പ്രണയ സ്വകാര്യം: ഭാഗം 4

pranaya swakaryam

രചന: ആദിത്യൻ മേനോൻ

'അത് പിന്നെ.. നീരു അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ ചുമ്മാ ഏറ്റ് പിടിച്ചന്നെ ഉള്ളു..' പതറിക്കൊണ്ടുള്ള ഇമോജികൾക്കൊപ്പം മറുപടി അയക്കുമ്പോൾ ഉള്ളിലൊരു അമ്പരപ്പായിരുന്നു. 'അത് മനസ്സിലായി.. എല്ലാം ഞാനറിഞ്ഞു.. എന്തായാലും രണ്ടുപേരും തള്ളാൻ ബെസ്റ്റാണ്... ബൈ ദുബായ്, തന്റെ ശരിക്കുള്ള പേരെന്താ?' 'അത്.. പറയൂല..' 'ഓഹ്.. ജാഡ.. സാരമില്ല.. ഞാൻ നീരുവിനോട് ചോദിച്ചറിഞ്ഞോളാം... എന്റെ ഭാര്യയുടെ റിയൽ നെയിം എനിക്കറിയില്ല എന്ന് പറയുന്നത് മോശമല്ലേ...' ജീബേട്ടന്റെ മെസേജ് കണ്ടതും നേരെ ചെന്നത് നീരുവിന്റെ ഇൻബോക്സിലേക്കാണ്.. 'നാത്തൂനേ.. എന്റെ കെട്ടിയോൻ എന്റെ ഒറിജിനൽ നെയിം ചോദിച്ച് ഇപ്പൊ നിന്റടുത്തേക്ക് വരും. പറഞ്ഞു കൊടുത്തേരുത്..' 'അയ്യേ.. സ്വന്തം ഭാര്യയുടെ പേര് ഭർത്താവിന് അറിയില്ലന്നോ.. വളരെ മോശം...' ഉടനടി നീരുവിന്റെ മറുപടിയും വന്നു. 'നാത്തൂനെ.. നീയെന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്... പിന്നെ... നിന്റെ ചേട്ടന്റെ പേരെന്തുവാ?' 'പറയൂലെടി നാത്തൂനേ... അങ്ങനെയിപ്പോ എന്റെ ഏട്ടന്റെ പേര് മാത്രം നീ അറിയണ്ട...'

'സ്വന്തം ഭർത്താവിന്റെ പേര് ഭാര്യ അറിയുന്നത് ഒരു തെറ്റാണോ നാത്തൂനെ?' ഒപ്പം സങ്കടം പ്രകടിപ്പിക്കുന്ന കുറച്ച് ഇമോജികളും അയച്ചു നോക്കി. 'ജീവൻ എന്നാണെന്ന് തന്നെ കരുതിയാൽ മതി..' 'ജീവനായാലും ജീവിതമായാലും നിന്റെ ഏട്ടൻ സിംഗിൾ ആണോ അല്ലയോ.?' 'ഉം.. സിംഗിൾ ആയിരുന്നു.. ഇന്ന് ഒറ്റയടിക്ക് ഒരു കല്യാണം കഴിച്ചു.. കുഴപ്പം ണ്ടോ..?' 'അതെനിക്ക് പ്രശ്നമല്ല.. ബൈ ദുബായ്.. നമ്മൾ പരിചയപ്പെട്ടില്ലല്ലോ നാത്തൂനേ? ആദ്യം നിന്നെപ്പറ്റി പറ.. ഇല്ലേൽ ഗ്രൂപ്പിൽ ന്ന് വല്ല ചോദ്യവും വന്നാ നമ്മൾ പെട്ട് പോകും.' 'എന്റെ വീട് മലപ്പുറമാണ്.. ഒരു വല്യ തറവാടാ എന്റെ വീട്.. എനിക്ക് രണ്ട് ചേട്ടൻമാരാ.. മൂത്ത ചേട്ടൻ കാശിനാഥൻ.. രണ്ടാമത്തേത് നിന്റെ ജീബേട്ടൻ.. ഇളയത് ഞാൻ.. വല്യേട്ടന്റെ കല്യാണം ഉടനെ ഉണ്ടാകും. പിന്നെ ജീബേട്ടൻ ഞങ്ങടെ വീട്ടിൽ അല്ല താമസം.. ബാഗ്ലൂരിലാ..' 'അടിപൊളി.. ഞാനും ബാംഗ്ലൂരിലാ.. പുള്ളിക്കാരൻ ഇവിടെ പഠിക്കാൻ വന്നതാണോ? ഇവിടെ എവിടെയാ നിന്റെ ചേട്ടൻ താമസിക്കുന്നെ?' 'ജീബേട്ടൻ അച്ഛനോട് വഴക്കിട്ടു വീട് വിട്ട് ഇറങ്ങിപ്പോയതാ ബാംഗ്ലൂർക്ക്..'

മെസേജിനൊപ്പം ഇമോജികളൊന്നും തന്നേ ഇല്ലായിരുന്നെങ്കിലും അതോർത്ത് നീരുവിന് സങ്കടമുണ്ടെന്ന് തോന്നി. 'അതെന്തിന്?' 'അച്ഛന്റെ പെങ്ങൾക്ക് ഒരു മോളുണ്ട്. ദേവു.. ജീബേട്ടന്റെ മുറപ്പെണ്ണാ. അവളുടെ അച്ഛൻ മരിച്ചതിൽ പിന്നെ അവളും അമ്മേം ഞങ്ങടെ വീട്ടിൽ ആയിരുന്നു. ഒരീസം അവളുമായി അച്ഛൻ ജീബേട്ടന്റെ കല്യാണം തീരുമാനിച്ചു.' 'അപ്പൊ ഞാനോ...?' സംസാരം സെന്റിമെന്റലായി മരുന്നുവെന്ന് തോന്നിയതുകൊണ്ടാണ് തമാശയിൽ കരഞ്ഞുകൊണ്ട് കുറേ ഇമോജികൾ അയച്ചത്. 'നീയല്ലേ നാത്തൂനെ എന്റെ ഏട്ടന്റെ 916 ഭാര്യ..' അതേ ഇമോജികളോടെ നീരുവും തിരിച്ചടിച്ചു. 'എന്നിട്ടെന്തായി?' 'എന്താവാൻ.. താല്പര്യം ഇല്ലാന്ന് ജീബേട്ടൻ പറഞ്ഞതിൽ പിന്നെ അച്ഛനും ഏട്ടനും തമ്മിൽ വഴക്കായി.. ഏട്ടൻ വീട് വിട്ട് ബാംഗ്ലൂർക്കും പോയി.' 'ഞാനും ഇവിടെ ബാംഗ്ലൂരിൽ ആടാ... ഏകദേശം നിന്റെ ഏട്ടന്റെ അതേ അവസ്ഥയാ എനിക്കും. കല്യാണം തീരുമാനിച്ചപ്പോ ഞാൻ പഠിക്കാനുണ്ടെന്നും പറഞ്ഞ് ബാംഗ്ലൂർക്ക് വന്നു. ഇവിടെ എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആണു ഇപ്പൊ താമസം..'

'ഐവാ അടിപൊളി... ഞാൻ ഇടക്ക് ഏട്ടനെ കാണാൻ ബാംഗ്ലൂർക്ക് വരാറുണ്ട്.. ഇത്തവണ നമുക്ക് എല്ലാർക്കും കൂടെ മീറ്റണം... ഓക്കേ?' 'ഉറപ്പായിട്ടും കാണാം.. എന്തായാലും അച്ഛനിവിടെ തേടി എത്തുന്നത് വരെ ഞാൻ ബാംഗ്ലൂരിൽ ഉണ്ടാകും...' 'അച്ഛനോട് പറഞ്ഞേക്ക് നാത്തൂനെ ഇനിയൊരു കല്യാണം വേണ്ടാന്നും കെട്ടൊക്കെ കഴിഞ്ഞൂന്നും...' 'നീയെന്നെ ഇങ്ങനെയൊന്നും സ്നേഹിക്കല്ലേ നാത്തൂനേ....' ഞെട്ടിക്കൊണ്ട് കൈ കൂപ്പി കുറേ ഇമോജികൾ അയച്ചു... 🌺🥀🌺🥀🌺🥀🌺🥀🌺🥀 "നിനക്ക് രാവിലെത്തൊട്ട് ഇവിടെ കുത്തിയിരുന്ന് ബോറടിച്ചില്ലേ പെണ്ണേ?" രേവതി വന്നുകേറിയത് ഈ ഡയലോഗുമായിട്ടാണ്. അവൾ വരുമ്പോൾ ഹാളിലെ സോഫയിൽ ഇരുന്ന് ഗ്രൂപ്പിൽ കത്തിയടിക്കുവായിരുന്നു. ടേബിളിൽ ഹാൻഡ് ബാഗ് വച്ച് രേവതി ജഗ്ഗിലെ വെള്ളമെടുത്ത് കുടിക്കുവാൻ തുടങ്ങി. "ബോറടിയോ? ഇവിടെ ഫുൾ കോമഡിയാടി.. ചിരിച്ചു ചിരിച്ച് ഇന്നൊരു വഴിക്കായി..." രേവതി അടുത്ത് വന്നിരുന്ന് കാര്യമന്വേഷിക്കുവാൻ തുടങ്ങി. എല്ലാം വള്ളി പുള്ളി തെറ്റാതെ അവളോട് പറയുമ്പോഴും ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

"ഞാനൊന്ന് പുറത്തു പോയി വന്നപ്പഴേക്കും നിന്റെ കല്യാണവും കഴിഞ്ഞോടീ മാക്കാച്ചീ?" കളിയാക്കിക്കൊണ്ട് രേവതി പറഞ്ഞു. "നീ വരുന്നോ ഗ്രൂപ്പിലേക്ക്?" "എന്റെ പൊന്നോ ഞാനെങ്ങുവില്ല. ഇങ്ങനെ തള്ളാനൊന്നും എനിക്കറിഞ്ഞൂടായേ..." ഉറക്കെ ചിരിച്ചുകൊണ്ട് രേവതി ഫ്രഷ് ആകുവാനായി എഴുന്നേറ്റ് പോയി. അപ്പോഴാണ് ഗ്രൂപ്പിൽ നിന്നും തുരുതുരെ നോട്ടിഫിക്കേഷൻസ് വരുന്നത് കണ്ടത്.. കേറി നോക്കിയപ്പോൾ ഒരു സിനിമ നടന്റെ ഫോട്ടോ ആരോ ഗ്രൂപ്പിൽ ഇട്ടു. അത് കണ്ടതും പല അവൾമാരുടെയും ഉള്ളിലെ കോഴികൾ ഉണർന്നു.. 'ഇവനെ കെട്ടുന്നവളുടെ ഒക്കെ ഒരു ഭാഗ്യം..' അറിയാതെ ഇങ്ങനെയൊരു മെസേജ് ഗ്രൂപ്പിൽ ഇട്ടു. പിന്നെയാണ് താനൊന്ന് കെട്ടിയതായിരുന്നല്ലോയെന്ന് ഓർമ വന്നത്. 'കല്യാണം കഴിഞ്ഞിട്ടും നീയീ കോഴിപ്പണി വിട്ടില്ലേ ദുർഗ്ഗേ.. പാവം നിന്റെ ജീബേട്ടൻ...' ആരോ കളിയാക്കിക്കൊണ്ട് പറഞ്ഞപ്പോൾ ചിരി വന്നു പോയി. 'അയിനെന്താ കല്യാണം കഴിഞ്ഞാൽ വായ്നോക്കിക്കൂടെ? ഞാൻ ഇനീം നോക്കും. ഒത്താൽ ലൈനും അടിക്കും...'

എന്തിന്റെ തിളപ്പിൽ ആയിരുന്നു അങ്ങനെയൊരു മെസേജ് ഇട്ടതെന്ന് ഓർമ്മയില്ല.. 'ജീവൻ കൃഷ്ണ ഈസ്‌ ടൈപ്പിംഗ്‌..' എന്ന് കണ്ടപ്പോ ഇനി അങ്ങേര് ഭർത്താവ് കളിക്കുവാനായി ഇവിടെ വഴക്ക് പറയുമോ എന്ന് കരുതിയെങ്കിലും നേർവിപരീതമായിരുന്നു നടന്നത്. 'കല്യാണം കഴിഞ്ഞാലും വായ്‌നോക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ലാത്ത ഒരു മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത്.. അല്ലെ വാവേ...' മെസേജ് വായിക്കുമ്പോൾ ചിരി അടക്കിവെക്കുവാൻ കൈ വായയിലിട്ട് അമർത്തിക്കടിച്ചു. 'ആ ബെസ്റ്റ്... നല്ല ഭർത്താവും ഭാര്യയും...' ഗ്രൂപ്പിൽ നിന്നും ഇറങ്ങുമ്പോൾ അവസാനമായി കണ്ടത് ആ മെസേജ് ആണ്.. പിന്നെയാണ് ജീബേട്ടൻ പേർസണൽ മെസേജ് അയക്കുന്നത്. 'കല്യാണം കഴിഞ്ഞിട്ടും കോഴിത്തരം നിർത്താൻ പറ്റുന്നില്ലേ വാവേ...' 'അത് പിന്നെ ജീബേട്ടാ.. കഥാപാത്രം മാറിപ്പോയതാ...' പല്ലിളിച്ചുകൊണ്ട് പറഞ്ഞു. 'ഹഹഹ.. എന്നാൽ ഓക്കേ വാവേ.. ഞാൻ പോട്ടെ.. ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്. നാളേ കാണാം.. ഗുഡ് നൈറ്റ്...' ഇതും പറഞ്ഞ് ജീബേട്ടൻ പോയി. ഗ്രൂപ്പിൽ ദുർഗായുടെയും ജീവന്റെയും മോഡേൺ ഫാമിലിയെ പറ്റിയുള്ള ചർച്ചയായതുകൊണ്ട് അങ്ങോട്ടേക്ക് പോകാൻ നിന്നില്ല.. പെട്ടന്ന് ഹരി നന്ദന്റെ ഫ്ലാറ്റിൽ നിന്നും ഉച്ചത്തിൽ പാട്ട് മുഴങ്ങാൻ തുടങ്ങി... കയ്യിലിരുന്ന ഫോൺ ദേഷ്യത്തിൽ ഞെരുക്കിപ്പോയി.

"പുല്ല്... തുടങ്ങി..." ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ കുളി കഴിഞ്ഞിറങ്ങി വന്ന രേവതിക്ക് ചിരി പൊട്ടി. "എന്താ മുത്തേ ഓണറെ വിളിച്ച് കംപ്ലയിന്റ് ചെയ്താലോ...?" രേവതി ഗൗരവഭാവത്തിൽ അവൾക്കരികിൽ വന്നിരുന്നു ചോദിച്ചു. "ശവത്തിൽ കുത്താതെടി ഊളെ....." തലേന്ന് ചമ്മിയ കാര്യം പിന്നെയുമോർത്ത് അവിടെ നിന്നും എണീറ്റ് ബാൽക്കണിയിലേക്ക് പോയി. അപ്പോഴാണ് നീരുവിനെ വിളിച്ചാലോ എന്നൊരു ആശയം മനസ്സിൽ ഉദിക്കുന്നത്. പിന്നെയൊന്നും നോക്കിയില്ല. വേഗം നീരുവിനെ മെസെഞ്ചർ വോയിസ്‌ കാൾ ചെയ്തു. രണ്ട് നിമിഷത്തെ റിങ്ങിനു ശേഷം കാൾ അറ്റൻഡ് ആയി.. "നാത്തൂനെ..." "എന്തോന്നാടി അവിടെ ഇത്രേം ബഹളം? നീ വല്ല ക്ലബ്ബിലും ആണോ?" അസ്വസ്ഥതയോടെ നീരു ചോദിച്ചു. "ഒന്നും പറയണ്ട പറയണ്ട നാത്തൂനേ ഞാൻ പറഞ്ഞില്ലേ ഞാനെന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആന്ന്..

ഈ ഫ്ലാറ്റിന്റെ ഓണർ ഒരു ഊളയാണ്. അവന്റെ റൂമിൽ രാത്രിയായാൽ പിന്നെ പാട്ടും കലാപരിപാടികളും ആണ്. ഓണർ ആയതോണ്ട് കൂടുതൽ ഒന്നും പറയാൻ പറ്റത്തില്ലല്ലോ എന്ന അഹങ്കാരം..." അഞ്ജലി പറഞ്ഞുകൊണ്ടിരുന്നത് നീരു ഒരു നിമിഷം കേട്ടുകൊണ്ട് നിന്നു. അഞ്ജലി നടന്ന കാര്യങ്ങളത്രയും വിശദീകരിച്ചു കൊടുത്തു.. "എടീ.. ആ ഫ്ലാറ്റിന്റെ പേരെന്താന്നാ പറഞ്ഞെ?" ഒരവസാനത്തെ ഉറപ്പിക്കലെന്നോണം നീരു ചോദിച്ചു. "അമൃത അപാർട്മെന്റ്സ്..." അഞ്ജലി പറഞ്ഞ പേര് കേട്ടതും ചിരിക്കണോ കരയണോ എന്നറിയാതെ നീരു ഒന്ന് ഞെട്ടിപ്പോയി.. "നീ നോക്കിക്കോ നാത്തൂനെ.. ഒരു ദിവസം ആ മരങ്ങോടനെ ഞാൻ ദേ എന്റെ ഈ കയ്യിൽ ഞാനെടുത്ത് ചുരുട്ടി എറിയും...." ദേഷ്യം നിറച്ചുകൊണ്ടുള്ള അഞ്ജലിയുടെ വാക്കുകൾക്ക് എന്ത് മറുപടി പറയണമെന്ന് നീരുവിന് അറിയില്ലായിരുന്നു. "ബൈ ദുബായ്, എന്റെ കെട്ട്യോൻ ഇവിടെ എവിടെ ആയിട്ട് വരും നാത്തൂനെ?" "അത്.. അത് പിന്നെ... എന്റെ ഏട്ടൻ ആ ഭാഗത്തെ അല്ലടീ.. അവിടുന്നും കുറേ... ദൂരം ഉണ്ട്... എടീ.. ഞാനിപ്പോ വിളിക്കാവേ, അമ്മ വിളിക്കുന്നു...." വിക്കിവിക്കി പറഞ്ഞുകൊണ്ട് നീരു കാൾ കട്ട് ചെയ്തു. എന്താണ് നടന്നതെന്ന് കുറേ നേരമിരുന്ന് ഊഹിച്ചപ്പോഴാണ് നീരുവിന്റെ കിളികൾ തിരിച്ചു വന്നത്.. ഒടുവിൽ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയതും ചിരിയടക്കാനാവാതെ താടിക്ക് കൈ കൊടുത്തു നിന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story