പ്രിയം: ഭാഗം 33

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഒടുവിൽ തെക്കേതൊടിയിലൊരുക്കിയ ചിതയ്ക്കവൻ തീ കൊളുത്തുമ്പോൾ അതുവരെ അവന്റെയുള്ളിൽ നിറഞ്ഞിരുന്ന ദേഷ്യവും വെറുപ്പും വിധ്വേഷവുമൊക്കെയും ആ അഗ്നിയാൽ ശുദ്ധീകരിക്കപ്പെടുകയായിരുന്നു.. ആ മകന്റെ ആത്മാർത്ഥമായ സമർപ്പണത്തിൽ ആത്മസംതൃപ്തിയോടെ മൂകമായി ആ ആത്മാവും ഭൂമിയെ വിട്ടൊഴിഞ്ഞു പോയി കഴിഞ്ഞിരുന്നു.. എന്നെന്നേക്കുമായി.. ********* മതി. അഞ്ചിത പകയോടെ അലറി.. ഇത്ര നല്ലൊരു അവസരം കിട്ടിയിട്ടും നശിപ്പിച്ചു കളഞ്ഞു.. ച്ഛെ.. അവൾ നോക്കിയതും ടോണി തല കുനിച്ചു.. അവൾ കയറി വന്നതുകൊണ്ടാണ്.. ടോണി പറഞ്ഞു.. ദേവനും സമയത്ത് കാലു മാറി..

പിന്നെ അയാളുടെ പെങ്ങളെ കേറിപ്പിടിച്ചാൽ അയാൾ കൂടെ നിൽക്കുമെന്ന് കരുതിയോ..എല്ലാം തന്റെ കുഴപ്പം തന്നെയാ.. ഒരു കാര്യം ഏറ്റാൽ അത് വൃത്തിയായി പ്ലാൻ ചെയ്ത് ചെയ്യാൻ അറിയില്ല.. തന്നെയൊക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.. സോറി മേഡം.. അടുത്ത തവണ ഇങ്ങനെ വരില്ല.. ഞാൻ ശെരിയാക്കാം.. പിന്നേ.. ഇനിയും തന്റെ സേവനം എനിക്കാവശ്യമില്ല.. തനിക്ക് പോകാം.. ബാക്കി ചെയ്യേണ്ടത് എന്താണെന്ന് എനിക്കറിയാം.. നൗ ഗെറ്റ് ഔട്ട്.. അഞ്ചിത പറഞ്ഞു.. മേഡം ഞാൻ.. ക്ലിയർ ഔട്ട്.. അവൾ മദ്യ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു പറഞ്ഞു.. അങ്ങനെ പോയില്ലെങ്കിലോ. അവൻ ക്രൗര്യതയോടെ ചിരിച്ചു.. അവൾ അവനെ നോക്കി..

മേഡം കൂടുതൽ ഭീഷണിപ്പെടുത്തേണ്ട.. നിങ്ങൾ ആരാണെന്നും നിങ്ങളുടെ സ്വഭാവവും ഒക്കെ എനിക്കറിയാം..ഏതായാലും ഞാൻ അവളെ ആഗ്രഹിച്ചു.. കിട്ടിയില്ല.. മേഡം ഒന്ന് മനസ്സുവെച്ചാൽ നമുക്ക് ഹാപ്പിയായി പിരിയാം..എന്താ മാഡം.. അഞ്ചിത ഒന്ന് ചിരിച്ചു.. ടോണി അവളുടെ വശ്യമായ പുഞ്ചിരിയിൽ സ്വയം മറന്നു.. അവൾ എഴുന്നേറ്റു ഗ്ലാസ്സുമായി വിൻഡോയ്ക്ക് അരികിലേക്ക് നടന്നു.. അവൻ പിന്നാലെ ചെന്നവളുടെ ഇടുപ്പിലൂടെ കയ്യിട്ടവളെ തന്നിലേക്ക് ചേർത്തു.. അവളൊന്ന് ചിരിച്ചു.. ശേഷം ജീൻസിന്റെ ബാക്ക് സൈഡിൽ നിന്ന് ഒരു പിസ്റ്റൾ എടുത്തുകൊണ്ട് തിരിഞ്ഞു.. ഞൊടിയിടയിൽ ടോണിയുടെ തിരുനെറ്റിയിൽ അത്ചേർത്തു.. ടോണി തീർത്തും ഞെട്ടിപോയിരുന്നു..

അവൻ പിന്നിലേയ്ക്ക് നീങ്ങി. ഇപ്പൊ പോയാൽ നീ ജീവനോടെ പോകും.. അദർവൈസ്.. ഞാൻ പൊയ്ക്കോളാം.. മ്മ്.. അവൾ മൂളി.. തോക്ക് താഴ്ത്തിയതും അവൻ പുറത്തേക്കോടി.. അഞ്ചിത പുച്ഛത്തോടെ ചിരിച്ചു.. ഇത്തവണ നീ രക്ഷപെട്ടു അനന്താ..പക്ഷെ അഞ്ചിത തോൽവി സമ്മതിക്കില്ല.. ഇനിയെന്റെ ലക്ഷ്യം അവളാണ്.. നിന്റെ പ്രണയം.. അവളുടെ മരണം.. അതെന്റെ കൈകൊണ്ട് നടക്കും.. കാത്തിരുന്നോ നീ... അവൾ പകയോടെ പറഞ്ഞു.. അപ്പോഴും ദൂരെയൊരമ്മ തന്റെ നഷ്ടപ്പെട്ട മകനെയോർത്ത് വിലപിക്കുകയായിരുന്നു.. വേദനിക്കുകയായിരുന്നു.. ********* ഇത്തിരി വെള്ളമെങ്കിലും കുടിക്ക് സൗദമിനി... ശാന്ത പറഞ്ഞു.. അതേ..

നിങ്ങളും കൂടെ ഇങ്ങനെ തളർന്നു പോയാൽ കൊച്ചുങ്ങൾക്ക് വേറെ ആരാ സൗദാമിനി.. ശോഭ ചോദിച്ചു.. എന്നാലും അദ്ദേഹം.. അവരുടെ കണ്ണു നിറഞ്ഞു.. പോയവർ ഇനി മടങ്ങി വരില്ലല്ലോ സൗദാമിനി.. പക്ഷെ നമുക്കൊക്കെ ജീവിച്ചല്ലേ പറ്റൂ.. ദേ പിള്ളേരും ഇതേ അവസ്ഥയിലാ.. നിങ്ങളിങ്ങനെ തളർന്നിരുന്നാൽ അവരെ ആരാ ഒന്നാശ്വസിപ്പിക്കുക.. ശോഭ ചോദിച്ചു.. അവർ വേദനയോടെ കണ്ണുകളൊപ്പി.. തെക്കേ തൊടിയിൽ നിന്നുയർന്ന പുകയുടെ ഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു.. ഇത് കുടിച്ചിട്ട് പോയൊന്ന് കുളിക്ക്.. പിന്നെ ഞങ്ങൾ ഇവിടെയൊക്കെ ഒന്ന് തൂത്തു തുടയ്ക്കട്ടെ.. പിള്ളേര്.. അവരും അപ്പുറത്തുണ്ട്.. അമ്മു അനന്തന്റെ അനിയത്തിയുടെ കൂടെയാണ്..

മാളൂന്റെ കൂടെ അനന്തന്റെ അമ്മയും അവിടെ ആയമ്മയുടെ കൂടെ വന്ന പെങ്കൊച്ചും ഉണ്ട്.. മ്മ്.. അവർ മെല്ലെ എഴുന്നേറ്റു.. അൽപ്പം വെള്ളം തൊണ്ടയിൽ നിന്നിറക്കിയപ്പോൾ പോലും അവർക്ക് അശോകന്റെ ഓർമ്മ വന്നു.. അവർക്ക് മനസ്സ് നീറി.. കഴുത്തിൽ കറുത്ത ചരടിൽ കോർത്ത് ഇട്ടിരിക്കുന്ന താലിയിൽ അവരുടെ പിടുത്തം മുറുകി.. ചെറിയമ്മേ.. മാളുവിന്റെ ശബ്ദം കേട്ട് എല്ലാവരും നോക്കി.. സൗദാമിനി അവളെ നോക്കി.. കണ്ണൊക്കെ ചുവന്ന് കലങ്ങിയിരിക്കുന്നു.. സ്വതവേ വെളുത്ത മുഖം ഒന്നുകൂടി ചുവന്നു വീങ്ങിയിട്ടുണ്ട്.. അവൾ അകത്തേയ്ക്ക് വന്നു.. എന്താ ശോഭേച്ചി.. അവൾ ചോദിച്ചു . അവളുടെ സ്വരം ഇടറിയിരുന്നു.. വെള്ളം പോലും കുടിച്ചിട്ടില്ല മോളെ..

സൗദാമിനിയെ നോക്കി അവർ പറഞ്ഞു.. നിങ്ങള് പൊയ്ക്കോ ശോഭേച്ചി.. ഞാൻ കൊടുത്തോളാം.. അവൾ പറഞ്ഞതും അവർ പുറത്തേയ്ക്ക് പോയി. ചെറിയമ്മേ.. ആർദ്രമായ വിളി.. അവർ നിറകണ്ണുകളോടെ അവളെ നോക്കി.. എന്താ ചെറിയമ്മേ.. ഇങ്ങനെ വെള്ളം പോലും കുടിക്കാതെ വാശി കാണിക്കുന്നത്.. അവൾ ചോദിച്ചു.. പറ്റുന്നില്ല മോളെ.. നിന്റച്ഛൻ.. മാളുവിന് മറുപടി ഉണ്ടായിരുന്നില്ല.. ചെറിയമ്മ ഇപ്പൊ ഈ വെള്ളം കുടിക്ക്.. അവൾ പറഞ്ഞു.. അവൾ കൂടെ നിന്നാ വെള്ളം അവരെ കുടിപ്പിച്ചു.. ചെറിയമ്മ പോയി കുളിച്ചു വാ.. ഞാനിവിടെ ഇരിക്കാം.. അവൾ പറഞ്ഞു.. അവർ കുളിച്ചു വന്ന ശേഷം അവർക്ക് കഞ്ഞി കൊടുക്കുവാൻ ശോഭയെ ഏല്പിച്ചാണ് മാളു മുറിയിലേയ്ക്ക് ചെന്നത്..

അവൾക്ക് വല്ലാത്ത തളർച്ച തോന്നി.. കണ്ണുകൾ പുകയുന്നു.. അച്ഛൻ.. അച്ഛനെന്ന തണൽ.. അതും നഷ്ടമായിരിക്കുന്നു.. അവളുടെ മനസ്സ് നീറി.. വിയർപ്പിന്റെ മണമുള്ള ഓർമ്മകൾ.. ജോലി കഴിഞ്ഞു അച്ഛൻ വരുമ്പോൾ കൊണ്ടുവരുന്ന എണ്ണമയമുള്ള പേപ്പർ പൊതികൾ.. അച്ഛന്റെ തോളിലേറി ഉത്സവം കാണാൻ പോകുന്നത് . ഏട്ടന്റെ കൈപിടിച്ചു കളിപ്പാട്ട കടകളിൽ കൗതുകത്തോടെ പരതുന്നത്... അവൾ പൊട്ടിക്കരഞ്ഞു.. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും മാളു തിരിഞ്ഞുനോക്കി.. അനന്തനാണ്.. അവൾ നിസ്സഹായമായി അവനെ നോക്കി.. അവൻ വാതിൽ ചാരി അവൾക്കരികിൽ വന്നു.. അവളുടെ നെറ്റിയിലേയ്ക്ക് വീണുകിട്ടുന്ന മുടിയിഴകൾ ഒതുക്കിവെച്ചു..

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അച്ഛൻ.. അവനൊന്നും മിണ്ടാതെ അവളെ തഴുകി.. വയ്യ അനന്തേട്ടാ.. മനസ്സിന്റെ നീറ്റൽ... അറിയാടോ.. പക്ഷെ താൻ തളർന്നുപോകരുത്.. അവൻ പറഞ്ഞു.. അനന്തേട്ടാ അച്ഛൻ.. വിശ്വസിക്കാൻ.. എനിക്ക് താങ്ങാൻ പറ്റുന്നില്ല അനന്തേട്ടാ... എന്തോ.. അവൾ വീണ്ടും വീണ്ടും കരഞ്ഞു.. കരഞ്ഞോളൂ.. പക്ഷെ താനിങ്ങനെ തളർന്ന് ഒന്നും മിണ്ടാതെ നിൽക്കല്ലേടോ.. ചെല്ല്.. പോയി കുളിച്ചു വാ.. ഞാൻ പുറത്തുണ്ടാകും.. അമ്മയെയും അച്ഛനെയും വീട്ടിൽ കൊണ്ടാക്കണം.. അച്ചു ഇന്നിവിടെ നിൽക്കട്ടെ.. മ്മ്.. സിത്തു വിളിച്ചിരുന്നു.. അവർക്ക് ലീവ് പെട്ടെന്ന് കിട്ടാഞ്ഞിട്ടാ വരാഞ്ഞത്.. സഞ്ചയനത്തിന് മുൻപ് വരും.. അവളൊന്നും മിണ്ടിയില്ല.. അവനവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു..

പോയി കുളിച്ചു വാ.. അവൻ ആർദ്രമായി പറഞ്ഞു.. അവനിൽ നിന്ന് അകന്നുമാറി മാറ്റുവാനുള്ള വസ്ത്രങ്ങളും എടുത്തവൾ പുറത്തേയ്ക്ക് പോകുമ്പോഴും ഒരു വല്ലാത്ത മൂകത ആ വീട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. അവന്റെ മനസ്സിൽ അശോകന്റെ മുഖം നിറഞ്ഞു.. ആദ്യമായി സുമംഗലിയായി മകൾ വന്നപ്പോൾ ആ കണ്ണിൽ കണ്ട സന്തോഷം.. അവനും വേദന തോന്നി.. മരണം ഒരു വേദനയാണ്.. അവനോർത്തു..ആ നിമിഷം അവന്റെ മനസ്സിൽ കിച്ചുവിന്റെ മുഖം നിറഞ്ഞു.. അവന്റെ ഹൃദയതാളം മുറുകി.. തൊട്ടടുത്ത നിമിഷം അവന്റെ മനസ്സിൽ ആ ഹൃദയതാളത്തെ സാധാരണ ഗതിയിൽ ആക്കുവാൻ പോന്നവളുടെ മുഖം നിറഞ്ഞു.. അവനു പ്രിയപ്പെട്ടവളുടെ..

അവന്റെ മാത്രം മാളുവിന്റെ.. ******** ദേവേട്ടാ.. മാളുവിന്റെ ആർദ്രമായ വിളിയാണ് അവനെ ഓർമ്മകളിൽ നിന്നുണർത്തിയത്.. അവൻ അവളെ നോക്കി.. കത്തികഴിഞ്ഞ ചിത നോക്കി കണ്ണുനീരോടെ നിൽക്കുന്നവനരികിലേയ്ക്കവൾ ചെന്നു നിന്നു.. സന്തോഷമായോ ദേവേട്ടാ.. ദേവേട്ടന്റെ കണ്ണിലെ ആ കരട് പോയില്ലേ.. മാളൂട്ടി.. അവന്റെ സ്വരമിടറി.. മാളു ഞെട്ടലോടെ അവനെ നോക്കി.. അവൻ തല താഴ്ത്തി.. കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി.. മനപൂർവ്വം അല്ല മോളെ.. നമ്മുടെ അച്ഛനല്ലേ... അവൻ പൊട്ടിക്കരഞ്ഞു. മാളുവിനും കരച്ചിൽ വന്നു.. അവളിൽ നിന്നും ഏങ്ങലുയർന്നു.. അവൻ അവൾക്കരികിൽ വന്നു.. അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.

നഷ്ടമായിപ്പോയ ഏട്ടന്റെ കരുതലും സ്നേഹവും അവളിലേക്ക് പകർന്നൊഴുകി.. തെറ്റ് പറ്റിപ്പോയി മോളെ.. എല്ലാരും കൂടെ ഓരോന്ന് പറഞ്ഞ് പറഞ്ഞ് മനസ്സിൽ എന്തൊക്കെയോ കരടുകളായി.. തെറ്റാ പറ്റിയതൊക്കെ.. എന്റച്ഛൻ.. ഒരിക്കലും ആ തെറ്റൊന്ന് തിരുത്താൻ പോലും എനിക്കവസരം കിട്ടിയില്ല മോളെ.. അവൻ പൊട്ടിക്കരഞ്ഞു.. അവളും കരയുകയായിരുന്നു... അനന്തൻ വണ്ടി ആ വീടിന്റെ വേലിക്ക് പുറത്ത് നിർത്തി അകത്തേയ്ക്ക് വരുമ്പോൾ കണ്ടതും ആ കാഴ്ചയായിരുന്നു.. അവൻ അൽപ്പനേരം അവരെ നോക്കി നിന്നു. അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു.. മാളുവിലെ ആ വേദന മാറിയിരിക്കുന്നു.. മറ്റൊരു തീവ്രമായ വേദന അവശേഷിപ്പിച്ചുകൊണ്ട്..

അവനോർത്തു.. ദേവൻ അപ്പോഴാണ് അവനെ കണ്ടത്.. അവൻ മാളുവിൽ നിന്നകന്നു മാറി.. അനന്തൻ പുഞ്ചിരിയോടെ അവർക്കരികിൽ വന്നു.. മാളു അപ്പോഴാണ് അവനെ കണ്ടത്.. അവൾ കണ്ണുതുടച്ചവന് പുഞ്ചിരി നൽകി.. അവനവളെ തന്റെ കയ്യാൽ തന്നോട് ചേർത്തു നിർത്തി.. സോറി അനന്താ.. ഞാൻ.. സോറി പറയേണ്ടത് എന്നോടായിരുന്നില്ല ദേവാ.. പക്ഷെ സമായമൊരുപാട് കഴിഞ്ഞുപോയി.. അവൻ പറഞ്ഞതും ദേവന്റെ മുഖം കുനിഞ്ഞു.. മറ്റുള്ളവരുടെ മുൻപിൽ ഇങ്ങനെ തലതാഴ്ത്തി ഈ ഏട്ടൻ നിൽക്കുന്നത് ഈ അനിയത്തിക്ക് ഇഷ്ടമല്ല.. അനന്തൻ പറഞ്ഞു.. ദേവൻ മുഖം തുടച്ചു.. താനിനിയും കഴിഞ്ഞുപോയതൊക്കെയോർത്ത് വേദനിച്ചു കഴിയാൻ നിൽക്കരുത്.. കഴിഞ്ഞതൊക്കെ കഴിഞ്ഞു..

ഇനി തന്റെ ആവശ്യം ഈ വീട്ടിലുള്ളവർക്കുണ്ട്.. തന്റെ അച്ഛൻ പോയി.. അമ്മയും അനിയത്തിമാരും ഉണ്ടിവിടെ.. അവർക്കൊക്കെ തന്നെ ആവശ്യമുണ്ട് ദേവാ.. താൻ കുറച്ചൊക്കെ മാറണം.. ഇനിയും ഇങ്ങനെ കൂട്ടുകൂടി നടന്നാൽ നഷ്ടം ഈ വീടിനാണ് ദേവാ.. ഇന്ന് തന്റെ അനിയത്തിയെ പോലും ഉപദ്രവിക്കാൻ അവനു ധൈര്യം കൊടുത്തത് തന്റെയീ ദുശീലങ്ങളാണ്.. അമ്മു തന്റെ മാത്രം അനിയത്തിയല്ല ഇപ്പൊ.. അവൾ എനിക്കെന്റെ അച്ചുവിനെ പോലെ തന്നെയാണ്... അതുകൊണ്ട് ഇനിയും താനിങ്ങനെ നടന്നാൽ അവരെ ഞാൻ കൊണ്ടുപോകും ദേവാ.. എന്റെ വീട്ടിലേയ്ക്ക്.. വേണ്ട അനന്താ.. ഞാൻ നോക്കിക്കോളാം അവരെ.. ഇനി ഞാനിങ്ങനൊന്നും ആകില്ല.. ദേവൻ പറഞ്ഞു..

അനന്തനും മാളുവിനും ആ വാക്കുകൾ ഒരാശ്വാസമായിരുന്നു.. മ്മ്. താൻ വാ.. അനന്തൻ അവനെയും കൂട്ടി നടന്നു.. അന്ന് മുഴുവൻ ആ വീട്ടിൽ വല്ലാത്ത ഒരു മൗനം നിറഞ്ഞു നിന്നിരുന്നു..അതിനിടയിലും പല കോണിൽ നിന്നും കരച്ചിൽ ചീളുകൾ മാത്രം ഉയർന്നുകേട്ടു.. ചില നഷ്ടങ്ങൾ അങ്ങനെയാണല്ലോ.. മനസ്സിൽ അതൊരു വലിയ വൃണമായി ഉണങ്ങാതെ കിടക്കും.. ********* മാളൂ.. മാളൂ.. മ്മ്.. അവൾ കണ്ണൊന്ന് ചിമ്മി തുറന്നു.. കണ്ണിന് നല്ല ഭാരം.. അവൾ എഴുന്നേറ്റിരുന്നു.. എന്താടാ.. സുഖമില്ലേ.. അനന്തൻ മാളുവിനരികിൽ ഇരുന്നു.. ഇല്ലനന്തേട്ടാ.. എന്തോ.. തലയ്ക്ക് വല്ലാതെ ഇരിക്കുന്നു.. അവൾ പറഞ്ഞു.. അവൻ അവളുടെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി. അനന്താ..

അപ്പോഴേയ്ക്കും മുറിയുടെ വാതിൽക്കൽ സുധാമ്മ എത്തിയിരുന്നു.. എന്താ അമ്മേ.. അവർ അകത്തേയ്ക്ക് വന്നു.. മോളെ അങ്ങോട്ട് കണ്ടില്ലല്ലോ.. അതാ വന്നത്.. അവർ പറഞ്ഞു.. ഇയാൾക്കെന്തോ വയ്യ എന്നു പറഞ്ഞു.. മ്മ്.. ഇന്നലെയും മോൾക്ക് ക്ഷീണമായിരുന്നല്ലോ.. 41 കഴിഞ്ഞ് വീട്ടിൽ നിന്ന് വന്നതിൽ പിന്നെ എപ്പോഴും ആകെയൊരു മൂകതയാണ്.. അവർ അവളെ അനുതാപതോടെ നോക്കി.. എന്തായാലും മറ്റന്നാൾ നിങ്ങൾ എറണാകുളം പോകുവല്ലേ.. അതിന് മുമ്പ് മോളെ ഡോക്ടറെ ഒന്ന് കാണിക്കണം.. മ്മ്.. അവൻ മൂളി.. മാളു മൗനമായി ഇരിക്കുകയായിരുന്നു.. അവളുടെ മുഖത്തെ പ്രസദമില്ലായ്മയും ക്ഷീണവും അവരിൽ പല സംശയങ്ങളും ഉണ്ടാക്കി..

ആ ചിന്തകൾ സത്യമാകണേ എന്നവർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. ******** കൺഗ്രാറ്റ്‌സ്.. ടെസ്റ്റ് റിസൾട് പോസിറ്റിവ് ആണ്.. രണ്ടാളും ഒരച്ഛനും അമ്മയുമാകാൻ റെഡിയായിക്കോ.. ഡോക്ടർ ശ്രീകലയുടെ വാക്കുകൾ കേട്ടതും മാളു അനന്തനെ നോക്കി.. അവന്റെ കണ്ണുകൾ കലങ്ങിയിരിപ്പുണ്ട്. തീർത്തും അപ്രതീക്ഷിതമായ ഒരു അതിഥി കൂടെ തന്റെ ജീവിതത്തിലേയ്ക്ക് വരുന്നു.. അവൾ അവന്റെ കൈക്ക് മുകളിൽ കൈ ചേർത്തു.. അവനവളുടെ കൈകൾ തന്റെ കൈകൾക്കുള്ളിൽ സുരക്ഷിതമായി ചേർത്തു വെച്ചു.. ഏതായാലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇപ്പോൾ മാളുവിനില്ല.. ക്ഷീണം തളർച്ച ഒക്കെ പ്രഗ്നൻസിയുടെ ഭാഗമാണ്..

പിന്നെ ഇനി ആഹാര കാര്യത്തിലൊക്കെ നല്ലതുപോലെ ശ്രദ്ധിക്കണം.. ഫ്രൂട്ട്സ് ഒക്കെ നല്ലതുപോലെ കഴിക്കണം.. ഒരുപാട് ദൂരയാത്രകൾ ഒഴിവാക്കണം.. റെസ്റ്റ് വേണം.. പിന്നെ ഇലക്കറികൾ ധാരാളം കഴിക്കുന്നത് നല്ലതാണ്.. കൃത്യമായ ഉറക്കം ഭക്ഷണം പിന്നെ ആവശ്യത്തിന് വെള്ളം കുടിക്കണം... മ്മ്.. മാളു മൂളി.. മേഡം ഞാൻ മറ്റന്നാൾ ജോയിൻ ചെയ്യാൻ പോവാണ്.. മാളുവിന്റെ ക്ലാസ്സും സ്റ്റാർട്ട് ചെയ്യും..അപ്പൊ എറണാകുളത്തേയ്ക്ക് മറുവാനാണ് തീരുമാനിച്ചിരിക്കുന്നത്.. അതിനെന്തെങ്കിലും പ്രശ്നം.. ഹേയ്..

അതൊന്നുമില്ല.. മാളവികയ്ക്ക് അങ്ങനെ പറയത്തക്ക ഹെൽത്ത് ഇഷ്യൂസ് ഒന്നും ഇല്ല.. ജോലിക്ക് പോകുന്നതിനും ക്ലാസിന് പോകുന്നതിനും ഒന്നും ഒരു കുഴപ്പവുമില്ല.. പിന്നെ പഠനവും ഒക്കെയായി ബന്ധപ്പെട്ട സ്ട്രെസ്സും ഉറക്കമളയ്ക്കലും ഒഴിവാക്കണം എന്നു മാത്രം...പിന്നെ ഞാൻ കൂടുതലൊന്നും പറയേണ്ടല്ലോ.. അനന്തൻ ഒരു ഡോക്ടർ അല്ലെ.. ഇനി കൺസൾട്ടേഷൻ വേണമെങ്കിൽ അവിടെ ആക്കുകയും ആവാം.. ഇപ്പൊ തൽക്കാലം കുറച്ചു വിറ്റാമിൻ ടാബ്‌ലറ്റ്‌സ് എഴുതിയിട്ടുണ്ട്.. അത് മതി..

ഇപ്പൊ വോമിറ്റിങ്ങും കാര്യങ്ങളും ഒന്നുമല്ലല്ലോ.. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ മാത്രം അതിനുള്ള മെഡിക്കേഷൻ എടുത്താൽ മതി.. ഓകെ ഡോക്ടർ.. താങ്ക് യു.. അവർ സന്തോഷത്തോടെ തലയനക്കി.. ആ മുറിയിൽ നിന്നിറങ്ങുമ്പോൾ മാളുവിന്റെ കൈകൾ അനന്തന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു.. അത്രമേൽ പ്രണയത്തോടെ അവനാ കൈകളെ പൊതിഞ്ഞു പിടിച്ചിരുന്നു.. ആ സന്തോഷവാർത്ത തന്റെ പ്രിയപ്പെട്ടവരെ വിളിച്ചറിയിക്കുമ്പോൾ അന്നുവരെ അനുഭവിക്കാത്ത ഒരു പ്രത്യേക അനുഭൂതി തന്നിൽ നിറയുന്നത് അവൻ അത്ഭുതത്തോടെ തിരിച്ചറിയുന്നുണ്ടായിരുന്നു............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story