പ്രണയ സ്വകാര്യം: ഭാഗം 23

pranaya swakaryam

രചന: ആദിത്യൻ മേനോൻ

 "ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ...." ഉണ്ണിയേട്ടന്റെ കവിളുകളിൽ തട്ടിക്കൊണ്ട് കാശി വിളിച്ചുകൊണ്ടിരുന്നു.. വായിലൂടെ കയറിയ വെള്ളമൊക്കെ പുറത്തോട്ടു വരുവാൻ ഗായത്രിയും അഞ്ജലിയും ചേർന്ന് വയറിൽ പയ്യെ അമർത്തുന്നുണ്ടായിരുന്നു... ആശുപത്രിയിൽ കൊണ്ടുപോയാലോന്ന് കാശി തീരുമാനിക്കുന്നതിന് തൊട്ട് മുൻപാണ് രണ്ട് തവണ ചുമച്ചുകൊണ്ട് ഉണ്ണിയേട്ടൻ പതിയെ കണ്ണുകൾ തുറക്കുന്നത്.. നെഞ്ച് താണും ഉയർന്നും കൊണ്ടേയിരുന്നു.. മൂവരെയും മാറിമാറി നോക്കിക്കൊണ്ട് ഉണ്ണിയേട്ടൻ ചിരിക്കുവാൻ ശ്രമിച്ചു. ഉള്ളിൽ ഒത്തിരി നൊന്തെങ്കിലും ഒരു നിമിഷം പോലും ചിരിക്കാതിരിക്കാൻ അയാൾക്കറിയില്ലായിരുന്നു.. "ഹാവൂ.. പേടിപ്പിച്ചു കളഞ്ഞൂലോ എന്റുണ്ണിയേട്ടാ.. ദേവൂന് വേറെ കൊലുസ് വാങ്ങിത്തരാംന്ന് ഞാൻ ഇന്നലെ പറഞ്ഞതല്ലേ.. പിന്നെന്തിനാ ഇന്നും കുളത്തിലോട്ടിറങ്ങിയത്? ഞാനെത്താൻ വൈകിയിരുന്നെങ്കിൽ ഉണ്ണിയേട്ടൻ മരിച്ചു പോവായിരുന്നു.. ഇനി കൊളത്തിലോട്ട് ഇറങ്ങരുത് ട്ടോ..." ഒരനിയന്റെ വാത്സല്യത്തോടെ കാശി ഉണ്ണിയേട്ടനോടായി പറഞ്ഞു..

"അപ്പൊ ദേബൂന് ഇഷ്ടപ്പെട്ട അവളുടെ കൊലുസോ?" കാശി പറഞ്ഞു കൊടുത്തിട്ടും അതിൽ മാത്രമായിരുന്നു അയാളുടെ ശ്രദ്ധ.. "അതോ.. അത് വെള്ളത്തിൽ ഇല്ലാന്നേ.. ഞാനിപ്പോ ഇറങ്ങി വന്നപ്പഴും തിരഞ്ഞു നോക്കി.. അതീ കൊളത്തിലില്ല്യ.. നമുക്ക് വേറെ വാങ്ങിക്കാം...." കാശിയേട്ടൻ പറഞ്ഞു കൊടുത്തു.. "മ്മ്.. അതേപോലുള്ളത് തന്നെ വാങ്ങണം.." ഉണ്ണിയേട്ടൻ ഉണർത്തിച്ചു.. "അതൊക്കെ ഞാൻ വാങ്ങിക്കാം.. പകരം എനിക്ക് ഉണ്ണിയേട്ടൻ ഒരു കാര്യം ഉറപ്പ് തരണം.. ഇനി ഒരിക്കലും കൊലുസ് തപ്പി കൊളത്തിലോട്ട് ഇറങ്ങില്ലാന്ന്.." "ദേബൂന് അതേപോലത്തെ കൊലുസ് വാങ്ങിക്കൊടുക്കൂങ്കിൽ ഞാനിനി ഇറങ്ങില്ല്യ.. സത്യം..." ഉണ്ണിയേട്ടൻ സ്വന്തം തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.. "പാവം.. ഞാൻ വെള്ളത്തിനടിയിൽ ചെന്നപ്പോ ശ്വാസം കിട്ടാണ്ടേ പെടയുവായിരുന്നു.. ഒന്ന് വൈകിയിരുന്നെങ്കിലത്തെ കാര്യം എനിക്ക് ആലോചിക്കാനെ പറ്റണില്ല്യ.." ഉണ്ണിയേട്ടൻ നടന്നു പോയി.. അയാളെ നോക്കിക്കൊണ്ട് കാശി ഗായത്രിയോടും അഞ്ജലിയോടുമായി പറഞ്ഞു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀

"എന്റമ്മേ......." അഞ്ജലിയുടെ ഉറക്കെയുള്ള ആത്മഗതം കേട്ട് എല്ലാവരും ഒരു നിമിഷം അവളെയൊന്നു നോക്കി.. കുറച്ചു മുൻപായിരുന്നു കുടുംബക്ഷേത്രത്തിലേക്ക് കാറുകളിലാണ് എല്ലാരും വന്നിറങ്ങിയത്.. ഇറങ്ങിയപ്പോ മുന്നിൽ കണ്ടത് ഒരു കുന്നിന് മുകളിലോട്ട് നീളൻ പടികളായിരുന്നു.. "കെട്ടുന്നതിന് മുന്നേ ഹരിയേം കൊണ്ട് വീട്ടിലോട്ട് വന്നിരുന്നേൽ ഇന്ന് നിനക്ക്‌ ഹരിയുടെ കൈകളിൽ സുഖമായിരുന്നു മോളിലോട്ട് കേറാമായിരുന്നു.." തമാശ രൂപേണ മുത്തശ്ശി പറഞ്ഞപ്പോ എല്ലാവരും ഉറക്കെ ചിരിച്ചു. അച്ഛന് മാത്രം അതിഷ്ടപ്പെട്ടില്ല.. "നിങ്ങള് കേറി വരുന്നുണ്ടോ? തമാശ പറഞ്ഞോണ്ടിരിക്കുവാ.." അദ്ദേഹം ദേഷ്യത്തോടെ മുകളിലോട്ട് കേറിപ്പോയി.. കാശി ഗായത്രിയെ കൈകളിൽ മെല്ലെയെടുത്തു.. അവള് അവന്റെ കഴുത്തിനു പിന്നിലായി കൈകൾ കോർത്തുകൊണ്ട് നെഞ്ചിലേക്ക് മുഖമമർത്തി.. അവര് പടികൾ കേറിത്തുടങ്ങി.. അവർക്കൊക്കെ പിന്നിലായി ദേവു പടികളുടെ ഒരു ഓരം ചേർന്ന് പയ്യെ നടന്നു വരുന്നുണ്ടായിരുന്നു.. ഒന്നു രണ്ടു തവണ ഒപ്പം വിളിച്ചു നോക്കിയെങ്കിലും എല്ലാവരോടും നടക്കാനായി ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവള് പിന്നിലായി പതുക്കെ നടന്നു കേറി..

"ഈ മുതിർന്നോർക്കൊക്കെ എന്ത് സ്റ്റാമിനയാ.. ചാടിക്കേറി പോണത് കണ്ടില്ലേ.. എനിക്കാണേൽ കാലൊക്കെ ഇപ്പഴേ വേദനിച്ചു തുടങ്ങി.." മുന്നിൽ ദൃതിയിൽ പടികൾ നടന്നു കേറുന്ന മുതിർന്നവരെ നോക്കിക്കൊണ്ട് നീരു പറഞ്ഞു.. "ആ ദേവു എന്താ ആരോടും മിണ്ടാതെ ഒറ്റക്ക് നടന്നു വരുന്നേ...?" അഞ്ജലി തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.. "ആവേയ്.. അവള് ഞങ്ങടെ തറവാട്ടിലെ മാധവിക്കുട്ടിയാണ്.. എപ്പഴും എന്തേലും വായിച്ചും എഴുതിയും കൊണ്ടെ ഇരിക്കും.. അവളുടെ മനസ്സിലുള്ളത് ആർക്കും പിടിയില്ല്യ.. ഒരു കൂട്ടത്തിലും ചേരാണ്ടെ ഒറ്റക്ക് നടക്കാനാ അതിനിഷ്ടം..." നീരു പറഞ്ഞു.. "ബാ.. പോയി കമ്പനി കൊടുക്കാം.." അഞ്ജലി നീരുവിന്റെ കൈ പിടിച്ചു ദേവുവിന്റെ അടുത്തേക്ക് പടികളിറങ്ങി.. "ദേവു വല്യ എഴുത്തുകാരിയാന്ന് കേട്ടു.. നമ്മൾ തീരെ സംസാരിച്ചിട്ടില്യ...." അഞ്ജലി പറഞ്ഞപ്പോൾ ദേവു ഒന്ന് ചിരിച്ചു കാണിച്ചു.. നീരു അവർക്ക് മുന്നിലായി നടന്നു.. "എല്ലാരോടും ഒരുപാട് മിണ്ടണ ശീലം പണ്ടേ ഇല്ല്യ.. അതാണ്.." ദേവു പറഞ്ഞു...

"ദേവു എന്താ കല്യാണം ഒന്ന് കഴിക്കാത്തെ?" അഞ്ജലി ചോദിച്ചു. ദേവുവിന്റെ മനസ്സിൽ നന്ദൻ ഉണ്ടോ എന്നറിയാൻ വേണ്ടിയാണ് ആ ചോദ്യമെന്ന് നീരുവിന് മനസ്സിലായി.. ചോദ്യം കേട്ട് ദേവു ഒന്ന് ചിരിച്ചു കാണിച്ചു. അവളുടെ മനസ്സിലപ്പോൾ കുട്ടിത്തം നിറച്ച മുഖത്തോടെ ചിരിക്കുന്നയൊരുവന്റെ മുഖമായിരുന്നു.. "ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.. ഇത്രേം നാളും ആ പ്രതീക്ഷയിൽ തന്നെയായിരുന്നു.. പക്ഷെ അതൊന്നും നടക്കും ന്ന് തോന്നണില്ല.. പക്ഷെ പ്രതീക്ഷയില്ലാത്തൊരു പ്രതീക്ഷയിൽ ഞാൻ നോക്കി ഇരിപ്പുണ്ട്..." ദേവു പറഞ്ഞപ്പോൾ അഞ്ജലി ദൂരെ നടന്നു പോകുന്ന നന്ദനെ നോക്കി.. ദേവുവിനുള്ളിൽ ഇപ്പോഴും നന്ദനോടുള്ള സ്നേഹമുണ്ടെന്ന് അവൾക്ക് മനസ്സിലായി.. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. വായടഞ്ഞു പോയിരുന്നു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀

വിഷ്ണുവിനോടൊപ്പം സംസാരിച്ചുകൊണ്ട് പടികൾ കയറി പോകുമ്പോഴും നന്ദൻ ഇടയ്ക്കിടെ താഴെ നടന്നു വന്നുകൊണ്ടിരുന്ന അഞ്ജലിയിൽ ആയിരുന്നു.. ഓരോ തിരിഞ്ഞു നോട്ടത്തിലും തനിക്ക് തിരിച്ചു കണ്ണെടുക്കാൻ ആവാത്ത വിധം എന്തോ ഒന്ന് ആ പെണ്ണിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് അവന് തോന്നി.. പിന്നെയാണ് അവളെ ദേവുവിനോപ്പം കണ്ടത്.. അപ്പോഴാണ് അഞ്ജലിയെ ശുണ്ഠി പിടിപ്പിക്കുവാനുള്ള ഒരു തമാശ ഉള്ളിൽ ഉടലെടുത്തത്.. "അളിയോയ്.. നമ്മക്ക് ദേ അവരുടെ കൂടെ വന്നാലോ?" താഴെ നടന്നു വരുന്നവരെ ചൂണ്ടിക്കാട്ടി നന്ദൻ ചോദിച്ചു.. ചോദ്യം കേട്ടപാതി കേൾക്കാത്ത പാതി വിഷ്ണു ശരിയെന്നു സമ്മതിച്ചു.. സർവം നീരു മയം.. നന്ദനും വിഷ്ണുവും താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു.. അഞ്ജലി നന്ദനെ നോക്കാൻ കൂട്ടാക്കാതെ നടന്നു കേറുകയായിരുന്നു. അവൻ ദേവുവിനരികിൽ ചെന്നുകൊണ്ട് അവളുടെ തോളിൽ കയ്യിട്ടു. അത് കണ്ടതും അഞ്ജലിയുടെ മുഖമൊന്നു വലിഞ്ഞു മുറുകുന്നത് കണ്ടവന് ചിരി പൊട്ടി..

"ദേവൂ.. ഞാൻ വന്നിട്ട് നീയെന്നോടൊന്ന് മിണ്ടിയിട്ട് പോലും ഇല്ലാല്ലോ?" നന്ദൻ സ്നേഹത്തോടെ ചോദിച്ചു.. ദേവു വെറുതേ ഒന്ന് ചിരിച്ചു കാണിച്ചു. നീരുവും അഞ്ജലിയുടെ മുഖത്തെ ഭാവങ്ങൾ കണ്ട് ചിരിയടക്കുവാൻ പാട് പെടുന്നുണ്ടായിരുന്നു.. അതിനിടക്ക് നന്ദന്റെ പിറകിൽ ചെന്നു നിന്നുകൊണ്ട് വിഷ്ണു നീരുവിന് കൈ കാണിച്ചു.. നീരു ഒരു പിരികമുയർത്തി എന്തെന്ന് ചോദിച്ചു. വിഷ്ണു ഇരു കൈകളും മെല്ലെ നീട്ടിക്കാണിച്ചു.. നീരു പതുക്കെ നടത്തത്തിന്റെ വേഗത കുറച്ച് വിഷ്ണുവിന്റെ അടുത്തെത്തി.. "ഹിഹി.. നിന്റെ പിന്നാലെ നടക്കാനല്ല.. ഒപ്പം നടക്കാനാണ് എനിക്കിഷ്ടം..." വിഷ്ണു പറഞ്ഞു.. നീരു നെറ്റി ചുളിച്ചുകൊണ്ട് അവനെയൊന്ന് നോക്കി.. "ന്താടീ നോക്കുന്നെ.. ഒരൊറ്റ കടി വച്ചു തന്നാലുണ്ടല്ലോ..." വിഷ്ണു അവളുടെ അടുത്തേക്ക് കടിക്കാനെന്ന പോലെ വാ തുറന്നു കാണിച്ചു.. "കടിയും പിടിയും ഒക്കെ കെട്ട് കഴിഞ്ഞിട്ട് പോരെ.." നന്ദൻ തിരിഞ്ഞു നോക്കാതെ ചോദിച്ചപ്പോൾ നീരു ഒന്ന് ലജ്ജയോടെ തല താഴ്ത്തി.. "അത് അളിയോയ്.. കൊതുക് കടിക്കുന്ന കാര്യം പറഞ്ഞതാ ഞാൻ.." വിഷ്ണു നാണത്തോടെ പറഞ്ഞു..

"ഉം.. ഉം.. നീരൂ?" "എ.. എന്താ ഏട്ടാ?" ഒരു പരുങ്ങലോടെ നീരു ചോദിച്ചു.. "സാധാരണ ഒരു കൊതുക് നമ്മളേ കടിക്കാൻ വന്നാൽ നമ്മൾ എന്ത് ചെയ്യും..?" നന്ദൻ ചോദിച്ചത് കേട്ട് നീരു ചിരിയടക്കാൻ വാ പൊത്തി. "അടിക്കും ഏട്ടാ.. കരണം പുകച്ചൊന്ന് കൊടുക്കും.." നീരു വിഷ്ണുവിനെ നോക്കി കയ്യോങ്ങിക്കൊണ്ട് പറഞ്ഞു.. "നമ്മളേ കടിക്കാൻ വരുന്ന കൊതുകുകളെ നമ്മൾ എന്തുചെയ്യണം..?" നന്ദൻ ചോദിച്ചു.. "അടിക്കണം ഏട്ടാ.. അടിച്ചു പല്ല് കൊഴിക്കണം..." നീരു പറഞ്ഞു. "ഉം.. അങ്ങനെയാണേൽ നിന്റെ ഹരിയേട്ടന്റെ മോന്ത ഞാൻ അടിച്ചു പൊളിക്കേണ്ട സമയം കഴിഞ്ഞു.." നീരുവിനെ തിരിഞ്ഞു നോക്കിക്കൊണ്ട് അഞ്ജലി പറഞ്ഞപ്പോൾ നന്ദൻ ഒന്ന് ജാള്യതയോടെ അവളെ നോക്കി.. നീരു സഹിക്കാനാവാതെ ചിരിച്ചു തുടങ്ങിയിരുന്നു.. ആ ചിരിയിൽ വിഷ്ണുവും പങ്കു ചേർന്നു.. തന്നേ നാണം കെടുത്തിയ അഞ്ജലിക്കിട്ട് ഒന്ന് പണിഞ്ഞേക്കാമെന്ന് ഓർത്തുകൊണ്ട് നന്ദൻ ദേവുവിനെ നോക്കി.. "ദേവൂ.. എനിക്കറിയാം നീ ഞാൻ കെട്ടാൻ വരുന്നതും നോക്കി ഇരിക്കുവായിരുന്നെന്ന്..

സോറി ഡോ.. ഒരു അസുലഭ നിമിഷത്തിൽ പറ്റിപ്പോയി.. അതിൽ ഞാനിപ്പോ ഖേദിക്കുന്നു.. ഒരു സെക്കൻഡ് ചാൻസ് കിട്ടിയിരുന്നെങ്കിൽ......" നന്ദൻ ദേവുവിനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. എന്നാൽ അഞ്ജലി കേട്ടത് ഇത്രമാത്രമാണ്.. തുടർന്നു കേൾക്കുവാനുള്ള ശേഷി ഉണ്ടായില്ല.. ആ വാക്കുകൾ ഒരു അമ്പ് പോലെ ഹൃദയത്തിലേക്ക് കുത്തിയിറങ്ങിയതായി തോന്നി.. കണ്ണുകൾ ഒരു നിമിഷം കൊണ്ട് നിറഞ്ഞു തുളുമ്പി... നടന്നിടത്ത് ഒന്ന് നിന്നു പോയി.. ഇനിയും അവിടെ നിന്നാൽ ഒരു പക്ഷെ അവർക്ക് മുന്നിൽ നിന്നും കരഞ്ഞേക്കാമെന്ന് കരുതിയാണ് ഒന്ന് കുതറിക്കൊണ്ട് തിരിഞ്ഞോടിയത്.. നോവിന്റെ ഭാരം സഹിക്കാനാവാതെ ചുണ്ടുകൾ വില്ല് പോലെ വളഞ്ഞു പോയി. കളി കാര്യമായെന്നറിഞ്ഞത്തോടെയാണ് നന്ദൻ ദേവുവിനെ വിട്ട് തിരിഞ്ഞു നടന്നത്.. പിന്നാലെ നീരുവും വിഷ്ണുവും ചെന്നു.. ദേവു നോക്കി നിൽക്കുകയായിരുന്നു.. അവൾക്കെല്ലാം മനസ്സിലാവുന്നുണ്ടായിരുന്നു.. പക്ഷെ അവളുടെ മനസ്സിലുള്ളത് അവർക്കാർക്കും അറിയില്ലായിരുന്നു..

സ്വന്തം അമ്മ പോലും ഒരിക്കലും തന്റെ മനസ്സിലാരാണെന്ന് ഇതുവരെ ചോദിച്ചിട്ടില്ല.. നന്ദേട്ടനെ കൊണ്ട് തന്നേ കെട്ടിച്ചേ അടങ്ങൂ എന്ന് ശപഥമെടുത്ത് നടക്കുന്ന അമ്മയിൽ നിന്നും മറ്റെന്ത്‌ പ്രതീക്ഷിക്കാനാണ്.. "നാത്തൂനെ.. നിന്നേ നീയൊന്ന്...." നീരുവും വിഷ്ണുവും ധൃതിയിൽ പടികൾ ഇറങ്ങിചെല്ലുന്നുണ്ടായിരുന്നു.. അവർക്ക് കുറച്ചു മുന്നിലായി നന്ദനും പടികളിറങ്ങി.. അവരെക്കാൾ ഒരുപാട് അകലത്തിലായിരുന്നു അഞ്ജലി.. കവിളാകെ നനവ് പടർന്നിരുന്നു.. നന്ദൻ ഓടിയോടി ഒടുവില് അവളുടെ കയ്യിൽ പിടുത്തമിട്ടു.. അവളൊന്ന് വിടുവിക്കാൻ ശ്രമിച്ചു.. നന്ദൻ അവളെ അവന് നേരെ നിർത്തി.. അപ്പോഴേക്കും നീരുവും വിഷ്ണുവും ഒപ്പമെത്തി കഴിഞ്ഞായിരുന്നു.. "എന്താ നാത്തൂനേ ഇത്..." "ഒന്നുമില്ല.. ഞാൻ വരുന്നില്ല നിങ്ങള് പൊക്കോളൂ.." പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് കൈകൾ നന്ദനിൽ കുരുങ്ങിയിരിക്കുകയാണെന്ന് ഓർമ്മ വന്നത്.. "നീ വരുന്നില്ലേ..?" നന്ദൻ ഗൗരവത്തോടെ ചോദിച്ചു.. "ഇല്ലെന്ന് പറഞ്ഞില്ലേ..." "എന്താ നാത്തൂനെ ഇങ്ങനെ...."

"ഞാൻ വരുന്നില്ലെടാ.. എനിക്കെന്തോ നല്ല സുഖമില്ലാത്ത പോലെ... ഞാൻ വീട്ടിലോട്ട്...." തല താഴ്ത്തി നിന്ന് പറഞ്ഞു തീർക്കുന്നതിന് മുൻപേ അവളെ നന്ദൻ എടുത്തു പൊക്കിയിരുന്നു.. പെണ്ണൊന്നു വിറച്ചു.. "വിട്.. വിടെന്നെ..." അവനിൽ നിന്നും താഴെ ഇറങ്ങുവാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി.. "വായടച്ചിരുന്നില്ലേൽ ഞാനിപ്പോ താഴെയിടും നിന്നേ..." നന്ദൻ ദേഷ്യത്തോടെ അവളുടെ മുഖത്ത് നോക്കി പറഞ്ഞു.. വായടഞ്ഞു പോയി.. നന്ദൻ മുഖത്ത് ഗൗരവം നിറച്ചു വച്ചുകൊണ്ട് മുന്നിലേക്ക് നോക്കി പടികൾ കയറിത്തുടങ്ങി.. കയ്യിൽ ഒരു പൂ പോലെ അവളുമുണ്ടായിരുന്നു.. "ആഹാ.. എന്നാ പിന്നെ ഞാനും.." മറ്റൊന്നുമാലോചിക്കാതെ നീരു എന്തെങ്കിലും പ്രതികരിക്കുന്നതിന് തൊട്ടു മുൻപേ വിഷ്ണു നീരുവിനെ എടുത്തു പൊക്കിയിരുന്നു... നീരുവിന്റെ ശബ്‌ദം കേട്ട് നന്ദൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവളെ എടുത്തുകൊണ്ടു പിന്നാലെ പടികൾ കയറി വരുന്ന വിഷ്ണുവിനെ ആണ്.. നന്ദൻ നോക്കി നിൽക്കുന്നത് കണ്ടപ്പോ വിഷ്ണു നീരുവിനെ പതുക്കെ താഴെ വച്ചു.. "അയ്യടാ.. എന്തൊരു പാവം.. എടുത്തോണ്ട് പോര്.." നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് തിരിച്ചു നടന്നു.. "താങ്ക്സ് അളിയോയ്...." സന്തോഷത്തോടെ വിളിച്ചു പറഞ്ഞുകൊണ്ട് വിഷ്ണു നീരുവിനെ പിന്നെയും എടുത്തു പൊക്കിയിട്ട് നടന്നു കേറി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story