പ്രണയ സ്വകാര്യം: ഭാഗം 25

pranaya swakaryam

രചന: ആദിത്യൻ മേനോൻ

ഭക്ഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ട് തിരിച്ചു മുറിയിലേക്കാണ് നേരെ പോയത്.. ഈയൊരു രാത്രി അവൾ മുറിയിലോട്ട് വരുമ്പോൾ അവളോട് എല്ലാം തുറന്നു പറയണമെന്നൊക്കെ കരുതിയതായിരുന്നു.. കട്ടിലിൽ ചെന്ന് ലൈറ്റ് അണച്ചു കിടന്നപ്പോൾ അടുത്ത് അവളും ഉണ്ടെന്ന് തോന്നിയിരുന്നു.. "സോറി ഡോ.. സോറി..." കണ്ണുകൾ നിറഞ്ഞ് ഇരുവശത്തേക്കും ഒലിച്ചിറങ്ങി.. വാക്കുകൾ ഇടറിപ്പോയി.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 രാവിലെ എഴുന്നേൽക്കുമ്പോ പനി വിട്ടിരുന്നു, അപ്പോഴാണ് ഇന്നലെ മുത്തശ്ശിയുടെ മുറിയിലാണ് കിടന്നുറങ്ങിയതെന്ന് ഓർത്തത്.. കട്ടിലിൽ എഴുന്നേറ്റിരുന്നപ്പോൾ മേല് മുത്തശ്ശിയുടെ കൈകളുണ്ടായിരുന്നു എന്ന് ശ്രദ്ധിച്ചിരുന്നില്ല.. മുത്തശ്ശി പതുക്കെ കണ്ണുകൾ തുറന്നു.. "എണീറ്റോ..? പനിയൊക്കെ കുറഞ്ഞിട്ടുണ്ട് ട്ടോ.." "സോറി മുത്തശ്ശി.. ഓരോന്ന് പറഞ്ഞ് ഞാനറിയാതെ ഇവിടെ തന്നേ ഉറങ്ങിപ്പോയി..." ഇന്നലെ മുത്തശ്ശിയുടെ മടിയിൽ കിടക്കുമ്പോഴായിരുന്നു പണ്ട് അമ്മയുടെ ചൂടുപറ്റി ഉറങ്ങിയതെല്ലാം ഓർമ്മവന്നത്..

അമ്മയെ പറ്റി ഓർത്തോർത്താണ് നെഞ്ച് വിങ്ങി ഉറങ്ങിപ്പോയതും.. അച്ഛൻ വന്ന് പോയതിൽ പിന്നെ ഇന്നേവരെ അമ്മയെ വിളിച്ചു നോക്കിയിട്ടില്ല.. അമ്മയിങ്ങോട്ടും.. താല്പര്യമില്ലാത്തൊരു കല്യാണത്തിന് വഴങ്ങിക്കൊടുക്കാതിരിക്കാൻ ബാംഗ്ലൂർക്ക് ഓടിപ്പോകുവാണെന്ന് അമ്മയ്ക്കും സിതാരക്കും മുന്നേ അറിയാമായിരുന്നു. പക്ഷെ നന്ദേട്ടന്റെ ഒപ്പം തന്നേ കണ്ടെന്നു അച്ഛൻ പറഞ്ഞത് അമ്മയെയും സിതാരയെയും ഉറപ്പായിട്ടും ഞെട്ടിച്ചിരിക്കണം.. "നിന്നെ കഴിക്കാൻ കാണാതായപ്പോ നന്ദൻ തിരക്കിയായിരുന്നു ഇന്നലെ.." മുത്തശ്ശി പറഞ്ഞപ്പോഴാണ് ഓർമ്മകളുടെ കൂട്ടിൽ നിന്നും വഴുതി വീഴുന്നത്. തിരിച്ചു മുറിയിലേക്ക് നടക്കുമ്പോൾ നന്ദേട്ടന്റെ മുന്നില് ചെന്നു പെടരുതേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു.. മനസ്സില്ലാമനസ്സോടെ മുറി തുറന്നു നോക്കിയപ്പോൾ ഭാഗ്യത്തിന് ആള് നല്ല ഉറക്കത്തിലായിരുന്നു.. ശബ്‌ദമുണ്ടാക്കാതെ അലമാര തുറന്ന് കുളിച്ചു മാറ്റുവാനുള്ള വസ്ത്രങ്ങളെടുത്ത് തിരിഞ്ഞപ്പോഴാണ് മുന്നിലുള്ള ആളെ കണ്ടൊന്ന് ഞെട്ടിയത്.

"നീയെന്താ കക്കാൻ കേറുന്ന കള്ളന്മാരെ പോലെ ഒച്ചയുണ്ടാക്കാതെ കേറുന്നേ?" അരികിലേക്ക് നീങ്ങി നിന്നപ്പോൾ പിന്നിലേക്ക് അടിവച്ചു.. ഇനിയും പിന്നിലേക്ക് പോകാതെ അലമാര തടഞ്ഞു നിർത്തി.. നന്ദേട്ടൻ പിന്നെയും അടുത്ത് വന്നു.. കണ്ണുകൾ തമ്മിൽ കോർക്കാതിരിക്കുവാൻ പെണ്ണ് തല താഴ്ത്തി മുഖം തിരിച്ചു.. "എ.. എനിക്ക്.. പോണം..." ദേഹമാകെ വിറച്ചു തുടങ്ങിയിരുന്നു.. നന്ദേട്ടന്റെ കൈ മെല്ലെ നെറ്റിയിൽ തൊട്ടു.. "പനി കുറഞ്ഞല്ലോടീ..." നന്ദേട്ടൻ പറഞ്ഞു.. മറുപടി പറയാതെ കുതറാൻ ശ്രമിച്ചപ്പോൾ നന്ദേട്ടന്റെ ഇരു കയ്കളും അലമാരയിൽ അമർന്നു.. "വിട്... എനിക്ക് പോണം..." മുഖത്തേക്ക് നോക്കാതെ തന്നേ പറഞ്ഞു.. അവൻ ഒരു ചിരിയാലേ അവൾക്കരികിലേക്ക് പിന്നെയും അടുത്തു.. അവർക്കിടയിലെ അകലമില്ലാതായി.. അവളൊന്ന് കണ്ണുകൾ ഇരുകെയടച്ച് കയ്യിൽ വസ്ത്രങ്ങളിൽ മുറുകെ പിടിച്ചു.. അവന്റെ നിശ്വാസം മുഖത്ത് തത്തിക്കളിക്കുവാൻ തുടങ്ങി.. ദേഹമാകെ വിറച്ചിൽ പടർന്നു കേറി.. പെട്ടെന്നവന്റെ മുഖം ചെവിക്കരികിലേക്ക് അടുക്കുന്നതറിഞ്ഞു.. "വേണ്ട........"

തൊണ്ടക്കുഴിയിൽ നിന്നും അത്രമാത്രം ഒരു പതിഞ്ഞ സ്വരത്തിൽ പുറത്ത് വന്നു.. മെല്ലെയവൻ അവളുടെ ചെവിക്കരികിലൊന്ന് മുത്തി.. ഒരു ചൂട് അവളിൽ തളിർത്തു.. കയ്യിലെ വസ്ത്രങ്ങൾ താഴെ വീണു.. അവന്റെ ചുണ്ടുകൾ അവിടെ നിന്നും അടർന്നിരുന്നതെ ഇല്ല.. അതവളുടെ മുഖത്തെ ചുട്ടു പഴുപ്പിക്കുന്നത് പോലെ തോന്നി... "കെട്ടിപ്പിടിക്കാനും വഴക്കിടാനും അമ്പലത്തില് കേറുമ്പോ എടുത്തോണ്ട് പോവാനും ഇപ്പൊ ദാ ഉമ്മ വെക്കാനുമൊക്കെ ഞാൻ തന്നേ വേണം ല്ലേ.. പക്ഷെ ഭാര്യയാവാൻ മാത്രം അഞ്ജലി കൊള്ളില്ല ല്ലേ.. അതിന് മാത്രം ദേവു മതി.. അല്ലെ...." അവനെ അടർത്തി മാറ്റാതെ പറഞ്ഞപ്പോൾ ആ വാക്കുകൾ ചെന്നിറങ്ങിയത് അവന്റെ പൊള്ളിയടർന്ന മുറിവിലേക്കായിരുന്നു.. ഒരു നോവോടെ അവൻ അവളിൽ നിന്നും മാറിക്കൊണ്ട് തല താഴ്ത്തി നിന്നു.. "എടോ.. ഞാൻ....." എല്ലാ കാര്യങ്ങളും പറയാമെന്നു കരുതി വാ തുറന്നവന് നേരെ അവൾ വേണ്ടെന്ന് കയ്യുയർത്തിക്കാട്ടി.. "ന്യായീകരണം ഒന്നും വേണ്ട.. എനിക്ക് മനസ്സിലാവും.. തെറ്റ് എന്റെ ഭാഗത്താ..

ജീബേട്ടനും ഹരി നന്ദനും ഒരാളാണെന്ന് വിശ്വസിച്ചു പോയി. ജീബേട്ടൻ സ്നേഹിക്കുന്നത് പോലെ നന്ദേട്ടനും സ്നേഹിക്കുമെന്ന് തെറ്റിദ്ധരിച്ചു പോയി.. സാരല്യ.. ആ ധാരണ ഞാൻ സമയമെടുത്ത് പയ്യെ പയ്യെ മാറ്റിക്കോളാം.. ദുർഗ അവളുടെ ജീബേട്ടനെ സ്നേഹിക്കുന്നുണ്ടെങ്കിലും ഇനി ഒരിക്കലും അഞ്ജലി ഹരി നന്ദനെ ശല്യപ്പെടുത്താൻ വരില്ല...." അത്രയും പറയുമ്പോഴും തിങ്ങി വന്ന കണ്ണുനീരിനെ പിടിച്ചു നിർത്തിയിരുന്നു.. താഴെ വീണ വസ്ത്രങ്ങൾ എടുത്ത് മുറിക്കകത്തു നിന്നും പുറത്തേക്ക് നടന്നിറങ്ങുമ്പോഴായിരുന്നു കണ്ണുകളുടെ നിയന്ത്രണം വിട്ടുപോയത്.. ശബ്‌ദമുണ്ടാക്കാതെ കരഞ്ഞു കൊണ്ട് മുറിയിൽ നിന്നും നടന്നിറങ്ങി വലത്തോട്ട് തിരിയുമ്പോഴാണ് നീരുവിനെയും ഗായുവേട്ടത്തിയെയും രേവതിയെയും കാണുന്നത്.. മൂന്നു പേരും എല്ലാം കേട്ടുകൊണ്ടുള്ള നിൽപ്പാണെന്ന് മുഖം കണ്ടപ്പോ മനസ്സിലായിരുന്നു..

ഗായുവേട്ടത്തി അടുത്തേക്ക് വന്നപ്പോ നിയന്ത്രണം വിട്ട് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു.. മുറയിൽ നന്ദനാകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു.. ദേഷ്യവും സങ്കടവും നോവും കുറ്റബോധവും എല്ലാമെല്ലാം അവന്റെ ഉള്ളിലൂടെ മിന്നി മറിഞ്ഞു.. ഇനി എങ്ങനെയാണ്, എന്ത് പറഞ്ഞാണ് അവളെ സമീപിക്കേണ്ടതെന്ന് അവന് ഒരു പിടിയും ഇല്ലായിരുന്നു... "നാത്തൂനേ.. എന്റേട്ടന് നിന്നെ ഇഷ്ടമാന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്.. ദേവൂനെ പറ്റി പറയുന്നതൊക്കെ വെറുതേ നിന്നെ വട്ട് പിടിപ്പിക്കാനാ..." ഗായുവേട്ടത്തിയുടെ മുറിയിലായിരുന്നു ഏടത്തിയും അഞ്ജലിയും നീരുവും രേവതിയും.. "എന്നെ ഇഷ്ടമാണെന്ന് നിന്നോട് എപ്പഴെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നോടിതുവരെ പറഞ്ഞിട്ടില്ല..." "അതില്ല.. എന്നാലും അന്ന് ദുർഗയെ പറ്റി സംസാരിക്കുന്നതിനിടക്ക്..." നീരു പറഞ്ഞു തുടങ്ങുന്നത് അഞ്ജലി പാതിക്ക് നിർത്തിച്ചു..

"അതാണ്... നന്ദേട്ടനിഷ്ടപ്പെട്ടത് ദുർഗയെ മാത്രമാണ്.. അഞ്‌ജലിയെ അല്ല...." പെണ്ണ് പറഞ്ഞു. മറുത്തൊന്നും പറയാതെ നീരു തല താഴ്ത്തി നിന്നു. ഗായുവേട്ടത്തി അഞ്ജലിയെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു... 🌺🥀🌺🥀🌺🥀🌺🥀🌺🥀 "ഇന്നത്തെ ചടങ്ങിന് ഒരു പ്രത്യേകതയുണ്ട്... എന്താച്ചാൽ ഇന്ന് സ്ത്രീകൾക്ക് മാത്രേ ചടങ്ങുള്ളൂ.. സുമംഗലികളായ സ്ത്രീകളും കല്യാണപ്പെണ്ണും മാത്രം..." നീരു പറഞ്ഞു.. "കൊള്ളാല്ലോ അത്..." "ഇരുട്ടുന്നതിന് മുന്നേ സ്ത്രീകളെല്ലാം കുളി കഴിച്ച് സാരി ചുറ്റി ശിവക്കാവിന്റെ അടുത്തേക്ക് പോണ വഴിക്കുള്ള ആല്മരത്തിൽ മരത്തിനു കീഴിൽ വിളക്കുവച്ച് ഹാജറാകും. പരദേവത പൂജാന്നാ പറയാറ്, ആല്മരത്തിലുള്ള ദേവതകളെ എല്ലാം പ്രീതിപ്പെടുത്തുന്ന പൂജ.." നീരു പറഞ്ഞു തീർത്തു.. "കെട്ട് കഴിയാതെ സുമംഗലിയായ എന്റെ ഒരവസ്ഥയെ..." അഞ്ജലി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആ ചിരി മറ്റു മൂവരിലേക്കും പടർന്നു പിടിച്ചു.. "നിങ്ങളെല്ലാരും പൊക്കോ.. വേണേൽ രേവതിയും പൊക്കോ.. ദീർഘ സുമംഗലി ആവാൻ വേണ്ടീട്ടല്ലേ.. എല്ലാരും പൊക്കോളൂ.." നീരു നിർബന്ധിച്ചുകൊണ്ട് പറഞ്ഞു..

"എന്നാപ്പിന്നെ നീരുമോൾക്കും അവളുടെ വിച്ചേട്ടനും എളുപ്പായല്ലോ അല്ലെ..." അഞ്ജലി ചോദിച്ചപ്പോ നീരു ഒന്ന് നാണത്തോടെ ചുണ്ട് കോട്ടി.. "അല്ലെങ്കിലും ഇന്നത്തെ കാലത്ത് ആർക്കും നല്ലത് പറഞ്ഞു കൊടുക്കാൻ പറ്റില്ലല്ലോ...." 🌺🥀🌺🥀🌺🥀🌺🥀🌺🥀 പൂജക്ക്‌ ഉടുക്കാനായി സാരി മുറിയിൽ കൊണ്ട് വച്ചിട്ടുണ്ടെന്ന് മായമ്മ പറഞ്ഞപ്പോഴാണ് കാലത്തുണ്ടായിരുന്ന അതേ ശക്തിയിൽ പിന്നെയും വിറയൽ കേറീതുടങ്ങിയത്.. ആദ്യം കാലുകൾ.. പിന്നെയവ ഉയർന്നു പൊങ്ങി ദേഹമാകെ വിറച്ചു തുടങ്ങും.. നന്ദേട്ടനെ കാലത്ത് കണ്ടതിൽ പിന്നെ കണ്ടത് മുറ്റത്ത് ആരോടോ കോൾ ചെയ്യുന്നതായിരുന്നു.. ഒരു തവണ നടുമുറ്റത്ത് തന്നേ നോക്കി നിൽക്കുന്നത് കണ്ടു.. കണ്ടപ്പോ കാണാത്തത് പോലെ നടന്നു പോവുകയും ചെയ്തിരുന്നു.. ഇപ്പോൾ മായമ്മ പിന്നെയും മുറിയിലോട്ട് പറഞ്ഞു വിട്ടിരിക്കുകയാണ്.. കയറിചെന്നപ്പോൾ നന്ദേട്ടൻ കട്ടിലിൽ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു.. അരികത്തായി സാരി കിടപ്പുണ്ടായിരുന്നു.. നന്ദേട്ടനെ നോക്കാതെ ചെന്ന് സാരിയെടുത്ത് തിരിഞ്ഞു നടന്നു തുടങ്ങിയതും പിന്നിൽ നിന്നും കൈകളെ ആരോ പിടിച്ചു നിർത്തി..

നെഞ്ചിടിപ്പ് കൂടിതുടങ്ങിയിരുന്നു.. പെട്ടന്നു പിന്നിലേക്കൊരു വലിയായിരുന്നു.. നേരെ ചെന്ന് നന്ദേട്ടന്റെ മടിയിലേക്ക് വീണു... കുതറിമാറാൻ തുടങ്ങുന്നതിന് മുൻപേ ഇടുപ്പിലൂടെ വട്ടമിട്ടു നന്ദേട്ടൻ ഇറുക്കിയിരുന്നു.. "ഇപ്പഴേലും ഞാൻ പറയുന്നത് നിനക്കൊന്ന് കേട്ടൂടെ...." ചോദ്യം കേട്ടപ്പോഴും മറുപടി പറയാതെ തള്ളിമാറ്റുന്ന തിരക്കിലായിരുന്നു.. നന്ദേട്ടന്റെ മുഷ്ടികൾ ചുരുളുന്നത് കണ്ടു.. ദേഷ്യത്തോടെയവൻ പെണ്ണിനെ ബെഡിലേക്ക് എടുത്തിട്ട് അവൾക്ക് മീതെ കയറി... "അനങ്ങാണ്ടിരുന്നോണം... ഞാൻ പറഞ്ഞു തീരുന്നത് വരെ വാ തുറന്ന് പോവരുത്.. വെറുതേ എന്നെ ദേഷ്യം പിടിപ്പിച്ചേക്കരുത്.." അവൾക്കൊരു താക്കീത് കൊടുത്തുകൊണ്ടവൻ പറഞ്ഞു.. അവന്റെ കണ്ണുകളിൽ ദേഷ്യമെന്നോ നോവെന്നോ നിർവചിക്കാനാവാത്ത ഭാവമായിരുന്നു.. "വിടെന്നെ..." ശക്തിയിൽ അവന്റെ നെഞ്ചില് തള്ളി എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു.. നന്ദന് ദേഷ്യമേറി.. കോപത്തോടെയാവനാ പെണ്ണിന്റെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്തമർത്തി.. പെണ്ണിന്റെയുള്ളിലൂടെയൊരു കൊള്ളിമീൻ പാഞ്ഞു പോയി..

മുട്ടുകൈകൊണ്ടവന്റെ നെഞ്ചില് ശക്തിയായി ഇടിച്ചു.. ശക്തമായ നോവോടെയവൻ മറുവശത്തേക്ക് വീണു.. അവൾ പിടഞ്ഞെണീറ്റ് അവന് നേരെ തിരിഞ്ഞു.. "കള്ളുകുടിയനും താന്തോന്നിയും മാത്രാന്നാ കരുതിയെ.. പെണ്ണുപിടിയനും ആണെന്ന് ഇപ്പൊ നിങ്ങള് തെളിയിച്ചു..." നിറഞ്ഞ കണ്ണുകളാലെയും ദേഷ്യത്തോടെയും അവൾ മുറിവിട്ട് പുറത്തേക്കോടി. അവൾ പോയ ശേഷമാണ് തന്റെ മനസ്സൊരു നിമിഷം പിടിവിട്ടു പോയതോർത്ത് നന്ദൻ തല ചൊറിയുന്നത്. അപ്പൊ തോന്നിയ ഒരു ദേഷ്യത്തിന്റെയും തന്നേ മനസ്സിലാക്കുന്നില്ലല്ലോ എന്ന പരിഭവത്തിന്റെയും പുറത്ത് അറിയാതെ മനസ്സിടറി ചുംബിച്ചു പോയതാണ്.. അതവളിൽ ഇത്ര വലിയൊരു പ്രതികരണം സൃഷ്ടിക്കുമെന്നും ഊഹിച്ചിട്ടേയില്ല... കുളപ്പടവുകളിറങ്ങി കുളത്തിൽ മുങ്ങി എണീറ്റപ്പോൾ കണ്ണുകളാകെ നീറുന്നതായി തോന്നി.. ചുണ്ടുകളിൽ അപ്പോഴും നന്ദേട്ടന്റെ ചുണ്ടുകൾ തങ്ങി നിക്കുന്നത് പോലെ.. കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്ത് പിന്നെയും പിന്നെയും ചുണ്ടുകളിലേക്കൊഴിച്ചിട്ടും കൈ കൊണ്ട് അമർത്തിത്തുടച്ചിട്ടും ആ ചുംബനവും ആ ചൂടും പിന്നെയും അവിടെ തന്നേ അവശേഷിച്ചു..

കുളികഴിഞ്ഞ് കേറി ഗായുവേട്ടത്തിയുടെ മുറിയിലേക്കാണ് സാരിയുടുക്കാൻ ചെന്നത്. ഏട്ടത്തി ഉടുത്തു തന്ന സാരിയുമായാണ് ചടങ്ങിന് പോവാൻ തയാറായത്. ഇറങ്ങുമ്പോ നീരുവിനെ രേവതിയുടെ കയ്യിൽ ഭദ്രമായി ഏൽപ്പിച്ചിരുന്നു.. വിഷ്ണുവിനെ കാശിയേട്ടന്റെ ഒപ്പവും. കാശിയേട്ടനോട് ഗായുവേട്ടത്തി എല്ലാ കഥകളും പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.. വിഷ്ണുവിനെ അങ്ങേര് വിടാതെ പിടിച്ചു വച്ചിട്ടുണ്ട്... 🌺🥀🌺🥀🌺🥀🌺🥀🌺🥀 ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സമയം രാത്രിയാകാറായിരുന്നു.. വീട്ടിൽ എല്ലാവരുടെയും അത്താഴവും കഴിഞ്ഞിരുന്നു.. സ്ത്രീകളെല്ലാം ഭക്ഷണം കഴിച്ച് അവരവരുടെ മുറിയിലേക്ക് പോയി.. എന്ത് ചെയ്യണമെന്നറിയാതെ ടേബിളിൽ തന്നേ ഇരിക്കുകയായിരുന്നു.. ഇനി നന്ദേട്ടന്റെ മുന്നിലേക്ക് ചെല്ലാൻ വയ്യ.. നന്ദേട്ടനെ കാണുംതോറും ഉണ്ടാക്കിവച്ച അകലങ്ങളെല്ലാം കൊഴിഞ്ഞു വീഴുന്നത് പോലെ ഒരു തോന്നൽ..

"അഞ്ജലി മോളെന്താ കഴിച്ചു കഴിഞ്ഞു കൈ കഴുകാണ്ടിരിക്കുന്നെ?" സന്ധ്യ ചേച്ചി വന്നു.. എല്ലാരും കഴിച്ചെണീറ്റിട്ട് വേണം ചേച്ചിക്ക് പാത്രങ്ങളെല്ലാം കഴുകി വെക്കുവാൻ.. എഴുന്നേറ്റ് ചെന്ന് കൈ കഴുകിയിട്ട് വെറുതേ ഉമ്മറത്തേക്ക് നടന്നു.. അപ്പോഴാണ് ബാൽക്കണിയിൽ ഇരുന്നു ഫോൺ ചെയ്യുന്ന വിഷ്ണുവിനെ കാണുന്നത്.. സംസാരത്തിനിടക്ക് അവനൊന്ന് ചിരിച്ചു.. അവന്റെയരികിൽ ചെന്നിരുന്നു.. ഓഫീസിലെ ആരോ ആണ് കന്നഡയിൽ അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... കുറച്ചു നേരം സംസാരിച്ചിട്ട് അവൻ കാൾ കട്ട് ചെയ്തു.. "ഓഫീസിന്നാ.. എന്നാ തിരിച്ചെത്തുന്നെ എന്ന് ചോദിക്കാൻ..." "എന്റെ ഓഫീസിൽ നിന്ന് വരുന്ന കാളുകൾ ഒന്നും ഞാൻ എടുക്കാറില്ല.. ഇനി അങ്ങോട്ടൊരു തിരിച്ചുപോക്ക് ഉണ്ടാവില്ലല്ലോ...." വിഷ്ണുവിന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് പറഞ്ഞു.. "മ്മ്..." അവനൊന്ന് മൂളി.... "വിച്ചൂ...?" "മ്മ്....?" "നമുക്കിവിടെ നിന്നും പോയാലോ...?" അവളുടെ ചോദ്യം കേട്ടവന്റെ നെറ്റി ചുളിച്ചു. എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ അവൾ തുടർന്നു..

ഇത്തവണ കരഞ്ഞുകൊണ്ടായിരുന്നു പറഞ്ഞത്.. "എനിക്കിവിടെ നിക്കാൻ പറ്റുന്നില്ല വിഷ്ണു.... നമ്മുക്ക് തിരിച്ചു പോവാം.. എന്റെ വീട്ടിലോട്ട് പോവാം.. നീരുവിനോട് മാത്രം യാത്ര പറഞ്ഞിട്ട്, അവളെ കെട്ടാൻ വരും ന്ന് നീ വാക്ക് കൊടുത്തിട്ട്, നമുക്ക് പോവാടാ.. നിക്ക് ഇവിടെ നിക്കാൻ വയ്യ.. ന്റെ നെഞ്ച് നോവുന്നു.." അവളൊന്ന് നിർത്തി.. തോളിൽ നിന്നും എണീറ്റ് വിഷ്ണുവിനെ നോക്കിയിട്ട് തുടർന്നു.. "അല്ലെങ്കിൽ.... അല്ലെങ്കിൽ ഞാൻ പൊക്കോട്ടെ? ഈ രാത്രി തന്നേ.. ആരോടും പറയാണ്ടേ.. കാലത്ത് എണീക്കുമ്പോ എല്ലാരും അറിഞ്ഞോട്ടെ.. നീയും അറിഞ്ഞില്ലാന്ന് കരുതിക്കോ.. ഞാൻ എങ്ങോട്ടേലും പൊക്കോട്ടെ....?" പറയുമ്പോൾ ചുണ്ടുകൾ വിറച്ചു.. വാക്കുകൾ മുറിഞ്ഞു പോയി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story