പ്രണയ സ്വകാര്യം: ഭാഗം 24

pranaya swakaryam

രചന: ആദിത്യൻ മേനോൻ

നന്ദന്റെ കൈകൾക്കുള്ളിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ കിടക്കുമ്പോഴും പെണ്ണിന് ഉള്ളിലൊരു സുരക്ഷിതത്വം തോന്നിയിരുന്നു.. താഴെയിറക്കുവാൻ നൂറു വട്ടം പറഞ്ഞോണ്ടിരുന്നുവെങ്കിലും നന്ദൻ ദേഷ്യത്തോടെ വഴക്ക് പറയുന്നുണ്ടായിരുന്നു.. "മര്യാദക്ക് അടങ്ങിയോതുങ്ങി ഇരിക്കെടീ അസത്തേ.. ഇല്ലെങ്കിൽ ഞാനിപ്പോ നിലത്തോട്ടെറിയും..." ഓരോ തവണയും അത് കേൾക്കുമ്പോഴും അവനൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അവന്റെ കയ്യിലും മാറിലുമെല്ലാം ഓരോ നുള്ള് വച്ചുകൊടുത്തത്.. അന്നേരമെല്ലാം അവന്റെ മുഖത്ത് വിരിയുന്ന ദേഷ്യവും ഗൗരവവും അവന്റെ വായിൽ നിന്നും വരുന്ന പുളിച്ച തെറികളും അവള് ആസ്വദിക്കുന്നുണ്ടായിരുന്നു.. പക്ഷെ എന്തുകൊണ്ടാണ് ആ ആസ്വാദനത്തിനിടയിലും നെഞ്ചിന്റെ ഏതോ ഒരു കോണിൽ നേരിയ നോവ് പടരുന്നത് പോലെ തനിക്ക് തോന്നുന്നത്? അത് ദേവു നന്ദേട്ടനെ പറ്റി പറഞ്ഞ വാക്കുകൾ ഓർത്താണ്.. അവൾക്കുള്ളിൽ നിന്നും നന്ദേട്ടനെ പറിച്ചു വാങ്ങിയ തന്നേ ഓർത്താണ്..

നന്ദേട്ടൻ ദേവുവിനെ പറ്റി പറയുന്ന വാക്കുകളെ ഓർത്താണ്... കുടുംബക്ഷേത്രത്തിനടുത്തേക്കെത്തുന്നതിന് മുൻപേയാണ് അഞ്ജലിയെ അവൻ താഴെ ഇറക്കിയത്.. അതുകണ്ടാണ് വിഷ്ണുവും നീരുവിനെ താഴെ വെക്കുന്നതും.. "ഞങ്ങടെ കാര്യം പോട്ടെ.. നിങ്ങക്ക് രണ്ടെണ്ണത്തിനും വല്ല ബോധവും ഉണ്ടോ? ഇങ്ങനെ നീരൂനേം പൊക്കിക്കൊണ്ട് ക്ഷേത്രത്തിലോട്ട് കേറിചെന്നാൽ വീട്ടിലുള്ളോരെല്ലാം നിങ്ങടെ കാര്യത്തിൽ ഒരു തീരുമാനം ആക്കുമെന്ന വല്ല ചിന്തയും ഉണ്ടോ?" നന്ദൻ വിഷ്ണുവിനോടായി ചോദിച്ചു. "അത്.. സോറി അളിയാ.. ഞാനതങ് മറന്നു പോയി..." വിഷ്ണു ജാള്യതയോടെ ഇളിച്ചുകൊണ്ട് പറഞ്ഞു.. "ഉം.. മറക്കും മറക്കും.. ഇതുപോലെ രണ്ടുമൂന്നു പടികൾക്കൂടി കയറിചെന്നിരുന്നെങ്കിലെ വിഷ്ണൂനെ ഇവിടുത്ത ഡാഡി ഗിരിജ ഒരൊറ്റ ഏറിന് താഴോട്ടിട്ടേനെ..." നന്ദൻ പറഞ്ഞു.. പിന്നെയാണവന്റെ നോട്ടം സ്വന്തം കൈകളിലേക്കും മേൽബട്ടനുകൾ തുറന്നിട്ട മാറാത്തേക്കും ചെന്നെത്തുന്നത്.. "ആഹ്.. ചോരക്കളം വരച്ചു വച്ച പോലെയുണ്ട്.. നായ മാന്തുന്നത് പോലെ മാന്തി വച്ചിട്ട് നീറുന്നു.."

അല്പം പുച്ഛത്തോടെയാണെങ്കിലും അവള് പയ്യെ കണ്ണുകൾ നന്ദന്റെ മാറിലോട്ടും കൈകളിലോട്ടും പറിച്ചു നട്ടു.. അവിടവിടെയായി നഖം കോറിയതിന്റെ പാടുകളുണ്ട്.. ചോരകൊണ്ടൊരു പ്രേതചിത്രം വരച്ച മട്ടുണ്ട്.. കണ്ടപ്പോ ഒരിറ്റ് ദയ തോന്നി.. വേണ്ടിയിരുന്നില്ല.. പിന്നെ തോന്നി ദേവുവിന്റെ തോളിൽ കയ്യിട്ട് അവളോട് കൊഞ്ചിയതല്ലേ അനുഭവിക്കട്ടേന്ന്.. നന്ദന് മറുപടി കൊടുക്കാതെ നീരുവിനെയും വിളിച്ചു കൈ പിടിച്ചു പടികൾ കേറിച്ചെന്നു.. തിരിഞ്ഞു നോക്കിയതേ ഇല്ല.. ഇരു വശത്തും സ്വർണ്ണ നിറമുള്ള തൂണുകൾക്കിടയിലൂടെ നടന്നു ക്ഷേത്രത്തിനകത്ത് പ്രവേശിച്ചപ്പോൾ വലത്തേ വശത്തായി എല്ലാവരും കൂട്ടമായി നിൽക്കുന്നത് കണ്ടു. നീരുവിനോപ്പം അവിടേക്ക് ചെന്നു.. ഗായത്രിയും കാശിയും ചെരുപ്പഴിച്ചു കാല് കഴുകി മതിലിനോടായി ചേർത്ത് വച്ചിരിക്കുന്ന അനേകം ചരടുകൾക്കിടയിൽ ഒരു ചരട് ഒരുമിച്ചു കോർത്തു കെട്ടി.. "അതൊരു ഇരുമ്പ് വേലിയാണ്.. കെട്ടുകൾ നിറഞ്ഞതോണ്ട് കാണാൻ പറ്റാത്തതാ..

പരമ്പരകളായിട്ട് കെട്ടാൻ പോണവരൊക്കെ ഇവിടെ ഓരോ ചരട് കെട്ടും.." മനസ്സ് വായിച്ചെന്ന പോലെ നീരു അഞ്ജലിയെ നോക്കീട്ട് പറഞ്ഞു.. പിന്നാലെ നന്ദനും വിഷ്ണുവും വന്നു നിന്നു... "ഹാ.. എന്റെയും ദേവൂന്റെയും ചരടും കെട്ടേണ്ട സമയമായിരുന്നു.. അന്നത്തെ എന്റെ വട്ടിന് ഞാൻ ദേവൂനെ കെട്ടില്ലാന്ന് പറഞ്ഞ് ഇറങ്ങിപ്പോയി.. അതോണ്ട് എന്റെ ജീവിതമിങ്ങനെ പട്ടി നക്കിയ പോലെയായി..." അവന്റെ ഓരോ വാക്കുകളും പെണ്ണിനെ അങ്ങനെ കുത്തി നോവിക്കുന്നുണ്ടായിരുന്നു.. "നിങ്ങടെ ജീവിതം നിങ്ങള് തന്നേ നക്കിയെന്നോ?" ഒരു തറുതല മാത്രം പറഞ്ഞുവെങ്കിലും ഉള്ളിലപ്പിടി നോവവശേഷിച്ചു.. "ഐവാ.. ഡയലോഗ് അടിക്ക് മാത്രം ഒരു കുറവും ഇല്ല.." "ഡയലോഗടിയോ ഞാനോ? നിങ്ങള് ദേവൂന്റെ കാര്യം പറഞ്ഞല്ലോ.. ഇപ്പഴും വൈകീട്ടൊന്നുമില്ല.. ഞാൻ വേണേൽ എല്ലാവരോടും പറയാം നമ്മുടെ കല്യാണം കഴിഞ്ഞിട്ടില്ലെന്ന്.. ദേ ഇപ്പൊ തന്റെ ദേവുവിനോപ്പം അവിടെ പോയി ചരട് കെട്ടിക്കോ.. എന്താ വേണോ?" തിരിഞ്ഞു നോക്കിക്കൊണ്ട് നന്ദേട്ടനോട് കൂടുതൽ അടുത്ത് നിന്നുകൊണ്ട് ഗൗരവത്തോടെ പറയുമ്പോൾ കണ്ണുകൾ ഒന്ന് പൊടിയുന്നത് നന്ദേട്ടൻ അറിയാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നു..

അവളുടെ ഗൗരവം തിങ്ങിയ മുഖം കണ്ടപ്പോൾ അവന്റെ വായടഞ്ഞു പോയിരുന്നു.. "എന്തെ വേണ്ടേ? ഡയലോഗ് അടിക്ക് മാത്രം ഒരു കുറവും ഇല്ല.." അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ടവൾ നടന്നു പോയി.. "നാത്തൂന് ഫീൽ ആയെന്ന് തോന്നുന്നു.. അല്ലേലും ഈ ഏട്ടൻ കുറച്ചോവറാ.." നീരു ദേഷ്യത്തോടെ നന്ദേട്ടനോട് പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.. നീരു വയറ്റത്ത് പതിവ് നുള്ള് വച്ചുകൊടുത്തെന്ന് തോന്നുന്നു.. നന്ദനൊന്ന് പുളയുന്ന ശബ്‌ദം കേട്ടു.. മുത്തശ്ശിയുടെയും മായമ്മയുടെയും അടുത്ത് പോയി നിന്നപ്പോഴും കണ്ണു നിറഞ്ഞുവന്നു.. അവരറിയാതിരിക്കുവാനാണ് ആരുമില്ലാത്ത ഒരിടത്തേക്ക് ചെല്ലാമെന്ന് കരുതിയത്. അമ്പലത്തിന്റെ പിന്നിൽ ആരും ഉണ്ടായിരുന്നില്ല.. അവിടെ ദൂരേക്ക് കണ്ണ് നട്ടുകൊണ്ട് വെറും നിലത്തിരുന്നു. നിറഞ്ഞ കണ്ണുകളിൽ നിന്നും കണ്ണീര് കവിളിലേക്ക് ഒലിച്ചിറങ്ങി..

"ഹ.. ഇവിടെ ഒറ്റക്ക് ഇരിക്കുവായിരുന്നോ..?" പരിചിതമായ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ വിഷ്ണുവിനെ കണ്ടു. നേരിയ പുഞ്ചിരി അവന് സമ്മാനിക്കാൻ ശ്രമിച്ചുകൊണ്ട് കണ്ണുകൾ പിന്നെയും വിദൂരതയിലേക്ക് നട്ടു. വിഷ്ണു അരികത്തായി വന്നിരുന്നു.. "നന്ദൻ നിന്റെ അസ്ഥിക്ക് പിടിച്ചിരിക്കുവാല്ലേ...?" വിഷ്ണുവിന്റെ ചോദ്യം കേട്ടപ്പോ എന്ത് പറയണമെന്നറിയില്ലായിരുന്നു.. "ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടല്ലേ..?" വിഷ്ണു പിന്നെയും ചോദ്യം ആവർത്തിച്ചു.. അപ്പോഴും മറുപടി പറയുവാൻ നാവ് പൊങ്ങിയില്ല... "അവൻ ദേവുവിനെ ചേർത്ത് പറയുമ്പോ ഒക്കെ നോവ് തോന്നണുണ്ടല്ലേ...?" ചോദ്യങ്ങൾ തുടർന്നുകൊണ്ടിരുന്നു.. ഓരോ ചോദ്യങ്ങള് തീരും തോറും പുതിയ ചോദ്യങ്ങൾക്ക് മൂർച്ചയേറി... "മറ്റാരെയും ചേർത്ത് പറയാതെ നിന്റെ മാത്രം ആവണംന്ന് തോന്നുന്നുണ്ടല്ലേ...?" "വിഷ്ണു..." എന്തോ ഒരുൾപ്രേരണയാൽ ഇനിയൊരു ചോദ്യം ഉന്നയിക്കാതിരിക്കാൻ അവളവന്റെ വായിൽ മെല്ലെ കയ്കള് വച്ചു.. വേണ്ടെന്ന് പതുക്കെ തലയാട്ടുമ്പോൾ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു..

"നന്ദേട്ടൻ എന്ത് പറഞ്ഞാലും എനിക്കൊരു കുഴപ്പവും ഇല്ല.. പക്ഷെ മറ്റൊരുത്തിയെ ചേർത്ത് നന്ദേട്ടൻ പറയുന്നതൊക്കെ എന്നെക്കാണിക്കാൻ വേണ്ടിയാണെങ്കിൽ കൂടി എനിക്ക് വല്ലാണ്ടെ നോവുന്നു വിഷ്ണൂ... നന്ദേട്ടൻ ദേവൂനെ ചേർത്ത് പറയണതൊക്കെ എന്നെ പറ്റിക്കാൻ തമാശക്കാവും അല്ലേടാ വിഷ്ണു..?" കണ്ണുകൾ നിറഞ്ഞു വന്നു.. മെല്ലെ അവന്റെ വായിൽ നിന്നും കയ്കൾ മാറ്റിക്കൊണ്ട് ചോദിച്ചു.. "എനിക്കറിയില്ല.. നിങ്ങള് തമ്മിൽ എന്തായിരുന്നുവെന്ന് നിങ്ങൾക്കല്ലേ അറിയൂ.." വിഷ്ണു പറഞ്ഞു.. "ന്നേ സമാധാനിപ്പിക്കാനെങ്കിലും നന്ദേട്ടൻ തമാശക്ക് പറയുന്നതാന്നൊന്ന് പറഞ്ഞൂടെടാ നിനക്ക്.." വിഷ്ണുവിന്റെ ഷർട്ടിന് തുമ്പത്ത് പിടിച്ചു വലിച്ചുകൊണ്ട് നിറഞ്ഞ കണ്ണുകളെ ചിരിച്ചുകൊണ്ട് നേരിടാൻ ശ്രമിച്ചു.. "അവന്റെ കാര്യങ്ങളിൽ ഇത്രേം നോവ് ഉള്ളില് കൊണ്ട് നടന്നിട്ടാണോ നീ അവന്റെ മുന്നില് ഇങ്ങനെ വായാടികളെ പോലെ തുള്ളിചാടി നടക്കുന്നത്?" "അറിയണ്ട.. അഞ്ജലിക്ക് ഇങ്ങനെയൊരു മുഖം കൂടിയുണ്ടെന്ന് നന്ദേട്ടൻ അറിയണ്ടാ.. നന്ദേട്ടൻ കാണുമ്പോഴൊക്കെ ദുർഗ വായാടിയാണ്..

അഞ്ജലി കരയാനറിയാത്ത, വാക്ക് കൊണ്ട് നോവിച്ചാൽ പൊള്ളാതെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന പെണ്ണാണ്.. അതങ്ങനെ തന്നേ മതി....." കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.. "നീ അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് അവനറിയോ? നീ പറഞ്ഞിട്ടുണ്ടോ?" "ഞാൻ പറഞ്ഞിട്ടില്ല.. നന്ദേട്ടനും.. പക്ഷെ എന്റുള്ളിൽ ഉള്ള ഇഷ്ടം നന്ദേട്ടന് അറിയാമെന്നാ ഞാൻ കരുതിയത്.. വാവേന്ന് ദുർഗയെ വിളിച്ചതും ഭാര്യയാന്ന് പറഞ്ഞതും ചേർത്ത് പിടിച്ചതുമെല്ലാം അതേ അർത്ഥത്തിലാന്നാ ഞാൻ കരുതിയത്.. എവിടെയെങ്കിലും എനിക്ക് പിഴച്ചു പോയോടാ?" കണ്ണുകൾ പിന്നെയും നിറഞ്ഞു വന്നു. കണ്ണീരിന്റെ കനം കൊണ്ട് തല താണുപോയി.. വിഷ്ണു അവൾക്കരികിലേക്ക് നീങ്ങിയിരുന്നുകൊണ്ട് അവളുടെ കവിളിലേക്ക് ഒളിച്ചുവീണുകൊണ്ടിരുന്ന കണ്ണുനീർതുള്ളികളെ തുടച്ചു മാറ്റി.. "നീ അവനോട് നേരിട്ട് സംസാരിക്ക്.. നിന്റെ ഇഷ്ടം പറയ്.. അവന് നിന്നെയും ഇഷ്ടമാണെന്ന് തോന്നുന്നു.. നിങ്ങള് പരസ്പരം പറഞ്ഞാലല്ലേ അറിയൂ...." വിഷ്ണു ചോദിച്ചു അവള് മെല്ലെ അവന്റെ കൈകളിൽ പിടിച്ചു തോളിലേക്ക് ചാഞ്ഞു..

"വേണ്ട.. നന്ദേട്ടൻ ഒന്നും അറിയണ്ട.. ദേവൂനെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞാ മാത്രം ഞാൻ മാറിക്കൊടുത്തോളാം.. അതുവരെ ജീബേട്ടന്റെ മാത്രം വാവയാവണം എനിക്ക്..." പറയും തോറും അവളുടെ കണ്ണിൽ നിന്നും ഇറ്റിവീണ കണ്ണീര് അവന്റെ ഷർട്ടിനെ നനച്ചു.. "ഒന്നും വേണ്ടായിരുന്നു.. ഞാൻ ബാംഗ്ലൂർക്ക് വരാനെ പാടില്ലായിരുന്നു.. ഞാൻ വന്നില്ലായിരുന്നെങ്കി ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു...." കരഞ്ഞു തളർന്നുകൊണ്ടിരുന്നവളുടെ കവിളിൽ തലോടിക്കൊണ്ട് വിഷ്ണു അവളെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു... 🌺🥀🌺🥀🌺🥀🌺🥀🌺🥀 ക്ഷേത്രത്തിൽ പോയി തിരിച്ചു വീട്ടിലെത്തിയിട്ടും അഞ്ജലി തന്നോടൊന്നും മിണ്ടാതായപ്പോഴാണ് തമാശക്ക് പറഞ്ഞതൊക്കെ അവളെ നോവിപ്പിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായത്.. ഉച്ചക്ക് ഭക്ഷണം കഴിക്കാനും കണ്ടില്ല. നീരുവിനോട് തിരക്കിയപ്പോൾ മുത്തശ്ശിയുടെ മുറിയിൽ മുത്തശ്ശിക്കൊപ്പം ഇരിക്കുവാണെന്ന് പറഞ്ഞു. മുത്തശ്ശിയുടെ മുറിയില് നിന്നും പുറത്തേക്ക് വന്നിട്ടില്ല.. താൻ അവളെ മുറിയിലോട്ട് വിളിച്ചു കൊണ്ടുപോവാൻ കയറിച്ചെല്ലില്ലെന്ന് ഉറപ്പുള്ളതോണ്ടാവണം അവിടെ തന്നേ കിടക്കുന്നത്.. എന്തായാലും രാത്രി മുറിയിലേക്ക് തന്നേ വരുമല്ലോ.. അപ്പൊ ശരിയാക്കിത്തരാം..

ആദ്യം ഒന്ന് ഗൗരവം മുഖത്ത് വച്ചു നിന്നിട്ട് പിന്നെ പതുക്കെ അവളോട് മാപ്പ് ചോദിക്കണം.. ദേവുവിനോട് കൊഞ്ചിയതൊക്കെ അവളെ ദേഷ്യം പിടിപ്പിക്കുവാൻ വേണ്ടി മാത്രമാണെന്ന് പറയണം.. കുറുമ്പോടെ അവള് തരുന്ന ഓരോ നുള്ളും ഏറ്റു വാങ്ങണം... പിന്നെ... പിന്നെ ഹരി നന്ദൻ തന്റെയുള്ളിലെ പ്രണയം അവളോട് തുറന്നു പറയും.. ഈ നെഞ്ചിനുള്ളിൽ അവളു മാത്രമേ ഉള്ളൂ എന്ന് പറയണം.. ജീബേട്ടന്റെ വാവയായി ഇനി എന്നും ഈ തറവാട്ടിൽ കഴിഞ്ഞൂടെന്ന് ചോദിക്കണം.. അങ്ങനെ അങ്ങനെ അങ്ങനെ.. എല്ലാം മനസ്സിൽ ആലോചിച്ച് ഉറപ്പിച്ചിട്ട് രാത്രിയാകാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.. അതിനിടക്ക് ഒരിക്കൽ പോലും അവളെ പുറത്ത് കാണാഞ്ഞപ്പോ ഉള്ളിൽ ഒരു വേദന തോന്നി.. കുറേ തവണ മൊബൈലിൽ വിളിച്ചു നോക്കി. കാൾ എടുത്തില്ല.. ജീബേട്ടനായി ചെന്ന് ഒത്തിരി മെസേജ് അയച്ചു നോക്കി.. ജീബേട്ടന്റെ വാവയുടെ മറുപടിയുണ്ടായില്ല.... രാത്രിയായി.. ഭക്ഷണത്തിനു ടേബിളിൽ ചെന്നിരുന്നപ്പോ ആദ്യം കണ്ണുകൾ പരതിയത് അവളെയായിരുന്നു.. പക്ഷെ എല്ലാവരും കഴിക്കാനിരുന്നിട്ടും അവളു മാത്രം വന്നില്ല..

"അഞ്ജലിയെവിടെ..?" എല്ലാവരോടുമായി ചോദിച്ചു.. "അവൾക്ക് ഞാൻ നേരത്തെ ഒരു പാരസിറ്റാമോൾ കൊടുത്തിട്ടുണ്ട്.. കുറേ നേരം ന്റെ മടീല് ചുരുണ്ടു കൂടി കിടന്നു.. പിന്നെ അവിടെത്തന്നെ കിടന്നുറങ്ങി.. ഞാൻ എണീപ്പിച്ചില്ല.. ഞാൻ വരുമ്പോ തീരെ വയ്യായിരുന്നു.." മുത്തശ്ശി പറയുന്നത് കേട്ടൊന്ന് ഞെട്ടി.. "അതിന് അവൾക്കെന്താ പറ്റ്യേ?" നന്ദന്റെ ചോദ്യം.. നീരുവും രേവതിയും അത് തന്നേ ആവർത്തിക്കാൻ നിൽക്കുകയായിരുന്നു. "അത് ശരി.. അപ്പൊ അവൾക്ക് മേല് തിളക്കണ പനിയുള്ള കാര്യം നിനക്കറിഞ്ഞൂടെ? ഇന്നത്തെയൊരു രാത്രി പാരസിറ്റമോള് കുടിച്ചു നോക്കീട്ട് കുറവില്ല്യാച്ചാൽ നാളെ കാലത്ത് ആശുപത്രീല് പോവാം ന്ന് പറഞ്ഞു അവള്..." മുത്തശ്ശി പറഞ്ഞത് കേട്ടപ്പോ മനസ്സിനെന്തോ വല്ലായ്മ തോന്നി. ഹൃദയത്തിന്റെ ഏതോ ഒരു ശിഖിരത്തിൽ നിന്നും ഒരു നോവ് പൊട്ടിമുളച്ച് മേലാകെ നോവുമാറും പടർന്നു പിടിച്ചു..

പതുക്കെ എഴുന്നേറ്റ് ആരുടേയും മുഖത്ത് നോക്കാതെ മുത്തശ്ശിയുടെ മുറി ലക്ഷ്യമാക്കി നടന്നു. മുറിക്കകത്ത് കട്ടിലിൽ ഒരു മൂലയോട് ചേർന്ന് മേല് മൂടുമാറും പുതച്ച് ചുരുണ്ടുകൂടിയുറങ്ങുന്ന പെണ്ണിനെ കണ്ടവന് നോവുദിച്ചു.. അവൾക്കരികിൽ ചെന്നിരുന്നു.. നല്ല ഉറക്കത്തിലാണ്.. നെറ്റിയിൽ പതുക്കെ തൊട്ടു നോക്കിയപ്പോൾ നല്ല ചൂട് തോന്നി.. ഒന്നും വേണ്ടായിരുന്നു.. ആ പെണ്ണിന്റെ ഒരു കയ്യിൽ വിരലുകൾ കോർത്തവൻ മുട്ടുകുത്തി നിന്നു.. അവളുടെ ഉറങ്ങിക്കൊണ്ടിരുന്ന കണ്ണുകളെ അവൻ നോക്കിക്കൊണ്ടിരുന്നു.. വേദനയോടെ.. കുറ്റബോധത്തോടെ.. സ്നേഹത്തോടെ.. പ്രേമത്തോടെ.. മോഹത്തോടെ.. അവളുടെ കൈകളിലെ ഇളം ചൂട് അവന്റെ വിരലുകളിലൂടെ ദേഹത്തേക്ക് പടർന്നു കയറുന്നത് പോലെ തോന്നി.. മെല്ലെ ആ കൈകളിൽ അവൻ മൃദുവായി ചുംബിച്ചു.. ഫാനിന്റെ കാറ്റിൽ അലസമായി അവളുടെ മുഖത്ത് തത്തിക്കളിച്ചുകൊണ്ടിരുന്ന മുടിയിഴകളെ അവൻ വിരലുകൊണ്ട് തടവി ചെവിക്ക് പിന്നലുറപ്പിച്ചു വച്ചു.. ഒക്കെ വെറുതേ പറഞ്ഞതാടീ...

നിന്നേ ദേഷ്യപ്പെടുത്താൻ വേണ്ടി മാത്രം.. നിന്റെ കുശുമ്പ് പുറത്തേക്ക് വരാൻ വേണ്ടി മാത്രം.. നിന്റെ മുഖത്തെ കുറുമ്പും വാശിയും ഒക്കെ കാണാൻ വേണ്ടി മാത്രാ.. എനിക്കിഷ്ടാടീ പൊട്ടീ നിന്നേ.. ജീബേട്ടന്റെ വാവയായിട്ടു മാത്രമല്ല ഹരിനന്ദന്റെ അഞ്‌ജലിയായിട്ടും എനിക്കിഷ്ടാ നിന്നേ... ഒരായിരം ജന്മങ്ങള് നെഞ്ചിലങ്ങനെ ചേർത്ത് പിടിക്കാൻ നീ മാത്രം മതി എനിക്ക്.. നിന്നെ മാത്രേ ഇത്രയധികം ഈ ഹരിനന്ദൻ സ്നേഹിച്ചിട്ടുള്ളു.. ആഗ്രഹിച്ചിട്ടുള്ളു.. അറിയണില്ലേ നീ ഇതൊന്നും ഹൃദയത്തിൽ നിന്നും വന്നതായിരുന്നു ആ വാക്കുകളത്രയും.. പക്ഷെ നാവിൻതുമ്പത്ത് നിന്നും പുറത്തേക്കെത്തുമ്പോൾ ശബ്ദത്തിന് കനം കുറവായിരുന്നു.. തൊണ്ടക്കുഴിയിൽ നിന്നും ആരോ തന്റെ ശബ്ദത്തെ തടഞ്ഞു നിർത്തുന്നത് പോലെ.. ഒന്നും കേൾക്കാഞ്ഞതോണ്ടാവണം ആ പനിപിടിച്ച പെണ്ണപ്പോഴും പുതപ്പിൽ ചുരുണ്ടു കൂടി നിദ്രയിൽ തുടർന്നുപോന്നത്........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story