പ്രണയ സ്വകാര്യം: ഭാഗം 26

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"ഛെ ഛെ ഛെ... എന്താടീ നിനക്ക് പറ്റിയെ..? നമ്മൾ എവിടേം പോണില്ല.. അല്ലെങ്കിലും നമ്മളിവിടെ സ്ഥിരതാമസത്തിന് വന്നതല്ലല്ലോ.. കെട്ട് കഴിഞ്ഞാ നമ്മളെല്ലാരും പോവില്ലേ.. ഇപ്പൊ നീ ഇവിടെ നിന്ന് പോയാ അതിന്റെ നാണക്കേട് നന്ദനാണ്.. കാരണം ഇവരുടെ കണ്ണിൽ നീയവന്റെ ഭാര്യയാണ്..." വിഷ്ണു ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.. അവളുടെ മുഖമൊന്നു മങ്ങി.. "ഒന്ന് കൂളാവടീ.. അല്ലെങ്കിൽ വേണ്ട.. നിന്റെ മൂഡ് ശരിയാക്കാനുള്ള ഒരു കാര്യം ഞാൻ ചെയ്ത് തരാം..." പറഞ്ഞുകൊണ്ടിരിക്കെ വിഷ്ണു മൊബൈൽ എടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെക്കുന്നത് കണ്ടു. "ഹലോ..." "ഹലോ.. വിഷ്ണു മോനെ.. അഞ്ജലിയുണ്ടോ നിന്റെയടുത്ത്?" ഫോണിൽ നിന്നുമുള്ളൊരു സ്ത്രീ ശബ്‌ദം കേട്ട് പെണ്ണുമൊന്ന് വിറച്ചു പോയിരുന്നു.. വെപ്രാളത്തോടെ വിഷ്ണുവിനെയൊന്ന് നോക്കിയപ്പോൾ അവനൊന്ന് പുഞ്ചിരിച്ചു..

"ഉണ്ട് വല്യമ്മേ.. ഞാൻ ദാ അവൾക്ക് കൊടുക്കാം..." വിഷ്ണു ഫോൺ അവൾക്ക് നേരെ നീട്ടി.. "ദാ.. നിന്റമ്മയാ..." വിഷ്ണു പറഞ്ഞു.. വിറച്ചുകൊണ്ട് ഫോൺ വാങ്ങി ചെവിയിൽ വച്ചപ്പോൾ മറുപുറത്ത് നിന്നും ഒരു തേങ്ങല് കേട്ടു.. "അ.. അമ്മാ...." വിളിച്ചപ്പോ വാക്കുകൾ മുറിഞ്ഞു പോയി.. വിളി കേട്ട അമ്മയുടെ കരച്ചിലിന്റെ ശബ്ദമുയർന്നു.. "മോളേ.. അഞ്ജു... മോളേ..." അമ്മയുടെ വായിൽ നിന്നും ആ വിളി കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.. അമ്മ മാത്രമേ അഞ്ജുവെന്ന് വിളിക്കാറുള്ളു.. "സുഖാണോ അമ്മേ..." "സുഖം മോളേ... എന്നാലും നിനക്കൊന്ന് വിളിക്കാൻ തോന്നിയല്ലോ..." "സോറി... സോറി അമ്മേ.. എന്റെയവസ്ഥ അതായിരുന്നു.. പിന്നെ നിങ്ങളെ എല്ലാരേം വിളിക്കാൻ പേടിയായിരുന്നു എനിക്ക്.. എന്റെയവസ്ഥ മനസ്സിലാക്കുന്നതിന് മുൻപേ പോലും അമ്മയെന്നെ വഴക്ക് പറഞ്ഞാൽ അതെനിക്ക് താങ്ങാൻ ആവില്ലായിരുന്നു.."

പറഞ്ഞുകൊണ്ട് വിഷ്ണുവിന്റെ തോളിൽ കിടന്ന് കരഞ്ഞു.. "ഒക്കെ അമ്മക്കറിയാം... എല്ലാം വിഷ്ണു പറഞ്ഞിട്ടുണ്ട്.. പക്ഷെ ഇതൊന്നും അച്ഛനെ പറഞ്ഞു മനസ്സിലാക്കിക്കാൻ ഇതുവരെ പറ്റീട്ടില്ല മോളേ...." അമ്മ പറഞ്ഞത് കേട്ടപ്പോൾ പതിയെ വിഷ്ണുവിനെ നോക്കി.. "താങ്ക് യൂ..." അവന്റെ ചെവിക്കരികിൽ ചെന്ന് ഓതിയപ്പോൾ അവൻ ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു കാണിച്ചു. "സിതാര എവിടെ അമ്മേ...?" "ഞാനിവിടെ തന്നേ ഉണ്ടെടീ ചേച്ചീ.." സിതാരയുടെ ശബ്ദത്തിൽ വല്ലാത്തൊരു ആഹ്ലാദമായിരുന്നു.. നാളുകൾക്ക് ശേഷം ചേച്ചിയോട് സംസാരിക്കുന്നതിനാലാവണം.. "സുഖാണോഡീ.. നീ പഠിക്കുന്നൊക്കെ ഉണ്ടോ?" "ഉവ്വ്.. പക്ഷെ കേരളത്തിന് പുറത്തോട്ട് വിട്ട് പഠിപ്പിക്കില്ല്യാന്നാ അച്ഛന്റെ തീരുമാനം.. ശരിക്കും ഞങ്ങൾ ഒരുപാട് പേടിച്ചുപോയി ചേച്ചീ.. ചേച്ചിയേ കാണാൻ അയാളെയും കൂട്ടി അച്ഛൻ ബാംഗ്ലൂർക്ക് വരുവാണെന്ന് അറിഞ്ഞപ്പോഴേ ഒന്ന് അറിയിക്കാൻ ചേച്ചിയേ വിളിച്ചു നോക്കുന്നുണ്ടായിരുന്നു, പക്ഷെ കിട്ടിയില്ല.. ചേച്ചിയേ കണ്ട് തിരിച്ചു വന്ന അച്ഛൻ ആരോടും നിന്നും മിണ്ടാതെ കനത്ത ദേഷ്യത്തിൽ ആയിരുന്നു..

അമ്മ കുറേ ചോദിച്ചപ്പഴാണ് ചേച്ചി വേറെ ഒരുത്തന്റെ കൂടെ താമസിക്കുവാണെന്നും ഇനി അച്ഛന് അങ്ങനൊരു മോളിലെന്നും ഒക്കെ പറഞ്ഞത്.. ഞാനും അമ്മേം വിശ്വസിക്കാനാവാതെ നിക്കുവായിരുന്നു.. പിന്നെ വിച്ചുച്ചേട്ടൻ വിളിച്ചു പറഞ്ഞപ്പോഴാണ് ആശ്വാസമായത്.. പക്ഷെ അച്ഛൻ ഈ കാര്യം ഒന്ന് കേക്കാൻ കൂടെ കൂട്ടാക്കുന്നില്ല.. ചേച്ചിയേ പറ്റി ഒരു കാര്യവും ഇവിടെ മിണ്ടരുതെന്നാ അച്ഛന്റെ ഓഡർ..... ദേ ഇപ്പൊ ഭക്ഷണവും കഴിച്ച് കിടക്കാൻ പോയതേ ഉള്ളു.... " സിതാര ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.. "സാരല്യ ഡീ.. ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് അച്ഛനെ പറഞ്ഞു മനസ്സിലാക്കിക്കാം.. നമ്മടെ അച്ഛന് നമ്മളേ മനസ്സിലാവാതിരിക്കില്ല...." പറഞ്ഞുകൊണ്ടിരിക്കുമ്പോ അമ്മ സിതാരയുടെ കയ്യിൽ നിന്നും ഫോൺ ചോദിക്കുന്നത് കേട്ടു.. "എന്താ അവിടെ?" "ഓ എന്റെ ചേച്ചീ.. അമ്മ എന്റെയ്ന്ന് ഫോൺ തട്ടിപ്പറിക്കുവാ.. അച്ഛൻ തിരിച്ചു വന്നതിൽ പിന്നെ അമ്മ ഏത് നേരവും ഫോണിന് മുന്നിലാ, എപ്പഴേലും ചേച്ചിയുടെ കോൾ പ്രതീക്ഷിച്ചിട്ട്. വിച്ചുച്ചേട്ടൻ എല്ലാം പറഞ്ഞെങ്കിലും ചേച്ചിയോട് മിണ്ടാനുള്ള കൊതിയായിരുന്നു അമ്മക്ക്...."

സിതാര പറഞ്ഞുകൊണ്ടിരുന്നു.. വിഷ്ണുവിന്റെ തോളിലങ്ങനെ കിടന്നുകൊണ്ട് എത്രനേരം അമ്മയോടും സിതാരയോടും സംസാരിച്ചുവെന്നറിയില്ല.. ഫോൺ കട്ട് ചെയ്യുമ്പോൾ എല്ലാം മറന്നയൊരു ചിരിയും തെളിച്ചവും ഉണ്ടായിരുന്നു മുഖത്ത്... "താങ്ക്സ് വിഷ്ണു... ശരിക്കും എനിക്ക് സന്തോഷായി ഇപ്പൊ..." "എന്നാലേ.. നീ ഇതേ സന്തോഷത്തോടെ പോയി കിടന്ന് ഉറങ്ങാൻ നോക്കിക്കേ.. സമയം ഒരുപാടായി.." വിഷ്ണു പറഞ്ഞപ്പോഴാണ് മുഖമൊന്നു വാടിയത്.. ഇന്നിനി എന്ത് കാരണം പറഞ്ഞ് മുത്തശ്ശീടെ കൂടെ കിടക്കും.. നേരെ നന്ദേട്ടന്റെ മുറിയിലോട്ട് തന്നേ പോകേണ്ടി വരും.. "അത്.. ഞാൻ.. ഞാനാ മുറിയിലോട്ട് ഇനി പോണില്ലടാ.. അത് ശരിയാവില്ല..." കണ്ണുകൾ കുറുക്കിക്കൊണ്ട് പറഞ്ഞു.. "അതാണോ കാര്യം.. വാ..." വിഷ്ണു താങ്ങിപ്പിടിച്ചുകൊണ്ട് എഴുന്നേറ്റ് നടന്നു.. നേരെ ചെന്നെത്തിയത് അവന്റെ മുറിയിലായിരുന്നു.. "ഇവിടെ എനിക്കിങ്ങനെ ഒരു മുറിയുണ്ടായിട്ടാണോ നീ കിടക്കാൻ വേറെ സ്ഥലം അന്വേഷിക്കുന്നത്..." ശരിയാണ്, ഇന്നലെ അതോർത്തില്ല.. വിഷ്ണു മുറി തുറന്ന് ലൈറ്റിട്ടു..

നല്ല ക്ഷീണം തോന്നിയതുകൊണ്ട് പെണ്ണ് ആദ്യം കട്ടിലിൽ പോയി കിടന്നു.. കുറച്ചു നേരം കഴിഞ്ഞപ്പോൾ ലൈറ്റണച്ച് വിഷ്ണുവും എത്തി.. "വിഷ്ണു... നിനക്കോർമ്മയുണ്ടോ ചെറുപ്പത്തിൽ ഞാനും സിത്താരയും നിന്റെ വീട്ടിൽ താമസിക്കാൻ വരുമ്പോ ഉറങ്ങാൻ നേരത്തെന്നും നീ കള്ളിയങ്കാട്ട് നീലിയുടെ കഥ പറയും..." വിഷ്ണുവിനോടായി പറയുമ്പോ കുട്ടിക്കാലം ഓർമ്മ വന്നിരുന്നു.. "ഓർക്കുന്നു.. ന്നിട്ട് നീയും സിതാരേം പേടിച്ച് തലയിലൂടെ പുതപ്പിട്ട് മൂടി കിടക്കും.. സിതാരയാണേൽ ഇടക്കിടക്ക് ഓരോ ശബ്‌ദം കേക്കുമ്പഴും ഒന്ന് പേടിച്ചു തുള്ളും.. പ്രത്യേകിച്ച് ദാസ് മാമ ചൊമക്കുമ്പോ..." വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു.. ഇടക്ക് ഉറക്കം കണ്ണുകളെ തഴുകാൻ തുടങ്ങുന്നതിനു തൊട്ടു മുൻപാണ് വിഷ്ണുവിന്റെ ഫോൺ റിങ് ചെയ്യുന്നത്.. "ഏത് ഉറക്കമില്ലാത്തവൻ ആടാ നിന്നെ ഈ നേരത്ത് വിളിക്കുന്നത്..?" വിഷ്ണു ഫോൺ എടുത്തു നോക്കി.. അവന്റെ ഫോണിലേക്ക് ഇരുട്ടത്ത് കണ്ണു കൂർപ്പിച്ച് അവളും നോക്കി.. ഫോൺ സ്‌ക്രീനിൽ 'മൈ നീരു' എന്ന് തെളിഞ്ഞു കണ്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി..

"കള്ളന്മാരെ... അപ്പൊ ഇങ്ങനെയൊരു പരിപാടിയും രാത്രിക്കാലങ്ങളിൽ ഉണ്ടല്ലേ...." താടിക്ക് കൈ കൊളുത്തിക്കൊണ്ട് ചോദിച്ചപ്പോൾ വിഷ്ണു ഒളിക്കണ്ണിട്ടു നോക്കിക്കൊണ്ട് നാണത്തോടെ ചിരിച്ചു.. "അത്.. അവൾ വല്ല ഡൗട്ടും ചോദിക്കാൻ വിളിക്കുന്നതാവും.. കുഴപ്പല്യ ഞാൻ കാലത്ത് നേരിട്ട് ചെന്നോളാം.." "അച്ചോടാ.. ബുദ്ധിമുട്ടാവില്ലേ.. മോൻ വേഗം കോൾ എടുക്ക്.. എന്നിട്ട് സ്പീക്കറിൽ ഇട്... ഇല്ലെങ്കിൽ ഞാനിപ്പോ രണ്ടിന്റേം കള്ളം പൊളിക്കും.." അഞ്ജലിയുടെ ഭീഷണിക്ക് വഴങ്ങിയിട്ട് വിഷ്ണു മെല്ലെ കോൾ എടുത്ത് സ്പീക്കറിൽ ഇട്ടു.. "വിച്ചേട്ടാ...." മറുവശത്തു നിന്നും നീരുവിന്റെ ശബ്‌ദം.. "മ്മ്.....?" വിഷ്ണു വെറുതേ ഒന്ന് മൂളി.. അഞ്ജലി ചിരിയടക്കുവാൻ പാട് പെട്ടു.. "അല്ല.. ദിവസവും രാത്രി വിളിക്കാറുള്ളതല്ലേ.. കാണാതായപ്പോ ഞാനൊന്ന് വിളിച്ചതാ..." "ഉം.. ഞാനൊന്ന് ഉറങ്ങിപ്പോയി..." വിഷ്ണു പറഞ്ഞു.. "ആഹാ.. ഫോണിലൂടെ എനിക്ക് ഉമ്മ തന്നിട്ടേ ഓരോ രാത്രിയും ഉറങ്ങൂന്ന് പറഞ്ഞ മൊതലാ.. അല്ലേലും പ്രേമിക്കുന്ന നേരത്ത് വല്യ ഡയലോഗ് അടികളാ എല്ലാറ്റിനും.. പാവമല്ലെന്ന് കരുതി ഞാനാ പ്രേമം ഒന്ന് അക്‌സെപ്റ് ചെയ്തപ്പോ ഇപ്പൊ ഇതായി അവസ്ഥ.."

നീരു ചിണുങ്ങിക്കൊണ്ട് പറഞ്ഞു.. "നിനക്കിപ്പോ എന്താ വേണ്ടത്?" വിഷ്ണു ചോദിച്ചു.. "എനിക്കോ.. എനിക്ക് മുദ്ദുഗൗ വേണം.. ഡൈലി തരാറുള്ളത്..." നീരു പറഞ്ഞത് കേട്ട് വിഷ്ണു ഒന്ന് ലജ്ജയോടെ അഞ്ജലിയെ നോക്കി.. ചിരിയടക്കാൻ ആവാതെ തലയണ അമർത്തിക്കടിച്ചു നിൽക്കുകയായിരുന്നു അവൾ.. "നിങ്ങള് തരില്ലേ...?" പിന്നെയും നീരുവിന്റെ ചോദ്യം.. "ഉമ്മ ഞാൻ തന്നാ മതിയോ നാത്തൂ.....?" അഞ്ജലി ഉറക്കെ ചോദിച്ചപ്പോൾ മറുവശത്ത് നിന്നും നീരുവിന്റെ ശബ്ദത്തിനൊരു പതറൽ കേട്ടു.. "ഹിഹി... അത് പിന്നെ നാത്തൂനെ.. നീയെന്താ അവിടെ... ഞങ്ങൾ വെറുതേ ലാലേട്ടന്റെ തേൻമാവിൻ കൊമ്പത്ത് സിനിമയിലെ മുദ്ദുഗൗ നെ പറ്റി സംസാരിക്കുവായിരുന്നു..."

ചമ്മി നാറിയ നീരുവിന്റെ മറുപടി കേട്ട് ഒന്നിരുത്തി മൂളി.. "ഉവ്വ ഉവ്വേ.. തേൻമാവിൻ കൊമ്പത്തിലെ ലാലേട്ടനും ശോഭനയും മാറി നിങ്ങള് മായാനദിയിലെ ടോവിനോയും ഐശ്വര്യ ലക്ഷ്മിയും ആവാൻ തുടങ്ങുന്നതും ഞാൻ കേട്ടു.." "ഹോ.. മുഴുവൻ കേട്ടല്ലെ.. അപ്പൊ ശരിയേ.. ഗുഡ് നൈറ്റ്...." നീരു ഇളിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു.. ഫോൺ തിരികെ വിഷ്ണുവിന് കൊടുത്തപ്പോൾ അവൻ നാണത്തോടെ ചിരിച്ചു കാണിച്ചു.. "അയ്യടാ.. ഇളിക്കണ്ട... അവൾക്കുള്ളത് ഞാൻ നാളെ കൊടുത്തോളാം.. തൽക്കാലം നീയിത് പിടി..." അതും പറഞ്ഞുകൊണ്ട് വിഷ്ണുവിന്റെ വയറ്റത്ത് ഒരിടി വച്ചു കൊടുത്തു.. "ഓക്കേ താങ്ക്സ്.. ഗുഡ് നൈറ്റ്.." കിട്ടിയ ഇടിയും വാങ്ങി നന്ദി പറഞ്ഞ് കൃഥാർത്ഥനായിക്കൊണ്ട് വിഷ്ണു കണ്ണുകളടച്ചു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story