പ്രണയ സ്വകാര്യം: ഭാഗം 21

pranaya swakaryam

രചന: ആദിത്യൻ മേനോൻ

കാശി ആദ്യമൊന്ന് ഞെട്ടിയിരുന്നു.. കണ്ടു നിന്നവരും.. പിന്നെയാണ് അവന് ആളെ മനസ്സിലായത്.. കണ്ണുകളെ പോലും മറച്ച മുടി മുകളിലേക്ക് കയറ്റി വച്ചു കാശിയെ നോക്കി പല്ലുകൾ മുഴുവൻ പുറത്ത് കാട്ടി ചിരിച്ചപ്പോൾ കാശിയും തിരിച്ചു ചിരിച്ചു കാണിച്ചു. "ഉണ്ണിയേട്ടാ... എന്തായിത്?" കാശി ചോദിച്ചപ്പോഴാണ് അവന്റെ നെഞ്ചില് മുഖം പൊത്തിയിരുന്ന ഗായത്രിയും പതിയെ തിരിഞ്ഞു നോക്കിയത്.. ഉണ്ണിയേട്ടൻ മുഖത്തെ ചിരി മായ്ക്കാതെ അള്ളിപ്പിടിച്ച് പടിക്കലേക്ക് കേറി വന്നു.. "ഹാവൂ.. ഉണ്ണ്യാ അത്.. ഞാനങ്ങു ഇല്ല്യാണ്ടായിപ്പോയി.. അവനെന്താ അതിന്റുള്ളില് ചെയ്തോണ്ടിരുന്നേ?" പടിക്ക് മുകളിൽ നിന്നിരുന്ന മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു. "നാത്തൂനെ.. ദേ ഇതാ ഞാൻ പറഞ്ഞ ഉണ്ണിയേട്ടൻ..." നീരു അഞ്ജലിയോടായി പറഞ്ഞു. "പക്ഷെ അയാളെന്തിനാ വെള്ളത്തിന്റെ അടിയിലേക്ക് പോയത്?" അഞ്ജലി ചോദിച്ചു.

"ഞാൻ പറഞ്ഞില്ലേ.. ഉണ്ണിയേട്ടൻ മനസിന് വയ്യാത്ത ആളാ.." നീരു പറഞ്ഞുകൊടുത്തു.. അഞ്ജലി അയാളെ അടിമുടി നോക്കി. കാശിനാഥൻ ഏട്ടാന്ന് വിളിക്കുന്നതുകൊണ്ട് കാശിയേക്കാൾ പ്രായമുണ്ടാവുമെങ്കിലും നന്ദേട്ടനേക്കാൾ ചെറുതാണെന്നെ മുഖം കണ്ടിട്ട് തോന്നുമായിരുന്നുള്ളു.. ചിരിക്കുമ്പോ പല്ലുകൾ മുഴുവൻ പുറത്തായിരുന്നു. സുഖമില്ലാത്ത ആളാണെന്ന് ഒറ്റ നോട്ടത്തിൽ പറയില്ല.. "ഉണ്ണിയേട്ടനെന്തിനാ വെള്ളത്തിന്റെ അടീൽ പോയത്?" കാശി പിന്നെയും ചോദിച്ചു. "അത്.. ദേബൂന്റെ വെള്ളികൊലുസ് വെള്ളത്തീ പോയി.. ഞാ അത് തപ്പാൻ പോയതാ..." ഉണ്ണിയേട്ടൻ പറഞ്ഞുകൊണ്ട് ചിരിച്ചു. "ഇത്രേം ആഴം ഒള്ള കൊളത്തിൽ കൊലുസ് പോയാ കണ്ടെടുക്കാൻ പറ്റ്വോ എന്റുണ്ണിയേട്ടാ.." കാശിയേട്ടൻ സ്നേഹത്തോടെ ചോദിച്ചു.. ഉണ്ണിയേട്ടന്റെ മുഖത്ത് സങ്കടം പരന്നു.. ചുണ്ടുകൾ വക്രിപ്പിച്ചുകൊണ്ടായാൽ നീരസം പ്രകടിപ്പിച്ചു. "പറ്റില്ല പറ്റില്ല.. ദേബൂന് ഒത്തിരി ഇഷ്ടള്ള കൊലുസാ.. അതിടുമ്പോ ദേബൂന്റെ കാലപ്പിടി തെളങ്ങും.. ചില്ല് തെളങ്ങണ പോലെ..."

"പക്ഷെ വെള്ളത്തില് പോയതിനി തിരിച്ചു കിട്ടില്യാലോ.. പകരം ദേവൂന് നമ്മക്ക് വേറെ വാങ്ങിച്ചു കൊടുക്കാം.. എന്താ?" കാശിയേട്ടൻ വാത്സല്യത്തോടെ ചോദിച്ചപ്പോ ഉണ്ണിയേട്ടന്റെ മുഖത്തെ സങ്കടം മാറി.. "ഹായ്.. പുത്യേതോ? മതി മതി.. ഞാനെന്നാ ദേബൂനോട്‌ പോയി പറയട്ടെ?" സന്തോഷം കൊണ്ട് ഉണ്ണിയേട്ടന്റെ നിൽപ്പ് ഉറക്കുന്നുണ്ടായിരുന്നില്ല.. "ഉം.. ഏട്ടൻ ചെല്ല്..." കാശിയേട്ടൻ പറഞ്ഞു. ഉണ്ണിയേട്ടൻ ചാടിച്ചാടി പടികൾ കേറിവന്ന് അവിടെ നിന്നിരുന്ന എല്ലാരേം നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് ഓടിപ്പോയി.. "ഈ ചെക്കന്റെ ഒരു കാര്യം.." മുത്തശ്ശി പറഞ്ഞുകൊണ്ട് ചിരിച്ചു.. "അതാണല്ലേ ഉണ്ണിയേട്ടൻ.. ഇതില്ന്ന് പൊങ്ങി വന്നത് കണ്ടപ്പോ വേറെന്തോ ആവും ന്ന് കരുതി ഞാനങ്ങു പേടിച്ചു പോയി.." ഗായത്രി കാശിയെ നോക്കിക്കൊണ്ട് പറഞ്ഞു. ഗായത്രിയും കാശിയും കാല് കഴുകിയിട്ട് കുളത്തിന് നടുവിലേക്ക് ചെന്നു.

"ആദ്യം നാഗ ദൈവങ്ങളെ തൊട്ട് അനുഗ്രഹം വാങ്ങിക്കൊള്ളൂ..." പൂജാരി പറഞ്ഞതനുസരിച്ച് ഇരുവരും ഒരുമിച്ച് നാഗ പ്രതിഷ്ഠക്ക് മുന്നിൽ ചെന്നു നിന്നു തൊട്ട് വണങ്ങിക്കൊണ്ട് കൈ കൂപ്പി പ്രാർത്ഥിച്ചു.. ഇതേ സമയം പൂജാരികൾ പൂജയാരംഭിച്ചു തുടങ്ങിയിരുന്നു.. "ഇവരുടെ ചടങ്ങുകൾക്കൊപ്പം നമ്മുടേതും കൂടെ നടത്താൻ പറയട്ടെ ഞാൻ നിന്റച്ഛനോട്?" നീരുവിന്റെ പിന്നിൽ നിൽക്കുകയായിരുന്നു വിഷ്ണു.. "ആഹ് എന്നാൽ പിന്നെ കല്യാണത്തിന്റൊപ്പം നിങ്ങടെ അടിയന്തര ചടങ്ങുകൾ കൂടി നടത്താം.." നേരിയ ശബ്ദത്തിൽ ഒരു സ്വകാര്യം പോലെ നീരു മറുപടി നൽകി.. "ഇനി രണ്ടുപേരും ചേർന്ന് വിളക്ക് കത്തിക്ക്യ.." പൂജാരി പറയുന്നുണ്ടായിരുന്നു. കാശിയും ഗായത്രിയും ഒരുമിച്ച് വിളക്കിന് തിരി തെളിയിച്ചു. അഞ്ജലിക്ക് ഇതെല്ലാം ഒരു കൗതുകത്തോടെയല്ലാതെ നോക്കി നിൽക്കുവാനായില്ല. നന്ദേട്ടനെ നോക്കിയപ്പോൾ ഒരു കൂസലുമില്ലാതെ വെറുതേ ചടങ്ങുകൾ നോക്കി നിൽക്കുകയായിരുന്നു.. നീരുവും വിഷ്ണുവുമാകട്ടെ ആരും കാണാതെയുള്ള റൊമാൻസിൽ..

കാവിന്റെ അപ്പുറത്ത് രേവതിയും അഭിയേട്ടനും ചടങ്ങുകൾ കാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ഇടക്കിടക്ക് അഭിയേട്ടൻ ഓരോന്ന് പറയുമ്പോഴും രേവതി നാണത്തോടെ മുഖം പൊത്തുന്നുണ്ടായിരുന്നു. കെട്ടിയോനാണെന്നും വാദിച്ച് അടുത്തൊരുത്തൻ നിൽക്കുന്നുണ്ട്.. റൊമാൻസ് ഒന്നുമില്ല, വെറുതേ കൊതിപ്പിച്ചിട്ട്‌ കടന്നു കളയലുകൾ മാത്രം.. "അടുത്തതായിട്ട്.. നാഗ പ്രതിഷ്ഠക്ക് മീതെ മഞ്ഞളും പാലും ചേർത്തത് ഒഴിച്ച് നാഗ പ്രീതി വാങ്വാ..." പൂജാരിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചടങ്ങുകൾ നടന്നുകൊണ്ടിരുന്നു.. അവസാനമായി ഒരു പാത്രത്തിൽ നൂറും പാലും മറ്റൊന്നിൽ ഏതാനും മുട്ടകളും വച്ചിട്ട് പൂജാരികൾക്കൊപ്പം അവരിരുവരും മുകളിലോട്ട് കേറി വന്നു. "അതെന്തിനാ ആ പാലും മൊട്ടയും അവിടെ വച്ചേ?" അഞ്ജലി നീരുവിനോട് ചോദിച്ചു. "രാത്രീല് നാഗങ്ങള് വന്ന് ഭക്ഷിക്കുമത്രേ..." നീരു പറഞ്ഞു.. ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും വീട്ടിലോട്ട് തിരിച്ചു നടന്നു തുടങ്ങി.. 🌺🥀🌺🥀🌺🥀🌺🥀🌺🥀

"ഒക്കെ നിന്റെ കൊഴപ്പം തന്ന്യാ.. നിന്റെ താല്പര്യം ഇല്ലായ്മ പോലെ തന്നേ നടന്നു എല്ലാം... ഇപ്പോ എന്തായി..? അവൻ വേറൊരുത്തിയെ വിളിച്ചോണ്ട് വന്നില്ലേ? നീയൊന്ന് മനസ്സ് വച്ചിരുന്നെങ്കി ഹരിയെ കെട്ടിയിട്ട് നിനക്കിവിടെ രാജകുമാരിയെ പോലെ വെലസി നടക്കായിരുന്നു.. അതിനെങ്ങനാ.. വല്ലോം പറഞ്ഞാ പെണ്ണിന്റെ തലേല് കേറണ്ടേ.. ഇനി എന്തെങ്കിലും ചെയ്യാൻ പറ്റ്വോന്ന് ഞാനൊന്ന് നോക്കട്ടെ..." സുഭദ്രാമ ദേഷ്യത്തോടെ കട്ടിലിൽ കിടന്നിരുന്ന ദേവുവിനെ നോക്കി ആക്രോഷിച്ചുകൊണ്ടിരുന്നു.. ദേവു എന്തൊക്കെയോ ഒരു പുസ്തകത്തിൽ കുത്തിക്കുറിക്കുകയായിരുന്നു.. "അമ്മയൊന്ന് വെറുപ്പിക്കാതെ പോകാവോ.. ഞാനെഴുതുന്നത് കണ്ടില്ലേ.." "ഉവ്വെടീ.. അവള് വല്യ മാധവിക്കുട്ടി വന്നിരിക്കുന്നു.. ഏത് നേരോം പേനയും പുസ്തകവും പിടിച്ച് പുറത്തിറങ്ങാതെ ഇതിന്റുള്ളിൽ പെറ്റു കിടന്നോണം. നീയൊന്ന് മനസ്സ് വച്ചിരുന്നേൽ ആ ഹരി നിന്റടുത്ത് മുട്ടുകുത്തി നിന്നേനെ... അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. മാധവിക്കുട്ടി എഴുതിക്കോ.."

സുഭദ്രാമ്മ കോപം ജ്വലിക്കുന്ന മുഖത്തോടെ മുറിയിൽ നിന്നും പുറത്തോട്ടിറങ്ങിപ്പോയി.. ദേവു പിന്നെയും കണ്ണുകൾ പുസ്തകത്തിലേക്ക് തിരിച്ചു.. ഭ്രാന്തനെ പ്രണയിച്ച പെൺകുട്ടി എന്ന് തലക്കെട്ടെഴുതി വച്ചിട്ട് നേരം ഏറെയായി. അമ്മയുടെ ഉപദേശങ്ങൾ കേൾക്കുന്ന തിരക്കിലായിരുന്നു.. എഴുതാനൊന്നും വരുന്നില്ല താനും.. "ദേബൂ... ദേബൂ...." പരിചിതമായ ആ വിളികേട്ട് കേട്ട് പെണ്ണിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു. വിളി കേട്ട് ജനാലക്കരികിലേക്ക് നോക്കിയപ്പോ ഉണ്ണിയേട്ടനെ കണ്ടു.. "ഇങ്ങ് വന്നേ.. ന്താ ന്റെ കയ്യില് ന്ന് നോക്കിക്കേ...." ഉണ്ണിയേട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു. പേന പുസ്തകത്തില് വച്ച് എഴുന്നേൽക്കാതെ കിടന്നിടത്തു നിന്ന് ഉരുണ്ട് ജനാലക്കരികിലേക്ക് നീങ്ങി.. ജനാലയോട് അടുപ്പിച്ചുകൊണ്ടായിരുന്നു കട്ടിൽ.. ജനലിഴകൾക്കിടയിലൂടെ ഉണ്ണിയേട്ടന്റെ കയ്യിലേക്ക് നോക്കിയപ്പോൾ ഇരു കയ്യിലും നിറച്ചും ചാമ്പക്ക കണ്ടു.. "ഹായ്.. ചാമ്പക്ക.. ഇതെവിടുന്നാ....?" "ശിവക്കാവിന്റെ അപ്പുറത്തുള്ള വല്യ മരത്തിൽ നെറച്ചും കണ്ടു.. പക്ഷെ പാമ്പോള് ഉള്ളതോണ്ട് ഞാൻ അതികം നേരം പറിക്കാൻ നിന്നില്ല..

ഇന്നാ ദ് മൊത്തം ദേബൂനാ.. എടുത്തോ..." ഉണ്ണിയേട്ടൻ ചിരിച്ചുകൊണ്ട് ജനാലക്കുള്ളിലൂടെ കട്ടിലിലേക്ക് കയ്യിലെ ചാമ്പക്ക മുഴുവൻ വിതറിയെറിഞ്ഞു.. "അപ്പൊ ഉണ്ണിയേട്ടന് വേണ്ടേ....?" "മ്മ്ച്ചും.... ദേബു കഴിക്കണത് ഞാൻ കഴിക്കണ പോലെയാ.." ഉണ്ണിയേട്ടൻ പറഞ്ഞു.. ഉണ്ണിയേട്ടന്റെ വീട്ടീന്ന് ഉണ്ണീന്ന് അമ്മയുടെ വിളി കേട്ടു.. "യ്യോ.. ഞാൻ പോണ്.. അമ്മ വിളിക്കണുണ്ട്.. ഇരുട്ട്ണതിന് മുന്നേ വീട്ടീ കേറണം ന്ന് ഇന്നലേം പറഞ്ഞതാ.." ഉണ്ണിയേട്ടൻ ധൃതിയിൽ വീട്ടിലേക്കോടി... കട്ടിലിൽ വിതറിക്കിടന്ന ചാമ്പക്കകൾ പെറുക്കിയെടുത്തുകൊണ്ട് പുസ്തകത്തിനരികിൽ ഒതുക്കി വച്ചു.. മുഖത്തൊരു തെളിച്ചം വന്നു.. എഴുതുവാനുള്ള വരികൾ ഉള്ളിലേക്കോടിയെത്തി.. ഭ്രാന്തനെ പ്രണയിച്ച പെൺകുട്ടി എന്ന തലക്കെട്ടിന് കീഴിലായി അവള് മെല്ലെ പേനകൊണ്ട് കുറിച്ചു വച്ചു.. 'എന്റെ ഇഷ്ടം നീയെന്ന ഭ്രാന്തിനോടാണ്.. ഭ്രാന്തമായൊരിഷ്ടം എന്നിൽ ഉള്ളിടത്തോളം കാലം സ്നേഹിച്ചത് സ്വന്തമാക്കുവാൻ ഒരൽപ്പം ഭ്രാന്ത് ഞാനും കാണിച്ചേക്കാം...' 🌺🥀🌺🥀🌺🥀🌺🥀🌺🥀

വീട്ടിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് ഉമ്മറ മുറ്റത്ത് വച്ച് സുഭദ്രാമ്മയെ കാണുന്നത്.. ഉണ്ണിയേട്ടനെ കണ്ടതും സുഭദ്രാമ്മ ഒന്ന് വെറുപ്പോടെ മുഖം തിരിച്ചു. കണ്ടിട്ടില്ലാത്തത് പോലെ നടന്നു പോകുന്നതിനിടെയാണ് സുഭദ്രാമ്മേന്നുള്ള ഉണ്ണിയേട്ടന്റെ വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് ഓടി വന്നു. "സുഭദ്രാമ്മേ.. കൊളത്തില് കൊലുസ്സില്ല്യാട്ടോ.. ഞാൻ കൊറേ തപ്പി..." ഉണ്ണിയേട്ടൻ പറഞ്ഞു. "നീ നല്ലപോലെ അടിയിലോട്ട് പോയി തപ്പീട്ടുണ്ടാവില്ല.." "ഉണ്ടെന്നേ.. അവസാനം നിക്ക് ശ്വാസം കിട്ടാതായപ്പഴാ ചത്തു പോവും ന്ന് കരുതീട്ട് ഞാൻ മോളിലോട്ട് തിരിച്ചു വന്നേ..." "ശ്വാസം കിട്ടാതായാ ആരെങ്കിലും ചത്തു പോവോ?" "ഇല്ല്യേ...? ചാവില്ല്യെ?" കൗതുകത്തോടെ ഉണ്ണിയേട്ടൻ ചോദിച്ചു.. "ചാവില്ല്യാ.. ശ്വാസം കിട്ടണില്ലാന്ന് വെറുതേ തോന്നണതാ.. ശരിക്കും നമ്മക്കൊക്കെ വെള്ളത്തിൽ എത്ര നേരം വേണേലും നിക്കാം.. നീയേ ഇനി കൊളത്തില് എറങ്ങുമ്പോ.. നല്ലോണം ആഴത്തിലോട്ട് ഇറങ്ങണെ.. ശ്വാസം മുട്ടുന്ന പോലെയൊക്കെ തോന്നും..

നിന്റെ ദേവൂന്റെ കൊലുസ് കിട്ടാനല്ലേ.. കൊറേ നേരം അതിന്റടീൽ കിടന്നിട്ട് എടുത്തോണ്ട് വാ..." സുഭദ്രാമ്മ പറഞ്ഞു.. "അപ്പം നിക്ക് ദേബൂനെ കെട്ടിച്ച് തരൂലേ?" ഉണ്ണിയേട്ടൻ ചോദിച്ചു. "പിന്നെന്താ.. എന്റെ മോള് നിനക്കുള്ളതല്ലേ.. നീ ആദ്യം കൊലുസ് എടുത്തിട്ട് വാ..." സുഭദ്രാമ്മ പറഞ്ഞു. "ഉം.. ഞാൻ നാളെ ഒന്നൂടെ എറങ്ങാട്ടോ.. പിന്നെ കൊലുസ് കിട്ടീട്ടെ ഞാൻ പടിക്കലേക്ക് കേറൂ.. ചെലപ്പോ അത് തെരഞ്ഞിട്ട് കിട്ടാൻ കൊറേ കൊല്ലങ്ങൾ എടുത്തൂന്ന് വരും.. എന്നാലും സുഭദ്രാമ്മ ദേബൂനെ വേറാരെക്കൊണ്ടും കെട്ടിക്കരുതേ..." ഉണ്ണിയേട്ടന്റെ നിഷ്കളങ്കമായ സംസാരം കേട്ട് സുഭദ്രാമ കപടമായൊരു ചിരി സമ്മാനിച്ചു.. ഉണ്ണിയേട്ടൻ കൈ കാണിച്ച് വീട്ടിലേക്ക് ഓടിപ്പോയി... 🌺🥀🌺🥀🌺🥀🌺🥀🌺🥀 രാത്രി ഭക്ഷണം കഴിച്ച് കിടക്കാനെത്തിയപ്പോ നന്ദേട്ടൻ മുൻപേ കിടക്കയിൽ സ്ഥാനം പിടിച്ചിരുന്നു.. നിലമാകെ തണുപ്പ് പൊന്തിയിരുന്നു.. "അതേയ്.. എനിക്ക് കിടക്കണം.." അഞ്ജലി പറഞ്ഞപ്പോൾ നന്ദേട്ടൻ ഒന്ന് കണ്ണ് തുറന്നു.. "ദേ ഇവിടെ കിടന്നോ?" നന്ദേട്ടൻ അവൾക്ക് വേണ്ടി കുറച്ചു സ്ഥലം കാണിച്ചു കൊടുത്തു.

"അയ്യടാ.. അപ്പൊ പിന്നെ എളുപ്പമായല്ലോ.. മര്യാദക്ക് താഴെ ഇറങ്ങി കിടന്നോണം..." "എടീ തറയിൽ നല്ല തണുപ്പാ.. ഇവിടെ രാത്രി ഇങ്ങനെയാ.. കുറച്ചൂടെ കഴിഞ്ഞാൽ താഴെ നിന്ന് ഇനിയും തണുപ്പ് പൊങ്ങി വരും.. തറേല് കിടക്കാനെ പറ്റില്ല്യ.. നീ ദേ ഇവിടെ കിടന്നോ..." നന്ദേട്ടൻ പറഞ്ഞു. മടിച്ചു മടിച്ച് അവസാനം വേറൊരു വഴിയും ഇല്ലെന്ന് മനസ്സിലായപ്പോൾ പയ്യെ അവിടെ കേറി കിടന്നു.. നന്ദന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.. "അതേയ്.. ഉണ്ണിയേട്ടൻ ആള് പാവാല്ലേ..." അഞ്ജലി ചോദിച്ചു. നന്ദേട്ടന് അതത്ര പിടിച്ചുവെന്ന് തോന്നുന്നില്ല. "എങ്കിൽ നീ പോയി കെട്ടിക്കോ.." പുച്ഛത്തോടെ പറഞ്ഞുകൊണ്ട് നന്ദൻ മറുവശത്തേക്ക് ചെരിഞ്ഞു കിടന്നു. "ഹാ.. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ..." അവനെ ദേഷ്യം പിടിപ്പിക്കാനെന്നോണം അവള് പറഞ്ഞു. നന്ദേട്ടന്റെ മുഷ്ടി ചുരുണ്ടു..

പിന്നെയാണ് അവനും വിട്ടുകൊടുക്കാൻ തയാറാവാഞ്ഞത്. "ആ ദേവൂനെ ഇപ്പൊ കാണാൻ എന്താ ലുക്ക്‌.. അച്ഛൻ ആദ്യമേ പറഞ്ഞപ്പോ അനുസരിച്ചാൽ മതിയായിരുന്നു. ഇനി രോധിച്ചിട്ട് കാര്യമില്ലല്ലോ.." നന്ദേട്ടൻ പറഞ്ഞത് കേട്ട് പെണ്ണിന് കൊള്ളേണ്ടിടത്ത് തന്നേ കൊണ്ടു. "എങ്കിൽ അവളെ പോയി കെട്ടെടാ പട്ടീ....." ഒരു നിർവികാര നിമിഷത്തിൽ ഇതും പറഞ്ഞുകൊണ്ട് പെണ്ണവന് ഒരൊറ്റ ചവിട്ട് വച്ചു കൊടുത്തു.. അമ്മേന്നും പറഞ്ഞ് നന്ദേട്ടൻ കട്ടിലിൽ നിന്നും തറയിലേക്ക് വീണ ശേഷമാണ് ചെയ്ത കാര്യത്തെ പറ്റി ധാരണ പെണ്ണിന് വന്നത്.. പെട്ടന്നു നെഞ്ചത്തൊരു തീ കത്തി.. പണ്ട് കണ്ട ഏതോ ഒരു സിനിമയിലെ ഡയലോഗ് ഓർമ്മയിൽ വന്നു.. 'ജാങ്കോ.. നീയറിഞ്ഞോ.. ഞാൻ പെട്ടു..... '.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story