പ്രണയനിലാമഴ....💙: ഭാഗം 22

pranayanilamazha

രചന: അനാർക്കലി

"ഇത് കണ്ടോ... ഇത് അമ്മമ്മ തന്നതാ... തലമുറകളായി കൈമാറി വന്ന മാങ്ങാ മാലയാത്രെ.. അമ്മയുടെ കല്യാണത്തിന് അമ്മക്കായി എടുത്തുവെച്ചതാ.. പക്ഷെ പപ്പയും അമ്മയും ഒളിച്ചോടി പോയത്കൊണ്ട് അമ്മക്ക് കൊടുക്കാൻ പറ്റിയില്ല... അപ്പൊ എനിക്ക് കിട്ടി..എങ്ങനെയുണ്ട്..." ഋതു ശ്രദ്ധക്ക് അവളുടെ ആഭരണങ്ങൾ എല്ലാം കാണിച്ചുകൊടുക്കുകയാണ്... ചിലത് എടുത്തു വെച്ചു നോക്കുന്നുമുണ്ട്...എന്നാൽ ശ്രദ്ധ എന്തോ ചിന്തിച്ചിരിക്കയിരുന്നു... "നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ.." അവളെ കുലുക്കി വിളിച്ചുകൊണ്ടു ഋതു ചോദിച്ചു..ശ്രദ്ധ ഞെട്ടി അവളെ നോക്കി.. "എന്താ.. എന്താ നീ പറഞ്ഞെ..." "ചന്ദ്രനിൽ ഭൂമി കുലുക്കം.. ഇതിലും ഭേദം നീ വരാതിരിക്കായിരുന്നു..." അവൾ മുഖം തിരിച്ചു പിണങ്ങിയിരുന്നു... ശ്രദ്ധ ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിലൂടെ കയ്യിട്ടിരുന്നു... "സോറി ഋതു... ഞാൻ എന്തോ ആലോചിച്ചിരിക്കയിരുന്നു... അതൊക്കെ പോട്ടെ... ഇതൊക്കെ നിനക്കുള്ള ആഭരണങ്ങൾ ആണോ..."

അവൾ അതെല്ലാം എടുത്തു നോക്കി.. അതുകണ്ടു ഋതു ഓരോന്നു എടുത്തു ശ്രദ്ധക്ക് പറഞ്ഞുകൊടുക്കാൻ തുടങ്ങി.. അവളുടെ പിണക്കവും മാറിയിരുന്നു... ഒരു പുഞ്ചിരിയോടെ ശ്രദ്ധ അതെല്ലാം നോക്കി... _____________ "അഭിയേട്ടാ കച്ചറായക്കല്ലേ...." "ഞാൻ എന്ത് കച്ചറയാക്കി..." "ദേ... എന്റെ ദേഹത്തേക്ക് എങ്ങാനും ഇത് തെറിച്ചാൽ അപ്പൊ ഞാൻ കാണിച്ചേരാ..." "ഓഹോ... എന്നാ ഒന്ന് കാണണമല്ലോ..." അതും പറഞ്ഞു അവൻ അവിടെ വെച്ചിരുന്ന മഞ്ഞൾ വെള്ളം എടുത്തു അമ്മുവിന് നേരെ ഒഴിക്കാനായി ചെന്നു... അവൾ അവൻ വരുന്നത് കണ്ടതും ഓടി... അവൾക്ക് പിറകെ ഒരു ചെറിയ കുടവും പിടിച്ചു അവനും... "അഭിയേട്ട വേണ്ടാ... എനിക്ക് ദേഷ്യം വരുന്നുണ്ട്..." "നിനക്ക് ദേഷ്യം വന്നാൽ എനിക്കെന്താ...അവിടെ നിക്കടി..." അവൾ അവനു പിടി കൊടുക്കാതെ ഓടിക്കൊണ്ടിരുന്നു..അവൻ അവളുടെ പിറകെ തന്നെ ഓടി... അവസാനം അവൻ ഓടിച്ചെന്നു അവനു നേരെ വന്നിരുന്ന ഋഷിയെ ചെന്നിടിച്ചു..

ആ കുടത്തിലെ മഞ്ഞൾ വെള്ളമെല്ലാം അവന്റെ വൈറ്റ് ഷർട്ടിലേക്ക് വീണു... ഋഷി ദേഷ്യത്തിൽ അഭിയെ നോക്കി... അഭി വേഗം അവിടെ നിന്നും സ്ഥലം കാലിയാക്കാനുള്ള തന്ത്രപാടിലായിരുന്നു... ഇത് കണ്ടു അമ്മു ചിരിക്കാൻ തുടങ്ങി.. അവൾക്ക് അവളുടെ ചിരി നിറുത്താൻ കഴിഞ്ഞിരുന്നില്ല... "എന്തോ.... ഇതാ വരുന്നു ശോഭാമ്മേ..." "അവിടെ നിൽക്കുന്നതാകും അഭി നിനക്ക് നല്ലത്... അല്ലെങ്കിൽ എന്നെ അറിയാലോ നിനക്ക്..." അഭി നിഷ്കളങ്ക ഭാവത്തോടെ അവനെ നോക്കി.. എന്നാൽ ഋഷി അവനെ ദേഷ്യത്തിൽ തന്നെ നോക്കി... "ഞാൻ നിന്നെ ഒഴിക്കാൻ കൊണ്ടുവന്നതല്ല ഋഷി... ദേ അവളെ ഒഴിക്കാൻ വേണ്ടി കൊണ്ടുവന്നതാ... നീ ഇടയിൽ കേറിയതോണ്ടാ..." "അതൊന്നും എനിക്കറിയേണ്ട... എന്റെ ഷർട്ട്‌ നീ അലക്കി എങ്ങനെയാണോ ഉണ്ടായത് അതുപോലെ ആക്കിത്തരണം..." "ഞാനോ... ഋഷി ഞാനൊരു ആൺകുട്ടി ആണ്..." "അതിന്... ഞാൻ പറഞ്ഞത് കേട്ടാൽ നിനക്ക് നല്ലതുപോലെ നാളെ കല്യാണം കൂടാം..

ഇല്ലെങ്കിൽ നിന്റെ ഫേസ് കട്ട്‌ ഞാൻ മാറ്റിത്തരും.." അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി.. അഭി ദേഷ്യത്തോടെ അമ്മുവിനെ നോക്കി... "നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി..." "ഞാൻ എന്താ ചെയ്തേ... ഞാൻ അപ്പഴേ പറഞ്ഞതാ വേണ്ടാന്ന്... അഭിയേട്ടൻ അല്ലെ കേൾക്കാഞ്ഞത്... അനുഭവിച്ചോ..." അതും പറഞ്ഞു അവളും പോയി... അവൻ വിധി എന്ന് പറഞ്ഞു ഋഷിയുടെ അടുത്തേക്ക് പോയി... _____________ വൈകുന്നേരം ആയപ്പോഴേക്കും കല്യാണതിരക്കുകളായി..മഞ്ഞൾ കല്യാണത്തിനുള്ള തിരക്കുകൾക്കിടയിൽ ആയിരുന്നു ശ്രദ്ധയും അമ്മുവും... എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞപ്പോഴേക്കും കുറച്ചു വൈകിയിരുന്നു.. അവർ വേഗം പോയി ഋതുവിനെ ഒരുക്കി.. മഞ്ഞ കളറിൽ ഉള്ള ലഹങ്ക ആയിരുന്നു അവളുടെ വേഷം.. കഴുത്തിലും കാതിലും കയ്യിലും പൂകൊണ്ടുള്ള ആഭരണങ്ങൾ ആയിരുന്നു...ബാക്കി എല്ലാവരും മഞ്ഞ തന്നെയായിരുന്നു വേഷം... അമ്മുവും ശ്രദ്ധയും ദാവണി ആയിരുന്നു അണിഞ്ഞത്..

.ഋഷിയും അഭിയും മഞ്ഞ കുർത്തയും വെള്ള പൈജാമയും... "ഒരുങ്ങി കഴിഞ്ഞില്ലേ.. വന്നേ.. എല്ലാവരും വന്നു തുടങ്ങി.." "ഇതാ വരുന്നു ആന്റി.." ശോഭ വന്നു അവരെ വിളിച്ചതും ശ്രദ്ധയും അമ്മുവും കൂടെ ഋതുവിനെയും കൂട്ടി താഴേക്ക് ഫങ്ക്ഷന് നടക്കുന്ന ഇടത്തേക്ക് പോയി...മഞ്ഞ കളറിൽ ഉള്ള പൂക്കൾ കൊണ്ടും ലൈറ്റ് കൊണ്ടും അവിടെമാകെ അലങ്കരിച്ചിരുന്നു... അവിടെ അഭിയുമായി സംസാരിച്ചുകൊണ്ടിരുന്ന ഋഷിയുടെ കണ്ണുകൾ അങ്ങോട്ടേക്ക് ഋതുവിന്റെ കൂടെ വരുന്ന ശ്രദ്ധയിലേക്ക് നീണ്ടു.. ഒരു നിമിഷം അവൻ പരിസരം മറന്നു അവളെ തന്നെ നോക്കി നിന്നു... "ഋഷി..." അവനെ ദിനേശ് വിളിച്ചതും അവൻ അവളെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം അയാൾക്കടുത്തേക്ക് പോയി.. ഋതുവിനെ അവിടെ ഒരുക്കിവെച്ച ഇരിപ്പിടത്തിൽ ഇരുത്തി..

എല്ലാവരും വന്നു അവളെ മഞ്ഞൾ തേപ്പിച്ചു ഫോട്ടോസും എടുത്തു... അഭി വന്നു ഋതുവിന്റെ മുഖത്തു നിറച്ചും മഞ്ഞൾ വാരി തേച്ചു.. അവളും അവന്റെ മുഖത്തേക്ക് മഞ്ഞൾ തേച്ചു.ഇത് കണ്ടു ചിരിച്ച അമ്മുവിന്റെ മുഖതും അവൻ മഞ്ഞൾ തേച്ചു.. പിന്നീട് അങ്ങോട്ടേക്ക് അവിടെ ഒരു യുദ്ധകളമായി മാറിയിരുന്നു..ഇതൊന്നും മൈൻഡ് ചെയ്യാതെ ശ്രദ്ധ ഋതുവിനെ മഞ്ഞൾ തേപ്പിച്ചു അവർ ഫോട്ടോസും എടുത്തു... "അഭി...." ഋഷിയുടെ വിളി കേട്ടതും അഭിയും അമ്മുവും അവനെ നോക്കി... "നിങ്ങൾക്ക് ഇതുതന്നെ ആണോ പണി..." അതിന് അവർ രണ്ടുപേരും ഒന്ന് ഇളിച്ചുകൊടുത്തു.. രണ്ടുപേരും മഞ്ഞളിൽ കുളിച്ചിട്ടുണ്ടായിരുന്നു.. അവർ കഷ്ടം എന്ന രീതിയിൽ അവരെ നോക്കി... അതിന് ശേഷം അവൻ ഋതുവിന്റെ മുഖത്തു മഞ്ഞൾ തേച്ചു അവർ ഒരുമിച്ചു ഫോട്ടോയും എടുത്തു.... "അഭിയേട്ട.. അമ്മു വാ നമുക്ക് ഫോട്ടോ എടുക്കാം..." ശ്രദ്ധയുടെയും ഋഷിയുടെയും കയ്യിൽ പിടിച്ചു വെച്ചുകൊണ്ട് ഋതു അഭിയേയും അമ്മുവിനെയും വിളിച്ചു..

അവർ മുഖമെല്ലാം കഴുകി വന്നിട്ടുണ്ടായിരുന്നു...അമ്മു ചെന്ന് ഋതുവിന്റെ തൊട്ടടുത്തു നിന്നു... മറു സൈഡിൽ ശ്രദ്ധയും.. അഭി ശ്രദ്ധയ്ക്ക് അടുത്തും വന്നു നിന്നു.. ഋഷി അമ്മുവിന്റെ അടുത്തും... "അതേയ് ചേട്ടാ.. ചേട്ടനൊന്ന് അങ്ങോട്ടേക്ക് മാറി നിന്നെ..." അഭിയെ നോക്കി ക്യാമറ ചേട്ടൻ അങ്ങനെ പറഞ്ഞതും അവൻ എങ്ങോട്ടെന്ന് നോക്കി... "ഈ സൈഡിലേക്ക് നിൽക്ക്.. എന്നിട്ട് ആ ചേട്ടൻ മറ്റേ സൈഡിലേക്കും നിൽക്ക്.. എന്നാലേ ഒരു പെർഫെക്ഷൻ കിട്ടുകയുള്ളു..." അഭി ഋഷിയെ അവിടെ നിന്നും മാറ്റി അവൻ അമ്മുവിന്റെ അടുത്തു വന്നു നിന്നു... ഋഷി ശ്രദ്ധയെ ഒന്ന് നോക്കി... അവളുടെ ഹൃദയം നന്നായി മിടിക്കുന്നുണ്ടെന്ന് അവനു തോന്നി.. അവൻ അവൾക്കാരുകിലായി വന്നു നിന്നു...അവന്റെ സാമീപ്യം അരിഞ്ഞതും അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു... വിയർപ്പുകണങ്ങൾ അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചു... "നിന്റെ ഹൃദയം എന്തിനാ ഇങ്ങനെ മിടിക്കുന്നെ...."

അവളുടെ കാതിലായി അവൻ മെല്ലെ ചോദിച്ചു.. അവന്റെ നിശ്വാസം അവളുടെ ചെവിയിൽ തട്ടിയതും അവൾ പതിയെ തല വെട്ടിച്ചു... "ഓക്കേ... എല്ലാവരും ഇങ്ങോട്ടേക്കു നോക്കിയേ..." ക്യാമെറയിലോട്ട് നോക്കാൻ പറഞ്ഞെങ്കിലും ഋഷിയുടെ കണ്ണുകൾ ശ്രദ്ധയിൽ ആയിരുന്നു.. "പെർഫെക്ട് ഓക്കേ..." അത് കേട്ടതും ശ്രദ്ധ അവിടെ നിന്നും വേഗം ഇറങ്ങി പോയിരുന്നു.. അവളുടെ പോക്ക് കണ്ടതും ഋഷി ഒന്ന് പുഞ്ചിരിച്ചു... ഫങ്ക്ഷന് കഴിഞ്ഞതും എല്ലാവരും ക്ഷീണിച്ചിരുന്നു...അമ്മു പെട്ടെന്ന് തന്നെ വന്നു ഉറങ്ങി... ശ്രദ്ധ റൂമിലേക്ക് വന്നതും എന്തോ ചിന്തിച്ചിരിക്കുന്ന ഋതുവിനെയാണ് കണ്ടത്... "എന്താ ഋതു...നീ കിടക്കുന്നില്ലേ..." ശ്രദ്ധയുടെ ശബ്ദം കേട്ടതും ഋതു അവളെ നോക്കി... "ചാരു..." "എന്താടാ..." "നാളെ എന്റെ കല്യാണം ആണ്..." "ആണല്ലോ.. അതിനല്ലേ നീ ഇത്രയും കാലം കാത്തിരുന്നത്.. നീ സ്നേഹിക്കുന്ന ആളെ നിനക്ക് കിട്ടാൻ പോവല്ലേ..." "പക്ഷെ എനിക്കെന്തോ പേടി..." "എന്തിന്..."

"അറിയില്ല... നാളെ ഞാൻ വേറൊരു വീട്ടിലേക്ക് ചെന്നു കയറാൻ പോക.. ശിവേട്ടനെയും ഗീതാമ്മയെയും എനിക്ക് അറിയാമെങ്കിലും അമ്മയെയും പപ്പയെയും ഏട്ടനെയും വിട്ടു ഇതുവരെ ഞാൻ അങ്ങനെ മാറി നിന്നിട്ടില്ല... അത്കൊണ്ട്..." "ഇതൊക്കെ എല്ലാവർക്കും തോന്നുന്നത് തന്നെയാ ഋതു... നമ്മൾ ഇതുവരെ ജീവിച്ചിടത്തു നിന്നു വേറൊരു വീട്ടിലേക്ക്... വേറൊരാളുടെ ഭാര്യയായി... അവിടുത്തെ മരുമകളായി...നീ നിനക്ക് അറിയുന്ന ആളെയാ വിവാഹം കഴിക്കുന്നത്... അറിയുന്ന വീട്ടിലേക്ക കയറി ചെല്ലുന്നത്.. പക്ഷെ ഇതൊന്നും അറിയാതെ ഒരു പത്തു മിനിറ്റ് മാത്രം പരിചയമുള്ള ഒരാളെ വിവാഹം കഴിച്ചു പോകുന്ന പെൺകുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ... അപ്പൊ പിന്നെ നീ എന്തിനാ ടെൻഷൻ ആകുന്നെ... നിനക്ക് എപ്പോ വേണമെങ്കിലും നിന്റെ വീട്ടിലേക്ക് വന്നുകൂടെ..." ശ്രദ്ധ പറഞ്ഞത് കേട്ടതും അത് ശരിയാണെന്നു അവൾക്ക് തോന്നി.. അവൾ ശ്രദ്ധയെ കെട്ടിപിടിച്ചു...

രണ്ടുപേരും പരസ്പരം പുഞ്ചിരിച്ചു കൊണ്ടു കിടന്നു... _____________ "ഇതുവരെ കഴിഞ്ഞില്ലേ പിള്ളേരെ...മുഹൂർത്തത്തിൻ ഇനി അധികം സമയം ഇല്ലാട്ടോ.. വേഗം ആയിക്കോട്ടെ..." ശാരദ വന്നു പറഞ്ഞതും ഋതുവിന് ടെൻഷൻ ആകാൻ തുടങ്ങി.. അവൾ അടുത്തുനിൽക്കുന്ന ശ്രദ്ധയുടെ കയ്യിൽ പിടിച്ചു.. ശ്രദ്ധ അവളെ എന്താണെന്നുള്ള രീതിയിൽ നോക്കി... "എനിക്ക് പേടിയാകുന്നു ചാരു..." "എന്തിന്..." "അതെനിക്കറിയില്ല..." അത് കേട്ടതും അമ്മു അവളെ നോക്കി ചിരിക്കാൻ തുടങ്ങി.. "നീ ചിരിക്കടി... നിനക്ക് ഇത് ഇപ്പൊ പറഞ്ഞാൽ മനസിലാകില്ല..." "അത് അപ്പഴല്ലേ.. നമുക്ക് നോക്കാം..." അതും പറഞ്ഞു അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി.. ശ്രദ്ധ അവളെ കണ്ണുകൊണ്ട് ചിരിക്കരുത് എന്ന് പറഞ്ഞു... "ചാരു..." "എന്റെ ഋതു.. നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ... ഒന്നുല്ല..." "ചേച്ചീടെ ടെൻഷൻ കണ്ട തോന്നും ചേച്ചീനെ കൊല്ലാൻ കൊണ്ടുപോകാണെന്ന്..." "ഇവളെ ഞാൻ..." ഋതു പല്ല് കടിച്ചു അമ്മുവിനെ നോക്കിയതും അമ്മു അവളെ നോക്കി കൊഞ്ഞനം കുത്തി പുറത്തേക്ക് പോയി..

ഋതു ശ്രദ്ധയെ നോക്കിയതും അവൾ കണ്ണുകൾ കൊണ്ടു ഒന്നുമില്ലെന്ന് പറഞ്ഞു... ചുവന്ന കാഞ്ചിപുരം പട്ടുസാരി ആയിരുന്നു അവളുടെ വേഷം അതിനൊത്ത ആഭരണങ്ങളും അണിഞ്ഞു അവൾ പതിവിലും സുന്ദരി ആയി.. അവളുടെ സാരിയുടെ അതെ കളറിലുള്ള ശരി തന്നെയായിരുന്നു ശ്രദ്ധയും അമ്മുവും ധരിച്ചിരുന്നത്... ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു താലികെട്ട്.. അതിനായി അവരെല്ലാം അങ്ങോട്ടേക്ക് പോയി.. "വരനും കൂട്ടരും വന്നൂട്ടോ..." അവിടെയുള്ള ഒരാൾ വന്നു പറഞ്ഞതും ഋഷിയും അഭിയും അവരെ സ്വീകരിക്കാനായി അങ്ങോട്ടേക്ക് പോയി.. ദിനേഷിന് ശിവയോട് ഇപ്പഴും ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു... എന്നാൽ അത് അയാൾ മുഖത്തു കാണിച്ചില്ല... ശിവയെ ഋഷിയും അഭിയും കൂടെ സ്വീകരിച്ചു...കൂടെ വന്നവരെയും... ശിവയുടെ കാലുകൾ കഴുകി അവനെ മണ്ഡപത്തിലേക്ക് ഋഷി സ്വീകരിച്ചിരുത്തി... "വധുവിനെ വിളിച്ചോളൂ..." ശോഭ ഋതുവിനെ വിളിക്കാനായി ഡ്രസിങ് റൂമിലേക്ക് പോയി...

താലപൊലിയോടു കൂടി അവൾ ഹാളിലേക്ക് വന്നു..അവളെ കണ്ടതും ശിവ ഒന്ന് പുഞ്ചിരിച്ചു അവളും അവനെ നോക്കി പുഞ്ചിരിച്ചു... അവൾ മണ്ഡപത്തിലേക്ക് കയറി എല്ലാവരെയും നോക്കി കൈകൾ കൂപ്പി വണഞ്ഞു ഇരിപ്പിടത്തിൽ ഇരുന്നു.. "ഇനി താലികെട്ടാം..." തിരുമേനി പറഞ്ഞതും ശിവയുടെ അമ്മാവൻ അവനു താലി എടുത്തുകൊടുത്തു.. അവൻ അത് ഋതുവിന്റെ കഴുത്തിൽ ചാർത്തി.. അവൾ കണ്ണുകളടച്ചു കൈകൾ കൂപ്പി.. അവൻ ഒരു നുള്ള് കുംകുമം എടുത്തു അവളുടെ സീമന്തരേഖയിൽ ചാർത്തി.. അവൾ കണ്ണുകൾ തുറന്നു അവനെ നോക്കി.. അവളെ നോക്കി കണ്ണിറുക്കി കാണിച്ചു അവൻ... കൂടെ കൂടി നിന്നവർ കുരവയിട്ടു...അവർ പരസ്പരം ഹാരങ്ങൾ അണിയിച്ചു.. അവൾക്ക് പുടുവ കൈമാറി.. ദിനേശ് വന്നു ശിവയുടെ കയ്യിൽ ഋതുവിന്റെ കൈകൾ ചേർത്തുവെച്ചു..അവർ രണ്ടുപേരും അയാളെ നോക്കി.. അവളെ നോക്കി അയാളൊന്ന് പുഞ്ചിരിച്ചു... രണ്ടുപേരും വലം വെച്ചു....

ശ്രദ്ധയുടെ കണ്ണുകൾ അവരിൽ നിന്നും ഋഷിയിലേക്ക് നീണ്ടു.. അവൻ തന്നെ നോക്കി നിൽക്കായിരുന്നു എന്ന് അവൾക്ക് മനസിലായി.. അവൻ പുഞ്ചിരിച്ചതും അവളും അവനെ നോക്കി പുഞ്ചിരിച്ചു.. "ഇനി മുതിർന്നവരുടെ കാലുകളിൽ തൊട്ടു വണങ്ങിക്കോളൂ..." ഋതുവും ശിവയും ശേഖരന്റെയും ശാരദയുടെയും അനുഗ്രഹം വാങ്ങി.. അതിനു ശേഷം ഗീതയുടെയും പിന്നീട് ശോഭയുടെയും ദിനേഷിന്റെയും...അവർ അവരെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു... സദ്യ ഒക്കെ കഴിച്ചതിന് ശേഷം അവിടെ ഫോട്ടോ സെക്ഷൻ ആയിരുന്നു.. എല്ലാവരും ഒരുമിച്ചൊരു ഫോട്ടോ എടുത്തു അവസാനിപ്പിച്ചു.... ഋതുവിന്റെ ശരിയെല്ലാം മാറ്റി വേറെ സാരി അണിയിപ്പിച്ചു... ശിവയോടൊപ്പം പോകാനുള്ള സമയം ആയതും ഋതുവിന് സങ്കടം വരുന്നുണ്ടായിരുന്നു... "അമ്മാ...." അവൾ ശോഭയെ കെട്ടിപിടിച്ചു കരഞ്ഞു... അവരും കരയുന്നുണ്ടായിരുന്നു... "ശോഭേ.. എന്തായിത്..." ശാരദ വന്നു രണ്ടുപേരെയും മാറ്റി നിറുത്തി..

അവൾ ദിനേഷിനെയും കെട്ടിപിടിച്ചു കരഞ്ഞു.. അയാൾ അവളുടെ തലയിൽ തലോടി.. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "എന്നും സന്തോഷവതി ആയിരിക്കട്ടെ എന്റെ മോൾ..." അവളെ അയാളിൽ നിന്നും അടർത്തികൊണ്ട് പറഞ്ഞു... അവൾ അഭിയേയും ശ്രദ്ധയെയും അമ്മുവിനെയും കെട്ടിപിടിച്ചു പോകാണെന്ന് പറഞ്ഞു... "ഏട്ടൻ... ഏട്ടനെവിടെ..." അപ്പോഴായിരുന്നു എല്ലാവരും ഋഷിയെ നോക്കുന്നത്... അഭി നോക്കുമ്പോൾ അവൻ എല്ലാവർക്കും പിറകിലായി നിൽക്കുന്നത് കണ്ടു... ഋഷി അവൾക്കടുത്തേക്ക് വന്നു... "ഏട്ടാ..." ഋതു അവളെ കെട്ടിപിടിച്ചു കരഞ്ഞു.. ഋഷിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.. തന്റെ കുഞ്ഞിപ്പെങ്ങൾ ഇന്ന് ഒരാളുടെ ഭാര്യായിരിക്കുന്നു എന്ന് അവൻ വിശ്വസിക്കാൻ ബുന്ധിമുട്ട് ഉണ്ടായിരുന്നു... "എന്താ ഋതു ഇത്.. നീ കരഞ്ഞു അലമ്പാക്കുമോ..." അവൻ അവളുടെ മൂക്കിൽ തട്ടിക്കൊണ്ടു ചോദിച്ചു.. അവൾ കണ്ണുകൾ തുടച്ചു മെല്ലെ ചിരിച്ചു കൊണ്ടു ഇല്ലെന്ന് തലയാട്ടി... ഋഷി ശിവയെ നോക്കി... "എന്റെ ഒരേ ഒരു പെങ്ങളാണ്.. ഇവൾ എനിക്ക് എങ്ങനെയാണെന്ന് നിനക്കറിയാലോ ശിവ...അറിയാതെ പോലും എന്റെ പെങ്ങളെ വേദനിപ്പിക്കരുത്..."

"നീ എങ്ങനെയാ ഇവളെ വളർത്തിയത് എന്ന് എനിക്കറിഞ്ഞൂടെടാ... കരയിപ്പിക്കില്ല എന്ന് എനിക്ക് പറയാൻ കഴിയില്ല.. പക്ഷെ പൊന്നു പോലെ ഞാൻ നോക്കിക്കോളാം..." ഋഷി അവനെ കെട്ടിപിടിച്ചു.. ശിവയുടെയും ഋഷിയുടെയും അവിടെ കൂടി നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... ഋതുവിനെ കാറിൽ കയറ്റിയിരുത്തി ഋഷി ഡോർ അടച്ചു... അവരുടെ കാർ നീങ്ങുന്നത് അറിഞ്ഞപ്പോൾ അവന്റെ ഹൃദയവും നീറുന്നുണ്ടായിരുന്നു.... എല്ലാവരും തിരിഞ്ഞു നടന്നപ്പോഴും ഋഷി അവിടെ തന്നെ നിൽക്കായിരുന്നു.. അവനെ നോക്കികൊണ്ട് ശ്രദ്ധയും... അവനിലെ ഏട്ടനെ അവൾ നോക്കി കാണുകയായിരുന്നു.. ഋതു അവൻ എത്രമാത്രം പ്രിയപ്പെട്ടത് ആണെന്ന് അവൾക്ക് മനസിലായിരുന്നു... അവനോടുള്ള അവളുടെ ഇഷ്ടം കൂടി... _____________ "ചാരുചേച്ചി.. ചേച്ചീനെ ഋഷിയേട്ടൻ അന്വേഷിച്ചിരുന്നു... ചേട്ടൻ പുറത്തുണ്ട്... അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു..." "എന്നെയോ..." "ആഹ്... വേഗം ചെല്ലാൻ പറഞ്ഞിരുന്നു...." കല്യാണം ഒക്കെ കഴിഞ്ഞു വീട്ടിലെത്തി ഒന്ന് ഫ്രഷായി ഇരിക്കയിരുന്നു ശ്രദ്ധ... അപ്പോഴായിരുന്നു അമ്മു അങ്ങോട്ടേക്ക് വന്നു പറഞ്ഞത്...

അവൾ താഴെക്കിറങ്ങി.. അവിടെ ഒന്നും അവനെ കണ്ടില്ല .... നേരം ഇരുട്ടി തുടങ്ങിയിരുന്നു... അവൾ മുറ്റത്തേക്കിറങ്ങി നോക്കി... "ആഹ് ചാരു.. നിന്നോട് ഋഷി കാവിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു..." "എന്തിന്..." "അതറിയില്ല... നീ പോയി നോക്ക്..." അഭി അതും പറഞ്ഞു അകത്തേക്ക് പോയി... അവൾ ഒന്ന് ശംകിച്ചു നിന്നു... പിന്നെ പോകാനായി തീരുമാനിച്ചു അവൾ അങ്ങോട്ടേക്ക് നടന്നു...കുറച്ചു നടന്നതും അവൾ നടക്കുന്നതിനനുസരിച്ചു അവിടെ പ്രകാശം തെളിയാൽ തുടങ്ങിയതും അവൾ ഞെട്ടലോടെ നിന്നു... തനിക്ക് ചുറ്റും പല നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ടു പ്രകാഷമായിരിക്കുന്നു... അവൾ വീണ്ടും മുന്നോട്ട് കാൽ വെച്ചതും അവൾക്ക് മുന്നിൽ വലിയൊരു ബോർഡും അതിൽ 𝒘𝒊𝒍𝒍 𝒚𝒐𝒖 𝒎𝒂𝒓𝒓𝒚 𝒎𝒆 😍 എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടതും അവൾ ഞെട്ടി... ചുറ്റും നോക്കി അവിടെ ഒന്നും ആരെയും കണ്ടില്ല.. അവൾ പിറകോട്ടു തിരിഞ്ഞതും ആരെയോ ചെന്നിടിച്ചു.. അവൾ കണ്ണുകളുയർത്തി നോക്കിയതും തനിക്ക് മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഋഷിയെ കണ്ടതും അവൾ ഒന്ന് പിറകോട്ടു നിന്നു.... "എന്താ ഇതൊക്കെ..." "കണ്ടിട്ട് മനസിലായില്ലേ..."

"എന്നെ കളിപ്പിക്കാൻ വേണ്ടി എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്...അതും ഈ നേരത്ത്... ഞാൻ പോവാ..." അതും പറഞ്ഞു അവൾ പോകാൻ നിന്നതും അവളുടെ കൈകളിൽ പിടിച്ചു അവൻ അവിടെ നിറുത്തി... അവൾക്കു മുന്നിൽ മുട്ടുകുത്തി നിന്നു അവൾക്കു നേരെ അവളുടെ റിങ് നീട്ടി പിടിച്ചു... "അറിയാം.. നിനക്ക് എന്നെ വിശ്വാസമില്ലെന്ന്... അങ്ങനെയാണല്ലോ ഞാൻ നിന്നോട് പെരുമാറിയിരുന്നത്... പക്ഷെ അറിയില്ല ശ്രദ്ധ എപ്പോഴാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്ന്... എന്നു മുതലാണെന്ന്.... ആദ്യം ഒക്കെ ദേഷ്യമായിരുന്നു നിന്നെ കാണുന്നത് തന്നെ... പക്ഷെ നീയും ഋതുവും തമ്മിലുള്ള ബോണ്ട്‌ കാണുമ്പോൾ... എല്ലാവരോടുമുള്ള നിന്റെ ഈ സ്നേഹവും ബഹുമാനവും കെയർ ഒക്കെ കാണുമ്പോൾ ഞാനും ആഗ്രഹിച്ചു പോകുന്നു നിന്നിൽ നിന്നും അതെല്ലാം ലഭിക്കാനായി... എന്റെ സ്വന്തമാക്കാൻ... എന്റേത് മാത്രമായി....ഞാൻ അധിയായി ആഗ്രഹിക്കുന്നു.... I love you ചാരു. 😍😍 ഋഷി യാദവിന്റെ ജീവിത സഖിയായി ശ്രദ്ധ വർമ്മയ്ക്ക് എന്റെ ജീവിതത്തിലേക്ക് വന്നുകൂടെ... 𝒘𝒊𝒍𝒍 𝒚𝒐𝒖 𝒎𝒂𝒓𝒓𝒚 𝒎𝒆 ചാരു 😍*" അവളുടെ കണ്ണുകളിൽ നോക്കി അവൻ ചോദിച്ചു... _____________

"മാം... മീറ്റിങ്ങിനുള്ള സമയമായി..." ദിയയുടെ ശബ്ദമാണ് ശ്രദ്ധയെ പഴയ ഓർമകളിൽ നിന്നും കൊണ്ടുവന്നത്.. അവൾ കണ്ണുകൾ തുറന്നു ദിയയെ നോക്കി... "ഓക്കേ... നമുക്ക് ഇറങ്ങാം..." അവൾ അതും പറഞ്ഞു ഒന്ന് വാഷ് റൂമിൽ കയറി മുഖം ഒന്ന് കഴുകി മിററിൽ ഒന്ന് നോക്കി.. അവൾ മുഖമെല്ലാം തുടച്ചു പുറത്തേക്കിറങ്ങി.. തന്നെ കാത്തുനിൽക്കുന്ന ദിയ അവളെ കണ്ടതും ഫയൽസ് എടുത്തു അവൾക്ക് പിറകെ നടന്നു... എൻ‌ട്രൻസിൽ എത്തിയതും അവർക്ക് മുന്നിലേക്ക് ഒരു കാർ വന്നു നിന്നു.. അതിൽ അവൾ കയറിയതും ദിയ ഡോർ അടച്ചു കോഡ്രൈവർ സീറ്റിൽ കയറി..... രാജ് ഗ്രൂപ്പിസിന്റെ ഓഫീസിനു മുന്നിൽ എത്തിയതും അവൾ കാറിൽ നിന്നിറങ്ങി അവൾക്ക് പിറകെ ദിയയും.. അവളെ അവർ സ്വീകരിച്ചു കോൺഫറൻസ് ഹാളിലേക്ക് കൊണ്ടുപോയി... അവിടെ അവളെ കാത്തെന്ന പോലെ രാജ് ഗ്രൂപ്സിന്റെ ചെയർമാൻ വിജയ് ദേവരാജ് കാത്തിരിക്കുന്നുണ്ടായിരുന്നു.. "ഹലോ ശ്രദ്ധ..." "ഹായ് വിജയ്... ഞാൻ ലേറ്റ് ആയോ..."

"ഏയ്.. ഇല്ലാ.. ആക്ച്വലി ഒരാൾ കൂടെ വരാനുണ്ട്...താനിരിക്ക്" "ആരാ..." അവൾക്ക് അനുവദിച്ച ചെയറിൽ ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.. "He is on the way...." അവൻ പറഞ്ഞു നിറുത്തിയതും അവിടേക്ക് കടന്നുവരുന്ന ആളെ കണ്ടതും ശ്രദ്ധ ഒന്ന് ഞെട്ടിയെങ്കിലും അവളുടെ മുഖത്തു ഒരു പുച്ഛം വിരിഞ്ഞു... "Hi വിജയ്..." "ഹലോ ഋഷി...." അവർ പരസ്പരം ഷേക്ക്‌ഹാൻഡ് കൊടുത്തു കെട്ടിപിടിച്ചു... ശ്രദ്ധ അവരെ നോക്കി പുച്ഛിച്ചു... "നിങ്ങൾക്ക് പിന്നെ പരസ്പരം അറിയുന്നത് കൊണ്ടു പരിചയപെടുത്തേണ്ടല്ലോ..." "സോറി വിജയ്...എനിക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്..." "ശ്രദ്ധ വർമ്മക്ക് എന്നെ പേടിയാണോ..." അവൾ പോകാനായി നിന്നതും ഋഷിയുടെ സംസാരം കേട്ട് അവൾ അവനെ ഒന്ന് തുറിച്ചു നോക്കി... "ശ്രദ്ധ വർമ ആരെയും പേടിക്കറില്ല.. പ്രത്യേകിച്ച് തന്നെ പോലൊരുത്തനെ..."

"ശ്രദ്ധ... പ്ലീസ്... ഒരു 5 മിനുട്ട്..." വിജയ് അവളോട് അപേക്ഷിച്ചതും അവൾ ഋഷിയെ ഒന്ന് തുറിച്ചുനോക്കി അവിടെ ചെന്നിരുന്നു... ഏറെ നേരത്തെ വിജയുടെ പ്രസന്റേഷൻ കഴിഞ്ഞതും അവൻ ശ്രദ്ധയെ നോക്കി... "വിജയ്.. തന്റെ പ്ലാൻസ് എനിക്ക് ഇഷ്ടപ്പെട്ടു... പ്രെസെന്റാഷനും കൊള്ളാം... പക്ഷെ ഈ ഒരു ഡീലിൽ എനിക്ക് സൈൻ ചെയ്യാൻ കഴിയില്ല...കാരണം ഏതു നിമിഷവും തകർന്നടിഞ്ഞു വീഴാനായി നിൽക്കുന്ന യാദവ് ഗ്രൂപ്പിസുമായി ഒരു ഡീലിൽ സൈൻ ചെയ്യുന്നതിൽ എനിക്ക് താൽപ്പര്യം ഇല്ലാ.. അത് എന്റെ കമ്പനിയെ സാരമായി ബാധിക്കും...." ഋഷിയുടെ മുഖത്തു നോക്കിയായിരുന്നു അവളത് പറഞ്ഞത്... അത്രയും പറഞ്ഞു അവൾ എണീറ്റു പോകാൻ നിന്നു... "അല്ലാതെ സ്വന്തം ഭർത്താവിന്റെ കൂടെ വീണ്ടും ഒരു ഡീലിൽ സൈൻ ചെയ്യുന്നതിനോടു നിന്റെ ഈഗോ സമ്മതിക്കാത്തതുകൊണ്ടല്ല...."...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story