പ്രണയ സ്വകാര്യം: ഭാഗം 22

pranaya swakaryam

രചന: ആദിത്യൻ മേനോൻ

ഉള്ളിലാകെ ആരോ പിടിച്ചു കുലുക്കും വിധമുള്ള വിറച്ചിലായിരുന്നു... താഴെ വീണ നന്ദേട്ടൻ പിന്നെ എഴുന്നേറ്റിട്ടില്ല.. ഇനി നന്ദേട്ടന്റെ കാറ്റ് പോയോ എന്തോ.. കാറ്റ് പോയില്ലെങ്കിൽ ഇന്ന് തന്റെ കാറ്റയാൾ ഊതിക്കളയുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു... പതുക്കെ പതുക്കെ കട്ടിലിന്റെ ഓരത്തേക്ക് നീങ്ങിച്ചെന്നു.. "ജീ... ജീബേട്ടാ.. ജീബേട്ടന്റെ വാവയല്ലേ ഞാൻ.. അപ്പൊ ജീബേട്ടന്റെ വാവ അറിയാതെ ചെയ്തതിന് ജീബേട്ടൻ വാവയോട് ദേഷ്യപ്പെടുമോ?" താഴേക്ക് നോക്കാതെ ഏറ്റവും സൗമ്യമായിക്കൊണ്ട് പറഞ്ഞു.. മറുപടിയുണ്ടായില്ല.. ഇനി ശരിക്കും കാറ്റുപോയോ എന്നോർത്ത് തല ചെരിച്ചു താഴേക്ക് നോക്കിയപ്പോൾ അവിടെ നന്ദേട്ടനില്ലായിരുന്നു... പേടിപ്പിക്കാൻ വേണ്ടി കട്ടിലിന്റെ അടിയിലേക്ക് പോയിക്കാണും.. മെല്ലെ പമ്മി പരുങ്ങി തല കട്ടിലിനടിയിലേക്കിട്ടപ്പോ മറുവശത്ത് കുത്തനെ രണ്ട് കാലുകൾ കണ്ടു.. ആഹാ,

അപ്പൊ ഇതിലൂടെ ഉരുണ്ട് ചെന്ന് അപ്പുറത്ത് സ്ഥാനം പിടിച്ചല്ലേ.. തിരിച്ച് എഴുന്നേറ്റിരുന്നാൽ നന്ദേട്ടന്റെ മുഖം കാണുമല്ലോയെന്നോർത്ത് വളരെ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് നടുവിൽ പാറക്കല്ല് പോലെ എന്തോ ശക്തിയായി വന്നു വീഴുന്നതറിയുന്നത്.. പിന്നീട് നടന്നത് ചരിത്രം... കണ്ണ് പൂട്ടി തുറക്കുന്ന വേഗത്തിൽ അന്തരീക്ഷത്തിലേക്ക് പറന്നു നേരെ താഴേക്ക് പതിച്ചു.. "സുഭാഷ്..." നിലത്ത് കിടന്നുകൊണ്ട് തള്ളവിരൽ ഉയർത്തിക്കാണിച്ചു... നടുവിന് കൈ കൊളുത്തി എഴുന്നേറ്റ് നോക്കുമ്പോൾ ചവിട്ടിയ അതേ പോസിൽ തന്നെ നിൽക്കുകയായിരുന്നു നന്ദേട്ടൻ... ആദ്യം കണ്ടപ്പോ തുമ്പിക്കയ് ഉയർത്തി നിൽക്കുന്ന ആനയാണെന്ന് കരുതിപ്പോയി. പിന്നെ ഇനിയൊരു അങ്കത്തിനുള്ള എനർജി തൽക്കാലം ബാക്കിയില്ലാത്തതുകൊണ്ട് ഒന്നും മിണ്ടാതെ കട്ടിലിന്റെ ഓരത്തിരുന്നു.

"ങ്ങാ.. അങ്ങനെ വഴിക്ക് വാ.. അല്ല പിന്നെ..." നന്ദേട്ടൻ പറയേണ്ട ഡയലോഗ് ആയിരുന്നെങ്കിലും ഡയലോഗടിക്ക് കാശൊന്നും കൊടുക്കണ്ടല്ലോന്ന് കരുതി ചുമ്മാ അങ്ങ് തട്ടി വിട്ടുകൊണ്ട് വേഗം പുതപ്പ് തലയിലൂടെ എടുത്തു മൂടി.. കുറച്ചു നേരം കഴിഞ്ഞപ്പോൾ ദേഷ്യമണഞ്ഞ് ഒരു ചെറു ചിരിയോടെ നന്ദനും അവൾക്കരികിലായി കയറിക്കിടന്നു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 നന്ദൻ കാലത്തെണീറ്റപ്പോൾ നടുവിന് ചെറിയൊരു വേദന തോന്നിയിരുന്നു.. ഇന്നലെ കട്ടിലിൽ നിന്നു വീണതിന്റെയാവും.. അപ്പോഴാണവൻ അഞ്ജലിയെ പറ്റിയും ഓർത്തത്.. അവൾക്കും വേദനയുണ്ടാവും.. ഇന്നലെ പെട്ടന്നു ഇറച്ചുകയറിയ ദേഷ്യത്തിൽ ഒരു ചവിട്ടു കൊടുത്തതാണ്.. നന്ദന് വല്ലാതെ കുറ്റബോധം തോന്നി.. ഉറക്കത്തിന്റെ മത്തു കളഞ്ഞവൻ എഴുന്നേൽക്കാൻ ശ്രമിച്ചതും ആരോ തടയുന്നത് പോലെ തോന്നി അവന്.. അപ്പോഴാണ് തന്റെ നെഞ്ചില് തല വച്ച് വയറിലൂടെ കൈ ചേർത്തുവച്ച് ഒരു പെണ്ണ് കിടന്നുറങ്ങുന്നുണ്ടെന്നവൻ മനസ്സിലാക്കിയത്.. തല ഇത്തിരി ചെരിച്ചു നോക്കിയപ്പോൾ അവള് നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായി..

അന്നാണവൻ ആദ്യമായി ആ പെണ്ണിനെ അത്രയും നേരം നോക്കി നിന്നത്.. എന്തുകൊണ്ടോ അവളെ തട്ടി വിളിക്കുവാൻ മനസ്സനുവദിച്ചില്ല. ഏതൊരാണിനെയും ആകർഷിക്കുന്ന മുഖമുള്ള ആ പെണ്ണിന്റെ ഉറക്കത്തെ അവൻ കൺകുളിർക്കേ കണ്ടുതീർക്കുകയായിരുന്നു. ഇന്നലെ രാത്രി പോലും കീരിയും പാമ്പുമായി നടന്നവരാണ് ഇന്ന് ദേ അടയും ചക്കരയും പോലെ ഒട്ടിക്കിടക്കുന്നത്.. പെട്ടെന്ന് പാതി തുറന്ന ജനൽപ്പാളികൾക്കിടയിലൂടെ എങ്ങു നിന്നോ പറന്നെത്തിയ കാറ്റ് അവരെ തലോടിയൊളിച്ചു.. അതാ പെണ്ണിന്റെ മുഖം മുടിയിഴകളെ കൊണ്ട് മറച്ചു.. കണ്ടു നിന്ന മനോഹാരിത മറഞ്ഞു പോയതിൽ പിന്നെയാവണം അവൻ മെല്ലെ അവളുടെ മുടിയിഴകൾ വിരലുകൊണ്ട് ചെവിക്കു പിന്നിലേക്ക് ഒതുക്കി വച്ചത്.. ഇടയ്ക്കിടെയവൾ കുതറുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. തിരിഞ്ഞു കിടക്കാനോ മറ്റൊ ശ്രമിക്കുമ്പോ നെറ്റി ചുളിച്ചുകൊണ്ട് നേരിയ വേദനയോടെയുള്ള ചില മൂളലുകൾ കേട്ടു.. അവന് ഉള്ളിലൊരു നോവ് തോന്നി.. എന്തോ ഒരു ഉൾപ്രേരണയാൽ അവൻ പതിയെ അവളുടെ നടുവിൽ സ്പർശിച്ചു..

പിന്നെ മെല്ലെ തലോടീ.. പയ്യെ പയ്യെ പെണ്ണിന്റെ നെറ്റിക്കുണ്ടായിരുന്ന ചുളിച്ചിൽ മാറി.. "സോറി ഡോ..." തന്നോട് ചേർന്ന് നിൽക്കുന്ന ആ പെണ്ണിനെ നോക്കിക്കൊണ്ടവൻ താഴ്ന്ന സ്വരത്തിൽ മന്ത്രിച്ചു.. എത്ര നേരം അങ്ങനെ കിടന്നുവെന്നറിയില്ല.. നേരം നന്നായി വെളുത്തിരുന്നു. ഇത്രയും നേരമായിട്ടും എഴുന്നേറ്റില്ലെന്ന് കരുതി നീരുവോ കാശിയേട്ടനോ മായമ്മയോ മുത്തശ്ശിയോ തിരക്കി വന്നേക്കാം.. കല്യാണം കഴിഞ്ഞതോണ്ട് ഇവൾക്കൊപ്പം ഉറങ്ങി വൈകി എഴുന്നേൽക്കുന്നതിന് മുത്തശ്ശി കളി പറഞ്ഞേക്കാം.. പക്ഷെ അതൊന്നും അപ്പോൾ അവനെ ബാധിക്കുന്ന കാര്യമേ ആയിരുന്നില്ല.. നെഞ്ചില് പൂച്ചക്കുട്ടിയെ പോലെ കിടന്നുറങ്ങുന്ന ഒരു പെണ്ണുണ്ട്.. അവളാണ് തന്റെ പാതി.. അവള് മാത്രമേ തന്നെ ബാധിക്കുന്ന ഒരു കാര്യമായുള്ളൂ.. അവളെ തട്ടിയുണർത്തി ആ നിമിഷത്തെ, തനിക്കുള്ളിൽ ആർത്തിരമ്പുന്ന സന്തോഷത്തെ,

ഹൃദയത്തിൽ തളിർത്തു പൂവിടുന്ന പ്രണയത്തെ, അവന് നശിപ്പിക്കുവാൻ വയ്യ.... കുറേ കഴിഞ്ഞവൾ ഒന്ന് കുതറിയെഴുന്നേറ്റപ്പോൾ അവൻ വേഗത്തിൽ കണ്ണുകളടച്ച് ഉറക്കം നടിച്ചു കിടന്നു.. ഉറങ്ങിത്തീർത്തത് അവന്റെ നെഞ്ചിലായിരുന്നെന്ന് ആ പെണ്ണ് അപ്പോഴാണ് അറിഞ്ഞിരുന്നത്.. മുഖത്താകെ ഒരു ചെറിയ ചമ്മല് പരന്നു.. തല താഴ്ത്തിയപ്പോൾ മുടിയിഴകൾ മുന്നിലേക്ക് വീണു.. വിരലുകൊണ്ടത് ചെവിക്ക് പിന്നിലായി ഒതുക്കി വച്ചു. അവൾക്ക് മുന്നിൽ ഉറക്കം നടിച്ചു കിടക്കുന്നവനെ ആ പെണ്ണ് ഏറെ നേരം നോക്കി നിന്നു.. നോക്കുംതോറും അവൾക്കുള്ളിൽ നാളിതുവരെ ഉണ്ടായിട്ടില്ലാത്ത എന്തോ ഒരു തരം മോഹം പുറത്തേക്ക് പ്രവഹിക്കുവാൻ തിടുക്കം കൂട്ടുന്നതായി അവൾക്ക് തോന്നി.. ചുണ്ടുകൾ ഉള്ളിലേക്ക് വച്ചു ചിരിച്ചുകൊണ്ടവൾ മെല്ലെ എഴുന്നേറ്റു പോയി.. അവൻ ഉണരരുതെന്ന് കരുതി ശബ്ദമുണ്ടാക്കാതെ പതുക്കെ കതക് തുറന്ന് അടച്ചുകൊണ്ട്..... 🌺🥀🌺🥀🌺🥀🌺🥀🌺🥀 കാലത്തെ കുളി കഴിച്ച് നീരുവിന്റെ മുറിയിലെത്തിയിരുന്നു..

അവിടെ അപ്പോൾ നീരുവും ഗായത്രിയും കട്ടിലിലിരുന്ന് കത്തിയടിക്കുന്ന തിരക്കിലാണ്.. അവളെ കണ്ടതും നീരു ചിരിച്ചുകൊണ്ട് ഇരിക്കുവാനായി സ്ഥലം നീങ്ങിക്കൊടുത്തു.. "അപ്പൊ ഇതാണല്ലേ ജീബേട്ടന്റെ വാവ...." ഗായത്രി ചോദിച്ചപ്പോഴാണ് തെല്ല് ജാള്യതയോടെ അവരെ ഇരുവരെയും മാറി മാറി നോക്കിയത്. "എല്ലാം അറിഞ്ഞല്ലേ..." ലജ്ജയോടെ ചോദിച്ചപ്പോ ഗായത്രി അതേയെന്ന് തലയാട്ടി. "എല്ലാം അറിഞ്ഞു.. നിന്റെയും എന്റെയും നാത്തൂൻ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തന്നിട്ടുണ്ട്.. ഒരു സിനിമക്കുള്ള കഥ ഉണ്ടല്ലോടീ..." ഗായത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. "സിനിമ എടുക്കുവാണേൽ നായികയായി അഭിനയിക്കാൻ എന്നെത്തന്നെ വിളിച്ചാ മതി.." അഞ്ജലി പറഞ്ഞു. "ഞാൻ നായികയുടെ നാത്തൂൻ ആയി തന്നെ അഭിനയിച്ചോളാം. കാരണം നീരുമോൾക്കാ ഫാൻസ്‌ കൂടുതൽ ഉണ്ടാവുക..."

നീരു നെറ്റിയിലെ ഇല്ലാത്ത വിയർപ്പ് കൈ കൊണ്ട് തുടച്ചു മാറ്റിയിട്ട് തെല്ലാഭിമാനത്തോടെ പറഞ്ഞു... "ഇനി നീരുവിന്റെയും വിഷ്ണുവിന്റെയും കാര്യം കൂടെ സെറ്റ് ആവാൻ ഉണ്ടല്ലേ..." എന്തോ ആലോചിച്ചുകൊണ്ട് ഗായത്രി ചോദിച്ചു.. "ഉം.. പെട്ടെന്ന് സെറ്റ് ആക്കി തന്നാൽ എനിക്കത്രയും സന്തോഷം...." നീരു നാണത്തോടെ പറഞ്ഞു. "എന്താ നാത്തൂന്മാരെ.. ഈ പുത്യേ നാത്തൂൻ ഈ കാര്യം പറഞ്ഞ് ഇവിടൊരു ബോംബ് ഇട്ടാലോ?" "പൊന്ന് ഏട്ടത്തി.. ചതിക്കരുത്.. നിങ്ങടെ കെട്ട് കഴിഞ്ഞ് വിച്ചേട്ടൻ ഇവിടുന്ന് പോയിട്ട് ബോംബ് ഇട്ടോളൂ.. ഒരു പ്രശ്നവും ഇല്ല.. പക്ഷെ വിച്ചേട്ടൻ ഇവിടെ ഉള്ളപ്പോ ബോംബ് ഇട്ടാൽ ഒരു പക്ഷെ ആ ബോംബിൽ വിച്ചേട്ടനും കാഞ്ഞെന്നിരിക്കും കാരണം എന്റെ ഡാഡി ഗിരിജ ഒരു ടെറർ ആണ്..." നീരു പറഞ്ഞു.. ഗായത്രിയും അഞ്ജലിയും കേട്ട് ചിരിച്ചു.. "എങ്കിൽ നമുക്ക് വളഞ്ഞ വഴികൾ പ്രയോഗിക്കാം.. ആദ്യം എന്റെ കെട്ടൊന്ന് കഴിയട്ടെ.. നമുക്കിവിടെ ഒരു കലക്കങ്ങു കലക്കിയേക്കാം..." ഗായത്രി പറഞ്ഞു.. "അല്ല.. ഇന്നത്തെ ചടങ്ങെന്താ?" അഞ്ജലി നീരുവിനെ നോക്കി ചോദിച്ചു.

"ഇന്ന് ഞങ്ങടെ കുടുംബക്ഷേത്രത്തിൽ പോയി വധുവും വരനും പോയി ചരട് കോർത്തു കെട്ടണം.. അമ്മേടേം അച്ഛന്റേം മുതല് മുത്തശ്ശിടേം അവരുടെ മുൻപത്തെ ആൾക്കാരുടേം ഒക്കെ കെട്ടിനും ഇതുപോലെ അവര് കെട്ടി വച്ച ചരട് ഇന്നും ഞങ്ങടെ അമ്പലത്തിലുണ്ട്.. ഇന്ന് ഇവര് അത് കെട്ടും.. പക്ഷെ ഈ ചടങ്ങിന്റെ മെയിൻ കാര്യം എന്തെന്നാൽ ഒരു കുന്നിന് മോളിലാണ് ക്ഷേത്രം.. നൂറ്റിയൊന്ന് പടികളുണ്ട്, വരൻ താഴെ നിന്നും വധുവിനെ കൈകളിൽ എടുത്തുകൊണ്ടുവേണം ആ പടികൾ കയറാൻ.." "അമ്മേ.. ഈ നൂറ്റിയൊന്ന് പടികളൊക്കെ പൊക്കിക്കൊണ്ട് നടന്നാൽ അവര് ക്ഷീണിക്കില്ലേ?" അഞ്ജലി ചോദിച്ചു.. "അതിന് ഇടക്ക് വച്ചു താഴെ ഇറക്കിയാലും കുഴപ്പമൊന്നുമില്ല. പക്ഷെ പൂർത്തിയാക്കുക എന്നാണ് ആചാരം.. എങ്കിലും ഞങ്ങടെ കുടുംബത്തിലുള്ള മിക്കവരും അത് പൂർത്തിയാക്കിയിട്ടില്ല...." നീരു പറഞ്ഞു ചിരിച്ചു... 🌺🥀🌺🥀🌺🥀🌺🥀🌺🥀

നീരു കുളിക്കാൻ പോയ സമയത്ത് ഗായുവേട്ടത്തിയുമായി വെറുതേ ഓരോന്ന് സംസാരിച്ചുകൊണ്ട് മുറ്റത്തങ്ങനെ നടക്കുകയായിരുന്നു.. രണ്ടുപേരും പുതിയ ആൾക്കാർ ആയതുകൊണ്ട് ചുറ്റിനും കണ്ടു മനസ്സിലാക്കാം എന്ന ചിന്തയുമുണ്ടായിരുന്നു.. ശിവക്കാവിലേക്ക് പോകാമെന്നു പറഞ്ഞത് ഗായുവേട്ടത്തി ആയിരുന്നു.. അവിടം ഒന്നുകൂടെ പോയി കാണണമെന്ന് അവളും കരുതിയിരുന്നു.. സന്ധ്യ നേരത്ത് കണ്ടതുകൊണ്ട് പാതി ഇരുട്ടത്തെ അവിടം കാണാൻ പറ്റിയിരുന്നുള്ളു.. പിന്നീട് വിശദമായി ഒന്ന് കാണണം എന്ന് അന്നേ തീരുമാനിച്ചിരുന്നു.. ശിവക്കാവിന്റെ അടുത്ത് ചെന്നപ്പോ പടിക്കൽ കാശിയേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു.. അവരടുത്തെത്തിയപ്പോൾ അവൻ എഴുന്നേറ്റ് നിന്നു.. അപ്പോഴാണ് താൻ ഒരു പ്ലാനിന്റെ ഭാഗമായി തീർന്നതാണെന്ന് അഞ്ജലിക്ക് കത്തിയത്...

"ഓഹോ.. അപ്പൊ ഇതിനായിരുന്നല്ലേ എന്നേം വിളിച്ചുകൊണ്ടിങ്ങോട്ട് തന്നെ എത്തിയത്.." അഞ്ജലി കണ്ണു കൂർപ്പിച്ചു വച്ച് ഗായത്രിയെ നോക്കി.. കാശി ഒന്നുറക്കെ ചിരിച്ചു.. "അത് പിന്നെ.. ജസ്റ്റ്‌ ഫോർ എ രസം.." ഗായത്രി കാശിയുടെ കയ്യിൽ പിടിച്ചു പയ്യെ തൂങ്ങിയിട്ട് പറഞ്ഞു. "ഉം.. നടക്കട്ടെ നടക്കട്ടെ.." അഞ്ജലി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. പെട്ടെന്നാണ് കാവിന്റെ മറുതലക്കൽ നിന്നും ഉണ്ണിയേട്ടൻ നടന്നു വരുന്നത് കണ്ടത്.. അവരെ മൂവരെയും കണ്ടപ്പോൾ കുട്ടികളെ പോലെ കയ്യുയർത്തി കാണിച്ചുകൊണ്ട് നിഷ്കളങ്കതയോടെ ചിരിച്ചു.. "ഉണ്ണിയേട്ടനിതെങ്ങട്ടാ...?" കുളപ്പടവുകൾ ഇറങ്ങിക്കൊണ്ടിരുന്ന ഉണ്ണിയേട്ടനെ കണ്ട് കാശി ചോദിച്ചുവെങ്കിലും ചോദ്യം കേട്ടു പൂർത്തിയാക്കുന്നതിന് മുൻപേ ഉണ്ണിയേട്ടൻ കുളത്തിലേക്കെടുത്തു ചാടി.. "അയ്യോ.. ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം.. എത്ര തവണ പറഞ്ഞതാന്നറിയോ ദേവൂന്റെ കൊലുസ് അതിൽന്ന് കണ്ട് കിട്ടില്ല്യാന്ന്....." കാശി പയ്യെ കുളപ്പടവുകൾ ഇറങ്ങിച്ചെന്നു..

പിന്നാലെ ഗായത്രിയും അഞ്ജലിയും.. ഉണ്ണിയേട്ടൻ ഒന്ന് പൊങ്ങി വരുന്നത് വരെ കാത്തിരുന്നു.. പിന്നെ പൊങ്ങാതായപ്പോ കാശി വിളിച്ചു നോക്കുവാൻ തുടങ്ങി.. "ഉണ്ണിയേട്ടാ.. മതിട്ടോ.. ശ്വാസം കിട്ടാണ്ടാവും.. മരിച്ചോവും... ഒന്ന് പൊങ്ങീട്ട് ശ്വാസം എടുത്തിട്ട് പൊക്കോളൂ..." കാശി പറഞ്ഞു.. നിമിഷങ്ങൾ കടന്നു പോയിട്ടും ഉണ്ണിയേട്ടനെ കണ്ടില്ല.. "ഉണ്ണിയേട്ടനെ കാണുന്നില്ലല്ലോ..." അഞ്ജലി പറഞ്ഞു.. "അതിന് ഇത്ര നേരമൊന്നും ശ്വാസം പിടിച്ചിരിക്കാൻ പറ്റില്ല.. എന്തെങ്കിലും ഒന്ന് ചെയ്യണം..." ഗായത്രി കൂടി പറഞ്ഞപ്പോഴാണ് കാശി വേഗം കുളത്തിലോട്ടെടുത്തു ചാടിയത്.. എന്താകുമെന്ന ഭയത്തോടെ ഗായത്രിയും അഞ്ജലിയും നിൽക്കുമ്പോഴാണ് പെട്ടന്നു കാശിയേട്ടന്റെ തല പൊങ്ങി വന്നു.. പയ്യെ പയ്യെ കയ്കളും.. എന്നാൽ കൈകളിൽ ഉറങ്ങിക്കിടക്കുന്ന ഉണ്ണിയേട്ടനുമുണ്ടായിരുന്നു.. കയ്യിൽ ഉണ്ണിയേട്ടനെ കണ്ടതും വിറയലോടെ അഞ്ജലിയും ഗായത്രിയും ഓടിച്ചെന്നു പടിക്കലേക്ക് ഉണ്ണിയേട്ടനെ കിടത്തുവാനായി സഹായിച്ചു.. പടിക്കൽ കിടത്തിയപ്പോഴും ആ കണ്ണുകളടഞ്ഞവന്റെ മുഖത്തൊരു കുട്ടിത്തം നിറഞ്ഞ ചിരിയുണ്ടായിരുന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story