💞പ്രണയിനി 💞: ഭാഗം 4

pranayini shree

രചന: SHREELEKSHMY SAKSHA

പ്രതീക്ഷ തെറ്റിയില്ല ദാ ഇരിക്കുന്നു ലെറ്റർ. അത് തുറന്ന് വായിക്കുന്നതിനു മുൻപ് തന്നെ അത് ആരെന്ന് അറിയാനുള്ള ആകാംഷയിൽ അവൻ ഫോൺ എടുത്തു നോക്കി... വണ്ടിക്ക് അടുത്ത് ആരും ഇല്ലാ.. ഒരു കൈ മാത്രം വന്നു വണ്ടിയുടെ ബാഗിന്റെ മുകളിൽ കത്ത് വെക്കുന്നു. മീറ്ററിൽ ക്യാമറ വെച്ചത് കൊണ്ട് വണ്ടിയുടെ മുൻവശം കാണാൻ പറ്റില്ല. ഹെഡ് ലൈറ്റിന്റെ അവിടെ നിന്നാവണം അവൾ കത്ത് വെച്ചത്. വെളുത്ത നീളൻ വിരലുകൾ നഖം അൽപ്പം നീട്ടി വളർത്തി അതിൽ മെറൂൺ കളർ നൈൽപോളിഷ് അടിച്ചിരിക്കുന്നു. ഒരു കുഞ്ഞി കല്ല് മോതിരം ഉണ്ട് മോതിരവിരലിൽ. കൈയിൽ കനം കുറഞ്ഞ ഒരു വെള്ളി ചെയ്യിനിൽ ലവ് ഷേപ്പ് ലോക്കറ്റ്. അവനു ശരിക്കും ദേഷ്യം വന്നു. അവൻ കത്തെടുത്ത് വായിച്ചു. 'മാഷേ... എന്റെ മാഷേ... ഈ ക്യാമറ പരിപാടിയൊക്കെ ജാംബവാന്റെ കാലം മുതൽ ഉള്ള ചീപ് ട്രിക്ക് അല്ലേ...അതും കൊണ്ടാണോ ഈ പ്രണയിനിയെ പിടിക്കാൻ വന്നത്.. മോശം..മോശം... ഇത് മാഷിന്റെ ബുദ്ധി ആണോ അതോ ആ എബി മാഷിന്റെ ആണോ... എന്തായാലും ബോർ ആയിട്ടുണ്ട് കേട്ടോ... എന്നെ കാണാൻ അത്രക്ക് ആഗ്രഹം ഉണ്ടോ....താമസിയാതെ ഞാൻ വരാം നിന്നരികിലേക്ക്... ".............

കാത്തിരിക്കുന്നു നിന്റെ മാത്രം കുറുമ്പിയായ് നിന്നോട് മാത്രം കൂട്ട് കൂടുവാൻ............" സ്നേഹത്തോടെ പ്രണയിനി....' ഇവളെന്താ പ്രേതം വല്ലതും ആണോ.. എന്റെ പുറകെ ഉണ്ടോ.... അവൻ ചുറ്റും ഒന്നുകൂടെ കണ്ണോടിച്ചു. ഞാൻ വണ്ടിയിൽ ക്യാമറ വെച്ചത് അവൾക്ക് എങ്ങനെ അറിയാം.. മായാവി ആണോ... കാമറയുടെ കാര്യം എനിക്കും എബിക്കും മാത്രമാണ് അറിയാവുന്നത്. പിന്നെ ഇവളെങ്ങനെ കണ്ട് പിടിച്ചു. ക്യാമറ വാങ്ങാൻ ചെന്ന കടയിൽ ഞാൻ അല്ലാതെ ആ സമയം വേറെ ആരും ഉണ്ടായിരുന്നില്ല. ഞാൻ അത് പ്രത്യേകം ശ്രദ്ധിച്ചതാണ്... ഇനി എബി ആണോ ഈ പണി ചെയുന്നത്.. എന്നെക്കൂടാതെ അവനല്ലേ ഈ കാമറയുടെ കാര്യം അറിവൊള്ളൂ.... അപ്പൊ ഈ കത്ത് വെച്ച കൈകൾ... ആരുടെ... അവൻ വണ്ടിയെടുത്തു നേരെ കോളജിലേക്ക് പോയി. "എന്റെ ശിവ നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ.... ഞാൻ എന്തിനാ നിനക്ക് കത്ത് വെക്കുന്നെ"...ശിവ വന്ന പാടെ എബിയെ ചോദ്യം ചെയ്യുകയാണ്.. അല്ലേൽ നീ പറ.. കാമറയുടെ കാര്യം നമ്മൾ രണ്ടുപേർക്കും മാത്രമേ അറിവ് ഉണ്ടായിരുന്നുള്ളു. പിന്നെ അവളെങ്ങനെ അറിഞ്ഞു.. അതെങ്ങനെ എനിക്ക് അറിയാന...

ഞാൻ അല്ലേ നിനക്ക് കാമറയുടെ ബുദ്ധി പറഞ്ഞു തന്നത്.. പിന്നെ എനിക്ക് വട്ട് ഉണ്ടോ.. നിനക്ക് വട്ട് ഉണ്ടോ ഇല്ലിയോ എന്നൊന്നും എനിക്ക് അറിയണ്ട... നീ അല്ലെങ്കിൽ കാമറയുടെ കാര്യം....നീ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാകും. ഇല്ലാ ശിവ സത്യം.. ഞാൻ ആരോട് പറയാനാ.. പറയാനാണേൽ തന്നെ എന്താ പറയണ്ടേ... നീ നിന്റെ അഞ്ജാത പ്രണയിനിയെ കണ്ട് പിടിക്കാൻ വണ്ടിയിൽ ക്യാമറ വെച്ചെന്നോ... ഒന്ന് പോയെ... അല്ലേൽ തന്നെ നീ വണ്ടിയിൽ എവിടെയാ ക്യാമറ വെച്ചേക്കുന്നത് എന്ന് എനിക്ക് എങ്ങനെ അറിയാം.. ഞാൻ ക്യാമറ വാങ്ങാൻ മാത്രമല്ലെ പറഞ്ഞിട്ടുള്ളു... അത് ശരിയാണെന്നു ശിവക്കും തോന്നി.. അവൻ പിന്നെയൊന്നും പറഞ്ഞില്ല... എന്നാലും നീ എന്നെ സംശയിച്ചത് മോശമായി പോയി കേട്ടോ... അവൻ ഒന്നും പറയാതെ വേറെ എങ്ങോട്ടാ നോക്കി ഇരുന്നു. എന്നാലും ഇവളാരാ.... എന്നെയും എന്റെ കുടുംബത്തെയും കൂട്ടുകാരെയും എല്ലാം അറിയാം ഞാൻ ഒന്ന് തിരിഞ്ഞാൽ അവൾക്ക് അറിയാം. ഇതാരാ.. മനുഷ്യന്റെ പ്രൈവസി പോയല്ലോ....ശിവ തലക്ക് കൈയും കൊടുത്ത് ഇരുന്നു. എബി നിന്ന് ചിരിക്കാൻ തുടങ്ങി....

അപ്പൊ അതാണ് കാര്യം. മോന്റെ പ്രൈവസി പോയതാണ് വിഷയം... പിന്നെ അല്ലാതെ... ഞാൻ എവിടെ പോണു എന്ത് ചെയ്യുന്നു എന്ത് വാങ്ങുന്നു. എല്ലാം അവൾക്കറിയാം .. ഇവളാര് മായാവിയോ.... അതോ വല്ല യക്ഷിയോ പ്രേതമോ... ഒരാൾക്ക് എന്തായാലും 24മണിക്കൂറും എന്നെ നോക്കി നടക്കാൻ പറ്റില്ലല്ലോ... ഇവൾക്ക് മാത്രം ഇതൊക്കെ എങ്ങനെ പറ്റുന്നു... എങ്ങനെ അറിയുന്നു... നീ ക്യാമറ വാങ്ങാൻ കേറിയപ്പോ ആരെങ്കിലും ഉണ്ടായിരുന്നോ അവിടെ... ഇല്ലടാ... ഞാൻ നോക്കിയതാണ്.. ചുറ്റും നോക്കി.. ആ കടയിൽ ആ കടക്കാരൻ അല്ലാതെ ഒരു മനുഷ്യകുഞ്ഞു പോലും ഉണ്ടായിരുന്നില്ല.. ആഹ്.. എന്നാ ഇത് നീ പറഞ്ഞത് പോലെ ഏതാണ്ട് മായാവിയാണ്...എബി ചിരിച്ചുകൊണ്ട് എഴുന്നേറ്റ് പോയി. ശിവ പിന്നെയും കുറച്ച് നേരം അവിടെ ഇരുന്നു. ബെൽ മുഴങ്ങിയപ്പോൾ അവൻ എഴുന്നേറ്റ് ക്ലാസ്സിലേക്ക് പോയി. അവന്റെ മുഖത്ത് നിന്നും രംഗം പന്തിയല്ല എന്ന് മനസിലായതോടെ ക്ലാസ്സിലെ കുട്ടികൾ എല്ലാം നിശബ്ദരായിരുന്നു.. ശ്രദ്ധ ആവും വിധം അവന്റെ മുഖത്ത് തന്നെ നോക്കിയിരിക്കാൻ ശ്രമിച്ചു. അവൻ പഠിപ്പിച്ചിട്ടും ഒന്നും നേരെ ആവുന്നുണ്ടായിരുന്നില്ല. കണക്ക് എല്ലാം തെറ്റി പോകുന്നു.

അവൻ കുട്ടികൾക്ക് ഒരു പ്രോബ്ലം ഇട്ട് കൊടുത്ത് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി.. എന്താ ദിവ്യയെ.. നമ്മുടെ കാട്ട് മക്കാന് ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ലല്ലോ... ശ്രദ്ധ ചിരിയോടെ അടുത്തിരുന്ന കുട്ടിയോട് പറഞ്ഞു.. സാറിനു വല്ല പ്രശനവും കാണും. അല്ലാതെ ഇതിന് മുൻപ് ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ.. ക്ലാസ്സിൽ കേറിയാൽ ബെൽ അടിക്കുന്നത് വരെ ഘോരെ പ്രസംഗം അല്ലാരുന്നോ... നേരത്തെ നിന്നെ ചീത്ത പറയാൻ എങ്കിലും കുറച്ച് സമയം പോകുമായിരുന്നു. ഇപ്പോൾ നീ ആള് ഡീസന്റ് അല്ലേ... അങ്ങനെ അതും പോയിക്കിട്ടി. ഒന്ന് പോയേടി... അങ്ങേരെ പേടിച് പഠിപ്പ് തന്നെ നിർത്തിയാലോ എന്ന്വരെ ഞാൻ ആലോചിച്ചതാണ്.. ഇനി ഇവിടുന്ന് വീട്ടിലോട്ട് ഏതെങ്കിലും ടീച്ചേർസ് വിളിച്ചാൽ വീടിന്റെ പടി കേറിയേക്കേണ്ട എന്നാണ് കൃഷ്ണന്റെ ഓർഡർ... കൃഷ്‌ണനോ... ആടി.. എന്റെ തന്തപ്പടി.. ഓ ആ കൃഷ്‌ണൻ.. സ്വന്തം അച്ഛനെയെങ്കിലും കുറച്ചെങ്കിലും ബഹുമാനിച്ചൂടെ.. ശ്രദ്ധ നിനക്ക്.... എന്തിന്... എനിക്ക് കൂടെ ഉള്ള ബഹുമാനം എന്റെ ചേച്ചി കൊടുക്കുന്നുണ്ട് അത് മതി... നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ.. ന്നാ.. പറയാൻ വരരുത്..ശ്രദ്ധ നല്ലൊരു ഇളി അങ്ങ് വെച്ച് കൊടുത്തു. ഇനി കാട്ടുമാക്കാൻ വീണ്ടും കേറിവരോ.. ശ്രദ്ധ ചെറിയൊരു പേടിയോടെ വെളിയിലെ വരാന്തായിലേക്ക് നോക്കി പറഞ്ഞു. തന്ന പ്രോബ്ലം ചെയ്യാൻ നോക്കി അല്ലേൽ ഇനി അതിന് ആകും നിന്നെ വലിച്ചു കീറാൻ പോകുന്നത്... ദിവ്യ അവളെ നോക്കി പറഞ്ഞതും അതിലെ കാര്യം ഉൾക്കൊണ്ടു ശ്രദ്ധ ബുക്കിലേക്ക് നോക്കി പ്രോബ്ലം ചെയ്യാൻ തുടങ്ങി. .................................................

പതിവില്ലാതെ ശിവയെ ലൈബ്രറിയിൽ കണ്ടപ്പോൾ എബി അവന്റെ അടുത്തേക്ക് വന്നു. എന്താടാ നീ ക്ലാസ്സിൽ പോയില്ലേ... ഇല്ലാ.. ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല.. എന്താ മോനിക്കും പ്രേമം പിടിച്ചോ.. എബി ചിരിച്ചുകൊണ്ട് ചോദിച്ചു. പിന്നെ പ്രേമം അത് എഴുതുന്നവളെ കൈയിൽ കിട്ടിയാരുന്നേൽ രണ്ടെണ്ണം കൊടുക്കാമായിരുന്നു.. എന്തിന്... ഇഷ്ടമുണ്ടെങ്കിൽ നേരിട്ട് വന്നു പറയാൻ ഉള്ള ധൈര്യം ഉണ്ടാകണം. അല്ലാതെ ഇങ്ങനെ മറഞ്ഞിരുന്നു കത്ത് അയച്ചു കളിക്കുവല്ല വേണ്ടത്.. ആ.. ഒരുപക്ഷെ നിന്റെ ഈ സ്വഭാവം കൊണ്ട് ആകും അവൾ മുൻപിൽ വന്നു പറയാൻ ധൈര്യം കാണിക്കാത്തത്.. എന്തായാലും അവൾ ഉടനെ നിന്റെ മുൻപിൽ എത്തും എന്നല്ലേ പറഞ്ഞത് അത് വരെ വെയിറ്റ് ചെയ്.. അതിനെ കുറിച്ച് വെറുതെ ഓവർ ടെൻഷൻ ആകാതെ... മ്മ് ടെൻഷൻ ഒന്നുമില്ല... അവളെ കണ്ട് പിടിക്കാൻ ഒരു ആഗ്രഹം.. മ് ഇനി ഈ ആഗ്രഹം പതിയെ വളർന്നു ഒരു പ്രേമം ആകാൻ അതികം സമയം വേണ്ടാ... എബി കളിയായി പറഞ്ഞപ്പോൾ ശിവ തിരിച് ഒന്നും പറഞ്ഞില്ല.. ആ അവർ കഴിഞ്ഞ് ശിവ വീണ്ടും പഴയത് പോലെ ആയി. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ലെച്ചു വന്നിട്ടുണ്ടായിരുന്നില്ല..

അമ്മേ.... അമ്മേ... എന്താടാ... അടുക്കളയിൽ നിന്ന് വന്നുകൊണ്ട് അമ്മ ചോദിച്ചു. ലെച്ചുവിന് ഇന്നും എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടോ.. ഉണ്ടെന്നാണ് പറഞ്ഞത്. ക്ലാസ്സ്‌ ഉണ്ടേൽ അവളോട് വിളിക്കാൻ ഞാൻ പറഞ്ഞതാണല്ലോ... അവൻ അതും പറഞ്ഞു റൂമിലേക്ക് കയറി.. അമ്മ പിന്നാലെ ചായയുമായി എത്തി. അവൾ വന്നില്ലേ അമ്മേ.. അമ്മ ഇല്ലാ എന്ന് പറയാൻ തുടങ്ങിയപ്പോൾ ആണ് അവൾ മുറ്റത്തുനിന്ന് ഉമ്മറത്തേക്ക് കയറുന്നത് കണ്ടത്.. ദാ വന്നു.. നിനക്ക് ക്ലാസ്സ്‌ ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞതല്ലേ... എന്തെ വിളിക്കാഞ്ഞത്. സോറി ഏട്ടാ... ഫ്രണ്ട്സ് ഓക്കെ ഉണ്ട് അപ്പൊ ഞാൻ കരുതി ബസ്സിന്‌ വരാമെന്ന്. ഞാൻ ബസ്സിന് വന്നോളാം വെറുതെ ഏട്ടൻ എന്തിനാ അത്രയും ദൂരം പെട്രോളും കത്തിച്ചു വരുന്നത് മ്മ്..ഇത്രയും താമസിക്കുമെങ്കിൽ നീ എക്സ്ട്രാ ക്ലാസിനു ഇരിക്കേണ്ട... ഞാൻ വിളിച്ചു പറയാം ഇതെന്താ ഏട്ടാ ജയിലോ... പെൺകുട്ടികൾക്ക് കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കണം കേട്ടോ... നിനക്ക് ഇവിടെ ആവശ്യത്തിലും അധികം സ്വാതന്ത്ര്യം ഉണ്ട്... കൂടിപ്പോയെങ്കിലെ ഉള്ളു... ഏട്ടാ ഞാൻ അങ്ങനെ പറഞ്ഞതല്ല... ഞാൻ ബസ്സിന്‌ വന്നോളാം എനിക്ക് കുഴപ്പം ഒന്നുമില്ല. കൂട്ടുകാരും ഉണ്ട്.

മ്മ്.. അവൻ അമർത്തി മൂളി. പെട്ടന്ന് തന്നെ അവന്റെ മൂഡ് മാറ്റാൻ ലെച്ചു കത്തിന്റെ കാര്യം എടുത്തിട്ടു. ഏട്ടാ ഇന്ന് കത്ത് കിട്ടിയോ.. മ്മ് കിട്ടി.. അവൻ അത് എടുത്തു കൊടുക്കാൻ പോയപ്പോഴാണ് അവൾ അത് വായിച്ചാൽ ക്യാമറ പ്ലാൻ ചീട്ടിയ കാര്യം അറിയുവല്ലോ എന്ന് ഓർത്തത്. അവൻ കത്ത് മാറ്റുന്നതിനു മുൻപ് തന്നെ ലെച്ചു അതെടുത്തു വായിച്ചു. ഏട്ടൻ എപ്പോഴാ ക്യാമറ വെച്ചത്.. അവൾ അതിശയത്തോടെ ചോദിച്ചു.. അവൻ ചെറിയ ചമ്മലോടെ അവളോട് എല്ലാം പറഞ്ഞു. അയ്യേ....ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഏട്ടന്റെ പ്ലാൻ എല്ലാം ചീറ്റി പോകുമെന്ന്.. ഇപ്പോൾ എന്തായി... അവൾ അവനെ കളിയാക്കാൻ തുടങ്ങി.. ആടി നിന്റെ പ്രാക്ക് ഏറ്റതാണ്.. അവൻ ജയിക്കാൻ വേണ്ടി പറഞ്ഞു. അയ്യടാ... ഇനി ഞാൻ പ്രാവിയതാണ് എന്ന് പറഞ്ഞാൽ മതിയല്ലോ...ഒന്നും പറയണ്ട... ഇനി ചേച്ചി കാണിച് തരാം എങ്ങനെയാ ആളെ പിടിക്കേണ്ടതെന്ന് കേട്ടോ.. ഓ... ഓ അല്ല കൊ... തിരിച് അടിക്കാൻ കിട്ടിയ സന്തോഷത്തിൽ ലെച്ചു ആടി പാടി അവളുടെ മുറിയിലേക്ക് പോയി. വട്ട് പെണ്ണ് ശിവ ഒരു ചിരിയോടെ അവന്റെ പണികളിൽ ഏർപ്പെട്ടു.

പിറ്റേന്ന് രാവിലെ കോളജിലേക്ക് പോകും വഴി എഴുത്തൊന്നും കിട്ടിയില്ല. അവൻ എങ്ങും വണ്ടി നിർത്തിയില്ല എന്നതാണ് സത്യം. അന്ന് കോളേജിൽ ഒരു പ്രോഗ്രാം നടക്കുന്നുണ്ടായിരുന്നു. ഒരു സെമിനാർ ക്യാമ്പയിൻ മറ്റു കോളേജിലെ അധ്യാപകരും കുട്ടികളും എത്തിയിട്ടുണ്ടായിരുന്നു. രാവിലെ മുതൽ ശിവ അതിന്റെ പുറകെ പോയി ആകെ തിരക്കിലായിരുന്നു. അന്ന് കുട്ടികൾക്കും വലിയ സന്തോഷം ആയിരുന്നു. കാരണം രാവിലെ മുതൽ അവർ ഫ്രീ ആണ്. സെമിനാരിന് വേണമെങ്കിൽ മാത്രം അറ്റൻഡ് ചെയ്താൽ മതിയായിരുന്നു. ശ്രദ്ധ സെമിനാറിനു കേറാതെ..മരത്തിന്റെ ചോട്ടിൽ ആണ്. ഒട്ടുമിക്ക എല്ലാ പെൺകുട്ടികളും സെമിനാറിനു കയറിയത് കൊണ്ട് അവളുടെ കൂടെ കൂടാൻ ആൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരോട് കാര്യവും പറഞ്ഞു ഉള്ള സമയം കളഞ്ഞു. ഇടക്ക് അതുവഴി ശിവ കടന്ന് പോയപ്പോൾ ശ്രദ്ധ ഓടിയ വഴിയേ പുല്ല് പോലും പിന്നെ കിളിർത്തില്ല... കാട്ടുമാക്കാൻ മനുഷ്യനെ സ്വസ്ഥമായി ഒരിടത്തു ഇരിക്കാനും സമ്മതിക്കില്ല. അവൾ പിറുപിറുത്തുകൊണ്ട് സെമിനാർ ഹാളിൽ കയറി അവിടെ അലമ്പ് കാണിച്ചിരുന്നു. ഉച്ചക്ക് ശേഷമാണു സെമിനാർ എല്ലാം കഴിഞ്ഞ് ശിവ ഒന്ന് ഫ്രീ ആയത്. സ്റ്റാഫ്‌ റൂമിൽ കയറിയപ്പോൾ അവന്റെ ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നു.

അതിനു മുകളിൽ ഒരു ബുക്കും. അവൻ വന്നു അതെടുത്തു നോക്കി. ബാല്യകാലസഖി..വൈക്കം മുഹമ്മദ്‌ ബഷീർ.... അതായിരുന്നു ആ ബുക്ക്. അവൻ ലെറ്റർ എടുത്തു വായിച്ചു. മാഷേ... ബുക്ക് ഇഷ്ടായോ... വായിച്ചതാവും എന്ന് അറിയാം. എന്നാലും എന്റെ സമ്മാനം അല്ലേ... വായിക്കണേ.... പിന്നെ എവിടെയാണ് ഇങ്ങനെ ഓടി ചാടി നടക്കുന്നത് ഒരിടത്ത് അടങ്ങി ഇരിക്കില്ല അല്ലേ... ഞാൻ ഇന്ന് മുൻപിൽ കൂടെ പോയിട്ടും മാഷ് എന്നെ തിരിച്ചറിഞ്ഞില്ലല്ലോ... സെമിനാർ നന്നായിരുന്നു കേട്ടോ... മാഷിന്റെ കോളേജ് കൊള്ളാം.. ചുറ്റിക്കാണാൻ ഒരുപാട് ഉണ്ട്.. ഇന്ന് മൊത്തം കാണാൻ പറ്റിയില്ല ഒരിക്കൽ കൂടെ വരാം. അന്ന് മാഷിന്റെ കൈയിൽ എന്റെ കൈ ചേർത്ത് ഈ വഴിയെല്ലാം നമുക്ക്‌ നടക്കണം. "......കാത്തിരിക്കുന്നു നിൻ കണ്ണിലെ കാഴ്ചകൾ ഞാനായി മാറുവാൻ ....,.. ....... നാസികയിലെ ഗന്ധം എന്നുടേതാകുവാൻ............. .........കാതിലെ നാദം എന്റേത് മാത്രമാകൻ........" "...... കാത്തിരിക്കുന്നു നിന്നുള്ളിലെ പ്രണയം എന്നോടുള്ളതാകാൻ........." സ്നേഹത്തോടെ പ്രണയിനി.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story