💞പ്രണയിനി 💞: ഭാഗം 7

pranayini shree

രചന: SHREELEKSHMY SAKSHA

ഇത് ശ്രദ്ധയുടെ ഹാൻഡ്റൈറ്റ് അല്ലേ... അതെ.... അതേലോ... ലെച്ചു മറുപടി പറഞ്ഞപ്പോഴാണ് ആത്മഗതം അല്പം ഉച്ചത്തിലായെന്ന് ശിവക്ക് മനസിലായത്. ഞാൻ അപ്പോഴേ ഏട്ടനോട് പറഞ്ഞില്ലേ ഇത് അവള് തന്നെയാണെന്ന്.. അപ്പൊ വിശ്വസിച്ചില്ലല്ലോ... ഇപ്പൊ എന്തായി.. ലെച്ചു അല്പം ഗമയോടെ പറഞ്ഞു. ശിവക്ക് ഇപ്പോഴും അത് പൂർണമായി ഉൾക്കൊള്ളാൻ സാധിച്ചില്ല.. അവൻ അമ്മയെ നോക്കി. അമ്മ മുഖത്ത് നിന്ന് അതവർക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് അവനു മനസിലായി. ഈ ചെറുപ്രായത്തിൽ തന്നെ അധ്യാപകനായി കോളേജിലേക്ക് കയറിയപ്പോൾ തന്നെ അമ്മ പറഞ്ഞതാണ്. അവരെന്നും നിന്റെ ശിഷ്യരാണ് എന്ന ബോധം വേണമെന്ന്. ഗുരു ശിഷ്യ ബന്ധം പവിത്രമാണ്.. ഗുരു ശിഷ്യയെ പ്രണയിക്കുന്നത് അമ്മയുടെ കാഴ്ചപ്പാടിൽ തെറ്റാണു... അമ്മ അവനെ ഒന്ന് നോക്കി. അവൻ നിർവികാരനായി നിന്നു. അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന് നിനക്ക് അറിയാമല്ലോ.. അമ്മ അല്പം ഗൗരവത്തോടെ ചോദിച്ചു. മ്മ് അറിയാമ്മേ... ഞാൻ പറഞ്ഞു മനസിലാക്കികൊള്ളാം.. മ്മ് അമ്മ ഒന്ന് മൂളി കഴുകിയ പത്രങ്ങൾ അടുക്കി വെക്കാൻ തുടങ്ങി. അമ്മയുടെ ആ ചോദ്യം ലെച്ചുവിന് തീരെ പിടിച്ചില്ല..

അവൾ തികച്ചും പുരോഗമന ചിന്താഗതിക്കാരിയാണ്. അമ്മ എന്താ പറയുന്നേ.. ഇതിപ്പോ ഏട്ടൻ അങ്ങോട്ട് കേറി പ്രേമിച്ചതൊന്നും അല്ലാലോ.. അവൾക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ ഞാൻ അവളുടെ കൂടയെ നിൽക്കു... അടുത്തിരുന്ന അച്ചാർ ഭരണിയിൽ സ്പൂൺ ഇട്ടുകൊണ്ട് അവൾ പറഞ്ഞു. ലെച്ചു അങ്ങനെയല്ല... അങ്ങനെ ചിന്തിക്കുന്നതെ തെറ്റാണ്... അമ്മ അവളെ തിരുത്താൻ നോക്കി. എന്ത് തെറ്റ്.. അമ്മയുടെ ഈ പഴഞ്ചൻ ചിന്താഗതി ആണ് ആദ്യം മറ്റേണ്ടത്. അതാണ് തെറ്റ്.. രണ്ടുപേരും തർക്കത്തിനുള്ള വഴി ആയതുകൊണ്ട് ശിവ ഒന്നും മിണ്ടാതെ എല്ലാം കെട്ട് നിന്നു. ഞാൻ പഴഞ്ചൻ ആണ്. അതുകൊണ്ട് എന്റെ ചിന്തയും അത്തരത്തിൽ ആണ്. അതൊന്നും ഞാൻ ഒരിക്കലും നിന്നെയോ ഇവനെയോ അടിച്ചേൽപ്പിക്കാൻ വന്നിട്ടില്ലലോ... പക്ഷെ ഇതൊരിക്കലും എനിക്ക് അംഗീകരിക്കാൻ ആവില്ല... എന്താമ്മേ... അമ്മ ഒന്നുകില്ലേൽ ഒരു അധ്യാപിക അല്ലായിരുന്നോ.. എന്നിട്ടും ഇത്തരത്തിൽ ചിന്തിക്കുന്നത് മോശമാണ്... ലെച്ചു..

. നീ എന്നെ പഠിപ്പിക്കാൻ വരണ്ട.... അവനു ഞാൻ പറഞ്ഞത് മനസിലായല്ലോ പിന്നെ നിനക്കെന്താ മനസിലാക്കാൻ ഇത്രയും പാട്.. ഏട്ടൻ ഒരുപക്ഷെ അമ്മയുടെ ഈ പഴഞ്ചൻ ചിന്താഗതിയോട് ഗതികേട് കൊണ്ട് യോജിച്ചിരിക്കും പക്ഷെ എനിക്ക് പറ്റില്ല.. ശ്രദ്ധക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ ആര് എതിർത്താലും ഞാൻ അവളുടെ കൂടെ തന്നെ നിൽക്കും. അവൾ അവളുടെ തീരുമാനം വ്യക്തമാക്കി. ലെച്ചു ഗുരുശിഷ്യ ബന്ധം പവിത്രമാണ്..എന്നെങ്കിലും ഗുരു ശിഷ്യയെ ആഗ്രഹിക്കുകയാണെങ്കിൽ അതിന്റെ പവിത്രത ആണ് നഷ്ടപെടുന്നത്.. പിന്നെ... അപ്പൊ അങ്ങനയാണേൽ ഈ ലോകത്തുള്ള ഒരു മാഷുമ്മാർക്കും കെട്ടാൻ പറ്റില്ലാലോ.. നമ്മൾ ആലോചിച്ചു കെട്ടുന്നത് പോലെയാണോ ഇത്... ആലോചിച്ചു കെട്ടിയാലും ആലോചിക്കാതെ കെട്ടിയാലും അമ്മ പറയുന്ന ഈ ഗുരു തന്നെയല്ലേ കെട്ടുന്നത്... ലെച്ചു നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല... ആ കുട്ടിക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായെങ്കിൽ അത് തിരുത്തി അവളെ നേർവഴിക്കു നടത്തേണ്ടത് ഇവന്റെ ഉത്തരവാദിത്തം ആണ്...അതാണ് ഒരു അധ്യാപകന്റെ ധർമ്മവും. അമ്മേ ഞാൻ ഒന്ന് ചോദിക്കട്ടെ..

ഈ പറയുന്ന ശ്രദ്ധയെ തന്നെ ഏട്ടന് അമ്മ കല്യാണം ആലോചിച്ചു കെട്ടിച്ചു കൊടുക്കുകയാണേൽ അപ്പൊ എവിടെ പോകും ഈ ഗുരു ശിഷ്യ ബന്ധം..ലെച്ചു ചോദിച്ചു. അത് അപ്പോഴല്ലേ... അപ്പോഴേക്കും അവളുടെ പഠിത്തം കഴിഞ്ഞ് ഇവർ തമ്മിൽ അങ്ങനെ ബന്ധം ഇല്ലാതാകില്ലേ...ഞാൻ പറഞ്ഞത് ശിവ അവളുടെ അധ്യാപകനായി ഇരിക്കുന്ന കാലത്തോളം ഇവന്റെ മനസിൽ അങ്ങനെ ഒന്നുണ്ടാവാൻ പാടില്ല.. അത് കഴിഞ്ഞുള്ള കാര്യം അപ്പോൾ നോക്കാം.. ഇത് ഒരുമാതിരി രണ്ട് വള്ളത്തിൽ കാലു വെക്കുന്നതിനു തുല്യമാണ് അമ്മേ.. ലെച്ചു അവളുടെ അഭിപ്രായം വെട്ടി തുറന്ന് പറഞ്ഞു.. ദേ പെണ്ണെ എന്റെ കൈയിൽ നിന്ന് വാങ്ങരുത്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. അവന്റെ മനസിൽ എന്താച്ചാ അവൻ അങ്ങനെ ചെയ്യട്ടെ.... അവസാനം അമ്മ ലെച്ചുവിന് മുൻപിൽ തോൽവി സമ്മതിച്ചു. അങ്ങനെ പറ... ലെച്ചു ഒരു വിജയ ചിരിയോടെ പറഞ്ഞു. എന്താ ഏട്ടാ ഏട്ടന്റെ തീരുമാനം.. അച്ചാർ കഴിച്ചുകൊണ്ട് അവൾ ചോദിച്ചു. എനിക്കും അമ്മയുടെ അതെ അഭിപ്രായം ആണ്. ഇത്തവണ ലെച്ചുവിന്റെ ചിരി മങ്ങി.. പകരം അമ്മയുടെ മുഖത്ത് വിജയ ചിരി വന്നു. ഏട്ടാ ഒരുമാതിരി പഴഞ്ചൻ ആവരുത്. ഇത് കാലം 21ആണ്..

അല്ലാതെ ഗുരുകുല കാലഘട്ടം ഒന്നുമല്ല... ലെച്ചു.. നി നിന്റെ കാര്യം നോക്കി പോയെ... എനിക്ക് അറിയാം ഇതിൽ എന്ത് ചെയ്യണമെന്ന്.. അവൻ ശബ്ദം ഉറച്ചതായിരുന്നു. ആരാന്നു കണ്ടു പിടിക്കാൻ ഞാൻ വേണമായിരുന്നു.. ഇപ്പൊ ഞാൻ വെറും കറിവേപ്പില.. അവൾ പുച്ഛത്തത്തിൽ പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് കയറി പോയി.. അന്ന് മുഴുവൻ അതാലോചിച് അവന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.. അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് ആലോചിച്ചു അവൻ എപ്പോഴോ ഉറക്കത്തിനു കീഴടങ്ങി പിറ്റേന്ന് പതിവിലും നേരത്തെ ശിവ റെഡി ആയി കോളജിലേക്ക് തിരിച്ചു. ഹോസ്റ്റലിൽ ആയതുകൊണ്ട് ശ്രദ്ധയും ഫറയും ദിവ്യയും നേരത്തെ എത്തും എന്നവൻ പ്രതീക്ഷിച്ചു. പക്ഷെ ഏറെ കാത്ത് നിന്നിട്ടാണ് അവർ വന്നത്. അവളെ ക്ലാസ്സിൽ കണ്ട പാടെ അവൻ ക്ലാസ്സിലേക്ക് ചെന്നു. ശ്രദ്ധ.... ആ വിളിക്ക് അല്പം കനം കൂടിയോ എന്നൊരു സംശയം. അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം ഞെട്ടി.. ഫറയോടും ദിവ്യയോടും ഇന്നലത്തെ കാര്യം പറഞ്ഞു ചിരിക്കുവായിരുന്നു ശ്രദ്ധ. അവന്റെ വിളികേട്ട് അവൾ ഞെട്ടി. വായിലിട്ട് ചവച്ചുകൊണ്ടിരുന്ന ബബിൾഗം അവൾ അറിയാതെ തന്നെ വിഴുങ്ങി പോയി..

ഈ കാട്ടുമാക്കാൻ എന്നെ കൊല്ലാൻ ഇറങ്ങിയതാണോ. ഇപ്പൊ തൊണ്ടയിൽ ബബിൾഗം കുരുങ്ങി ചത്തേനെ.. അവൾ എഴുനേറ്റ് നിന്നു.. സ്റ്റാറ്റിസ്റ്റിക് നോട്ടും എടുത്ത് വാ.. അവൻ പറഞ്ഞു തിരിഞ്ഞു നടന്നു. തമ്പുരാനെ ഇയാൾ എന്തിനുള്ള പുറപ്പാടാ... എല്ലാത്തിനും കൂടെ എനിക്ക് ഒറ്റ ബുക്കാണ്.. സ്റ്റാറ്റിസ്റ്റിക് ബുക്ക് പേരെഴുതി നല്ല വൃത്തിയോടെ എന്റെ ഹോസ്റ്റൽ മുറിയിൽ ഇരുന്നു ചിരിക്കുന്നുണ്ടാവും ഇപ്പോൾ.. അവൾ ഫറയെയും ദിവ്യയെയും നോക്കി. അവരും ആകെ പകച്ചു പണ്ടാരമടങ്ങി നിൽക്കുവാണ്.. ശ്രദ്ധ റഫ് നോട്ട് എടുത്ത് അവന്റെ അടുത്തേക്ക് നടന്നു.. ദൈവമേ ഇന്നലെ എന്തൊക്കെയാ പഠിപ്പിച്ചേ... ആ... ' ആലുമാ ഡോലുമാ...' ചെ.. ഞാനിപ്പോ എന്തിനാ ഇത് ആലോചിക്കുന്നേ... ഇന്നലെ പഠിപ്പിച്ചത്. എന്താ.. കോപ്പ് ആവശ്യത്തിന് ഒന്നും കിട്ടുന്നുമില്ല.. അവൾ എന്തൊക്കെയോ ആലോചിച്ചു അവന്റെ പുറകെ നടന്നു. അവൻ പോയത് ലൈബ്രറിയിലേക്ക് ആയിരുന്നു. ഇതെന്താ ഇവിടെ... ഇനി ഞാൻ വായിച്ച നോവലുകളുടെ എണ്ണം എടുക്കാനാണോ...

തമ്പുരാനെ... അതിനെന്തിനാ സ്റ്റാറ്റിസ്റ്റിക് നോട്ട്. ദൈവമേ ഒരേത്തും പിടിയും ഇല്ലല്ലോ...ഇനി ഞാനെങ്ങാനും ഇങ്ങേരോട് ഡൌട്ട് ചോദിച്ചിരുന്നോ... ഏയ് ഉറക്കത്തിൽ പോലും അങ്ങനെ വരാൻ വഴിയില്ല.. ശിവ നേരെ പോയി അടുത്ത് കണ്ട ടേബിളിൽ ഇരുന്നു. എന്ത് ചെയ്യണം എന്ന് അറിയാത്തത് കൊണ്ട് അവൾ അവിടെ നിന്നു.. "ഇരിക്ക് "അവൻ പറഞ്ഞു. അവൾ ഇരുന്നു.. ഇപ്പൊ കീ കൊടുത്ത പാവയെ പോലെ ആയിരുന്നു അവളുടെ പ്രവർത്തികൾ. അവൻ അവളുടെ ബുക്ക് വാങ്ങി നോക്കി. ഇത് റഫ് നോട് അല്ലേ എവിടെ ഫെയർ നോട്... മാങ്ങ പറിക്കാൻ പോയി.. അതായിരുന്നു അവളുടെ വായിൽ വന്നതെങ്കിലും അവൾ പതുക്കെ പറഞ്ഞു. "ഹോസ്റ്റലിൽ ആണ് എടുത്തില്ല " "മ്മ്.. " അവൻ മൂളി.. "എപ്പോ തുടങ്ങിയതാ ഈ അസുഖം.. "അവൻ മുഖവുര കൂടാതെ ചോദിച്ചു. ഏത് അസുഖം.. ഇങ്ങേര് മാഷുപണി രാജി വെച്ച് ഡോക്ടർ ആയോ.. അതോ ഇനി എനിക്ക് വട്ടായതാണോ.. ഏയ് ഇങ്ങേർക്ക് വട്ടായതാണോ.. "എന്താ.. മാഷേ.. എനിക്ക് മനസിലായില്ല.." അവൾ വിനയത്തോടെ പറഞ്ഞു. "കളിക്കല്ലേ ശ്രദ്ധ..."അവന്റെ ഒച്ച ഉയർന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story