പ്രണയ സ്വകാര്യം: ഭാഗം 7

pranaya swakaryam

രചന: ആദിത്യൻ മേനോൻ

ജീബേട്ടൻ മറുപടി തരാതായപ്പോ വല്ല തിരക്കിലും ആവുമെന്നാണ് ആദ്യം കരുതിയത്. പിന്നെ ഗ്രൂപ്പിൽ സംസാരിക്കുന്നത് കണ്ടപ്പോഴാണ് ആള് മനപ്പൂർവ്വം റിപ്ലൈ തരാത്തതാണെന്ന് മനസ്സിലായത്. കുറേ നേരം കഴിഞ്ഞിട്ടും ജീബേട്ടന്റെ റിപ്ലൈ കിട്ടാതായപ്പോഴാണ് വേഗം നീരുവിനെ വിളിച്ചു നോക്കിയത്. "പറയെടീ നാത്തൂനെ..." "ഡെയ്.. നിന്റെ ആങ്ങള എന്നോട് മിണ്ടുന്നില്ല..." "നിങ്ങൾ തമ്മിൽ സൗന്ദര്യപ്പിണക്കം ആയതിന് നിങ്ങൾക്ക് തന്നെ പറഞ്ഞു തീർത്താൽ പോരെ നാത്തൂനെ.. വെറുതേ ഞാനതിൽ ഇടപെടണോ..." കൊഞ്ചിക്കൊണ്ടുള്ള നീരുവിന്റെ സംസാരം കേട്ട് തല പെരുത്തു കേറി. "എടീ.. ഡയലോഗടിച്ച് ഗോൾ അടിക്കാതെടീ.. ഞാൻ സീരിയസ് ആയിട്ട് പറയുവാ..." "ങ്ങേ.. മിണ്ടാതിരിക്കാൻ മാത്രം നീ എന്ത് ചെയ്തു?" "അത് പിന്നെ എന്റെ കസിൻ ഒരു ഫേക്ക് ഐഡി എടുത്തു വന്നു നേരത്തെ.." "കസിൻ ആണാണോ പെണ്ണാണോ...?" "ആണാണ്.. വിഷ്ണു.." "ഹമ്മേ... സിംഗിൾ ആണോ?" നീരുവിന്റെ ശബ്‌ദം കൂടുതൽ ഉയർന്നു. "ഓണത്തിന്റെ ഇടക്കാണോടീ പുട്ട് കച്ചവടം..."

നാത്തൂനെ മനസ്സിൽ സ്നേഹത്തോടെ സ്മരിച്ചുകൊണ്ട് പറഞ്ഞു. "അത് പിന്നെ.. നമ്മൾ നാത്തൂൻസ് അല്ലേടീ.. അപ്പൊ എന്റെ ആങ്ങള നിനക്ക് നിന്റെ ആങ്ങള എനിക്ക്.... ഹമ്മേ.. ഒടുവില് ഞാനുമിതാ കുമ്മിറ്റഡ് ആവാൻ പോണ്..." നീരുവിന്റെ സംസാരം കേട്ട് ഒരു ചിരവയെടുത്ത് തലക്കടിക്കാനാണ് തോന്നിയത്.. "ഇതിന്റെ ഇടയിലൂടെ തന്നെ വേണോ നാത്തൂനെ?" "വേണം നാത്തൂനെ.. എനിക്ക് സിംഗിൾ ആയി മടുത്തു.. വിച്ചേട്ടനോട് എനിക്ക് ലവ് ആയി.. ട്രൂ ലവ് വിത്ത്‌ 916 മാർക്ക്‌... ഗ്രൂപ്പിൽ എന്നെ കുഞ്ഞ് കുട്ടി എന്ന് പറഞ്ഞു കളിയാക്കുന്ന എല്ലാരുടേം മുന്നിൽ വച്ചു ഞാനും വിച്ചേട്ടനും സ്നേഹിക്കും.. നോക്കിക്കോ...." "ഉള്ള തള്ളുകൾ തന്നെ ധാരാളം അല്ലെ നാത്തൂനേ?" "അത് ദുർഗയും ജീബേട്ടനും തള്ളിയതല്ലേ.. ഇനി നീരുമോളും വിച്ചേട്ടനും തള്ളട്ടേടീ..." "നീ ആദ്യം ഈ കാര്യത്തിൽ ഒരു തീരുമാനം ആക്കിത്താ നീരൂ..." "ആഹ്.. എന്നാ പറ.. എന്താ സംഭവം..." നടന്നതെന്തെന്ന് നീരുവിനോട് വിശദമായി പറഞ്ഞു കൊടുത്തു... "നാത്തൂനെ...." "എന്താടീ..." "ഇനി കളി സീരിയസ് ആയോ?"

നീരു വലിച്ചുനീട്ടി ചോദിച്ചു. "നീ എന്താ ഉദ്ദേശിക്കുന്നെ?" സംഗതി പിടികിട്ടിയെങ്കിലും ഒന്നുകൂടെ ഉറപ്പിക്കുവാനായി ചോദിച്ചു. "ഏട്ടന് നിന്നോട് ശരിക്കും വല്ല പ്രേമവും തുടങ്ങിയോ?" നീരു ചോദിച്ചപ്പോൾ അതുതന്നെയെന്ന് ഉറപ്പിച്ചു.. മനസ്സിൽ ഒരു ചോദ്യചിഹ്നം പോലെ ഉണ്ടായിരുന്നത് അത് തന്നെ ആയിരുന്നു. "നാത്തൂനെ.. നിനക്കറിയില്ലേടീ എന്നെ.. തള്ളും ഡയലോഗ് അടിയും മാത്രേ ഉള്ളു.. എനിക്കീ പ്രേമം ഒന്നും സെറ്റ് ആവത്തില്ല..." നഖം കടിച്ചുകൊണ്ട് പറഞ്ഞു. "ഏട്ടന്റെ മനസ്സിലുള്ളത് അറിയാൻ ഒരു വഴിയുണ്ട്. ഞാൻ ഏട്ടനെ കാളിൽ ആഡ് ചെയ്യാം.." "ഏയ്‌.. അതുവേണ്ട.. ഞാനില്ല പുള്ളിയോട് സംസാരിക്കാൻ.. എന്റെ കയ്യൊക്കെ വിറക്കുന്നു..." "അതല്ലെടീ ശവമേ.. ഞാൻ ഏട്ടനെ കാളിൽ ആഡ് ചെയ്യാം.. നീ മിണ്ടാതെ ഇരുന്നാൽ മതി. കോൺഫറൻസ് കാൾ ആണെന്ന് ഏട്ടൻ അറിയുകയുമില്ല. ഏട്ടന് പറയാനുള്ളത് നിനക്ക് ഡയറക്ട്ട് ആയിട്ട് കേൾക്കേം ചെയ്യാം..." "ഉഫ്.. നാത്തൂനെ...." വൈകാതെ നീരു ജീബേട്ടനെ വിളിക്കാൻ തുടങ്ങി. കാൾ അറ്റൻഡ് ആവുന്നത് വരെ ഉള്ളിലൊരു ആന്തലായിരുന്നു. "ഹലോ.. നീരൂ..."

കാൾ അറ്റൻഡ് ആയി. ആദ്യമായിട്ടാണ് ജീബേട്ടന്റെ ശബ്‌ദം കേൾക്കുന്നത്. പക്ഷെ മുൻപെവിടെയോ ഈ ശബ്‌ദം കേട്ടിട്ടുള്ളതായി തോന്നി. ഓർത്തെടുക്കാൻ ആവാത്ത വിധം എവിടെയോ കേട്ട് മറന്ന ആരുടെയോ ശബ്‌ദം പോലെ..... "ഏട്ടാ... ഏട്ടൻ എന്റെ നാത്തൂനോട് മിണ്ടുന്നില്ലെന്ന് പറഞ്ഞു നാത്തൂൻ നല്ല സങ്കടത്തിലാണ്... എന്ത് പറ്റി?" നീരു ചോദിക്കുന്നത് കേട്ടു. ജീബേട്ടന്റെ മറുപടിക്കായി കാതോർത്തു. "നാത്തൂനോ.. നീയെന്താ അവളെ നാത്തൂനെnn വിളിക്കുന്നെ.. അവൾ നിന്റെ നാത്തൂൻ ആണോ? കാശിയേട്ടൻ കെട്ടാൻ പോണത് അവളെയാണോ? അല്ലല്ലോ? അതോ ഞാൻ കെട്ടാൻ പോണതോ? അതും അല്ലല്ലോ?" ജീബേട്ടന്റെ ശബ്‌ദം ഉയർന്നു വന്നു. "ഏട്ടനെന്തിനാ ഇപ്പൊ എന്നോട് ചൂടാവുന്നേ.. സാധാരണ ഞാൻ അവളെ നാത്തൂനേന്ന് വിളിക്കുമ്പോ ഏട്ടൻ ഒന്നും പറയാറില്ലല്ലോ പിന്നെ ഇപ്പൊ എന്ത് പറ്റി?" നീരു ചോദിച്ചു. "അത് പിന്നെ.. അവൾക്ക് ഒരു മുറച്ചെറുക്കനുണ്ട്. അവർ കല്യാണം കഴിക്കാൻ പോവാ.. പിന്നെ നീയെന്തിനാ നാത്തൂൻ ന്ന് വിളിക്കണേ..."

"ഏട്ടാ.. ഏട്ടന് തീരെ കുശുമ്പില്ലല്ലേ.. സത്യം പറ.. വല്ല പ്രേമോം ആണോ ഏട്ടാ...?" ഇവളിതെന്താ ചോദിക്കുന്നതെന്ന് കേട്ട് ഒന്ന് പരുങ്ങിപ്പോയി. കാര്യത്തിന്റെ സ്ഥിതിഗതികൾ അറിയാനാണ് ഇവളെക്കൊണ്ട് ജീബേട്ടനെ വിളിപ്പിച്ചത്. എന്നിട്ടിവൾ ബ്രോക്കർ പണി നടത്തുന്നോ.. അതിന് ജീബേട്ടൻ എന്ത് പറയുമെന്ന് കേൾക്കുവാനായി ചെവി കൂർപ്പിച്ചെങ്കിലും മറുപടിയുണ്ടായില്ല.. "ഏട്ടാ.. എന്നോട് പറയില്ലേ ഏട്ടാ.." "പ്രേമം വല്ലോം ഉണ്ടോന്ന് ചോദിച്ചാൽ ചെറിയൊരു ഇഷ്ടം തോന്നി.. അത്രേ ഉള്ളു.. ആദ്യമായിട്ട് പ്രേമം തോന്നിയതാ.. അതിങ്ങനേം ആയി.. " പരുങ്ങിക്കൊണ്ട് ജീബേട്ടൻ ഏറ്റുപറഞ്ഞപ്പോൾ തലയിലൂടെ എന്തൊക്കെയോ ചിറകടിച്ചു പറന്നു പോയി. "ഏട്ടാ.. അവളുടെ മുറച്ചെറുക്കൻ എന്ന് പറഞ്ഞവനില്ലേ.. അവനുമായി അവൾക്കൊരു ബന്ധോം ഇല്ല. അവൾ ചുമ്മാ ഏട്ടനെ പറ്റിക്കാൻ പറഞ്ഞതായിരുന്നു..."

നീരു പറഞ്ഞപ്പോൾ തൃപ്തിയായി... ആങ്ങളയും പെങ്ങളും ഇപ്പൊ ഒറ്റക്കെട്ടായി. ഇനിയും രംഗപ്രവേശനം ചെയ്തില്ലെങ്കിൽ ശരിയാവില്ലെന്ന് കരുതി അഞ്ജലി ജീബേട്ടനോട് സംസാരിക്കുവാൻ തുടങ്ങി. "ഹായ്.. രാജമൗലി സാർ അല്ലെ.. ബാഹുബലി ത്രീയിൽ ഒരു ചാൻസ് തരാമോ എന്ന് ചോദിക്കാൻ വിളിച്ചതാ..." അവളുടെ സംസാരം കേട്ടതും നന്ദനും ഒന്ന് വിയർത്തു... അവൾ സംസാരിക്കുമെന്ന് നീരുവും പ്രതീക്ഷിച്ചതല്ല.. "നീരൂ.. നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടെടീ കുട്ടിത്തേവാങ്കേ..." ജീബേട്ടൻ പറഞ്ഞു. "അയ്യോ... ഏട്ടാ...." നീരു പറഞ്ഞു തുടങ്ങുന്നതിനു മുൻപേ നന്ദൻ കാൾ കട്ട് ചെയ്തു... "എടീ കള്ള നാത്തൂനെ.. നിന്നോട് വാ തുറക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ.. ഏട്ടനെന്നെ കയ്യിൽ കിട്ടിയാൽ വാർത്തെടുക്കും...." നീരു ശോകത്തോടെ പറഞ്ഞു. "പ്പാ... എറിയാൻ എന്തെങ്കിലും കിട്ടിയിരുന്നേൽ നിന്റെ തല ഞാൻ തല്ലിപ്പൊളിച്ചേനെ നാത്തൂനേ... കാര്യങ്ങൾ എന്താന്നറിയാൻ പറഞ്ഞയച്ച നീ അവിടെ ബ്രോക്കർ പണി നടത്തുമ്പോ ഞാൻ പിന്നെ കയ്യും കെട്ടി നോക്കി നിക്കണമായിരുന്നോ...."

"എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു നാത്തൂനെ..." "അത് തന്നെയാ എനിക്ക്‌ നിന്നോടും പറയാനുള്ളത്.." "ഞാൻ അങ്ങനെ പറയാൻ കാരണം വിച്ചേട്ടൻ ജീബേട്ടന്റെ അളിയൻ ആകേണ്ടവനല്ലേ.. തുടക്കത്തിൽ തന്നെ വിച്ചേട്ടനെ പറ്റി ജീബേട്ടന് ഒരു നെഗറ്റീവ് ഫീൽ കൊടുക്കണ്ടാല്ലോന്ന് കരുതീട്ടാ...." നീരു പറഞ്ഞു. "പുല്ല് ഞാമ്പോണ്.. ഏത് പട്ടിക്കും ഒരു കാലം വരുമെടീ.. അയാം വയ്റ്റിങ് ഫോർ ദാറ്റ് ഡേ.." "വിച്ചേട്ടനോട് എന്റെ അന്വേഷണം പറയണേടീ..." നാണത്തോടെ നീരു പറഞ്ഞത് കേട്ടപ്പോ ഒരൊറ്റ വീക്ക്‌ വച്ചു കൊടുക്കാനാണ് തോന്നിയത്.... 🌺🥀🌺🥀🌺🥀🌺🥀🌺🥀 ഗ്രൂപ്പിൽ എല്ലാവരും ഓൺലൈൻ ആയതു കണ്ടാണ് അവിടെ ചെന്നു നോക്കിയത്.. അതിൽ കേറിച്ചെന്നാൽ ചോറ് തിന്നോ എന്ന ചോദ്യം വരുമെന്ന് അറിയാവുന്നതിനാൽ ആദ്യം തന്നെ ഒരു സംഭാഷണത്തിന് തുടക്കമിട്ടു.. 'ദുർഗ മോള് ജീബേട്ടന്റെ കൂടെ ഉത്സവത്തിന് വന്നല്ലോ.... ' 'ആഹാ... അടിപൊളി...' 'ജീബേട്ടൻ നിക്ക് ഐസ്ക്രീം വാങ്ങിത്തന്നു.. ല്ലേ ജീബേട്ടാ...' 'ആഹ്.. അതേ..' ജീബേട്ടന്റെ റിപ്ലൈ പ്രതീക്ഷിച്ചതല്ലെങ്കിലും വന്നു.

'എന്നിട്ട് ഉത്സവത്തിന് വന്നിട്ട് രണ്ടാളും ഫോണിൽ കുത്തിയിരിക്കുവാണോ...?' ആരോ ചോദിച്ചു. സിവനെ.. പെട്ട്... 'ഓ... മോഡേൺ ഫാമിലി ആയതോണ്ടാവും....' ആരോ എടുത്തു പറഞ്ഞു. 'ആഹ്.. അതേ.. മോഡേൺ ഫാമിലി.....' മോഡേൺ ഫാമിലി എന്ന് ഇവർക്കൊക്കെ പറഞ്ഞു പഠിപ്പിച്ച നാത്തൂനെ മനസ്സിൽ വീണ്ടും സ്മരിച്ചു... 'അവിടെത്തേ കാഴ്ചകൾ ഒക്കെ എങ്ങനുണ്ട്...' 'ഗൊള്ളാം.. നല്ല അടിപൊളി ചേട്ടന്മാർ.. ഹമ്മേ.. ഇപ്പഴേ കെട്ടണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു...' ജീബേട്ടനെ ഒന്ന് കുത്താനാണ് അത് പറഞ്ഞത്.. സംഭവം ഏറ്റു.. ജീബേട്ടൻ ഒന്നും മിണ്ടിയില്ല. 'ഭർത്താവിന്റെ കൂടെ ഉത്സവത്തിന് പോയിട്ട് വേറെ ചെക്കന്മാരെ വായ്നോക്കുന്നോ...? ഇതൊക്കെ കണ്ടിട്ടും ജീവൻ എന്താ മിണ്ടാതിരിക്കുന്നെ...' ആരോ പറഞ്ഞു. ജീബേട്ടൻ എന്തേലും മിണ്ടണം. അത് തന്നെയാണ് തനിക്കും വേണ്ടത്. 'അവർ മോഡേൺ ഫാമിലി അല്ലെ...' വീണ്ടും ആരോ ആവർത്തിച്ചപ്പോൾ മോഡേൺ ഫാമിലി കണ്ടുപിടിച്ച നീരുവിനെ എടുത്ത് കിണറ്റിലിടാൻ തോന്നി...

'എത്രയൊക്കെ വായ്നോക്കിയാലും അവൾക്ക് ചോറ് വാരിക്കൊടുക്കാൻ ഞാനേ ഉണ്ടാകൂ എന്നറിയാവുന്നത് കൊണ്ട് അവളെന്നെ വിട്ട് എവിടേക്കും പോകില്ലെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്..' ജീബേട്ടന്റെ മെസേജ് കണ്ട് കിളികളെല്ലാം ഒരുമിച്ച് പറന്നു പോയി.. ജീബേട്ടൻ അങ്ങനെയൊരു മെസേജ് ഇട്ടത് ഉള്ളിൽ നിന്നും വന്നിട്ടാണെന്ന് തോന്നി. അർത്ഥം അറിഞ്ഞു വച്ചോണ്ട് അങ്ങനെ ഒരു മെസേജ് ഇട്ടതിനു ജീബേട്ടനെയും മനസ്സിൽ കുറേ സ്മരിച്ചു. പിന്നെ അവിടെ നിക്കേണ്ടിയും വന്നില്ല.. എല്ലാം കൂടെ കളിയാക്കാൻ തുടങ്ങിയപ്പോൾ നേരെ ജീബേട്ടന്റെ ഐബിയിലോട്ട് ഇറങ്ങിയോടി. 'പക പോക്കുവാണല്ലേ ഊള ജീബേട്ടാ...' മെസേജ് അയച്ചതും ജീബേട്ടൻ മറുപടി ടൈപ് ചെയ്യുവാൻ തുടങ്ങി. 'നേരത്തെ രണ്ടുപേരും കൂടെ എന്നെയിട്ട് കറക്കിയതല്ലേ.. എന്റെ വാവ അനുഭവിച്ചോ...' ജീബേട്ടൻ പറഞ്ഞു. നേരത്തെ നീരു വിളിച്ചപ്പോ പറഞ്ഞതിനെ പറ്റി ജീബേട്ടനോട് ചോദിക്കണമെന്നുണ്ടായിട്ടും എന്തുകൊണ്ടോ വേണ്ടെന്ന് തോന്നി. മുഖത്തൊരു പുഞ്ചിരി വിരിയുന്നുണ്ട്.. അതിന് കാരണം ചോദിച്ചാൽ ഉത്തരമില്ല.. മനസ്സിനറിയാത്ത എന്തോ ഒരു കാരണം.. അല്ലെങ്കിൽ പറയാൻ മടിക്കുന്ന എന്തോ ഒന്ന്... 🌺🥀🌺🥀🌺🥀🌺🥀🌺🥀

വൈകുന്നേരമായപ്പോൾ നീരു മെസേജ് അയച്ചു. 'നാത്തൂനെ..' 'പറ നാത്തൂനെ.. അഞ്ജലിമോൾ സങ്കടത്തിൽ ആണ്. അഞ്ജലിമോൾ ചോറ് തിന്നോന്നുള്ള ചോദ്യം കേട്ട് മടുത്തു....' സങ്കടമുണ്ടെന്ന് കാണിക്കുവാനുള്ള ഇമോജി അയച്ചുകൊണ്ട് പറഞ്ഞു. 'ഹഹ... നാത്തൂൻ സങ്കടപ്പെടണ്ട.. ഞാൻ സങ്കടം മാറ്റാൻ ഒരു പാട്ട് പാടിത്തരാം...' നീരു പറഞ്ഞു. 'ഓക്കേ നാത്തൂനെ.. പക്ഷെ പാടിക്കൊല്ലരുത്... പ്ലീസ്...' കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു വോയിസ്‌ വന്നു. നീരുവിന്റെ പാട്ട്... സത്യം പറഞ്ഞാൽ അവൾ അത്രയും നന്നായി പാടുന്ന ആളായിരുന്നെന്ന് കരുതിയതേ ഇല്ലായിരുന്നു. വീണ്ടും വീണ്ടും ആ പാട്ട് പ്ലേ ചെയ്ത് കേട്ടു.. "അണിയമായ് നീ അമരമായ് ഞാൻ ഉടൽ തുളുമ്പി തൂവീ.. തമ്മിൽ... മെല്ലെ..... തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ.. മെല്ലെ..... മായാ..... നദീ..... മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി... നമ്മൾ... മെല്ലെ.... മായാ...... നദീ......" 'നാത്തൂനെ... ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ലാട്ടോ... നീ ഒരു കലാകാരി ആണെന്ന് ഞാനറിഞ്ഞില്ല നാത്തൂനേ...

ഞാനിത് സ്റ്റാറ്റസ് ആക്കാൻ പോണ്...' ഇതും പറഞ്ഞ് വേഗം പോയി നീരുവിന്റെ പാട്ട് സ്ക്രീൻ റെക്കോർഡ് ചെയ്ത് വീഡിയോ ആക്കി സ്റ്റാറ്റസ് വച്ചു.. അതിൽ ക്യാപ്ഷൻ ആയി നാത്തൂൻ എന്നും കൊടുത്തു. രേവതി വരേണ്ട സമയമായി. അവൾക്ക് ചെറിയ അസ്വസ്ഥതകൾ ഒക്കെയുണ്ട്.. അതോർത്താണ് മൊബൈൽ ടേബിളിൽ വച്ച് കിച്ചനിൽ പോയി ഡിന്നർ ഉണ്ടാക്കാൻ തുടങ്ങിയത്. കുക്കിംഗ്‌ കഴിഞ്ഞിട്ടും രേവതി എത്തിയിരുന്നില്ല. അതുകൊണ്ട് പിന്നെയും ഫോൺ എടുത്തു നോക്കിയപ്പോ ആദ്യം കണ്ണിലുടക്കിയത് വിഷ്ണുവിന്റെ മെസേജ് ആയിരുന്നു.. നീരുവിന്റെ പാട്ട് കേട്ടിട്ടുള്ള മറുപടി ആയിരുന്നു അതിൽ.. 'ഇത് നീ പറഞ്ഞ നിന്റെ ആ നാത്തൂൻ പാടിയതാണോ? കൊള്ളാല്ലോ... ബൈ ദുഫായി.. നിന്റെ ഈ നാത്തൂൻ സിംഗിൾ ആണോ..?' 'ആണെങ്കിൽ...?' തിരിച്ചു ചോദിച്ചു. 'ആണെങ്കിൽ ഇവളുണ്ടേൽ നീ പറഞ്ഞ ആ ഗ്രൂപ്പിലേക്ക് വരാൻ എനിക്ക് പൂർണ്ണ സമ്മതമാണ്.' നാണത്തോടെ കണ്ണുപൊത്തുന്ന ഇമോജികൾക്കൊപ്പമുള്ള വിഷ്ണുവിന്റെ മെസേജ് കണ്ട് ഒന്നും പറയാനില്ലാത്ത മട്ടിൽ നിന്നുപോയി..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story