പ്രണയ സ്വകാര്യം: ഭാഗം 6

pranaya swakaryam

രചന: ആദിത്യൻ മേനോൻ

 രേവതി വന്നപ്പോ ഇത്തിരി വൈകിയിരുന്നു. സാധാരണ വരുമ്പോ പിന്നിൽ വന്ന് ശബ്ദമുണ്ടാക്കിയും പേടിപ്പിച്ചുമൊക്കെ ഞെട്ടിക്കുകയാണ് പതിവ്. പക്ഷെ ഇന്ന് വന്നപ്പോ അവളുടെ മുഖം എന്തോ വാടിയത് പോലെ തോന്നിയിരുന്നു. ടേബിളിൽ ഹാൻഡ് ബാഗ് വച്ച് ജഗിലെ വെള്ളമെടുത്ത് കുടിക്കുന്നത് കണ്ടു. "എടാ.. എനിക്ക് ജോബിന് ജോയിൻ ചെയ്യാനുള്ള ലെറ്റർ വന്നു.. നാളെത്തന്നെ ജോയിൻ ചെയ്യാനാ പറഞ്ഞിരിക്കുന്നത്.." അവളുടെ അടുക്കൽ ചെന്ന് നിന്നിട്ട് പറഞ്ഞു. "ആഹാ.. കൺഗ്രാജുലേഷൻസ്.." രേവതിയുടെ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസമുണ്ടായിരുന്നു. അത് മുഖത്തും പടർന്നു പിടിക്കുന്നത് പോലെ തോന്നി. "എന്താണ് രേവതി മാഡം മാഡത്തിന്റെ മുഖത്തൊരു പരിഭവമൊക്കെ..?" "ഏയ്‌.. ഒന്നുമില്ലല്ലോ.." മെല്ലെ ചുണ്ടുകൾ വിടർത്തിക്കാണിക്കുവാൻ അവൾ പാടുപെടുന്നുവെന്ന് തോന്നി. "അത് കള്ളം.. എന്തോ ഉണ്ടല്ലോ? എന്ത് പറ്റി എന്റെ മുത്തിന്?" അവളുടെ കവിളുകൾ പിടിച്ചുകൊണ്ടു ചോദിച്ചു. "ഒന്നുമില്ലെടീ.. ഞാനൊന്ന് കുളിക്കട്ടെ.. വല്ലാത്ത ക്ഷീണം.."

അവൾ പതുക്കെ കൈ വിടുവിപ്പിച്ചുകൊണ്ട് ഫ്രഷ് ആകുവാനായി ബാത്‌റൂമിലേക്ക് കയറിപ്പോയി.. കുളി കഴിഞ്ഞു വന്നിട്ടും അവളുടെ മുഖത്തെ ശോകഭാവം മാറിയിരുന്നില്ല. തല തുടച്ച് അവൾ വേഗം പോയി കിടക്കുന്നത് കണ്ടു. പിന്നാലെ ചെന്ന് അവളുടെ അടുത്ത് പോയി ഇരുന്നു.. നെറ്റിയിൽ കൈ കൊണ്ട് തൊട്ടുനോക്കി.. "പനിയൊന്നും ഇല്ലല്ലോടാ.. പിന്നെന്ത് പറ്റി നിനക്ക്?" "എന്തോ ഒരു സുഖമില്ല.. ഞാനൊന്ന് കിടക്കട്ടെ.." രേവതി പതിയെ തിരിഞ്ഞു കിടന്നു. സാധാരണ ജോലി കഴിഞ്ഞു വന്നാൽ വായ പൂട്ടിവെക്കാത്തവൾ ഇന്ന് നിശബ്ദത പാലിച്ചപ്പോൾ എന്തോ ഒരു പന്തികേടും അലോസരവും തോന്നി പെണ്ണിന്. അതുകൊണ്ട് തന്നെ മൊബൈൽ എടുക്കാൻ പോലും പോകാതെ അവൾക്കരികിൽ തന്നെ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞു നോക്കിയപ്പോൾ അവൾ ഉറങ്ങിപ്പോയിരുന്നു.. പിന്നെയാണ് നന്ദനുമായി യുദ്ധം ചെയ്ത് വാങ്ങികൊണ്ടുവന്ന 'അവർ ഇമ്പോസിബിൾ ലവ്' എടുത്ത് വായിക്കാമെന്ന് കരുതിയത്. രേവതിക്ക് എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി അവളുടെ അടുത്തായി തന്നെ കിടന്നാണ് വായന ആരംഭിച്ചത്.

വായിച്ചു പകുതിയെത്തിയപ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു. രേവതി ഇതുവരെ ഉണർന്നിട്ടുമുണ്ടായിരുന്നില്ല. കുറച്ചുകൂടെ കഴിഞ്ഞു ഭക്ഷണം കഴിക്കുവാൻ വിളിച്ചപ്പോ വേണ്ടെന്നും പറഞ്ഞു. ശല്പ്യപ്പെടുത്തേണ്ടെന്ന് കരുതി ഉറങ്ങാൻ വിട്ടു പിന്നെയും വായനയിൽ മുഴുകി.. വായിച്ചു തീർന്നപ്പോ സമയം രാത്രി രണ്ടുമണി ആയിരുന്നു. കണ്ണുകളിൽ ഉറക്കം തളം കെട്ടി നിന്നു. ലൈറ്റ് അണച്ചു കിടക്കുന്നതിനു മുൻപ് രേവതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണീര് വരുന്നത് കണ്ടു.. "രേവൂ... നീ കരയുവാണോ.." മെല്ലെ തട്ടി വിളിച്ചു നോക്കിയിട്ട് അവളെഴുന്നേൽക്കുന്നുണ്ടായിരുന്നില്ല. ഉറക്കത്തിലാണ്. പനിയുണ്ടോ എന്ന് കൈ വച്ചു നോക്കി. പണിയൊന്നുമില്ല.. എങ്കിൽ ഇന്നെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അവൾക്ക്. എന്തായാലും രാവിലെയാവട്ടെ എന്ന് കരുതി ലൈറ്റ് ഓഫ് ചെയ്ത് കിടന്നുറങ്ങി. കാലത്ത് എണീറ്റ് നോക്കിയപ്പോ രേവതി കുളികഴിഞ്ഞ് ജോലിക്ക് പോയിക്കഴിഞ്ഞിരുന്നു.. ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ ഉണ്ടാക്കിവച്ചിട്ട് നേരത്തെയാണ് പോയത്. വേഗം തന്നെ അവളെ കാൾ ചെയ്ത് നോക്കി.

"ഹലോ..." "രേവൂ.. നിനക്കെന്താടാ പറ്റിയെ? ഇന്നലെ മുതല് തുടങ്ങിയതാണല്ലോ ഒരുമാതിരി ശോകത്തിൽ.. എന്താ പറ്റ്യേ..." ഒറ്റശ്വാസത്തിൽ ദേഷ്യത്തോടെ പറഞ്ഞു. "ഏയ്‌ ഒന്നൂല്ലെടാ.." അത്രമാത്രം... "മര്യാദക്ക് പറഞ്ഞോ പെണ്ണേ.. ഇല്ലേൽ നിന്റെ മൂക്കിടിച്ചു പരത്തും ഞാൻ.. എന്താ പറ്റ്യേ നിനക്ക്.? വീട്ടിൽ എന്തേലും പ്രശ്നമുണ്ടോ? അതോ വേറെന്തെങ്കിലും..?" പിന്നെയും ചോദിച്ചു നോക്കി. "അത് പിന്നെ.. എടാ... ഞാൻ എല്ലാം വിശദമായിട്ട് പിന്നെ പറയാം.. ഇപ്പൊ പറയാൻ പറ്റിയ ഒരു മൂഡിൽ അല്ല.." "ഇനി ഞാൻ ചോദിക്കുന്നില്ല.. നീ നിനക്ക് പറയാൻ തോന്നുമ്പോ പറ.. എന്നെക്കൊണ്ട് എന്തെങ്കിലും സഹായം വേണേൽ നേരെ വിളിച്ചോണം കേട്ടല്ലോ...." "ഉറപ്പായിട്ടും.." രേവതി മറുപടി പറഞ്ഞു. ഇതും പറഞ്ഞുകൊണ്ട് അവൾ കാൾ കട്ട് ചെയ്തിട്ട് ഒറ്റ പകൽ കൊണ്ട് അവൾക്കെന്ത് പറ്റിയെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നത് കൊണ്ട് നേരത്തെ കുളി കഴിഞ്ഞ് ഓഫീസിലേക്ക് പോയി. ആദ്യ ദിവസം ആയിരുന്നത് കൊണ്ട് ലൈറ്റ് ആയിട്ടുള്ള ജോലികളാണ് തന്നത്. അതും ഉച്ചയോടെ തീർത്തപ്പോൾ പൊയ്ക്കോളാൻ പറഞ്ഞു. തിരിച്ചു വീട്ടിൽ എത്തുമ്പോ ഉച്ചക്ക് രണ്ടുമണി ആയിരുന്നു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 ഫ്രഷ് ആയിട്ട് ടേബിളിൽ വന്നിരുന്നപ്പോഴാണ് ബുക്‌ റാക്കിൽ വച്ച 'അവർ ഇമ്പോസിബിൾ ലവ്' കണ്ണിലുടക്കിയത്. ഒരു പുഞ്ചിരിയോടെ അത് കയ്യിലെടുത്ത് അതിന്റെ ഒരു ഫോട്ടോ മൊബൈലിൽ ക്യാപ്ച്ചർ ചെയ്ത് ജീബേട്ടനയച്ചു. 'ജീബേട്ടാ.. നോക്ക്.. ഞാൻ ബുക്‌ വാങ്ങീലോ... ' മെസേജ് ഡെലിവറഡ് ആയതും ഓഫ്ലൈനിൽ ആയിരുന്ന ജീബേട്ടൻ വേഗം ഓൺലൈനിൽ വന്ന് മെസേജ് സീൻ ചെയ്തു. 'തന്നോട് ഞാൻ വാങ്ങിച്ചു തരാം ന്ന് പറഞ്ഞതല്ലേ...' 'സോറി ജീബേട്ടാ.. കുട്ടിക്ക് കൗതുകം ലേശം കൂടുതലായിപ്പോയി...'

'ഹ്മ്മ്... നീയേ ആ ഗ്രൂപ്പിൽ ഒന്ന് നോക്കിക്കേ.. ഞാനവിടെ ചെല്ലുമ്പോഴൊക്കെ അവിടുള്ളവർ ചോറ് കഴിച്ചോണ്ടുള്ള വരവാണോന്ന് ചോദിക്കുന്നു.. എനിക്കങ്ങോട്ട് ഒന്നും മനസ്സിലാവുന്നില്ല.. വല്ല തള്ളും ആണോ അതോ വല്ല കോഡ് ഭാഷയും ആണോ?' ജീബേട്ടന്റെ മെസേജുകൾ വായിച്ച് എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങി.. 'ആവോ.. എനിക്കറിഞ്ഞൂട ജീബേട്ടാ.. ഞാനൊരു സൽസ്വഭാവിയായ കുട്ടിയാണ്...' പല്ലിളിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു. 'അപ്പൊ അതിൽ എന്തോ ഉണ്ടല്ലോ......' ജീബേട്ടൻ ചോദിച്ചു. 'അതൊന്നും പിള്ളേര് അറിയേണ്ട കാര്യമല്ല...' ഇതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങിയോടി നേരെ ഗ്രൂപ്പിലോട്ട് ചെന്നു.. അവിടെ ആരൊക്കെയോ നല്ല കത്തിയടിക്കലിലാണ്. കൂട്ടത്തിൽ നീരുവും ഉണ്ട്. 'ഇവിടെ എന്താ പിള്ളേരെ ഒരു ബഹളം..?' നേരെ ഒരു മെസേജ് ടൈപ് ചെയ്തിട്ടു....

'ഹായ്.. ദുർഗമോൾ വന്നോ.. ചോറ് തിന്നോ മോളെ..? നന്നായി കഴിച്ചിട്ടിപ്പോ റസ്റ്റ്‌ എടുക്കുവാകും അല്ലെ...' മെസേജുകളുടെ കൂമ്പാരം കണ്ട് വാ പൊളിച്ചു നിന്നു പോയി കുറേ നേരത്തിന്.. 'നിങ്ങൾക്കൊന്നും മതിയായില്ലേ... ഇന്നെനിക്ക് എന്റെ ജീബേട്ടൻ ബിരിയാണി വാങ്ങിത്തന്നു.. അല്ലെ ജീബേട്ടാ....' ചുണ്ടുകോട്ടിണ്ടുള്ള ഇമോജികളോടൊപ്പം ജീബേട്ടനെ മെൻഷൻ ചെയ്ത് വിളിച്ചുകൊണ്ടു പറഞ്ഞു. 'ആഹ്... അതേ.. നല്ല കിടു ടേസ്റ്റ് ആയിരുന്നു...' ഇതിന് പിന്നിലുള്ള ഗുട്ടൻസ് അറിയാതെ ജീബേട്ടനും പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു. 'അപ്പൊ ഒരു പത്തുമാസം കൂടെ കഴിഞ്ഞാൽ ഗ്രൂപ്പിലോട്ട് ഒരു പുതിയ അതിഥിയെ കൂടി പ്രതീക്ഷിക്കാം ല്ലേ...' തരിച്ചു നിന്നുപോയത് ആ ഒരു മെസേജ് കണ്ടപ്പോഴാണ്. അപ്പോഴാണ് ജീബേട്ടൻ പേർസണൽ ആയി മെസേജ് അയച്ചത്. 'വാവേ..' 'ഇപ്പൊ മനസ്സിലായോ ജീബേട്ടാ അവർ എന്താ ഉദ്ദേശിച്ചതെന്ന്..?' 'ഉം.. ഏറെക്കുറെ...' ചമ്മിക്കൊണ്ടുള്ള ഇമോജികൾക്കൊപ്പം ജീബേട്ടൻ പറഞ്ഞു. 'ബൈ ദുബായി.. ഇന്ന് തള്ളൊന്നുമില്ലേ..?'

ജീബേട്ടൻ പിന്നെയും ചോദിച്ചു. 'നിങ്ങടെ പെങ്ങളോട് ചോദിക്ക്.. അവളാണ് ആസ്ഥാന തള്ളൽ വിദഗ്ധ..' 'എന്റെ പെങ്ങളേ മാത്രം കുറ്റം പറയണ്ട.. നീയും അത്ര മോശം ഒന്നുമല്ല... എന്തൊക്കെയായിരുന്നു തള്ള്.. ഞാൻ പിന്നാലെ നടന്നൂന്നും സിനിമാ നടന്റെ പ്രൊപോസൽ വന്നെന്നും...' ജീബേട്ടൻ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു. 'ആ അത് പിന്നെ.... എന്നാലും പെങ്ങളേ പറഞ്ഞപ്പോ നിങ്ങൾക്ക് നൊന്തല്ലേ... അപ്പൊ ജീബേട്ടന് ദുർഗമോളെ ഒട്ടും ഇഷ്ടമല്ലല്ലേ....' കരഞ്ഞുകൊണ്ടുള്ള ഇമോജികൾക്കൊപ്പമായി ചോദിച്ചു. 'ഇഷ്ടമാണ് രണ്ടുപേരെയും.. നീരു എന്റെ രക്തമാണ്.. നീ എന്റെ രക്തമല്ലെങ്കിലും രക്തത്തിൽ അലിഞ്ഞു ചേർന്നവളാണ്.. ഓരോ ദിനവും ചെറു വിരൽ മുതൽ ഉച്ചി വരെ എന്റെ ഉള്ളിൽ ഓടി നടക്കുന്നവളാണ് നീ...' 'ഉഫ്.. ജീബേട്ടാ.. എന്തൊരു വരികളാണ്...' ജീബേട്ടന് മെസേജ് അയക്കുന്നതിനിടെയാണ് ഏതോ ഒരു ഐഡിയിൽ നിന്നും മെസേജ് വന്നത് കണ്ടത്. 'വിഷ്ണു വിശ്വദേവ്....' മെസേജ് വന്ന ഐഡിയുടെ പേര് വായിച്ചതും വിഷ്ണു ആണെന്ന് മനസ്സിലായി. ഒരു സിനിമാ നടന്റെ ഫോട്ടോയാണ് വച്ചിട്ടുള്ളത്.

'ഹായ്.. അഞ്ജലീ..' അഞ്ജലീ എന്ന് വിളിച്ചപ്പോൾ വിഷ്ണു തന്നെയെന്ന് ഉറപ്പായി. 'എടാ... നാറീ... നീയും ഫേക്ക് ഐഡി തുടങ്ങിയോ? എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ?' വേഗം തന്നെ മെസേജ് അയച്ചു. 'അത് പിന്നെ നിനക്കൊരു സർപ്രൈസ് തരാം ന്ന് കരുതി..' 'എന്തായാലും സംഭവം പൊളിച്ചു... എടാ നീയെന്നാൽ ഞങ്ങടെ ഗ്രൂപ്പിലോട്ടുണ്ടോ?' 'യ്യോ.. വേണ്ടായേ.. നിങ്ങൾ തള്ളുന്നത് പോലെ അവിടെ വന്ന് തള്ളി മറിക്കാനൊന്നും എനിക്കറിയത്തില്ലേ...' കൈകൾ കൂപ്പിക്കൊണ്ട് വിഷ്ണു പറഞ്ഞു. 'വോ.. എന്നാ നീ വരണ്ടടാ.. ഇനി ഞാൻ വിളിക്കത്തില്ല.. അല്ല.. നിനക്ക് എന്ത് തോന്നി ഒരു ഫേക്ക് ഐഡി തുടങ്ങാൻ...?' 'നീ പറയുന്നതൊക്കെ കേട്ടിട്ട് എടുക്കാൻ തോന്നി. ഇങ്ങനെയെങ്കിലും എന്റെ കല്യാണവും ഒന്ന് കഴിഞ്ഞ് കിട്ടിയെങ്കിൽ വളരെ സന്തോഷം...' വിഷ്ണുവിന്റെ മെസേജ് കണ്ട് എത്രനേരം ചിരിച്ചുവെന്ന് അറിയില്ല.. 'പല കാര്യങ്ങൾക്കുമായി ഫേക്ക് ഐഡി തുടങ്ങുന്നവരെ കണ്ടിട്ടുണ്ട്.. എന്നാൽ കല്യാണം കഴിക്കാൻ വേണ്ടി ഫേക്ക് ഐഡി തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി നീയായിരിക്കുമെടാ...'

അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു.. 'ഹഹഹ... ഡെയ്.. ഞാൻ വരാം ട്ടോ.. വർക്ക് ഉണ്ട്..' ഇതും പറഞ്ഞു വിഷ്ണു പോയി.. 'ഓക്കേ ടാ.. പോയി വാ...' 🌺🥀🌺🥀🌺🥀🌺🥀🌺🥀 'ജീബേട്ടാ...' 'എന്താ വാവേ...' 'വിഷ്ണു ഫേക്ക് ഐഡി എടുത്തു വന്നു....' നാണത്തോടെ കണ്ണുപൊത്തുന്ന ഇമോജി കാണിച്ചുകൊണ്ട് പറഞ്ഞു. 'അതാരാ... എവിടുന്നാ....' ജീബേട്ടൻ ചോദിച്ചു. 'എന്റെ വിഷ്ണുവാ...' 'അവൻ നിന്റെ ആരാന്നാ ചോദിച്ചേ...' 'എന്റെ മുറച്ചെറുക്കൻ....' നാണത്തോടെ പറഞ്ഞു. 'നീ അവനെ കെട്ടാൻ പോവാണോ?' ജീബേട്ടന്റെ സീ ഐ ഡി ചോദ്യങ്ങൾ കേട്ടപ്പോ തോന്നിയ ദേഷ്യത്തിൽ അതേ എന്ന് പറഞ്ഞു.. 'അതേ.. ഞങ്ങടെ കല്യാണത്തിന് വരില്ലേ ജീബേട്ടാ...' മെസേജ് സീൻ ആയി. പക്ഷെ മറുപടി ഉണ്ടായില്ല.. മറുപടിക്ക് വേണ്ടി കുറച്ചു നേരം കൂടെ കാത്തു നിന്നു. എന്നിട്ടും മറുപടി വരാഞ്ഞത് കണ്ടാണ് ഒന്നുകൂടെ മെസേജ് അയച്ചു നോക്കിയത്. 'ജീബേട്ടൻ പോയോ?' വീണ്ടുമയച്ച മെസേജ് ജീബേട്ടൻ സീൻ ചെയ്തില്ല.. പിന്നെയും അയച്ചു നോക്കി.. 'ജീബേട്ടാ.. ജീബേട്ടോയ്... എനി ഇഷ്യൂസ്? എന്ത് പറ്റി????' ഓൺലൈനിൽ ഉണ്ടായിട്ടും മെസേജ് നോക്കുകയോ മറുപടി അയക്കുകയോ ഉണ്ടാവാഞ്ഞത് കണ്ടപ്പോ ഇത്തിരി ദേഷ്യവും സങ്കടവും തോന്നി... മെസേജിന് റിപ്ലൈ വരുന്നത് വരെ ജീബേട്ടന്റെ ഇൻബോക്സിൽ തന്നെയിരുന്നു.. എന്നാൽ ജീബേട്ടൻ മെസേജ് തുറന്നു നോക്കുവാൻ കൂടെ കൂട്ടാക്കിയില്ല.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story