പ്രണയ സ്വകാര്യം: ഭാഗം 28

pranaya swakaryam

രചന: ആദിത്യൻ മേനോൻ

 "ഇനി ഒരൊറ്റ വഴിയേ ഉള്ളു...." ഗായത്രി പറഞ്ഞു.. "എന്താ അത്....?" നീരുവും രേവതിയും അനങ്ങാതെ നിന്നുകൊണ്ട് ചോദിച്ചു.. മൂവരുടെയും കണ്ണുകൾ അപ്പോഴും മുന്നിൽ തങ്ങളെ നോക്കി നിൽക്കുന്ന നായയിൽ ആയിരുന്നു.. നടുവിൽ നിന്ന ഗായത്രി പതിയെ രേവതിയുടെയും നീരുവിന്റെയും കയ്യെത്തി പിടിച്ചു.. "ഓടിക്കോ............" ഭയവും സങ്കടവും നിറച്ചുവച്ച സ്വരത്തിൽ പറഞ്ഞുകൊണ്ട് അവരുടെ കൈപിടിച്ചു ഗായത്രി ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു.. പിന്നാലെ കുരച്ചുകൊണ്ട് നായയും.. "നിങ്ങൾക്കോടണേൽ ഒറ്റക്കോടിയാൽ പോരായിരുന്നോ..." ഓട്ടത്തിനിടയിൽ നീരു ചോദിച്ചു.. "അപ്പൊ ഞാൻ മാത്രം നായയുടെ മുന്നിൽ പെടില്ലേ.. ഇതിപ്പോ കൂട്ടിന് ആളായല്ലോ..." ഗായത്രി പറഞ്ഞു.. ഉമ്മറത്തേക്കോടിയാൽ പണി പാളുമെന്നുള്ളതുകൊണ്ട് നേരെ ശിവകാവിന്റടുത്തേക്കോടി... "മക്കളെ.. ഒന്നും നോക്കണ്ടാ.. ചാടിക്കോ......" ഗായത്രി പറഞ്ഞുകൊണ്ട് കാവിലെ കുളത്തിലേക്കൊരു ചാട്ടം വച്ചു കൊടുത്തു..

രേവതിയുടെയും നീരുവിന്റെയും കയ്കൾ ഗായത്രി മുറുകെ പിടിച്ചിരുന്നതിനാൽ അവരും കുളത്തിലേക്ക് വീഴ്ത്തിപ്പെട്ടു.... ദേഹമാകെ നനഞ്ഞൊട്ടി, കയ്കൾ രണ്ടും ചേർത്ത് പിടിച്ചു, തണുപ്പ് സഹിക്കാനാവാതെ മുറ്റത്തൂടെ ഉമ്മറത്തേക്ക് നടന്നു വന്ന മൂവരെയും മുത്തശ്ശിയാണ് ആദ്യം കണ്ടത്.. "നിങ്ങള് മൂന്ന് പേരുമെന്താ തലയിലൂടെ വെള്ളം കമിഴ്ത്തിയുള്ള വരവാണോ...?" "അത്.. മുത്തശ്ശി.. ഞങ്ങളൊരു രക്ഷാ സ്നാനം കഴിഞ്ഞുള്ള വരവാ..." നീരുവാണ് മറുപടി പറഞ്ഞത്.. "രക്ഷാ സ്‌നാനമോ?" മായമ്മ കൗതുകത്തോടെ ചോദിച്ചു.. "ആ.. അത് പിന്നെ.. രക്ഷപ്പെടാനുള്ള സ്നാനം.. രക്ഷാ സ്നാനം..." നീരു ഇളിച്ചുകൊണ്ട് വ്യക്തമാക്കി... "മ്മ് മ്മ്.. ചെല്ല് മൂന്നുപേരും നനഞ്ഞൊട്ടിയ ഈ ഡ്രെസ്സൊക്കെ മാറിയിട്ട് വാ..." മുത്തശ്ശി അകത്തേക്ക് പറഞ്ഞയച്ചതും മൂവരും ഓടി അകത്തേക്ക് കേറിപ്പോയി.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 അപ്പഴത്തെ ദേഷ്യത്തിനാണ് അഞ്ജലിയോട് കോപത്തോടെ സംസാരിച്ചത്.. എത്രയൊക്കെ തന്നേ ബാധിക്കുന്ന കാര്യമല്ലെന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും അവളെ ഉണ്ണിയേട്ടന്റെ കൂടെ കണ്ടപ്പോൾ പോലും തനിക്ക് സഹിക്കാനാവുന്നില്ല..

അപ്പോൾ ദേവുവിനെ ചേർത്ത് പറയുന്നതെല്ലാം അവൾക്കെത്രത്തോളം മനസ്സിൽ തട്ടിയിട്ടുണ്ടാവുമെന്ന് ഇപ്പോൾ അവന് ഊഹിക്കാമായിരുന്നു.. പക്ഷെ ഒരു മാപ്പ് പറയാമെന്നു വച്ചാൽ പോലും അവളൊന്നും കേൾക്കാത്ത മട്ടാണ്.. എങ്ങനെ അവളെ എല്ലാം ബോധ്യപ്പെടുത്തുമെന്ന് ഒരു പിടിയുമില്ല.. ഓരോന്ന് ആലോചിച്ച് തല പെരുത്തു കയറുന്നത് പോലെ തോന്നി നന്ദന്.. "ഛെ...." എന്തു ചെയ്യണമെന്നറിയാതെ തലയിൽ കയ്യമർത്തി തടവിക്കൊണ്ടവൻ നടന്നു പോയി.. നന്ദൻ അവിടെ നിന്നും പോയ ശേഷമാണ് അടുക്കളയുടെ പിന്നമ്പുറ വാതിൽ പതിയെ തുറന്നു വന്നത്.. വാതിലിന് പിന്നിൽ നിന്നും സുഭദ്രമ്മ അകത്താരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അകത്തേക്ക് കേറി വന്നു. നന്ദനും അഞ്ജലിയും തമ്മിലുള്ള സംഭാഷണം അബദ്ധത്തിൽ കേട്ടതായിരുന്നു അവർ.. കേട്ട കാര്യങ്ങൾ വച്ചു നോക്കുമ്പോൾ അവർ തമ്മിൽ അത്ര രസത്തിലല്ല എന്നവർക്ക് ഉറപ്പായിരുന്നു. കുറേ നേരം ആലോചിച്ചു നിന്നപ്പോഴാണ് ഉള്ളിലൊരു ആശയമുദിച്ചത്.. അഞ്ജലി നന്ദന്റെ ഭാര്യയാണ് എന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ചതായിരുന്നു എല്ലാ തന്ത്രങ്ങളും..

എന്നാൽ അവരുടെ സംഭാഷണം ഇപ്പോൾ കേട്ടപ്പോൾ താഴിട്ടു പൂട്ടിവച്ച തന്ത്രങ്ങളുടെ കെട്ട് പിന്നെയും അഴിയുന്നുവെന്ന് തോന്നി.. അടുക്കള വിട്ട് നടന്നകലുന്നതിന് മുൻപേ സുഭദ്രമ്മയുടെ മനസ്സിൽ ഉടനെ ആരംഭിക്കുവാനുള്ള ഒരു നാടകത്തിന്റെ തിരക്കഥ തെളിയുന്നുണ്ടായിരുന്നു...... 🌺🥀🌺🥀🌺🥀🌺🥀🌺🥀 "നിനക്ക് അവനോടൊന്ന് സംസാരിച്ചൂടെ..?" ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു വിഷ്ണുവിന്റെ ചോദ്യം ഉയർന്നത്.. "ഞങ്ങൾ ഇനിയും സംസാരിച്ചാൽ ഇവിടൊരു അടി നടക്കും.." അലസമായിക്കൊണ്ട് പെണ്ണ് പറഞ്ഞു.. "ഇന്നൊരു അടി നടക്കാൻ പോയതാണ്.. എല്ലാരും ഉമ്മറത്തായിരുന്ന സമയത്ത്..." വൈകുന്നേരം നന്ദേട്ടനുമായി നടന്ന സംഭാഷണം ഓർത്തപ്പോ അറിയാതെ കണ്ണുനീര് പൊടിഞ്ഞു.. വിഷ്ണു കാണാതിരിക്കാൻ ചെരിഞ്ഞു കിടന്നുകൊണ്ട് കണ്ണ് തുടച്ചു.. "അതിനിടക്ക് അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നോ?" ലൈറ്റ് അണച്ചുകൊണ്ട് അടുത്ത് വന്ന് കിടക്കുന്നതിനിടെയാണ് വിഷ്ണു ചോദിച്ചത്.. നടന്നത് വിശദീകരിക്കുമ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നെങ്കിലും ഇരുട്ടിൽ ആയിരുന്നതുകൊണ്ട് വിഷ്ണുവിന്റെ ശ്രദ്ധയിൽ പെട്ടില്ല..

"ഞാനൊരു വഴി പറഞ്ഞു തരട്ടെ.. ഞാൻ പറഞ്ഞാ നിന്റെ ഈഗോയെല്ലാം മാറ്റിവച്ച് നീയത് കേക്കുവോ?" വിഷ്ണുവേട്ടൻ ചോദിച്ചു.. "ന്താ...?" "നിന്റെം നന്ദന്റേം കല്യാണം ചടങ്ങുകളോടെ കഴിഞ്ഞില്ല്യാല്ലോ.. അതിനെ പറ്റി ഒരു സംസാരം ഈ വീട്ടിൽ കൊണ്ടുവരാൻ നീരൂന് സാധിക്കും.. ഒടുവില് അത് നിങ്ങടെ കല്യാണത്തില് കലാശിച്ചാലോ?" "അതൊക്കെ നടക്കുവോ?" "നമ്മക്ക് നോക്കാന്നെ.. ഇപ്പഴല്ല.. കാശിച്ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ട്.. അവന് നിന്നെ ശരിക്കും ഇഷ്ടാണേൽ അവൻ നിന്നെ കൂടെ കൂട്ടാതിരിക്കുമോ....?" "അപ്പൊ എന്നെ നന്ദേട്ടന് ഇഷ്ടല്ലെങ്കിലോ.....?" അത് പറയുമ്പോ വാക്കുകൾ ഒരൽപ്പം ഇടറിപ്പോയിരുന്നു... "ഇഷ്ടാവാണ്ടിരിക്കില്ല.. അഥവാ ഇല്ലാച്ചാൽ നമുക്കിവിടുന്ന് അങ്ങ് പോയേക്കാം.. നന്ദനേം ജീവനേം എല്ലാം ഇവിടെ വിട്ടിട്ട്..." വിഷ്ണുവേട്ടൻ പറഞ്ഞത് കേട്ടപ്പോ ഇച്ചിരി നോവ് പൊടിഞ്ഞിരുന്നു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀

"എടിയേ.. ഇന്നെന്താ പരിപാടി?" കാലത്തെണീറ്റ് ഫ്രഷ് ആയിട്ട് നീരുവുമായി ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു.. അപ്പോഴാണ് ഫോണിൽ സംസാരിച്ചുകൊണ്ട് നന്ദേട്ടൻ അവിടേക്ക് വന്നത്.. നന്ദേട്ടനുമായുള്ള പ്രശ്നങ്ങളൊന്നും തന്നേ ബാധിക്കുന്നില്ലെന്ന് കാണിക്കാൻ വേണ്ടിയാണ് എല്ലാം ഉള്ളിൽ മറച്ചുവച്ച് നീരുവിനോട് ചോദിച്ചത്.. ചോദ്യം കേട്ടപ്പോ നന്ദനൊന്നു നോക്കിയിട്ട് പെട്ടെന്ന് കണ്ണുകൾ മുറ്റത്തേക്ക് പറിച്ചു നട്ടു.. "ഇന്ന് കന്യാദാനമാണ്.." നീരു പറയുമ്പോഴും കണ്ണുകളും ശ്രദ്ധയുമെല്ലാം നന്ദേട്ടനിൽ ആയിരുന്നു. "എന്നു വച്ചാൽ..." നെറ്റി ചുളിച്ചുകൊണ്ട് പതിയെ ചോദിച്ചു. "കന്യ എന്നാൽ പെൺകുട്ടി എന്നും ദാനം എന്നാൽ ദക്ഷിണ അല്ലെങ്കിൽ സമ്മാനം എന്നും പറയും. ആർക്കും വിലയിടനാവാത്ത ഒന്നാണ് പെണ്ണ്.. അവളെ വരന് സമ്മാനിക്കുക എന്നതുകൊണ്ട് അവരുടെ വീട്ടിലേക്ക് ഐശ്വര്യം സമ്മാനിക്കുക എന്നർത്ഥമാക്കും.. ഈ ചടങ്ങിൽ വരനെ വിഷ്ണുവിന്റെ പ്രതിനിധിയായിട്ടാണ് കാണുന്നത്." നീരു പറഞ്ഞുകൊണ്ടിരുന്നപ്പോൾ അഞ്ജലി ഇടക്ക് കേറി..

"വിഷ്ണുവോ...?" "എന്റെ വിച്ചേട്ടനെയല്ല...." നീരു ഇളിച്ചുകൊണ്ട് പറഞ്ഞു... "ഓ... അങ്ങനെ പറ..." "വധുവിനെയും വരനെയും ഒരു നീണ്ടുനിൽക്കുന്ന ബന്ധത്തിൽ ബന്ധിപ്പിക്കുന്നതിന്, വധുവിന്റെ സാരിയുടെ അവസാനം വരന്റെ അംഗവസ്ത്രത്തിന്റെ അവസാനവുമായി ബന്ധിപ്പിക്കും... വധുവിന്റെ അമ്മ വരന്റെ കാലുകൾ കഴുകി വരന്റെ കണ്ണുകളിൽ കാജൽ പ്രയോഗിക്കും. പിന്നെ വധുവിന്റെ അച്ഛൻ തന്റെ കയ്യോ അതോ വധുവിന്റെ കയ്യോ നൽകി ഒരു തേങ്ങ അവർക്ക് കൈമാറുന്നു, അതിന് മീതെ വധുവിന്റെ അമ്മ വെള്ളം തളിക്കും.." നീരു പറഞ്ഞു നിർത്തി.. "മ്മ്... മ്മ്...." നീരു പറയുന്നതിലൊന്നും ശ്രദ്ധ ഉറച്ചില്ലെങ്കിലും വെറുതേ ഒന്ന് മൂളിക്കൊടുത്തു.. നന്ദേട്ടൻ ഒന്ന് നോക്കുന്നു കൂടിയില്ല.. അത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു തുടങ്ങുന്നുണ്ടായിരുന്നു.. ദേഷ്യപ്പെടാനെങ്കിലും ഒന്ന് നോക്കിയിരുന്നെങ്കിലെന്ന് മനസ്സിൽ നിന്നും ആരോ മന്ത്രിച്ചു.. "നീയെന്താ ആലോചിക്കണേ.." കണ്ണുകൾക്ക് നേരെ കൈകൾ ആട്ടിക്കൊണ്ട് നീരു ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് തലയാട്ടി.. "ഞാനാ ഉണ്ണിയേട്ടനെ കണ്ടില്ലല്ലോന്ന് ആലോചിക്കുവായിരുന്നു.. എത്തേണ്ട സമയമായി.. എത്ര നേരായി ഞാൻ കാത്തിരിക്കുന്നു എന്നറിയോ....?"

നന്ദേട്ടന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി മനപ്പൂർവം തന്നെയാണ് ഉണ്ണിയേട്ടനെ എടുത്തിട്ടത്.. അത് നീരുവിനും മനസ്സിലായിരുന്നു... ഉണ്ണിയേട്ടനെന്ന് കേട്ടപ്പോ നന്ദേട്ടന്റെ മുഖമൊന്നു മുറുകുന്നത് കണ്ടു.. തന്നേ നോക്കുന്നില്ലെങ്കിലും മനസ്സിവിടെയാണല്ലോ എന്ന് കണ്ട് പെണ്ണിന്റെ ഉള്ളിലാരോ സന്തോഷിച്ചു.. കയ്യിൽ പിടിച്ചിരുന്ന ഫോണിനെ ഞെരിക്കുന്നത് കണ്ടു.. "അയിന് നീയെന്തിനാ അങ്ങേരെ കാത്തിരിക്കുന്നെ?" "ഇന്നലെ രാത്രി എന്നോട് പറഞ്ഞതായിരുന്നു കാലത്ത് കുളത്തിൽ ന്ന് ആമ്പൽപ്പൂക്കൾ പറിച്ചോണ്ട് വരാം ന്ന്.. ഇത്ര നേരമായിട്ടും കാണണില്ല.. ഇനീപ്പോ വീട്ടിൽ ചെന്ന് ഞാൻ ഉണർത്തണോ ആവോ....." അഞ്ജലി വിവിധ ഭാവങ്ങൾ മുഖത്ത് കലർത്തി പറയുന്നത് കേട്ടുകൊണ്ട് നീരു തലകുലുക്കിക്കൊണ്ടിരുന്നു.. "നീ മിക്കവാറും മിക്കവാറും ഉടനെ ചുവരിൽ പടമാവും...." അഞ്ജലിയോട് മാത്രമായി താഴ്ന്ന ശബ്ദത്തിൽ നീരു പറഞ്ഞു.. നന്ദന്റെ മുഖമാണെങ്കിൽ കടന്നലു കുത്തിയ പോലെയായിരുന്നു.. അവന്റെയുള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ അലതല്ലി..

കുറച്ചു സമയത്തിന് ശേഷം ദൂരെ നിന്നും ഉണ്ണിയേട്ടൻ കൈ നിറയെ ആമ്പൽപ്പൂക്കളുമായി നടന്നു വരുന്നത് നീരുവാണ് ആദ്യം കാണുന്നത്.. "ഡീ.. നോക്കിയേടീ..." നീരു ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കിയപ്പോൾ കയ്യിൽ പൂക്കളുമായി വരുന്ന ഉണ്ണിയേട്ടനെ കണ്ട് ഒന്ന് ഞെട്ടി.. നന്ദേട്ടനെ ചൂട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞെന്നേ ഉണ്ടായിരുന്നുള്ളു. ഉണ്ണിയേട്ടൻ പൂക്കളുമായി വരുന്ന കാര്യം തനിക്ക് അറിവുള്ളതായിരുന്നില്ല.. ദേവുവിന് കൊടുക്കാൻ വേണ്ടി കൊണ്ടുവരുന്നതാവണം.... കൺകോണിലൂടെ നന്ദേട്ടനെ ഒളിഞ്ഞു നോക്കിയപ്പോൾ ഉണ്ണിയേട്ടന്റെ വരവ് കണ്ട് പതറി നിൽക്കുന്ന നന്ദേട്ടനെ ആണ് കണ്ടത്.. "ഡീ ദേവൂ..........." പെട്ടന്ന് നന്ദേട്ടൻ ഉച്ചത്തിൽ അലറി വിളിച്ചു.. കേട്ടതും നീരുവും അഞ്ജലിയും ഒന്ന് തുള്ളിപ്പോയി.. അന്തരീക്ഷമാകെ ആ ശബ്‌ദം പ്രതിധ്വനിച്ചു.. മുറ്റത്തെത്തിയ ഉണ്ണിയേട്ടനും ഒന്ന് കുലുങ്ങി.. വെപ്രാളത്തോടെ ദേവു എവിടെനിന്നോ ഓടി വന്നു.. "എന്താ ഏട്ടാ?" "നിനക്ക് ആമ്പൽപൂക്കള് വേണോ?" ഗൗരവത്തോടെ നന്ദേട്ടൻ ദേവുവിനെ നോക്കി ചോദിച്ചപ്പോ അവളൊന്ന് അമ്പരന്നു..

നീരു അഞ്ജലിയെ നോക്കി വാ പൊത്തി ചിരിയടക്കി.. ദേവു എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപേ മുണ്ട് മടക്കി കുത്തി അവളുടെ കൈ പിടിച്ചുകൊണ്ട് നന്ദൻ മുറ്റത്തേക്കിറങ്ങി നടന്നിരുന്നു.. "നിനക്ക് ഞാൻ ആ കുളത്തിലെ ആമ്പല് മൊത്തം പറിച്ചു തരാം..." നന്ദൻ പോകുന്നതിനിടെ പിറുപിറുത്തു... "നിന്റേട്ടന് കുശുമ്പ് ഒട്ടുമില്ലാട്ടോ..." നീരുവിനെ നോക്കി ചിരിച്ചുകൊണ്ട് പറയുന്നതിനിടക്കാണ് ഉണ്ണിയേട്ടനെ ശ്രദ്ധിച്ചത്.. "ഉണ്ണിയേട്ടാ.. ഇങ്ങ് വന്നേ..." കൈ കാണിച്ചു വിളിച്ചപ്പോൾ ഉണ്ണിയേട്ടൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.. "നിക്ക് തന്നേക്ക് പൂക്കളൊക്കെ...." അഞ്ജലി ചിരിച്ചുകൊണ്ട് പറഞ്ഞു... "എടുത്തോളൂ... മുഴുവൻ എടുത്തോളൂ... ദേബൂന് ഹരി കൊളത്തിലെ ആമ്പല് മൊത്തം പറിച്ചുകൊടുക്കാം ന്ന് പറഞ്ഞിട്ടുണ്ട്.. ദേബൂന് സന്തോഷാവും.. അതോണ്ട് ഇത് മുഴുവൻ എടുത്തോ...."

ഉണ്ണിയേട്ടൻ പറഞ്ഞുകൊണ്ട് അഞ്ജലിയുടെ മടിയിലേക്ക് പൂക്കൾ വച്ചുകൊണ്ട് ഒന്നുറക്കെ പുഞ്ചിരിച്ചു.. പിന്നീട് വീട് ലക്ഷ്യമാക്കി നടന്നു പോയി... "പാവം ല്ലെ...." അഞ്ജലി പറഞ്ഞു.... "നേരത്തെ ഇവിടെന്താ ഒരു പടക്കം പൊട്ടിയ ശബ്‌ദം കേട്ടത്..?" നന്ദേട്ടന്റെ ദേവൂ വിളി അവ്യക്തമായി കേട്ട മുത്തശ്ശി മുറിയിൽ നിന്നും അപ്പോഴായിരുന്നു എത്തിയത്.. "അതോ.. അതൊരു പേപ്പട്ടി കുരച്ചതായിരുന്നു മുത്തശ്ശീ..." അഞ്ജലി മറുപടി പറഞ്ഞു.. നീരു ഒന്ന് ചിരിയടക്കാൻ വിയർത്തു.. "പേപ്പട്ടിയോ? എന്നിട്ടതെവിടെ?" "അത് നേരത്തെ കുളത്തിന്റെ അടുത്തേക്ക് ഓടിപ്പോയി...." പറഞ്ഞുകൊണ്ട് കുളത്തിലേക്ക് പോകുന്ന വഴിയിലേക്ക് മുഖം തിരിച്ചതും കണ്മുന്നിൽ നന്ദേട്ടനെ കണ്ടതും ഒരുമിച്ചായിരുന്നു.. ആ മുഖം കണ്ടാൽ അറിയാം എല്ലാം കേട്ടുകൊണ്ടുള്ള നിൽപ്പാണ്.. നന്ദേട്ടൻ നോക്കുന്നത് കണ്ട് നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.. ഇന്നിവിടെ ഒരു കൊല നടക്കും........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story