പ്രണയ സ്വകാര്യം: ഭാഗം 27

pranaya swakaryam

രചന: ആദിത്യൻ മേനോൻ

 കിടന്നിട്ടും ഉറക്കം വരാഞ്ഞതിനാലാണ് ലൈറ്റിട്ട് കട്ടിലിൽ എണീറ്റിരുന്നത്. ചടങ്ങ് കഴിഞ്ഞ് പെണ്ണുങ്ങളെല്ലാം വരേണ്ട സമയമായി. അഞ്ജലി ഇതുവരെ എത്തിയിട്ടില്ല.. ഇന്നവൾ എന്ത് കാരണം പറഞ്ഞ് മുത്തശ്ശിക്കൊപ്പം കിടക്കും.. പിന്നെയാണ് മൊബൈലിൽ നീരുവിന്റെ നമ്പർ തിരഞ്ഞെടുത്ത് മെസേജ് അയച്ചു നോക്കിയത്.. 'നീരൂ... അഞ്ജലി എവിടെ...?' സ്ക്രീനിലേക്ക് തന്നേ കണ്ണും നട്ടിരുന്നപ്പോഴാണ് മെസേജ് സീൻ ആവുന്നതും മറുപടി ടൈപ് ചെയ്യുന്നതും കണ്ടത്.. 'അവൾ വിച്ചേട്ടന്റെ കൂടെ കിടന്നു ഏട്ടാ...' മെസേജ് കണ്ടപ്പോ ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.. പല്ല് കടിച്ചുകൊണ്ട് അവയെ കടിച്ചമർത്തുമ്പോഴും കണ്ണുകൾ നിറഞ്ഞു കലങ്ങി.. നീരുവിന് മറുപടി കൊടുക്കാതെ ഫോൺ കട്ടിലിലേക്കിട്ടു... ഒരു ചെറിയ തെറ്റിനാണോ ഇത്രേം വലിയ ശിക്ഷ.. അതോ അഞ്ജലിയെ ദുർഗയായി കണ്ടതാണോ താൻ ചെയ്ത തെറ്റ്.. അന്ന് രാത്രി അവനുറങ്ങാനായില്ല.. ഇടക്ക് മൊബൈലിൽ മെസെഞ്ചർ എടുത്തു നോക്കിയപ്പോൾ ദുർഗ കൃഷ്ണ എന്ന പേര് കണ്ണുകളിലുടക്കി.. അതവന് മറ്റൊരു ലോകം തുറന്നു കാണിച്ചു..

ജീബേട്ടനും അവന്റെ വാവയും മാത്രമുള്ള ലോകം.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 കാലത്തെണീറ്റപ്പോൾ വിഷ്ണു നല്ല ഉറക്കമായിരുന്നു. കണ്ണുകൾ തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് നേരെ കതക് തുറന്ന് നന്ദേട്ടന്റെ മുറിയിലേക്ക് ചെന്നു.. പേടിയോ നെഞ്ചിടിപ്പോ ഒന്നും തോന്നിയില്ല.. ഒരു ഭാവവുമില്ലാതെയാണ് കയറിചെന്നത്. നോക്കിയപ്പോൾ അവിടെ നന്ദേട്ടൻ ഇല്ലായിരുന്നു.. നന്ദേട്ടൻ വരുന്നതിന് മുൻപേ അലമാരക്കകത്തു നിന്നു വസ്ത്രങ്ങൾ എടുക്കാൻ ധൃതി കൂട്ടിക്കൊണ്ട് അലമാര തുറന്ന് വസ്ത്രങ്ങളെടുത്തു പുറത്തേക്കിറങ്ങി.. കുളിയെല്ലാം കഴിഞ്ഞു ഫ്രഷ് ആയി ഉമ്മറത്തേക്ക്‌ വന്നപ്പോൾ നന്ദേട്ടൻ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു.. കണ്ണുകൾ പുറത്താണ്.. തന്നെ കണ്ടിട്ടില്ല.. അപ്പോഴാണ് ദേവു ഒരു കപ്പിൽ ചായയുമായി അവനരികിലേക്ക് ചെല്ലുന്നത് കണ്ടത്.. നന്ദന്റെ തോളത്ത് തൊട്ടുകൊണ്ടവൾ ചായക്കപ്പ് നന്ദന് നീട്ടി..

അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടവൻ ചായ വാങ്ങി.. അവൾ ഉടനെ നന്ദനരികിൽ ചെന്നിരുന്നു.. കണ്ടു നിന്ന അഞ്ജലിയുടെ മനസ്സിലൂടെ ഒരു അമ്പരപ്പ് പാഞ്ഞു പോയി.. അത് നന്ദനിലേക്കും പടർന്നു പിടിച്ചിരുന്നു.. നന്ദൻ കാൾ കട്ട് ചെയ്തു.. "ഹരിയേട്ടാ.. നിക്കൊരു കാര്യം പറയാനുണ്ട്..." മടിച്ചു മടിച്ചുകൊണ്ടുള്ള ദേവുവിന്റെ വാക്കുകൾ.. അഞ്ജലി ഒന്ന് വിറച്ചു.. "എന്താ ദേവൂ..?" ശാന്തമായിക്കൊണ്ട് നന്ദൻ ചോദിച്ചു.. "അത്.. എനിക്കിത് ആരോട് പറയണം ന്ന് അറിയില്ല.. പറയുന്നത് തെറ്റാണോന്നും എനിക്കറിയില്ല.. നന്ദേട്ടനോട് ഇതിനെ പറ്റി പറയുന്നത് മോശമാണോന്നും എനിക്കറിയില്ല...." ദേവു പറഞ്ഞുതുടങ്ങിയ കാര്യം നന്ദേട്ടനിൽ അവസാനിക്കുന്നതാണെന്ന് കരുതിയ അഞ്ജലിയുടെ ഉള്ളൊന്ന് വിറച്ചു.. "ദേവൂ.. നിന്നെ കുറേ നേരമായി മുത്തശ്ശി വിളിക്കുന്നു.. വേം ചെന്ന് നോക്ക്യേ.." ദേവുവിനെ പറയാൻ അനുവദിക്കാതെ ഒരു തരം സ്വാർത്ഥ മനോഭാവത്തോടെ അഞ്ജലി ഉറക്കെ വിളിച്ചു പറഞ്ഞു..

"ആണോ...? ഞാൻ നോക്കട്ടെ...." ദേവു എണീറ്റുകൊണ്ട് അകത്തേക്ക് കയറിപ്പോയി.. അവളൊന്ന് നന്ദനെ നോക്കിയിട്ട് മുഖം വീർപ്പിച്ച് അവനരികിലൂടെ മുറ്റത്തേക്കിറങ്ങി.. "ദേബു എണീറ്റില്യേ...." പുറത്തേക്കിറങ്ങിയപ്പോഴാണ് ദൂരെ നിന്നും ആരുടെയോ ശബ്‌ദം കേൾക്കുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ ഒരു കൈ പിന്നിലേക്ക് മറച്ചു പിടിച്ചുകൊണ്ട് സ്വതസിദ്ധമായ ചിരിയോടെ ഉണ്ണിയേട്ടൻ നടന്നു വരുന്നത് കണ്ടു.. "ഇതെന്താ ഉണ്ണ്യേട്ടാ പിന്നിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നെ..?" ഉണ്ണിയേട്ടന്റെ അരികിലേക്ക് നടന്നു ചെന്നുകൊണ്ട് പിന്നിലേക്ക് എത്തിനോക്കിയിട്ട് ചോദിച്ചു.. അപ്പോഴാണ് നന്ദന്റെ കണ്ണുകളും അവരിൽ ഉടക്കുന്നത്.. ഉണ്ണിയേട്ടൻ പല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് പിന്നിലിരുന്ന കൈ മുന്നിലേക്ക് നീട്ടി.. കൈ നിറയെ ആമ്പൽ പൂക്കളായിരുന്നു.. "വൗ... ഇതെവിടുന്നാ?" ആ കൈകളിലേക്ക് അതിശയത്തോടെ നോക്കിക്കൊണ്ട് പെണ്ണ് ചോദിച്ചു.. "കൊളത്തിന്റെ വരമ്പത്ത് ഉണ്ടായതാ.. ഞാൻ കൊളത്തിലോട്ട് ഇറങ്ങിയില്ല്യാട്ടോ..

ഇനി ഇറങ്ങുകേം ഇല്ല്യ.. വരമ്പിൽ കണ്ടപ്പോ പറിച്ചതാ.. ദേബൂനാ.. അവക്ക് ആമ്പല് വല്യ ഇഷ്ടാ..." ഉണ്ണിയേട്ടൻ മുഖത്തെ ചിരി മായ്ക്കാതെ പറഞ്ഞു.. "എനിക്കും തരാവോ ഇതിന്ന് രണ്ടെണ്ണം..?" പെണ്ണ് ചോദിച്ചു.. ഉണ്ണിയേട്ടൻ തലയാട്ടി.. "തരാം.." ഉണ്ണിയേട്ടൻ സ്നേഹത്തോടെ കുറച്ച് പൂക്കൾ അവൾക്ക് നേരെ നീട്ടിയിട്ട് പിന്നെയും പല്ലുകൾ കാണിച്ചു ചിരിച്ചു.. "എന്ത് രസാ ഉണ്ണിയേട്ടന്റെ ചിരി കാണാൻ......" പെണ്ണറിയാതെ പറഞ്ഞു പോയി.. കേട്ടതും നന്ദന്റെ ചുണ്ടുകൾ ചുരുണ്ടു.. അവരെ നോക്കി നിൽക്കുന്നതിനിടെ കയ്യിലെ കപ്പ് താഴെ വീണ് വലിയ ശബ്ദത്തിൽ ഉടഞ്ഞു.. അവളൊരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്നേ തന്നെ നോക്കിക്കൊണ്ടിരുന്ന നന്ദേട്ടനെ ആണ്.. അവൾ തിരിച്ചു നോക്കുവാൻ തുടങ്ങിയതും അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് അകത്തേക്ക് കേറിപ്പോയി.. "ഇയ്യോ കപ്പ് വീണ് പൊട്ടിപ്പോയി.." ഉണ്ണിയേട്ടൻ പറഞ്ഞു.. ദേവു പുറത്തോട്ടിറങ്ങി വന്നു.. "ദേബൂ.. അവിടെ നിക്ക്.. കപ്പ് പൊട്ടീട്ടുണ്ട്.. ഇങ്ങോട്ട് വന്നാ നിന്റെ കാലില് കേറും.. ചോര വരും.. ദേബൂന് നോവും.. "

ഉണ്ണിയേട്ടൻ ആമ്പൽപൂക്കൾ നിലത്തെറിഞ്ഞ് ഓടിക്കൊണ്ട് താഴെ നിന്നും കപ്പിന്റെ ചിതറിയ കഷ്ണങ്ങൾ പെറുക്കിയെടുത്ത് ദൂരേക്ക് കളഞ്ഞു... 🌺🥀🌺🥀🌺🥀🌺🥀🌺🥀 സമയം വൈകുന്നേരം ആവാറായിരുന്നു.. ഇന്നലത്തെ ഉമ്മയുടെ ഡോസ് ആയിട്ട് നീരുവിന്റെ തലക്കൊരു കൊട്ടും ഒപ്പം ആ ഉമ്മക്കഥ ഗായുവേട്ടത്തിയോടും രേവതിയോടും പറഞ്ഞുകൊടുത്ത് അവളെ മൂക്കറ്റം കളിയാക്കിയപ്പോഴാണ് സമാധാനമായത്.. നന്ദേട്ടൻ കട്ടക്ക് കലിപ്പിൽ ആണ്.. ആയതിനാൽ ഇതുവരെ അങ്ങേരുടെ മുന്നില് ചെന്ന് ചാടിക്കൊടുത്തിട്ടില്ല. ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോഴും തന്നെ നോക്കാതെ തലതാഴ്ത്തി കഴിച്ചിട്ട് എഴുന്നേറ്റ് പോയി.. ഈ അകൽച്ചയൊക്കെ മായമ്മയും മുത്തശ്ശിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.. നന്ദേട്ടന്റെ മൗനം വല്ലാതെ നോവിക്കുന്നുണ്ടായിരുന്നെങ്കിലും പുറത്ത് കാട്ടിയില്ല.. അങ്ങേര് കുളിക്കാൻ പോയ തക്കത്തിന് മുറിയിൽ ചെന്ന് കുറച്ചു നാളത്തേക്കുള്ള ഡ്രെസ്സുകൾ എല്ലാമെടുത്ത് പെറുക്കി വിഷ്ണുവിന്റെ മുറിയിൽ കൊണ്ടുവന്നു വച്ചു.. സ്ഥിരമായി സിംഹത്തിന്റെ ഗുഹയിലേക്കുള്ള കയറ്റം ഒഴിവാക്കാമല്ലോ.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "എനിക്ക് നാത്തൂന്റേം ഏട്ടന്റേം പോക്ക് കണ്ടിട്ട് പേടിയാവുന്നു.. രണ്ടിനും രണ്ടുപേരേം വയറു നിറച്ച് ഇഷ്ടാണ്..

എന്നാലോ ഒരിക്കലും രണ്ടുപേരും അത് തുറന്നു പറയേം ഇല്ല.. ഇവരെ രണ്ട് പേരേം ഒരുമിപ്പിക്കാൻ എന്താ ഒരു വഴി..?" നീരുവും ഗായത്രിയും രേവതിയും ഗായത്രിയുടെ മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു.. "ഞാനെന്റെ ഒരു നിഗമനം പറയട്ടെ.. ഇവരീ വഴക്ക് കൂടി നടന്നാ ഇവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത്.. അത് ഇവര് പരിചയപ്പെട്ടപ്പോ മുതലേ അങ്ങനാ.. അവരങ്ങനെ വഴക്കിട്ടു സ്നേഹിക്കട്ടെന്നേ.. വെറുതേ നമ്മൾ ഇടപെട്ട് പ്രശ്നം ഗുരുതരം ആക്കണ്ട..." രേവതി പറഞ്ഞു.. "എന്നാലും ഇവരെ ഇങ്ങനെ വഴക്ക് കൂടി നടത്താൻ പറ്റില്ലല്ലോ.. എന്റടുത്ത് ഒരു പ്ലാനുണ്ട്.. സംഭവം ക്ളീഷേ ആണ്.. ഏറ്റാൽ ഏറ്റു.." എന്തോ ആലോചിച്ച ശേഷം ഗായത്രി പറഞ്ഞു.. "അതെന്താ..?" നീരു ഉത്സാഹത്തോടെ ചോദിച്ചു.. "ഇന്ന് രാത്രി പാദപൂജയല്ലേ.. എല്ലാരു മുറ്റത്ത് ഉണ്ടാവുമല്ലോ.. ആ സമയം നമുക്ക് ഇവരെ രണ്ടെണ്ണത്തിനെയും ഒരുമിച്ച് വീട്ടിൽ ഒറ്റക്കാക്കണം.. പിന്നവർ വഴക്കിട്ടു വഴക്കിട്ടു പറഞ്ഞു തീർത്തോളും.. ഇവിടെ ഒരുപാട് ആളുകൾ ഉള്ളതോണ്ടല്ലേ അഞ്ജലി അവനിൽ നിന്നും ഒളിച്ചു നടക്കുന്നത്..

രാത്രി അവര് തനിച്ചയാൽ അവൾക്കത് പറ്റില്ലല്ലോ...." "ഇതൊക്കെ നടക്കുവോ?" രേവതി ചോദിച്ചു. "ഞാൻ പറഞ്ഞില്ലേ.. ഏറ്റാൽ ഏറ്റു.. ഏറ്റില്ലെങ്കിലും ദോഷം ഒന്നുമില്ലല്ലോ.. അപ്പൊ നമുക്ക് വേറെ വഴി നോക്കാം..." ഗായത്രി പറഞ്ഞു. "പക്ഷെ ആ രണ്ടെണ്ണത്തിനെയും നമ്മളെങ്ങനെ ഒരുമിച്ച് ഒരിടത്ത് എത്തിക്കും..?" നീരുവിന്റെ സംശയം.. "അതൊക്കെ നമുക്ക് അപ്പോ ആലോചിക്കാം..." ഗായത്രി പറഞ്ഞു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 ചടങ്ങിന് സമയമായി.. നീരുവിനോടും ഗായത്രിയോടുമായി പാദപൂജക്ക് ആവശ്യമായ പാലും ചന്ദനവും കുങ്കുമവും റോസ് വാട്ടറും പൂക്കളും അടുക്കളയിൽ നിന്നും എടുത്തിട്ട് വരാൻ മുത്തശ്ശി പറഞ്ഞിരുന്നു.. എല്ലാവരും മുറ്റത്ത് നിൽക്കുകയാണ്.. പാലിൽ ചന്ദനയും കുങ്കുമവും മറ്റു സാമഗ്രികളും ചേർത്ത് വരന്റെ കാലുകൾ താലത്തിൽ വച്ചു വധു വീട്ടുകാർ കഴുകുന്നതാണ് ചടങ്ങ്.. കഴുകിയ ശേഷം കാലുണക്കുവാനായി പുഷ്പദലങ്ങൾ കൊണ്ട് തുടക്കുകയും ചെയ്യണം.. ഈ ചടങ്ങിൽ വധുവിന് ഒരു പങ്കുമില്ല.. ചടങ്ങിന് വേണ്ട സാധനങ്ങളെടുക്കുവാൻ നീരുവിനും ഗായത്രിക്കും ഒപ്പം രേവതിയും കൂടി.

അടുക്കളയിൽ നിന്നും എല്ലാം എടുക്കുന്ന കൂട്ടത്തിൽ കാലുണക്കാനായുള്ള പൂക്കൾ ഗായത്രി അവിടെ ബാക്കിവച്ചത് മനഃപൂർവ്വമാണ്.. "പൂക്കൾ എടുക്കണ്ടേ...?" തിരിച്ചു പോകാൻ തുടങ്ങുന്നതിനു മുൻപേ നീരു ചോദിച്ചു.. "അതവിടെ നിൽക്കട്ടെ.. അതെടുക്കുവാൻ നമുക്ക് ആ രണ്ടെണ്ണത്തിനെയും വിടാം..." ഗായത്രി പറഞ്ഞപ്പോൾ തന്നെ പ്ലാൻ എന്താണെന്ന് രേവതിക്കും നീരുവിനും മനസിലായിരുന്നു.. സാധനങ്ങൾ മുത്തശ്ശിയുടെ കയ്യിൽ ഏൽപ്പിച്ച ശേഷം പൂക്കളെടുക്കാൻ മറന്നെന്നു കൂടി നീരു എടുത്തു പറഞ്ഞു.. "സാരമില്ല.. കാലു കഴുകി തീരുമ്പഴേക്ക് മതി... ഒരുപാട് സമയമുണ്ട്..." മുത്തശ്ശി പറഞ്ഞപ്പോൾ നീരു ഗായത്രിയെ ഒന്ന് നോക്കി.. "ഒരുപാട് സമയമുണ്ട്.." മുത്തശ്ശി പറഞ്ഞ ആ വാചകം ഗായത്രി നീരുവിനോടായി പതുക്കെ എടുത്തു പറഞ്ഞു.. ശേഷം ധൃതിയിൽ അഞ്‌ജലിക്കരികിലേക്ക് നടന്നു.. "എടീ.. ഞാൻ ചടങ്ങിനുള്ള പൂക്കളെടുക്കാൻ മറന്നു.. അടുക്കളേലിരിപ്പുണ്ട്.. നീയൊന്ന് എടുത്തോണ്ട് വരാമോ?" ഗായത്രി ചോദിച്ചപ്പോൾ ശരിയെന്നു തലയാട്ടി അവൾ അകത്തേക്ക് കയറിപ്പോയി..

ഇതേ സമയം ഗായത്രി നീരുവിന് കൈ കാണിച്ചതും ഇതേ ആവശ്യവുമായി നീരു നന്ദന്റെയടുത്തെത്തിയിട്ട് അവനെയും അകത്തേക്ക് കയറ്റി വിട്ടു.. "ഇനീപ്പോ അകത്ത് നടക്കുന്നതെന്താന്ന് നമ്മളെങ്ങനെയറിയും...?" "വാ.. പിന്നമ്പുറത്തുകൂടെ പോയി നോക്കാം.." ഗായത്രിക്കൊപ്പം നീരുവും രേവതിയും വേഗത്തിൽ നടന്നു പിന്നമ്പുറത്തുകൂടെ അടുക്കളക്കരികിലെത്തി.. പാതിയടച്ച ജനൽപ്പാളികൾക്കുള്ളിലൂടെ മൂവരും എത്തി നോക്കിയപ്പോൾ പെണ്ണ് അടുക്കളയിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു... റാക്കിൽ മുറത്തിൽ വച്ച പൂക്കൾ കണ്ട് അതെടുത്ത് തിരിഞ്ഞതും നന്ദൻ ഇടിച്ചു കേറി വന്നതും ഒരുമിച്ചായിരുന്നു.. കയ്യിലെ മുറം തെന്നി പൂക്കൾ അവരുടെ പാദങ്ങളിലേക്ക് വീണു.. അപ്രതീക്ഷിതമായി അവനെ അവിടെ കണ്ടവളും അതുപോലെ അവനും ഒന്ന് പതറി.. വെപ്രാളത്തോടെ പൂക്കൾ പെറുക്കിയെടുത്തു പോകുവാൻ വേണ്ടി ഇരുവരും ഒന്നിച്ചു കുനിഞ്ഞതും രണ്ടുപേരുടെയും തല തമ്മിൽ കൂട്ടിയിടിച്ചു.. കണ്ടു നിന്നവർ ചിരി സഹിക്കാനാവാതെ വാ പൊത്തിപ്പിടിച്ചു.. "നാശം...."

തലയിൽ കൈ അമർത്തിക്കൊണ്ട് നന്ദൻ പറഞ്ഞു.. "കണ്ണും ബോധവും ഒന്നും ഇല്ലെങ്കിൽ ഇങ്ങനെയൊക്ക തന്നെയാ..." അഞ്ജലി പൂക്കൾ പെറുക്കുന്നതിനിടെ പിറുപിറുത്തു.. "കണ്ണും ബോധവുമുണ്ടായിട്ടും നിനക്ക് എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ?" നന്ദന്റെ ചോദ്യം.. "ഉവ്വ്.. മനസ്സിലാക്കിക്കൊണ്ടരിക്കുന്നു.. ഇപ്പഴത് മനസ്സിനെയും പറഞ്ഞു പഠിപ്പിച്ചോണ്ടിരിക്കുന്നു..." പെണ്ണിന്റെ മറുപടി.. അവനൊന്ന് നെറ്റി ചുളിച്ചു നോക്കി.. അവളപ്പോഴും പൂക്കൾ പെറുക്കുന്ന തിരക്കിലായിരുന്നു.. ദേഷ്യത്തോടെയവൻ അവളെ പിടിച്ചുയർത്തിക്കൊണ്ട് തന്നോട് ചേർത്ത് വച്ചു... "ശരിക്കും നിന്റെ പ്രോബ്ലം എന്താ? ഞാൻ ദേവൂനെ പറ്റി പറഞ്ഞതോ...?" നന്ദനവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.. "എനിക്കെന്ത് പ്രോബ്ലം..? നിങ്ങള് ദേവൂനെ പറ്റി പറയുകയേ അവളുടെ ഒപ്പം നടക്കുകയെ എന്ത് വേണേലും ചെയ്തോ... അതെന്നെ ബാധിക്കുന്ന ഒരു പ്രശ്നമേ അല്ല.." അവനിൽ നിന്നും കുതറി മറുവാനുള്ള ശ്രമങ്ങളോടൊപ്പം പറഞ്ഞു.. അവന്റെ പിടിയൊന്നയഞ്ഞു.. "ഓ.. വേറൊരുത്തനെ കിട്ടിയപ്പോ ഞാൻ ഔട്ട്‌ ആയിക്കാണും.. ല്ലെ..." നന്ദൻ പുച്ഛിച്ചുകൊണ്ട് ചോദിച്ചു..

"നിങ്ങളെന്താ ഉദ്ദേദേശിക്കുന്നത്?" "നീയാ ഉണ്ണിയേട്ടന്റെ ഒപ്പം കൊഞ്ചിക്കൊണ്ട് നടക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്..." "നിങ്ങള് ദേവൂന്റെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നത് കണ്ടിട്ട് ഞാനെന്തെങ്കിലും ചോദിച്ചിരുന്നോ?.." അഞ്ജലിയുടെ മറുചോദ്യം.. "ഗായുവേട്ടത്തീ... ഇത് കൈ വിട്ടു പോണ ലക്ഷണമാണല്ലോ...." അവരുടെ സംഭാഷണം കേട്ടുനിന്ന നീരു ഗായത്രിയോടായി പറഞ്ഞു.. " എനിക്കും അങ്ങനെ തന്നെ തോന്നുന്നുടീ... പണി പാളിയോ...? " ഗായത്രി ഉള്ളിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.. "അല്ലേലും അവൻ നിനക്ക് ഭയങ്കര മാച്ചാ..." "ആ.. അതെ, എനിക്ക് ഉണ്ണിയേട്ടൻ തന്നെയാ മാച്ച്.. ഞാനങ്ങേരെ പ്രേമിക്കാൻ പോകുവാ... എന്തെ.. സമാധാനമായോ...?" "നീയാരെ വേണേലും പ്രേമിച്ചോടീ.. എനിക്ക് പുല്ലാണ്.." നന്ദനും തിരിച്ചടിച്ചു.. "എന്നാ എന്റെ കൈ വിട്ടേ.. ഞാനെന്റെ ഉണ്ണിയേട്ടന്റെ അടുത്തേക്ക് പോട്ടെ...." അഞ്ജലി പറഞ്ഞു.. അവന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു.. എന്നിട്ടും ഈ കണ്ണുകളിലെ തീയും അവളോടുള്ള ഒടുങ്ങാത്ത പ്രണയവും അവൾ കാണുന്നില്ലേ...

നന്ദൻ അവളുടെ കൈകളെ സ്വാതന്ത്രമാക്കി.. അവൾ പൂക്കൾ പെറുക്കിക്കൂട്ടി മുറത്തിൽ വച്ചു തിരികെ നടന്നു.. പോകും വഴിയിൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... നന്ദനവിടെ തല കുനിച്ചു നിന്നു.. "അവരെ ഒന്നിപ്പിക്കാൻ പ്ലാനിട്ടിട്ട് ഒടുക്കം അവര് കൂടുതൽ അകന്നല്ലോ ഏട്ടത്തീ..." പണി പാളി കയ്യിൽ കിട്ടിയ നിരാശയോടെ നീരു പറഞ്ഞുകൊണ്ട് ഒന്നു തിരിഞ്ഞു നിന്നു. മുന്നിൽ അവരെക്കാത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു.. "ഹമ്മേ.... ഏട്ടത്തി..." വിറച്ചുകൊണ്ടുള്ള നീരുവിന്റെ ചെറു ശബ്‌ദം... "എന്താടീ...." പയ്യെ പറഞ്ഞുകൊണ്ട് രേവതിയും ഗായത്രിയും തിരിഞ്ഞു നോക്കിയതും മുന്നിൽ കണ്ടത് അവരെ തന്ന നോക്കി നിൽക്കുന്ന ഒരു നായയെയാണ്... "ഓടിക്കോ ഡീ....." ഗായത്രി അവിടെ തന്നെ നിന്നുകൊണ്ട് പറഞ്ഞു.. "ഓടിയാ അത് കടിക്കും..." നീരുവിന്റെ ശബ്‌ദം കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.. "പിന്നെന്ത് ചെയ്യും....." രേവതി ചോദിച്ചു. മൂന്നു പേരും അനങ്ങാതെ പ്രതിമകളെ പോലെ അവിടെ തന്നെ നിന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story