പ്രണയ സ്വകാര്യം: ഭാഗം 32

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"പക്ഷേങ്കില്.. ഞാനെന്തിനാ ആ പെങ്കൊച്ചിന്റെ കട്ടിലിന്റെ അടീപ്പോയി ഒളിച്ചു നിക്കണത്..?" ഉണ്ണിയേട്ടൻ തിരിഞ്ഞു നടന്നതായിരുന്നു.. സംശയം തോന്നിയപ്പോ സുഭദ്രയമ്മയെ തിരിഞ്ഞു നോക്കി ഉറക്കെ ചോദിച്ചു.. "ശ്ശ്..... പതുക്കെ പറയെടാ..." ചുറ്റിനും നോക്കിക്കൊണ്ട് ചുണ്ടത്ത് വിരൽ വച്ചു കാണിച്ചു.. "രഹസ്യാണോ...?" "ആഹ്... രഹസ്യാ.. ഇതൊരു നാടകാ.. എല്ലാരും ചേർന്ന് അഭിനയിക്കാൻ പോണ നാടകം...." "അപ്പൊ... അപ്പൊ ടീവീല് വെരോ?" ഉണ്ണിയേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു. "പിന്നല്ലാതെ.." "എന്നാല് ഞാൻ തകർത്ത് അഭിനയിക്കാവേ..." തലയാട്ടിക്കൊണ്ട് ഉണ്ണിയേട്ടൻ പറഞ്ഞു... 🌺🥀🌺🥀🌺🥀🌺🥀🌺🥀 "അഭിയേട്ടാ.. മേല് നല്ല ചൂടുണ്ട്..." അഭിയുടെ കഴുത്തിൽ തൊട്ടു നോക്കിയിട്ട് രേവതി പറഞ്ഞു.. "മ്മ്.. പനി വരുന്നുണ്ടെന്ന് തോന്നുന്നു...." അവൻ പറയുമ്പോൾ അവളവനെ തലയിണയിലേക്ക് ചായ്ച്ചു കിടത്തുകയായിരുന്നു.. "ഞാൻ ടാബ്ലറ്റ് വാങ്ങി വരാം.." രേവതി നടക്കുവാൻ തിരിഞ്ഞതും അവളുടെ കൈ പിടിച്ച് അഭി തടഞ്ഞു നിർത്തി..

"ടാബ്ലറ്റ് കഴിക്കാൻ മാത്രമുള്ള പനിയൊന്നും എനിക്കില്ലെടോ.. വാ.. കുറച്ചു നേരം എന്റെ കൂടെ കിടക്ക്.." അഭി പറഞ്ഞു. അവള് അവന്റെ തലയിൽ തലോടിക്കൊണ്ട് അരികിലായി കിടന്നു. ചുണ്ടിന്റെ വലത്തേ ഭാഗത്ത് ഒരു നേരിയ പൊട്ടലുണ്ട്.. സംസാരിക്കുമ്പോഴെല്ലാം അവിടെ വേദനിക്കുന്നുണ്ടെന്ന് അവന്റെ സംസാരത്തിൽ നിന്നും അറിയാമായിരുന്നു.. "വേദനയുണ്ടോ?" "ഇല്ല.. എന്റൊപ്പം നീയില്ലേ... എനിക്കൊന്നുറങ്ങണം.. ദേ ഇങ്ങനെ.." അവളുടെ വയറ്റിൽ ചുട്ടിപ്പിടിച്ചുകൊണ്ടവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു.. അവളുടെ മുഖം അവന്റെ മാറിൽ പൂണ്ടുപോയി.. അവന്റെ കൈകൾക്കുള്ളിൽ അനങ്ങാനാവാത്ത ഒരു പൂച്ചക്കുട്ടിയായി മാറി അവൾ.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "ഹരി മോനെ.. ഒന്ന് നിന്നെ...." അഭിയെ കണ്ട് തിരിച്ചു വരുമ്പോഴാണ് സുഭദ്രമ്മ പിന്നിൽ നിന്നും വിളിച്ചത്. വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അടുത്തേക്ക് ഓടിവന്നു നിന്നു.. "എന്താ സുഭദ്രാമ്മേ?" "മോനും അഞ്ജലിയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..??" സ്വകാര്യമായിക്കൊണ്ട് സുഭദ്രമ്മ ചോദിച്ചു..

നെറ്റിയൊന്ന് ചുളിഞ്ഞു.. ഇല്ലല്ലോയെന്ന് പറഞ്ഞുകൊണ്ട് തലയാട്ടി.. "എന്തു പറ്റി സുഭദ്രാമ്മേ?" നന്ദൻ ചോദിച്ചു.. "ഞാൻ കേട്ടതുവച്ച് എന്റെ മോൾടെ കാര്യം പറഞ്ഞു മോനവളോട് ഉടക്കിയെന്നുള്ളത് ശരിയാണോ?" "അത് സുഭദ്രമ്മേ..." "അപ്പൊ സത്യാല്ലേ.. അപ്പൊ ഞാൻ കേട്ടതൊക്കെ ശരിയാണോ ഭഗവതീ...." നെഞ്ചത്ത് കൈവച്ചുകൊണ്ട് മുകളിലേക്ക് നോക്കിക്കൊണ്ട് സുഭദ്രമ്മ പറഞ്ഞത് നന്ദന്റെ ഉള്ളിൽ ഒരു കനൽ കോരിയിടുന്നുണ്ടായിരുന്നു.. "സുഭദ്രമ്മ എന്ത് കേട്ടൂന്ന ഈ പറയണേ?" "അതില്ലേ.. അപ്പുറത്തെ വീട്ടിലെ പ്രാന്തൻ ചെക്കനില്ലെ? ഉണ്ണി.. അവനോട് അഞ്ജലി പറയണത് അബദ്ധവശാൽ ഞാൻ കേക്കണ്ടായി.. എന്റെ മോളെയും നിന്നെയും ചേർത്ത് ഒരു കൂട്ടം പറയണത്.. ആ ചെക്കനാണെൽ വെളഞ്ഞ വിത്താ.. ബുദ്ധിയില്ലേലും അവനവക്ക് ഓരോന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്...." പതുക്കെയാണ് സുഭദ്രാമ്മ സംസാരിച്ചിരുന്നത്.. "നിങ്ങളെന്തൊക്കെയാ ഈ പറയണേ.. എനിക്കൊന്നും മനസ്സിലാവുന്നില്ല...." "മോനും ദേവുവും തമ്മിൽ ഇഷ്ടത്തിലാന്ന് വരുത്തി തീർത്ത് നിങ്ങളെ കെട്ടിച്ച് തടി തപ്പാനാ അവളുടെ പ്ലാൻ ന്ന് അവൾ ഉണ്ണിയോട് പറയണത് ഞാൻ കേട്ടു..

അവൻ അവൾക്ക് വേണ്ടി ഇടക്കിടക്ക് പൂക്കളും കൊണ്ടുവരണത് ഞാൻ കാണാറും ഉണ്ട്.. ഞാൻ പറഞ്ഞു എന്നേ ഉള്ളു.. മോനൊന്ന് സൂക്ഷിക്കണം.." സുഭദ്രാമ്മ പറഞ്ഞപ്പോൾ നന്ദന്റെ ഉള്ളിലൊരു കലാപം ഉയർന്നു. മനസിനാകെ ഒരു പ്രയാസം.. കണ്ണുകൾ വല്ലാതെ കലങ്ങി വന്നു.. മുറിയിൽ ചെന്ന് ടേബിളിൽ വച്ച ജഗിലെ വെള്ളമെടുത്ത് കുടിച്ച് കട്ടിലിൽ ചെന്നിരുന്നു.. തലയാകെ പെരുത്തു വരുന്നത് പോലെ തോന്നി.. സുഭദ്രമ്മ പറയുന്നതൊന്നും സത്യമാവരുതേ എന്ന് മനസ്സ് പറഞ്ഞു.. പക്ഷെ ഹൃദയത്തിനുള്ളിൽ ഒരു കലാപം.. അവളെ അവൾ തന്നെ ഉണ്ണിയേട്ടനെ ചേർത്ത് പറയുമ്പോൾ പോലും തനിക്ക് മനപ്രയാസം ഉണ്ടായിട്ടുള്ളതാണ്.. മറ്റൊരാളുടെ വായിൽ നിന്നും കൂടെ അങ്ങനെ കേട്ടപ്പോ വല്ലാത്തൊരു ബുദ്ധിമുട്ട്.. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അഞ്ജലി തൊട്ടടുത്തായി ഇരുന്നിരുന്നു..

അവന്റെ മുഖമാകെ ഒരു കടന്നല് കുത്തിയ കണക്കാണ്.. "അഞ്ജലിയും നീരുവും നേരത്തെ എവിടെ പോയതായിരുന്നു..?" മുത്തശ്ശി ചോദിച്ചു.. "കുറേ നാളായി അഞ്ജലി പറയുന്നു ഉണ്ണിയേട്ടന്റെ വീട്ടിലേക്കൊന്നു പോണം ന്ന്.. ഇന്ന് ഇവളേം കൂട്ടി അവിടം വരെ പോയി..." നീരു പറഞ്ഞു.. നന്ദന്റെ മുഖമൊന്നു കനത്തു. ഇത്ര നേരമായിട്ടും അവൻ ഗൗരവത്തോടെയുള്ള അതേ ഇരിപ്പ് തുടർന്നത് ശ്രദിച്ചാണ് അഞ്ജലി അവന്റെ തുടയിൽ ഒരു നുള്ള് നുള്ളിയത്.. "ആവൂ.." നന്ദനൊന്ന് പതുക്കെ പറഞ്ഞു.. ശേഷം ദേഷ്യത്തോടെ അവളെ നോക്കി. "എന്താ ഇങ്ങനെയിരിക്കുന്നെ? കഴിക്കുന്നില്ലേ?" "എന്തോ ഫുഡ്‌ വേണ്ട.. വിശപ്പില്ല.." നന്ദൻ വേണ്ടെന്ന് തലയാട്ടി. പരമാവതി മുഖം താഴ്ത്തി വച്ചുകൊണ്ട്.. "എന്ത് പറ്റി വയ്യേ..?" എന്തോ പ്രശ്നമുണ്ടെന്ന് അവൾക്കും തോന്നിയിരുന്നു.. "ഏയ്‌ അതൊന്നും അല്ല.. എനിക്ക് വിശപ്പില്ല..." നന്ദൻ ഭക്ഷണത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "അതിന് കഴിക്കാണ്ടിരിക്കുന്നതെന്തിനാ?" "എനിക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞില്ലേ?" അസഹിഷ്ണുതയോടെ നന്ദൻ അവളെ നോക്കി പറഞ്ഞു.

"അത് പറഞ്ഞാൽ പറ്റില്ല.. കഴിച്ചേ പറ്റൂ.." അഞ്ജലി പ്ലേറ്റ് അവന് നേരെ നീക്കി വച്ചുകൊണ്ട് പറഞ്ഞു.. "നിന്നോടല്ലേ പറഞ്ഞെ എനിക്ക് വേണ്ടാന്ന്..." നന്ദൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് ഉറക്കെ അവളെ നോക്കി പറഞ്ഞു.. കസേര പിന്നിലേക്ക് നീങ്ങിപ്പോയി.. അവളൊന്ന് അമ്പരന്നു.. അവന്റെ ഇങ്ങനെയൊരു മുഖഭാവം അവൾ ആദ്യമായി കാണുകയായിരുന്നു.. ഭക്ഷണം കഴിക്കാനിരുന്നവരൊക്കെ അവന്റെ ശബ്‌ദം കേട്ട് അവർക്ക് നേരെ തിരിഞ്ഞു.. നന്ദൻ ദേഷ്യത്തോടെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു പോയി.. അവൾക്ക് സങ്കടം വന്നു.. കണ്ണുകൾ നിറഞ്ഞു. നന്ദനെന്തു പറ്റിയെന്നു ആരൊക്കെയോ അവളോടായി ചോദിക്കുന്നുണ്ട്.. പക്ഷെ അവൾക്കുത്തരമറിയില്ലായിരുന്നു.. അവൻ ദേഷ്യപ്പെടുന്നത് ആദ്യമായിട്ടല്ല.. പക്ഷെ ഒരു കാരണവും കൂടാതെ ദേഷ്യപ്പെട്ടതാണ് അവളെ സങ്കടപ്പെടുത്തിയത്. ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അവൾ എഴുന്നേറ്റ് മുത്തശ്ശിയുടെ മുറിയിലേക്ക് കരഞ്ഞുകൊണ്ട് ഓടിപ്പോയി... "ഈ കുട്ടികൾക്ക് ഇതെന്താ പറ്റ്യേ....."

മുത്തശ്ശി പറഞ്ഞുകൊണ്ട് എഴുന്നേറ്റ് അഞ്ജലിയുടെ പിന്നാലെ പോകാൻ തുടങ്ങുന്നതിനു മുന്നേ സുഭദ്രമ്മ കൈ പിടിച്ചു തടഞ്ഞുകൊണ്ട് കസേരയിൽ ഇരുത്തി.. "നിങ്ങളിവിടെ ഇരുന്നേ.. അതവരു തമ്മിലുള്ള സൗന്ദര്യ പിണക്കം ആവും.. വെറുതേ നമ്മള് ഇടപെട്ട് വഷളാക്കണ്ട.." മുറിയിലെത്തി കട്ടിലിലിരുന്നപ്പോഴാണ് നന്ദന് സ്വബോധം വീണ്ടു കിട്ടിയത്.. അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണ്.. പക്ഷെ അതൊന്നും അവൾക്ക് പുത്തനല്ല.. എങ്കിലും സുഭദ്രമ്മ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ആഴത്തിൽ വേരിട്ടു കിടക്കുന്നുണ്ട്... ധൃതിയിൽ ഭക്ഷണം കഴിച്ചെന്നു വരുത്തി തീർത്ത് സുഭദ്രമ്മ മറ്റെല്ലാവരും എഴുന്നേൽക്കുന്നതിന് മുൻപേ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു പോയി. പാത്രം വെയിസിനിൽ എറിഞ്ഞ് മുറ്റത്തേക്കിറങ്ങി ഇരട്ടിലൂടെ നടന്നു ഉണ്ണിയേട്ടന്റെ വീടിനടുത്തുള്ള മതിലരികിൽ എത്തി...

"ഉണ്ണീ.. നീയെവിടെ ണ്ടോ?" "ഉവ്വ്.. ഞാൻ കാത്തിരിക്കായിരുന്നു.. കുറച്ചൂടെ കഴിഞ്ഞല്ലേ വരാന്ന് പറഞ്ഞെ?" "പക്ഷെ സന്ദർഭം ഇപ്പഴാ ഒത്തു വന്നത്.. വേം വന്നേ..." സുഭദ്രമ്മ പറഞ്ഞതും ഉണ്ണിയേട്ടൻ കയ്യെത്തിപ്പിടിച്ചു പതുക്കെ മതിൽ ചാടിയിറങ്ങി വന്നു.. "ഇത് കയിഞ്ഞാ ദേബൂനെ എനിക്ക് കെട്ടിച്ചു തരൂലോ ല്ലേ?" ഉണ്ണിയേട്ടൻ പോണതിന് മുന്നേ ഒരിക്കൽ കൂടി ചോദിച്ച് ഉറപ്പ് വരുത്തിച്ചു.. "ദേബു നിനക്കുള്ളതല്ലേ ടാ...." സുഭദ്രമ്മ മറുപടി പറഞ്ഞു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 മുറിയിലേക്ക് കണ്ണു പായിച്ചപ്പോൾ അഞ്ജലി കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുകയായിരുന്നു.. പതുക്കെ ഉണ്ണിയേട്ടനെ കട്ടിലിനു താഴേക്ക് വിട്ടു.. പോകുന്നതിന് മുൻപേ അവനെ കൊണ്ട് കതകും ഉള്ളിൽ നിന്നും ലോക്ക് ചെയ്യിച്ചു.. രഹസ്യമായ ഒരു കളി കളിക്കുന്ന കൊച്ചിന്റെ മനോഭാവത്തോടെ ഉണ്ണിയേട്ടൻ ശബ്‌ദമുണ്ടാക്കാതെ കട്ടിലിന്റെ അടിയിലേക്ക് ഉരുണ്ടു..

മെല്ലെ സുഭദ്രമ്മ തിരിഞ്ഞു നടന്നു.. പോകും വഴി മുത്തശ്ശി മുറിയിലേക്ക് വരുന്നത് കണ്ടു.. "നീയെന്താ സുഭദ്രേ ഇവിടെ?" "ഞാനോ.. അത് പിന്നെ ഞാൻ അഞ്ജലിയെ ആശ്വസിപ്പിക്കാൻ പോയതായിരുന്നു.. നിങ്ങളിപ്പോ അങ്ങോട്ട് പോണ്ടാ.. അവൾ കുറച്ചു നേരം ഒറ്റക്കിരിക്കട്ടെ..." മുത്തശ്ശി എന്തെങ്കിലും പറയുന്നതിന് തൊട്ടു മുൻപേ സുഭദ്രമ്മ മുത്തശ്ശിയുടെ കൈ പിടിച്ചു തിരിഞ്ഞു നടത്തി.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 മുറിക്കകത്തിരുന്ന് മനസ്സ് മുറിപ്പെട്ടു പോകാതിരിക്കുവാനാണ് നന്ദൻ അഭിയുടെ മുറിയിലേക്ക് ചെന്നത്. മുറിയിലെത്തിയപ്പോഴാണ് അഭിക്കരികിൽ ഇരുന്നു കാര്യങ്ങൾ തിരക്കുന്ന അച്ഛനെ കണ്ടത്.. കാണാത്ത ഭാവത്തിൽ അകത്തേക്ക് കേറിച്ചെന്നു.. "നന്ദാ.." അഭി വിളിച്ചു.. "കുഴപ്പം എന്തെങ്കിലും ഉണ്ടോ ടാ?" "അതാണ് എനിക്ക് നിന്നോടും ചോദിക്കാനുള്ളത്.. ഭക്ഷണം കഴിക്കാനിരുന്നപ്പോ നീയൊരു ഷോ കാണിച്ചെന്ന് ഞാനറിഞ്ഞല്ലോ..." അഭി തിരിച്ചു ചോദിച്ചു.. അച്ഛൻ തിരിഞ്ഞു നോക്കാഞ്ഞതുകൊണ്ട് പറഞ്ഞത് അച്ഛൻ തന്നെയെന്ന് മനസ്സിലായിരുന്നു.. "അതൊന്നുമില്ലെടാ..

നിങ്ങൾക്കറിയുന്നതല്ലേ ഞങ്ങൾ തമ്മിൽ എത്ര പ്രശ്നം ഉണ്ടെങ്കിലും കുറച്ചു നേരം കഴിഞ്ഞാൽ ഞങ്ങൾ തന്നെ അത് മറക്കും.. ഇനി അഥവാ ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായെന്ന് കരുതി ഞങ്ങൾ അടിച്ചു പിരിയുമെന്നെങ്ങാനും ഇവിടെയാരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് മനസ്സിന്നു എടുത്തു കളയുന്നതാവും നല്ലത്..." അവസാനത്തെ വരി പറഞ്ഞത് അച്ഛന് കേൾക്കാൻ കൂടെ പാകത്തിനായിരുന്നു. ആ സമയത്താണ് സുഭദ്രമ്മ കേറി വന്നത്.. "ഹരി മോനെ.. നീയിവിടെ ഉണ്ടായിരുന്നോ? ഞാനെവിടെയൊക്കെ തിരക്കി...?" "എ.. എന്താ? എന്തുപറ്റി?" "നീ തന്നെ വന്നു കാണു.. ഞാൻ കണ്ടത് ഭാഗ്യം.." നടകീയമായി സുഭദ്രമ്മ പറഞ്ഞപ്പോൾ മറ്റുള്ളവരുടെയും നെറ്റി ചുളിഞ്ഞിരുന്നു. അവർ നന്ദന്റെ കൈ പിടിച്ചു കൂട്ടിക്കൊണ്ട് പോയപ്പോ പിന്നാലെ അച്ഛനും ചെന്നു.. "എന്താ സുഭദ്രാമ്മേ?" നന്ദൻ മെല്ലെ ചോദിച്ചു.. "രണ്ടിനേം ഞാൻ കയ്യോടെ പിടികൂടിയിട്ടുണ്ട്..." സുഭദ്രമ്മ പറഞ്ഞത് ചെന്നു കൊണ്ടത് അവന്റെ പൊള്ളിയടർന്ന മുറിവിലേക്കാണ്.. നടത്തതിന്റെ വേഗത കുറഞ്ഞു..

സുഭദ്രമ്മ വലിച്ചു കൊണ്ട് പോകുന്നത് പോലെയായി.. വിശ്വസിക്കാനാവാതെ ഉള്ള് വിങ്ങി.. കേട്ടതെല്ലാം കപടതയാണെന്ന് മനസ്സപ്പോഴും ആവർത്തിച്ചു.. മുറിക്ക്‌ മുന്നിലെത്തി സുഭദ്രമ്മ കതകിന് മുട്ടി.. പിന്നിലായി നന്ദൻ.. നിൽക്കുന്നിടം പാതാളമാണെന്ന് തോന്നി. തൊട്ടു പിന്നിൽ കാര്യമറിയാതെ അച്ഛൻ... കുറച്ചു നേരം കഴിഞ്ഞ് അഞ്ജലി ഡോർ തുറന്നു വന്നപ്പോൾ കണ്ടത് മൂവരെയും ആണ്.. "എവിടെടീ അവൻ..?" "ആര്..?" കാര്യമറിയാതെ അഞ്ജലി ചോദിച്ചു.. നന്ദൻ തലയുയർത്തി നോക്കിയതേ ഇല്ല.. "ഞങ്ങൾ ഒന്നും കണ്ടില്ലെന്നൊന്നും കരുതണ്ട.. നിന്റെ കളി ഇന്നത്തോടെ കഴിഞ്ഞെഡീ..." സുഭദ്രമ്മ പറയുമ്പോൾ കട്ടിലിൽ നിന്നൊരു അനക്കം കേട്ടു.. നന്ദൻ കണ്ണുകൾ ഇറുകിയടച്ചു... നിന്നിടത്തു നിന്നും മണ്ണിനടിയിലേക്ക് വീണു പോയിരുന്നെങ്കിൽ എന്നവൻ ആശിച്ചു. മെല്ലെ കട്ടിലിനടിയിൽ നിന്നും ഉണ്ണിയേട്ടൻ ഇറങ്ങി വന്നത് കണ്ടപ്പോ അഞ്ജലി ഞെട്ടിത്തരിച്ചു.. നന്ദൻ കണ്ണുകൾ തുറക്കുവാൻ കൂട്ടാക്കിയില്ല.. അഞ്ജലിയുടെ ഞെട്ടൽ അച്ഛനിലേക്കും പടർന്നു പിടിച്ചു... "രണ്ടും കൂടെ കതകടച്ചിരുന്ന് അകത്ത് എന്തായിരുന്നു പണി?"

അച്ഛന്റെ ചോദ്യമാണ്.. "അത്.. അഞ്ജലി വരാൻ പറഞ്ഞതോണ്ട് വന്നതാ.." ഉണ്ണിയേട്ടൻ മറുപടി പറഞ്ഞു.. അഞ്ജലിയൊന്ന് ഞെട്ടിക്കൊണ്ട് അല്ലെന്ന് തലയാട്ടി.. കണ്ണുകൾ നിറഞ്ഞു.. "അയ്യടാ.. അഞ്ജലി വരാൻ പറഞ്ഞതോണ്ട് വന്നത്.. വേം പൊക്കോണം വീട്ടിലേക്ക്..." ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് സുഭദ്രമ്മ ഉണ്ണിയേട്ടനോട് പോകാൻ ആംഗ്യം കാണിച്ചു.. ഉണ്ണിയേട്ടൻ അവർ പറഞ്ഞതനുസരിച്ച് ഒന്നും മിണ്ടാതേ നടന്നു പോയി.. അപ്പോഴേക്കും വിഷ്ണുവും നീരുവും മുത്തശ്ശിയും മായമ്മയുമെല്ലാം അവിടെയെത്തിയിരുന്നു... "എന്താ ഇവിടെ പ്രശ്നം?" മുത്തശ്ശിയുടെ ചോദ്യം.. "എന്ത് പ്രശ്നം.. നിങ്ങടെ പേരക്കുട്ടി ബാംഗ്ലൂരിന്ന് കൂട്ടിക്കൊണ്ട് വന്ന പെണ്ണ് ദേ വേറൊരുത്തനെ മുറിയിൽ കയറ്റിയിരിക്കുന്നു.." അച്ഛനാണ് പറഞ്ഞത്.. ഒന്നും കാണാനും കേൾക്കാനും പറ്റിയ അവസ്ഥയായിരുന്നില്ല നന്ദന്റേത്.. ആകെ തകർത്തു കളഞ്ഞത് അച്ഛന്റെ മുന്നിലുള്ള തോൽവിയായിരുന്നു.. "എന്ത് വിഡ്ഢിത്താ നീയീ പറയണേ..." മുത്തശ്ശി ചോദിച്ചു... "ആ.. ഞാൻ പറഞ്ഞാ വിഡ്ഢിത്തം..

ദേ ഈ നിൽക്കുന്നവരോട് ചോദിച്ചു നോക്ക്.. എന്റെ തീരുമാനങ്ങൾ വിഡ്ഢിത്തമാണെന്ന് നിങ്ങളെല്ലാവരും എപ്പോഴും ധരിച്ചു വച്ചു നടന്നതല്ലേ.. ഇപ്പോ കിട്ടിയില്ലേ.. അനുഭവിച്ചോ.." പിറുപിറുത്തുകൊണ്ട് അച്ഛൻ എല്ലാവരെയും നോക്കി.. കേട്ടു നിന്ന നന്ദന് കോപമിരട്ടിച്ചു... "ഇവര് പറയുന്നതൊന്നും ഞാൻ വിശ്വസിക്കില്ല... നിന്നെ എനിക്കറിയാം. എന്താടീ ഉണ്ടായത്..?" അടുത്തേക്ക് വന്നു നിന്നുകൊണ്ട് വിഷ്ണുവും നീരുവും ചോദിച്ചുകൊണ്ടിരുന്നു.. അപ്പോഴും കരഞ്ഞു തളർന്നവളുടെ കണ്ണുകൾ തലയുയർത്താൻ പോലും പറ്റാതെ ആകെ തകർന്നു നിൽക്കുന്നവന്റെ മുഖത്തായിരുന്നു.. ആർക്കും മറുപടി കൊടുക്കാതെ നന്ദന് നേരെ നടന്നു നീങ്ങി.. തൊട്ടു മുന്നിൽ അവൾ എത്തിയിട്ടും അവൻ നോക്കുവാൻ കൂട്ടാക്കിയില്ല.. "നന്ദേട്ടാ..." വിളിച്ചപ്പോൾ കൈ മലർത്തി കാണിച്ചു.. "ഞാൻ കണ്ടതിനപ്പുറം നിനക്കെന്തെങ്കിലും പറയാൻ ഉണ്ടോ?" വാക്കുകൾ വിക്കിയിരുന്നു... "ഞാൻ.. എനിക്കൊന്നും...." "നീ ഉണ്ണിയേട്ടനെ പറ്റി പറഞ്ഞപ്പോഴൊക്കെ അതേന്നെ ദേഷ്യം പിടിപ്പിക്കുവാനാണെന്നാ ഞാൻ കരുതിയത്....

എന്റെ ഭാഗത്തും തെറ്റുണ്ട്.. ഭാര്യയാണെന്ന് പറഞ്ഞ് നിന്നെ ഇവിടെ കൊണ്ടുവന്നതും.. നിന്റെ സമ്മതം പോലും ചോദിക്കാതെ നിന്നെ ചേർത്ത് പിടിച്ചതും.. ഒക്കെ എന്റെ തെറ്റാ.. നിന്റെ മനസ്സിൽ എന്താന്ന് ഞാൻ ചോദിക്കാൻ മറന്നുപോയി..." നന്ദേട്ടൻ പറഞ്ഞത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.. അല്ലാ അല്ലായെന്ന് തലയാട്ടിക്കാണിച്ചു.. "ഇപ്പോ.. ഇപ്പൊ ഇറങ്ങണം.. ആങ്ങളയും പെങ്ങളും ഇവിടെ നിന്ന്..." നന്ദേട്ടന്റെ അവസാന മന്ത്രണം.. കേട്ടതും അവളിൽ ഒരു മിന്നൽപിണർ ഉയർന്നു.. "കാര്യമെന്താണെന്ന് തിരക്കാതെ....." നന്ദനോട് വിഷ്ണു ഇടയില് കയറിക്കൊണ്ട് പറഞ്ഞപ്പോൾ അഞ്ജലി കൈ കാണിച്ച് അവനെ തടഞ്ഞു.. നന്ദേട്ടൻ ഇറങ്ങാൻ പറഞ്ഞതിന്റെ ഞെട്ടലിൽ ആയിരുന്നു അവൾ.. തന്നെ ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ ഈയൊരു കാര്യം നന്ദേട്ടൻ കണ്ണടച്ച് വിശ്വസിച്ചല്ലോ എന്നോർത്ത് നോവ് പൊടിഞ്ഞു... "വേണ്ട വിഷ്ണു.. നമുക്കിറങ്ങാം.." അത് പറയുമ്പോഴും കണ്ണുകൾ നന്ദേട്ടനിൽ ആയിരുന്നു.. "നാത്തൂനെ.. നീയെന്തൊക്കെയാ ഈ പറയുന്നേ? ഏട്ടാ ഏട്ടനറിയില്ലേ അഞ്ജലിയെ.. അവളിങ്ങനെയൊക്കെ....."

"നീ മിണ്ടരുത് നീരു....." നന്ദൻ ദേഷ്യത്തോടെ കണ്ണുകൾ തുറന്നു നീരുവിനെ നോക്കി. നന്ദൻറെ മുഖം കണ്ട് അവളൊന്ന് പേടിച്ചു.... അഞ്ജലിക്ക്‌ പിന്നെയവിടെ നിൽക്കുവാൻ തോന്നിയില്ല.. അഭിമാനം പണയം വച്ച് എല്ലാവരുടെയും നോട്ടത്തിനും ചോദ്യങ്ങൾക്കും ഉള്ളിൽ പെട്ടു പോകാൻ വയ്യാതെയാണ് അഞ്ജലി ആരെയും നോക്കാതെ തിരിഞ്ഞു നടന്നത്.. പിന്നാലെ വിഷ്ണുവും ചെന്നു.. അവരുടെ സാധനങ്ങളെല്ലാം എടുത്തുവച്ച് പോകാനിറങ്ങിയപ്പോൾ നീരു തടഞ്ഞു നിർത്തി.. അവളാകെ കരഞ്ഞു തീർന്നിരുന്നു.. "നാത്തൂനേ പോവല്ലേ നാത്തൂനേ.. ഏട്ടനെ നിനക്കറിയാവുന്നതല്ലേ.. പെട്ടന്ന് ദേഷ്യം വരും...." "നിന്റേട്ടനെ എനിക്കറിയാടീ.. പക്ഷെ നിന്റേട്ടൻ ഇതുവരെ എന്നേ മനസ്സിലാക്കീട്ടില്ല..." അഞ്ജലി പറഞ്ഞു.. നീരുവിന്റെ കൈ വിടുവിച്ച് അവൾ ബാഗുമായി നടന്നു. പിന്നെ മുന്നിൽ വന്നത് വിഷ്ണുവാണ്.. അവൻ തല താഴ്ത്തി നിന്നു.. നീരുവിനും എന്ത് പറയണം എന്നറിയില്ലായിരുന്നു.. ഒന്നും പറയാൻ വയ്യാതെയാവണം അവനും അഞ്ജലിക്ക് പിന്നാലെ നടന്നു പോയത്.. അതാണ് അവളെയും കൂടുതൽ പൊള്ളിച്ചത്.. അവളൊന്ന് മുട്ടുകുത്തിയിരുന്നു.. മെല്ലെ മെല്ലെ തേങ്ങി.. എല്ലാം കണ്ടുകൊണ്ട് നടുവകത്തു നിന്നും പുറത്തേക്കുള്ള ജനലിന്റെ പാളികൾക്കിടയിലൂടെ നന്ദന്റെ കലങ്ങിയ കണ്ണുകളും ഉണ്ടായിരുന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story