പ്രണയ സ്വകാര്യം: ഭാഗം 29

pranaya swakaryam

രചന: ആദിത്യൻ മേനോൻ

രംഗം അത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയതോടെ മൂന്നാമതൊന്നാലോചിക്കാതെ അകത്തേക്ക് ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു.. "ഡീ.. നിക്കെടീ അവിടെ...." മുണ്ട് മടക്കി കുത്തിക്കൊണ്ട് നന്ദൻ അവളുടെ പിന്നാലെ ഓടി.. "ഈ പോക്കിലെങ്കിലും ഇവരൊന്നു ഒന്നിച്ചു കണ്ടാൽ മതിയായിരുന്നു.." നീരു പതുക്കെ അവരെ നോക്കി പിറുപിറുത്തു.. ധൃതിയിൽ ഓടിക്കയറിയത് നന്ദന്റെ മുറിയിലേക്കായിരുന്നു.. നന്ദൻ വരുന്നതിന് മുന്നേ കതകടക്കാൻ തുടങ്ങിയതും കതകിൽ നന്ദന്റെ കൈകൾ അമർന്നതും ഒരുമിച്ചായിരുന്നു.. വേഗം പിന്നിലേക്ക് മാറി നിന്നപ്പോൾ നന്ദൻ അകത്തു കയറി കതകടച്ചു.. "ആരാടീ നിന്റെ പേപ്പട്ടി...?" അവൾക്കരികിലേക്ക് നടന്നടുത്തുകൊണ്ട് നന്ദൻ ചോദിച്ചപ്പോൾ പെണ്ണൊന്നു വിറച്ചു.. പയ്യെ അടിവച്ചു പിന്നിലേക്ക് നീങ്ങി.. "പേപ്പട്ടിയോ?" ഒന്നുമറിയാത്തത് പോലെ തല താഴ്ത്തിക്കൊണ്ട് ചോദിച്ചു.. "അയ്യോ.. ഒന്നും അറിയാത്തൊരു കുഞ്ഞാവ.. നീയെന്നെ പേപ്പട്ടിയെന്ന് വിളിക്കും ല്ലെഡീ....." നന്ദേട്ടന്റെ ശബ്ദത്തിന് ഗൗരവമുണ്ടായിരുന്നു.

പേടി കൊണ്ട് മുഖത്ത് നോക്കുവാൻ തോന്നിയില്ല... "നിങ്ങള് പേപ്പട്ടി ആണോ?" ധൈര്യം സംഭരിച്ചു വച്ചുകൊണ്ട് ചോദിച്ചുവെങ്കിലും കണ്ണുകൾ തറയിലായിരുന്നു.. "അല്ല.." ഞ.. ഞാൻ അതിലെ ഓടിപ്പോയ പട്ടിയെ പറ്റി പറഞ്ഞതാണ്.. അത് നിങ്ങളെപ്പറ്റിയാന്ന് നിങ്ങള് കരുതിയതിൽ എനിക്ക് എന്തു ചെയ്യാൻ പറ്റും... " അവളെങ്ങനെയാണെന്ന് നന്ദനറിയാം.. എത്രയൊക്കെ ശ്രമിച്ചാലും അവളെ വാക്കുകൾ കൊണ്ട് തോൽപ്പിക്കാൻ അസാധ്യമാണ്. അതോണ്ട് തന്നേ ഒന്നും മിണ്ടിയില്ല.. ദേഷ്യവും അതോടൊപ്പം അവൾ മിണ്ടാത്തതിലുള്ള സങ്കടവും തോന്നി.. തലകുനിച്ചുകൊണ്ട് ഡോർ തുറന്നു പോകാനൊരുങ്ങിയ പെണ്ണിന്റെ കൈ പിടിച്ചു നിർത്തി.. അവളൊന്ന് വിറച്ചു.. വിറയൽ അവന്റെ കൈകളിലേക്കും പരന്നു.. ഒറ്റ നിമിഷം കൊണ്ടവൻ അവളെ പിന്നിലേക്ക് വലിച്ചുകൊണ്ട് തിരിച്ചു നിർത്തി..

അവൾക്കെന്തെങ്കിലും ചെയ്യാനാവുന്നതിന് മുൻപേ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ഇറുകിയിരുന്നു... അവളുടെ തോളത്ത് മുഖം പൂഴ്ത്തിവച്ചപ്പോൾ താടി രോമങ്ങളും ചുണ്ടുകളും തോളിൽ അമർന്നു.. പെണ്ണൊന്നു പതറിപ്പോയി.. തോളിലമർന്ന ചുംബനം അവളിലാകെ ഒരു ചൂട് പടർത്തിയിരുന്നു.. തൊണ്ടവരണ്ട് എന്ത് ചെയ്യണമെന്നറിയാതെ ശ്വാസം മുട്ടി.. മനസ്സ് തളരിതമാക്കിയത് തോളത്തു പെട്ടന്ന് ഇറ്റിവീണ ഒരു തുള്ളിയാണ്.. അവന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞത്.. ഒരു സൂചി പോലെ നേരിയ ഒരു നോവ് പടർത്തിക്കൊണ്ട് അതവളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.. "അയാം സോറി.. എന്നോട് ദേഷ്യപ്പെട്ടോ.. മിണ്ടാണ്ട് മാത്രം ഇരിക്കല്ലേഡോ....." എന്നും ഗൗരവത്തോടെ മാത്രം കാണപ്പെട്ടവൻ അന്നാദ്യമായി അവളുടെ തോളിൽ മുഖം പൊത്തി കരഞ്ഞു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ.. "ന.. നന്ദേട്ടാ..." വാക്കുകൾ മുറിഞ്ഞുപോയി.. തൊണ്ടക്കുഴിയിൽ വാക്കുകളെ ആരോ തടഞ്ഞു വച്ചത് പോലെ.. "സോറി ഡോ... ഒരു തമാശക്ക് തുടങ്ങി വച്ചതാ എല്ലാം..

തന്റെ കുശുമ്പ് കാണാൻ വേണ്ടി മാത്രാ ഞാൻ ദേവൂനെ ചേർത്ത് പറഞ്ഞതെല്ലാം.. എനിക്കവളോട് ഒരിഷ്ടവും തോന്നീട്ടില്ല.. ഞാൻ പ്രണയിച്ചത് എന്റെ അഞ്ജലിയെ ആണ്.. എന്നിലെ ജീവൻ കൃഷ്ണ സ്വന്തമാക്കാൻ ആഗ്രഹിച്ചത് അവന്റെ ദുർഗയെയും.. നീയിനിയും ഒരുപാട് ശിക്ഷകൾ എനിക്ക് തന്നോളൂ.. പക്ഷെ എന്നോട് മിണ്ടാണ്ട് മാത്രം നടക്കല്ലേ......" കുട്ടികളെ പോലെ കരച്ചിലിനെ നിയന്ത്രിച്ചുകൊണ്ട് തോളിൽ കിടന്നു പറഞ്ഞുകൊണ്ടിരുന്ന നന്ദേട്ടനെ കണ്ടപ്പോൾ കണ്ണുകളറിയാതെ നിറഞ്ഞു.. എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി.. നിറമിഴിയാലേ നന്ദേട്ടനെ തിരിച്ചു പുണരുന്നതിന് മുൻപേ തോളിൽ നിന്നും മുഖമെടുത്ത് കഴിഞ്ഞിരുന്നു... നന്ദൻ ആ പെണ്ണിന്റെ മുഖം ഇരുകയ്കളിലും എടുത്തുയർത്തി... "തീർന്നോ നിന്റെ പിണക്കം.. പ്ലീസ്.. ഇനിയെന്നോട് പിണങ്ങല്ലേ ഡോ.. ഞാൻ ചത്തുപോകും.."

കുട്ടികളെ പോലെ നിഷ്കളങ്കമായ മുഖത്ത് പരിഭവം പടർത്തിക്കൊണ്ട് പറയുന്ന നന്ദേട്ടനെ കണ്ട് ചിരി വന്നെങ്കിലും പാടുപെട്ട് അത് കടിച്ചമർത്തി.. "ഒന്ന് ചിരിക്കെടീ... ഇങ്ങനെ മുഖം വീർപ്പിച്ചു നിക്കാതെ..." കവിളിൽ മെല്ലെ തട്ടിക്കൊണ്ട് അവൻ ചോദിച്ചപ്പോൾ അവളൊന്ന് ചിരിച്ചുകൊടുത്തു.. "ഹാവൂ... ആശ്വാസമായി.." പെണ്ണിന്റെ ചിരി കണ്ടതുമവൻ സന്തോഷത്തോടെ അവളെ ഇറുകെ പുണർന്നു.. "അതിരിക്കട്ടെ... നീ ഉണ്ണിയേട്ടന്റെ കൂടെ കറങ്ങുന്നത് കുറച്ചു നാളായി ഞാൻ കാണുന്നു.. ഇനിയിപ്പോ ഇതോടെ അത് നിർത്തുമല്ലോ അല്ലെ..." പതുക്കെ പതുക്കെ നന്ദൻ ചോദിച്ചപ്പോഴാണ് അവന്റെ ഉള്ളിലെ കുശുമ്പ് അവൾക്ക് മനസ്സിലായത്.. അവളൊന്ന് ചിരിച്ചുകൊണ്ട് ചുണ്ടുകൾ കടിച്ചു.. "അപ്പൊ ദി വൺ ആൻഡ് ഒൺലി ഹരി നന്ദനും ഇച്ചിരി കുശുമ്പൊക്കെ ഉണ്ടല്ലേ..." തല കുലുക്കിക്കൊണ്ടവൾ ചോദിച്ചപ്പോൾ അവനത് നിരസിച്ചു.. "കുശുമ്പോ... എനിക്കോ... നെവർ... നീ ഞാൻ ചെയ്തതിന് പകരം വീട്ടുവാണെന്ന് എനിക്ക് അറിയാല്ലോ.." നന്ദൻ പറഞ്ഞൊപ്പിച്ചു...

"എന്നാലേ... ഞാനൊരു കാര്യം പറയാം..." "എന്താ...?" നന്ദൻ ചോദിച്ചു.. അടി കിട്ടുന്ന പരിപാടി ആയതുകൊണ്ട് ചുറ്റിനും ആരുമില്ലെന്ന് തീർച്ചപ്പെടുത്തിയ ശേഷം അവൾ അവനെ അടുത്തേക്ക് വിളിച്ചു.. അവൻ അവൾക്ക് പറയാനുള്ളത് കേൾക്കുവാനായി ചെവികൊടുത്തു... "ഞാനും ഉണ്ണിയേട്ടനും തമ്മിലേയ്.. ശരിക്കും ഡിങ്കോൾഫിയാ..." "ഡീീീ........." പല്ല് കടിച്ചുകൊണ്ടൊരു വിളിയും ഒരു നോട്ടവും.. പിന്നെയവിടെ നിന്നില്ല.. ഉറക്കെ ചിരിച്ചുകൊണ്ട് പി ടി ഉഷയെ വെല്ലുന്ന ഒരോട്ടം അങ്ങ് വെച്ചു കൊടുത്തു.... പാതി വരെ ഓടിക്കൊണ്ട് അവനൊന്ന് നിന്നു... "ഇങ്ങനെയൊരു പെണ്ണ്.. നിന്നെ ഞാൻ എടുത്തോളാമെടീ കുരുട്ടടക്കേ..." നന്ദൻ മന്ദഹസിച്ചുകൊണ്ട് മുറുമുറുത്തു... 🌺🥀🌺🥀🌺🥀🌺🥀🌺🥀 വൈകീട്ട് ഹൽധിക്കുള്ള പരിപാടികൾ ആരംഭിക്കുകയായിരുന്നു.. അതിനായി തറവാട്ടിലെ നടുമുറ്റത്താണ് സ്ഥലം ഒരുക്കിയിരുന്നത്.. ചുറ്റുപാടും മഞ്ഞ തോരണങ്ങളും വിരികളും വച്ചു കെട്ടിയതിനാൽ ചുറ്റിനും മഞ്ഞളിപ്പ് ഉണ്ടായിരുന്നു.. എല്ലാവരും മഞ്ഞ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്..

അഞ്ജലിയോടും നീരുവിനോടുമാണ് ഹൽധിക്ക്‌ കലക്കുവാനുള്ള മഞ്ഞളും മറ്റുമെല്ലാം എടുത്തിട്ട് വരാൻ ഏൽപ്പിച്ചത്.. അഞ്ജലിയുടെ പിന്നാലെ നടന്നു ചെന്ന നീരുവിനെ നന്ദൻ പിടിച്ചു നിർത്തി.. ഇതറിയാതെ അഞ്ജലി മുന്നോട്ട് നടന്നു പോകുന്നുണ്ടായിരുന്നു.. "എന്താ ഏട്ടാ?" "അതൊക്കെ ഞാനെടുത്തു വന്നോളാം.." നന്ദൻ പറഞ്ഞു.. "കുഴപ്പം ഇല്ല ഏട്ടാ ഞാൻ എടുത്തോളാം..." നീരു പറഞ്ഞു.. "നീ പറഞ്ഞത് കേട്ടാ മതി.. നോക്കിക്കേ.. വിഷ്ണു അതാ ആരും മിണ്ടാനില്ലാതെ ഒറ്റക്കിരിക്കുന്നു.. നീയിങ്ങനെ അവന്റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ഇങ്ങനെ നടന്നാൽ എങ്ങനെയാ... പാവം.. അവന്റെ കൂടെ ചെന്നിരുന്നോ?" നന്ദൻ നടുമുറ്റത്തേ തുളസിത്തറയിൽ തെല്ല് ചാഞ്ഞു നിന്നു ഫോണിൽ നോക്കിക്കൊണ്ടിരുന്ന വിഷ്ണുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.. "മ്മ് മ്മ്... പെങ്ങൾടെ പ്രേമത്തിന് ഇത്രേം സപ്പോർട് ചെയ്യുന്ന ഒരു ആങ്ങളെയെ....." കാര്യം മനസ്സിലായെങ്കിലും നീരു വെറുതേ പറഞ്ഞു വച്ചു.. "എന്റെ ഗതികേടുകൊണ്ടാ..." അവൻ പിറുപിറുത്തു.. "വല്ലതും പറഞ്ഞായിരുന്നോ ഏട്ടാ..?"

നീരു നെറ്റി ചുളിച്ചു വച്ചു.. "അല്ല.. ഇത്രേം സ്നേഹമുള്ള ഒരാങ്ങളയെ വേറെ എവിടെ കിട്ടുമെന്ന് ചോദിക്കുവായിരുന്നു..." നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു... "മ്മ് മ്മ്... ആങ്ങളക്ക് എന്നോട് 916 സ്നേഹം തന്നേ.. അപ്പൊ ആങ്ങള ചെല്ല്...." അർത്ഥം വച്ചു തല കുലുക്കിക്കൊണ്ട് നീരു പറഞ്ഞു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 അടുക്കളയിൽ എത്തി മഞ്ഞളും ചന്ദനവും കുങ്കുമവും ചേർത്ത് കുഴമ്പാക്കി വച്ച പാത്രം എടുത്തു തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ഇടുപ്പിലൂടെ കയ്യിട്ട് നന്ദൻ ചേർന്ന് നിൽക്കുന്നത്.. "അവിടെ എല്ലാരും ഈ സാധനത്തിന് കാത്തിരിക്കുവാണേ.." ചെറു പുഞ്ചിരി മുഖത്ത് വരുത്തിക്കൊണ്ട് കയ്യിലെ പാത്രത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "അതൊക്കെ അവിടെ നിക്കട്ടെന്നേ..." നന്ദൻ അവളുടെ കയ്യിൽ നിന്നും പാത്രം പതുക്കെ താഴെ വെപ്പിച്ചു.. "നന്ദേട്ടാ.. എന്നെ വിട്ടേ.. എന്നെ കാണാഞ്ഞ് ആരേലും ഇപ്പൊ കേറി വരും..." "ഒന്നടങ്ങെടീ കുരിപ്പേ...." പറയുന്നതിനോടൊപ്പം നന്ദൻ അവളെ പൊക്കിയെടുത്ത് മുന്നിലെ റാക്കിൽ ഇരുത്തി അവളോട് ചേർന്ന് നിന്നു.. വെപ്രാളത്തോടെ അവൾ കുതറുവാൻ ശ്രമിച്ചു..

"നന്ദേട്ടാ.. എന്തായിത്..." "ഹാ.. അടങ്ങി ഇരിയെടീ...." നന്ദൻ ഒന്ന് മീശ പിരിച്ചു വച്ചു.. "നമ്മടെ കല്യാണം വളരെ പെട്ടന്നായിരുന്നതുകൊണ്ട് ഹൽധി ഒന്നും നടത്താൻ പറ്റിയില്ല അല്ലെ..." നന്ദൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. "അതിന്.." നന്ദനൊന്ന് പുഞ്ചിരിച്ചു.. ശേഷം അവളുടെ കൈ പിടിച്ചുകൊണ്ടു പാത്രത്തിൽ കലക്കിവച്ച പേസ്റ്റിൽ മുക്കി.. "നന്ദേട്ടനിതെന്താ കാണിക്കാൻ പോണേ..." അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അവൻ പതുക്കെ അവളുടെ കൈകൾ എടുത്ത് അവന്റെ കവിളിൽ തേച്ചു.. അവളൊന്ന് നാണത്തോടെ പുഞ്ചിരിച്ചു.. അവളുടെ ഇടുപ്പിൽ കൈകൾ വച്ചവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.. അവൾ ഒന്ന് പതറി.. അവന്റെ മുഖം അവളുടേതിൽ നിന്നും തെല്ല് ദൂരെ മാത്രം ആയിരുന്നു.. കണ്ണുകൾ പരസ്പരം ഉടക്കി നിന്നു... അവളുടെ മെയ്യ് വിറച്ചിലോടെ പൊങ്ങുകയും താഴുകയും ചെയ്തു.. പതിയെ പതിയെ മുഖങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്നത് പോലെ തോന്നി അവൾക്ക്.. "ന.. ന്ദേ.. ട്ടാ...." മരവിപ്പുകൊണ്ട് അക്ഷരങ്ങൾ മുറിഞ്ഞു പോയി..

പുഞ്ചിരിച്ചുകൊണ്ട് അവനവളുടെ ചെവിക്കരികിലേക്ക് നീങ്ങിയതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. മഞ്ഞള് തേച്ച തേച്ച അവന്റെ കവിൾ മെല്ലെ അവളുടെ കവിളിനെ ചുംബിച്ചു.. അവന്റെ താടിരോമങ്ങൾ അവളുടെ മുഖത്തേ പുൽകി.. പയ്യെ പയ്യെ മുഖം എടുക്കുമ്പോ അവളുടെ കവിളിലാകെ നേർത്ത മഞ്ഞ നിറം പരന്നിരുന്നു.. നാണത്തോടെ പെണ്ണ് തല താഴ്ത്തി.. അവനവളുടെ മുഖം കൈകളിലെടുത്തു.. കണ്ണുകളിലേക്ക് പ്രേമപൂർവ്വം നോക്കി.. പതിയെ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു.. പിന്നീടത് ഊർന്നിറങ്ങി അവളുടെ നാശികത്തുമ്പത്ത് ചെന്ന് നിന്നു.. അവനവളെ ഒന്ന് നോക്കി.. മോഹത്തോടെ... നാശികത്തുമ്പത്തു നിന്നും ചുണ്ടുകൾ താഴേക്ക് പതിയെ ഇറങ്ങിതുടങ്ങുകയായിരുന്നു.. "അയ്യോ ദേ മുത്തശ്ശി..." പെട്ടന്നവൾ പറഞ്ഞതും ഞെട്ടിക്കൊണ്ടവൻ അവളിൽ നിന്നും അടർന്നു മാറിക്കൊണ്ട് പിടച്ചിലോടെ തിരിഞ്ഞു നോക്കി.. പക്ഷെ അവിടെ ആരുമില്ലായിരുന്നു.. ഉടനെ അഞ്ജലി താഴേക്ക് ചാടിയിറങ്ങിക്കൊണ്ട് ചില്ലു പൊട്ടുന്ന സ്വരത്തിൽ ചിരിച്ചുകൊണ്ട് ഓടിപ്പോയി..

"ഛെ.. നിനക്കുള്ളത് ഞാൻ തരാടീ.. പലിശ സഹിതം തരാം...." നന്ദൻ അവനെ നോക്കിയിട്ട് ഇളിച്ചുകൊണ്ട് ഓടിപ്പോകുന്നവളെ നോക്കി പറഞ്ഞു.. നടുമുറ്റത്തേക്ക് വരുന്നതിന് മുൻപേ മുഖത്തെ മഞ്ഞൾ തുടച്ചു മാറ്റിയിരുന്നു.. ആദ്യം തന്നേ നീരുവിന്റെയും വിഷ്ണുവിന്റെയും മുന്നിലാണ് ചെന്നു പെട്ടത്... "നീ കുറേ നേരമായല്ലോ ഇതെടുക്കാൻ പോയിട്ട്.." നീരു അർത്ഥം വച്ചു ചോദിച്ചു. "അവള് അളിയന്റെയൊപ്പം ഇത് കലക്കിക്കൊണ്ടിരുന്നതായിരിക്കും അവിടെ... അല്ലേലും എന്റളിയൻ ഈ കാര്യത്തിൽ ഒരു കലക്ക്‌ കലക്കും..." വിഷ്ണുവും കളിയാക്കിക്കൊണ്ട് പറഞ്ഞു.. "ഒന്നു പോടാ..." അഞ്ജലി ചമ്മല് മാറ്റിവച്ചിട്ട് പറഞ്ഞു.. "എന്തൊക്കെയായിരുന്നു.. ഇവിടെ നിക്കാൻ വയ്യ.. ഇവിടുന്നു പോകാം.. മേലിൽ നിങ്ങടെ പ്രശ്നത്തിന് ഞങ്ങളെ വിളിച്ചു പോകരുത് ഞങ്ങൾക്ക് മര്യാദക്ക് പ്രേമിക്കാൻ പോലും സമയം കിട്ടുന്നില്ല.. രണ്ടിന്റേം വഴക്ക് കാണുമ്പോ കരുതും ഇവരിപ്പോ അടിച്ചു പിരിയും എന്ന്.. എന്നാലോ കുറച്ചു നേരം കഴിഞ്ഞാൽ അടയും ചക്കരയും പോലാവും.." വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀

മുത്തശ്ശിയും മായമ്മയും മറ്റുള്ളവരും ചേർന്ന് ഗായത്രിയെ ഒരു ഇരിപ്പീഡത്തിൽ ഇരുത്തി അവളുടെ തലമുടിയിൽ കുറച്ച് എണ്ണ പുരട്ടി പിന്നീട് കുഴമ്പ് മുഖത്തും കാലിലും കൈയിലും പുരട്ടി.. ശേഷം അവളുടെ തലയിലേക്ക് കുടത്തിലെ വെള്ളം ഒഴിച്ച് കൊടുത്തു.. അതിനെ മംഗളസ്നാനം എന്ന് പറയപ്പെടുന്നു.. അത് വധുവിന്റെ ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു.. ഇതേ സമയത്താണ് വീടിന്റെ ഉമ്മറത്ത് ഉലാത്തുകയായിരുന്ന ഉണ്ണിയേട്ടനെ സുഭദ്രമ്മയുടെ കണ്ണുകളിലുടക്കിയത്.. എല്ലാവരും അകത്ത് നടുമുറ്റത്താണ്.. ഇതിലും മികച്ച ഒരവരസം ഇനി കിട്ടിയെന്ന് വരില്ലെന്ന് അവർക്ക് മനസ്സിലായി.. "ഉണ്ണീ...." സുഭദ്രാമ്മ വിളിച്ചതും ഉണ്ണിയേട്ടൻ തലയുയർത്തി നോക്കി.. "നിങ്ങളെന്നോട് മിണ്ടണ്ട.. സുഭദ്രാമ്മ ചീത്തയാ.. ദേബൂനെ കല്യാണം കഴിപ്പിച്ചു തരാന്ന് പറഞ്ഞു പറ്റിക്ക്വല്ലേ...."

ഉണ്ണിയേട്ടൻ പിണക്കം കാണിച്ചുകൊണ്ട് പറഞ്ഞു.. "മോനെ ഞാൻ അതിനെ പറ്റി സംസാരിക്കാനായിട്ടാ വന്നേ... ദേവുവിനെ നിനക്ക് കെട്ടിച്ചു തരാനുള്ള കാര്യം...." സുഭദ്രാമ്മ താഴ്ന്ന ശബ്ദത്തിൽ പറയുമ്പോഴും ചുറ്റിനും ആരുമില്ലെന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.. "ശരിക്കും...?" ഉണ്ണിയേട്ടന്റെ മുഖത്തെ പരിഭവം മാറി പുഞ്ചിരി വിരിഞ്ഞു.. കണ്ണുകളിലൊരു തിളക്കം.. "ആന്നെ... പക്ഷെ അതിന് പകരം മോനിക്കൊരു ഉപകാരം ചെയ്ത് തരണം..." സുഭദ്രമ്മ പറഞ്ഞു.. "എന്താത്.....?" ഉണ്ണിയേട്ടൻ കൗതുകത്തോടെ ചോദിച്ചു. സുഭദ്രമ്മ അവനെ കൂടുതൽ അടുത്തേക്ക് വിളിച്ച് ചെവിയിൽ എന്തൊക്കെയോ ഓതിക്കൊടുത്തു.. "മ്മ് മ്മ്... പക്ഷേങ്കിൽ ഇങ്ങനെ ചെയ്താ ഉറപ്പായിട്ടും ദേബൂനെ എനിക്ക് തരോ?" "പിന്നല്ലാതെ..?" "സത്യായിട്ടും?" ഉണ്ണിയേട്ടൻ വലത്തേ കൈ നീട്ടി ചോദിച്ചു. "ഉം... സത്യം....." അവർ അവന്റെ കയ്യിൽ കൈ വച്ചു പറഞ്ഞു. "അപ്പൊ ഞാൻ ഇപ്പൊ തന്നേ ചെയ്യട്ടെ..?" "ഏയ്‌.. ഇപ്പഴല്ല.. സമയാവുമ്പോ ഞാൻ പറയാം.." സുഭദ്രമ്മ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.. "ഉം.. അപ്പൊ ദേബു എനിക്കുള്ളതല്ലേ....?" ഉണ്ണിയേട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. "നിനക്കുള്ളത് തന്നേ...." സുഭദ്രമ്മ മറുപടി പറഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story