പ്രണയ സ്വകാര്യം: ഭാഗം 33

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"അഞ്ജലി അങ്ങനെ ചെയ്യും ന്ന് ഏട്ടന് തോന്നുന്നുണ്ടോ ഏട്ടാ? ഏട്ടനറിയില്ലേ അവളെ?" നീരു അരികിൽ വന്ന് തോളിൽ കൈ വച്ചു ചോദിച്ചപ്പോഴാണ് നെഞ്ചിലെ ഭാരം അറിയാതെ ഇറങ്ങിവീണത്.. കലങ്ങിയ കണ്ണുകളിൽ നിന്നും കണ്ണീര് പൊടിഞ്ഞു വീണുകൊണ്ടിരുന്നത് നീരുവിന്റെ ശ്രദ്ധയിലും പെട്ടിരുന്നു.. "അവളൊരു പാവല്ലേ ഏട്ടാ?" നന്ദന്റെ നോവും കണ്ണുകളിലെ ഈറനും നീരുവിലേക്കും പടർന്നു തുടങ്ങിയിരുന്നു.. "അഞ്ജലിക്കൊരിക്കലും അങ്ങനെ ചെയ്യാനാവില്ലെന്നെനിക്കറിയാം.. പക്ഷെ എല്ലാവരും വേറൊരു കണ്ണിലൂടെ ഒരു സംശയത്തിന്റെ പേരിലെങ്കിലും നോക്കുന്ന അവളെ എനിക്ക് കാണാൻ വയ്യ... ആ ഒരവസ്ഥയിലുള്ള അവളെ കണ്ടുനിൽക്കുവാൻ എനിക്കാവില്ല...." "എന്നിട്ട് ഏട്ടൻ അവളെ ഇവിടുന്ന് പറഞ്ഞു വിട്ടല്ലേ..?" നീരു ചോദിച്ചപോൾ തല താണുപോയി.. "പറ്റിപ്പോയി.. എന്റെ തോൽവി കാണാൻ കാത്തിരുന്ന അച്ഛന് മുന്നിൽ അത് സംഭവിച്ചപ്പോ.. സഹിക്കാൻ പറ്റിയില്ല.. ആ ദേഷ്യത്തിൽ...." "ആ ദേഷ്യത്തിൽ ഏട്ടൻ അവളെ....." "നീരൂ പ്ലീസ്....."

കേൾക്കാൻ വയ്യാതെ നന്ദൻ അസഹിഷ്ണുതയോടെ മുഖം തിരിച്ചു.. "ഏട്ടന്റെ ദേഷ്യം.. വാശി.. ഇതൊക്കെ അവസാനം എന്താ ഉണ്ടാക്കിയെ? അവള് പോയില്ലേ? അവളെ ഏട്ടൻ തന്നെ ഇറക്കി വിട്ടില്ലേ? അവളോട് കാര്യങ്ങളൊന്നു തിരക്കുക പോലും ചെയ്യാതെ...." "എനിക്കറിയാം ചെയ്തത് തെറ്റായിപ്പോയെന്ന്.. പറ്റിപ്പോയ ആ തെറ്റിന്റെ പേരിൽ നീയുമെന്നെ കൈവിടാതെ നീരൂ.." അവളുടെ കൈ ചേർത്ത് പിടിച്ചവൻ അമർത്തി മുത്തി.. കണ്ണിൽ നിന്നൊരു തുള്ളിയിട്ടി അവളുടെ കയ്യിൽ പതിച്ചു.. ശേഷമാണ് അവൾ തനിക്ക് നേരെ മൊബൈൽ ഫോൺ വച്ചു നീട്ടുന്നത്.. "അതികം ദൂരമൊന്നും പോയിട്ടുണ്ടാവില്ല.. ഏട്ടൻ വിളിച്ചുനോക്ക്.. അവളോട് തിരിച്ചു വരാൻ പറ..." കണ്ണുകൾ തുടച്ചുകൊണ്ട് വാങ്ങിയ ശേഷം അവളെ നോക്കി.. "അവളോട് മാത്രം തിരിച്ചു വരാൻ പറഞ്ഞാൽ മതിയോ അതോ....?"

അർത്ഥം വച്ചുകൊണ്ട് ചോദിച്ചപ്പോൾ പരിഭവം മാറി മുഖത്ത് നാണം മൊട്ടിട്ടു.... ആക്കിക്കൊണ്ട് തലയാട്ടിയിട്ട് വാവ എന്ന് സേവ് ചെയ്തുവച്ച നമ്പർ എടുത്ത് കാൾ ചെയ്തു. മൊബൈൽ ചെവിയിൽ വെക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു പിടപ്പായിരുന്നു.. "താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ചട് ഓഫ് ആണ് ദയവായി അല്പം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക.." മൊബൈലിൽ നിന്നും കേട്ടതവന്റെ കാതിനെയും തുളച്ച് നീരുവിൽ എത്തിയിരുന്നു.. "നീ പേടിക്കണ്ട,.. വിഷ്ണുവിനെ വിളിച്ചു നോക്കാം.." പേടിക്കേണ്ടെന്ന് നീരുവിനോട് പറയുമ്പോഴും വിഷ്ണുവിന്റെ നമ്പർ സെർച്ച് ചെയ്യുന്ന നന്ദനായിരുന്നു അതിലേറെ പേടിയും വെപ്രാളവും.. ""താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ചട് ഓഫ് ആണ് ദയവായി അല്പം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക.." വിഷ്ണുവിന്റെ നമ്പറിലും ഇതേ കാര്യം ആവർത്തിച്ചപ്പോൾ എല്ലാം തകർന്നതായി തോന്നി നന്ദന്... "ഞാൻ വിളിച്ചേക്കും ന്ന് അറിഞ്ഞോണ്ട് മൊബൈൽ ഓഫ് ചെയ്തു വച്ചിരിക്കുവാ രണ്ടുപേരും..." നന്ദൻ അസ്വസ്ഥതയോടെ പറഞ്ഞു.

"അവര്.. അവര് പോയിക്കാണും ഏട്ടാ.. അവർക്കങ്ങനെ പോവാനാകുമെങ്കി.. അവര് പോട്ടെ... പൊക്കോട്ടെ...." വിക്കി വിക്കി നീരു പറയുമ്പോഴേക്കും നന്ദൻ എണീറ്റു നിന്ന് നീരുവിനെ ചേർത്ത് പിടിച്ചു... "ഹരീ.. നീരൂ.. ഒന്ന് വന്നേ...." ഗായത്രിയായിരുന്നു വന്നു വിളിച്ചത്... "എന്താ ഏട്ടത്തി?" ചോദിച്ചുകൊണ്ട് പിന്നാലെ ചെന്നു.. ചെന്നു നിന്നത് ഹാളിൽ ആയിരുന്നു.. എല്ലാവരും കൂടെചേർന്ന് വലിയ ചർച്ചയിലാണ്.. ഒരു ഭാഗത്തേക്ക് മാറി നിന്ന് ചർച്ചക്ക് ചെവി കൊടുത്തു.. "ഇനീപ്പം കഴിഞ്ഞതൊക്കെ പറഞ്ഞിട്ടെന്താ കാര്യം..? കുടുംബത്തിന്റെ മാനം പോയത് പോയി. ഒരു പെണ്ണിനെ ഭാര്യാന്ന് പറഞ്ഞു കൊണ്ട് നടന്നവന് നല്ല കുടുംബത്തീന്ന് ഇനി പെണ്ണ് കിട്ടുമോ?" ഹാളിൽ കൂട്ടമായി എല്ലാവരും ചേർന്നിരുന്നു സംസാരിക്കുമ്പോൾ നെറികേടിന് തിരി കൊളുത്തിയത് സുഭദ്രമ്മയായിരുന്നു.. "സുഭദ്രയൊന്ന് മിണ്ടാതിരിക്വോ.. ദഹനക്കേട് പറയാനേ വാ തുറക്കൂ..." മുത്തശ്ശി സുഭദ്രമ്മയെ കോപത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു, തൊട്ടടുത്തായി മായമ്മയും ഇരിക്കുന്നുണ്ട്..

അവർക്ക് രണ്ടു പേർക്കുമാണ് അഞ്ജലിയെ പറഞ്ഞു വിട്ടതിൽ ഏറ്റവും വലിയ പരിഭവം എന്ന് ആ മുഖം കണ്ടാലറിയാം.. "അത് ശരി.. ഞാൻ പറഞ്ഞാലാണ് കുഴപ്പം കൊച്ചുമോൻ ചെയ്തുവച്ചതൊന്നും ഒരു തെറ്റുമല്ല.. കാലം കൊറേ ആയേ എന്റെ മോള് ഇവൻ കഴുത്തില് താലി ചാർത്തുന്നതും സ്വപ്നം കണ്ട് നടക്കുന്നു.. അതൊന്നും ആരും കാണില്ല്യാല്ലോ....." സുഭദ്രമ്മ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു.. വാതിലിനു പിന്നിലൂടെ തലയിട്ടു നോക്കിയിരുന്ന ദേവുവിന്റെ മുഖത്തൊരു വാട്ടം.. "സുഭദ്രേ.. ആ കാര്യം മിണ്ടണ്ട.. നമ്മള് പറയുന്നതൊന്നും ഇവര് പണ്ടേ വകവെക്കാറില്ലാത്തതാ.. അനുഭവിച്ചു പഠിക്കട്ടെ..." അച്ഛനും ദേഷ്യത്തോടെ പറഞ്ഞു... "ഒന്ന് നിർത്ത് ജയാ.." "ഇനിയും എത്ര നാളാ അമ്മേ എന്റെ വായടപ്പിക്കുക?" അച്ഛൻ ദേഷ്യത്തോടെ മുത്തശ്ശിയെ നോക്കി.. "ഇപ്പഴും ഞാൻ പറയുന്നു.. എന്റെ മോൾക്ക് ഇപ്പഴും സമ്മതാ ഹരിയുമായുള്ള കല്യാണത്തിന്.. നേരത്തെ കേറിവന്നവളെ ഇവൻ തൊട്ടോ ഇല്ലയോ എന്നാർക്കറിയാം, അവൾക്കിത് മതിയത്രേ....." സുഭദ്രമ്മ പറഞ്ഞത് കേട്ട് എല്ലാവരും ഒന്നമ്പരന്നു..

ഇല്ലെന്ന് തലയാട്ടിക്കൊണ്ട് നന്ദൻ ദേവുവിനെ നോക്കിയപ്പോൾ മുഖത്തൊരു ഭാവവുമില്ലാതെ അകത്തോട്ടു കേറിപ്പോകുന്നത് കണ്ടു.... "ഇതിവിടെയെ അവസാനിക്കൂന്ന് എനിക്ക് തോന്നിയിരുന്നു.. എന്റെ മോന് താല്പര്യമില്ലാത്ത ഒരു കല്യാണത്തിന് നിർബന്തിക്കുവാ.." വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മായമ്മ എണീറ്റു പോയി.. "ഞാൻ പറയാനുള്ളത് പറഞ്ഞൂന്നേ ഉള്ളു..." അലസഭാവത്തോടെ സുഭദ്രമ്മ മുഖം തിരിച്ചു.. നന്ദന്റെ കണ്ണുകളപ്പോഴും ദേവു നിന്നിരുന്നയിടത്തായിരുന്നു.. എന്തൊക്കെയോ ആലോചിച്ചുകൊണ്ടവൻ അവള് പോയ വഴിയാലേ ചെന്നു.. ചെന്നെത്തിയത് അവളുടെ മുറിക്ക്‌ മുന്നിലാണ്. മുറിയുടെ വാതിൽ തുറന്നിട്ടിരുന്നു.. പതിയെ അകത്തേക്ക് കയറി നോക്കിയപ്പോൾ കട്ടിലിൽ മുഖം പൊത്തി കിടന്നു കരയുന്ന ദേവുവിനെയാണ് അവന് കാണാനായത്.. മെല്ലെ കട്ടിലിനരികിൽ ചെന്നിരുന്നു.. മറ്റൊരാളുടെ സാന്നിധ്യം മനസിലാക്കിയാണ് അവളൊന്ന് വെപ്രാളത്തോടെ കണ്ണുകൾ തുടച്ച് എണീറ്റിരുന്നത്. നന്ദനെ കണ്ടപ്പോൾ ഒന്ന് പരുങ്ങി..

"ഈ കണ്ണീരീന്ന് ഞാനെന്താ മനസ്സിലാക്കണ്ടേ?" നന്ദൻ അവളുടെ നിറഞ്ഞുകൊണ്ടിരുന്ന കണ്ണുകളിൽ നോക്കിക്കൊണ്ട് ചോദിച്ചു.. അവള് മറുപടി പറഞ്ഞില്ല.. "കുട്ടിക്കാലം മുതലേ ആരോടും ഒന്നും മിണ്ടാതെ, എഴുത്തും വായനേം മാത്രായിട്ട് ഒതുങ്ങിക്കൂടിയ കഥാകാരി എന്നു മുതലാ എന്നേ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് എനിക്കറിയില്ല.. നിന്നെ എന്തു പറഞ്ഞ് മനസ്സിലാക്കിക്കണമെന്നും.. ഒരിക്കൽ പോലും എന്റെ ചിന്തകളിൽ പോലും നീ ഇന്നേവരെ നീ കടന്നു വന്നിട്ടില്ല.. ഇപ്പോ അവരെല്ലാം പറയുന്നു നിന്നെ ഞാൻ കെട്ടണം ന്ന്.." നന്ദൻ പറയുന്നതെല്ലാം കൗതുകത്തോടെ കേൾക്കുകയായിരുന്നു അവൾ.. പാതി നിർത്തിയവൻ വീണ്ടും തുടരുമ്പോൾ ഇത്തവണ വാക്കുകൾ ഇടറിയിരുന്നു.. "ഞാൻ.. ഒരു ദേഷ്യത്തിന്റെ പുറത്ത് നോവിച്ച് പറഞ്ഞയച്ച ഒരുത്തിയുണ്ട്.. ഞാൻ കാരണം സ്വന്തം വീട്ടുകാരെ പോലും നഷ്ടപ്പെട്ടവൾ.. അവൾക്ക് പോവാൻ പോലും ഒരിടമില്ല.. ഒന്നും ഓർക്കാതെയാ ഞാനവളെ കഴുത്തിനു പിടിച്ചു തള്ളി പുറത്താക്കിയത്.. പറക്കാനുള്ള ചിറക് അവളായിരുന്നെന്ന് ഞാനോർത്തില്ല..

അവളില്ലാതെ എനിക്കൊന്നു ശ്വാസം പോലുമെടുക്കുവാനാവില്ലെന്ന് ഇപ്പൊ ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നുണ്ട്.. ആ എന്നേ തന്നെ വേണോ നിനക്ക്..? ഞാൻ കാല് പിടിക്കാം.. എന്നെക്കാൾ യോഗ്യനായ ഒരുവനെ നിനക്ക് മുൻപിൽ ഞാൻ നിർത്തിത്തരാം.. പക്ഷെ എന്നേ മാത്രം ചോദിക്കരുത്.." കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞപ്പോൾ ദേവുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അവളവന്റെ കൈകളെ തടഞ്ഞു പിടിച്ചുകൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി... 'കുട്ടിക്കാലം മുതലേ ആരോടും ഒന്നും മിണ്ടാതെ, എഴുത്തും വായനേം മാത്രായിട്ട് ഒതുങ്ങിക്കൂടിയ കഥാകാരി അന്ന് തൊട്ടേ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.. രാജകുകാരന്റെയും രാജകുമാരിയുടെയും കഥകളുടെ ലോകങ്ങളിൽ മാത്രം മുഴുകിയ അവളുടെ ലോകത്ത് അവനും ഉണ്ടായിരുന്നതാണ്.. അവന്റെ ഓരോ താളത്തിലും അവൾ ഉന്മാദിയാകുകയായിരുന്നു. അവന്റെ ഒരു ചിരികളുമായിരുന്നു അവൾക്ക് ചിരിക്കുവാനുള്ള ഇന്ധനവും.. എന്നാ അവന്റെ പേര് ഹരി നന്ദൻ എന്നായിരുന്നില്ല.... "

കരഞ്ഞുകൊണ്ട് ദേവു പറഞ്ഞ അവസാന വരികളിൽ നന്ദനൊന്ന് ഞെട്ടി.. "സത്യാ ഹരിയേട്ടാ.. എന്റെ പ്രണയം ഹരിയേട്ടനോടായിരുന്നില്ല....." "പിന്നെ.....?" "അത്... ഉണ്ണിയേട്ടൻ...." അവളാ പേരുച്ഛരിച്ചു.. അവനൊന്ന് അമ്പരന്നു.. "ഉണ്ണിയേട്ടനോ?" "ഒരിക്കൽ പോലും.. ഒരൊറ്റ തവണ പോലും ആരും എന്റെ മനസ്സിലെന്താന്ന് ചോദിച്ചിട്ടുണ്ടോ? എനിക്കി കല്യാണത്തിന് താല്പര്യമുണ്ടോന്ന് ചോദിച്ചിട്ടുണ്ടോ? നിശബ്ദരായി നടക്കുന്നവർക്ക് പറയാനൊന്നുമുണ്ടാവില്ലെന്നാണ് പലരും കരുതുമെങ്കിലും മറ്റാരേക്കാളും അതികം കഥകളും കിനാവുകളും അവർക്കായിരിക്കും പറയാനുണ്ടാവുക.. ഉണ്ണിയേട്ടന് എന്നേ ജീവനാ.. എനിക്കും..." ദേവു പറയുന്നതെല്ലാം കേട്ടുകൊണ്ട് കാര്യങ്ങൾക്ക് വ്യക്തത ലഭിക്കാതെ എഴുന്നേറ്റ് നിന്നതായിരുന്നു നന്ദൻ... "അപ്പൊ.. അപ്പൊ നീയെന്നെ മനസ്സിൽ വച്ചു നടക്കുവാണെന്ന് നിന്റമ്മ പറഞ്ഞതോ...?" നന്ദൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.. ദേവു നിസ്സഹായയായിക്കൊണ്ട് ചിരിച്ചു കാണിച്ചു.. "അമ്മ.. എല്ലാം പറയണത് അമ്മയാ.. നേരത്തെ അവിടെ അങ്ങനെ പറഞ്ഞതും..

എന്നോട് ഹരിയെ മാത്രേ കെട്ടാവൂന്ന് പറഞ്ഞതും.. ഉണ്ണിയേട്ടനോട് അഞ്ജലിയുടെ മുറീൽ കേറാൻ പറഞ്ഞതും അമ്മ തന്നെയാവും.. അല്ലാണ്ടെ ഉണ്ണിയേട്ടനൊരിക്കലും അങ്ങനെയൊന്നും ചിന്തിക്കുക പോലുല്ല്യ..." അവസാനിപ്പിക്കുമ്പോ അവളുടെ സ്വരത്തിന് നീറ്റലുണ്ടായിരുന്നു.. കേട്ടത് നന്ദനിൽ ഒരു ഇടിമിന്നൽ സൃഷ്ടിച്ചു.. കൂടുതലൊന്നും ചോദിച്ചറിയാൻ നിക്കാതെ നന്ദൻ തിരിഞ്ഞു നടന്നു.. നടക്കുമ്പോ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. ഹാളിൽ ഇരിക്കുന്നവരെ ഒന്നും വക വെക്കാതെ പുറത്തേക്കിറങ്ങിചെല്ലുമ്പോഴാണ് നീരുവും പിന്നാലെ ഓടി വന്നത്.. "എങ്ങോട്ടാ ഏട്ടാ?" "നീയും പോര്..." നന്ദൻ പറഞ്ഞതും മറ്റൊന്നും ചോദിക്കാതെ നീരു കാറിലേക്ക് കയറിയിരുന്നു. അപ്പോഴേക്കും എല്ലാവരും ഉമ്മറത്തേക്കെത്തിയിരുന്നു.. "എങ്ങോട്ടാടാ ഹരീ നീയീ നേരത്ത്...?" മായമ്മയാണ്.. "ഞാൻ അഞ്ജലിയെ കൂട്ടിക്കൊണ്ടു വരാൻ പോകുന്നു...." കാറിൽ കയറാൻ തുടങ്ങുന്നതിനു മുന്നേ നന്ദൻ പറഞ്ഞു. "അതേപ്പോ നന്നായത്.. ആ പിഴച്ചവളെ....."

വെപ്രാളത്തോടെ സുഭദ്രമ്മ പറഞ്ഞു തുടങ്ങിയതും നന്ദൻ അവർക്ക് നേരെ പാഞ്ഞടുത്തപ്പോൾ ഞെട്ടലോടെ പാതി നിർത്തി... "ഇനിയൊരക്ഷരം മിണ്ടിയാൽ അച്ഛന്റെ പെങ്ങളാണെന്നൊന്നും നോക്കില്ല.. കൊന്നു കളയും ഞാൻ......" നന്ദന്റെ ഗംഭീരസ്വരം കേട്ട് എല്ലാവരും പകച്ചു പോയിരുന്നു.. "ഹരീ..." നടക്കുന്നതെന്തെന്ന് മനസിലാവാതെ മായമ്മ അമ്പരന്നു... "എല്ലാവരും ചെന്ന് ദേവുവിനോട് അന്വേഷിച്ചു നോക്ക്.. അപ്പൊ അറിയാം ഇവിടെ നടന്ന നാടകത്തിന്റെ കഥയും സംവിധാനവുമെല്ലാം ആരുടെ തലയായിരുന്നുവെന്ന്..." കോപത്തോടെ നന്ദൻ പറഞ്ഞു കേട്ടപ്പോൾ കള്ളി വെളിച്ചതായെന്ന് സുഭദ്രാമ്മക്ക് ബോധ്യമായിരുന്നു. അതുകൊണ്ടാവണം പ്രശ്നമാവാതിരിക്കുവാനായി അവർ നെഞ്ചില് കൈ വെച്ച് നെഞ്ചുവേദനയഭിനയിച്ച് നിലത്തിരുന്നത്.. കൂടുതലൊന്നും മിണ്ടാതെ നന്ദൻ കാറിലേക്ക് കയറി.. നീരു അഞ്ജലിയുടെയും വിഷ്ണുവിന്റെയും നമ്പർ മാറി മാറി ഡയൽ ചെയ്യുന്നുണ്ടായിരുന്നു.. യാത്ര പുറപ്പെട്ടപ്പോഴാണ് നടന്ന കാര്യങ്ങൾ നന്ദൻ നീരുവിന് വ്യക്തമാക്കി കൊടുക്കുന്നത്..

"ഏട്ടാ.. അവർ ബാംഗ്ലൂർക്ക് ആയിരിക്കില്ലേ തിരിച്ചു പോയിട്ടുണ്ടാവുക..? ഫ്ലാറ്റിൽ മേനേജർ അങ്കിളിനോട് അവരെ എന്തെങ്കിലും പറഞ്ഞു തടഞ്ഞു നിർത്തുവാൻ വിളിച്ചു പറഞ്ഞൂടെ?" നീരു ചോദിച്ചു.. "ശരിയാ.. നീ വിളിച്ചു നോക്ക്.. എങ്ങനെയെങ്കിലും നമ്മള് അവിടേക്കെത്തുന്നത് വരെ അവർക്ക് അട്വൻസ് കൊടുക്കാതെ അവരെ പിടിച്ചു നിർത്താൻ പറ.. ഞാനാണേൽ മൊബൈലും വീട്ടിൽ വച്ചു മറന്നു..." നന്ദൻ പറഞ്ഞു.. നീരു മാനേജറേ വിളിച്ചു കാര്യങ്ങൾ പറയുന്നത് നന്ദനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ നീരുവിന്റെ ഫോൺ ബാറ്ററി ലോ ആയി സ്വിച്ഡ് ഓഫ് ആയി.. 🌺🥀🌺🥀🌺🥀🌺🥀🌺🥀

പുലർച്ചെയാണ് ബാംഗ്ലൂരിൽ എത്തുന്നത്.. അപാർട്മെന്റിന് താഴെ എത്തിയതും വണ്ടി പാർക്ക്‌ ചെയ്യാൻ പോലും നിക്കാതെ നന്ദനും നീരുവും കാറിൽ നിന്നും ഇറങ്ങിയതും മാനേജർ അവർക്ക് നേരെ ഓടിവരുന്നത് കണ്ടു.. "നിങ്ങളിതെവിടെയായിരുന്നു.. ഞാനെത്ര തവണ വിളിച്ചു നോക്കി.. അവരെ തടഞ്ഞു നിർത്താൻ എന്നെക്കൊണ്ട് പറ്റിയില്ല.. അധ്വാൻസ് പോലും വാങ്ങിക്കാതെ മുറിയിൽ നിന്ന് അവരുടെ ഡ്രെസ്സുകളും മറ്റുമെല്ലാം എടുത്ത് അവര് പോയി.. ഞാൻ ആവുന്നത്ര പറഞ്ഞു നോക്കി.. നിങ്ങളൊരു അരമണിക്കൂർ നേരത്തെ വന്നിരുന്നെങ്കിൽ......." മാനേജർ ബാക്കി പറയുന്നത് കേട്ട് നിൽക്കുവാൻ അവനായില്ല.. സങ്കടത്തിന്റെ കനം കൊണ്ട് തല താണു പോയി.. തിരിഞ്ഞു നടന്നുകൊണ്ട് കാറിലേക്ക് കയറിയിരുന്നവൻ ദേഷ്യത്തോടെയും സങ്കടത്തോടെയും സ്റ്റിയറിങ്ങിൽ തല വച്ചു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story