഞ്ഞു.. "എന്ത് വേണം?" "കുട്ടി ഒന്നങ്ങോട്ട് മാറി നിന്നെ..." "വാട്ട്‌ നോൺസെൻസ്?" കാര്യം പിടികിട്ടാതെ നെറ്റിചുളിച്ചുകൊണ്ട് അഞ്ജലി അവിടെ തന്നെ നിന്നു.. "ഒന്ന് മാറി നിൽക്കൂ..."

നന്ദൻ പിന്നെയും ആവർത്തിച്ചപ്പോൾ അവൾ എന്ത് നടക്കുമെന്നറിയാതെ പിന്നിലേക്ക് മാറി നിന്നു.. "ഇനി തൊടങ്ങിക്കോടാ..." അവൻ തന്റെ തോളത്ത് പാതി മയങ്ങിയവന്റെ പിൻഭാഗം ശക്തിയായി തടവിതുടങ്ങിയപ്പോൾ അയാൾ അവിടെ വലിയ തോതിൽ വാള് വെക്കാൻ തുടങ്ങി.. അത് കണ്ടതും അഞ്ജലിയും രേവതിയും ഒന്ന് ഞെട്ടിപ്പോയി... "കഴിഞ്ഞോടാ..? എങ്കിൽ വാ പോകാം.." നന്ദൻ ചിരിച്ചുകൊണ്ടയാളെ എഴുന്നേറ്റ് നിർത്തി. ശേഷം അഞ്ജലിയെ നോക്കിയിട്ട് തുടർന്നു. "എന്റെ സ്ഥലത്ത് വന്നിട്ട് എന്റടുത്ത് ഷോ ഇറക്കിപ്പോയ നിന്നോട് ഇതെങ്കിലും ഞാൻ ചെയ്യണ്ടേടീ.. അപ്പൊ പോട്ടെ?" ഒരു കൈ കൊണ്ട് മീശ പിരിച്ച് വാളുവച്ചവനെ വലിച്ചുകൊണ്ടവൻ തിരിഞ്ഞു നടന്നു.. "ഇത്രേം മാനേഴ്സ് ഇല്ലാത്ത വൃത്തികെട്ടവന്മാർ..." പെണ്ണ് വാതിലിൽ കയ്യമർത്തി അതിൽ ദേഷ്യം കടുപ്പിച്ച് അവരെ നോക്കി പറഞ്ഞു. "താഴെ കിടക്കുന്നത് കണ്ടില്ലേ.. തുടച്ചെടുത്തോ.. മാനേഴ്സ്..." തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞിട്ട് പോയ നന്ദനെ കണ്ടപ്പോൾ അവളുടെ കോപമിരട്ടിച്ചു..

"ഡീ.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല.. നീയീ അപാർട്മെന്റിന്റെ ഓണറെ വിളിച്ചേ.. അയാളും കൂടെ വന്നൊന്ന് കാണട്ടെ ഇതൊക്കെ.. ഈ വാള് അവനെക്കൊണ്ട് തന്നെ ഞാൻ കഴുകിക്കും..." താഴെ പരന്ന ശർദിൽ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ചവൾ സോഫയിൽ ചെന്നിരുന്നു. "എന്റെ പൊന്ന് അഞ്ജലീ.. വെറുതേ വഴക്കിനൊന്നും പോകാൻ നിക്കണ്ട.. നീയിങ്ങനെ ആണേൽ നിന്റച്ഛൻ നിന്നെത്തേടി ഇവിടെയെത്താൻ അതികം ടൈം ഒന്നും വേണ്ടി വരില്ല.." "എന്ത് തന്നെയായാലും അവനെ ഞാനിവിടെ നിന്ന് പെട്ടീം കിടക്കേം എടുത്ത് ഓടിക്കും.. ഓണർ കന്നഡക്കാരനാണോ?" "അല്ല മലയാളി തന്നെയാ.. ഇതാ നീ തന്നെ സംസാരിച്ചോ.." രേവതി ഓണറുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ അഞ്ജലിക്ക് കൊടുത്തു.. കുറച്ചു നേരം റിങ് ചെയ്ത ശേഷം കാൾ അറ്റൻഡ് ആയി.. "ഹലോ?" മറുവശത്തു നിന്നും ഒരു വൃദ്ധന്റെ ശബ്‌ദം കേട്ടു. "നിങ്ങളല്ലേ അമൃത അപാർട്മെന്റിന്റെ ഓണർ?" "വാടക തരാനാണോ?" "അയ്യടാ.. വാടക ചോദിക്കാൻ എന്താ ഉത്സാഹം. ഇവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകളൊന്നും ചേട്ടനറിയണ്ടേ?"

"അവിടെ താമസിക്കുന്നവർക്കെന്ത് ബുദ്ധിമുട്ട്?" "ചേട്ടന് ബുദ്ധിമുട്ടില്ലേൽ ഒന്നിവിടെ വരെ വരാൻ പറ്റുമോ? വന്ന് നേരിട്ട് കണ്ടോളൂ.." മറുപടി കേൾക്കാതെ ദേഷ്യത്തോടെ വേഗത്തിൽ കാൾ കട്ട് ചെയ്തു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "നിങ്ങളല്ലേ വിളിച്ചത്? എന്താ.. എന്താ പ്രശ്നം?" ഓണറെ കാത്ത് താഴെ ഗ്രൗണ്ട് ഫ്ലോറിൽ നിൽക്കുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞാണയാൾ എത്തിയത്. "പ്രശ്നം എന്താന്ന് ചേട്ടന് ഞാൻ കാണിച്ചു തരാം. ചേട്ടൻ വന്നേ..." അഞ്ജലി ലിഫ്റ്റ് ഓപ്പൺ ചെയ്ത് അതിൽ കയറി അവരുമായി റൂമിന് മുന്നിലെത്തി. "ഇത് കണ്ടോ ചേട്ടാ.. ആ A 10 ഇൽ ഉള്ളവര് കാണിച്ചു കൂട്ടിയതാ. ചേട്ടനിപ്പോ തന്നെ കേട്ടില്ലേ അവരുടെ റൂമിൽ നിന്നുള്ള ബഹളം? ഇവിടെന്താ ഗാനമേള വല്ലതും നടക്കുന്നുണ്ടോ.. അഥവാ ഉണ്ടെങ്കിൽ അതവർക്ക് അവർക്ക് കേൾക്കാൻ മാത്രമുള്ള ശബ്ദത്തിൽ വച്ചാ പോരെ? ബാക്കിയുള്ളവർക്ക് രാത്രി ഉറങ്ങുവൊന്നും വേണ്ടേ? ഇത് ഞാൻ ചോദിക്കാൻ ചെന്നതിനുള്ള ആഫ്റ്റർ എഫെക്ട് ആണ് ദേ ഈ തറയിൽ കിടക്കുന്ന വാള്.. ഇതിനിപ്പോ ഒരു തീരുമാനം ഉണ്ടാക്കണം.. വല്ലാത്ത ഇറിറ്റേഷൻ ആണ് ചേട്ടാ.."

ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചപ്പോൾ അയാൾ കുറേ നേരം കീഴ്ച്ചുണ്ടിൽ വിരൽ വച്ചുകൊണ്ട് എന്തോ ആലോചിച്ചു നിന്നു. "അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്.. മോള് വാ.. ഇവന്മാർ ഇത്തിരി ഓവറാ..." അയാൾ റൂം A 10 ലക്ഷ്യമാക്കി നടന്നു. പിന്നാലെ കുറച്ച് പുച്ഛം മുഖത്ത് ഫിറ്റ്‌ ചെയ്ത് അവളും. എല്ലാം നോക്കിക്കൊണ്ട് വാതിൽപ്പടിക്കൽ രേവതി നിന്നു. A 10 ഇൽ എത്തി കാളിങ് ബെൽ അടിക്കാതെ ഡോർ തുറന്ന് അയാളും അവളും അകത്തു കയറി. കഴിഞ്ഞ രണ്ടു തവണയും അവൾ കണ്ടത് തന്നെയായിരുന്നു ഇപ്പോഴും അവിടെ ഉണ്ടായിരുന്ന കാഴ്ചകൾ.. ആരോ മൊബൈലിൽ പാട്ട് വച്ച് സ്പീക്കറിൽ കണക്ട് ചെയ്ത് ശക്തമായ ശബ്ദത്തിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. "നിർത്തെടാ...." അത്രമാത്രം.. ഉറക്കെയുള്ള അയാളുടെ ശബ്‌ദം കേട്ടൊന്ന് പകച്ച് കൂട്ടത്തിലൊരുവാൻ പാട്ട് ഓഫ്‌ ചെയ്തു. "എന്ത് തോന്നിവാസമാണ് നിങ്ങളിവിടെ കാണിച്ചു കൂട്ടുന്നത്? വേണ്ടാ വേണ്ടാന്ന് കരുതുമ്പോ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുവാണോ? കള്ളും പൊകയും ചീട്ടും എല്ലാം ഉണ്ടല്ലോ ഇതിന്റെയുള്ളിൽ. ഇതെന്താ വല്ല അധോലോകവും ആണോ?

ഇവിടെ ബാക്കിയുള്ളവർക്കൊക്കെ മനസമാധാനത്തോടെ താമസിക്കണ്ടേ?" "എന്താ ചേട്ടാ പ്രശ്നം?" സോഫയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ഹരി നന്ദൻ മാന്യമായി ചോദിച്ചു. അവന്റെ പെരുമാറ്റം കണ്ട് അവൾക്ക് പുച്ഛം തോന്നി. "പ്രശ്നം എന്താന്നോ? നിങ്ങൾക്കെതിരെ ഈ കുട്ടി പരാതി തന്നിട്ടുണ്ട്.. നിങ്ങൾ മറ്റുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉച്ചത്തിൽ പാട്ട് വച്ചും മറ്റു റൂമുകളിൽ പോയി വാള് വച്ചും നിങ്ങൾ ഇവരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനെതിരെ എനിക്ക് എന്തെങ്കിലും പരിഹാരം കണ്ടേ മതിയാവൂ.." പരുക്കൻ ശബ്ദത്തിൽ അയാൾ പറഞ്ഞപ്പോൾ നന്ദൻ ഒന്ന് ചിരിച്ചു കാണിച്ചു. "കണ്ടോ ചേട്ടാ.. ചേട്ടനിപ്പോ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ പോലും ഇയാൾക്കെന്തൊരു പുച്ഛമാണ്. ഇയാളെക്കൊണ്ട് ആദ്യം ആ വാള് കഴുകി വൃത്തിയാക്കിപ്പിച്ച ശേഷം ഇയാളെ ഇവിടെനിന്നും വേഗം ഓടിക്കണം..."

നന്ദനെ നോക്കി ദേഷ്യത്തോടെയവൾ അയാളോട് പറയുമ്പോഴും നന്ദൻ ചിരിച്ചോണ്ടിരുന്നു. "ചിരിച്ചോ ചിരിച്ചോ.. തന്റെ അവസാനത്തെ ചിരിയാടോ..." പെണ്ണിന് ദേഷ്യം അടക്കാനായില്ല.. "അപ്പൊ.. ഞാനൊരു തീരുമാനം പറയാം.. ഈ കൊച്ച് ഇത്ര സീരിയസ് ആയിട്ട് പറഞ്ഞ സ്ഥിതിക്ക് ഈ അപാർട്മെന്റിന്റെ ഓണർ ഹരിമോനാണെന്ന് അവളെ അറിയിക്കാതിരിക്കുന്നത് തെറ്റല്ലേ...." അത് പറയുമ്പോ പതിയെ അയാളുടെ മുഖത്തെ ഗൗരവം മാഞ്ഞ് ചിരി വിരിഞ്ഞു.. അത് മെല്ലെ നന്ദനിലേക്കും പടർന്നു പിടിച്ചു. കാണുന്നതും കേൾക്കുന്നതുമൊന്നും വിശ്വസിക്കാനാവാതെ വിളറിവെളുത്തുകൊണ്ട് പെണ്ണ് അവരെ ഇരുവരെയും മാറി മാറി നോക്കി നിന്നുപോയി... "ഇതെന്റെ അപാർട്ട്മെന്റാണ്.. എന്റെ സാമ്രാജ്യം.." നന്ദൻ അവളെ നോക്കി തെല്ലഹങ്കാരത്തോടെ പറഞ്ഞു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story