പ്രിയം: ഭാഗം 34

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

മുൻപ് പോസ്റ്റ് ചെയ്ത പാർട്ടിലെ അവസാന ഭാഗം തിരുത്തിയിട്ടുണ്ട്.. ആ മുറിയിൽ നിന്നിറങ്ങുമ്പോൾ മാളുവിന്റെ കൈകൾ അനന്തന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു.. അത്രമേൽ പ്രണയത്തോടെ അവനാ കൈകളെ പൊതിഞ്ഞു പിടിച്ചിരുന്നു.. ആ സന്തോഷവാർത്ത തന്റെ പ്രിയപ്പെട്ടവരെ വിളിച്ചറിയിക്കുമ്പോൾ അന്നുവരെ അനുഭവിക്കാത്ത ഒരു പ്രത്യേക അനുഭൂതി തന്നിൽ നിറയുന്നത് അവൻ അത്ഭുതത്തോടെ തിരിച്ചറിയുന്നുണ്ടായിരുന്നു.. ******** വെൽക്കം... വീട്ടിൽ എത്തിയതും കാറിൽ നിന്ന് മാളുവിനെ പിടിച്ചിറക്കി കവിളിൽ അമർത്തിയൊരു മുത്തം കൊടുത്താണ് അച്ചു അവളെ സ്വീകരിച്ചത്.. മാളു അവൾക്കും നൽകി മധുരമാർന്ന ഒരു മുത്തം.. എപ്പോഴാ വാവ വരുന്നത്..

വാവ വന്നാൽ പിന്നെ ഞാൻ ആർക്കും തരില്ല.. ഞാനാ വാവയെ നോക്കുന്നത്.. അച്ചു അവളുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.. കേറിപ്പോ പെണ്ണേ അകത്ത്.. നിന്ന് കൊഞ്ചുവാ.. മാളൂ.. വാ മോളെ.. വന്ന കാലിൽ നിൽക്കാതെ.. സുധാമ്മ പറഞ്ഞു.. അയ്യോ.. ഞാനത് മറന്നു.. അച്ചു അവളെ പിടിച്ചുകൊണ്ട് നടന്നു.. സൂക്ഷിച്ചു നടക്കണെ ഏട്ടത്തി.. ഞാൻ പിടിക്കട്ടെ.. അച്ചുവിന്റെ പിടിത്തവും പറച്ചിലും ഒക്കെ കേട്ട് അനന്തനും മാളുവിനും മിനിയ്ക്കും സുധാമ്മയ്ക്കും ഒക്കെ ചിരി വരുന്നുണ്ടായിരുന്നു.. നീയെന്താ പെണ്ണേ കാണിക്കുന്നത്.. സുധാമ്മ ചോദിച്ചു.. ഏട്ടത്തി പ്രഗ്നന്റ് അല്ലെ.. കേറി പോടി.. പൊട്ടത്തി.. സുധാമ്മ കണ്ണുരുട്ടി..

അച്ചു സങ്കടത്തോടെ മാളുവിനെ നോക്കിയതും അവൾ അച്ചുവിന്റെ തോളിൽ കയ്യിട്ട് അകത്തേയ്ക്ക് നടന്നു.. പുറകെ ചിരിയോടെ അനന്തനും.. നിൽക്ക്.. അതും പറഞ്ഞു സുധാമ്മ അടുക്കളയിലേക്ക് പോയി.. അപ്പോഴേയ്ക്കും മിനി പായസവും എടുത്തു വന്നു.. ദാ.. പായസം.. അമ്മയുടെ സ്പെഷ്യലാണ്.. മിനി പറഞ്ഞു.. അല്ല.. നാട്ടിൽ പോയിട്ട് അപ്പ്വേട്ടൻ എത്തിയില്ലേ.. രാവിലെ എത്തുമെന്ന് പറഞ്ഞിരുന്നല്ലോ.. അച്ഛൻ അപ്പ്വേട്ടനെയും കൊണ്ട് പുറത്തോട്ട് പോയേക്കുവാ.. അച്ചു പറഞ്ഞു.. അപ്പോഴേയ്ക്കും സുധാമ്മ എന്തോ കയ്യിൽ ചുരുട്ടിപ്പിടിച്ചുകൊണ്ടുവന്നു.. മാളുവിനെ അനന്തനൊപ്പം ചേർത്തുനിർത്തി അവരെ ഉഴിഞ്ഞു.. നേരെ അടുക്കളയിലേക്ക് പോയി.. ഈയമ്മ.. അച്ചു ചിരിച്ചു..

കണ്ണു കിട്ടേണ്ട എന്റെ കുട്ട്യോൾക്ക്.. അവർ നിറഞ്ഞ കണ്ണോടെ പറഞ്ഞു.. അപ്പോഴേയ്ക്കും ചന്ദ്രശേഖർ വന്നു.. ചന്ദ്രശേഖറിനൊപ്പം വന്ന അപ്പ്വേട്ടന്റെ കയ്യിൽ നിറയെ കവറുകൾ ഉണ്ടായിരുന്നു.. ദേ കുറെ സ്വീറ്റ്‌സ്.. പിന്നെ എല്ലാവർക്കും ഡ്രെസ്സും.. സാറിന്ന് ഉഗ്രൻ ഷോപ്പിംഗ് ആയിരുന്നു.. അപ്പ്വേട്ടൻ പറഞ്ഞു.. ചന്ദ്രശേഖർ തന്നെ എല്ലാവർക്കും മധുരം എടുത്തു നൽകി.. ആ വീട്ടിലെ ഓരോ മനസ്സിന്റെയും സന്തോഷം അവരുടെയൊക്കെ മുഖത്ത് തന്നെ വ്യക്തമായിരുന്നു.. ആ സന്തോഷം മാളുവിന്റെയും അനന്തന്റെയും മുഖത്തും വ്യക്തമായിരുന്നു.. മോളിങ്ങനെ നിൽക്കേണ്ട.. അവിടെ ഇരുന്നോ.. ഇനിയിപ്പോ നല്ല ശ്രദ്ധ വേണം.. സുധാമ്മ അവളെ പിടിച്ചിരുത്തി.. എന്താമ്മേ..

തന്നെ നോക്കിയിരിക്കുന്ന സുധാമ്മയോടായി മാളു ചോദിച്ചു.. ഈയമ്മയുടെ എത്ര കാലത്തെ മോഹമായിരുന്നു എന്നറിയുമോ ഈ നിമിഷം.. ഒരിക്കൽ എന്റെ ഒരാളുടെ വാശിയിലാ എന്റെ കുഞ്ഞിന്റെ ജീവിതം ഇങ്ങനെ ആയിപ്പോയത്.. സുധാമ്മ പറഞ്ഞതും മാളു അനന്തനെ നോക്കി.. ഒരുപാട് വേദനകൾ ഞാൻ കാരണം അവൻ അനുഭവിച്ചിട്ടുണ്ട്.. അറിഞ്ഞോ അറിയാതെയോ എല്ലാത്തിനും കാരണക്കാരി ഞാനായിരുന്നു.. എന്നിട്ടും വീണ്ടും ഒരിക്കൽ കൂടി അവനെ വിവാഹത്തിന് നിർബന്ധിക്കാൻ തോന്നിയത് അവൻ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാ.. ഞാൻ കാരണം അവൻ ഇങ്ങനെ നീറി നീറി ഒതുങ്ങുന്നത് കാണാൻ വയ്യാഞ്ഞിട്ടാ.. പക്ഷെ എന്റെയാ തീരുമാനം ശെരിയായിരുന്നു...

നീയെന്റെ മോന്റെ ജീവിതത്തിൽ വന്നതോടെ എനിക്കെന്റെ മോനെ തിരിച്ചുകിട്ടി.. പഴയതുപോലെ.. അവർ കണ്ണുതുടച്ചുകൊണ്ട് അനന്തനെ നോക്കി.. ഇപ്പൊ ഈയമ്മയ്ക്ക് ഒരുപാട് സന്തോഷമാണ്.. ഒരുപാട്.. എന്റെ മോന്റെ ജീവിതത്തിൽ നഷ്ടമായതൊക്കെയും തിരിച്ചുകൊണ്ടുവന്നു നീ.. അതും പറഞ്ഞവർ അവളെ പിടിച്ചു ചുംബിക്കുമ്പോൾ അവളുടെയും അനന്തന്റെയും അച്ചുവിന്റെയും അവിടെ നിന്നു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.. അവരുടെയാ വിറയ്ക്കുന്ന കൈകൾ അപ്പോഴും മാളുവിനെ പൊതിഞ്ഞു പിടിച്ചിരുന്നു.. വിലപ്പെട്ട ഒരു നിധിയെന്നോണം.. ******** മാളുവേച്ചി.. അമ്മു ഓടിവന്ന് അവളുടെ അരികിൽ ഇരുന്നു.. പയ്യെ അമ്മൂ..

പിന്നാലെ വന്ന സൗദാമിനി ശാസനയോടെ പറഞ്ഞു.. മാളു വേഗം എഴുന്നേറ്റു.. പതിയെ മോളെ..ചാടി എഴുന്നേൽക്കരുതെ.. സൗദാമിനി വേഗം വന്നവളെ പിടിച്ചിരുത്തി.. അവൾ ചിരിച്ചു.. എനിക്കിപ്പോ ഒരു കുഴപ്പവുമില്ല ചെറിയമ്മേ.. ഇപ്പൊ കുഴപ്പമൊന്നും തോന്നില്ല.. അകത്തൊരാൾ ഉണ്ടല്ലോ.. അപ്പൊ ശ്രദ്ധിക്കണം.. അതിന് പ്രത്യേകിച്ചു ബുദ്ധിമുട്ടുണ്ടാകേണ്ട കാര്യമൊന്നുമില്ല.. സൗദാമിനി ഓർമിപ്പിച്ചു.. ചെറിയമ്മ ഇരിക്ക്.. ഇവിടെ അമ്മ എന്നെ ഇടം വലം തിരിയാൻ സമ്മതിക്കില്ല.. ഞാനൊരു ചായ ഇടാൻ ചെന്നപ്പോ കിടക്കാൻ പറഞ്ഞോടിച്ചു വിട്ടതാ.. ഇവിടെ ഇരുന്നപ്പോൾ ഉറക്കം വന്നു... നിങ്ങൾ വന്നത് അറിഞ്ഞേയില്ല. മാളു പരിഭവം പറഞ്ഞു.. അതങ്ങനെയാ..

അമ്മമാർക്ക് മക്കൾ പത്തും പലതും ഉണ്ടെങ്കിലും എല്ലാവരും വലുത് തന്നെയാ.. അവരുടെ മോന്റെ കുഞ്ഞല്ലേ നിന്റെ വയറ്റിൽ.. ആ കരുതൽ എപ്പോഴും ഉണ്ടാകും.. എന്റെ കുട്ടി അവരൊക്കെ പറയുന്നത് കേൾക്കണം.. മ്മ്.. മാളു മൂളി.. ശേഷം അവരുടെ തോളിലേയ്ക്ക് കിടന്നു.. അമ്മൂ.. എങ്ങനുണ്ട് പഠിത്തമൊക്കെ..ഉഴപ്പുന്നുണ്ടോ നീ.. ഹേയ്.. ഇല്ല മാളുവേച്ചി.. അമ്മു പറഞ്ഞു.. അല്ല ചേച്ചി.. ഈ വയറു വീർത്തു വരുന്നത് എപ്പോഴാ.. നാളെ.. നാളെ രാവിലെ നീ വന്നു നോക്കിയാൽ മതി അമ്മൂ.. അച്ചു അവർക്കുള്ള ജ്യൂസുമായി വന്നു.. ആണോ.. എന്നാൽ ഞാൻ നാളെ രാവിലെ വരാം അമ്മേ.. അമ്മു പറഞ്ഞു.. നിനക്കെന്താ അമ്മൂ.. അവള് വെറുതെ പറയുവാ.. അനന്തൻ അകത്തേയ്ക്ക് വന്നു.. മാളു പുഞ്ചിരിച്ചു..

ഹേയ്.. അനന്തേട്ടന്റെ കുഞ്ഞല്ലേ.. ആണല്ലോ.. അനന്തേട്ടന്റെ കുഞ്ഞായതുകൊണ്ട് നാളെ രാവിലെ വയറ്റിന്ന് ഇറങ്ങി പഞ്ചായത്ത് ഗ്രൗണ്ട് വഴി നാലു റൌണ്ട് ഓടും.. അച്ചു കളിയാക്കി ചിരിച്ചു.. എനിക്കറിയാഞ്ഞിട്ടല്ലേ അച്ചുചേച്ചി.. അമ്മു പറഞ്ഞു.. നീ ചുമ്മാതിരിക്ക് അച്ചൂ.. അവളെ വിഷമിപ്പിക്കാതെ.. അനന്തൻ പറഞ്ഞു.. ഇതൊക്കെ ഒരു രസമല്ലേ അനന്തേട്ടാ.. അവർക്കറിയാം ഞാൻ വെറുതെ പറയുന്നതാണെന്ന്.. അച്ചു പറഞ്ഞതും അമ്മു ചിരിച്ചു.. അല്ല നിങ്ങളെങ്ങനെയാ വന്നത്.. മാളു ചോദിച്ചു.. ദേവേട്ടനാ കൊണ്ടുവന്നത്.. അമ്മു സന്തോഷത്തോടെ പറഞ്ഞു.. ഇന്നലെ 'അമ്മ ചേച്ചീടെ വിശേഷം പറഞ്ഞതും വലിയ സന്തോഷമായിരുന്നു.. പോയി ലഡ്ഡു ഒക്കെ വാങ്ങി വന്ന് എല്ലാടത്തും കൊടുത്തു..

പിന്നെ ഗംഗാധരേട്ടന്റെ വീട്ടിലും കൊണ്ടു കൊടുത്തു.. ഇന്നലെ രാത്രി തട്ടുദോശ ഒക്കെ വാങ്ങിയാ വന്നത്.. പിന്നെ ചേച്ചിക്കും എനിക്കും അമ്മയ്ക്കും അനന്തേട്ടനും ഒക്കെ ഡ്രസ് എടുത്തോണ്ട് വന്നു.. ഇന്നിങ്ങോട്ട് വരുമ്പോഴും കുമാരേട്ടന്റെ കടേന്നു എന്തൊക്കെയോ വാങ്ങി.. ഇപ്പൊ പഴയപോലെ ഒന്നുമല്ല ചേച്ചി.. കുടിക്കാറേയില്ല... രാവിലെ നേരത്തെ ഓട്ടോയും കൊണ്ട് പോകും.. വൈകീട്ട് 7 മണിക്ക് മുൻപ് വരും.. വീട്ടിലേയ്ക്കുള്ള സാധനങ്ങളൊക്കെ വാങ്ങിയാ വരുന്നത്.. മിനിഞ്ഞാന്ന് അമ്മയ്ക്ക് തലവേദനയാണെന്ന് പറഞ്ഞു ഞാൻ ചായ ഇടാൻ ചെന്നപ്പോഴേയ്ക്കും ചായ ഇട്ടിട്ട് നിൽക്കുവായിരുന്നു.. അമ്മു പറഞ്ഞു.. എന്നിട്ട് ദേവേട്ടൻ എന്തിയേ.. താഴെ ഇവിടുത്തെ അച്ഛന്റെ കൂടെ ഇരിപ്പുണ്ട്..

എന്നാൽ ഞാൻ പോയി കാണട്ടെ.. മാളു എഴുന്നേറ്റു.. പതിയെ പെണ്ണേ.. അവൻ എങ്ങും പോകില്ല.. സൗദാമിനി പറഞ്ഞു.. അവളുടെ പോക്ക് നോക്കി ചിരിയോടെ നിൽക്കുന്ന അനന്തനെ സൗദാമിനി നിറഞ്ഞ മനസ്സോടെ നോക്കി നിന്നു.. മകളുടെ ജീവിതം ധാന്യമാക്കിയവനോടുള്ള നന്ദി മുഴുവൻ അവരുടെയാ നോട്ടത്തിൽ ഉണ്ടായിരുന്നു.. മിഴിവോടെ.. ******** ദേവേട്ടാ.. മാളു ഓടി വന്നു.. ദേവനവളെ അത്ഭുതത്തോടെ നോക്കി.. അവളുടെ കണ്ണിലെ സന്തോഷം. തന്നോടുള്ള സ്നേഹം.. അവൻ അവൾക്കൊരു പുഞ്ചിരി നൽകി.. സൂക്ഷിച്ച്.. ചന്ദ്രശേഖർ അവളെ പിടിച്ചു നിർത്തി കണ്ണുരുട്ടി.. അവൾ പുഞ്ചിരിയോടെ ദേവനെ നോക്കി.. ദേവേട്ടൻ ആദ്യമായിട്ടല്ലേ ഇങ്ങോട്ട് വരുന്നത്.. പിന്നെന്താ മുറിയിൽ വരാഞ്ഞെ..

അവൾ ചോദിച്ചു.. ഞങ്ങൾ സംസാരിക്കുവായിരുന്നു.. ദേവൻ ചന്ദ്രശേഖറിനെ നോക്കി പറഞ്ഞു.... എന്നാൽ ദേവേട്ടൻ വാ.. ഞാനിവിടൊക്കെ കാണിച്ചു തരാം..വാ.. നീ ഒന്നിവിടെ ഇരിക്ക് മാളൂ.. ഇപ്പൊ ഇങ്ങനെ ഓടി നടക്കാതെ.. ദേവൻ സ്നേഹത്തോടെ ശാസിച്ചതും മാളു ചിരിച്ചു.. അല്ല ദേവേട്ടൻ വെള്ളം വല്ലോം കുടിച്ചോ.. മ്മ്.. അവൻ മൂളി.. പിന്നെ മേശയിൽ വെച്ചിരുന്ന കവറുകൾ എടുത്തവൾക്ക് നൽകി.. അവളത് വാങ്ങി.. അച്ഛന് പുഞ്ചിരി നൽകി.. ശേഷം അടുക്കളയിലേക്ക് നടന്നു.. ദേവനെ കണ്ടിട്ട് നിലത്തൊന്നുമല്ല മാളൂട്ടി.. ചന്ദ്രശേഖർ പറഞ്ഞു.. അറിയാം.. ഒരുപാട് ഇഷ്ടമാ അവൾക്കെന്നോട്.. പണ്ടും അങ്ങനെയായിരുന്നു.. അമ്മൂനെക്കാളും എന്റെ കയ്യിൽ തൂങ്ങി നടന്നു വളർന്നത് അവളാണ്..

അച്ഛൻ ഞങ്ങളെ അങ്ങനെയാ വളർത്തിയത്..പിന്നെ എപ്പോഴോ ഞാൻ വഴിതെറ്റി പോയി.. അപ്പോഴും അവൾ എന്നോട് സ്നേഹമായിട്ടാ നിന്നത്.. അപ്പോഴും എനിക്ക് വേണ്ടി കഴിയുന്നതൊക്കെ അവൾ ചെയ്തു.. ഈ ഓട്ടോ പോലും അവൾ വാങ്ങി തന്നതാണ്.. പലപ്പോഴും സിസി മുടങ്ങുമ്പോ പോലും അവളാ അതടച്ചിരുന്നത്... എല്ലാം തിരിച്ചറിയാൻ ഒരുപാട് വൈകിപ്പോയി.. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്.. ഒന്നിനും സഹായിക്കാൻ പോലും ആരുമില്ലാഞ്ഞിട്ടും എന്റമ്മ അവളെ കൈപിടിച്ചു കൊടുത്തത് അത്ര നല്ല ഒരാൾക്കണല്ലോ എന്ന സന്തോഷം.. നിങ്ങളൊക്കെ അവളെ സ്നേഹിക്കുന്ന കാണുമ്പോ വല്ലാത്ത ഒരു ബഹുമാനം തോന്നുന്നുണ്ട് നിങ്ങളോടൊക്കെ.. അവൻ പറഞ്ഞു..

അയാൾ ചിരിച്ചു.. ദേവൻ അയാളെ നോക്കി.. സത്യത്തിൽ തന്നോട് എന്താ പറയേണ്ടത് എന്നറിയില്ല ദേവാ.. താൻ ഞങ്ങളോട് നന്ദിയും കടപ്പാടും പറയുന്നു.. ആദ്യത്തെ വിവാഹം വരെ എന്റെ മോൻ എങ്ങനെയായിരുന്നു എന്നെനിക്ക് പറഞ്ഞുതരാൻ അറിയില്ല..പക്ഷെ അതിന് ശേഷം അവനൊരുപാട് മാറി.. അവനെ മാറ്റി.. അവൾ.. ഒരുപാട് സഹിച്ചു.. പിന്നെ അവൻ പ്രതികരിച്ചു.. അത് സഹികെട്ടപ്പോഴാണ്.. ഒരു ഭർത്താവും ഒരു ഭാര്യയെയും അവളുടെ സ്വന്തം സഹോദരനെയും കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടപ്പോൾ.. ദേവൻ അയാളെ നോക്കി.. കേസും കോടതിയും ഡിവോഴ്‌സും ജയിലും.. എല്ലാം കഴിഞ്ഞു വന്നപ്പോൾ അവൻ വല്ലാതെയായി..

ആരോടും മിണ്ടാതെ എപ്പോഴും ആ മുറിയും കുറെ പുസ്തകങ്ങളും പിന്നെ അവനടുത്ത കുറച്ചു സൗഹൃദങ്ങളും മാത്രമുള്ള ലോകം... ആ ലോകത്ത് അവൻ ഓരോ ദിവസവും ഒറ്റപ്പെട്ടു ജീവിക്കുന്നത് കണ്ടു വേദനിച്ചു നിന്നിട്ടുണ്ട് ഞങ്ങൾ.. പക്ഷെ അതൊക്കെ മാറ്റിയത് മാളുവാണ്..അവൻ നാളെ ജോയിൻ ചെയ്യാൻ പോകുകയാണ് തിരിച്ച്.. ഞങ്ങളുടെ മകനെ ഞങ്ങൾക്ക് തിരിച്ചു തന്നത് അവളാണ്.. അവൾ ഞങ്ങളുടെ ഭാഗ്യമാണ് ദേവാ.. ദേവൻ പുഞ്ചിരിച്ചു.. അല്ല നിങ്ങളിങ്ങനെ കഥപറഞ്ഞിരിക്കുവാണോ.. വാ. ഊണ് കഴിക്കാം.. സുധാമ്മ പറഞ്ഞു.. ഊണും കഴിഞ്ഞു സന്തോഷമായിട്ടാണ് അവർ മടങ്ങിയത്.. ******** എന്താണ് ഒരാലോചന.. മാളു കിടക്കാൻ വന്നപ്പോഴും അനന്തനേതോ ഓർമ്മയിൽ ഇരിക്കുകയായിരുന്നു.. അവനവളെ നോക്കി സൗമ്യമായി പുഞ്ചിരിച്ചു.. അവളും.. ശേഷം അവനരികിൽ ഇരുന്നു.. എന്താ അനന്തേട്ടാ.. താൻ പോകാനുള്ളതൊക്കെ എടുത്തു വെച്ചോ.. മ്മ്.. മാളു മൂളി..

ആ ഫ്ലാറ്റ്.. അങ്ങോട്ട് പോകുന്നതോർത്താണോ വിഷമം.. അതുമുണ്ട്.. അത് മാത്രമല്ല.. നാളെ നമ്മൾ പോകുമ്പോൾ അച്ചുവിനെ കൂടെ കൊണ്ടുപോയാലോ എന്നാ ആലോചന... അവൾക്ക് ക്ലാസ്സില്ലേ.. അതുമല്ല ഞാനും ക്ലാസ്സിൽ പോയാൽ അവൾക്ക് ബോറാകില്ലേ.. ക്ലാസ് തനിക്ക് ഇടയ്ക്ക് പോയാൽ മതി.. ആ കോളേജിന്റെ ഉടമയെ എനിക്കറിയാം.. കാര്യങ്ങൾ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.. പിന്നെ തന്നെ ഒറ്റയ്ക്ക് ഫ്ലാറ്റിൽ നിർത്താനും പറ്റില്ല.. അഞ്ചിതയെ പേടിയാണോ അനന്തേട്ടാ.. മാളു മുഖവുരയില്ലാതെ ചോദിച്ചു.. അതും ഉണ്ട്.. ഇല്ലെന്ന് തന്നോട് കള്ളം പറയുന്നത് എന്തിനാ.. തന്നെ അവിടെ ഒറ്റയ്ക്കാക്കി പോയാൽ എനിക്കൊരു മനസമാധാനവും കിട്ടില്ല. ഇവിടെ നിർത്തി പോകാനും പറ്റില്ല..

ഈ പോക്ക് ഇങ്ങനെ ആകട്ടെ. അച്ചൂനേം കൂടെ കൂട്ടാം.. അടുത്ത പോക്കിന് അച്ഛനെയും അമ്മയെയും കൂടെ കൊണ്ടുപോകാം.. ഇവിടെ മിനിയേച്ചിയും അപ്പ്വേട്ടനും ഉണ്ടല്ലോ.. മ്മ്.. മാളു മൂളി.. അനന്തേട്ടൻ പേടിക്കേണ്ട... ഒന്നും സംഭവിക്കില്ല. ഇപ്പൊ കുറച്ചുനാളായി അവളുടെ ശല്യമൊന്നും ഇല്ലല്ലോ.. മാളു പറഞ്ഞു.. പേടിയല്ല മാളൂ.. അവൾ ഒരു പ്രത്യേക ഇനമാണ്..എപ്പോൾ എന്ത് ചെയ്യും എന്നൊന്നും ഊഹിക്കാൻ പറ്റില്ല.. എന്നു മാത്രമല്ല അവളൊരു അവസരത്തിനായി കാത്തിരിക്കുകയാകും ഇപ്പോൾ..അതാണ് അവളുടെ സ്വഭാവം.. അന്ന് ആര്യന്റെ വിവാഹം.കഴിഞ്ഞ സമയത്തും ഇതുപോലെ അവളുടെ പിൻവലിയൽ ഞാൻ കണ്ടതാണ്... അന്നവളെ ശ്രദ്ധിക്കാതെ പോയതുകൊണ്ട് നഷ്ടങ്ങൾ മാത്രമേ ഉണ്ടായുള്ളൂ..

അവൾ പകപോക്കാൻ കാത്തിരിക്കുകയാണ്.. നമ്മുടെ തൊട്ടു പിന്നിൽ ഉണ്ടാകും അവൾ.. ഒരു നല്ല അവസരം കിട്ടാൻ നോക്കി ഇരിപ്പുണ്ടാകും.. ഇപ്പോൾ നമ്മൾ ഒരുപാട് സന്തോഷിക്കുന്ന സമയമാണ് എന്നവൾക്കറിയാം.. ഈ സമയമാണ് പ്രതികരിക്കാൻ നല്ലത് എന്നും തോന്നുന്നുണ്ടാകും.. ഇനിയൊരു നഷ്ടം എനിക്ക് താങ്ങാനാകില്ല മാളൂ.. പ്രത്യേകിച്ച് എനിക്ക് മുന്പിലുള്ളത് നീയും നമ്മുടെ കുഞ്ഞും ആകുമ്പോൾ.. അവൾക്ക് പക എന്നോടാണ്.. അതിനായി അവൾ നിന്നെയോ കുഞ്ഞിനെയോ ടാർജറ്റ് ചെയ്താൽ.. അനന്തൻ അവളെ നോക്കി.. ഇപ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നു മാളൂ.. അന്ന് അവളെയും കൂടെ കൊല്ലണമായിരുന്നു.. അനന്തൻ ദേഷ്യത്തിൽ പറഞ്ഞു.. മാളു മെല്ലെ ചിരിച്ചു.. എന്ത് പറ്റിയിത്..

അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ.. പിന്നെ അഞ്ചിത.. നമുക്ക് നോക്കാം അവരിനി എന്ത് ചെയ്യുമെന്ന്.. അതെന്തായാലും നമ്മളൊന്നിച്ചു നേരിടും.. ശ്രദ്ധിക്കാം നമുക്ക്.. ഓരോ ചുവടിലും.. പോരെ.. മാളു പറഞ്ഞു.. അവനവളെ ചേർത്തുപിടിച്ചു. അവനറിയാം.അവളുടെ മനസ്സിലും ആധിയുണ്ടെന്ന്.. പക്ഷെ അവളത് പുറത്തു കാണിക്കില്ല.. തനിക്ക് വേണ്ടി.. അവനോർത്തു.. കിടക്കാം.. താൻ ഉറക്കമളയ്ക്കേണ്ട.. അവൻ പറഞ്ഞു.. രാത്രി എന്തെങ്കിലും ആവശ്യത്തിന് എഴുന്നേൽക്കുന്നുണ്ടെങ്കിൽ എന്നെ കൂടെ വിളിക്കണേടാ.. ഒറ്റയ്ക്ക് ചാടി എഴുന്നേറ്റു പോകരുത്.. ഉറങ്ങിയാലും വിളിച്ചാൽ മതി.. മ്മ്.. മാളു മൂളി.. ശേഷമവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

ഡോക്ടർ സർ ലൈറ്റ് ഓഫാക്കി കിടക്ക്.. കുഞ്ഞിന്റെ അച്ഛന്റെ ഉറക്കവും ഇമ്പോർട്ടൻറ് ആണ്.. അമ്മയെ നോക്കണമെങ്കിൽ അച്ഛനും ആരോഗ്യം വേണം.. മാളു പറഞ്ഞു.. അവനവ‌ളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. ശേഷം ലൈറ്റോഫാക്കി അവളെയും ചേർത്തുപിടിച്ചു മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു... ******** വർഷങ്ങളായി അടഞ്ഞു കിടന്നയാ ഫ്ലാറ്റിന്റെ വാതിൽ തുറക്കുമ്പോൾ അനന്തന്റെ കൈകളൊന്ന് വിറച്ചു.. അവസാനമായി ഇവിടെ നിന്നിറങ്ങിയ ദിവസം ഓർമ്മ വന്നു.. അന്ന് അഞ്ചിതയുമായി ഇറങ്ങി ഓടുമ്പോൾ അകത്ത് ചോരയിൽ കുളിച്ചൊരു മൃതദേഹം കിടപ്പുണ്ടായിരുന്നു.. അനന്തൻ പരിഭ്രമിച്ചു നിൽക്കുന്നത് കണ്ടതും മാളു അവന്റെ കൈകളിൽ ഭദ്രമായി പിടിച്ചു..

ഞാനുണ്ട് കൂടെ എന്നു പറയാതെ പറയും പോലെ.. അനന്തനത് വല്ലാത്ത ഒരു ധൈര്യമായിരുന്നു.. അവൻ വാതിൽ തുറന്നു.. അകത്തേയ്ക്ക് കാലെടുത്തു വെച്ചതും അവൻ തറഞ്ഞു നിന്നുപോയി.. നിലത്താകെ ചോര.. ചോരയിൽ കുളിച്ചു കിച്ചു കിടക്കുന്നു.. സാധനങ്ങളൊക്കെ ചിതറി കിടക്കുന്നു.. ചോരയുടെ ദുർഗന്ധം.. അവൻ പെട്ടെന്ന് പിന്നോട്ട് മാറി.. മാളു അവന്റെ കയ്യിൽ ഒന്നുകൂടി മുറുക്കിപിടിച്ചു.. അവൻ അവളെ നോക്കി.. നിസ്സഹായമായി.. അവൾ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു.. മുഴുവൻ പൊടിയാ അല്ലെ ഏട്ടാ.. അച്ചുവിന്റെ ശബ്ദം.. അവൻ ഒന്നുകൂടി ചുറ്റും നോക്കി.. ചോരയില്ല.. മൃതദേഹവും ഇല്ല.. സാധനങ്ങളൊക്കെ അടുക്കി ഒതുക്കി വെച്ചിരിക്കുന്നു...

ഒരുപാട് നാളുകൾ ആയതിനാൽ പൊടിയാണ് മുഴുവൻ.. ഇന്ന് ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല.. ഏട്ടത്തിയെയും കൊണ്ട്.. എല്ലാം ഒന്ന് അറേഞ്ച് ചെയ്ത ശേഷം വന്നാൽ മതിയായിരുന്നു.. അച്ചു പറഞ്ഞു.. അതൊന്നും കുഴപ്പമില്ല.. നമ്മൾ മൂന്ന് പേരില്ലേ.. പെട്ടെന്ന് ക്ലീനാക്കാം.. മാളു പറഞ്ഞു.. അയ്യട മോളെ.. അടങ്ങി ഒരിടത്ത് ഇരുന്നോ.. ഞാനും ഞാനുമെന്റെ ഏട്ടനും കൂടെ വൃത്തിയാക്കും.. പൊന്നുമോള് അടങ്ങി ഇരുന്നോണം.. സുധാമ്മ എല്ലാം ഏൽപ്പിച്ചാ ഇങ്ങോട്ട് വിട്ടത്..മരുമോളെ തട്ടാതേം മുട്ടതേം ഒരു മൂലയ്ക്ക് അടക്കി ഇരുത്തിക്കോണം എന്ന്.. അച്ചു പറഞ്ഞതും മാളു പുഞ്ചിരിച്ചു.. ഏതായാലും നല്ലൊരു ജോലിയുണ്ട്.. അനന്തേട്ടാ.. സ്വപ്നം കണ്ടോണ്ട് നിൽക്കാതെ പോയി ബാഗൊക്കെ വെച്ചിട്ട് വാ..

ഇവിടൊക്കെ ക്ലീൻ ആക്കേണ്ടതാ.. മ്മ്.. അനന്തൻ മാളുവിനെ ഒന്ന് നോക്കി..ശേഷം മുറിയിലേയ്ക്ക് നടന്നു.. ബെഡ്റൂമിന്റെ വാതിൽക്കൽ എത്തിയതും അകത്തുനിന്ന് ഒതുക്കിപ്പിടിച്ചുള്ള കൊഞ്ചലും സംസാരവും അവൻ കേട്ടു.. വാതിൽ തുറന്നതും സഹോദരന്റെ കൂടെ കിടക്ക പങ്കിടുന്ന അഞ്ചിതയെ അവൻ കണ്ടു.. ഓരോ ഓർമ്മകളും അവനെ വീണ്ടും കുത്തി നോവിച്ചു.. എല്ലാം കഴിഞ്ഞു പോയി അനന്തേട്ടാ.. ഇപ്പൊ അനന്തേട്ടന്റെ കൂടെ മാളുവാണ്.. മാളു സാന്ദ്രമായി പറഞ്ഞു.. അറിയാഞ്ഞിട്ടല്ലേടോ.. ചില ഓർമ്മകൾ അങ്ങനെയാണ്.. എത്ര മറവിയിലേയ്ക്ക് തള്ളിയിട്ടാലും പോകില്ലെന്ന് വാശിയോടെ നിൽക്കും.. മിഴിവോടെ ഇടയ്ക്കിടെ തെളിഞ്ഞു വരും.. അത് നമ്മളെ കുത്തി നോവിക്കും.. അത് നമ്മളെ വേദനിപ്പിക്കും.. ഭ്രാന്തമാക്കും.. അനന്തൻ പറഞ്ഞു.. ജീവിതത്തിൽ നടക്കുന്നതിനെയൊക്കെ മറക്കാൻ ശ്രമിക്കുകയല്ല വേണ്ടത്.. അവിടെയാണ് നമുക്ക് തെറ്റുന്നത്...

അതുമായി പൊരുത്തപ്പെടണം.. അതിനോടൊപ്പം ജീവിക്കണം.. അത്ര തന്നെ.. അന്നീ ഫ്ലാറ്റിലും മുറിയിലും നടന്നതൊക്കെയും അനന്തേട്ടൻ കണ്ടതാണ്.. അനുഭവിച്ചതാണ്.. അതുമായി പൊരുത്തപ്പെട്ടെ പറ്റൂ.. അതൊക്കെ കഴിഞ്ഞുപോയി.. അനന്തേട്ടന്റെ കൈകൊണ്ട് സംഭവിച്ച തെറ്റിന് നിരുപാധികം നിങ്ങൾ ശിക്ഷയും.അനുഭവിച്ചു.. ചതിക്കപ്പെട്ടവന്റെ വേദന ജീവനുള്ളിടത്തോളം മാഞ്ഞു പോകില്ല. പക്ഷെ ഇന്നാ ചതിയ്ക്കും മുകളിൽ അനന്തേട്ടനൊരു ജീവിതമുണ്ട്.. ഞാനും കുഞ്ഞുമുണ്ട്.. ഞങ്ങൾക്കായി ഒക്കെയും അംഗീകരിക്കണം അനന്തേട്ടാ.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനിയിത് നമ്മുടെ വീടാണ്.. നമുക്കിവിടെ പുതിയ ഓർമ്മകൾ രചിക്കാനുണ്ട്.. പരസ്പരം ഒരുപാട് സ്നേഹിക്കാനുണ്ട്.. കുറുമ്പ് കാട്ടാനുണ്ട്.. ചിരിക്കാനും വഴക്കിടാനും ഉണ്ട്.. ഈ ഓരോ കോണിലും പുതിയ പുതിയ ഓർമ്മയുടെ ചിത്രങ്ങൾ കോറിയിടാനുണ്ട്.. മാളു പറഞ്ഞു..അനന്തനവളെ നോക്കി..

നമ്മുടെ കുഞ്ഞിന്റെയും നമ്മുടെയും കൂടെ വീടാണ് ഇത്.. അച്ചുവിന്റെ.. അമ്മയുടെ അച്ഛന്റെ.. ഒക്കെ വീടാണ്..നമുക്കിവിടെ ജീവിക്കണം അനന്തേട്ടാ.. സന്തോഷമായി ജീവിക്കണം.. ഇവിടെ വെച്ചു ചതിച്ചവരൊക്കെ ആ സന്തോഷം കാണട്ടെ. അങ്ങനെ മറുപടി നൽകാം നമുക്ക്.. അവൾ പറഞ്ഞതും അവനവളെ ചേർത്തുപിടിച്ചു.. നീയെനിക്ക് വല്ലാത്തൊരു ബലമാണ് മാളൂ.. അവൻ പറഞ്ഞു.. അവൾ പുഞ്ചിരിച്ചു.. വേഗം ഈ സങ്കടമൊക്കെ മാറ്റിവെച്ചു വാ.. നമുക്കിവിടെ മൊത്തത്തിൽ ഒന്ന് വൃത്തിയാക്കണം.. അച്ചു പറഞ്ഞപോലെ എല്ലാം ഒന്ന് റീ അറേഞ്ച് ചെയ്യണം.. പാല് കാച്ചണം.. ജീവിച്ചു തുടങ്ങണം.. നാളെ ജോയിൻ ചെയ്യേണ്ടേ.. മ്മ്.. അവൻ മൂളി..

എന്നാൽ വേഗം ഈ ഡ്രെസ്സൊക്കെ മാറി വാ.. അവൾ പറഞ്ഞതും അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചവൻ അവളിൽ നിന്ന് അടർന്നു മാറി.. എത്ര നിർബന്ധിച്ചിട്ടും ചെറിയ ജോലികളൊക്കെ മാളു ചെയ്തു.. ആ ഒരു ദിവസം കൊണ്ട് തന്നെ ആ വീടിനെ മൊത്തത്തിൽ അവരൊന്ന് മാറ്റിഎടുത്തു.. രാത്രി ഭക്ഷണം വരുത്തിച്ചു കഴിച്ചു.. ആ കുറച്ചു നിമിഷങ്ങൾകൊണ്ടുതന്നെ മറ്റെല്ലാ ചിന്തകളും അവനിൽ നിന്ന് പോയിരുന്നു.. അതല്ലെങ്കിൽ അച്ചുവും മാളുവും ചേർന്ന് അവയൊക്കെയും മായ്ച്ചിരുന്നു.. സമർത്ഥമായി.. ********* രാജശേഖരന്റെ വീട്ട് മുറ്റത്തേക്ക് 6 മാസത്തിനപ്പുറമുള്ള പ്രഭാതത്തിൽ തന്നെയാ ബുള്ളറ്റ് പാഞ്ഞു വന്നു നിന്നു.. അതിൽ നിന്നിറങ്ങിയ 6 അടിക്ക് മുകളിൽ പൊക്കവും ഒത്ത വണ്ണവുമുള്ള ആളെ കൗസല്യ സൂക്ഷ്മമായി നിരീക്ഷിച്ചു.. എഡ്വിൻ തോമസ്.. കിച്ചുവിന്റെ ഏറ്റവുമടുത്ത ചങ്ങാതിമാരിൽ ഒരാളായിരുന്നവൻ..

കിച്ചു അവന്റെ വലം കൈ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം... പിന്നീട് ഇടയിലെപ്പോഴോ അവൻ ദുബായിലേയ്ക്ക് പറന്നിരുന്നു..അതിന് ശേഷം എപ്പോഴോ ഡൽഹിയിൽ ആണെന്ന് കിച്ചു പറഞ്ഞറിഞ്ഞിരുന്നു.. ഇതിപ്പോൾ വർഷങ്ങൾക്ക് ശേഷമുള്ള വരവാണ്.. കൗസല്യ ആലോചനയോടെ നിന്നു.. എന്താ ആന്റി.. ആളെ മനസ്സിലായില്ലേ.. എഡ്വിൻ ചോദിച്ചു.. മനസ്സിലായി.. കേറി വാ.. അവർ പുഞ്ചിരിച്ചു.. ആ പുഞ്ചിരിയിലും അവരൊളിപ്പിക്കുന്ന വേദന അവൻ കണ്ടു.. വീട്ടിൽ എല്ലാവരും എന്ത് പറയുന്നു മോനെ.. ചായ നല്കുന്നതിനിടയിൽ കൗസല്യ ചോദിച്ചു.. സുഖമായി ഇരിക്കുന്നു.. ഡാഡിയും മമ്മിയും യു എ ഇയിൽ തന്നെയാണ്.. ഞാൻ ഇച്ഛായനൊപ്പം ഡൽഹിയിൽ ആയിരുന്നു കുറച്ചു നാൾ.. പിന്നെ ഇടയ്ക്ക് അങ്ങോട്ടും പോകും.. കുറച്ചു തിരക്കിലായിരുന്നു.. ഇങ്ങോട്ട് വരാൻ കഴിയാത്ത ഒരു സാഹചര്യത്തിലും.. അതാ ഞാൻ.. ഒക്കെ അറിഞ്ഞിട്ടും..

അവൻ അവരെ നോക്കി.. എല്ലാം എന്റെ തെറ്റാ.. അഞ്ചു അങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പോഴേ വിലക്കിയില്ല.. നല്ല പയ്യൻ.. ഡോക്ടർ.. നല്ല കുടുംബം.. പറഞ്ഞിട്ടെന്താ.. വാശി പിടിച്ചവൾ നേടിയതായിരുന്നു. അതിന്റെയൊക്കെ ദേഷ്യവും ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം.. ഒരുപാട് സഹിച്ചു അവൾ.. എന്നോടിപ്പോഴും കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല.. ഒരു പാത്രത്തിൽ ആഹാരം കഴിച്ചു ഒന്നിച്ചു ഉറങ്ങിയും കളിച്ചും നടന്നിരുന്നവരാണ് കിച്ചുവും അവളും.. പുറത്തെത്ര വലിയ തെമ്മാടി ആയിരുന്നാലും ഇതിനുള്ളിൽ അവൻ അവളുടെ സ്വന്തം ഏട്ടനായിരുന്നു.. കൈവെള്ളയിൽ വെച്ചാ അവൻ അവളെ കൊണ്ടുനടന്നത്..മോനറിയാമല്ലോ. നിങ്ങളൊക്കെ വരുമ്പോഴും എത്ര ഉത്സാഹത്തോടെ ഓടി നടന്നു കുട്ടിയാ..

ഇപ്പൊ ഉള്ളിൽ അവനോടുള്ള ദേഷ്യമാണ്.. എനിക്കുമുണ്ട് ദേഷ്യം.. എന്റെ കുഞ്ഞുങ്ങളെപ്പറ്റി എന്തൊക്കെ പറഞ്ഞു അവൻ... മോൾക്ക് ആരോടൊക്കെയോ ബന്ധമുണ്ടെന്നും ഒക്കെ പറഞ്ഞു നടന്നിരുന്നുവത്രെ.. പക്ഷെ ഇനിയും അതും പറഞ്ഞിരുന്നിട്ട് കാര്യമുണ്ടോ.. അവൻ വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു..അവളോ.. കൗസല്യ കണ്ണു തുടച്ചു.. എഡ്വിൻ മറുപടിയൊന്നും പറഞ്ഞില്ല.. അങ്കിളും അഞ്ജുവും.. രാജേട്ടൻ ഇന്നൊരു മീറ്റിങ്ങിന് പോയിരിക്കുവാ.. വെളുപ്പിനെ പോയി.. അവൾ ടെറസിൽ കാണും.. അവർ പറഞ്ഞു.. ഞാൻ അഞ്ചിതയെ ഒന്ന് കണ്ടോട്ടെ ആന്റി.. അവൻ ചോദിച്ചു.. അതിനെന്താ.. അവൾ ടെറസിൽ കാണും..അവിടെയാണ് എപ്പോഴും.. ഞാൻ വിളിക്കാം.. വേണ്ട ആന്റി.. വിരോധമില്ലെങ്കിൽ ഞാൻ അങ്ങോട്ട് പോയികണ്ടോളാം.. അതുമല്ല എനിക്ക് കിച്ചുവിന്റെ റൂം ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്..

അവൻ പറഞ്ഞു.. മോൻ പൊയ്ക്കോ.. അവർ പറഞ്ഞതും അവനെഴുന്നേറ്റ് മുകളിലേയ്ക്ക് നടന്നു.. ******** പറയ് അഞ്ചിതാ... എന്തിനാ നീയെന്നെ വീണ്ടും വരുത്തിയത്.. എഡ്വിൻ ചോദിച്ചു.. അനന്തൻ.. അവൾ പറഞ്ഞു.. കൊല്ലാനാണോ.. മ്മ്.. പക്ഷേ അവനെയല്ല.. എഡ്വിൻ അവളെ നോക്കി.. മാളവിക.. അവന്റെ ഭാര്യ.. പിന്നെ അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞും.. അഞ്ചിത പറഞ്ഞു.. അത് എനിക്ക് സിംപിൾ ആണ്.. അറിയാം.. അതുകൊണ്ടാണ് നിങ്ങളോട് തന്നെ വരാൻ പറഞ്ഞത്.. അവൾ അവനെ നോക്കി.. ഓകെ.. പക്ഷെ ഒന്നറിയണം.. പകരം എന്ത് തരും.. എത്ര വേണം.. അവൾ അവനെ നോക്കി.. എത്ര വരെ തരും.. 1കോടി.. അവൾ പുച്ഛത്തോടെ ചിരിച്ചു.. ഹ്യൂജ് എമൗണ്ട് ആണല്ലോ.. എനിക്കത് ഒരു പ്രശ്നമല്ല.. അഞ്ചിത പറഞ്ഞു.. പക്ഷെ എനിക്ക് അത് പോര.. അവൻ ചിരിച്ചു.. അവൾ സംശയത്തോടെ അവനെ നോക്കി.. പിന്നെ.. പിന്നെന്ത് വേണം..

എത്ര വേണമെങ്കിലും പറഞ്ഞോ.. അവൾ ചോദിച്ചു.. ടു ബി ഫ്രാങ്ക്.. എനിക്ക് ആവശ്യം നിന്നെയാണ്..ഐ നീഡ് ടു മാരി യു.. അഞ്ചിത ഞെട്ടി അവനെ നോക്കി.. പിന്നെ ഒന്ന് ചിരിച്ചു.. നിങ്ങൾക്ക് ഭ്രാന്താണോ എഡ്വിൻ.. ഇത്രയും നല്ലൊരു ഓഫർ നിരസിച്ച് എന്നെ ചോദിക്കാൻ.. വിഡ്ഢിയായോ താൻ.. അവൾ ചോദിച്ചു.. വിഡ്ഢിത്തം ആകാം.. പക്ഷെ ഐ നീഡ് യു അഞ്ചിതാ..ഇഷ്ടമായിരുന്നു നിന്നെ.. അവൻ അവളെ നോക്കി പറഞ്ഞു.. ഒരു വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല.. ആലോചിക്കുവാനാണ് പറഞ്ഞത്.. അവൻ പറഞ്ഞു.. മ്മ്.. അവൾ മൂളി.. പക്ഷെ അതിന് മുമ്പ് എന്റെ മനസ്സിലുള്ള ഒരു സംശയം ഞാൻ ചോദിച്ചോട്ടെ അഞ്ചിതാ.. അവനവളെ നോക്കി.. എന്തിനായിരുന്നു അങ്ങനെയൊക്കെ.

.വെറുമൊരു വിവാഹം മുടങ്ങിയാൽ ഇങ്ങനെയൊക്കെ ചെയ്യാൻ.. അതിനെനിക്ക് വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു എഡ്വിൻ... അവൾ പറഞ്ഞു.. അനന്തനോടുള്ള പക.. എല്ലാം ആ ഒരൊറ്റ കാരണം കൊണ്ടായിരുന്നു.. എനിക്കൊരു കുഞ്ഞിനെ വേണമായിരുന്നു.. അവന്റെ ചോരയിൽ.. പക്ഷെ കണക്കുകൂട്ടലൊക്കെ തെറ്റി.. കിച്ചു.. കിച്ചു പോയി.. കൊന്നു അവൻ.. അവൾ പറഞ്ഞു.. ഓകെ. പക്ഷെ അതിനെന്തിനായിരുന്നു കിച്ചു.. അവൻ നിന്റെ ബ്രദർ ആയിരുന്നില്ലേ.. വേറെ ആരോടെങ്കിലും പോലെയാണോ അവന്റെ കൂടെ.. അല്ല.. മറ്റൊരുത്തനൊപ്പം കഴിയുന്നതിലും ബെറ്റർ അവനായിരുന്നു.. ഒരിക്കലും സംശയിക്കപ്പെട്ടില്ല..

അവനാദ്യമായി അതെന്നോട് ആവശ്യപ്പെട്ടത് ആര്യന്റെ വിവാഹം കഴിഞ്ഞ രാത്രിയിലാണ്.. എനിക്കും.അന്നൊരു ആണിനെ വേണമായിരുന്നു.. പകരം ഞാൻ ചോദിച്ചത് അനന്തന്റെ താലിയും.. അവൻ അതെനിക്ക് നേടി തന്നു.. പക്ഷെ.. ലീവ് ഇറ്റ്.. ഇത് താൻ ഓകെ ആണോ.. അവൻ അവളെ ഉഴിഞ്ഞു നോക്കി.. സമ്മതം.. അവൾ പറഞ്ഞു.. അഡ്വാൻസ് എമൗണ്ട് എപ്പോൾ വേണം.. ഇന്ന് തന്നെ വേണം.. ഓകെ.. പക്ഷെ ഒരു കണ്ടീഷൻ.. എത്രയും വേഗം അത് നടക്കണം.. എന്റെ മുൻപിൽ വെച്ചിട്ട്..എനിക്ക് കാണണം അവൾ പിടഞ്ഞു തീരുന്നത്. അവൻ ചങ്ക് പൊട്ടി കരയുന്നത്. കിച്ചു പോയപ്പോൾ ഞാൻ കരഞ്ഞതുപോലെ... അവളുടെ കണ്ണുകൾ എരിഞ്ഞു..

ഇത്രയും നാൾ ഞാൻ കാത്തിരുന്നതാണ്.. കുഞ്ഞിനെ എതിരേൽക്കാൻ അവനിപ്പോ എല്ലാ അർത്ഥത്തിലും ഒരുങ്ങികഴിഞ്ഞിരിക്കും.. ഈ അവസരത്തിൽ അവരെ നഷ്ടപ്പെട്ടാൽ അവൻ തകർന്നുപോകും..അതാണ് എനിക്കും വേണ്ടത്.. മ്മ്.. എന്തിനും പോന്നവളായിരുന്നു അവളപ്പോൾ..പകയാൽ അന്ധയായ ഒരു പെണ്ണ്.. പക്ഷെ എല്ലാം കേട്ട് നെഞ്ചു തകർന്നൊരമ്മ ആ ചുവരുകൾക്കപ്പുറം നിന്നത് അവർ അറിഞ്ഞില്ല.. അവരുടെ നെഞ്ചു തകർന്നു.. തന്റെ മക്കൾ.. ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..ഹൃദയരക്തം പോലെ.............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story