പ്രണയ സ്വകാര്യം: ഭാഗം 34 || അവസാനിച്ചു

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"ഏട്ടാ.. അവര് പോയി ഏട്ടാ.." കരഞ്ഞുകൊണ്ടാണ് നീരു അത് വന്ന് പറയുന്നത്.. സ്റ്റിയറിങ്ങിൽ നിന്നും തലയുയർത്തി നോക്കിയപ്പോൾ നീരുവിന്റെ മുഖത്താകെ കണ്ണുനീര് തളം കെട്ടിയിരുന്നു.. എന്ത് ചെയ്യണമെന്നറിയാതെ അവളെ അരികിലേക്ക് ചേർത്ത് പിടിച്ചു നിന്നു... "അവര് നാട്ടിലോട്ടു പോയിക്കാണും ഏട്ടാ..." നന്ദന്റെ നെഞ്ചില് തലവച്ചു കിടന്നുകൊണ്ട് നീരു തേങ്ങി. തന്റെ മനസ്സും അത് തന്നെയാണ് പറഞ്ഞത്.. അവർ വീട്ടിലോട്ട് പോയിക്കാണും.. "ഇനി നമ്മളെന്താ ചെയ്യാ ഏട്ടാ..." നീരു ചോദിച്ചുകൊണ്ടിരുന്നുവെങ്കിലും അവന്റെ മനസ്സപ്പോൾ അവിടെയല്ലായിരുന്നു.. ഉള്ളിൽ ഒരായിരം ക്ഷമാപണം നടത്തുന്നുണ്ട്.. ചെയ്തുപോയ തെറ്റ് ചെറുതല്ലെന്നറിയാം.. തിരുത്തുവാൻ അവസാനമായൊരു അവസരമേ ചോദിക്കുന്നുള്ളു.. ഒരിക്കൽ ഒരു കോപത്തിന്റെ പുറത്ത് അറിയാതെ വിട്ടുപോയ ആ കൈകളെ ഇനിയൊരിക്കലും വിടാതെ ചേർത്ത് പിടിക്കാൻ ഒരവസരം.. "നമുക്ക്.. നമുക്കവരുടെ വീട്ടിലേക്ക് പോവാം നീരൂ.. നീ സമാധാനിക്ക്‌...."

അവളുടെ തോളിൽ തട്ടിക്കൊണ്ടവൻ ആശ്വസിപ്പിച്ചു.. അപ്പോഴാണവൻ ഓർത്തത്.. അവളുടെ വീടെവിടെയാണെന്ന് തനിക്കറിയില്ല എന്ന സത്യം.. ആ സത്യം മനസ്സിലേക്ക് കടന്നെത്തിയതും ഉള്ള് പൊള്ളിപ്പോയി.. ഒരിക്കൽ പോലും അവളുടെ വീടിനെ പറ്റിയോ വീട്ടുകാരെ പറ്റിയോ താൻ ചോദിച്ചിട്ടില്ല.. എന്തൊരു വിഡ്ഢിയായ കാമുകനാണ് താൻ.. എവിടെയാണ് തനിക്ക് പിഴച്ചു പോയത്.. "നിനക്ക്.. നിനക്കവരുടെ വീടെവിടെയാണെന്നറിയോ..?" മടിച്ചു മടിച്ച് നീരുവിനോട് ചോദിച്ചപ്പോൾ അവൾ നെറ്റി ചുളിച്ചുകൊണ്ട് എഴുന്നേറ്റവന്റെ മുഖത്തേക്ക് നോക്കി.. "അഞ്ജലിയുടെ വീട് എവിടെയാന്ന് ഏട്ടനറിയില്ലേ?" ചോദ്യം കേട്ട് തല താണുപ്പോയി.. പതിയെ അവൻ ഇല്ലെന്ന് തലയാട്ടി... "നിനക്കറിയുമോ?" തലയുയർത്തിക്കൊണ്ട് നന്ദൻ ചോദിച്ചു. "ഞങ്ങളുടെ ഇഷ്ടം ഞാനോ വിച്ചേട്ടനോ ഒരു സ്വകാര്യമാക്കി വെച്ചിട്ടുണ്ടായിരുന്നില്ല ഹരിയേട്ടാ.. അതോണ്ട് വിച്ചേട്ടന്റെ വീട് എവിടെയാന്ന് എനിക്കറിയാം.." നീരു പറഞ്ഞപ്പോൾ പിന്നെയും തല താഴ്ത്തി വച്ചു..

"ഒരിക്കൽ പോലും ഇതൊന്നും ചോദിക്കാൻ ഹരിയേട്ടന് പറ്റിയില്ലേ? ഒരൊറ്റ തവണ പോലും?" നീരു ചോദിച്ചപ്പോൾ തിരിച്ചു പറയുവാൻ ഉത്തരമുണ്ടായിരുന്നില്ല.. നീരു ചുണ്ടുകൾ കടിച്ചൊന്ന് പുറത്തേക്ക് നോക്കിയിട്ട് പിന്നെയും നന്ദനെ നോക്കി. "ഒരിക്കലെങ്കിലും നിങ്ങള് തമ്മിൽ ഇഷ്ടമാണെന്ന് തുറന്നു സമ്മതിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു ഹരിയേട്ടാ.. ഇഷ്ടം ഉള്ളിൽ കൊണ്ട് നടന്നിട്ടിപ്പോ നീരുവച്ച് പഴുത്ത് തുടങ്ങിയതാ ഇത്.." നീരു കണ്ണുകൾ അവനിൽ നിന്നും പിന്തിരിച്ചുകൊണ്ട് പറഞ്ഞു.. നന്ദന് തന്നോട് തന്നെ സ്വയം പുച്ഛം തോന്നി.. കുറേ നേരത്തിന് ഇരുവരും ഒന്നും മിണ്ടിയില്ല. വീടെവിടെയെന്ന് അവളോട് ചോദിക്കുവാൻ നന്ദന് ലജ്ജ തോന്നി... "വിഷ്ണുവേട്ടന്റെ വീട് ആലപ്പുഴയിലെ മാവേലിക്കരയിലാണ്. അവിടെ അടുത്ത് തന്നെയാണെന്ന് തോന്നുന്നു അഞ്ജലീടെയും.." ഏറെ നേരത്തേ മൗനത്തിനു ശേഷം നീരു നന്ദനെ നോക്കാതെ പറഞ്ഞു.. നന്ദൻ കാർ സ്റ്റാർട്ട്‌ ചെയ്ത് റിവേഴ്‌സ് എടുത്തു. മാനേജർ അപ്പോഴും അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

"അങ്കിളെ.. അങ്കിളിന്റെ കയ്യിൽ പവർ ബാങ്കുണ്ടോ?" നീരു അയാളെ നോക്കിക്കൊണ്ട് ചോദിച്ചപ്പോൾ അയാൾ ഉണ്ടെന്ന് തലയാട്ടിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി.. തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു പവർബാങ്കും ഉണ്ടായിരുന്നു.. നന്ദന്റെ കാർ റോഡിലേക്കിറങ്ങിയപ്പോഴേക്കും നീരു ഫോണിൽ ചാർജ് കുത്തി വച്ചിരുന്നു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 ഇടക്ക് ഭക്ഷണം കഴിക്കുവാനും ഫ്രഷ് ആകുവാനുമെല്ലാം ഓരോയിടങ്ങളിൽ വണ്ടി നിർത്തിയിരുന്നു.. അവിടെയെല്ലാം ഇറങ്ങുമ്പോഴും ഇരുവരുടെയും പ്രാർത്ഥന അഞ്‌ജലിയേയോ വിഷ്ണുവിനെയോ അവിടെ എവിടെയെങ്കിലും വച്ച് കാണാൻ പറ്റണെ എന്നായിരുന്നു.. ഓരോ മനുഷ്യരിലേക്കും അവർ വെപ്രാളത്തോടെ നോക്കും, ഓരോ മുഖങ്ങളിലേക്കും.. "ഹലോ.... നീരൂ... നിന്റെ ഫോണിനെന്താ പറ്റ്യേ? ഞാനെത്ര തവണയായീന്നറിയോ ട്രൈ ചെയ്യണത്.. ഹരിയാണേൽ ഫോണും എടുത്തില്ല.. നിന്നെ വിളിക്കുമ്പോ സ്വിച്ച്ഓഫും..." ഏകദേശം ഫോണിൽ ചാർജ് ആയപ്പോഴാണ് മൊബൈൽ സ്വിച്ച് ഓൺ ചെയ്യുന്നത്.. ആദ്യം വന്ന കോൾ കാശിനാഥന്റേതാണ്. നീരു ഫോൺ സ്പീക്കറിൽ വച്ചു..

"കാശിയേട്ടാ.. ഹരിയേട്ടൻ ഫോണെടുക്കാൻ മറന്നു.. എന്റെ ഫോണിലാണേൽ ചാർജ് ഉണ്ടായിരുന്നില്ല.. പോരുന്ന വഴി ഫ്ലാറ്റിലെ മാനേജരോട് പവർ ബാങ്ക് വാങ്ങി ചാർജ് ചെയ്ത് ദേ ഇപ്പൊ ഓൺ ചെയ്തതെ ഉള്ളു.. അപ്പഴാണ് ഏട്ടന്റെ കാൾ..." നീരു സംസാരിക്കുമ്പോഴും വണ്ടിയോടിക്കുന്നതിനിടെ നന്ദൻ അവളെ തല ചെരിച്ചു നോക്കിക്കൊണ്ടിരുന്നു.. "ഹരിയെവിടെ....?" "ഞാൻ കേക്കുന്നുണ്ട് ഏട്ടാ...." നന്ദൻ പറഞ്ഞു.. "ദേവു എല്ലാം പറഞ്ഞു... മായമ്മേം മുത്തശ്ശിയും ഒക്കെ സുഭദ്രമ്മയെ കണക്കിന് വഴക്ക് പറഞ്ഞിട്ടൊണ്ട്.. പിന്നെ.. ആ വഴക്ക് പറയണ കൂട്ടത്തില് വേറൊരാളും കൂടെ ണ്ടായിരുന്നു.." കാശി ഒന്നു നിർത്തി. നന്ദന്റെ മുഖത്ത് നേരിയ ഒരു ആകാംഷ നാമ്പിട്ടു.. കാശി തുടർന്നു. "അച്ഛനായിരുന്നെടാ... " കേട്ടപ്പോൾ നന്ദന്റെ ഉള്ളിൽ ഒരു അമ്പരപ്പ് പടർന്നു. അവൻ കാശിയേട്ടൻ പറയുന്നതിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തി.. "സ്വന്തം കൂടപ്പിറപ്പല്ലേന്ന് കരുതി അച്ഛനില്ലാത്ത നിന്റെ മോൾക്ക് എന്റെ ഹരി മോനെ കെട്ടിച്ചു തരാംന്ന് ഞാൻ തന്ന വാക്ക് നീ ഇത്രയധികം ഉപയോഗിക്കുമെന്ന് ഞാൻ വിചാരിച്ചില്ലാന്നൊക്കെ പറഞ്ഞു.. അച്ഛൻ...

നേരെത്രായീന്നറിയോ എന്നെ ഇങ്ങനെ നിർബന്ധിക്കുന്നു നിന്നെ വിളിക്കാൻ.. നിന്നോട് മിണ്ടാൻ മടിയാ.. ചമ്മലും..." കാശി പറഞ്ഞപ്പോൾ കണ്ണുകൾ കലങ്ങി പോയി. "അച്ഛൻ എവിടെ...?" മെല്ലെ ചോദിച്ചു.... "ഇത്രയും നേരം നീ കോൾ എടുക്കുന്നതും കാത്ത് ഇവിടെ ഉണ്ടായിരുന്നു.. നീ കോൾ എടുത്തപ്പോ നിന്നോട് എങ്ങനെ മിണ്ടുംന്ന് കരുതി പോയതാ ഇപ്പൊ..." കാശി പറഞ്ഞു. മനസ്സ് നിറഞ്ഞു.. "അതുപോട്ടെ.. നിങ്ങളെവിടെയാ ഇപ്പൊ?" "ഞങ്ങള് ബാംഗ്ലൂരിന്ന് തിരിച്ചു വരുന്ന വഴിയാ ഏട്ടാ..." "അവിടെയെത്തിയോ നിങ്ങള്.. പോകുന്നതിന് മുന്നേ എന്നേം കൂടെ വിളിക്കായിരുന്നില്യേ...?" "ആ നിമിഷം എനിക്കെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും ഇല്ലായിരുന്നു ഏട്ടാ.. അതാ ഞങ്ങളിങ് വേം പോന്നത്...." നന്ദൻ പറഞ്ഞു.. "മ്മ്... സാരല്ല്യ.. അഞ്ജലീ....?" അഞ്ജലിയുടെ പേര് കേട്ടതും നന്ദന്റെ മുഖമൊന്നു പിന്നെയും വാടി... "അഞ്ജലി വിച്ചേട്ടന്റൊപ്പം നാട്ടിലേക്ക് പോയീന്നു തോന്നുന്നു.. ഞങ്ങളങ്ങോട്ട് പോയിക്കൊണ്ടിരിക്കുവാ.." നീരുവാണ് മറുപടി പറഞ്ഞത്.. 🌺🥀🌺🥀🌺🥀🌺🥀🌺🥀

മാവേലിക്കരയെത്തും വരെ നീരു വിഷ്ണുവിന്റെയും അഞ്ജലിയുടെയും നമ്പറിൽ മാറി മാറി വിളിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.. മൊബൈൽ സ്വിച്ചഡ് ഓഫ് എന്നു തന്നെ പറഞ്ഞുകൊണ്ടേയുമിരുന്നു.. നീരു വഴി പറഞ്ഞതനുസരിച്ചായിരുന്നു നന്ദൻ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.. ഓരോ തവണയും അവൾ കൃത്യമായി വഴി പറഞ്ഞു കൊടുക്കുമ്പോഴെല്ലാം നന്ദന് തന്നോട് തന്നെ സ്വയം ലജ്ജ തോന്നി... ദൂരമേറിയ റോഡ് കടന്നവരുടെ കാർ ചെന്നു നിന്നത് വലിയൊരു വീടിന്റെ ഗേറ്റിനരികിലാണ്.. "നിനക്കുറപ്പുണ്ടോ ഇത് തന്നെയാണ് വീടെന്ന്?" "വിച്ചേട്ടൻ എനിക്ക് ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്...." പറഞ്ഞുകൊണ്ട് നീരു ഡോർ തുറന്നു പുറത്തേക്കിറങ്ങി.. കാർ സൈഡിലേക്ക് ഒതുക്കി വച്ചുകൊണ്ട് നന്ദനും പിന്നാലേയിറങ്ങി.. ഗേറ്റ് തുറന്നു അകത്തേക്ക് കയറിയപ്പോൾ വീടിന്റെ അകത്തേക്കുള്ള കതക് തുറന്നിട്ടിരിക്കുന്നത് കണ്ടു.. പെട്ടെന്ന് ഉള്ളിൽ നിന്നും ഒരാള് ഷർട്ടിന്റെ മേല് ബട്ടനുകൾ ഇട്ടുകൊണ്ട് പുറത്തേക്കിറങ്ങി..

അയാൾ വിഷ്ണുവിന്റെ അച്ഛനാണെന്ന് നീരുവിന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.. "സുമിത്രേ.. ഞാനിറങ്ങിയേ.. അത്താഴത്തിനുള്ളത് ഞാൻ വരുമ്പോ കൊണ്ടോരാം...." പടികളിറങ്ങി ചെരിപ്പുകളിട്ട് തിരിയുമ്പോഴാണ് അദ്ദേഹം വന്നിരിക്കുന്ന അപരിചിതരായ രണ്ടുപേരെ കാണുന്നത്.. "ആരാ? മനസ്സിലായില്ല?" അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.. "അച്ഛന്റെ മോനില്ലേ അകത്ത്....?" നീരുവാണ് ചോദിച്ചത്.. "വിഷ്ണു......?" അദ്ദേഹം ആളെ മനസ്സിലാവാത്ത രീതിയിൽ ചോദിച്ചു.. "അല്ലാതാര്.. ഇവിടെ എത്തിയിട്ടുണ്ടാവുമല്ലോ...." "അവനകത്തുണ്ട്... നിങ്ങളാരാ.. അവന്റെ ഫ്രണ്ട്സ് ആണോ?" അദ്ദേഹം ചോദിച്ചു. "അച്ഛൻ അവനെയൊന്ന് വിളിച്ചേ..." നീരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. അദ്ദേഹം അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.. ആളെ മനസ്സിലാവാത്തതിലുള്ള കൗതുകം അപ്പോഴും അദ്ദേഹത്തിന്റെ മുഖത്തുണ്ട്. വിളി കേട്ട് വിഷ്ണു ഉമ്മറത്തേക്ക് വന്നു.. പിന്നാലെ അവന്റെ അമ്മയും.. നാളുകൾക്ക് ശേഷം വീട്ടിലെത്തിയ മകനെ വയറു നിറച്ച് കഴിപ്പിക്കുകയായിരുന്നു അമ്മ.. പുറത്ത് വന്നിരിക്കുന്നവരെ കണ്ടതും വിഷ്ണു ഒന്ന് അമ്പരന്നു.. "ആരാ ഇവരൊക്കെ?" അമ്മ വിഷ്ണുവിനോടായി ചോദിച്ചു. "ചോദിക്കുന്നത് കേട്ടില്ലേ.. ഞങ്ങളാരാന്ന്.. നിങ്ങള് പറയണോ അതോ ഞാൻ പറയണോ?"

നീരു വിഷ്ണുവിനെ നോക്കിക്കൊണ്ട് അല്പം ഗൗരവത്തോടെ ചോദിച്ചു.. "ഹായ് അങ്കിൾ.. ഞാൻ വിഷ്ണുവിന്റെ ഫ്രണ്ട് ആണ്.." നന്ദൻ ചിരിയാലേ അച്ഛന് നേരെ കൈ നീട്ടിയപ്പോഴാണ് അദ്ദേഹത്തിന് ആശ്വാസമായത്. "ഞാനങ്ങു പേടിച്ചുപോയി.." അച്ഛൻ ചിരിച്ചുകൊണ്ട് തിരിച്ചു കൈ കൊടുത്തു.. അപ്പോഴേക്കും വിഷ്ണു അവർക്കരികിലേക്ക് നടന്നടുത്തിരുന്നു.. അവൻ ഒരു പരുങ്ങലോടെ നീരുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്തുള്ള ഗൗരവം മാഞ്ഞിരുന്നില്ല.. എങ്കിലും കണ്ണുകൾ അവനിൽ തന്നെയായിരുന്നു.. "ഞാനാരാന്ന് അറിയണ്ടേ അച്ഛന്..?" നീരു ചോദിച്ചു.. "ഇതാണോടാ ആ കൊച്ച്.. നീരു..?" നീരുവിനെയും നന്ദനെയും ഞെട്ടിച്ചുകൊണ്ട് ചിരിയോടെ വിഷ്ണുവിനോടായി അച്ഛൻ ചോദിച്ചപ്പോൾ അവൻ ചിരിയോടെ അതേന്ന് തലയാട്ടി.. "ഉം.. കേട്ടിട്ടുണ്ട്.. ഇവൻ പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട്.." അമ്മയും അരികിലേക്ക് വന്നുകൊണ്ട് നീരുവിന്റെ കവിളിൽ തൊട്ടുകൊണ്ട് പറയുമ്പോഴും പെണ്ണിന്റെ മുഖം വിഷ്ണുവിൽ ആയിരുന്നു, കൗതുകത്തോടെ..

അതുവരെ ഉള്ളിൽ വച്ച ദേഷ്യമെല്ലാം ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി.. "അമ്മേം അച്ഛനും എന്നോടൊന്ന് പൊറുക്കണം.." നീരു അവരെ നോക്കിക്കൊണ്ട് പറഞ്ഞപ്പോൾ എന്തിനെന്നവർ മുഖത്തോട് മുഖം നോക്കി.. നീരു വിഷ്ണുവിനെ നോക്കിക്കൊണ്ട് അവന്റെ മുന്നിൽ ചെന്നു നിന്നു. അപ്പോഴും മുഖത്തെ ഗൗരവം വിട്ടിരുന്നില്ല.. എന്തിനുള്ള പുറപ്പാടാണെന്ന് വിഷ്ണുവിനും ഊഹിക്കാനായില്ല.. പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. കീഴ്ചുണ്ട് കടിച്ചുപിടിച്ചുകൊണ്ടവൾ കരച്ചിലോടെ അവന്റെ നെഞ്ചത്ത് ഇരുകയ്കൊണ്ടും ശക്തിയായി ഇടിച്ചു.. അവൻ മെല്ലെ തടഞ്ഞു വെച്ചപ്പോളവൾ അവന്റെ കോളറിൽ മുറുകെ പിടിച്ചുകൊണ്ടവന്റെ നെഞ്ചില് വീണു കരഞ്ഞു.. "ഒന്നും പറയാതെ അങ്ങ് പോയല്ലേ..." അച്ഛനും അമ്മയും കാര്യങ്ങളറിയാതെ അമ്പരന്നു നിൽക്കുകയായിരുന്നു.. പിന്നീടാണ് കാര്യങ്ങൾ നന്ദൻ അവർക്ക് വിവരിച്ചു കൊടുക്കുന്നത്.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "അഞ്ജലിയെ വീട്ടിൽ കൊണ്ടാക്കിയിട്ടുണ്ട്.. അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം അവളുടെ അച്ഛനെ പറഞ്ഞു മനസ്സിലാക്കിച്ചു..

ബാംഗ്ലൂർക്ക് വന്നാൽ നിങ്ങള് അങ്ങോട്ടെത്തുമെന്ന് ഉറപ്പുള്ളതിനാൽ അഞ്‌ജലിയാണ് നാട്ടിലേക്ക് പോണമെന്നു വാശി പിടിച്ചത്..... ബാംഗ്ലൂരിൽ എത്തും വരെയും തിരിച്ചു വീട്ടിൽ കൊണ്ടാക്കുന്നത് വരെയും ഒരു വാക്കവൾ എന്നോട് സംസാരിച്ചിരുന്നില്ല....." വിഷ്ണു പറയുന്നത് കേട്ട് നന്ദന് നോവ് തോന്നി.... "നമുക്കവളുടെ വീട്ടിലോട്ട് പോകാം...." നീരു ചോദിച്ചു.. പോകാമെന്നു വിഷ്ണു സമ്മതിച്ചു.. "നിങ്ങളിറങ്ങുവാണോ?" വിഷ്ണുവും നീരുവും നന്ദനും അഞ്ജലിയുടെ വീട്ടിലേക്ക് ഇറങ്ങുമ്പോഴാണ് അമ്മ പിന്നെയും ചോദിച്ചത്.. "അതെയമ്മേ.. ഇതൊന്ന് തീർത്തിട്ട് വേണം ഒന്ന് ശ്വാസം വിടാൻ.. ഞാൻ ഇനീം വരും...." നീരു അമ്മയോടായി യാത്ര പറഞ്ഞുകൊണ്ട് കാറിലേക്ക് കയറി.. അഞ്ജലിയുടെ വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ നന്ദന്റെ ഹൃദയം ശക്തമായി മിടിച്ചു തുടങ്ങിയിരുന്നു... 🌺🥀🌺🥀🌺🥀🌺🥀🌺🥀 വിഷ്ണുവായിരുന്നു കാർ ഓടിച്ചിരുന്നത്.. നന്ദന്റെ കണ്ണുകൾ പുറത്തായിരുന്നു.. ഒരു വലിയ വീടിനു മുമ്പിൽ കാർ വന്നു നിന്നപ്പോഴാണ് അവൻ മുന്നിലേക്ക് നോക്കുന്നത്.. "വീടെത്തി...." വിഷ്ണു തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു..

വീട്ടിലേക്ക് കണ്ണുകൾ ചെന്നു വീണു.. കോലായയിലെ ബാൽക്കണിയിൽ ഒരാൾ ഇരിക്കുന്നുണ്ട്.. മുൻപൊരു തവണ കണ്ടതിനാൽ അയാളെ കണ്ടപ്പോൾ തന്നെ അഞ്ജലിയുടെ അച്ഛനാണെന്ന് നന്ദന് മനസ്സിലായി.. കാറിൽ നിന്നും വിഷ്ണുവിന്റെയൊപ്പം അവിടേക്ക് നടക്കുമ്പോൾ കാലുകൾ ഇടറുന്നതായി തോന്നി നന്ദന്.. വരുന്നവരെ കണ്ടതും അവരെ കാത്തിരുന്നത് പോലെ അദ്ദേഹം എഴുന്നേറ്റു.. "അകത്തേക്ക് വരൂ വിഷ്ണുന്റെ അമ്മ എല്ലാം എന്നേ വിളിച്ചു പറഞ്ഞിരുന്നു..." കേട്ടപ്പോൾ അന്നൊരിക്കൽ കണ്ട അദ്ദേഹമായിരുന്നില്ല ഇന്ന് തന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്ന് തോന്നിപ്പോയി നന്ദന്.. അവർ അകത്തേക്ക് കയറി.. മനസ്സ് പടപടാ മിടിക്കുന്നു.. "ക്ഷമിക്കണം മോനെ.. അന്ന് നിങ്ങളെ രണ്ടുപേരേം ഒരുമിച്ച് കണ്ടപ്പം ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു പോയി.. വിഷ്ണുവാണ് എല്ലാ തെറ്റിദ്ധാരണകളും മാറ്റി തന്നത്.. പക്ഷെ അവള് പിണങ്ങി വന്നതാണെന്നൊന്നും ഞാനറിഞ്ഞില്ല്യ.. ഇപ്പം ഇവന്റമ്മ വിളിച്ചു പറഞ്ഞതാ കാര്യങ്ങള്.." അച്ഛൻ ശാന്തതയോടെ പറഞ്ഞു..

കൂടുതൽ കാര്യങ്ങള് കേട്ടു നിൽക്കുവാനുള്ള ക്ഷമ ഇല്ലാത്തതിനാൽ ആവണം അഞ്ജലി എവിടെയാണെന്ന് നന്ദൻ ഇടയ്ക്കു കയറിക്കൊണ്ട് ചോദിച്ചത്... "അഞ്ജലി......?" "അകത്തുണ്ട്... അവളുടെ മുറീൽ.. വന്നപ്പോ തൊട്ട് ഒരക്ഷരം മിണ്ടിയിട്ടില്ല.. യാത്രാക്ഷീണം ആവുംന്നാ വിചാരിച്ചത്.. ഇപ്പഴല്ലേ കഥകളൊക്കെ അറിയുന്നത്..... പോയി നോക്കിക്കൊള്ളൂ..." അച്ഛൻ അകത്തേക്ക് കൈ കാട്ടിയപ്പോൾ അക്ഷമയോടെ അകത്തേക്ക് കേറിച്ചെന്നു.. ഹാളിൽ സോഫയിലിരുന്ന് പുസ്തകം വായിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു.. തന്നെ കണ്ടതും അവളൊന്ന് എണീറ്റു പരിചയ ഭാവത്തിൽ പുഞ്ചിരിച്ചു. അവളുടെ അനിയത്തിയാവണം.. "ചേച്ചീടെ സെലെക്ഷൻ ഏതായാലും സൂപ്പറാണ്.. ഞാൻ സിതാര.. അനിയത്തിയാ.. ചേച്ചി മോളിലെ റൂമിലുണ്ട്..." മുകളിലേക്കുള്ള പടികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിതാര പറഞ്ഞു.. വേഗം മുകളിലേക്ക് കയറി തുടങ്ങിയപ്പോൾ താഴെ നിന്നും സിതാര ഒന്നുകൂടെ വിളിച്ചു. "ചേട്ടാ.." താഴേക്ക് എത്തി നോക്കി.. "ചേട്ടൻ വരുന്ന കാര്യം ചേച്ചി അറിഞ്ഞിട്ടില്ല.. ആൾ ദി ബെസ്റ്റ്..."

നന്ദൻ പരിഭ്രമം മറച്ചുവെച്ച് പുഞ്ചിരിച്ചുകൊണ്ട് മുകളിലേക്ക് കയറിച്ചെന്നു.. പാതിയടഞ്ഞു കിടക്കുന്നൊരു മുറി കണ്ടു.. അവിടേക്ക് പതുക്കെ നടന്നടുക്കുമ്പോൾ കാലുകൾ നിലത്തുറക്കാത്തത് പോലെ തോന്നി നന്ദന്.. അകത്ത് ഫാൻ കറങ്ങുന്ന നേരിയ ശബ്ദമുണ്ട്... പയ്യെ അകത്ത് ചെന്ന് നോക്കിയപ്പോൾ കിടക്കയിൽ ചെരിഞ്ഞു കിടക്കുന്ന ഒരുത്തിയെ കണ്ടു... മനസ്സിലൊരു കുളിർമഴ പെയ്യുന്നത് പോലെ തോന്നി അവന്... രണ്ടും കൽപ്പിച്ച് വാതിൽക്കൽ ഒന്ന് കൊട്ടി.. "സിതാരെ, ഞാൻ പറഞ്ഞതല്ലേ എനിക്ക് ചായ വേണ്ടാന്ന്.. നിങ്ങള് കുടിച്ചോ.." തിരിഞ്ഞു നോക്കാതെ തന്നെ അവള് മറുപടി പറഞ്ഞു.. അവൻ പിന്നെയും ഒന്ന് മുട്ടി.. ദേഷ്യത്തോടെ അഞ്ജലി കിടക്കയിൽ നിന്നും എഴുന്നേറ്റ് നോക്കിയതും മുന്നിൽ കണ്ടത് നന്ദനെയാണ്.. പെണ്ണൊന്ന് അമ്പരന്നു പോയി.. മുഖത്ത് കരച്ചിൽ മിന്നി മറഞ്ഞു.. നോവ് കടിച്ചു പിടിച്ചുകൊണ്ടവൾ അവിടെ തന്നെ ഇരുന്നു.. നന്ദൻ പതിയെ അരികിലേക്ക് നടന്നു വന്നപ്പോൾ അവള് കട്ടിലിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രമിച്ചെങ്കിലും അവൻ അവളെ പിടിച്ചിരുത്തി..

അവളാ കൈ തട്ടിമാറ്റി.. അവൻ മുട്ടുകുത്തിയിരുന്ന് അവളെ നോക്കി.. അവൾ അപ്പോഴും ദേഷ്യത്തോടെ കാണപ്പെട്ടു.. "അയാം സോറി...." അവനവളുടെ കൈകളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.. അവൾ ഒന്നും മിണ്ടിയില്ല.. "പെട്ടന്ന് ദേഷ്യം വന്നപ്പോ ഞാൻ...." "ദേഷ്യം? നിങ്ങൾക്ക് ദേഷ്യം വന്നാൽ എന്തും പറയാമെന്നും ഞാനതെല്ലാം കേട്ടും സഹിച്ചും നിൽക്കണമെന്നുമാണോ?" അഞ്ജലി കൈകൾ പിൻവലിച്ചുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.. "പറ്റിപ്പോയി... പ്ലീസ്.... ഇനിയുണ്ടാവില്ല....." "നിങ്ങള് പല കലിപ്പന്റെ കാന്താരികളെയും കണ്ടിട്ടുണ്ടാവും.. എല്ലാം കണ്ടും കേട്ടും സഹിക്കുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാവും.. ഞാനാ കൂട്ടത്തിൽ പെട്ടവളല്ല.. സ്വന്തം ആത്മാഭിമാനം ഞാൻ ഒരു മനുഷ്യന് മുന്നിലും അടിയറവ് വെക്കില്ല.. നടന്നതെന്താണെന്ന് എന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെ ഇറങ്ങിപ്പോകാൻ പറഞ്ഞില്ലേ..?" ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറയുമ്പോൾ അവളുടെയും കണ്ണുകൾ നിയന്ത്രണം വിട്ടു നിറഞ്ഞിരുന്നു.. "ഞാൻ തെറ്റാണ് ചെയ്തത്..

ആ തെറ്റ് തിരുത്തുവാൻ എനിക്കൊരു അവസരം തന്നൂടെ? ഇനിയൊരിക്കലും.. ഒരിക്കലും ഒരു നോട്ടം കൊണ്ടുപോലും ഞാൻ നിന്നെ വിഷമിപ്പിക്കില്ല.. ഒരൊറ്റ തവണത്തേക്ക് നിനക്കെന്നോട് ക്ഷമിച്ചൂടെ? എന്റെ കൂടെ തിരിച്ചു വീട്ടിലേക്ക് വന്നൂടെ...?" "ക്ഷമിക്കാം.. പക്ഷെ എന്നേ ഒരു തരി പോലും വിശ്വാസമില്ലാത്ത ഒരാളുടെ വീട്ടിലേക്ക് ഞാനെന്തിന് വരണം..? പ്രത്യേകിച്ച് എന്നേ ഇറക്കിവിട്ട ആ വീട്ടിലേക്ക്..?" "ഒരിക്കൽ പോലും നിന്നെ വിശ്വാസമില്ലാഞ്ഞിട്ടായിരുന്നില്ല.. പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ അങ്ങനെ ചെയ്തു പോയി.. തെറ്റ് പറ്റിപ്പോയി.. നിനക്ക് അവസാനമായി ഒന്ന് പൊറുത്തൂടെ?" "ശരി.. ഞാൻ പൊറുത്തിരിക്കുന്നു.. ഇനി പൊയ്ക്കോളൂ.. തിരിച്ചു വീട്ടിലെത്താനുള്ളതല്ലേ..?" ഭാവഭേദങ്ങളൊന്നും തന്നെയില്ലാതെ അഞ്ജലി പറഞ്ഞു. കേട്ടതും നന്ദനൊന്ന് ഞെട്ടി.. "അപ്പൊ.. എന്റൊപ്പം നീ വരില്ലേ?" "ഞാനോ..? എന്തിന്? എന്നേ നിങ്ങടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഞാനെന്താ നിങ്ങടെ ഭാര്യയോ? അതോ കാമുകിയോ?" "നീയെന്റെ ആരുമല്ലേ?" "നിങ്ങളൊന്ന് ആലോചിച്ചു നോക്ക്.. ഒരിക്കൽ പോലും നമുക്കിടയിൽ പ്രണയം ഒരു സംസാര വിഷയമായിട്ടില്ല.. പിന്നെ ഞാനെങ്ങനെ നിങ്ങളുടെ ആരെങ്കിലും ഒക്കെയാവും...?"

നന്ദന്റെ തല താണു പോയി.. കട്ടിലിൽ അവൾക്കരികിൽ അവളുടെ മൊബൈൽ കണ്ടു.. കയ്യെത്തി എടുത്ത് സ്വിച്ച് ഓൺ ചെയ്ത് അവളുടെ മടിയിലോട്ടിട്ടു.. അവനെന്താണ് ചെയ്യാൻ പോകുന്നതെന്ന് കൗതുകത്തോടെ നോക്കുകയായിരുന്നു അവൾ.. എഴുന്നേറ്റ് നിന്നവൻ പിന്നിലേക്ക് നടന്നു ചുവരിനോട് ചാരി നിന്നു.. തന്റെ കയ്യിലിരുന്ന നീരുവിന്റെ മൊബൈൽ എടുത്ത് മെസെഞ്ചർ ഓൺ ചെയ്ത് ജീവൻ കൃഷ്ണയുടെ ഐഡിയിൽ ലോഗിൻ ചെയ്തു.. ദുർഗ കൃഷ്ണ എന്ന ഐഡിയിലേക്ക് മെസേജ് അയച്ചു.. 'വാവേ...' അവളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ ശബ്‌ദം കേട്ടു.. അവളവനെ നോക്കി നിൽക്കുകയായിരുന്നു.. അവൻ മൊബൈൽ നോക്കുവാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.. അവൾ കാര്യം മനസിലാവാതെ മൊബൈൽ എടുത്തു നോക്കിയപ്പോൾ കണ്ടത് ജീബേട്ടന്റെ മെസേജ് നോട്ടിഫിക്കേഷൻ ആയിരുന്നു.. 'മ്മ്....' അത്രമാത്രം മറുപടി പറഞ്ഞു.. 'പിണക്കിലാണോ?' 'എന്തിന്..?' 'ദേഷ്യമുണ്ടോ...?' 'എന്തിന്...?' 'നിനക്കെന്നെ വന്ന് രണ്ടു തല്ല് തല്ലിക്കൂടെ? അല്ലെങ്കിൽ...

ആ സമയത്ത് വന്ന് ചെകിട്ടത്ത് രണ്ട് പൊട്ടിച്ചിട്ട് കാര്യം മനസ്സിലാക്ക് ജീബേട്ടാന്ന് പറഞ്ഞൂടായിരുന്നോ..? ഞാൻ കേട്ടേനെ....' നന്ദന്റെ മെസേജ് കണ്ടു.. ഒന്നും മറുപടി ടൈപ്പ് ചെയ്യാഞ്ഞത് കണ്ടാവണം നന്ദൻ വീണ്ടും എന്തൊക്കെയോ ടൈപ് ചെയ്തത്.. 'നിനക്കറിയോ... അറിയാതെ ഒരു ദേഷ്യത്തിന്റെ പുറത്ത് പറ്റിപ്പോയ ഒരു തെറ്റിന് ഇന്നലെ മുതൽ ഈ നിമിഷം വരെയും എന്നേ കാർന്നു തിന്നാനുള്ള കെൽപ്പുണ്ട്.. വയ്യടോ.. ഒട്ടും വയ്യ.. നിന്നെത്തേടി ബാംഗ്ലൂരിലെത്തി.. അവിടെന്നും പോയെന്നറിഞ്ഞ് നേരെ ഇങ്ങോട്ട് പോന്നു.. നേരാവണ്ണം ഉറങ്ങാനായിട്ടില്ല.. ഓരോ നിമിഷവും കടന്നു പോയത് നെഞ്ചിനെ നോവിന് തിന്നാൻ ഇട്ടു കൊടുത്താണ്.. ഞാനെന്റെ ദേഷ്യം ഇല്ലാതാക്കാൻ ശ്രമിച്ചോളാം.. സത്യം.. ഞാനറിയാതെ പോലും ദേഷ്യപ്പെട്ടാൽ നീയെന്റെ കാരണം നോക്കിയൊന്ന് പൊട്ടിച്ചോ.. ഞാനുറപ്പായും ദേഷ്യപ്പെടാതിരിക്കാൻ ശ്രമിക്കും.. എന്നേ വിട്ടിട്ട് മാത്രം പോവല്ലേ.. ദേ ഇപ്പൊ പോലും വന്നെന്റെ നെഞ്ചിലൊന്ന് കൈ വച്ചു നോക്ക്.. പട പടേന്ന് അടിച്ചടിച്ച് എന്റെ ഹൃദയമിപ്പോ പൊട്ടിപ്പോവും..

നീയില്ലാതെ ഒരു നിമിഷം പോലും എനിക്കാവുന്നില്ലടോ.. ഇപ്പൊ കണ്ടപ്പോ പോലും ഒരു നൂറു കൊല്ലം കാണാതിരുന്ന പോലെയാ തോന്നുന്നേ.. കണ്ടിട്ട് അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നുണ്ട്.. ഉമ്മ വെക്കാൻ തോന്നുന്നുണ്ട്... അത്രേം സ്നേഹിക്കുന്നുണ്ട് ഞാൻ.. ഇന്നേവരെ പറയാൻ പറ്റിയിട്ടില്ല.. ഇന്ന് പറഞ്ഞില്ലെങ്കിൽ പിന്നൊരിക്കലും പറയാൻ പറ്റീന്ന് വരില്ല.. ഐ ലവ് യൂ.. എന്നെക്കാൾ ഏറെ ഞാൻ ഇഷ്ടപ്പെടുന്നു.. ദുർഗയെ മാത്രമല്ല.. അഞ്ജലിയെയും.. ഈയൊരു തവണത്തേക്ക് മാത്രം ക്ഷമിച്ച് എന്റൊപ്പം വന്നൂടെ..? വിടാതെ ചേർത്ത് വച്ചോളാം ഞാൻ.... പൊന്നു പോലെ കാത്തു വച്ചോളാം.. പ്ലീസ്........' ജീബേട്ടനയച്ച മെസേജുകളുടെ നിരയിലൂടെ കണ്ണുകൾ പറന്നു നടന്നു.. കണ്ണുകൾ ഈറനായി.. മൊബൈൽ താഴെ വച്ച് നന്ദേട്ടനെ നോക്കിയപ്പോൾ പെണ്ണിന്റെ പ്രതികരണം എന്താവുമെന്ന് കാത്തു നിൽക്കുന്നത് കണ്ടു. കണ്ണുകൾ കലങ്ങിയിട്ടുണ്ട്.. ഉള്ളിലെ നോവ് അളിഞ്ഞില്ലാതായത് പോലെ തോന്നി.. അവിടെ തന്നെ ഇരുന്നുകൊണ്ട് നന്ദേട്ടന് നേരെ കൈകൾ നീട്ടിയപ്പോൾ അവൻ വേഗത്തിൽ നടന്നു വന്നവളെ ഇരുകെ പുണർന്നു.. തിരിച്ചവനെ പുണരുമ്പോൾ കണ്ണിൽ നിന്നും കണ്ണീരിറ്റി അവന്റെ ഷർട്ടിൽ പതിക്കുന്നുണ്ടായിരുന്നു..

"ഐ ലവ്യൂ.... ആൻഡ് ഐ മിസ്സ്ഡ് യൂ....." അവളെ കൂടുതൽ സ്നേഹത്തോടെ തന്നോട് ഇറുക്കിക്കൊണ്ടവൻ ആദ്യമായി അവളുടെ ചെവിയിൽ ആ സ്വകാര്യമോതി.. അവന്റെ വായിൽ നിന്നും കേട്ട ആ വാക്കുകൾ അവളെ തരളിതയാക്കി.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "ഇനി വരന്മാർക്ക്‌ അവരുടെ പാതികളുടെ കഴുത്തിൽ താലി ചാർത്താം...." മണ്ഡപത്തിലിരുന്ന് സ്വാമിജി പറഞ്ഞു.. അഞ്ജലിയും നന്ദനും രേവതിയും അഭിയും ദേവുവും ഉണ്ണിയേട്ടനും വധൂവരന്മാരുടെ വേഷത്തിൽ മണ്ഡപത്തിലിരുന്നിരുന്നു.. പരസ്പരം നാണത്തോടെ നോക്കിക്കൊണ്ട് വരന്മാർ തന്റെ പാതികളുടെ കഴുത്തിൽ താലി ചാർത്തി.. മേളാഘോഷങ്ങൾ മുഴങ്ങി.. അഞ്ജലിയുടെയും നന്ദന്റെയും ഉണ്ണിയേട്ടന്റെയും വീട്ടുകാർ ചുറ്റിനും നിന്ന് അവർക്ക് നേരെ പൂക്കൾ പാകുന്നുണ്ടായിരുന്നു. സുഭദ്രമ്മ അല്പം മാറി നിന്ന് വലിയ താല്പര്യമില്ലാത്ത രീതിയിൽ പൂവിറുത്ത് അവർക്ക് നേരെ ചൊരിയുന്നുണ്ടായിരുന്നു.. "ഈ വിവാഹം പൂർത്തിയായിരിക്കുന്നു.." സ്വാമിജി പറഞ്ഞപ്പോൾ വധൂവരന്മാർ എഴുന്നേറ്റു നിന്നു.. അഞ്ജലി തനിക്ക് പിന്നിൽ നിന്ന നീരുവിനെ നോക്കി. നീരു പിണക്കം നടിച്ചു ചുണ്ടുകോട്ടി.. അവൾക്കടുത്തായി വിഷ്ണുവും ഉണ്ടായിരുന്നു. "എന്താടി നിനക്കൊരു സന്തോഷമില്ലാത്തെ?"

നീരുവിന്റെ തോളിൽ തട്ടിക്കൊണ്ട് അഞ്ജലി ചോദിച്ചപ്പോഴാണ് നന്ദനും അവർക്കിടയിൽ എത്തിയത്... "അത് പിന്നെ.. നിങ്ങടെ കാര്യം അങ്ങനെ സെറ്റ് ആയി.. ഞാനും വിച്ചേട്ടനും ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലാണ്.." നീരു വിഷ്ണുവിനെ നോക്കിക്കൊണ്ട് പറഞ്ഞു.. "ആദ്യമേ.. നീയൊന്ന് വലുതാവ്.. എന്നിട്ടാവാം കെട്ട്.." നന്ദൻ നീരുവിനെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു.. നീരു ചിണുങ്ങിക്കൊണ്ട് ചുണ്ടുകൾ ചുളിച്ചു കാണിച്ചു. "ഹാ.. അല്ലേലും അണ്ടിയോളം അടുക്കുമ്പോ അറിയാം മാങ്ങേടെ പുളി.. ഇവര് രണ്ടുപേരും കണ്ടുമുട്ടാനും ഒന്നിക്കാനുമെല്ലാം കാരണം നമ്മൾ.. ആ നമ്മള് ഇപ്പഴും വെയ്റ്റിംഗ് ലിസ്റ്റിൽ..." വിഷ്ണുവും നീരുവിനെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു.. "അളിയോയ്..." നന്ദൻ മീശ പിരിച്ചുകൊണ്ട് വിഷ്ണുവിനെ നോക്കി.. "പരിഭവങ്ങൾ ഇല്ലളിയോ.. പരാതികളും.. ഞങ്ങള് കാത്തിരുന്നോളാം.. കണ്ണിൽ മണ്ണെണ്ണയൊഴിച്ച് കാത്തിരുന്നോളാം.. 916 സ്നേഹമാ.. അല്ല്യോ ഡീ..." വിഷ്ണു നീരുവിനെ നോക്കി പറഞ്ഞു.. "ഉം... ശുദ്ധമായ 916 സ്നേഹം..." നീരു ഏറ്റു പിടിച്ചു..

"നന്ദേട്ടാ.. ഇവറ്റകളെ ഈ അടുത്ത കാലത്തൊന്നും കെട്ടിച്ചേക്കരുത്.." അഞ്ജലി നന്ദനോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.. "നാത്തൂനേ...." നീരുവിന്റെ ആത്മഗതം ഇത്തിരി ഉറക്കെ ആയിപ്പോയി... "എന്താടീ നാത്തൂനെ...?" "നീ ചങ്കീ കുത്തുന്ന വർത്തമാനം പറയരുതേ.. എന്റെ ഹാർട്ടിന് പണ്ടേ വീക്കമാണ്.." നീരു പിണങ്ങിക്കൊണ്ട് പറഞ്ഞു.. "അതേയ്.. വാ പോയേക്കാം.." നന്ദൻ അഞ്ജലിയോടായി പതുക്കെ പറഞ്ഞു.. "ഓ.. റൂമിലോട്ടായിരിക്കും.." നീരു പറഞ്ഞു. "ഫസ്റ്റ് നൈറ്റല്ലേ.." നന്ദൻ നാണം കലർത്തിക്കൊണ്ട് പറഞ്ഞു.. "നിങ്ങടെ ഫസ്റ്റ് നൈറ്റ് ഓൾറെഡി കഴിഞ്ഞതല്ലേ.. പിന്നെന്തിനാ അളിയാ ഇങ്ങനെ പ്രഹസനം കാണിക്കുന്നത്.." വിഷ്ണു പറഞ്ഞു. "അളിയാ...." നന്ദൻ ഒന്നുകൂടെ നീട്ടി വിളിച്ചു.. "ആ.. അപ്പൊ ശരിയളിയാ.. എന്നാ ഞാനങ്ങോട്ട്..." തലയാട്ടിക്കൊണ്ട് വിഷ്ണു തിരിഞ്ഞു നടന്നു.. ഒന്ന് നിന്നിട്ട് തിരിച്ചു വന്ന ശേഷം നീരുവിന്റെ കൈ പിടിച്ചു. "നീയിവിടെ എന്ത് കാണാൻ നിക്കുവാ.. ഇങ്ങ് പോര്.. നമുക്കെതേലും മൂലയിൽ പോയിരുന്ന് കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞ പാട്ടും പാടിയിരിക്കാം..." നീരുവിന്റെ കൈ പിടിച്ച് വിഷ്ണു നടന്നു പോകുന്നത് അഞ്ജലിയും നന്ദനും ചിരിയാലേ നോക്കി നിന്നു.. "എന്നാ പിന്നെ നമുക്കങ്ങോട്ട്..."

നന്ദൻ അഞ്ജലിയെ നോക്കി പറഞ്ഞു.. "പോകുന്നതൊക്കെ കൊള്ളാം.. ഒരു മാസത്തിന് എന്റെ ദേഹത്ത് തൊട്ടാൽ നിങ്ങടെ കൈ ഞാൻ വെട്ടും.." അഞ്ജലി പറഞ്ഞപ്പോൾ നന്ദൻ അവളെയൊന്ന് നോക്കി.. "കൈ വെട്ടിയാ നിനക്ക് തന്നെയാണ് ബുദ്ധിമുട്ട്..." "എനിക്കെന്ത് ബുദ്ധിമുട്ട്.. എന്നേ ഒന്ന് തൊട്ടു നോക്ക്.. അപ്പൊ കാണിച്ചു തരാം ഞാൻ.. എന്നേ വിഷമിപ്പിച്ചതിനുള്ള ശിക്ഷയാ ഇത്.." അഞ്ജലി ചുണ്ടുകൾ വക്രിപ്പിച്ചുകൊണ്ട് പറഞ്ഞു.. "അതിലും ബേധം നിനക്കെന്നെ അങ്ങ് കൊന്നൂടായിരുന്നോ?" നന്ദൻ നിരാശയോടെ ചോദിച്ചു.. "ആ പതുക്കെ പതുക്കെ ഞാൻ ചെയ്തോളാം..." 🌺🥀🌺🥀🌺🥀🌺🥀🌺🥀 "നന്ദേട്ടാ.." മുറിയിലെത്തിയതും അവൾ അവനെ നോക്കി. "മ്മ്....?" അവൻ നിരാശയോടെ ഒന്ന് മൂളി. "നന്ദേട്ടന് ദുർഗയെ ആണോ അഞ്ജലിയെ ആണോ ഇഷ്ടം?" അവൾ ചോദിച്ചു.. "അത്... ജീബേട്ടന് ദുർഗയേം ഹരിനന്ദന് അഞ്ജലിയേം ഇഷ്ടം.." നന്ദൻ മറുപടി പറഞ്ഞു.. "എന്നാലേ പോയി ആ കതകടച്ചോ.. നേരത്തേ ഞാൻ ചുമ്മാ പേടിപ്പിക്കാൻ പറഞ്ഞതാ..." വാ പൊത്തിക്കൊണ്ട് അഞ്ജലി പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു... "ശരിക്കും..!?" "മ്മ്മ്...." അവൾ നാണത്തോടെ തല താഴ്ത്തി പുഞ്ചിരിച്ചു.. അവൻ അവളെ തന്നെ നോക്കിക്കൊണ്ട് ധൃതിയോടെ നടന്നു ചെന്ന് കതകടച്ചു പൂട്ടി.... (വായനക്കാരുടെ ശ്രദ്ധക്ക്, കതകടച്ചതിനാൽ കാഴ്ച തടസ്സപ്പെട്ടിരിക്കുന്നു.. ഓവർ ഓവർ 🚶‍♂️) അവസാനിച്ചു...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story