പ്രണയ സ്വകാര്യം: ഭാഗം 31

pranaya swakaryam

രചന: ആദിത്യൻ മേനോൻ

കാശിയേട്ടന്റെ മുറിയിലേക്ക് പോകുന്നതിനിടെയാണ് തുറന്നിട്ട പൂമുഖ വാതിലിലൂടെ കണ്ണുകൾ വെറുതേ പുറത്തേക്ക് വഴുതിചെല്ലുന്നത്.. പുറത്ത് രണ്ടു കാറുകൾ നിർത്തിയിട്ടതും അതിൽ ആളുകൾ ഇരിക്കുന്നതും കണ്ട് ഒന്ന് നിന്നു പോയി.. മെല്ലെ വാതിൽ കടന്ന് ഉമ്മറത്തെത്തി കാറിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കി.. ഉള്ളിൽ ഇരുന്നവരുടെ മുഖം വ്യക്തമല്ലായിരുന്നു.. പെട്ടെന്ന് ഡോർ തുറന്നു വന്നു.. ആദ്യം താഴെ മണ്ണിൽ ഒരു ശൂ പതിഞ്ഞു.. പിന്നെ പിന്നെ ഒരാൾ കാറിൽ നിന്നും പുറത്തേക്കിറങ്ങി ഡോർ അടച്ചു മുന്നോട്ട് നോക്കി.. ഒറ്റ തവണയെ കണ്ടിട്ടുള്ളുവെങ്കിലും അയാളെ അവള് പെട്ടെന്ന് ഓർത്തെടുത്തു.. ആളെ മനസ്സിലായതും അവളൊന്ന് ഞെട്ടി വിറച്ചുപോയി.. കൂടുതൽ നേരം അവിടെ നിൽക്കാനാവാതെ അകത്തേക്ക് തിരിഞ്ഞോടി.. മടപത്തിനരികിൽ നന്ദേട്ടൻ അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു.. ഓടിച്ചെന്ന് വെപ്രാളത്തോടെ നന്ദേട്ടന്റെ കയ്യിൽ പിടുത്തമിട്ടു. "എന്താടീ..." വിയർത്തുകൊണ്ടും വിറച്ചുകൊണ്ടുമുള്ള ആ പെണ്ണിന്റെ സമീപനം അവന്റെ നെറ്റി ചുളിച്ചു..

"അത്.... അത്... നന്ദേട്ടാ.. അവിടെ ഉമ്മറത്ത്... രേവതിയുടെ അച്ഛനും കൂട്ടരും വന്നു നിൽക്കുന്നുണ്ട്....." പെണ്ണ് പേടിയോടെ പറഞ്ഞു.. കേട്ടതും നന്ദനൊന്ന് അമ്പരന്നു.. ആദ്യം കണ്ണുകൾ തിരഞ്ഞത് അഭിയേയും രേവതിയെയും ആയിരുന്നു.. പരസ്പരം കൈ കോർത്തു പിടിച്ച് ഒന്നുമറിയാതെ ഒരു സൈഡിൽ അവർ പരസ്പരം നോക്കി ചിരിക്കുന്നത് കണ്ടു.. "നീ വന്നേ..." നന്ദൻ അവളെ നോക്കിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നെത്തി.. പിന്നാലെ അവളും.. ഇരുവരെയും ഒരുമിച്ച് കണ്ടതും രേവതിയുടെ അച്ഛൻ ദേഷ്യം കൊണ്ട് വിറച്ചു.. "അവരേം കൊണ്ട് ഇങ്ങോട്ട് മുങ്ങിയാൽ ഞങ്ങൾ കണ്ടെത്തിലെന്ന് കരുതിയോ? നീ ആ ഫ്ലാറ്റിന്റെ ഓണർ ആണെന്ന് അറിഞ്ഞപ്പോ തന്നെ എനിക്ക് തോന്നിയിരുന്നു ഇതില് നിനക്കും പങ്കുണ്ടെന്ന്.. പിന്നെ നിന്റെ മാനേജറേ വേണ്ട വിധം ചോദ്യം ചെയ്തപ്പോ നീ അവരേം കൊണ്ട് ഇങ്ങോട്ട് മുങ്ങിയെന്ന് അയാൾ പറയേം ചെയ്തു.. എവിടെടാ എന്റെ മോള്...?" കൈകൾ രണ്ടും പിന്നിലേക്ക് കെട്ടി വച്ചുകൊണ്ട് രേവതിയുടെ അച്ഛൻ ചോദിച്ചു..

"അവർ കൊച്ചു കുട്ടികളൊന്നുമല്ല.. ഒരുമിച്ച് ജീവിക്കാൻ അവർ തീരുമാനിച്ചാൽ അതിനെ എതിർക്കാൻ ആർക്കും ഒരവകാശവും ഇല്ല..." നന്ദൻ ധൈര്യത്തോടെ മുറ്റത്തേക്ക് ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു.. "എന്റെ മോൾ ആരെ കെട്ടണമെന്നുള്ള കാര്യം തീരുമാനിക്കാൻ എനിക്കറിയാം.. മര്യാദക്ക് അവരെ ഇങ്ങ് ഇറക്കി വിട്.. അല്ലെങ്കിൽ ഞങ്ങളങ്ങു കേറും..." "അങ്കിൾ കേറിക്കോ.. കേറി ചായേം പലഹാരവും ഒക്കെ കഴിച്ചിട്ട് വിട്ടോ.. അതെനിക്ക് കുഴപ്പമില്ല.. കാരണം പ്രായത്തിൽ മൂത്തവരെ ഞാൻ തല്ലാറില്ല.. എന്നാൽ ബാക്കി ഉള്ളവന്മാരെങ്ങാനും എന്റെ വീടിനകത്ത് കാല് കുത്തിയാൽ......" പതിയെ നന്ദന്റെ ശ്രദ്ധ അച്ഛനിൽ നിന്നും കൂടെ വന്ന ഗുണ്ടകളുടെ നേർക്കായി.. ഒരു ആജ്ഞ പോലെ അവൻ വിരല് ചൂണ്ടി പറഞ്ഞപ്പോൾ അച്ഛന്റെ മുഖം കൂടുതൽ കനത്തു.. "നോക്കി നിക്കാതെ അകത്ത് കേറി അവളെയിങ് പിടിച്ചിറക്കിക്കൊണ്ട് വാടാ..." അദ്ദേഹം നന്ദനെ നോക്കിക്കൊണ്ട് തന്നെ മറ്റുള്ളവരോടായി പറഞ്ഞതും അവർ എല്ലാവരും ചേർന്ന് നന്ദന്റെ അകത്തേക്ക് പ്രവേശിക്കുവാൻ തുടങ്ങി..

നന്ദൻ മുഷ്ടി ചുരുട്ടിക്കൊണ്ട് ഓടിക്കൊണ്ടിരുന്ന ഒരുവന്റെ തലക്ക് ആഞ്ഞടിച്ചു... അവനൊന്ന് കുഴഞ്ഞു.. ഓട്ടം നിർത്തിക്കൊണ്ട് തലയിൽ ഇരുകയ്യും അമർത്തി പിടിച്ചവനെ നന്ദൻ കോളറിൽ പിടിച്ച് മറ്റൊരുവന്റെ ദേഹത്തേക്കിട്ടു... നടുവകത്തേക്ക് കേറാൻ ശ്രമിച്ച രണ്ടുപേരെ അഞ്ജലി നടഞ്ഞു നിർത്തിയിരുന്നു.. "മാറി നിക്കെടീ..." അവളുടെ കഴുത്തിനു പിടിച്ചുകൊണ്ടായാൾ അവളെ തള്ളിമാറ്റുന്നത് കണ്ട് നന്ദൻ അലറിക്കൊണ്ടവന്റെ നേരെ ചീറിപ്പാഞ്ഞു ചെന്നു.. അവന്റെ ദേഹത്തേക്ക് ചാടി വീണു കരണത്തൊന്ന് പുകച്ചു... "എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെക്കുന്നോടാ നായെ..." അവന്റെ കോളറിന് കുത്തിപ്പിടിച്ചുകൊണ്ട് നിലത്ത് തലയടിപ്പിക്കുന്നതിനോടൊപ്പം നന്ദൻ ചോദിക്കുന്നത് കണ്ടാവണം മറ്റവൻ അഞ്ജലിയിൽ നിന്നും മാറി നിന്നത്... "എന്തായിവിടെ....? ഹരീ.....!" കാശിയേട്ടന്റെ വരവ് അപ്പോഴായിരുന്നു... ബഹളം കേട്ടിട്ടാവണം.. നന്ദനെയും അഞ്ജലിയെയും മറ്റുള്ളവർ ചേർന്ന് ആക്രമിക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ മുണ്ട് മടക്കി കുത്തി കാശി ഒരുത്തന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി..

അയാൾ തെറിച്ചുകൊണ്ട് തൂണിലേക്ക് പതിച്ചു.. "ഭാഗവതീ.. ഞാനെന്താ ഈ കാണണേ..." ഉമ്മറത്തെ ശബ്‌ദങ്ങൾ കേട്ട് ഇതിനോടകം എല്ലാവരും അവിടെയെത്തിയിരുന്നു.. അവസാനം വന്ന അഭിയും രേവതിയും വന്നവരെ കണ്ട് ഞെട്ടിപ്പോയി.. രേവതി അഭിക്ക് പിന്നിലായി ഒളിച്ചു.. അവർക്കിടയിലേക്ക് പോയാൽ അഭിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം എന്ന ഭയം കൊണ്ടാവണം അവളവന്റെ ഷർട്ടിന്റെ പിൻഭാഗത്ത് അള്ളിപ്പിടിച്ചു. എങ്കിലും തനിക്കു വേണ്ടി അവരോട് പൊരുതാൻ പാടുപെടുന്ന നന്ദനെയും കാശിയെയും വിഷ്ണുവിനെയും കണ്ടാണ് അഭിയും അവളുടെ പിടി വിട്ട് അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്.. "ആ പട്ടിയെ അങ്ങ് കൊന്നു കളയെടാ....." എല്ലാവരോടുമായി രേവതിയുടെ അച്ഛൻ അഭിയെ ചൂണ്ടിക്കാണിച്ചു പറഞ്ഞപ്പോൾ കൂടുതൽ ആളുകൾ അഭിയെ വളഞ്ഞു.. തങ്ങളാൽ കഴിയുന്ന വിധം പലരെയും വലിച്ചു മാറ്റിയിടാൻ അഞ്ജലിയും നീരുവും ഗായത്രിയും രേവതിയും തുടങ്ങിയിരുന്നു..

അഭിയെ വളഞ്ഞ നാല് പേരെ രേവതി പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് അച്ഛൻ കോപത്തോടെ കേറിവന്ന് അവളുടെ മുടിക്ക് കുത്തി പിടിച്ച് കരണത്തൊന്ന് കൊടുത്തത്.. അടിയേറ്റതും അവള് നിലത്തേക്ക് വീണു.. "ഈശ്വരാ...." മുത്തശ്ശി അപ്പഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു.. മുത്തശ്ശിയും മായമ്മയും ചേർന്ന് രേവതിയെ സംരക്ഷിക്കുവാൻ ശ്രമിച്ചു.. "നിങ്ങളൊക്കെ ആരാ... നിങ്ങൾക്കൊക്കെ എന്താ ഞങ്ങടെ വീട്ടിൽ കാര്യം...? ജയാ.. പോലീസിനെ വിളിക്ക്.." മുത്തശ്ശി അലറി.. "അവരിപ്പോ എത്തും അമ്മേ..." നന്ദന്റെ അച്ഛൻ മുൻപേ പോലീസിനെ അറിയിച്ചു കഴിഞ്ഞിരുന്നു.. "എന്റെ മോളേ ഇവിടെ ഒളിപ്പിച്ചു വച്ചതും പോരാഞ്ഞ് ഞാനാരാന്ന് ചോദിക്കുന്നൊ?" രേവതിയുടെ അച്ഛൻ പറഞ്ഞത് കേട്ടപ്പോഴാണ് അത് അവളുടെ അച്ഛനാണെന്ന് എല്ലാവർക്കും മനസ്സിലായത് തന്നെ... നാൽവർ സംഗത്തിൽ ഒരുവൻ കയ്യിൽ കരുതിയ ഒരു നീളൻ വടിയെടുത്ത് അഭിയുടെ കാലിൽ ആഞ്ഞതിച്ചു.. വേദനയോടെ അഭിയൊന്ന് പിടഞ്ഞു..

തടുക്കുവാൻ രേവതി പക്ഷെ അച്ഛന്റെ കൈക്കുള്ളിൽ കുരുങ്ങി കിടക്കുവായിരുന്നു.. "അച്ഛാ.. ഞങ്ങളെയൊന്നും ചെയ്യരുത് അച്ഛാ... ഞങ്ങൾ നിങ്ങൾക്കാർക്കും ഒരുപദ്രവവും ചെയ്തിട്ടില്ലല്ലോ.. പിന്നെന്തിനാ അച്ഛാ...." "വായടക്കെടീ.. നീ എന്ത് ചെയ്യണമെന്നും ആരെ കെട്ടണമെന്നും ഞാൻ തീരുമാനിക്കും.. നീയത് അനുസരിക്കും..." ഒന്ന് നിർത്തിയിട്ട് അയാൾ അഭിയെ തല്ലുന്നവരെ നോക്കിയിട്ട് തുടർന്നു.. "തല്ലി കൊല്ലടാ ഇവനെ..." നാലുപേരോടും ഒരിച്ച് ഏറ്റു മുട്ടുവാൻ അഭിക്കും ആയിരുന്നില്ല... അവൻ നിലത്തേക്ക് വീണുപോയി.. വായിൽ നിന്നും രക്തമൊഴുകി.. തല താണു പോയി.. മുട്ടുകുത്തി നിന്നവന്റെ കാലിലേക്ക് ഒരുത്തൻ വടിയുയർത്തി ശക്തിയായി അടിച്ചു.. രേവതി ഒന്ന് അലറികരഞ്ഞു... സങ്കടത്തോടെയും ദേഷ്യത്തോടെയും നന്ദൻ തന്നെ തടഞ്ഞു നിർത്തുന്നവന്റെ തലക്ക് സ്വന്തം തല കൊണ്ട് ആഞ്ഞു തൊഴിച്ചിട്ട് അഭിക്ക് നേരെ ഓടി... രണ്ടുപേർക്കു മീതെ ഒരുമിച്ച് ചാടി വീണുകൊണ്ട് ഇരുവരെയും നിലത്തിട്ട് ചവിട്ടി മെതിച്ചു..

അഭിയെ എഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചിട്ടും അവന് എഴുന്നേൽക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. പെട്ടന്ന് അഭിയുടെ ബോധം മാഞ്ഞു.. അവൻ കണ്ണുകളടച്ച് നിലത്തേക്ക് വീണു... "അഭീ......." നന്ദൻ ഒന്നുകൂടെ വിളിച്ചു നോക്കി.. മറുപടി ഇല്ലാതായപ്പോൾ അവനെ ആക്രമിക്കുവാൻ ശ്രമിക്കുന്ന മറ്റു രണ്ടുപേർക്കു നേരെ അവൻ നന്ദൻ ചാടി.. ഒരുത്തന്റെ നെഞ്ചില് ആഞ്ഞു ചവിട്ടി.. മറ്റവന്റെ മുഖത്ത് മുഷ്ടി പതിപ്പിച്ചു... അപ്പോഴേക്കും കാശിയും വിഷ്ണുവും മറ്റുള്ളവരെയും ഒതുക്കിയിട്ടുണ്ടായിരുന്നു.. ഈ തക്കത്തിനാണ് രേവതിയുടെ അച്ഛൻ അവളെ വലിച്ചിഴച്ചുകൊണ്ട് കാറിലേക്ക് കേറിപ്പോകാൻ ശ്രമിച്ചത്.. രേവതി മണ്ണിലേക്ക് ഊർന്നു വീണപ്പോഴും അയാളവളെ മണ്ണിൽ വലിച്ചു കാറിൽ കയറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. "അഭിയേട്ടാ..." രേവതി തിരിഞ്ഞു നോക്കിക്കൊണ്ട് അലറുമ്പോഴും കണ്ടത് താഴെ ബോധമറ്റു കിടക്കുന്ന അഭിയേട്ടനെ ആണ്... പെട്ടന്നാണ് പോലീസ് ജീപ്പ് മുറ്റത്ത് പ്രത്യക്ഷപ്പെടുന്നത്.. അതിൽ നിന്നും പോലീസ്സുകാർ ഇറങ്ങിവന്ന് രേവതിക്കും അച്ഛനും നേരെ നടന്നടുത്തു...

"സാർ... ഇവരാണ് എന്റെ മോളേ കിഡ്നാപ്പ് ചെയ്തത്.. അറസ്റ് ദോസ് ക്രിമിനൽസ്...." ഉമ്മറത്തെ കോലായയിൽ നിൽക്കുന്നവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ കൈകളിൽ വിലങ്ങു വീണു തുടങ്ങിയിരുന്നു.. "ഹേയ്.. നിങ്ങള് എന്താണീ ചെയ്യുന്നത്....." "സോറി.. വീട്ടിൽ അതിക്രമിച്ചു കയറി ഗുണ്ടായിസം കാണിച്ചതിന് ഞങ്ങൾക്ക് നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടിയിരിക്കുന്നു.." പോലീസുകാരൻ പറഞ്ഞു.. "ഇവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്.. ഇവരാണ് എന്റെ മോളേ കിഡ്നാപ്പ് ചെയ്തത്.." "സോറി സാർ.. കണ്ടിട്ട് നിങ്ങളാണ് ഇപ്പോ ഈ കുട്ടിയെ കിഡ്നാപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്.." അയാളിൽ നിന്നും രേവതിയെ മാറ്റി നിർത്തിക്കൊണ്ട് പോലീസുകാരൻ പറഞ്ഞു.. "അവരെയെല്ലാം എടുത്ത് വണ്ടീൽ കേറ്റടോ.." മറ്റു പോലീസുകാരോടായി പോലീസ് പറഞ്ഞപ്പോൾ അവർ ഗുണ്ടകളെയെല്ലാം പിടിക്കുവാൻ കേറിച്ചെന്നു.. "ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച രണ്ട് പ്രായപൂർത്തിയായ വ്യക്തികളെ അകറ്റുവാനുള്ള അധികാരം ആർക്കുമില്ല.. സാറ് ജീപ്പിൽ കേറ് സാറേ...."

രേവതിയുടെ അച്ഛനെ ഉന്തി തള്ളിക്കൊണ്ട് പോലീസുകാരൻ പറഞ്ഞു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "പേടിക്കണ്ട.. ബോധം വന്നിട്ടുണ്ട്.. രണ്ടു കാലിനും നല്ല പരിക്കുണ്ട്.. വലതു കാൽമുട്ടിന്റെ എല്ല് പൊട്ടിയിട്ടുണ്ട്.. അതുപോലെ ഇടതു കാലിന്റെ വിരലുകൾക്കും ചതവുണ്ട്.. ബാക്കിയെല്ലാം നിസാരമായ മുറിവുകളാണ്..." പോലീസുകാർ പോയ ശേഷം എല്ലാവരും അഭിയേയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോയിരുന്നു.. ആ വഴിക്കാണ് വീട്ടുകാരോട് എല്ലാ കാര്യങ്ങളും വിശദമാക്കി കൊടുത്തത്.. രേവതി നല്ല കരച്ചിലിലാണ്.. അവളെ ആശ്വസിപ്പിക്കുവാൻ അഞ്ജലിയും നീരുവും ഗായത്രിയും പാട് പെടുകയായിരുന്നു.. ഹോസ്പിറ്റലിലെ കാര്യങ്ങൾ കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുമ്പോൾ അഭിയുടെ രണ്ട് കാലുകളിലും വലിയ കെട്ടുകൾ ഉണ്ടായിരുന്നു.. തോളിൽ മുഖം പൂഴ്ത്തിക്കൊണ്ട് രേവതിയും.. നോവിന്റെ ഭാരം പകുതി പേറുവാൻ ആവണം.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "എന്റെ വീട്ടിലും നല്ല എതിർപ്പാണ്.. പക്ഷെ ഇവളെ താലി കെട്ടി വീട്ടിലേക്ക് കൊണ്ടുപോയാൽ അവർ ഉറപ്പായും ഇരുകയ്യും നീട്ടി സ്വീകരിക്കും..." അഭി പറഞ്ഞു..

കട്ടിലിൽ മതിലിനോട് ചാഞ്ഞ് ഇരിക്കുകയായിരുന്നു.. അവന് രേവതി ഭക്ഷണം വായിലേക്ക് വച്ചു കൊടുക്കുണ്ട്.. മുത്തശ്ശിയും മായമ്മയും അഞ്ജലിയും നന്ദനും എല്ലാം അവർക്കരികിലുണ്ട്.. അഭിയോട് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു മുത്തശ്ശിയും.. "എങ്കിൽ ഞാനൊരു അഭിപ്രായം പറഞ്ഞോട്ടെ? നമുക്ക് ഇവിടെ വച്ച് അഭിയുടെയും രേവതിയുടെയും കല്യാണം നടത്തിയാലോ?" മായമ്മ പറഞ്ഞു.. "ആ.. അത് ഞാൻ പറയാൻ വന്നതായിരുന്നു.. എന്തായാലും കല്യാണം കഴിക്കാതെ ഇനിയും നിങ്ങള് തുടർന്നാൽ ഇതുപോലെ പല പ്രശ്നങ്ങളും ഇനിയും ഉണ്ടായേക്കാം.. നിങ്ങടെ കല്യാണം കഴിഞ്ഞാൽ പിന്നെ ആർക്കും നിങ്ങളെ അടർത്തിമാറ്റാൻ ആവില്യ കുട്ട്യേളെ..." എല്ലാവരും അത് ശരി വക്കുകയായിരുന്നു... "ആ പിന്നെ.. കെട്ടാതെ നടക്കുന്ന വേറെ രണ്ടെണ്ണം കൂടെ ഇവിടെയുണ്ടല്ലോ..." മായമ്മ ഉണർത്തിച്ചു.. അഞ്ജലിയും നന്ദനും ഇല്ലാത്ത നാണം സ്വയം വരുത്തി തല കുനിച്ചു.. രണ്ടല്ല നാല് എന്ന് വിഷ്ണുവും നീരുവും പിറുപിറുത്തു...

"അപ്പൊ നമുക്കിതങ് തീരുമാനിക്കാം.. അഞ്ജലിയുടേം ഹരിയുടെയും അഭിയുടെയും രേവതിയുടെയും കല്യാണം ഒരുമിച്ചാവാം..." മുത്തശ്ശി പറഞ്ഞു.. നന്ദന്റെയും അഞ്ജലിയുടെയും ഒപ്പം ദേവുവിന്റെയും മനസ്സിൽ ആ വാർത്ത ഒരു കുളിർമ പെയ്യിച്ചിരുന്നു.. എന്നാൽ സുഭദ്രമ്മയുടെ മനസ്സിൽ ഒരു വെപ്രാളം ആരംഭിച്ചിരുന്നു.. തിരക്കഥക്ക് തിരികൊളുത്തിയതോടെ അവർ ധൃതിയിൽ മുറ്റത്തേക്കിറങ്ങിച്ചെന്നു.. പതിവ് പോലെ ഉണ്ണിയേട്ടൻ അങ്ങിങായി ഉലാത്തുന്നുണ്ടായിരുന്നു... "ഉണ്ണ്യേ... ഉണ്ണ്യേ....." "സുഭദ്രാമ്മാ...." വിളി കേട്ട് ഉണ്ണിയേട്ടൻ ചിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കി... "ദേവൂനെ നിന്നെക്കൊണ്ട് കെട്ടിക്കാനുള്ള സമയായി..." ഓടിയെടുത്തുകൊണ്ട് സുഭദ്രമ്മ പറഞ്ഞപ്പോൾ ആ മുഖമാകെ സന്തോഷം പരന്നു.. "ഉവ്വോ.. സത്യായിട്ടും?? എപ്പഴാ ദേബൂനെ നിക്ക് തരണേ...?" ഉണ്ണിയേട്ടൻ ചോദിച്ചു..

"തിടുക്കം കൂട്ടാതെടാ.. ആദ്യം ഞാൻ പറഞ്ഞ കാര്യം ചെയ്യണ്ടേ നമ്മക്ക്.." "ഉം.. ബേണം ബേണം... ഇന്ന് തന്നെ ചെയ്യാം.... പക്ഷേങ്കില്.. നിക്ക് ഇത്തവണ ഒറപ്പായിട്ടും ദേബൂനെ തരില്ലേ?" "നിനക്കീ സുഭദ്രമ്മയെ ഒട്ടും വിശ്വാസല്ല്യ..." പരിഭവം മുഖത്ത് വരുത്തിക്കൊണ്ട് സുഭദ്രമ്മ പറഞ്ഞു.. "ഏയ്‌.. നിക്ക് സുഭദ്രാമ്മനെ വിശ്വാസാണ്.. ദേബൂന്റെ അമ്മയല്ലേ...." ഉണ്ണിയേട്ടൻ പറഞ്ഞു... "എന്നാ രാത്രിയാവട്ടെ.. ഞാൻ വിളിക്കുമ്പോ ഇങ്ങ് വന്നോണം.. കേട്ടല്ലോ...." "ഉം ഉം...." ഉണ്ണിയേട്ടൻ തലയാട്ടി... "ടാ ചെക്കാ.. നേരത്തെ കിടന്ന് ഉറങ്ങിയേക്കരുത്.." സുഭദ്രാമ്മ ഉണർത്തിച്ചു... "ഇല്ല്യ ല്ല്യാ.... ഇന്നുറപ്പായിട്ടും ഉണ്ണി ആരും കാണാണ്ട് ഇങ്ങോട്ട് വന്നിരിക്കും..." ഉണ്ണിയേട്ടൻ പറഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story