പ്രിയമാനസം 💔: ഭാഗം 1

priyamanasam

രചന: ശംസീന

"താങ്കൾ വിളിച്ച നമ്പർ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.. ദയവായി അൽപ സമയത്തിനു ശേഷം വീണ്ടും ശ്രമിക്കുക..."

കയ്യിലുള്ള ഫോൺ ഊക്കോടെ ബെഡിലേക്കേറിഞ്ഞവൾ തലയിൽ കൈ താങ്ങി ബെഡിലേക്കമർന്നിരുന്നു..

"പ്രിയേ.. എല്ലാവരും താഴെ അന്യോഷിക്കുന്നുണ്ട്... വേഗം റെഡിയായി വാ "


ഏതോ ലോകത്തെന്ന പോലെ ബെഡിൽ ഇരിക്കുന്നവളോടായി ഗംഗ പറഞ്ഞു... മറുപടിയായി തിരിച്ചൊന്നും പറഞ്ഞില്ലവൾ..തീക്ഷ്ണമായ ഒരു നോട്ടം നൽകി...

"നീ  എന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട..... അവനെ കുറിച് വല്ല വിവരവും ഉണ്ടോ .. ഇനിയും അവന് വേണ്ടി അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാനാണോ നിന്റെ ഉദ്ദേശം "

ഗൗരവത്തിൽ തന്നെയായിരുന്നു ഗംഗ അത് ചോദിച്ചത്..

"ഒന്ന് നിർത്തുന്നുണ്ടോ.. അല്ലേലും എല്ലാവർക്കും അവരവരുടെ കാര്യം നോക്കാൻ മാത്രേ അറിയൂ.. സ്വാർത്ഥരാണ് എല്ലാരും ചേച്ചിപോലും "

ഗംഗയുടെ നേരെ കൈ ചൂണ്ടിയായിരുന്നു അവളത് പറഞ്ഞത്..

"ഡീ.."

"ഒച്ചയെടുക്കണ്ട..എന്താ സത്യമല്ലേ പറഞ്ഞത്... അല്ലേൽ സ്വന്തം ഇഷ്ടം നേടിയെടുക്കാൻ വേണ്ടി ചേച്ചി ആത്മഹത്യക്ക് ശ്രമിക്കില്ലല്ലോ.."

"അത് എന്റെ മിടുക്ക്..പെണ്ണുങ്ങളായാൽ ഇത്തിരി സമർഥ്യമൊക്കെ വേണം.. അല്ലാതെ നിന്നെ പോലെ "

"അതെ എനിക്കില്ലാതെ പോയതും അതായിരുന്നു.. ഉണ്ടായിരുന്നേൽ എനിക്കിന്നീ അവസ്ഥ വരുമോ.. എന്റെ ഇച്ചായനെ ഓർത്തു ഉരുകി ഉരുകി തീരുമോ ഞാൻ "

പൊട്ടികരഞ്ഞു പോയവൾ..

"എടി മോളെ.. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ചേച്ചി... എല്ലാ പ്രണയവും പൂവണിയണമെന്നില്ല...ഇപ്പോ ആറ് മാസത്തോളമായില്ലേ..ഇനിയും അവന് വേണ്ടി കാത്തിരുന്ന് ജീവിതം കളയണോ.."

പതിയെ അവളുടെ തോളിൽ തഴുകി കൊണ്ടിരുന്നു ഗംഗ..

"ചേച്ചി.. എനിക്കൊന്നും അറിയില്ല.. പക്ഷേ ഇപ്പൊ ഒരു കല്യാണം... ഇച്ചായനെ മറന്നുകൊണ്ടെനിക്കതിന് കഴിയില്ല "


"മറക്കണമെന്ന് പറയുന്നില്ല പ്രിയ.. അതിന് കഴിയില്ലെന്നെനിക്കറിയാം.. എന്നാലും പറയുവാണ്.. ഇത്രയും മാസത്തിനിടക്ക് അവൻ നിന്നെയൊന്ന് വിളിച്ചോ ഇല്ലേൽ അന്യോഷിച്ചു വന്നോ..നിന്നോട് യഥാർത്ഥ പ്രണയമായിരുന്നേൽ എവിടെയാണെന്നെങ്കിലും അവൻ പറയേണ്ടതല്ലേ.. അവനറിയില്ലേ നീ കാത്തിരിക്കുമെന്ന്..ഇനിയും അവന് വേണ്ടി കാത്തിരിക്കുന്ന വിഡ്ഢിയാണ് നീയെന്നെ ഞാൻ പറയൂ. .."


"വേണ്ട ചേച്ചി ഇച്ചായനെ കുറ്റപ്പെടുത്തേണ്ട.. എന്നെ ഉപേക്ഷിക്കാനും മറന്നു കളയാനുമൊന്നും ഇച്ചായനെ കൊണ്ട് പറ്റില്ല.. എന്തേലും കാര്യമായി പറ്റിയിട്ടുണ്ട്.. അല്ലാതെ ഇങ്ങനെ എനിക്ക് വിളിക്കാതിരിക്കില്ല "

ഇടർച്ചയോടെ കണ്ണീരൊപ്പി കൊണ്ടവൾ പറഞ്ഞു...

"ആണേൽ അറിഞ്ഞിരുന്നേനെ.. അവന്റെ കൂട്ടുകാരുമായി നീയിപ്പോഴും കോൺടാക്ട് ഉണ്ടല്ലോ.. വിട്ടേക്കടാ... നിനക്കുള്ളതാണേൽ എന്ത് തടസമുണ്ടേലും നിന്നിൽ തന്നെ എത്തിചേരും.. വിധി ചിലപ്പോൾ ഇങ്ങനെയായിരിക്കും..."

"മ്മ്.. "

അതിനവൾ നേർമയായൊന്ന് മൂളി.. അപ്പോഴും അവളുടെ ഉള്ളിൽ അഴമേറിയ പ്രണയത്തിന്റെ തിരകൾ ആഞ്ഞു വീശുന്നുണ്ടായിരുന്നു...

"വന്നവരെ മുഷിപ്പിക്കേണ്ട.. ചെന്നൊന്ന് ഫ്രഷായി വാ "

ഗംഗ തന്നെ അവളെ വാഷ്റൂമിൽ കൊണ്ട് ചെന്നാക്കി..

പ്രിയ മുഖത്തേക്ക് വെള്ളം തുടരെ തുടരെ ഒഴിച്ചുകൊണ്ടിരുന്നു.. മുഖമൊന്നു അമർത്തി തുടച്ചു കൊണ്ട് കണ്ണാടിയിൽ തന്റെ രൂപമൊന്ന് നോക്കി.. പണ്ടത്തെ പ്രിയയുടെ നിഴൽ മാത്രമാണ് താനെന്നവൾക്ക് തോന്നി..കണ്ണിനടിയിൽ കറുപ്പ് വീണിട്ടുണ്ട്... നാളുകളായുള്ള ഉറക്കമില്ലായ്മയുടെ അവശേഷിപ്പ്.. അതിലൂടൊന്നവൾ വിരല് കൊണ്ട് തഴുകി...

ഡോറിൽ മുട്ട് കേട്ടപ്പോൾ ടാപ് ഓഫ്‌ ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി..

കയ്യിൽ ഒരു സാരിയും പിടിച്ചുകൊണ്ടു അക്ഷമയോടെ നിൽക്കുന്നുണ്ട് ഗംഗ..

"വേഗം ഇതുടുക്ക്.. അച്ഛൻ തിരക്ക് കൂട്ടുന്നുണ്ട്.."

ഉത്സാഹമില്ലാത്ത പ്രിയയുടെ നിൽപ്പ് കണ്ട് ഗംഗ തന്നെ സാരി നിവർത്തി ഉടുത്തു കൊടുത്തു.. അവളെ പിടിച്ച് ഡ്രസിങ് ടേബിളിന്റെ മുന്നിലിരുത്തി..മുടി വിടർത്തിയിട്ടു കൊണ്ട് ഇരു സൈഡിൽ കുറച്ചെടുത്തു പിൻ ചെയ്തു... കയ്യിൽ വളയും കഴുത്തിൽ ഒരു നേർത്ത മാലയും കാതിൽ ജിമിക്കിയും ഇട്ടു കൊടുത്തു.. മുഖത്ത്  പൗഡർ ഇട്ടുകൊടുത്തു കണ്ണുകൾ കട്ടിയിൽ എഴുതി കൊടുത്തു...വളഞ്ഞ പുരികക്കൊടികൾക്കിടയിൽ ഒരു സാരിക്ക് മാച്ച് ആവുന്ന ഒരു കുഞ്ഞു പൊട്ടും വെച്ചു കൊടുത്തു.. പിറകിലൂടെ അവളെയൊന്ന് കണ്ണാടിയിലൂടെ നോക്കി ഗംഗ..

"ഇപ്പൊ സുന്ദരിയായിട്ടുണ്ട്"

താടിയിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു.. അപ്പോഴും പ്രിയ നിർവികാരതയോടെ ഇരിക്കുകയായിരുന്നു...

"പ്രിയ..നീയിങ്ങനെ ഗ്ലൂമിയായി ഇരിക്കല്ലേ.. വന്നവർക്ക് മുഷിച്ചിലാകും "

"എനി.. എനിക്ക് കഴിയുന്നില്ല ചേച്ചി "

അവൾ ടേബിളിലേക്ക് തലവെച്ചു കിടന്നു...

"മോളെ.. നീ "

"ഗംഗേ... കഴിഞ്ഞില്ലേ.. പ്രിയയെയും കൊണ്ട് ഇങ്ങ് വാ.."

ഗംഗ എന്തോ പറയാൻ വന്നതും അമ്മ താഴെ നിന്നും വിളിച്ചു പറഞ്ഞു...

"ദാ വരുന്നു...

എണീറ്റെ.. ഇനിയും വൈകിച്ചാൽ അച്ഛൻ വഴക്ക് പറയും.. "

പ്രിയയെ എഴുന്നേൽപ്പിച്ചു കൊണ്ട് സാരി ഒന്ന് കൂടി ശെരിയാക്കി കൊടുത്തു.. അവളെയും കൂട്ടി താഴേക്ക് പോയി...
***

താഴെ ചെന്നപ്പോൾ പരിചിതമല്ലാത്ത കുറേ പുതു മുഖങ്ങൾ... ചെറുക്കന്റെ വീട്ടിൽ നിന്നും വന്നവരാണെന്ന് ചേച്ചി സ്വകാര്യത്തിൽ പറഞ്ഞു.. അവരെ നോക്കി ചെറുതായൊന്നു ചിരിച്ചു...

മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു.. അപ്പോഴേക്കും അമ്മ ചായ കപ്പുകൾ നിറച്ച ഒരു ട്രേ എടുത്ത് കയ്യിൽ വെച്ചു തന്നു.. അമ്മയെ ഒന്ന് കൂർപ്പിച്ചു നോക്കി..

"നടക്കങ്ങോട്ട് "

ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ഉന്തി തള്ളി ഹാളിലേക്ക് കൊണ്ടുവന്നു.. എന്നിട്ടമ്മ അവരെയൊന്ന് നോക്കി വെളുക്കനെ ചിരിച്ചു...

പിന്നിൽ മറഞ്ഞു നിന്നിരുന്ന പ്രിയയെ പിടിച്ചു മുന്നിലേക്ക് നിർത്തി..

"ചായ എല്ലാവർക്കും കൊടുക്ക് "

അച്ഛനായിരുന്നു.. ആ ശാസനയിൽ അറിയാതെ കാലുകൾ മുന്നോട്ട് ചലിച്ചു..

"ശ്രീ കുട്ടാ.. ഒന്നിങ്ങു വരൂ... "

കൂടെ വന്ന അമ്മയെന്നു തോന്നിക്കുന്ന സ്ത്രീ പുറത്തേക്ക് നോക്കി വിളിച്ചു...അവരെ താൻ കണ്ടിട്ടുണ്ട് ഇടക്ക്‌ അമ്പലത്തിൽ വെച്ച്.. അവിടുന്നു അമ്മക്ക് തന്നെ കണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹലോചനുമായി നേരിട്ട് വന്നിരിക്കുന്നത്..

പുറത്ത് നിന്ന് ഫോൺ വിളിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരൻ മൊബൈൽ ഓഫ്‌ ചെയ്ത് പോക്കടറ്റിലിട്ടു കൊണ്ട് അകത്തേക്ക് കയറി വന്നു..

മുന്നിൽ നിൽക്കുന്ന പ്രിയയെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. എന്നിട്ടവിടെ ഇട്ടിരുന്ന ചെയറിൽ പോയിരുന്നു...

അവൾ അവനു നേരെ ചായനീട്ടി..അവളെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് തന്നെ ചായ കപ്പെടുത്തു..എല്ലാവർക്കും ചായ കൊടുത്തവൾ അമ്മയുടെ പിറകിലേക്ക് നീങ്ങി നിന്നു..

"ഇതാണ് ചെറുക്കൻ.. ശ്രീഹരി.. ഇവിടുത്തെ സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറാണ്..

കൂടെ വന്ന ആൾ പറഞ്ഞതും പ്രിയ അവനെയൊന്ന് നോക്കി..അതേ നിമിഷം തന്നെ അവനും നോക്കിയതും പെട്ടന്നവൾ മുഖം വെട്ടിച്ചു...

ഇത് അമ്മ വസുന്ധര പെങ്ങൾ ശ്രീലക്ഷ്മി ഇവന്റെ മൂത്തതാണ്.. അത് എന്റെ ഭാര്യ ഇവന്റെ അമ്മായി "

ആൾടെ അമ്മാവൻ പറഞ്ഞു..

"കുട്ടികളുടെ അച്ഛൻ "

അമ്മയായിരുന്നു..

"ഇവന്റെ കൊച്ചിലെ ഒരു ആക്‌സിഡന്റിൽ മരണപെട്ടു...പിന്നെ ഇവരെ വളർത്തിയതും ഇത്രടം വരെ എത്തിച്ചതുമെല്ലാം ഇവളൊറ്റക്കാ "

അമ്മാവൻ മറുപടി നൽകി...

"ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ അകത്തെ റൂമിലേക്ക് പോകാം "

അച്ഛൻ പറഞ്ഞു..

"ഏയ്‌ വേണ്ട പുറത്തേക്ക് നിൽക്കാം.. എന്താടോ... "

അവസാനം പ്രിയയെ നോക്കിയാണ് അവൻ പറഞ്ഞത്.. അവൾ തലയാട്ടിയതും ഹരി പുറത്തേക്ക് നടന്നു.. പിറകെ തലകുനിച്ചു കൊണ്ടവളും..


(തുടരും..)

Share this story