പ്രണയ സ്വകാര്യം: ഭാഗം 9

pranaya swakaryam

രചന: ആദിത്യൻ മേനോൻ

ഇരുട്ടിൽ പതുങ്ങി നിൽക്കുന്ന ഒരുവന്റെ നെഞ്ചിലേൽ മുഖം പൂഴ്ത്തിക്കരയുന്ന രേവതിയെയാണ് അവിടെ കണ്ടത്.. അയാളുടെ മുഖത്തേക്കവൾ കണ്ണു കൂർപ്പിച്ചു നോക്കി. അവ്യക്തമായിരുന്ന മുഖം പൂർണ്ണമായും വ്യക്തമായപ്പോൾ അത് നന്ദന്റെ സുഹൃത്താണെന്ന് മനസ്സിലായി.. നന്ദനൊപ്പം അവൻ മദ്യപിക്കുന്നത് ഒരിക്കലവൾ കണ്ടിട്ടുണ്ട്.. "രേവൂ.." മെല്ലെ വിളിച്ചു നോക്കി. തന്നെ കണ്ടതും രേവതി അവനിൽ നിന്നും മെല്ലെ അടർന്നു മാറി കണ്ണുകൾ തുടച്ചു.. അവൻ തല താഴ്ത്തി നിൽക്കുന്നത് കണ്ടു.. "എന്താടാ ഇത്..? എനിക്കൊന്നും മനസ്സിലാവുന്നില്ല.." പിന്നെയും ആവർത്തിച്ചു. "അഭിയേട്ടൻ റൂമിലേക്ക് പൊയ്ക്കോ നന്ദൻ അന്വേഷിക്കും.." രേവതി അവനോട് പറഞ്ഞു. അവളെ ഒന്ന് നോക്കിക്കൊണ്ട് അവൻ മെല്ലെ നടന്നു കയറി വന്നു.. തന്റെയടുത്തെത്തിയപ്പോൾ തന്നേ ഒരു മാത്ര നോക്കിയിട്ട് തല താഴ്ത്തി നന്ദന്റെ ഫ്ലാറ്റിലേക്ക് പോകുന്നത് കണ്ടു.. പോകും വഴി രേവതിയെ ഇടക്കിടക്ക് തിരിഞ്ഞു നോക്കി. ആ നോട്ടത്തിൽ തന്നേ ഉണ്ടായിരുന്നു സാന്ത്വനത്തിന്റെ ചൂട്..

"രേവൂ.. എന്താടാ ഇതൊക്കെ? ഇപ്പഴെങ്കിലും നിനക്കൊന്ന് പറയാവോ?" രേവതി മെല്ലെ പടികൾ കയറി അടുത്തേക്ക് വന്നു. "അത് അഭിയേട്ടൻ.. ഞാനും അഭിയേട്ടനും കോളേജ് തൊട്ട് ഇഷ്ടത്തിലാണ് ഇന്നലെ അച്ഛൻ വിളിച്ചിരുന്നു.. ഞാനും അഭിയേട്ടനും തമ്മിലുള്ള ബന്ധം എങ്ങനെയോ അച്ഛൻ അറിഞ്ഞു. അഭിയേട്ടൻ വേറെ ജാതി ആയതുകൊണ്ട് ചത്താലും കല്യാണത്തിന് സമ്മതിച്ചു തരത്തില്ലാന്നാ അച്ഛൻ പറഞ്ഞത്.. മാത്രമല്ല അഭിയേട്ടനെ ഉപദ്രവിക്കാൻ അച്ഛൻ ഗുണ്ടകളെ അയച്ചിട്ടുണ്ട്. അവർ അഭിയേട്ടന്റെ വീടന്വേഷിച്ച് വീട്ടിലൊക്കെ പോയി.. അഭിയേട്ടൻ ഇന്നലെ മുതല് നന്ദന്റെ ഫ്ലാറ്റിലാണ് താമസം.. അഭിയേട്ടനെ എങ്ങാനും അവരുടെ കയ്യിൽ കിട്ടിയാൽ അവർ അഭിയേട്ടനെ കൊന്ന് കളയും.. അച്ഛൻ ഉടനെ എന്നെ വീട്ടിലോട്ട് കൊണ്ടുപോകാൻ ഇവിടെ എത്തും.. എനിക്കെന്താ ചെയ്യേണ്ടതെന്ന് അറിയത്തില്ല.." നിറഞ്ഞ കണ്ണുകളോടെ വിക്കി വിക്കി പറഞ്ഞുകൊണ്ട് രേവതി അഞ്ജലിയുടെ തോളിലേക്ക് വീണു കരയാൻ തുടങ്ങി...

"ഇത്രയൊക്കെ ഉണ്ടായിട്ട് നിനക്കെന്നോട് ഒന്ന് പറയാൻ തോന്നിയില്ലല്ലോ രേവൂ.." "അഭിയേട്ടൻ ഒരു പാവം ആണെടീ.. അഭിയേട്ടൻ ഇല്ലാതെ എനിക്ക് വയ്യ... ഇനി എനിക്ക് വല്ലതും സംഭവിക്കുമോ എന്നോർത്തിട്ടാണ് അഭിയേട്ടൻ നന്ദന്റെ ഫ്ലാറ്റിൽ വന്ന് താമസിക്കുന്നത് പോലും..." രേവതി പറഞ്ഞുകൊണ്ടിരുന്നു. "നമുക്ക് പരിഹാരം ഉണ്ടാക്കാം.. നീയിങ്ങനെ ഡൌൺ ആവാതെ..." രേവതിയെ ആശ്വസിപ്പിച്ചുകൊണ്ട് ഫ്ലാറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി.. അന്ന് രേവതിയുടെ അടുത്ത് നിന്നും മാറി നിൽക്കുവാൻ തോന്നിയില്ല. നേരത്തെ ഡിന്നർ കഴിച്ചു കിടന്നുറങ്ങി.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "രേവൂ.. നമ്മളിവിടെ നിന്നും ഒറ്റക്ക് ആലോചിക്കുന്നതിനേക്കാൾ ബെറ്റർ ആയിട്ടുള്ള ഒരു വഴിയുണ്ട്. നിന്റെ അഭിയേട്ടൻ ഇപ്പൊ നന്ദന്റെ ഫ്ലാറ്റിൽ ഇല്ലേ. ഇന്ന് ലീവെടുക്കാവാണെന്ന് ഓഫീസിലോട്ട് വിളിച്ചു പറ. നമുക്ക് നന്ദന്റെ ഫ്ലാറ്റിലോട്ട് പോയിട്ട് അവിടെ വച്ച് ഒരുമിച്ച് തീരുമാനിക്കാം..." രേവതിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞെങ്കിലും നന്ദന്റെ മുഖം കാണേണ്ടി വരുമല്ലോ എന്നോർത്ത് ഉള്ളിൽ ദേഷ്യവും തോന്നിയിരുന്നു.

എങ്കിലും രേവതിയേ സഹായിക്കുവാൻ ഇതല്ലാതെ വേറെ വഴിയൊന്നുമില്ല.. ഉച്ചയായപ്പോഴാണ് നന്ദന്റെ ഫ്ലാറ്റിലേക്ക് രേവതിയെ കൂട്ടി പോകുന്നത്. നന്ദനുമായുള്ള തന്റെ ഉടക്കിനെ പറ്റിയോർത്ത് ഈ പോക്ക് വേണ്ടെന്ന് രേവതി കുറേ പറഞ്ഞെങ്കിലും അവളെ നിർബന്ധിച്ചു കൂട്ടുക്കൊണ്ട് പോയത് താനാണ്. രേവതിക്ക് വേണ്ടിയാണ്.. എങ്കിലും ആ ചെകുത്താന്റെ മുഖം കാണണമല്ലോ എന്നോർത്തപ്പോൾ ഉള്ളിൽ വല്ലാത്തൊരു വിമ്മിഷ്ടം. ഫ്ലാറ്റിനു മുന്നിലെത്തി കാളിങ് ബെൽ അടിച്ചപ്പോ ഡോർ തുറന്നു വന്നത് ഹരിനന്ദനാണ്.. "ഉം.. എന്തുവേണം..." നെറ്റിചുളിച്ചുകൊണ്ട് നന്ദൻ ചോദിച്ചു. അവനെ കണ്ടതും മുഖം തിരിച്ചു മാറ്റി. രേവതിയാണ് സംസാരിച്ചത്. "അഭിയേട്ടനെവിടെ..?" രേവതി ചോദിച്ചു. "അഭിയേട്ടനോ? തനിക്കെന്താ അവനുമായി ബന്ധം?" നന്ദൻ ചോദിച്ചു. "അത് ശരി.. ഇന്റർവ്യൂ കഴിഞ്ഞിട്ടേ അകത്തേക്ക് കയറ്റി വിടത്തുള്ളോ.. താനൊന്ന് മാറി നിക്കെടോ.. ചൈന വൻമതിൽ പോലെ മസിലും ഉരുട്ടിക്കേറ്റി മുന്നിൽ വന്ന് നിക്കുവാണ്..."

നന്ദനെ പിന്നിലേക്കുന്തിയപ്പോൾ അവനൊന്ന് ഞെട്ടിക്കൊണ്ട് അവളെ നോക്കി.. കണ്ണുകളിൽ പകച്ചിൽ മാറി കോപം തെളിഞ്ഞു.. രേവതി അകത്തേക്ക് കയറിപ്പോയി. പിന്നാലെ നന്ദനും.. നന്ദനുപിന്നാലേ താനും ചെന്നു. രേവതിയെ കണ്ടതും ബെഡിൽ ചാരിയിരുന്ന അഭിയേട്ടൻ എഴുന്നേറ്റ് ചെന്നുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു. എന്താണ് നടക്കുന്നതെന്ന മട്ടിൽ നന്ദൻ നിന്നു. "ഇവിടെ എന്താ നടക്കുന്നത്.?" നന്ദന്റെ ചോദ്യം ആരോടെന്നില്ലാതെ.. "കണ്ണ് കണ്ടൂടെ?" "നിന്നോട് ചോദിച്ചില്ല..." കൈകൾ കൂപ്പിക്കൊണ്ട് നന്ദൻ തർപ്പിച്ചു പറഞ്ഞു. "പിന്നെ താൻ ആരോടാ ചോദിച്ചേ..." വിട്ടു കൊടുക്കുവാൻ തയാറായില്ല. "അത് ഞാൻ എന്നോട് തന്നേ ചോദിച്ചതാ..." "രണ്ടുപേരും ഒന്ന് നിർത്തുന്നുണ്ടോ?" രേവതി ചോദിച്ചപ്പോൾ പിന്നെയൊന്നും മിണ്ടിയില്ല. "എന്താടാ അഭി ഇതൊക്കെ?" നന്ദൻ അഭിയോടായി ചോദിച്ചു. അഭിയേട്ടൻ എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്തു. അഭിയേട്ടന്റെ വിശദീകരണം കേട്ടിട്ട് ഇപ്പൊ ആദ്യമായിട്ടാണ് നന്ദൻ ഈ കാര്യം അറിയുന്നതെന്ന് മനസ്സിലായി.

"എന്നിട്ടാണോടാ കോപ്പേ നീയിവിടെ വന്ന് ഒളിച്ചിരിക്കുന്നെ? നീയെന്താ ഇതുവരെ എന്നോടിതൊന്നും പറയാഞ്ഞത്?" നന്ദൻ ചോദിച്ചു. "എടാ അത് പിന്നെ.. പറഞ്ഞാൽ നീ വെറുതേ ഇരിക്കത്തില്ലല്ലോ.. അതോണ്ട് പറയാഞ്ഞതാ.. ഒരു പ്രശ്നവും ഉണ്ടാക്കണ്ട.. അവർ വന്നുപോകുന്നത് വരെ ഞാനും ഇവളും സേഫ് ആയാൽ മാത്രം മതി.." അഭിയേട്ടൻ പറഞ്ഞു.. "അതിനൊരു വഴിയുണ്ട്.. തന്റെ പേരെന്താന്നാ പറഞ്ഞെ?" നന്ദൻ അഞ്ജലിയെ നോക്കി ചോദിച്ചു.. "അഞ്ജലി..." "ഹ്മ്മ്... അഭിയെ ഇങ്ങോട്ടേക്കു അന്വേഷിച്ച് ആരും വരില്ലല്ലോ. പക്ഷെ രേവതിയെ തേടി ഇവളുടെ അച്ഛൻ വരുന്ന സമയത്ത് ആ ഫ്ലാറ്റിൽ അഞ്ജലി മാത്രം നിന്നാൽ മതി. അഞ്ജലിയെ ഇവളുടെ അച്ഛന് അറിയില്ലല്ലോ.. രേവതി ആ ഫ്ലാറ്റ് വൊകേറ്റ് ചെയ്തു എന്ന് അഞ്ജലി വേണം ഇവളുടെ അച്ഛനെ വിശ്വസിപ്പിക്കുവാൻ. ആ സമയത്ത് രേവതി എന്റെ ഫ്ലാറ്റിൽ നിന്നോട്ടെ.. അവർ അന്വേഷിച്ചിട്ട് പോട്ടെ.." "അതൊക്കെ നടക്കുമോ? അച്ഛന് ഒരുപാട് വലിയ ആളുകളുമായിട്ട് പിടിപാടുള്ളതാ..." "എങ്കിൽ നീയും അഭിയും നിങ്ങളുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തേക്കണം..

അവർക്ക് ഒരു വിധത്തിലും ലൊക്കേറ്റ് ചെയ്യാൻ സാധിക്കരുത്." നന്ദൻ പറയുന്നതൊക്കെ കേട്ട് ഇതിനെ പറ്റി ഒരു ധാരണയും ഇല്ലാത്തതുകൊണ്ട് മിണ്ടാതിരുന്നു. "പക്ഷെ അച്ഛൻ എപ്പഴാ അന്വേഷിച്ചെത്തുക എന്ന് പറയാൻ പറ്റില്ലല്ലോ.." രേവതി പറഞ്ഞു. "അതിന് ഞാനൊരു ഐഡിയ പറയട്ടെ..." അഭിയേട്ടൻ പറഞ്ഞു. എല്ലാവരും കേൾക്കുവാനായി കാതോർത്തു. "അളിയാ നീയും അഞ്ജലിയും കീരിയും പാമ്പും ആണെന്നൊക്കെ ഞങ്ങൾക്കറിയാം.. പക്ഷെ, ഞങ്ങൾക്ക് വേണ്ടി നിങ്ങൾ രണ്ടുപേരും ഒന്ന് കണ്ണടക്കണം.. പ്ലീസ്..." അഭിയേട്ടൻ പറഞ്ഞപ്പോഴേ കാര്യത്തിന്റെ കിടപ്പുവശമിങ്ങനെ മനസ്സിൽ കത്തിക്കൊണ്ട് വരുംതോറും ഒരായിരം മരണമണികൾ എവിടെനിന്നോ കാതുകളിൽ പതിക്കുന്നതായി തോന്നി... അതേ ഭാവമായിരുന്നു നന്ദന്റെയും മുഖത്ത് കണ്ടത്... "നീ.. നീ എന്താടാ ഉദ്ദേശിക്കുന്നത്?" വ്യക്തതക്ക് വേണ്ടി നന്ദൻ ഒരു പകച്ചിലോടെ ചോദിച്ചു.. "അത് അളിയാ.. നീ രേവതിയുടെ റൂമിലോട്ട് മാറണം.. പ്ലീസ് ടാ.. രേവതി എന്റെ കൂടെ ഇവിടെ നിക്കട്ടെ.. നീ അഞ്ജലിക്കൊപ്പം അവിടെ താമസിച്ചോ..

ഇവളുടെ അച്ഛൻ അവിടെ തേടി വന്നിട്ട് പോകുന്നത് വരെ മാത്രം മതി.." "അമ്മേ....." ഞെട്ടിക്കൊണ്ടുള്ള ഒരു ആത്മാഗതമായിരുന്നു പെണ്ണിന്റെ മറുപടി. ആത്മഗതം ഇത്തിരി ഉറക്കെ ആയതിനാലാവണം മൂവരും അവളെ നോക്കിയത്. അഭിയേട്ടൻ നന്ദന്റെ കൈപിടിച്ച്കൊണ്ട് പറഞ്ഞപ്പോൾ അഭിയേട്ടന്റെ കൈക്കുള്ളിൽ കിടന്നുകൊണ്ട് നന്ദന്റെ കൈ വിറക്കുന്നത് കണ്ടു. അതിനേക്കാൾ ഭീകരമായ അവസ്ഥയായിരുന്നു അഞ്ജലിയിൽ.. കാലുകൾ നിലത്തുറക്കാനാവാത്തതായി തോന്നി.. പല്ലുകൾക്കിടയിൽ ഒരു വിറയൽ.. "നീയെന്താടാ ഈ പറയുന്നേ..?" നന്ദൻ ഒന്നുകൂടെ ചോദിച്ചു. "എടാ രേവതിയുടെ അച്ഛൻ ഏത് നേരത്താണ് അവളെ അന്വേഷിച്ച് അങ്ങോട്ട് കേറി വരുക എന്നറിയില്ല. അപ്പൊ രേവതിയെ ഇവിടെ നിർത്തണ്ടേ.. പിന്നെ നാലുപേർക്കും ഇവിടെ ഒരു സ്ഥലത്ത് താമസിക്കുന്നത് വലിയ റിസ്ക്കല്ലേ..

അഞ്ജലിയെ മാത്രം അങ്ങോട്ട് വിട്ടാൽ രാത്രി അവിടെ ഒറ്റക്ക് താമസിക്കാൻ അവൾക്ക് പ്രയാസം ആവില്ലേ?" അഭിയേട്ടൻ പറഞ്ഞു.. തലയിലൂടെ എന്തൊക്കെയോ പറന്നു പോകുന്നതായി തോന്നി.. "അയ്യോ.. എന്റെ പൊന്നു ചേട്ടാ.. ചതിക്കരുത്... രാത്രി ഞാൻ പേടിച്ചാലും സാരമില്ല.. പേടിപ്പിക്കാനായി ഇയാളെ മാത്രം അങ്ങോട്ട് വിടരുത്..." അഭിയേട്ടനോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞപ്പോൾ നന്ദന്റെ മുഷ്ടി ചുരുളുന്നത് കണ്ടു. "എടാ പ്ലീസ്......" രേവതിയും നിർബന്ധിച്ചു തുടങ്ങി.. ദുഷ്ട.. അവളെ സഹായിക്കാൻ വേണ്ടി ഒരു നല്ല മനസ്സ് കാട്ടിയതിന് ഇത്രേം വലിയ പണി കിട്ടുമെന്ന് കരുതിയില്ല. പറന്നുകൊണ്ട് പോയ പണിയെ ഏണിവച്ചു കേറിപ്പിടിച്ചത് പോലെയായി... "അതൊന്നും ശരിയാവില്ല..." നന്ദനും തീർത്തു പറയാൻ ശ്രമിച്ചു. "ടാ പ്ലീസ് ടാ...." അഭിയേട്ടന്റെ നിർബന്ധത്തിൽ നന്ദൻ വീണെന്ന് തോന്നി.. നന്ദൻ പിന്നെ മറുപടിയൊന്നും പറഞ്ഞില്ല.... "ശരി ശരി.. ഞാനൊന്ന് ആലോചിക്കട്ടെ.. നീയാദ്യം രേവതിയോട് സംസാരിച്ച് അവളെയൊന്ന് ഓക്കേ ആക്കാൻ നോക്ക്.."

അതും പറഞ്ഞുകൊണ്ട് നന്ദൻ ഫ്ലാറ്റിനു പുറത്തേക്ക് പോയി. രേവതിക്കും അഭിയേട്ടനും ഒരു പ്രൈവസി കിട്ടിക്കോട്ടേ എന്നോർത്ത് താനും പിന്നാലെ പുറത്തെത്തി. പുറത്ത് നന്ദൻ ചുണ്ടത്ത് വിരൽ വച്ച് വലിയ ആലോചനയിലാണ്. തന്നേ കണ്ടതും കാണാത്ത ഭാവം നടിച്ചു നിന്നു. "നീയെന്തിനാ എന്റെ പിന്നാലെ വരുന്നത്?" നന്ദൻ ചോദിച്ചു. "തന്റെ പിന്നാലെയോ.. അതിന് താൻ ആരുവാ? ദുൽകർ സൽമാനോ? വിജയ് ദേവരകൊണ്ടയോ? ഇനി താൻ ഇവരൊക്കെ ആണെങ്കിൽ തന്നെയും തന്റെ പിന്നാലെ നടക്കാൻ എന്റെ പട്ടി വരും.." ചുണ്ടുകൾ കൊട്ടിക്കൊണ്ട് പുച്ഛഭാവത്തോടെ പറഞ്ഞു. "എന്താ ഡയലോഗ് അടി.. നിന്നെ ഞാൻ അവിടെ എത്ര ദിവസം സഹിക്കണോ ആവോ.." "അത് തന്നെയാ ഞാനും ആലോചിക്കുന്നെ.. എല്ലാം എന്റെ തെറ്റാ, രേവതിയെ സഹായിക്കാൻ വേണ്ടിയാ ഇങ്ങോട്ടേക്കു കൂട്ടിക്കൊണ്ട് വന്നത്.. അതിനൊരു പണി തരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..." "ഒന്ന് നിർത്താവോ? മനുഷ്യനിവിടെ ദേഷ്യം വന്നിട്ട് വയ്യ..." നന്ദൻ ദേഷ്യത്തോടെ തന്നേ നോക്കി പറഞ്ഞു.

"ഞാൻ പറയും.. എനിക്കിഷ്ടമുള്ളതൊക്കെ പറയും.. എന്റെ വായ.. എന്റെ ഇഷ്ടം..." "എന്നാ നീയവിടെ പറഞ്ഞോണ്ടിരി..." നന്ദൻ ദേഷ്യത്തോടെ പെണ്ണിനെ ഒന്ന് നോക്കിയിട്ട് സ്റ്റെയർ കേസിന്റെ പടികളിൽ പോയിരുന്നു മൊബൈൽ എടുത്ത് നോക്കിതുടങ്ങി. പിന്നെ അവൾ അവിടെ നിന്നില്ല.. വേഗം മുറിയിലോട്ട് പോയി.. ബെഡിൽ പോയിരുന്നു.. ആലോചിച്ചിട്ട് തന്നേ പേടിയാവുന്നു.. ടെൻഷൻ ഇത്തിരി കുറക്കാം ന്ന് കരുതിയാണ് മെസഞ്ചറിൽ കേറിയത്. അതിൽ ജീബേട്ടന്റെ മെസേജ് ഉണ്ടായിരുന്നു.. 'എടൊ.. താനെവിടെപ്പോയി..' കാലത്ത് ഗുഡ് മോർണിംഗ് അയച്ചതിനു മറുപടി കൊടുത്തിട്ടുണ്ടായിരുന്നില്ല.. രേവതിക്കൊപ്പമായിരുന്നു ആ സമയത്ത്. അപ്പൊ ജീബേട്ടൻ വീണ്ടും അയച്ചതാണ്. 'ജീബേട്ടാ.. ഞാൻ വന്നു.. ഇവിടെ ഇത്തിരി ബിസി ആയിപ്പോയി..' ഉടനെ ജീബേട്ടൻ മെസേജ് കണ്ടു. 'ഞാനും ബിസിയാടോ.. ഒരു മുട്ടൻ പണി കിട്ടി ഇന്ന്...' 'ഹമ്മേ... ടെലിപ്പതി... എനിക്കും കിട്ടി നല്ലൊരു പണി. ഒരു വൃത്തികെട്ട ദിവസമായിരുന്നു ഇന്ന്...' 'സാരമില്ലെടോ.. ഈ നിമിഷവും കടന്നു പോകും..'

'ഉം.. പോകും പോകും.. എന്നിട്ട് ഇതിലും 3ജിയ ദിവസങ്ങൾ വരും...' 'താനെന്താടോ പറയുന്നേ.. ഞാനൊരു സമാധാനത്തിനു വേണ്ടി തന്നോട് സംസാരിക്കാൻ വന്നപ്പോ താൻ എന്നെയും നെഗറ്റീവ് അടിപ്പിക്കുവാണോ?' 'ഇല്ല ജീബേട്ടാ.. എങ്കിൽ സാരമില്ല.. പോട്ടെ.. ജീബേട്ടന് ദുർഗ മോളില്ലേ..' 'അതാ എന്റെ ഏക ആശ്വാസം... അതോണ്ടല്ലേ ഒരു വിഷമം വന്നപ്പോ ഞാനോടി എന്റെ വാവയുടെ അടുത്തേക്ക് വന്നത്....' ജീബേട്ടൻ പറഞ്ഞത് കേട്ട് ചുണ്ടിലൊരു ചിരി വിരിഞ്ഞു.... ഉടനെ നീരുവിന് മെസേജ് അയച്ചു. 'നാത്തൂനെ.. എനിക്കിനിയും പിടിച്ചു നിക്കാൻ വയ്യെടാ.. നിന്റെ ഏട്ടന്റെ പേരെന്താന്ന് പറഞ്ഞെ... പ്ലീസ്...' 'ഹമ്മേ.. നിങ്ങൾ മെയിഡ് ഫോർ ഈച്ച് അതർ തന്നേ..' ഉടനെ നീരുവിന്റെ റിപ്ലൈ വന്നു. 'എന്താടീ.. ' 'ഇപ്പൊ ജീബേട്ടനും ഇങ്ങനൊരു മെസേജ് എനിക്ക് അയച്ചതെ ഉള്ളു...' 'പ്ലീസ് ഡാ... ഇനിയും വെയിറ്റ് ചെയ്യാൻ വയ്യ....' 'ഒന്നടങ്ങെടീ.. ഞാൻ ഉടനെ അങ്ങെത്തും.... അല്ല.. അതിരിക്കട്ടെ... എന്റെ ഏട്ടനെ അസുഖം നിനക്കും അസ്ഥിക്ക് പിടിച്ചോ?' നീരു ചോദിച്ചപ്പോൾ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. 'അത്... എനിക്കറിഞ്ഞൂടെടീ.. എവിടെയൊക്കെയോ എന്തൊക്കെയോ ഒരു ഇത്....' ഒരുപാട് നേരം വേണ്ടിവന്നു അത്ര മാത്രം പറയുവാൻ..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story