പ്രണയ സ്വകാര്യം: ഭാഗം 5

pranaya swakaryam

രചന: ആദിത്യൻ മേനോൻ

കാലത്തെണീറ്റയുടൻ ആദ്യം ചെയ്തത് നീരുവിന് ഗുഡ് മോർണിംഗ് അയച്ചതായിരുന്നു. അവൾ ഓൺലൈനിൽ ഇല്ലായിരുന്നത് കൊണ്ട് മെസ്സഞ്ചറിലെ മറ്റു മെസേജുകൾ നോക്കുന്നതിനിടെക്കാണ് ജീബേട്ടന്റെ മെസേജ് കണ്ണിലുടക്കിയത്. 'ഗുഡ് മോർണിംഗ് വൈഫെ.. ' 'വൈഫൈ അല്ല ഹോട്ട്സ്പോട്ട്..' മറുപടിയയച്ചു. 'ഐവാ.. രാവിലെ തന്നെ നല്ല ഫ്രഷ് ചളി...' 'അത് പിന്നെ.. കഴിഞ്ഞ ഒരു വർഷമായിട്ട് നിങ്ങടെ കൂടെയല്ലേ താമസം.. അതോണ്ടാ...' കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു. 'ഹഹ.. ബൈ ദുബായ്.. എന്താടോ തന്റെ പേര്... പേര് പറയാൻ ഇത്രക്ക് ജാടയാണോ? താൻ തന്റെ പേര് പറയുവാണേൽ ഞാനെന്റെ പേരും പറയാം..' 'അപ്പൊ ദുർഗമോൾടെ പേര് ജീബേട്ടൻ മറന്നോ... ഞാൻ ദുർഗമോളാ ജീബേട്ടാ....' കരഞ്ഞുകൊണ്ടുള്ള ഇമോജികൾക്കൊപ്പം അയച്ചു. 'ശരി.. ആയിക്കോട്ടെ.. നിന്റെ പേര് ഞാനും എന്റെ പേര് നീയും അറിയണ്ട.. വരൂ പ്രിയേ.. പറയാതെ അറിയാതെ നമുക്ക് നമ്മുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവാം...' ജീബേട്ടന്റെ മെസേജ് കണ്ട് ഒരുപാട് നേരം ചിരിച്ചു പോയി.

ജീബേട്ടനും ഓഫ്ലൈനിൽ പോയപ്പോഴാണ് രേവതി നേരത്തെ എണീറ്റത് ശ്രദ്ധിച്ചത്. അടുക്കളയിൽ ചെന്ന് നോക്കിയപ്പോ അവൾ തിരക്കിട്ട കുക്കിംഗിൽ ആയിരുന്നു. അവളോട് ഫ്രഷ് ആകാൻ പോകാൻ പറഞ്ഞ് കുക്കിംഗ്‌ ഏറ്റെടുത്തു. അവൾ കുളി കഴിഞ്ഞ് എത്തിയപ്പോഴേക്ക് ബ്രേക്ക്‌ ഫാസ്റ്റ് ടേബിളിൽ റെഡിയായിരുന്നു. "രേവൂ.. ഞാൻ ഇവിടേക്ക് തിരിക്കുന്നതിന് മുൻപ് വിഷ്ണുവിനോട് ഇവിടെയൊരു ജോബ് ശരിയാക്കിത്തരാൻ പറഞ്ഞിരുന്നു. അപ്പൊ ഓഫിസിൽ ജോയിൻ ചെയ്യാനുള്ള ലെറ്റർ ഇന്ന് വരുമെന്ന് വിഷ്ണു ഇന്നലെ വിളിച്ചു പറഞ്ഞു. ഇവിടെ ലെറ്റർ നേരിട്ട് കൊണ്ട് തരുമോ അതോ താഴെ സെക്യൂരിറ്റിയോട് പറഞ്ഞു വെക്കണോ?" ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഭാഷണത്തിന് തുടക്കമിട്ടു. "നീ എന്തിനാ ജോബിനൊക്കെ അപ്ലൈ ചെയ്യാൻ പോയേ?" "അതൊന്നും കുഴപ്പമില്ലെടാ.." "മാനേജർടെ അടുത്താ ലെറ്ററുകൾ എല്ലാം എത്തുക. പുള്ളി വന്ന് കൊണ്ടുത്തരും..." രേവതി പറഞ്ഞു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 രേവതി പോയതിന് ശേഷമാണ് ഗ്രൂപ്പിലെ ബഹളങ്ങൾക്ക് തല വച്ചു കൊടുക്കാമെന്നു കരുതിയത്.

അവിടെ എല്ലാവരും ആക്റ്റീവ് ആയിരുന്നു. 'പിള്ളേരെ.. ദുർഗമോൾ ജീബേട്ടന്റെ വീട്ടിൽ എത്തീലോ...' ഒരു തള്ളിനു തുടക്കമിടാൻ അതിലും മികച്ച ഒരു ടോപിക് കിട്ടിയിരുന്നില്ല. 'ആഹാ.. അടിപൊളി... അല്ല ചോദിക്കാൻ വിട്ടുപോയി.. ഈ ദുർഗ്ഗേടേം ജീവന്റേം ലവ് മാര്യേജ് ആയിരുന്നോ?' 'അതേ...' ജീബേട്ടനാണ് അതിന് വേഗത്തിൽ മറുപടി കൊടുത്തത്. 'അത് പിന്നെ ഈ ജീബേട്ടൻ ഞാൻ കോളേജിൽ പോകുന്ന സമയത്ത് എന്റെ പിന്നാലെ നടക്കുമായിരുന്നു. ആ സമയത്ത് എനിക്ക് എത്രയോ ആലോചനകൾ വരുന്നതായിരുന്നു. ഒരു സിനിമാ നടൻ അടക്കം.. എന്നിട്ടും പ്രശസ്തി ഒട്ടും ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ ഇങ്ങേരെ കെട്ടി തൃപ്തിപ്പെട്ടു...' ആ സമയത്ത് നാവിൻതുമ്പത് വന്ന തള്ളെല്ലാം അവിടെ തട്ടിവിട്ടപ്പോൾ വല്ലാത്തൊരു സംതൃപ്തി തോന്നി. അപ്പോഴാണ് ജീബേട്ടൻ പേർസണൽ മെസേജ് അയക്കുന്നത്.. 'ഇങ്ങനെയൊക്കെ തള്ളാമോ... നീ ഡെയിലി പുട്ടാണോ കഴിക്കുന്നേ?' 'വെറും പുട്ടല്ല.. അജ്മി സ്റ്റീം മെയ്ഡ് പുട്ടുപൊടി. തിന്നാനും ബെസ്റ്റ്.. തള്ളാനും ബെസ്റ്റ്...' 'ആ തള്ള് കേട്ടപ്പഴേ തോന്നി..'

ജീബേട്ടൻ പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി അയച്ചു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 സമയം ഉച്ചയായപ്പോഴാണ് ഗ്രൂപ്പിൽ നിന്നും നീരുവടക്കമുള്ള മൂന്ന് പേരുടെ കോൺഫറൻസ് കോൾ വന്നത്. ഒരു നിമിഷം കണ്ണടച്ച് പറഞ്ഞ തള്ളുകളും പറയാൻ പോകുന്ന തള്ളുകളും ചീറ്റിപ്പോകരുതേ ഭഗവാനെ എന്ന് പ്രാർത്ഥിച്ച ശേഷമാണ് കാൾ അറ്റൻഡ് ചെയ്തത്. "ഹായ് ഓൾ....." "ദുർഗ്ഗേ... ഐവാ.. എന്ത് ക്യൂട്ട് വോയിസ്‌ ആണ് ദുർഗ്ഗേടത്.." കൂട്ടത്തിൽ ഒരാൾ പറഞ്ഞു. "അല്ല അപ്പൊ നീരു നിങ്ങടെ വീട്ടിൽ അല്ലെ താമസിക്കുന്നെ?" "ഏയ്‌.. അവൾ ഹോസ്റ്റലിലാ അല്ലെ നീരു?" "ആഹ്... അതേ..." "അതിരിക്കട്ടെ... നിന്റെ ജീബേട്ടൻ എവിടെ?" അടുത്ത ചോദ്യം കേട്ട് കിളികളെല്ലാം പറന്നു പോയി. "അത്... ജീ..ബേട്ടൻ.. ഇവിടെയുണ്ട്.. ഇവിടെയുണ്ട്..." വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. "എന്നിട്ടാണോ നീ ഫോൺ കൊടുക്കാതിരിക്കുന്നെ...."

"അത്.. പിന്നെ... ജീബേട്ടൻ കിച്ചണിൽ ഫുഡ്‌ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ..." "ഏഹ്... ഭർത്താവിനെ അടുക്കളയിൽ വിട്ട് നീയിവിടെ ഫോൺ ചെയ്തോണ്ടിരിക്കുവാണോ?" അതിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... "അത്... ഞങ്ങൾ ഒരു മോഡേൺ ഫാമിലിയിൽ നിന്നാണ്. അല്ലെ ദുർഗ്ഗേ..." നീരു പറഞ്ഞപ്പോൾ യെൻ നാത്തൂനെ പോലെ യാരും ഇല്ലെയെ ഇന്ത ഭൂമിയിലെ എന്ന് പാടാൻ തോന്നി. "ആ.. ഹ്... അതേ മോഡേൺ ഫാമിലിയാ...." പരുങ്ങിക്കൊണ്ട് നീരുവിനെ പിൻതാങ്ങി. അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങുന്നത് കേട്ടത്. ആരാണ് ഈ സമയത്തെന്ന് ആലോചിച്ച് ചെന്ന് തുറന്ന് നോക്കിയപ്പോൾ മുന്നിൽ കണ്ടത് നന്ദനെയാണ്. തന്നെ കണ്ടതും അവൻ പുച്ഛത്തോടെ മുഖം തിരിച്ചു. ദേഷ്യം മുഖത്ത് കയറ്റിവച്ച് എന്തുവേണമെന്ന് മുഖം കാട്ടി. "തനിക്ക് തരാൻ പറഞ്ഞതാണ് ഈ ലെറ്റർ. ഞാൻ ഈ ഫ്ലോറിലേക്ക് ആയതുകൊണ്ട് എന്റെ കയ്യിൽ തന്ന് വിട്ടു." അതും പറഞ്ഞ് ഹരി നന്ദൻ അവൾക്ക് നേരെ ഒരു ലെറ്റർ നീട്ടി. മുഖത്തെ ദേഷ്യഭാവം ഒട്ടും കളയാതെ അത് വാങ്ങി അവൾ വേഗം കതകടച്ചു.

"ആരാ ഇപ്പൊ അവിടെ സംസാരിച്ചത് ദുർഗ്ഗേ...? നിന്റെ ജീബേട്ടൻ ആണോ?" പിന്നെയും ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ ഇവളുമാർ തന്റെ പൊക കണ്ടേ അടങ്ങൂ എന്ന് അവൾക്ക് ബോധ്യമായി. "അഹ്.. അതോ... അത്... ജീബേട്ടനാ.. ജീബേട്ടൻ.. അല്ലാതാര്.... അതേയ് ജീബേട്ടൻ എന്നെ കഴിക്കാൻ വിളിക്കുന്നുണ്ട്.. ഞാൻ പോയ്‌ ചോറ് കഴിച്ചിട്ട് വരാമേ....." എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചത് അവിടെ നിന്നും വേഗം മുങ്ങാമെന്ന് കരുതിയാണ്. "അടിപൊളി... ഭർത്താവ് ഭാര്യയെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നോ... ഓ ഞാൻ മറന്നു.. മോഡേൺ ഫാമിലി ആണല്ലോ അല്ലെ...." "യായാ... മോഡേൺ ഫാമിലി......." "ഒരു അഞ്ചു മിനിട്ടുകൂടെ സംസാരിച്ചിട്ട് പോവാടീ... ഞങ്ങളല്ലേ.. ജീബേട്ടൻ വെയിറ്റ് ചെയ്തോളും...." അവരിൽ ഒരാൾ പിന്നെയും പറഞ്ഞപ്പോൾ കരച്ചിൽ വന്നുപോയി.. ആരെങ്കിലും ഈ മറുതമാരുടെ അടുത്ത് നിന്ന് തന്നെ രക്ഷിക്കാൻ വന്നെങ്കിൽ വലിയ ഉപകാരം ആയേനെ.. "ഏയ്‌ അത് പറ്റില്ല... ജീബേട്ടൻ കുറേ നേരമായി കാത്തിരിക്കുന്നു... " "എന്താടീ നീ ചോറ് തിന്നാൻ തന്നെയല്ലോ പോകുന്നെ അതോ........"

അർത്ഥം വച്ചു മൂളിക്കൊണ്ട് ഒരുത്തി പറഞ്ഞു... "ഓ ഓ ഓ.. ഇപ്പഴല്ലേ എനിക്ക് മനസ്സിലായത്.. ചെല്ല് ജീബേട്ടനെ കാത്തിരുത്തി മുഷിപ്പിക്കണ്ട.. പോയ്‌ ചോറ് കഴിച്ചോ...." വേറെ ഒരുത്തി ഏറ്റു പിടിച്ചു. "നിങ്ങളൊക്കെ എന്താ ഈ ഉദ്ദേശിക്കുന്നെ...." കിളി പോയിക്കൊണ്ട് ചോദിച്ചു... "ഉം ഉം ഉം.. ഞങ്ങൾക്ക് എല്ലാം മനസ്സിലായി.. നീ പോയി ചോറ് തിന്നോ.. ജീബേട്ടൻ കാത്തിരിക്കുന്നുണ്ടാവും..." നീരുവും കൂടി ആവർത്തിച്ചപ്പോൾ കിളികളെയെല്ലാം പറത്തിവിട്ട് വേഗം കാൾ കട്ട് ചെയ്തു. ഭക്ഷണശേഷം വീണ്ടും മെസഞ്ചറിൽ കേറിയപ്പോഴാണ് ഗ്രൂപ്പിൽ ജീബേട്ടന്റെയും തന്റെയും ചോറ് തിന്നൽ ചർച്ചായത് കണ്ടത്.. നാണം കെട്ട് തൊലിയുരിഞ്ഞതുകൊണ്ട് ഇപ്പൊ തല്ക്കാലം അങ്ങോട്ടേക്ക് കയറിചെല്ലേണ്ടെന്ന് കരുതി. ഭാഗ്യത്തിന് ജീബേട്ടൻ ഇതുവരെ ഓൺലൈനിൽ വന്നിട്ടുമില്ല. അങ്ങനെയിരിക്കുമ്പോഴാണ് നീരുവിന്റെ മെസേജുകൾ കാണാനിടയായത്.... 'നാത്തൂനേ... ചോറ് തിന്നു കഴിഞ്ഞോ? എന്റെ ഏട്ടൻ ചോറ് തരുന്നതിൽ പെർഫെക്ട് അല്ലെ നാത്തൂനേ?' ഒപ്പം അർത്ഥം വച്ചു കളിയാക്കിക്കൊണ്ടുള്ള കുറേ ഇമോജികളും ഉണ്ടായിരുന്നു..

. 'പ്പാ.. കള്ള നാത്തൂനേ.... ഒരു സിംഗിൾ ആയ എന്നെ ഇങ്ങനെ നിർത്തി അപമാനിക്കുവാണോടീ...' അതിനവൾ പൊട്ടിച്ചിരിക്കുന്ന കുറേ ഇമോജികളും റിപ്ലൈ ചെയ്തു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 വൈകുന്നേരമാണ് പുറത്തേക്കിറങ്ങിയാലോ എന്നൊരു ചിന്ത മനസ്സിൽ ഉദിക്കുന്നത്. കയ്യിൽ കരുതിയ പുസ്തകങ്ങളെല്ലാം വായിച്ചു തീർന്നുപോയി. ഇന്നലെ രാത്രി ജീബേട്ടൻ ഗ്രൂപ്പിൽ ദുർജോയ് ദത്തയുടെ 'അവർ ഇമ്പോസിബിൾ ലവ്' എന്ന ഒരു പുസ്തകത്തെ പറ്റി പറഞ്ഞിരുന്നു. അതിനെ പറ്റി കൂടുതൽ കാര്യങ്ങൾ പേർസണൽ ആയി അങ്ങേരോട് ചോദിക്കാൻ ചെന്നപ്പോൾ ഒരിക്കൽ നേരിട്ട് കാണുമ്പോ ആ പുസ്തകം വാങ്ങിത്തരാമെന്നാണ് ജീബേട്ടൻ പറഞ്ഞത്. എന്നാലും ജീബേട്ടനെ ഈ അടുത്ത കാലത്തൊന്നും നേരിൽ കാണാൻ പറ്റുമെന്ന് പ്രതീക്ഷ ഇല്ലാത്തതിനാലും കൗതുകം കൂടുതലായതിനാലും ആ പുസ്തകം പുറത്തുപോയി വാങ്ങാമെന്ന് തീരുമാനിച്ചു. വേഗം തന്നെ രേവുവിനെ വിളിച്ച് അടുത്തുള്ള ബുക്‌ സ്റ്റാൾ അറിഞ്ഞു വച്ചു. ശേഷം രേവതിയുടെ സ്കൂട്ടറിൽ നേരെ ബുക്‌ സ്റ്റാളിലേക്ക് വിട്ടു.

അവിടെ നിന്നും കുറച്ചു ദൂരമേ ബുക്‌ സ്റ്റാളിലേക്ക് ഉണ്ടായിരുന്നുള്ളു. സ്ഥലമെത്തിയതും സ്കൂട്ടർ പാർക്ക്‌ ചെയ്ത് അവൾ ഉള്ളിലേക്ക് നടന്നു.. "ചേട്ടാ.. ഇംഗ്ലീഷ് നോവൽസ് കാറ്റഗറി എവിടെയാ?" കൗണ്ടറിൽ ഇരുന്ന ഒരു ചേട്ടനോട് ചോദിച്ചപ്പോൾ അയാൾ ആ ഭാഗത്തേക്ക്‌ വിരൽ ചൂണ്ടിക്കാണിച്ചു. "താങ്ക് യൂ..." "ഏത് ബുക്‌ ആണ് വേണ്ടത്?" തിരിഞ്ഞു നടക്കുന്നതിനിടെ അയാളുടെ ചോദ്യം കേട്ടു. "ദുർജോയ് ദത്തയുടെ അവർ ഇമ്പോസിബിൾ ലവ്...." തിരിഞ്ഞുനോക്കിക്കൊണ്ട് പറഞ്ഞു. "അതിനി ഒരേയൊരു പാർട്ട്‌ മാത്രമേ സ്റ്റോക്ക് ബാക്കിയുള്ളു.. വേഗം ചെന്നോളൂ.. പുതിയ സ്റ്റോക്ക് വരാൻ അടുത്ത മാസമാകും..." അയാൾ പറഞ്ഞു. ശരിയെന്നു പറഞ്ഞ് വേഗത്തിൽ നടന്നു ചെന്നു. ഇംഗ്ലീഷ് ഓട്ടോബയോഗ്രാഫി സെക്ഷൻ കടന്ന് നോവൽസ് സെക്ഷനിൽ എത്തിയപ്പോൾ മറുതലക്കൽ നിന്നും പുസ്തകങ്ങൾ തപ്പിക്കൊണ്ട് നീങ്ങിവരുന്നയാളെ കണ്ട് ഒന്ന് അമ്പരന്നു. "ഹരി നന്ദൻ... ഇയാൾ പുസ്തകമൊക്കെ വായിക്കുമോ?" ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം അവിടെ തനിക്ക് വേണ്ട പുസ്തകം തിരയുവാൻ തുടങ്ങി.

പുസ്തകം തിരഞ്ഞ് അവളും അരികിലേക്ക് എത്തിയപ്പോഴാണ് നന്ദന്റെ കണ്ണുകൾ അവളിലുടക്കിയത്. ഒരു നിമിഷം അവന്റെ മുഖത്ത് പുച്ഛം നിഴലിച്ചു. "പുസ്തകവായനയൊക്കെ ഉണ്ടോ?" വെറുതേ ഒന്ന് ചോദിച്ചെങ്കിലും അവൻ മറുപടി പറഞ്ഞില്ല.. ഈ മൊരടന്റെ അടുത്ത് സംസാരിക്കാൻ ചെന്ന തന്നെ വേണം പറയാൻ.. തൊട്ടടുത്തുണ്ടായിരുന്ന അവനെ വകവെക്കാതെ ദേഷ്യത്തോടെ തിരച്ചിൽ തുടർന്നപ്പോൾ പെട്ടന്ന് തൊട്ടുമുന്നിൽ തിരഞ്ഞുകൊണ്ടിരുന്ന ആ പുസ്തകം കണ്ടു കിട്ടി. എന്നാൽ അതേ പുസ്തകത്തിൽ അവന്റെയും കയ്യുണ്ടായിരുന്നു... "ഡോ.. ഡോ.. ഇത് ഞാനെടുത്ത പുസ്തകമാ..." ദേഷ്യത്തോടെ അവളത് അവന്റെയടുക്കൽ നിന്നും വിട്ടുകിട്ടുവാൻ ശ്രമിച്ചു. "ആഹാ.. അതങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി.. മണിക്കൂർ ഒന്നായി ഞാനിത് തിരയാൻ തുടങ്ങിയിട്ട്..." നന്ദനും വിട്ട് കൊടുക്കാൻ തയാറായില്ല... "താൻ ഇത് മനപ്പൂർവം ചെയ്തതല്ലെടോ... വേറേതോ ബുക്‌ തിരഞ്ഞിട്ട് ഈ ബുക്‌ ഞാനെടുത്തപ്പോ താൻ മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ നോക്കുവല്ലേടോ...." "ആണെങ്കിൽ കണക്കായിപ്പോയി..."

അവൻ ഒറ്റ വലിയിൽ ബുക്‌ അവളിൽ നിന്നും വാരിയെടുത്ത് അവൾക്ക് തിരിച്ചു വാങ്ങുവാൻ കഴിയാത്തവിധം മുകളിലേക്കുയർത്തി.. ചാടിനോക്കിയിട്ടും ആ പുസ്തകം തിരിച്ചു പിടിക്കുവാൻ അവൾക്കയില്ല.. "മാക്കാച്ചി.. തവളാച്ചി.... കാണിച്ചു താരാടാ..." അവൾ ദേഷ്യത്തോടെ അവന്റെ കാലുകളിൽ കയറി നിന്നു... ഒരു നിമിഷം അവൻ തല താഴ്ത്തി അവളുടെ മുഖത്തേക്ക് നോക്കി. മുഖത്ത് പേരില്ലാത്തൊരു ഭാവം മിന്നിമറിയുവാൻ തുടങ്ങി. തന്നേ തന്നെ നോക്കി നിൽക്കുന്നവന്റെ കണ്ണുകളിൽ അവളുടെ കണ്ണുകളുമുടക്കി.. പെണ്ണിന്റെ ദേഹമാകെ വിറച്ചു തുടങ്ങി.. അത് അവന്റെ ദേഹത്തേക്കും പടർന്നു കയറിത്തുടങ്ങി.. "കിട്ടിപ്പോയി....." പെട്ടന്ന് തന്നെ മുഖം വെട്ടിച്ച് ഉയർന്ന് ചാടിക്കൊണ്ട് അവളാ പുസ്തകം അവന്റെയടുത്ത് നിന്നും വാരിയെടുത്ത ശേഷം പിന്നോക്കം മാറി.. "എന്താ ചേട്ടാ.. ചേട്ടൻ വേറെ മൂടിലായോ?" കളിയാക്കി ചിരിച്ചുകൊണ്ടവൾ ഇനിയവിടെ നിന്നാൽ ശരിയാവില്ലെന്ന് ഉറപ്പിച്ചുകൊണ്ട് വേഗം കൗണ്ടറിൽ ചെന്ന് ക്യാഷടച്ചിട്ട് വീട്ടിലേക്ക് തിരിച്ചു. "ഛെ....." മനസ്സ് അറിയാതെ പതറിപ്പോയ ആ നിമിഷത്തെ ഓർത്ത് നന്ദൻ ദേഷ്യത്തോടെ നിലത്ത് ശക്തിയോടെ ഒരു കാല് കൊണ്ട് ഇടിച്ചു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story