പ്രണയ സ്വകാര്യം: ഭാഗം 30

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"ഹാ.. എന്റെ പൊന്നുമോള് എവിടെപ്പോകുവാ.. നമുക്ക് രണ്ടുപേർക്കും ഉറങ്ങാനുള്ള സമയമായി.." ചടങ്ങ് കഴിഞ്ഞ് ഭക്ഷണമെല്ലാം കഴിച്ചും കഴിഞ്ഞിരുന്നു.. മുറ്റത്ത് കാശിയേട്ടന്റെ സുഹൃത്തുക്കൾ പാട്ടും കൂത്തുമായി വൻ ബഹളമായിരുന്നു.. ഇടയ്ക്കിടെ അറിയാതെയെങ്കിലും കാശിയേട്ടൻ ഗായത്രിയെ നോക്കിപ്പോയാൽ പിന്നെ സുഹൃത്തുക്കൾ കാശിയെ കളിയാക്കി കൊല്ലുകയായിരുന്നു.. കുറേ നേരം അവരുടെ കലാപരിപാടികൾ നോക്കി നിന്നപ്പോഴാണ് നന്ദേട്ടൻ പിന്നിൽ വന്ന് തോണ്ടിയിട്ട് ഇങ്ങനെ പറഞ്ഞത്.. അതോടെ ഇന്ന് കിടക്കാൻ നന്ദേട്ടന്റെ മുറിയിലോട്ട് കേറിചെന്നാലുള്ള അവസ്ഥ ഊഹിക്കാമായിരുന്നു.. കേട്ടപ്പോ ഒന്ന് വാ തുറന്ന് നിന്നു പോയി.. തിരിഞ്ഞു നോക്കിയപ്പോ അവളെ നോക്കി ചിരിച്ചുകൊണ്ട് മീശ പിരിക്കുന്ന നന്ദേട്ടനെ കണ്ട് പെട്ടന്ന് കണ്ണുകൾ പറിച്ചു നട്ടു.. "ഹാ.. ഇതുപോലെ ഹരിയുടെ കെട്ടും കാണണം എന്നൊരു മോഹം ഉണ്ടായിരുന്നു എനിക്ക്..." ആ സമയത്താണ് മുത്തശ്ശിയുടെ വാക്കുകൾ കേട്ടത്. മുത്തശ്ശിയെ നോക്കിയപ്പോൾ കാശിയേട്ടനെ ആനന്ദം കൺകുളിർക്കേ നോക്കി നിൽക്കുന്നത് കണ്ടു.. "അച്ചോടാ.. അതിനെന്താ മുത്തശ്ശി.. മുത്തശ്ശിക്ക് വേണമെങ്കിൽ ഞങ്ങൾ എല്ലാ ആചാരങ്ങളും ചെയ്ത് ഞാൻ ഒരു താലി അവളുടെ കഴുത്തിലങ്ങ് കെട്ടിയേക്കാം..."

നന്ദേട്ടൻ മുത്തശ്ശിയുടെ തോളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. അടുത്ത് നിന്ന നീരുവാണ് നന്ദേട്ടന്റെ സംസാരം ശ്രദ്ധിക്കാൻ തോണ്ടി കാണിച്ചത്. കേട്ടപ്പോൾ പെണ്ണൊന്നു അവനെ നോക്കി.. കല്യാണത്തെ പറ്റിയാണ് നന്ദേട്ടൻ സംസാരിക്കുന്നത്.. ആരോ അവളുടെ മനസ്സിൽ മന്ത്രിക്കുന്നതായി തോന്നി... "ശരിയാ.. കാശിയുടെ കല്യാണത്തിന്റെ തിരക്കിനിടയിൽ നമ്മളതങ്ങു മറന്നു പോയി.. അഞ്ജലീടേം ഹരിയുടേം കെട്ട് കഴിഞ്ഞിട്ടില്ല്യാട്ടോ..." മായമ്മക്ക്‌ മകന്റെ കാര്യം പറയുമ്പോൾ നല്ല ഉത്സാഹമായിരുന്നു.. കേട്ട് നിൽക്കുകയായിരുന്ന അച്ഛനൊന്ന് പുച്ഛത്തോടെ മുഖം കാണിച്ച് അകത്തേക്ക് പോയി.. "ന്റെ കൃഷ്ണാ.. അപ്പൊ കല്യാണം കഴിക്കാതെ ആയിരുന്നല്ലേ ഇതിങ്ങള് രണ്ടും ഇവിടെ ഇങ്ങനെ നടന്നത്.. ഞാനത് അത്രക്കങ്ങട് ശ്രദ്ധിച്ചില്ല്യാട്ടോ.. ഏതായാലും ന്റെ മോഹം നടത്താൻ പറ്റ്വല്ലോ..." മുത്തശ്ശി തോളിൽ താടികുത്തി നിൽക്കുന്ന നന്ദേട്ടന്റെ കവിളുകളെ തഴുകിക്കൊണ്ട് പറഞ്ഞു.. നന്ദേട്ടൻ അഞ്ജലിയെ നോക്കി കണ്ണുചിമ്മി കാണിച്ചു.. "എങ്കിൽ പിന്നെ കാശീടേം ഗായത്രി മോൾടേം കെട്ടൊന്ന് കഴിയട്ടെ.. എന്നിട്ട് നമുക്ക് ഇതിനെ പറ്റി സംസാരിക്കാം..." മുത്തശ്ശി പറഞ്ഞു..

അഞ്ജലിയുടെ കണ്ണുകൾ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയില്ല.. മുത്തശ്ശി നിന്ന് കാലുവേദനിക്കുന്നുവെന്നും കിടക്കട്ടെയെന്നും പറഞ്ഞ് അകത്തേക്ക് കേറിപ്പോയി.. മായമ്മയും പിന്തുടർന്ന് പോയിക്കൊണ്ടിരുന്നു.. "എല്ലാരും വന്നു കിടന്നോ നാളെ കാലത്തെ എണീക്കാനുള്ളതാ.." പോകുന്നതിനിടെ മായമ്മ പറയുന്നുണ്ടായിരുന്നു.. അപ്പോഴാണ് നന്ദനെ പിന്നിൽ നിന്നും ആരോ ഷർട്ടിനു പിടിച്ചു വലിക്കുന്നതായി തോന്നിയത്.. തിരിഞ്ഞു നോക്കിയപ്പോ വിഷ്ണു ആയിരുന്നു.. "എന്താടാ...?" ചോദിച്ചുകൊണ്ടിരിക്കവേ എന്തോ ഗൗരവമുള്ള കാര്യം പറയാനെന്ന മട്ടിൽ വിഷ്ണു അവനെ പിന്നിലേക്ക് വലിച്ചു കൊണ്ടുപോയിരുന്നു.. "എന്താടാ കാര്യം?" നന്ദൻ പിന്നെയും ആവർത്തിച്ചു.. "അതില്ലേ.. അളിയാ.. നിന്റെം അഞ്ജലിയുടേം കാര്യം ഏകദേശം സെറ്റ് ആയല്ലോ.. ഞാനും നീരുവും കുറേ നാളായി വെയ്റ്റിംഗ് ലിസ്റ്റിൽ കാഞ്ചനയും മൊയ്‌ദീനുമായി ഇരിക്കാൻ തുടങ്ങിയിട്ട്.. ഞങ്ങടെ കാര്യം കൂടെ അളിയനൊന്ന് പറഞ്ഞു സെറ്റ് ആക്കി തരണം.."

"ഹാ.. ഇതായിരുന്നോ.. എന്നാൽ അളിയൻ കേട്ടോ.. ഒരു മൂന്ന് കൊല്ലമെങ്കിലും കഴിയാതെ നിങ്ങളെ കെട്ടിക്കുന്ന പ്രശ്നമില്ല..." നന്ദൻ തമാശയോടെ വിഷ്ണുവിനോട് പറഞ്ഞു.. "അങ്ങനെയാണോ..?" "അങ്ങനെ തന്നെയാ..." "എന്നാ ഞാൻ അഞ്ജലിയോട് പോയി പറയട്ടെ നീ ദേവുവിനെ കണ്ണിറുക്കി കാണിച്ചത് ഞാൻ കണ്ടെന്നു..." പറഞ്ഞുകൊണ്ട് വിഷ്ണു നടക്കാൻ തുടങ്ങിയതും നന്ദൻ വെപ്രാളത്തോടെ പിടിച്ചു നിർത്തി. സംഗതി ഏറ്റെന്ന് വിഷ്ണുവിനും ബോധ്യമായി.. "പൊന്നളിയാ ചതിക്കരുത്... ഒരു വിധത്തിൽ കാര്യങ്ങൾ ഒന്ന് കരക്കടുപ്പിച്ചു വരുന്നേ ഉള്ളു.. അതിനിടയിൽ എല്ലാം കൂടെ പിന്നെയും കുളം ആക്കരുത്.. നിങ്ങക്ക് കെട്ട് നടന്നാൽ പോരെ.. നടത്തിത്തരാം.. എപ്പോ വേണം..? നാളെയോ...?" "മതി മതി മതി അളിയോ.. ഇത്രേം മതി.. ഇന്ത ഭയം ഇറുക്കട്ടും.. കല്യാണം ഞങ്ങൾക്ക് പയ്യെ മതി.." വിഷ്ണു പറഞ്ഞു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 എല്ലാവരും കിടക്കാനായി ചെന്നു.. കാശിയേട്ടന്റെയും സുഹൃത്തുക്കളുടെയും പരിപാടികൾ അപ്പോഴും തീർന്നിട്ടുണ്ടായിരുന്നില്ല.. നന്ദേട്ടനും കിടക്കാനായി പോയിട്ടുണ്ട്. ഉറക്കം വരുന്നുണ്ടായിരുന്നെങ്കിലും ആ മുറിയിലോട്ട് പോകുന്ന കാര്യം ഓർത്ത് ഉറക്കം സഹിച്ച് ബാൽക്കണിയിൽ തന്നെ ഇരിക്കുകയായിരുന്നു..

നീരുവും വിഷ്ണുവും അടയും ചക്കരയും പോലെ ഒട്ടിയിരിക്കുന്നുണ്ട്.. എല്ലാരും കിടക്കാറായാലേ രണ്ടും രണ്ടിന്റെയും മുറികളിലേക്ക് പോകൂ എന്ന് തോന്നുന്നു.. മറുവശത്ത് രേവതിയും അഭിയേട്ടനും ആണേൽ നിലാവിനെ നോക്കിയുള്ള റൊമാൻസിൽ ആണ്.. ഇടക്ക് അഭിയേട്ടൻ ആരും കാണാതെ രേവതിയുടെ കവിളത്തൊന്ന് മുത്തി.. തനിക്കും ഉണ്ടൊരു ക്യാമുകൻ ഇത്തരം പൈങ്കിളി റൊമാൻസ് ഇഷ്ടമല്ലാതെ റൂമില് കാത്തിരിക്കുന്ന ഒരു ഊള കാമുകൻ. ഒറ്റക്കിരുന്നു ദേഷ്യവും ഇവളുമാരുടെ റൊമാൻസ് കണ്ട് കുശുമ്പും വന്നു.. രണ്ടു കൂട്ടരും കട്ടക്ക് നിന്നു റൊമാൻസ് മത്സരം നടത്തുവാണെന്ന് തോന്നുന്നു.. പുറത്തെ പടികളിൽ ഗായത്രി ഒറ്റക്ക് ഇരിക്കുന്നത് കണ്ടു.. കാശിയേട്ടന്റെയും സുഹൃത്തുക്കളുടെയും ഭാഗത്തേക്കാണ് നോട്ടം.. ഹാവൂ, മരുഭൂമിയിൽ ഒരിടത്തെങ്കിലും മഴയുണ്ടല്ലോ എന്ന് കരുതി ആശ്വസിച്ച് ഗായത്രിയുടെ അടുത്തേക്ക് ചെന്നിരിക്കമെന്ന് മനസ്സിൽ വിചാരിക്കുമ്പോഴാണ് കാശിയേട്ടൻ അവിടെ നിന്നും അവളെ നോക്കുന്നത് കണ്ടത്.. എന്തെന്ന് ചിരിച്ചുകൊണ്ട് കാശിയേട്ടൻ പുരികമുയർത്തി കാണിക്കുന്നത് കണ്ടു.. ഒന്നുമില്ലെന്ന് തലയാട്ടിക്കൊണ്ട് ഗായത്രി കൈകൾ രണ്ടും കോർത്ത് പിടിച്ചു.. തണുപ്പുണ്ടോ എന്ന് കാശിയേട്ടൻ കൈകൾ ഉരസിയിട്ട് ആംഗ്യം കാണിച്ചു..

ഉണ്ടെന്ന് ഗായത്രി തലയാട്ടുന്നത് കണ്ടു.. ഞാൻ വരട്ടെയെന്നും കെട്ടിപ്പിടിക്കട്ടെയെന്നും കാശിയേട്ടൻ കൈകൾ കൊണ്ട് ചോദിക്കുന്നു.. പിന്നെ അവിടെ നിക്കണമെന്നേ തോന്നിയില്ല അഞ്ജലിക്ക്.. മൂന്ന് കൂട്ടരും റൊമാൻസു കാണിച്ച് മരിക്കുവാണ്.. ഇതൊക്കെ കണ്ട് വെള്ളമിറക്കാൻ ആവും തന്റെ വിധി.. ആരെണ്ണത്തിന്റെയും തലേല് ഇടുത്തീ വീഴട്ടെ എന്ന് പ്രാകിക്കൊണ്ടാണ് വേഗം അകത്തേക്ക് നടന്നുപോയത്.. രാത്രി ഏറെ വൈകിയത് കൊണ്ട് അകത്തെ ലൈറ്റ് അണച്ചിരുന്നു.. കോലായയിലെ ലൈറ്റിന്റെ വെളിച്ചമായിരുന്നു നടുവകത്തേ ഇരുട്ടിനെ പാതി വെളുപ്പിച്ചത്.. നടുവകത്തേക്കെത്തിയതും ഏതോ ഒരു കൈ തന്റെ കയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു.. ഒന്ന് ഞെട്ടി ഒച്ചവെക്കുവാനുള്ള പുറപ്പാടായിരുന്നെങ്കിലും മതിലിനോട് ചേർത്ത് നിർത്തിക്കൊണ്ട് നന്ദേട്ടൻ അവളുടെ വാ പൊത്തി... "ശൂ ശൂ.. ഒച്ചവെക്കാതെ.. ഇത് ഞാനാടി...." നന്ദേട്ടൻ പറഞ്ഞുകൊണ്ട് മെല്ലെ വായിൽ നിന്നും കൈ മാറ്റി... പെണ്ണൊന്നു പതറി.. "എന്തോന്നാ...?" "നീ അവരുടെയൊക്കെ റൊമാൻസ് കണ്ട് സങ്കടപ്പെട്ടു നിൽക്കുന്നത് കണ്ടിട്ട് സഹിച്ചില്ല.. ഞാൻ അവരെക്കാൾ ഒക്കെ കിടു ആയിട്ട് റൊമാൻസ് ചെയ്യുമെടീ.."

പെണ്ണിന്റെ മുടി ചെവിക്ക് പിന്നിൽ ഒതുക്കി വച്ചുകൊണ്ട് അവളിലേക്ക് പരമാവതി അടുത്ത് നിന്ന് അവനവളുടെ മുഖത്തേക്ക് പാതി നോക്കി.. മോഹത്തോടെ.. പ്രേമത്തോടെ.. "നന്ദേട്ടാ.. ആരേലും ഇപ്പോ വരും.." പെണ്ണ് പറഞ്ഞു.. "വരട്ടെ.. എന്നിട്ട് കാണട്ടെ ഹരി നന്ദന്റെ റൊമാൻസ്.." അവളുടെ കൈകളെ പിടിച്ചുകൊണ്ടവൻ പറഞ്ഞു.. പതിയെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി അടുത്തേക്ക് ചെന്നു.. "അയ്യോ മുത്തശ്ശി...." ഒരു വെപ്രാളത്തോടെ പെണ്ണ് പറഞ്ഞതും അതുവരെ ഒരു കൂസലുമില്ലാതെ നിന്നവൻ തുള്ളിക്കൊണ്ട് മാറി നിന്നു.. അവനെ പറ്റിച്ചുകൊണ്ട് നേരെ ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു.. ഓട്ടത്തിന്റെ അവസാനം അവന്റെ മുറിയിലേക്കാണെന്ന് അറിയുമായിരുന്നെങ്കിൽ കൂടി.. "നിക്കെടീ അവിടെ..." താഴ്ന്ന ശബ്ദത്തിൽ പറഞ്ഞുകൊണ്ട് മുണ്ട് മടക്കിക്കുത്തി അവൾക്ക് പിന്നാലെ അവനും ഓടി.. നടുമുറ്റം കടന്ന് മുറിക്കുനേരെ അവൾ ഓടിക്കേറുന്നതിന് തൊട്ടു മുൻപേയാണ് വലതുവശത്തു നിന്നും നടന്നു വരുന്ന മായമ്മയെയും മുത്തശ്ശിയെയും കണ്ട് ഒന്ന് നിന്നത്.. പിന്നാലെ വന്ന നന്ദനും പെട്ടന്ന് നിന്നു.. "എന്താ ഈ പാതിരാത്രിക്ക് ഇവിടൊരു മരണപ്പാച്ചിൽ...?" മായമ്മയുടേതാണ് ചോദ്യം..

"അത്.. അതമ്മേ ഞങ്ങൾ.. ഞങ്ങൾ വെറുതേ ഒരു ഓട്ട മത്സരം വച്ചതായിരുന്നു.." ചിരിച്ചു കാണിച്ചിട്ട് അഞ്ജലി പറഞ്ഞു. "മായേ.. ഇവര് ഇങ്ങനെ ഓടിയാൽ ഇവളുടനെ പുളിമാങ്ങ തിന്നു തുടങ്ങുന്ന മട്ടാണ്... അതോണ്ടേ.. നമുക്കൊരു കാര്യം ചെയ്യാം.. ഇവരുടെ കെട്ട് കഴിയുന്നത് വരെ അഞ്ജലി എന്റെ കൂടെ കിടക്കട്ടെ.. കെട്ട് കഴിയണ വരെ ഗായത്രിയുടേം കാശിയുടേം കാര്യത്തില് നമ്മൾ ഇങ്ങനെ തന്നെയല്ലേ ചെയ്തേ..." മുത്തശ്ശി പറഞ്ഞു.. മായമ്മയും അത് ശരിവച്ചു.. എന്തോ കരിഞ്ഞു മണക്കുന്നത് കേട്ടാണ് തിരിഞ്ഞു നോക്കിയത്.. അപ്പോഴാണ് അത് നന്ദേട്ടന്റെ ഹൃദയമായിരുന്നെന്ന് മനസ്സിലായത്... "മോള് വന്നേ..." മുത്തശ്ശി കൈ പിടിച്ചുകൊണ്ടു പെണ്ണിനെ കൊണ്ടുപോയി.. പിന്നാലെ മായമ്മയും.. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ നട്സ് വിഴുങ്ങിയ അണ്ണാനെ പോലെ, തല പോയ തെങ്ങിനെ പോലെ, നിൽക്കുന്ന നന്ദേട്ടനെ കണ്ടു.. യോഗല്യ അമ്മിണിയെ, ആ പായ അങ്ങോട്ട് മടക്കി വെക്ക്വ.... 🌺🥀🌺🥀🌺🥀🌺🥀🌺🥀 രാവിലെ എണീറ്റപ്പോഴേക്കും മണ്ഡപമെല്ലാം ഒരുക്കി കഴിഞ്ഞിരുന്നു..

കൊറോണ ആയതുകൊണ്ട് കല്യാണം വീട്ടിലുള്ള ആൾക്കാരിലും ഗായത്രിയുടെ കുടുംബക്കാരിലും മാത്രമായി ചുരുങ്ങിയിരുന്നു.. കുളിയെല്ലാം കഴിച്ച് പുതിയ ഉടുപ്പിട്ട് എത്തിയപ്പോഴേക്കും തിരുമേനിയും വന്നു കഴിഞ്ഞിരുന്നു.. രേവതിയും ഗായത്രിയുടെ വീട്ടുകാരും ചേർന്നാണ് ഗായത്രിയെ ഒരുക്കിയത്.. അതിനെ പറ്റി ഒരു പിടിയും ഇല്ലാത്തതിനാൽ നീരുവിനോപ്പം വെറുതേ ഹാളിലൂടെ ഉലാത്തുകയായിരുന്നു.. കല്യാണത്തിന് വാങ്ങിയ പുതിയ കുപ്പായമെല്ലാം ഇട്ട് നന്ദേട്ടൻ വന്നു.. തമ്മിൽ കണ്ടപ്പോ ഇന്നലെ ചമ്മിയതിന്റെ ഒരു പൊടിക്ക് ബാക്കിയുണ്ട്.. പിന്നാലെ കാശിയേട്ടൻ വന്നു.. ഒരു ഇളം മഞ്ഞ നിറത്തിലുള്ള കുർത്തയും ദോത്തിയുമായിരുന്നു വേഷം.. കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയെയും അവൾക്ക് പിന്നാലെ മറ്റെല്ലാവരെയും കണ്ടു.. മഞ്ഞ കരയുള്ള ഒരു സാരിയായിരുന്നു ഗായത്രിയുടെ വേഷം.. ചടങ്ങുകൾ ആരംഭിച്ചു.. തിരുമേനി മന്ത്രങ്ങൾ ജപിച്ചു തുടങ്ങി... നന്ദേട്ടൻ അടുത്തായി വന്നു നിന്നു.. വിഷമിപ്പിക്കേണ്ടെന്ന് കരുതി നന്ദേട്ടന്റെ കൈയിൽ വിരൽ കോർത്ത് ചേർന്ന് നിന്നു..

അവനൊന്ന് മെല്ലെ പുഞ്ചിരിച്ചു.. വധൂവരന്മാർ താലി ചാർത്തുമ്പോൾ അവർക്ക് മീതെ എറിയുവാനായി എല്ലാവരുടെ കയ്യിലും പൂക്കൾ തന്നു.. ഹൈലി റൊമാന്റിക് ആയ നന്ദേട്ടൻ അതവളുടെ മീതെ എറിഞ്ഞു തീർത്തു.. ഓരോ സമയവും അവളിൽ നിന്നും കണ്ണെടുക്കുവാൻ അവൻ പാട് പെടുകയായിരുന്നു.. "ഈ വിവാഹം പൂർത്തിയായിരിക്കുന്നു..." തിരുമേനി പറഞ്ഞപ്പോഴാണ് വിവാഹം കഴിഞ്ഞ കാര്യം അവൻ അറിയുന്നത് പോലും.. "അഞ്ജലി മോളേ.. ഗായത്രിക്ക് കൊടുക്കാൻ കാശി ഒരു റിങ് വാങ്ങി വച്ചിട്ടുണ്ട്.. കാശിയുടെ റൂമിലെ അലമാരയിലുണ്ട്.. ചാവിയും അവിടെ തന്നെ ഇരിപ്പുണ്ട്.. മോളതൊന്ന് പോയി എടുത്തോണ്ട് വരാമോ......?" മായമ്മയാണ് അടുത്ത് വന്നിട്ട് പറഞ്ഞത്.. ശരിയെന്നു പറഞ്ഞു നടക്കുമ്പോൾ പിന്നാലെ നന്ദേട്ടനും വന്നു.. "നീയെങ്ങോട്ടാ? നീയേ.. ഇവിടെ നിന്നാ മതി കേട്ടോ? അവള് പോയി എടുത്തോണ്ട് വന്നോളും..." പിന്നാലെ വന്ന നന്ദേട്ടനെ മായമ്മ തടഞ്ഞു നിർത്തി പറയുന്നത് കേട്ടെങ്കിലും ചിരിയമർത്തി വച്ച് തിരിഞ്ഞു നോക്കാതെ നടന്നു..

കാശിയേട്ടന്റെ മുറിയിലേക്ക് പോകുന്നതിനിടെയാണ് തുറന്നിട്ട പൂമുഖ വാതിലിലൂടെ കണ്ണുകൾ വെറുതേ പുറത്തേക്ക് വഴുതിചെല്ലുന്നത്.. പുറത്ത് രണ്ടു കാറുകൾ നിർത്തിയിട്ടതും അതിൽ ആളുകൾ ഇരിക്കുന്നതും കണ്ട് ഒന്ന് നിന്നു പോയി.. മെല്ലെ വാതിൽ കടന്ന് ഉമ്മറത്തെത്തി കാറിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കി.. ഉള്ളിൽ ഇരുന്നവരുടെ മുഖം വ്യക്തമല്ലായിരുന്നു.. പെട്ടെന്ന് ഡോർ തുറന്നു വന്നു.. ആദ്യം താഴെ മണ്ണിൽ ഒരു ശൂ പതിഞ്ഞു.. പിന്നെ പിന്നെ ഒരാൾ കാറിൽ നിന്നും പുറത്തേക്കിറങ്ങി ഡോർ അടച്ചു മുന്നോട്ട് നോക്കി.. ഒറ്റ തവണയെ കണ്ടിട്ടുള്ളുവെങ്കിലും അയാളെ അവള് പെട്ടെന്ന് ഓർത്തെടുത്തു.. ആളെ മനസ്സിലായതും അവളൊന്ന് ഞെട്ടി വിറച്ചുപോയി.. കൂടുതൽ നേരം അവിടെ നിൽക്കാനാവാതെ അകത്തേക്ക് തിരിഞ്ഞോടി.. മടപത്തിനരികിൽ നന്ദേട്ടൻ അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു.. ഓടിച്ചെന്ന് വെപ്രാളത്തോടെ നന്ദേട്ടന്റെ കയ്യിൽ പിടുത്തമിട്ടു. "എന്താടീ..." വിയർത്തുകൊണ്ടും വിറച്ചുകൊണ്ടുമുള്ള ആ പെണ്ണിന്റെ സമീപനം അവന്റെ നെറ്റി ചുളിച്ചു.. "അത്.... അത്... നന്ദേട്ടാ.. അവിടെ ഉമ്മറത്ത്... രേവതിയുടെ അച്ഛനും കൂട്ടരും വന്നു നിൽക്കുന്നുണ്ട്....." പെണ്ണ് പേടിയോടെ പറഞ്ഞു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story