പ്രണയമഴ: ഭാഗം 38

pranayamazha thamara

രചന: താമര

കല്യാണം പ്രമാണിച്ചു ബന്ധുക്കളെല്ലാരും വിദേശത്തു നിന്നെത്തിയിരുന്നു.. . ഇക്ബാൽ രണ്ടുദിവസം കൂടി കഴിഞ്ഞിട്ടേ എത്തുള്ളു... ഇക്ബാലിന്റെ കമ്പനിയുടെ മാനേജർ ആണ് അജു.. ഡിഗ്രി കഴിഞ്ഞപ്പോഴേ ഇക്ബാലിന്റെ നിർബന്ധപ്രകാരം അവൻ അവിടേക്ക് പോയി... ഷാനുവിനെ കണ്ടതും എല്ലാവർക്കും സന്തോഷമായി.....എല്ലാവരും ഓടി അവളുടെ അടുത്ത് വന്നു.... അവരുടെ എല്ലാം ചോദ്യതിനു ഒരു പുഞ്ചിരിയിലൂടെ മറുപടി നൽകി അവൾ അവളുടെ മുറിയിലേക്ക് പോയി.... മുറിയിലെത്തിയിട്ടും അവളാകെ അസ്വസ്ഥയായിരുന്നു... "ഞാനിങ്ങനെ ഇരുന്നാൽ എല്ലാവർക്കും സംശയം തോന്നും... എന്റെ മുഖം വാടിയാൽ നോവുന്ന മനസ്സുള്ളവർ ഉണ്ടിവിടെ അവർക്കു വേണ്ടി.... എല്ലാവരുടെയും മുന്നിൽ അവരുടെ ഷാനുവായി അഭിനയിച്ചേ മതിയാവു.... " മനസ്സിലുറപ്പിച്ചു കൊണ്ട് ഷാനു ബാത്‌റൂമിൽ കയറി മുഖം കഴുകി. .. എന്നിട്ട് നേരെ ഖദീജയുടെ റൂം ലക്ഷ്യം വെച്ചു നടന്നു... ഖദീജ അവിടെ കട്ടിലിൽ ഇരിക്കുന്നത് കണ്ടപ്പോ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

അവരറിയാതെ പിന്നിലൂടെ പതുങ്ങി ചെന്ന് അവരുടെ കണ്ണുപൊത്തി.. "ആരാ ഇത്?. .. "അവർ ആഹ് കൈകളിൽ സ്പർശിച്ചുകൊണ്ട് ചോദിച്ചു.. കൈകൾ മുകളിലേക്ക് സ്പര്ശിച്ചപ്പോ അവരുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... "ന്റെ കുസൃതി കുട്ടി വന്നോ? "..... അവൾ മെല്ലെ കൈകൾ എടുത്ത് അവരുടെ കഴുത്തിലൂടെ കെട്ടിപിടിച്ചു.. "മോള് എപ്പോഴാ എത്തിയെ? "... "ദേ ഇപ്പോ വന്നേയുള്ളു.... എന്റെ ഖദീജക്കുട്ടിക്ക് സുഖാണോ?... " "ന്റെ കുട്ട്യേ കാണാണ്ട് എന്ത് സുഖാ എനിക്ക്... എത്ര നാള് കൂടിയാ കാണണെ ന്റെ മുത്തിനെ? "... അവർ തിരിഞ്ഞു അവളുടെ കവിളുകളിൽ തലോടിക്കൊണ്ട് പറയുമ്പോ അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... "അയ്യേ.... കണ്ണൊക്കെ നിറഞ്ഞല്ലോ? .. ഇതെന്താ ഈ ഖദീജക്കുട്ടി ഇങ്ങനെ?... ഇനി ഞാൻ ന്റെ ഖദീജക്കുട്ടിയെ വിട്ടിട്ട് എങ്ങും പോവില്ല... എന്നും ഈ ഷാനു ഖദീജക്കുട്ടിയുടെ അടുത്ത് തന്നെ കാണും... പോരേ".... "ഇനി പോണോന്ന് പറഞ്ഞാലും ഈ കുറുമ്പിയെ ഞാൻ വിടില്ല്യ ".... ഷാനു ചിരിച്ചുകൊണ്ട് അവരെ കേട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു.... "അല്ലാ എന്റെ മദർ എന്ത്യേ? "... വന്നിട്ട് കണ്ടില്ലല്ലോ? "... "എല്ലാരും ഉള്ളതല്ലേ അവരോടൊപ്പം അടുക്കളയിൽ കാണും..." ഖദീജ പറഞ്ഞു... "എന്നാ ഞാൻ പോയി ഒന്ന് കണ്ടിട്ട് വരാം.." എന്ന് പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് പോയി..

അവൾ പോകുന്നത് കണ്ടപ്പോ അവർ നെഞ്ചിൽ കൈ വെച്ച് "എന്റെ റബ്ബേ ന്റെ കുട്ടിക്കൊന്നും വരുത്തല്ലേ? "... ഒരു നെടുവീർപ്പോടെ പറഞ്ഞു... ഷാനു അടുക്കളയിലേക്ക് പോയപ്പോ അവിടെ സുഹറയും, മുംതാസും, ലൈലയും, റജിലയും, ജമീലയും അടുക്കളയിൽ ഓരോരോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു...അതിനൊപ്പം അവർ അവരുടെ വിശേഷങ്ങളും പറയുന്നുണ്ട്.... ഷാനുവിനെ കണ്ടതും എല്ലാരുടെയും മുഖത്തു പുഞ്ചിരി വിരിഞ്ഞു... "ആഹ് ഷാനു മോളെപ്പോഴാ എത്തിയെ? ... എത്രനാളായി കണ്ടിട്ട്? "... എന്നുപറഞ്ഞുകൊണ്ട് ജമീല എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു... "ഇത്തിരി നേരായി? "....ഷാനു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.... "നീ ഉമ്മയെ കണ്ടായിരുന്നോ? "....സുഹറ ചോദിച്ചു... "ആഹ് ഞാൻ കണ്ടിട്ടാ വരണേ..." എന്ന് പറഞ്ഞുകൊണ്ട് അവിടേക്ക് വന്നു ഒരു കാരറ്റ് കയ്യിലെടുത്തു കടിച്ചു.... "ഞാനീവിടെന്ന് പോവുമ്പോ കുട്ടിയായിരുന്നു ഇവൾ.... ഇപ്പോ വളർന്നു വല്യ കുട്ടിയായി..." ലൈല അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു... "ഞാനിപ്പോഴും കുട്ടി തന്നെയാ..." ചെല്ലത്തോടെ ഷാനു പറഞ്ഞു...

"ആഹ് കുട്ടിയുടെ കല്യാണമൊക്കെ ഉടനെ നടത്തണമെന്ന് ഉപ്പ പറയുന്ന കേട്ടു"... റജില കള്ളച്ചിരിയോടെ പറഞ്ഞു.... അതുപറഞ്ഞപ്പോ ഷാനുവിന്റെ മുഖം വാടിയെങ്കിലും അത് മറച്ചുവെച്ചു ഒരു പുഞ്ചിരി നൽകികൊണ്ട് ഷാനു അവിടുന്ന് പോയി... "കല്യാണക്കാര്യം പറഞ്ഞപ്പോ ആളു മുങ്ങി "... ജമീല പറഞ്ഞു ചിരിച്ചു.. കൂടെ എല്ലാരും ചിരിച്ചു... പിന്നെ ഷാനു നേരെ പോയത് അവളുടെ ഇത്താത്തമാരുടെ അടുത്തേക്കാണ് സുറുമിയും, സിനിയും, സജ്നയുടെ മുറിയിൽ ഇരുന്ന് കത്തിവെക്കുന്നുണ്ടായിരുന്നു.... ഷാനു അവരുടെ അടുത്തേക്ക് ചെന്ന്... സജ്നയെ കെട്ടിപിടിച്ചു... "അവസാനം നിന്റെ ഊഴമെത്തി അല്ലെ?.. " ഒരു കള്ളച്ചിരിയോടെ ഷാനു ചോദിച്ചു... "ഒന്നുപോടി...".സജ്‌ന നാണം കലർന്ന ചിരിയോടെ പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി... അവിടെ ഇരുന്ന് ഇത്തിരിനേരം കത്തിവെച്ച ശേഷം അവൾ താഴെക്ക് പോയി... അവിടെ ബഷീർ ടീവിയിൽ ന്യൂസ്‌ കാണുന്നത് കണ്ട് അവൾ അങ്ങോട്ടേയ്ക്ക് ചെന്ന്... ബഷീറിന്റെ അടുത്തിരുന്നു... പെട്ടന്ന് ന്യൂസിൽ എഴുതികാണിക്കുന്നത് കണ്ട് ഷാനു ഞെട്ടി...

. "കൊക്കയിൽ ജീപ്പ് മറിഞ്ഞു രണ്ട് മരണം..... അമേരിക്കൻ മലയാളികളായ അഖിൽ, അമൽ എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്.." ഷാനുവിന്റെ മനസ്സിൽ ഒരാശ്വാസം വന്നപോലെ തോന്നി.. ആഹ് ന്യൂസ്‌ കണ്ട് അതുവഴി വന്ന അജുവിന്റെ മുഖത്തും പുഞ്ചിരി വിരിഞ്ഞു... "എന്റെ കുട്ടിയെ ദ്രോഹിച്ചതിനു...പടച്ചോൻ കൊടുത്ത ശിക്ഷയാണ് ആ ചെകുത്താന്മാർക്." ബഷീർ ഷാനുവിന്റെ തലതടവികൊണ്ട് പറഞ്ഞു... അവൾ മെല്ലെ അദ്ദേഹത്തിന്റെ തോളിലേക്ക് ചാരി കിടന്നു... ******* ദിവസങ്ങൾ പെട്ടന്ന് കഴിഞ്ഞുപോയി അതിനിടയിൽ തന്നിൽ നിന്നുള്ള ഷാനുവിന്റെ ഒഴിഞ്ഞുമാറ്റം അജു ശ്രദ്ധിച്ചിരുന്നു... വിവാഹ ദിവസം വന്നെത്തി.... കസിൻസ് എല്ലാരും ഒരേ കളർ ഡ്രസ്സ്‌ ആണ് ഇട്ടത്...

ഷാനുവും സുറുമിയും സിനിയും പിസ്ത കളറിൽ ബ്ലാക്ക് കളർ വെൽവെറ്റിന്റെ ബോർഡർ ഉള്ള സാരിയും, ബ്ലാക്ക് വെൽവെറ്റ് ബ്ലൗസും ആണ് ധരിച്ചത് ബ്ലാക്ക് കളർ ഷാൾ കൊണ്ട് ഹിജാബ് കെട്ടിയിട്ടുണ്ടായിരുന്നു.... ബോയ്സ് വൈറ്റ് കളർ ഷർട്ടും പിസ്ത കളർ കോട്ടും....ബ്ലാക്ക് പാന്റും ആണ് ധരിച്ചത്..... സജ്‌ന ഓറഞ്ച് കളർ ഹെവി വർക്ക്‌ സാരീ ആണ് ഉടുത്തത്.... ഒന്നും ചോദിച്ചിട്ടില്ലെങ്കിലും കൊടുക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓർത്തു 150 പവൻ സ്വർണം ആണ് കൊടുത്തത്..... പലമോഡലിലും ഡിസൈൻസിലുമുള്ള ആഭരണങ്ങൾ സജ്നയുടെ ഭംഗി കൂട്ടി.... ഓഡിറ്റോറിയത്തിൽ ആരെയോ കാത്തുനിൽക്കുന്ന പോലെ ഷാനു വാതിൽക്കൽ തന്നെ നിന്നു... ലീനയും ദേവനും കാറിൽ വന്നിറങ്ങിയപ്പോ ഷാനുവിന്റെ മുഖം തെളിഞ്ഞു... അവൾ ഓടിച്ചെന്നു ലീനയെ കെട്ടിപിടിച്ചു... "മമ്മി...പപ്പാ...സുഖാണോ?"......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story