പ്രിയം: ഭാഗം 35

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കൗസല്യ തളർച്ചയോടെ ഇരുന്നു.. കഴിഞ്ഞുപോയ ജീവിതം അവരുടെ കണ്ണിൽ നിറഞ്ഞു നിന്നു.. കിച്ചു.. അഞ്ചു.. തന്റെ മക്കൾ.. കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടന്നു വളർത്തിയ മക്കൾ.. കിച്ചു മദ്യപാനം തുടങ്ങിയപ്പോഴേ താൻ എതിർത്തതാണ്.. പക്ഷെ അതൊക്കെ പ്രായത്തിന്റെ ആണെന്നുള്ള വാദമായിരുന്നു രാജേട്ടന്.. അവർ കണ്ണുനീരൊപ്പി.. അമ്മേ.. ഞാനിന്ന് കിച്ചൂന്റെ കൂടെയാണ്... അഞ്ജുവിന്റെ ശബ്ദം.. അവർ പൊട്ടിക്കരഞ്ഞു.. തെറ്റ് തന്റെയാണ്.. മക്കളെ വളർത്താൻ അറിയാത്ത 'അമ്മ.. അവർക്ക് നേർവഴി കാണിക്കാൻ കഴിയാത്ത 'അമ്മ.. അവർ കണ്ണുകൾ ഇറുക്കിയടച്ചു.. കാതുകൾ പൊത്തി.. ഒന്നും കാണേണ്ടിയിരുന്നില്ല...

ഒന്നും കേൾക്കേണ്ടിയിരുന്നില്ല.. അവരോർത്തു.. നെഞ്ചിലെന്തോ വല്ലാത്ത വേദന.. അവർ നെഞ്ചു പൊത്തി.. അഞ്ചുവിനെ വിളിക്കണമെന്നവർക്ക് തോന്നി.. ശരീരം വെട്ടിവിയർക്കുന്നു.. തളരുന്നു.. മിണ്ടിയില്ലവർ.. ആരോടോ ഉള്ള വാശി പോലെ... മെല്ലെ മേശയിലേയ്ക്ക് കിടന്നു.. മരിക്കട്ടെ.. അവർ മനസ്സിലോർത്തു.. ആന്റി.. എഡ്വിൻ വിളിച്ചു.. പിന്നാലെ വന്ന അഞ്ജുവും അവരെ ശ്രദ്ധിച്ചു.. അവർ എഴുന്നേറ്റില്ല.. അമ്മേ.. അവൾ വന്നവരെ തട്ടിവിളിച്ചു.. ബോധമില്ല.. അവൾ അവരെ നേരെ ഇരുത്തി.. ബോധമില്ലാതെ ഇരിക്കുന്ന അവരെ കണ്ടതും അവളുടെ നെഞ്ചോന്ന് പിടഞ്ഞു.. എഡ്വിൻ 'അമ്മ.. അവൻ അവരെ കോരിയെടുത്തു.. ഹോസ്പിറ്റലിൽ എത്തിക്കാം.. വാ.. അവൻ പറഞ്ഞു..

അവൾ.വേഗം വീട് പൂട്ടിയിറങ്ങി.. അപ്പോഴും അവളുടെ ഫോണിൽ രാജശേഖരന്റെ നമ്പർ ഡയൽ ചെയ്തിരുന്നു.. ********* മാളൂ.. മാളൂ.. അനന്തന്റെ വിളി കേട്ടതും അച്ചു സാരിയുടെ പ്ലീറ്റ്‌സ് ഒന്നുകൂടി ശെരിയാക്കികൊടുത്തു.. നീ ഒന്നടങ്ങെന്റെ അനന്താ.. മോള് ഒരുങ്ങേണ്ടേ.. ഈ വയറും വെച്ച് സാരി ഉടുക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല.. സുധാമ്മ പറഞ്ഞു.. അവൻ പുഞ്ചിരിച്ചു.. സമയമാകുന്നു അമ്മേ.. പതിയെയല്ലേ പോകാൻ പറ്റൂ.. അതാ.. അവൻ പറഞ്ഞതും മാളു ഇറങ്ങിവന്നു.. അല്ല... 'അമ്മ ഒരുങ്ങികഴിഞ്ഞില്ലേ.. കഴിഞ്ഞു.. മോള് വാ.. അവരവളെ പിടിച്ചു.. ഞാൻ നടന്നോളാം അമ്മേ.. അവൾ പറഞ്ഞു.. ആ ചുരിദാർ ഇട്ടാൽ പോരായിരുന്നോ.. അനന്തൻ അവൾ ബദ്ധപ്പെട്ട് നടക്കുന്നത് കണ്ട് ചോദിച്ചു..

അവൾ ചിരിച്ചു.. എനിക്കിന്ന് സാരി ഉടുക്കാൻ തോന്നി.. കുറെ നാളായില്ലേ . മ്മ്.. അവൻ മൂളി.. ശേഷം അവളെ പിടിച്ചുകൊണ്ട് ശ്രദ്ധയോടെ നടന്നു.. ******* റിപ്പോർട്സ് ഒക്കെ നോക്കി.. ഡോക്ടർ സെറാ മാത്യു പറഞ്ഞു.. അനന്തനും മാളുവും സുധാമ്മയും അവരെ നോക്കി.. ദൈവം സഹായിച്ച് പ്രശ്‌നകളൊന്നുമില്ല.. അവർ പുഞ്ചിരിച്ചു.. പിന്നെ അടുത്ത മാസം 6നോടടുത്ത് ഡെലിവറി പ്രതീക്ഷിക്കുന്നുണ്ട്.. സോ ഇനിയങ്ങോട്ട് നല്ലതുപോലെ ശ്രദ്ധിക്കണം കേട്ടോ.. ഓകെ ഡോക്ടർ.. അവൻ പറഞ്ഞു.. പിന്നെ മാളുവിന്റെ ബോഡി അൽപ്പം വീക്ക് ആയിട്ടുണ്ട്.. കണ്ണിലൊക്കെ ക്ഷീണം ആയല്ലോ.. അതും ശ്രദ്ധിക്കണം.. സമയാസമയം ആഹാരം കഴിക്കുക.. നല്ലതുപോലെ വെള്ളം കുടിക്കുക..

പിന്നെ രാവിലെയും വൈകീട്ട് വെയിൽ താഴുമ്പോഴും അൽപ്പനേരം നടക്കുന്നതും നല്ലതാണ്.. അതല്ലാതെ ഒരുപാട് ജോലിയൊന്നും ചെയ്യാൻ നിൽക്കേണ്ട കേട്ടോ.. മാളു സമ്മതപൂർവ്വം തലയാട്ടി.. പിന്നെ ടെൻഷൻ കുറയ്ക്കുക.. മാളുവിനെന്താ ഇത്ര ടെൻഷൻ.. അനന്തൻ അവളെ നോക്കി.. അവൾ അവരെ നോക്കി മൗനമായിരിക്കുകയാണ്.. ബി പി ഇടയ്ക്കിടെ ഷൂട്ട് ചെയ്യുന്നുണ്ടല്ലോ.. അത് ശ്രദ്ധിക്കണം കേട്ടോ.. ഫുഡിൽ നിന്ന് എണ്ണ ഓവർ ഉപ്പ് അച്ചാർ ഒക്കെ ഒന്ന് ഒഴിവാക്കി ഡയറ്റ് തയാറാക്ക് കേട്ടോ.. ഓകെ മേഡം.. എന്നാൽ ശെരി.. അധികം ടെൻഷൻ വേണ്ട.. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇതുവരെ ഇല്ലല്ലോ.. സോ ഒന്നുകൊണ്ടും പേടിക്കാനില്ല കേട്ടോ.. അവൾ പുഞ്ചിരിച്ചു..

ടാബ്‌ലറ്റ്‌സ് ഒക്കെ എഴുതിയിട്ടുണ്ട്..പിന്നെ ഗ്യാസ്ട്രിക്ക് പ്രോബ്‌‌ളത്തിനുള്ള അന്റാസിഡ്‌ എഴുതിയിട്ടുണ്ട്.. അതും കഴിക്കണം.. മ്മ്.. അവൾ മൂളി.. അപ്പൊ ശെരി.. അടുത്ത വരവിന് കാണാം.. ശെരി ഡോക്ടർ.. അവൾ പറഞ്ഞു.. താൻ ഇരിക്ക് ഞാൻ മെഡിസിൻ വാങ്ങി വരാം.. അതും പറഞ്ഞ് അവൻ നടന്നു.. ഈശ്വരന്മാരെ മുഴുവൻ വിളിച്ചോണ്ടിരിക്കുവായിരുന്നു ഞാൻ.. ഏതായാലും രണ്ടാൾക്കും കുഴപ്പമൊന്നുമില്ലല്ലോ.. പിന്നെ ഡോക്ടർ പറഞ്ഞത് കേട്ടല്ലോ.. ഇനി ജോലി ഒന്നും വേണ്ട.. അടങ്ങി ഇരുന്നോണം.. സുധാമ്മ കണ്ണുരുട്ടിയതും മാളു ചിരിച്ചു.. അല്ലേൽ തന്നെ അവിടെന്താ ജോലി.. മാളു പറഞ്ഞു.. ഒന്നും വേണ്ട മോളെ.. നിന്നേം കുഞ്ഞിനേം എല്ലാം കഴിഞ്ഞു കിട്ടും വരെ എന്റെ ഉള്ളിൽ ആധിയാ.. ഒരുത്തി എവിടെയേലും ഇരുന്നു പ്രാകുന്നുണ്ടാകും.. സുധാമ്മ പറഞ്ഞു.

.മാളുവിന്റെ മുഖം മങ്ങി.. എന്തോ കുറച്ചു ദിവസമായി മനസ്സിൽ അഞ്ചിത നിറഞ്ഞു നിൽക്കുകയാണ്.. ആദ്യമൊക്കെ നല്ല ധൈര്യമായിരുന്നു എങ്കിൽ ഇപ്പോൾ ഭയമാണ്.. മനസ്സ് നിറയെ.. അവളോർത്തു.. ആ ഓർമ്മയ്ക്കിടയിലും വയറിനുള്ളിൽ നിന്നൊരു കുഞ്ഞനക്കം അവൾക്ക് അനുഭവപ്പെട്ടു.. ചെറു വേദനയെങ്കിലും ആ അനക്കം അവളെ വല്ലാത്ത സന്തോഷത്തിലാക്കി.. ഈയിടെയായി ഇങ്ങനെയാണ്.. എന്തെങ്കിലും ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ കുഞ്ഞ് പ്രതികരിക്കും.. അതല്ലെങ്കിൽ അച്ഛൻ അടുത്തു വരുമ്പോഴാണ് ഈ പരിപാടി.. ഒരു സുഖമുള്ള നോവ്.. അവൾ വയറിൽ മെല്ലെ തഴുകി.. ചവിട്ടാണോ.. മ്മ്.. സുധാമ്മയ്ക്ക് അവൾ മറുപടി നൽകി.. അവരും പുഞ്ചിരിച്ചു..

ഈയിടെയായി അവരെപ്പോഴും മാളുവിനൊപ്പമാണ്.. നിഴൽ പോലെ . ഇടയ്ക്കിടെ രാമായണവും ഗീതയും ഒക്കെ കൊണ്ടുവെച്ചു വായിക്കും.. കുഞ്ഞിന് കേൾക്കാൻ.. പിന്നെ അമ്പലവും പ്രാർത്ഥനയും വഴിപാടും.. അതാണിപ്പോൾ അവരുടെ ജീവിതം.. ആര്യനിപ്പോൾ പഴയതുപോലെ അല്ല.. മാളുവിനോട് വലിയ കൂട്ടാണ്. ഇടയ്ക്കിടെ വിളിക്കും... വിളിച്ചാൽ സിത്തുവും ആര്യനും അമ്പാടിയും സംസാരിച്ചു തീരുമ്പോഴേയ്ക്കും മണിക്കൂറാകും.. ദച്ചുവും അവിനാശും അതുപോലെയാണ്.. എന്നും വിളിക്കും..

ദച്ചു പലപ്പോഴും ഓടി വരികയും ചെയ്യും.. സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന ആ അന്തരീക്ഷത്തിലും എല്ലാവരുടെയും ഉള്ളിൽ ആ പേര് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. അഞ്ചിതാ രാജശേഖരൻ.. അവളുടെ പക അവരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.. ആരും പരസ്പരം ഒന്നും പറയുന്നില്ല എങ്കിലും ഇനിയൊരു ദുരന്തം കൂടി താങ്ങാൻ കഴിയാതെ ഓരോ മനസ്സും അനന്തനും മാളുവിനും കുഞ്ഞിനും വേണ്ടി പ്രാര്ഥിക്കുന്നുണ്ടായിരുന്നു.. മനസ്സ് നിറഞ്ഞ്.. ********** അമ്മയെന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത്.. ഞാൻ പറഞ്ഞില്ലേ. ഒരു മൈനർ അറ്റാക്ക് ആണ് കഴിഞ്ഞത്.. രണ്ടു ദിവസം കഴിഞ്ഞേ ഡിസ്ചാർജ് ആക്കൂ.. അഞ്ചിതയുടെ ശബ്ദമുയർന്നു. വേണ്ട.. എനിക്ക് വീട്ടിൽ പോണം..

അവർ വാശിയോടെ പറഞ്ഞു.. എന്തിനാ കൗസല്യേ ഈ വാശി.. രാജശേഖരൻ ചോദിച്ചു.. എനിക്ക് വീട്ടിൽ പോണം രാജേട്ടാ.. ഇവിടെ ഇങ്ങനെ കിടക്കുന്നത് മടുപ്പാണ്.. അതുമല്ല എനിക്കിപ്പോ ഒരു കുഴപ്പവും തോന്നുന്നില്ല.. രാജേട്ടൻ ഡോക്ടറോട് പറയ്.. അവർ തീർത്തും പറഞ്ഞതും അയാൾ സമ്മതഭാവന പുറത്തേയ്ക്ക് പോയി.. എന്തൊരു വാശിയാ അമ്മയ്ക്കിപ്പോൾ.. അഞ്ചിത ഈർഷ്യയോടെ പറഞ്ഞു.. നിങ്ങൾക്കൊക്കെ മാത്രമേ വാശി ഉള്ളോ.. എനിക്കുമുണ്ട് എല്ലാ വികാര വിചാരങ്ങളും.. എനിക്ക് മാത്രമല്ല.. ചുറ്റുമുള്ള എല്ലാ മനുഷ്യർക്കും.. അതല്ലാതെ ഈ വകയൊന്നും നിനക്ക് ആരും തീറെഴുതി തന്നിട്ടില്ല.. കൗസല്യ പറഞ്ഞതും അഞ്ചിത അവരെ നോക്കി.. എന്തിനാ ഈ ദേഷ്യം.. അവൾ ചോദിച്ചു..

അവരൊന്നും മിണ്ടിയില്ല.. ഓ.. മനസ്സിലായി.. കല്യാണ കാര്യം പറഞ്ഞിട്ട് സമ്മതിക്കാതിരുന്നത് കൊണ്ടാകും.. സാരമില്ല.. അവൾ പറഞ്ഞു.. അവരവളെ നോക്കിയില്ല.. മുഖം തിരിച്ചു കിടന്നു.. എത്ര നാൾ ഈ വാശി കാണും എന്നു ഞാനും നോക്കട്ടെ.. അതും പറഞ്ഞവൾ പുറത്തേയ്ക്ക് പോയതും അവർ കണ്ണുനീരൊപ്പി.. ജന്മം നല്കിപ്പോയി.. അല്ലായിരുന്നുവെങ്കിൽ.. അവർ മനസ്സിൽ കരുതി.. അത്രമേൽ വെറുപ്പ് തോന്നിയിരുന്നു അവർക്ക് അവളോട്.. ഒരു പെണ്ണിനും... ഒരമ്മയ്ക്കും ഇങ്ങനെയൊരു വിധി നല്കാതെയിരിക്കാൻ അവരപ്പോഴും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.. ********

അമ്മയെന്തിനാ ഈ പഴയ സെറ്റും മുണ്ടും ഒക്കെ ഇങ്ങനെ അലക്കുന്നത്.. മിനി അലക്കിയിട്ട തുണികൾ അയയിലേയ്ക്ക് വിരിക്കുമ്പോഴായിരുന്നു അച്ചുവിന്റെ ചോദ്യം.. അതോ.. ഇനിയിപ്പോ മാളൂന്റെ പ്രസവത്തിന് അധികം ദിവസമൊന്നുമില്ല.. എല്ലാം നേരത്തെ തയാറാക്കി വെച്ചില്ലെങ്കിലേ സമയത്ത് എന്തേലുമൊക്കെ മറക്കും.. ഇനി വേണം പ്രസവത്തിന് കൊണ്ടുപോകാനുള്ള ഡ്രെസ്സും ഒക്കെ പാക്ക് ചെയ്യാൻ.. അവർ പറഞ്ഞു.. അതിനെന്തിനാ ഈ പഴയ തുണിയൊക്കെ.. കുഞ്ഞിന്.. അയ്യേ.. കുഞ്ഞാവയ്ക്ക് പഴയ തുണിയൊന്നും വേണ്ട.. പുതിയത് മതി.. അച്ചു പറഞ്ഞുകൊണ്ട് അടുക്കള വാതിൽക്കൽ ഇരുന്നു.. സുധാമ്മയും മിനിയും ചിരിച്ചു.. എടി പെണ്ണേ.. അച്ചു അവരെ കൂർപ്പിച്ചു നോക്കി..

കുഞ്ഞിന് ഒരുപാട് തുണികളൊക്കെ വേണ്ടി വരും.. തീരെ കുഞ്ഞല്ലേ.. എപ്പോഴും തുണിയൊക്കെ മാറ്റേണ്ടി വരും.. എല്ലാം പുതിയതോന്നുമല്ല എടുക്കുന്നത്.. കിടക്കയിൽ ഇടാനും കുഞ്ഞിനെ ഉടുപ്പിക്കാനുമൊക്കെ പഴയ നൈസായ കോട്ടൺ തുണിയൊക്കെയാ എല്ലാവരും എടുക്കുന്നത്.. ടിപ്പ് ടോപ്പായിട്ടൊന്നും അല്ല കുഞ്ഞിനെ എപ്പോഴും കിടത്തുക.. ചൂട് ഒന്നും അങ്ങനെ ഏൽക്കാതെ ഇരിക്കാൻ കുഞ്ഞിനെ മുണ്ട് മാത്രേ ഉടുപ്പിക്കൂ.. സുധാമ്മ പറഞ്ഞു.. അല്ല.. നമ്മൾ പാക്ക് ചെയ്യുമ്പോ കുഞ്ഞുവാവയ്ക്കുള്ള ഉടുപ്പും വാങ്ങേണ്ടേ.. പോ പെണ്ണേ.. അതൊന്നും ഇപ്പൊ വാങ്ങില്ല.. കുഞ്ഞ് ജനിച്ചിട്ട് വാങ്ങാം.. അതേയുള്ളൂ.. അവർ പറഞ്ഞു.. ഇനിയിപ്പോ അമ്മയ്ക്ക് ആകെ തിരക്കാണല്ലോ.. പിന്നല്ലേ..

പ്രസവം കഴിഞ്ഞാൽ പിന്നെ നിന്ന് തിരിയാൻ നേരം കിട്ടില്ല.. അല്ല മിനീ ആ സുനന്ദയെ പറ്റി നീ അന്വേഷിച്ചോ.. അവര് വരുമോ.. സുധാമ്മ ചോദിച്ചു.. അവര് വരാമെന്ന് പറഞ്ഞിട്ടുണ്ട്.. അത് ഭാഗ്യമായി.. പ്രസവരക്ഷ നോക്കാൻ അറിയുന്നവരൊക്കെ ഇപ്പൊ കുറവാണ്.. പണ്ടൊക്കെ മിക്ക ഇടത്തും പ്രസവരക്ഷ നോക്കാൻ അറിയുന്ന ഒരുപാട് പേരുണ്ടായിരുന്നു.. പക്ഷെ ഇപ്പൊ ആരുമില്ല.. സുനന്ദയാകുമ്പോ പേടിക്കേണ്ട.. പണ്ട് അനന്തനെ ഞാൻ പ്രസവിച്ചു കിടന്നപ്പോ എന്നെ നോക്കിയത് സുനന്ദയുടെ അമ്മയാ... സുധാമ്മ പറഞ്ഞു.. അച്ചു ചിരിച്ചു.. പിന്നെ അനന്തൻ ഇവരെ രണ്ടാളെയും പോലെ അല്ലായിരുന്നു.. ഒട്ടും വഴക്കില്ല.. അന്നേ ശാന്തമായ സ്വഭാവമാ.. ഒരു പൂച്ചക്കുഞ്ഞിനെ പോലെ കിടന്നുറങ്ങിക്കോളും.. ഉണർന്നു കിടന്നാലും ചുമ്മാ കിടന്നോളും..സാധാരണ ആണ്പിള്ളേര് വഴക്കാകും എന്നൊക്കെ പറയും.. അവൻ നേരെ തിരിച്ചായിരുന്നു.. അതിനൂടെ ദേ ഇവള്...

എന്നേം ചന്ദ്രേട്ടനെയും ഉറക്കിയിട്ടില്ല... ആര്യനായിരുന്നപ്പോൾ രാത്രി മുഴുക്കെ ഉറക്കമളയ്ക്കുന്നത് ചന്ദ്രേട്ടന്റെ അമ്മയായിരുന്നു.. പാവം.. എന്നെ ഉണർന്നിരിക്കാൻ സമ്മതിക്യേയില്ല.. രാത്രി മൊത്തം അവനേം കൊണ്ട് നടക്കും.. പാവം.. അവർ ഓർത്തു.. ടി.. നിന്ന് സ്വപ്നം കാണാതെ ആ തുണി അങ്ങോട്ട് പിഴിഞ്ഞിട്.. എത്ര നേരമായി അവൾ ഒറ്റയ്ക്ക് പാട് പെടുന്നു.. സുധാമ്മ കണ്ണുരുട്ടിയതും അച്ചു ചിരിച്ചുകൊണ്ട് തുണി എടുത്തു.. ഞാൻ ചെയ്തോളാം അമ്മേ.. മിനി പറഞ്ഞു.. ഓ.. മുഴുവൻ ഒറ്റയ്ക്ക് ചെയ്യേണ്ട.. അവൾ ചുമ്മാ നിൽക്കുവല്ലേ.. ചെയ്തു പഠിക്കട്ടെ.. ഇപ്പോഴേ ഓരോന്ന് ചെയ്തും കണ്ടും പഠിക്കുന്നത് നല്ലതാ.. നാളെ നീ ഈ അവസ്ഥയിൽ ആകുമ്പോ 'അമ്മ ഉണ്ടാകുമോ എന്നൊന്നും അറിയില്ല..

ഇതൊക്കെ മനസ്സിലാക്കി വെയ്ക്കുന്നത് നല്ലതാ.. സുധാമ്മ പറഞ്ഞതും അച്ചു അവരെ നോക്കി കണ്ണുരുട്ടി.. നീ നോക്കി പേടിപ്പിക്കേണ്ട.. മനുഷ്യന്റെ കാര്യമാണ്.. പ്രായം ഒന്നും പത്തും അല്ല..അമ്പാടിയുടെ കാര്യം വന്നപ്പോൾ നമ്മൾ ഒന്നും അറിഞ്ഞില്ലല്ലോ. സിത്തൂനേ ഇങ്ങോട്ട് കൊണ്ടുവന്നിട്ട് പോലുമില്ലായിരുന്നു... സുധാമ്മ പറഞ്ഞു.. മതി പഴം പുരാണം പറഞ്ഞത്.. അമ്മ പോയി ഏട്ടത്തിയെ നോക്ക്.. അച്ചു പറഞ്ഞു.. അയ്യോ.. അത് പറഞ്ഞപ്പോഴാ.. ഉച്ചയ്ക്ക് ആഹാരത്തിന് മുൻപ് കൊടുക്കേണ്ട മരുന്നുണ്ട്... കൊച്ചത് കഴിച്ചോ എന്തോ.. ഇപ്പൊ ഏത് നേരോം എന്തൊക്കെയോ ആലോചിച്ചുള്ള ഇരിപ്പാ.. ഉള്ളിൽ ആകെ എന്തോ പേടിയുള്ളപോലെ.. സുധാമ്മ പറഞ്ഞു.. എത്ര ഇല്ലെന്ന് പറഞ്ഞാലും മാളുവേച്ചിക്ക് അഞ്ചിതയെ പേടിയുണ്ട്. ഇനിയിപ്പോ അത് കൂടുവേയുള്ളൂ.. കുഞ്ഞും കൂടെ ആയികഴിഞ്ഞാൽ അവരിൽ നിന്നാ കുഞ്ഞിനെ കൂടെ ഒളിച്ചു പിടിക്കേണ്ടി വരും.. അച്ചു പറഞ്ഞു .

സുധാമ്മ ഒന്നും മിണ്ടിയില്ല. അവർക്കും അതൊക്കെ മനസ്സിലുണ്ടായിരുന്നു.. വേദന തോന്നി അവർക്ക്.. തന്റെ മകൻ.. ഇനി എത്രനാൾ അവളെ ഭയന്ന് ജീവിക്കണം.. അവരോർത്തു.. ആദ്യമായി അവർ ഒരാൾ മരിക്കുവാൻ വേണ്ടി മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.. കാരണം ആ പെണ്ണ് പകയാൽ അന്ധയായിരുന്നു.. അവളുടെ പ്രവർത്തികളും.. *********** ആര്യാ.. സിത്തു വിളിച്ചു.. മ്മ്.. ആര്യാ ആ ഫുഡ് കോർട്ടിന്റെ അവിടൊന്ന് നിർത്തണം.. ഞാൻ വീട്ടിലേയ്ക്കുള്ള ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്.. സിത്തു പറഞ്ഞു.. ഇപ്പോഴെന്തിനാ ഫുഡ് ഓർഡർ ചെയ്തത്.. വെറുതെ.. മാളൂ.. മ്മ്.. മാളു സിത്തുവിനെ നോക്കി.. നീ ഇതിൽ ഇരുന്നാൽ മതീട്ടോ.. ഇറങ്ങേണ്ട . ഞാൻ പോയി വാങ്ങിയിട്ട് വരാം.. മ്മ്.. ശെരി ഏട്ടത്തി.. അവൾ പുഞ്ചിരിച്ചു..

ആ ആര്യാ.. ആര്യൻ മാളൂന്റെ കൂടെ ഇരിക്ക്.. ഞാൻ പോയി ഫുഡ് വാങ്ങിയിട്ട് വരാം.. അവൾ പറഞ്ഞിട്ടിറങ്ങി.. തനിക്ക് പുറത്തിറങ്ങി നിൽക്കണോ മാളൂ.. വേണ്ട ആര്യേട്ടാ.. അവൾ പുഞ്ചിരിച്ചു.. മ്മ്... ഇങ്ങനെ ഒരുപാട് നേരം ഇരിക്കുന്നതും നല്ലതല്ല.. ആര്യൻ പറഞ്ഞു.. നീയങ്ങനെ ഡൾ ആയി ഇരിക്കുന്നതെന്തിനാ എപ്പോഴും.. നിന്റെകൂടെ ഞങ്ങളൊക്കെ ഇല്ലേ മോളെ.. അവൻ ചോദിച്ചു... പേടിയാ ആര്യേട്ടാ.. ഡെലിവറി അടുക്കുംതോറും വല്ലാത്ത പേടി.. വേറൊന്നുമല്ല.. ഇനിയൊരു നഷ്ടം അനന്തേട്ടൻ താങ്ങില്ല.. അവളുടെ കണ്ണു നിറഞ്ഞു.. നീ ഇങ്ങനൊക്കെ എന്തിനാ കുട്ടി ചിന്തിക്കുന്നത്... ആര്യൻ പറഞ്ഞു.. അവൾ കണ്ണുതുടച്ചു.. പിന്നെ പുഞ്ചിരിച്ചു..

എനിക്കെന്തെങ്കിലും ആയിപോയാലും അനന്തേട്ടന്റെ കൂടെ ഉണ്ടാവണം ആര്യേട്ടൻ.. നീ ആവശ്യമില്ലാത്ത ഓരോന്നും ചിന്തിച്ചിരിക്കാതെ.. അതും പറഞ്ഞ് ആര്യൻ പുറത്തേയ്ക്ക് നോക്കി.. അയ്യോ.. ശ്രീനി.. മാളൂ.. ദേ അതെന്റെ ഫ്രണ്ടാ.. പണ്ട് ഞങ്ങൾ കോളേജിൽ ഒന്നിച്ചു പഠിപ്പിച്ചിരുന്നതാണ്.. എന്നാൽ ഏട്ടൻ പോയി സംസാരിച്ചിട്ട് വാ.. മാളു പറന്നു.. മ്മ്. നീ ഇതിനുള്ളിൽ ഇരുന്നാൽ മതീട്ടോ.. ഞാനിപ്പോ വരാം.. അതും പറഞ്ഞ് ആര്യൻ ഇറങ്ങി.. ശ്രീനി..ടാ.. ആര്യാ.. ഇതെന്താ ഇവിടെ.. എന്തൊക്കെയുണ്ട് വിശേഷം.. ശ്രീനി അവനോട് സംസാരിക്കുന്നത് നോക്കി മാളു ഇരുന്നു.. പെട്ടെന്ന് തട്ടമിട്ട ഒരു സ്ത്രീ വന്ന് ഗ്ലാസ്സിൽ തട്ടി.. മാളു ഗ്ലാസ് തുറന്നു.. എന്താ.. പെട്ടെന്ന് അവളുടെ നെറ്റിയിലേയ്ക്ക് അവർ ഒരു തോക്ക് ചേർത്തുവെച്ചു.. മാളുവിന്റെ നെഞ്ചോന്ന് പിടഞ്ഞു.. ഇറങ്ങ്.. അവർ പറഞ്ഞു.. മാളു വിറയലോടെ ഡോർ തുറന്നു..

പെട്ടെന്നവരാ തോക്ക് അവളുടെ നിറവയറിലേയ്ക്ക് ചേർത്തുവെച്ചു... വേണ്ടാ. മാളു ഭയത്തോടെ അവരെ നോക്കി. അവരവളെ ചേർന്നു നിന്നു.. മര്യാദയ്ക്ക് നടക്ക്.. ആ കാറിൽ കയറു . അതല്ല ഇവിടെ ഒരു സീനുണ്ടാക്കാൻ ശ്രമിച്ചാൽ ഈ തോക്കിന്റെ ട്രിഗർ ഒന്ന് അമർത്തും ഞാൻ.. നിന്റെ കുഞ്ഞ്.. നോ.. മാളുവിന്റെ നെഞ്ചിൽ ഭയം നിറഞ്ഞു.. അവരവളെ ചേർത്തുപിടിച്ചാ കാറിൽ കയറി.. കാർ അകന്നുപോകുമ്പോഴും ശ്രീനിയോടൊപ്പം ഒന്നുമറിയാതെ സംസാരിച്ചു ചിരിയോടെ നിൽക്കുന്ന ആര്യനെ അവൾ കണ്ടിരുന്നു.. നിറഞ്ഞ കണ്ണുകളോടെ.. അപ്പോഴും അവളുടെ കണ്ണിലും മനസ്സിലും നിറയെ ഒരേയൊരു രൂപമേയുണ്ടായിരുന്നുള്ളൂ.. അവളുടെ പ്രണയത്തിന്റെ പ്രാണന്റെ രൂപം...............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story