പ്രിയം: ഭാഗം 31

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഞാൻ അഞ്ചിത... അഞ്ചിതാ രാജശേഖരൻ.. അതും പറഞ്ഞവൾ കൈനീട്ടിയതും മാളു ഞെട്ടലോടെ അവളെ നോക്കി..അപ്പോഴേയ്ക്കും അവളുടെ കൈകളെ അഞ്ചിത കവർന്നിരുന്നു.. അവളുടെ വരവിന്റെ ഉദ്ദേശമറിയാതെ സംശയത്തോടെ അവളെ നോക്കി മാളു നിന്നു.. മാളവിക എനിക്ക് തന്നോട് സംസാരിക്കണം.. അഞ്ചിത മുഖവുര ഇല്ലാതെ പറഞ്ഞു.. മാളു വേണിയെ നോക്കി.. പറഞ്ഞോളൂ.. എനിക്ക് ഒറ്റയ്ക്ക് സംസാരിക്കണം.. അഞ്ചിത പറഞ്ഞു.. മാളു ഒന്നാലോചിച്ചു.. ഞാൻ അഞ്ചിതയോടൊപ്പം പോകുവാ.. മാളൂ.. വേണി ചെറിയ ഭയത്തോടെ വിളിച്ചു.. പോകാം.. അവൾ വേണിയ്ക്കൊരു പുഞ്ചിരി നൽകി അഞ്ചിതയോട് പറഞ്ഞതും അവൾ പോയി കാറിന്റെ ഡോർ തുറന്നു നൽകി..

മാളു അഞ്ചിതയോടൊപ്പം പോകുന്നത് നോക്കി നിൽക്കുമ്പോഴും വേണിയുടെ മനസ്സിൽ വല്ലാത്ത ഭയമായിരുന്നു.. ******** നീ എന്ത് വിശ്വസിച്ചാ മാളൂ എന്നോടൊപ്പം ഈ കാറിൽ കയറിയത്.. അൽപ്പനേരം കഴിഞ്ഞതും അഞ്ചിത ചോദിച്ചു.. മാളു ഒന്നു പുഞ്ചിരിച്ചു.. അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകാൻ വഴിയില്ല.. പിന്നെ ഞാനീ കാറിൽ കയറിയിട്ടുണ്ടെങ്കിൽ അതുപോലെ ഇറങ്ങി പോകാനും എനിക്കറിയാം.. മാളു ചെറു ചിരിയോടെ പറഞ്ഞതും അഞ്ചിതയുടെ മുഖമൊന്ന് മാറി.. അവൾ അങ്ങനെയൊരു മറുപടിയായിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്.. മാളുവിൽ അൽപ്പം ഭയം നിറയ്ക്കാൻ ആലോചിച്ചു പറഞ്ഞതാണ്.. അഞ്ചിത മാളുവിനെ നോക്കി..

തെല്ലും ഭയമില്ല ആ മുഖത്ത്.. നിനക്ക് അത്രയ്ക്ക് വിശ്വാസമുണ്ടോ എന്നെ.. നിങ്ങളെയോ.. പെട്ടെന്നവൾ അഞ്ചിതയെ നോക്കി.. നിങ്ങളെ എനിക്ക് വിശ്വാസമില്ല.. ഒരിറ്റുപോലും.. എനിക്ക് വിശ്വാസം എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷനെയാണ്.. അതിനേക്കാൾ ഉപരി എന്നെത്തന്നെയാണ്.. നിന്നെയോ.. നീ എന്ത് ചെയ്യും.. ഒറ്റയ്ക്ക് പൊരുതി ജീവിച്ചു ശീലിച്ചവളാണ് ഞാൻ.. ആ എന്നോട് താൻ തൽക്കാലം വാഗ്വാദം നടത്തി ജയിക്കും എന്ന് ചിന്തിക്കേണ്ട.. എന്നോട് നിങ്ങൾക്കെന്താ സംസാരിക്കാനുള്ളത്.. മാളു അഞ്ചിതയെ നോക്കി.. നീ അനന്തന്റെ ജീവിതത്തിൽ നിന്നൊഴിഞ്ഞു പോകാൻ നിനക്കെന്ത് വേണം.. മുഖവുരയില്ലാതെ അവൾ ചോദിച്ചു . മാളു ഒന്നു ചിരിച്ചു.. നിനക്ക് എന്ത് തരാൻ കഴിയും.. എന്തും..

10ലക്ഷം.. 20 ലക്ഷം.. അല്ലെങ്കിൽ വേണ്ട.. 50ലക്ഷം.. ആഹാ.. എന്റെ ഈ താലിക്ക് അത്രയും വിലയുണ്ടായിരുന്നോ..കൊള്ളാല്ലോ.. അല്ല ഈ താലി കുറേക്കാലം തന്റെ കഴുത്തിൽ ആയിരുന്നല്ലോ.. അപ്പൊ ഇതിനിത്രേം വിലയുണ്ടെന്ന് അറിയാതെയാണോ നിങ്ങളിത് വലിച്ചെറിഞ്ഞത്.. മാളു ചോദിച്ചു.. ഇതിന്റെ വില.. ഈ ലോഹത്തകിടിനു ഞാൻ നൽകിയ വിലയാണ് എന്റെ കിച്ചുവിന്റെ ജീവൻ.. അത് നിങ്ങൾ ഇരന്നു വാങ്ങിയതല്ലേ.. മാളു എടുത്തടിച്ചു ചോദിച്ചു.. നീ കൂടുതൽ സംസാരിക്കേണ്ട.. പറയ്.. നിനക്ക് എന്താ വേണ്ടത്... അനന്തനൊപ്പം നീ ജീവിക്കേണ്ട.. അതിന് എന്തും ആവശ്യപ്പെടാം.. എന്തിനാണീ പക.. മാളു ചോദിച്ചു.. എന്റെ കിച്ചു മരിച്ചത് അവൻ കാരണമാണ്..

എന്റെ ഈ കണ്മുന്പിൽ ഇട്ടാണ് അവൻ.. മറക്കാനും പൊറുക്കാനും എനിക്കകഴിയില്ല മാളൂ.. മാളു ചിരിച്ചു... ആരാണീ കിച്ചു.. അഞ്ചിത അവളെ സംശയത്തോടെ നോക്കി.. എന്റെ ബ്രദർ.. ആണോ... എന്തിനാണ് അനന്തേട്ടൻ അയാളെ കൊന്നത്.. അഞ്ചിതയുടെ കാലുകൾ ബ്രേക്കിൽ അമർന്നു.. കാർ വഴിയോരത്തായി നിർത്തി അവളെ നോക്കി.. ഉത്തരം മുട്ടിയോ..എനിക്കും ഉണ്ട് ഒരാങ്ങളെ.. ഒരമ്മ പെറ്റതല്ല.. ഒരച്ഛന്റെ ചോരയുമല്ല.. അതിനുമപ്പുറം ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ട്.. പക്ഷെ ഇന്നും തെറ്റായി ഒരു നോട്ടം പോലും എന്റെ ദേവേട്ടനിൽ നിന്നുണ്ടായിട്ടില്ല.. ഈ ജന്മം ഉണ്ടാവേമില്ല.. അത്രയ്ക്കുറപ്പുണ്ട് എനിക്ക്.. സഹോദരൻ എന്ന വാക്കിനെ പോലും കളങ്കപ്പെടുത്തുന്ന രീതിയിൽ നിങ്ങൾ പെരുമാറിയപ്പോൾ സ്വയം മറന്നാ മനുഷ്യൻ ചെയ്തുപോയ ഒരു തെറ്റ്.. നഷ്ടപ്പെട്ടത് നിനക്കാണ്..

ആ നഷ്ടം ചെറുതുമല്ല.. പക്ഷെ ആ കുറ്റം സ്വയം ഏറ്റെടുത്ത് അതിനുള്ള ശിക്ഷയും ഏറ്റുവാങ്ങിയവനാണ് ആ മനുഷ്യൻ.. ഇനിയും എന്തിനാണ് അഞ്ചിതാ ഈ പക.. ആരോടാണ്.. പക വീട്ടാൻ മറ്റൊരാളുടെ ജീവിതം തകർക്കാൻ ശ്രമിച്ചപ്പോഴല്ലേ നിങ്ങൾക്കീ നഷ്ടങ്ങളൊക്കെയും ഉണ്ടായത്.. അതിൽ അനന്തേട്ടന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിനേക്കാൾ വലിയ തെറ്റുകൾ നിങ്ങൾ ചെയ്തിട്ടുണ്ട്.. ആ മനുഷ്യനോട്...ആ കുടുംബത്തോട്..അതൊക്കെയും മറന്ന് ജീവിക്കുകയാണ് അദ്ദേഹം.. പിന്നെ ഈ താലി.. നിങ്ങൾക്കിത് വെറുമൊരു ലോഹ തകിട് ആയിരിക്കും.. പക്ഷെ എനിക്കിത് എന്റെ ജീവിതമാണ്.. എന്റെ ജീവിതത്തിന് വിലയിടാൻ നിങ്ങളുടെ സമ്പാദ്യം മുഴുക്കെ മറുതട്ടിൽ തൂക്കിയാലും മതിയാകില്ല..

മാളു അതും പറഞ്ഞു പുറത്തിറങ്ങി.. പിന്നെ.. ഇങ്ങനെ വന്ന് ഭീഷണിപ്പെടുത്തി പോകുന്നതൊക്കേ സിനിമയിൽ കാണാൻ കൊള്ളാം...ജീവിതത്തിൽ നല്ല ബോറാണ്.. നിനക്കറിയില്ല അഞ്ചിതയെ.. നിന്റെ ഈ താലി പൊട്ടിച്ചു മാറ്റാനും നിന്റെ ആ കുടുംബം തകർക്കാനും എനിക്കൊരു നിമിഷം മതി.. ആയിക്കോട്ടെ.. നിങ്ങളുടെ ഈ വക ഭീഷണിയൊക്കെ കയ്യിൽ ഇരിക്കട്ടെ..പിന്നെ ഇനിയും എന്നെ പണത്താൽ അളക്കാൻ ശ്രമിക്കരുത്.. നല്ല അന്തസ്സായി പണിയെടുത്തു തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്.. മാനം പണയം വെച്ചു ജീവിക്കുന്നവർക്ക് ആ അന്തസ്സ് പറഞ്ഞാൽ മനസ്സിലാകണമെന്നും ഇല്ല.. ഡി.. ഒച്ചയുണ്ടാക്കേണ്ട.. സത്യം പറഞ്ഞതാണ്..ആ പിന്നെ ഞാൻ പോകുന്നു..

ഇവിടെ നിന്നാൽ എനിക്ക് പോകാൻ വണ്ടി കിട്ടും.. എന്റെ ഭർത്താവ് എന്നെ കാത്തിരിക്കുന്നുണ്ട്.. ജീവിതത്തിലെ ഈ വക ചെറിയ സന്തോഷങ്ങളൊക്കെ അനുഭവിക്കാനും ഒരു യോഗം വേണം.. തട്ടിപ്പറിച്ചെടുത്തിട്ടും അതിനുള്ള യോഗം നിങ്ങൾക്കുണ്ടായിരുന്നില്ല..അതിലെനിക്ക് സഹതാപമുണ്ട്.. പക്ഷെ ഇനിയും ഇങ്ങനെ ഭീഷണിപ്പെടുത്താനും മറ്റുള്ളവരുടെ ജീവിതം പന്താടാനും ശ്രമിച്ചാൽ നിങ്ങളുടെ ആങ്ങളയുടെ ഗതി തന്നെയാകും തനിക്കും... ഓർത്തുവെച്ചോ.. അതും പറഞ്ഞു മാളു ഡോർ വലിച്ചടച്ചു..ശേഷം അഞ്ചിതയെ നോക്കിയൊരു പുഞ്ചിരി നൽകി മുൻപിലുള്ള ഓട്ടോസ്റ്റാന്റിലേയ്ക്ക് നടന്നു.. ചെ.. അഞ്ചിത ദേഷ്യത്തിൽ സ്റ്റിയറിങ്ങിലേയ്ക്ക് ആഞ്ഞടിച്ചു..

നിനക്കറിയില്ല മാളൂ എന്നെ... നീ അനുഭവിക്കാൻ പോകുന്നതെയുള്ളൂ.. അവൾ ഫോണെടുത്തു ആരെയോ വിളിച്ചു.. ദേവൻ.. ഓട്ടോ ഡ്രൈവർ ആണ്.. അയാളെ പറ്റിയുള്ള സർവ്വ ഡീറ്റൈൽസും എനിക്ക് വേണം.. ഫോട്ടോ ഞാൻ അയച്ചു തരാം.. മ്മ്.. അധികം താമസിക്കരുത്.. ഓകെ.. അഞ്ചിത ഫോൺ കട്ട് ചെയ്തു പകയോടെ ചിരിച്ചു.. സമാധാനമുള്ള ഒരു ജീവിതം നിനക്കൊരിക്കലും കിട്ടില്ല അനന്താ.. കാത്തിരിക്കു നീ.. അവൾ ക്രൗര്യമായി ചിരിച്ചുകൊണ്ട് കാർ മുൻപോട്ടെടുത്തു.. ******** എങ്ങനുണ്ട് മാളൂ തലവേദന.. വന്നയുടനെ തനിക്കരുകിൽ ഇരുന്നു നെറ്റിയിൽ കൈചേർത്തു പനി നോക്കിക്കൊണ്ട് ചോദിക്കുന്ന അനന്തനെ മാളു നോക്കി.. വൈകിയല്ലോ അനന്തേട്ടാ..

അതും പറഞ്ഞവൾ എഴുന്നേറ്റു.. മുടി വാരിക്കെട്ടി അവൾ സമയം നോക്കി.. തലവേദനയൊക്കെ കുറഞ്ഞു അനന്തേട്ടൻ കുളിച്ചിട്ട് വാ.. ഞാൻ കഴിക്കാൻ എടുക്കാം.. അവൾ പറഞ്ഞു.. അൽപ്പം കഴിയട്ടെടോ.. താൻ ഇത്തിരൂടെ കിടന്നോ.. അതിന് വേണ്ടി ഒന്നുമില്ല അനന്തേട്ടാ.. ആകെയൊരു ചെറിയ തലവേദന..അത്രേയുള്ളൂ.. അവൾ പറഞ്ഞു.. ആ പിന്നേ.. ഞാനിന്ന് അഞ്ചിതയുടെ കൂടെയാണ് വന്നത്.. അനന്തൻ ഞെട്ടലോടെ അവളെ നോക്കി.. മാളു ചിരിച്ചു.. പേടിച്ചു പോയോ.. താനെന്തിനാടോ അവളുടെ കൂടെ.. എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചതാ.. ഞാനെന്താ പറയ.. കൂടെ കേറി.. നമ്മുടെ പുളിഞ്ചോട്ടിൽ ഇറങ്ങുകയും ചെയ്തു.. എന്താ അവൾക്കിത്ര സംസാരിക്കാൻ.. വേറെന്താ..

ഞാൻ ഇവിടുന്നൊഴിഞ്ഞു പോണം.. അതിനു 50 ലക്ഷം വരെ തരാമെന്ന് പറഞ്ഞു.. ഏറ്റില്ല എന്നു കാണ്ടപ്പോ ഭീഷണി ആയി.. ഞാനും ഒട്ടും വിട്ടുകൊടുത്തില്ല.. നല്ല നാലു വർത്തമാനം പറഞ്ഞിട്ട് ഇറങ്ങി പോന്നു.. മാളു ചിരിയോടെ പറഞ്ഞതും അനന്തൻ അവളെ ചേർത്തു പിടിച്ചു.. മാളൂ.. സൂക്ഷിക്കണം.. അവൾ താൻ കരുതും പോലെ അല്ല.. അനന്തേട്ടൻ എന്തിനാ പേടിക്കുന്നത്.. പേടിക്കണം.. എന്റെ കാര്യത്തിൽ എനിക്ക് പേടിയില്ല.. പക്ഷെ താൻ.. അവൻ അവളെ അലിവോടെ നോക്കി.. അനന്തേട്ടൻ പേടിക്കേണ്ട.. അങ്ങനെ ഇങ്ങനൊന്നും മാളുവിനെ അഞ്ചിത ഒന്നും ചെയ്യില്ല.. അവൾക്ക് പേടിയുണ്ട് മാളൂന്റെ കെട്ട്യോനെ.. അവൾ കുസൃതി ചിരിയോടെ പറഞ്ഞതും അനന്തനവളെ ചേർത്തുപിടിച്ചു.. വിട്ടെ..

ഞാൻ പോയി ആഹാരം എടുക്കട്ടെ.. അനന്തേട്ടൻ കുളിച്ചിട്ട് വാ.. അച്ഛനും അമ്മയും കാത്തിരിക്കും.. അതും പറഞ്ഞു മാളു കുതറി മാറി പുറത്തേയ്ക്ക് നടക്കുമ്പോൾ അനന്തന്റെ ചുണ്ടിൽ മനം മയക്കുന്നൊരു പുഞ്ചിരി വിരിഞ്ഞിരുന്നു. അവൾക്കായി മാത്രം.. ******** ഇല്ല ദച്ചൂ.. എനിക്കെന്തോ അവളുടെ ഈ വരവ് അത്ര പന്തിയായി തോന്നുന്നില്ല.. അനന്തൻ പറഞ്ഞു.. താൻ പേടിക്കേണ്ട മാളു പറഞ്ഞപോലെ അങ്ങനെ പെട്ടെന്നൊന്നും അഞ്ചിത മാളുവിന് നേരെ ചെല്ലില്ല.. അതൊക്കെ തോന്നലാണ്.. അനന്തൻ പറഞ്ഞു.. കാപ്പി.. അപ്പോഴേയ്ക്കും മാളു കാപ്പിയുമായി വന്നു.. ദച്ചു കാപ്പി എടുത്തു.. അല്ല.. താൻ ഗുണ്ടായിസവും തുടങ്ങീന്നറിഞ്ഞു..

ദച്ചു ചിരിയോടെ പറഞ്ഞതും മാളു അവൾക്കരികിൽ ചെന്നിരുന്നു.. കുഞ്ചൂസിനെ കൂടെ കൊണ്ടുവരാമായിരുന്നു.. അവനവിടെ അമ്മേടെ തോളിൽ തൂങ്ങി നടക്കുവല്ലേ.. ഞാൻ വിളിച്ചതാ.. വന്നില്ല.. ഇന്നലെ മുതലൊരു ചെറിയ പനിക്കോളും ഉണ്ട്. അതോണ്ട് യാത്ര വേണ്ടാന്ന് വെച്ചതാടാ.. അവൾ പറഞ്ഞു.. പിന്നെ ഞാൻ വന്നത് നിങ്ങളോട് ഒരു കാര്യം പറയാൻ കൂടിയാണ്.. അനന്തനും മാളുവും അവളെ നോക്കി.. നമ്മുടെ ഷെറിൻ മാഡം എന്നോടൊരു കാര്യം പറഞ്ഞു.. അനന്തൻ അവളെ നോക്കി.. ഹോസ്പിറ്റലിൽ അനന്തന്റെ പഴയ വേക്കൻസി ഒഴിഞ്ഞു കിടക്കുവാ.. ഇപ്പോഴത്തെ കാർഡിയാക് ഡിപ്പാർട്ടമെന്റ് വീക്ക് ആണെന്നാണ് മൊത്തത്തിലുള്ള അഭിപ്രായം..

എല്ലാരൂടെ പറയുന്നത് തന്നെ തിരിച്ചു വിളിക്കണം എന്നാ അനന്താ.. എന്നോട് ഷെറിൻ മേഡം പറഞ്ഞു തന്നോടൊന്ന് സംസാരിക്കാൻ.. താനിപ്പോൾ പ്രാക്ട്ടീസ് ഒന്നുമില്ലാതെ ഇരിക്കുവല്ലേ.. ദച്ചു പാളി മാളുവിനെ ഒന്നു നോക്കി പറഞ്ഞു.. അവർ അനന്തനെ നോക്കി.. അവന്റെ മനസ്സിൽ പഴയതൊക്കെ നിറയുകയാണ് എന്നു അവർക്ക് തോന്നി.. മാളൂന്റെ അഭിപ്രായം എന്താ.. അനന്തേട്ടൻ ചെല്ലണം എന്നാ എന്റെ മനസ്സിൽ.. ഇത്രേം പഠിച്ചിട്ട് വെറുതെ എന്തിനാ ഇങ്ങനെ ഒരു പ്രയോജനം ഇല്ലാതെ ആക്കുന്നത്.. പിന്നെയൊക്കെ അനന്തേട്ടന്റെ ഇഷ്ടം.. അവൾ പറഞ്ഞു.. ആ നിങ്ങൾ സംസാരിക്ക്... ഞാൻ താഴെ ഉണ്ടാവും. അതും പറഞ്ഞവൾ ദച്ചുവിനെ ഒന്ന് നോക്കി താഴേയ്ക്ക് പോയി..

അനന്താ.. അവൻ ദച്ചുവിനെ നോക്കി.. മാളൂന്റെ അഭിപ്രായം തന്നെയാ എനിക്കും.. എന്തിനാഡോ താനിങ്ങനെ സ്വയം ഉൾവലിയുന്നത്.. ഇതാരുടെ ഐഡിയ ആണ്.. മാളൂന്റെ.. ദച്ചു പറഞ്ഞു.. തോന്നി.. അവൻ ചിരിയോടെ പറഞ്ഞു.. അവളൊത്തിരി ആഗ്രഹിക്കുന്നുണ്ട് അനന്താ.. താൻ ഇങ്ങനെ എല്ലാ വേദനകളും ഉള്ളിലൊതുക്കി നിൽക്കുന്നതിപ്പോ മറ്റാരേക്കാളും വേദനിക്കുന്നത് മാളൂനാ..അവൾ തന്റെ ഭാര്യയാണ്.. അവൻ മൗനമായി കേട്ടിരുന്നു.. താനിങ്ങനെ ഒറ്റയ്ക്കിരുന്നിട്ടാ വിഷമിക്കുന്നതെന്ന് എന്നോടും പറഞ്ഞു.. മ്മ്.. അവൻ മൂളി.. താൻ ആലോചിക്ക്.. കുറെ സമയമെടുത്ത് ആലോചിക്കണം... അവൾ പറഞ്ഞു.. എനിക്കറിയാടോ.. പക്ഷെ.. എന്തോ.. ആ എന്തോ എന്ന ചിന്തയാണ് തന്നിൽ നിന്ന് മാറി പോകേണ്ടത്..

ദർശ പറഞ്ഞു.. അനന്തൻ ഒന്നും മിണ്ടിയില്ല.. കഴിഞ്ഞതൊക്കെ കഴിഞ്ഞു പോയതാണ് അനന്താ.. അതൊന്നും ഈ ജന്മം നമുക്ക് തിരുത്താൻ കഴിയില്ല. തന്റെ കയ്യൊണ്ട് നടന്ന ഒരു തെറ്റ്.. അതിനുള്ള ശിക്ഷയും സ്വയം താൻ ഏറ്റെടുത്തു അനുഭവിച്ചു തീർത്തു.. അത് കഴിഞ്ഞു.. ഇപ്പൊ തനിക്കൊരു ജീവിതമുണ്ട്.. തീർത്തും പുതിയൊരു ജീവിതം.. തന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരുപാട് പേർ തനിക്ക് ചുറ്റുമുണ്ട്.. ഇവിടുന്നിപ്പോ താൻ ജോലിക്ക് പോയില്ലേലും നിങ്ങൾക്ക് ജീവിക്കാനുള്ള വക ഉണ്ടായിരിക്കും.. പക്ഷെ മെഡിക്കൽ സയൻസിൽ നമ്മൾ എൻറോൾ ചെയ്യുമ്പോൾ നമ്മൾ ചൊല്ലുന്ന ഓത്ത് ഉണ്ട്.. ഈ ജീവിതകാലം മുഴുവൻ നമുക്ക് മുൻപിൽ വരുന്ന ഓരോ ജീവനെയും സ്നേഹത്തോടെ പരിചരിച്ചുകൊള്ളാമെന്ന്..

നമ്മൾ ഓരോരുത്തരും സഹജീവികളുടെ വേദനയിൽ താങ്ങാകാൻ നിയോഗിക്കപ്പെട്ടവരാണ് അനന്താ.. അങ്ങനെയുള്ള നമ്മൾ അതിൽ നിന്ന് പിന്മാറരുത്.. നമ്മുടെ പിൻവാങ്ങൽ കാരണം ഒരാൾക്കെങ്കിലും കിട്ടേണ്ട പരിചരണവും ചികിത്സയും നിഷേധിക്കപ്പെട്ടാൽ അത് നമ്മുടെ പ്രൊഫഷനോട് നമ്മൾ ചെയ്യുന്ന ക്രൈം ആകും.. താൻ ഇത്ര നാളും തന്റെ മനസ്സിലെ മുറിവിനെ പരിചരിച്ചില്ലേ.. ഇപ്പൊ അതിന് കൂട്ടായി അത്രയ്ക്ക് ഇഷ്ടത്തോടെ തന്നെ ചേർത്തുപിടിക്കാൻ ഒരാളുമുണ്ട്.. ഇനി തന്റെ ഡ്യൂട്ടി താനും ചെയ്യണം.. മ്മ്.. അവൻ മൂളി.. ഇങ്ങനെ ഒഴിഞ്ഞു മാറി പോകരുത്.. താൻ മാളുവുമായി ആലോചിച്ചൊരു തീരുമാനം എടുത്തിട്ട് പറയ്.. ഞാനെന്തായാലും ഇറങ്ങുവാ.. മറുപടിക്ക് കാക്കാതെ അവൾ നടന്നകലുമ്പോഴും അനന്തന്റെ മനസ്സിൽ ആ ചോര പുരണ്ട സന്ധ്യയായിരുന്നു.. അവൻ തളർച്ചയോടെ കിടക്കയിൽ ഇരുന്നു.. *********

അനന്തേട്ടാ.. രാത്രി പുറത്തേയ്ക്ക് നോക്കി ബാൽക്കണിയിൽ നിൽക്കുമ്പോഴായിരുന്നു മാളുവിന്റെ വിളിയവൻ കേട്ടത്.. അവൻ തിരിയും മുൻപേ അവൾ പിന്നിൽ നിന്നവനെ ഇറുകെ പുണർന്നിരുന്നു.. എന്തോ ആ നിമിഷമവളുടെ സാമീപ്യം അവനും അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു.. അൽപ്പനിമിഷങ്ങൾ കഴിഞ്ഞതും അവൾ അവനരികിലായി വന്നു നിന്നു.. ഈറൻ കാറ്റിൽ അവന്റെ നീളൻ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു.. എന്താ അനന്തേട്ടനൊരു സങ്കടം.. ദർശേച്ചി പറഞ്ഞതോർത്തിട്ടാണോ.. ഹേയ്.. അവൻ പറഞ്ഞു.. അല്ലെന്നൊന്നും പറയേണ്ട.. എനിക്കറിയാല്ലോ ഈ മനസ്സ്.. സത്യത്തിൽ അനന്തേട്ടനും ആഗ്രഹമില്ലേ പഴയപോലെ പ്രാക്ട്ടീസ് ചെയ്യാൻ.. ഇല്ലെന്ന് പറഞ്ഞാൽ കള്ളമായിപോകും മാളൂ..

പക്ഷെ എനിക്ക്.. എനിക്ക് പറ്റുന്നില്ലെടോ.. അവന്റെ കണ്ണുകൾ നിറഞ്ഞു.. ഒരു ജീവൻ എടുത്തയാളാണ് ഞാൻ.. ആ ഞാനെങ്ങനെയാ.. കൊന്നപാപം തിന്നാൽ തീരും എന്നു പറഞ്ഞു കേട്ടിട്ടുണ്ടോ അനന്തേട്ടാ.. നമ്മളീ കൊച്ചു ക്ലാസ്സിലൊക്കെ ഫുഡ് ചെയിൻ പഠിക്കില്ലേ..അതിലൊക്കെ ഒരു ജീവി മറ്റൊരു ജീവിയെ ആഹാരമാക്കിയാണ് നിലനിൽക്കുന്നത്.. അതൊരു പ്രകൃതി നിയമമാണ്.. അല്ലെങ്കിൽ നമ്മുടെ പ്രകൃതിയുടെ അടിസ്ഥാന നിലനിൽപ്പ് തന്നെ ഇതല്ലേ.. മാളു അവനെ നോക്കി.. അവൻ സംശയത്തോടെ നിൽക്കുകയാണ്.. ആഹാര ശ്രേണി നിലനിർത്താൻ ആണെങ്കിലും ജനനവും ജീവിതവും മരണവും നമ്മളിലെല്ലാവരിലും ഉണ്ട്..

ഞാൻ ഇന്ന നേരത്ത് ജനിക്കുമെന്നും ഇന്ന നേരത്ത് ഇന്നതൊക്കെ നടക്കുമെന്നും ഇന്ന നേരത്ത് ഇന്നയാളുടെ കയ്യോണ്ട് മരിക്കുമെന്നും ഒക്കെ ജനിക്കും മുൻപേ നമ്മുടെ തലയിലെഴുതിയിട്ടുണ്ടാകുമെന്ന് ചെറിയമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. അയാളുടെ മരണം.. അത് അനന്തേട്ടന്റെ കൈകൊണ്ടാകണം എന്നത് വിധിയായിരുന്നു.. മരിച്ചത് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം കിട്ടേണ്ട ആളൊന്നുമല്ലല്ലോ.. ഒരു കണക്കിന് അയാൾ മരിച്ചത് നന്നായി.. അല്ലെങ്കിൽ നമ്മുടെ അച്ചുവിന്റെ ജീവിതം കൊണ്ടുപോലും അയാൾ പന്താടിയേനെ.. അല്ലെ.. ഒരു സഹോദരനും ചെയ്യാൻ.പാടില്ലാത്തതല്ലേ അയാൾ ചെയ്തത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അയാളീ ലോകത്ത് എന്തോരം പാപങ്ങൾ ചെയ്തിട്ടുണ്ടാകും..

ആ ഫോണിൽ ഉള്ള പല സ്ത്രീകളുടെയും ജീവിതം ചിലപ്പോൾ അയാൾ തകർത്തിട്ടുണ്ടാകില്ലേ.. ക്രൂരമായി എത്ര പേരെ ഉപദ്രവിച്ചിട്ടുണ്ടാകും.. അങ്ങനെയുള്ള ഒരാൾ ജീവിച്ചിരുന്നിട്ട് എന്ത് പ്രയോജനം.. വീട്ടുകാർക്കും നാട്ടുകാർക്കും ആർക്കും പ്രയോജനമില്ല.. മറിച്ച് ഉപദ്രവം മത്രേയുള്ളൂ...അങ്ങനെ ഒരാളെ കൊന്നതുകൊണ്ട് എന്റെ അനന്തേട്ടൻ പാപിയായി പോയിട്ടൊന്നുമില്ല.. ഇപ്പോഴും ഈ കൈകൾ ശുദ്ധമാണ് അനന്തേട്ടാ.. ശത്രുരാജ്യത്തിന്റെ ചാരന്മാർ രാജ്യത്ത് കയറിയാൽ കൊന്ന് കളയുമായിരുന്നില്ലേ പണ്ട്... അതൊക്കെ ചെയ്യുമ്പോ ആദരിക്കുമായിരുന്നില്ലേ.. അതൊരു വലിയ കാര്യമായി കണക്കാക്കുമായിരുന്നില്ലേ.. ഇതും അത്രേയുള്ളൂ.. അയാളെപോലെ ഒരുത്തനെ കൊന്നുപോയി എന്നതുകൊണ്ടൊരിക്കലും എന്റെ അനന്തേട്ടൻ പാപിയാകില്ല... അതുകൊണ്ട് അതോർത്തിട്ട് ഇനിയിങ്ങനെ അടച്ചുപൂട്ടി ഇരിക്കേണ്ട.

അനന്തേട്ടന്റെ സേവനം ആവശ്യമുള്ള ഒരുപാട് പേരുണ്ടീ ലോകത്ത്.. മരണത്തിൽ നിന്നൊരാളെ കൈപിടിച്ചു കൊണ്ടുവരാൻ ഭൂമിയിൽ നിയോഗിക്കപ്പെട്ടവരാണ് ഡോക്ടർമാർ.. അനന്തേട്ടനും അങ്ങനെയാണ്.. ഒരുപാട് ജീവൻ ഈ ഭൂമിയിൽ പിടിച്ചു നിർത്താൻ അനന്തേട്ടൻ വേണം.. ഒരുപാട് ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ അനന്തേട്ടന്റെ ഹെല്പ് വേണം.. അതിനായി ഈ ജന്മം അനന്തേട്ടനെ ദൈവം നിയോഗിച്ചേക്കുവാ.. ആ കർത്തവ്യം അനന്തേട്ടൻ ഒരു കുറവുമില്ലാതെ ചെയ്തു തീർക്കണം.. ചെയ്യില്ലേ.. മാളു അവനെ നോക്കിയതും അവൻ അവളെ ഇറുകെ പുണർന്നു.. അവളുടെ നെറ്റിയിലും.കവിളിലും തുരുതുരെ ചുംബിച്ചു.. അവന്റെ കണ്ണുനീരിന്റെ ചൂടവളെ പൊള്ളിച്ചു..

പക്ഷെ അവൾ തളർന്നില്ല..കാരണം അവൾക്കവനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരണമായിരുന്നു.. തീക്ഷ്ണമായ പല പരീക്ഷണങ്ങൾ അതിജീവിച്ചു തളർന്നു നിൽക്കുന്നവനെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നയിക്കണമായിരുന്നു..അതിനായി അവളേത് വേദനയും സഹിക്കാൻ ശക്തയായിരുന്നു..അവനായി മാത്രം.. ******** അപ്പൊ അനന്തേട്ടൻ സമ്മതിച്ചോ.. മീനു ആകാംഷയോടെ ചോദിച്ചു.. വേണിയും ആശ്ചര്യത്തോടെ ഇരിക്കുകയായിരുന്നു.. മ്മ്.. അവിടെ അനന്തേട്ടൻ നേരത്തെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ തന്നെ.. ദർശേച്ചി എല്ലാം ശെരിയാക്കിയിട്ടുണ്ട്.. മാളു പറഞ്ഞുകൊണ്ട് പാത്രവുമെടുത്ത് എഴുന്നേറ്റു.. പുറകെ മീനാക്ഷിയും വേണിയും.. അതെന്തായാലും നന്നായി മാളൂ..

അനന്തേട്ടനൊരു നല്ല ഡോക്ടർ ആണ്.. ഇത്രേം കഷ്ടപ്പെട്ട് പഠിച്ചു ജയിച്ച ആളല്ലേ.. പിന്നെ അടുത്ത മാസം നീയും കോളേജിൽ പോകും.. അപ്പൊ അനന്തേട്ടന്റെ കൂടെ നിനക്കും അങ്ങോട്ട് പോകാമല്ലോ.. മ്മ്.. കഴിച്ച പാത്രം കഴുകിക്കൊണ്ട് മാളു ബാഗിനരികിലേയ്ക്ക് ചെന്നു.. പാത്രംബാഗിലാക്കി വെള്ളവുമെടുത്തു കുടിച്ചുകൊണ്ടവൾ മൂളി.. എന്തായാലും ജീവിതത്തിൽ നീ അനുഭവിച്ച കഷ്ടപ്പാടൊക്കെ മാറാൻ പോവാ മാളൂ.. ഇനിയിപ്പോ നിനക്ക് നല്ല കാലമാണ്.. പഠിച്ചു നല്ലൊരു ജോലി നേടണം നീയും.. അതോടെ നിങ്ങൾ സെറ്റിലാകും.. അവളൊന്ന് പുഞ്ചിരിച്ചു.. എനിക്കെന്റെ അമ്മൂനെ കൂടെ ഒരു നിലയ്ക്ക് എത്തിക്കണം ചേച്ചി..

അവൾ വേണിയോടായി പറഞ്ഞു തീർത്തതും അവളുടെ ഫോൺ ബെല്ലടിച്ചതും ഒന്നിച്ചായിരുന്നു.. അമ്മുവാ.. അവൾ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഫോണെടുത്തു.. ചേച്ചി.. ചേച്ചി എവിടാ.. ഫോണെടുത്തതും അമ്മുവിന്റെ കരച്ചിലായിരുന്നു കേട്ടത്.. എന്താ മോളെ.. ഞാൻ ഷോപ്പിലാ.. എന്ത് പറ്റി.. എന്തിനാ കരയുന്നത്.. ചേച്ചി അയാള്.. അയാള് മുറിക്ക് പുറത്തുണ്ട്.. എനിക്ക് പേടിയാ.. ഒന്നു വാ ചേച്ചി.. അയാളെന്നെ.. എനിക്ക് പേടിയാകുന്നു.. എന്താ മോളെ.. ആരാ.. ആരാ പുറത്ത്.. ചേച്ചി ശോഭനേച്ചിയെ വിളിക്കാം.. ഇവിടെ അടുത്തൊന്നും ആരുമില്ല ചേച്ചി..എല്ലാരും കല്യാണത്തിന് പോയെക്കുവാ.. അയാള് പുറത്തുണ്ട്..കതകിൽ അടിക്കുവാ.. എനിക്ക് പേടിയാ... അടുത്ത നിമിഷം എന്തോ ഉച്ചത്തിലുള്ള ശബ്ദമാണ് കേട്ടത്.. മോളെ.. അവൾ ഭയത്തോടെ വിളിച്ചു.. മറുപുറം നിശബ്ദമായി.. എന്താ മാളൂ.. എന്താ.. ചേച്ചി അമ്മു..അവിടെ ആരോ..

എനിക്ക് പേടിയാകുന്നു.. മീനൂ..നീ അരുണിനെ വിളിച്ചേ.. നീ അനന്തേട്ടനെ വിളിക്ക് മാളൂ.. വേണി.പറഞ്ഞു...അവൾ വേഗം അനന്തനെ വിളിച്ചു.. അനന്തേട്ടാ വേഗം വീട്ടിലോട്ട് ചെല്ലാമോ.. അവിടാരോ അമ്മൂനെ.. എനിക്ക് പേടിയാ.. അത്രയും പറഞ്ഞതും അവളുടെ ഫോൺ ഓഫായി പോയിരുന്നു.. ചെ.. അരുൺ ഇപ്പൊ വരും.. നീ വാ.. നമുക്ക് ലീവ് പറയാം.. മീനു പറഞ്ഞു.. മീനൂ.. എന്റെ അമ്മു.. ഒന്നും സംഭവിക്കില്ല.. നീ വാ . മീനു പറയുമ്പോഴും മാളുവിന്റെ ഉള്ളിൽ ഭയം നിറയുകയായിരുന്നു.. തന്റെ കുഞ്ഞനിയത്തിയുടെ മുഖം അവളുടെയുള്ളിൽ നിറഞ്ഞു.. അറിയാവുന്ന സർവ്വ ഈശ്വരന്മാരെയും വിളിച്ചുകൊണ്ടവൾ പ്രാർത്ഥനയോടെ വേണിക്കും മീനുവിനുമൊപ്പം നടന്നു..........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story