പ്രിയമാനസം 💔: ഭാഗം 13

രചന: ശംസീന

"Good morning sir " ഹരിയെ കണ്ടതേ ഹോസ്പിറ്റൽ സ്റ്റാഫ്സ് വിഷ് ചെയ്തു.. അവർക്കെല്ലാം പ്രിയമാണ് ഹരിയെ.. ആരോടും മുഖം കറുപ്പിക്കാതെ പതിഞ്ഞ സ്വരത്തിൽ ചിരിയോടെ സംസാരിക്കുന്ന ആൾ.. ചികിത്സക്ക്‌ പണമില്ലാതെ കഷ്ടപ്പെടുന്ന രോഗികൾക്ക് സഹായഹസ്തവുമായി ചെല്ലുന്ന അവരുടെ പ്രിയപ്പെട്ട ഹരി ഡോക്ടർ.. "Very Good morning " അവനും മുന്നിലൂടെ വിഷ് ചെയ്തു കടന്നു പോകുന്നവർക്ക് ചിരിയോടെ മറുപടി നൽകി.. കേബിനിൽ കയറി ഇരുന്നപ്പോഴേക്കും ഏയ്ഞ്ചൽ വന്നു.. "സർ ഇന്നത്തെ ഷെഡ്യൂൾസ്.. " അവളൊരു ഫയൽ അവനു നേരെ നീട്ടി.. "ഇന്ന് ഒപി യില്ല അല്ലേ.. ഞാനത് ഓർത്തില്ല.. എന്നാൽ സിസ്റ്റർ ഫയൽ എടുത്ത് തെറാപ്പി റൂമിലേക്ക് വന്നോളൂ..

ഞാൻ അവിടെ കാണും.. പ്രിൻസ് എഴുന്നേറ്റോ.." "യെസ് സർ...നാരായണേട്ടൻ അയാളുമായി തെറാപ്പി റൂമിലേക്ക് വരും.." "Ok.. " ഹരി അവിടുന്നെഴുന്നേറ്റ് പുറത്തേക്കിറങ്ങി.. **** പ്രിയ കോളേജിനകത്തേക്ക് കയറി പിജി ഡിപ്പാർട്മെന്റ് എവിടെയാണെന്ന് ചോദിച്ചു അവിടേക്ക് നടന്നു .. അറിയുന്നവർ ആരും തന്നെയില്ല... ചിലർ കൂട്ട് കൂടി നടക്കുന്നുണ്ട് മറ്റു ചിലർ തന്നെ പോലെ ഒറ്റപ്പെട്ടു കൊണ്ടും... പരിചയത്തിലുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ഈ വിരസതയെങ്കിലും ഒഴിവാക്കാമായിരുന്നു... തന്റെ ക്ലാസ്സ്‌ കണ്ടതും അകത്തേക്ക് കയറി.. ഒരുവിധം എല്ലാ സീറ്റും ഫുൾ ആയിട്ടുണ്ട്..അകത്തേക്ക് കയറിയതേ എല്ലാവരും ഏതോ അത്ഭുത ജീവിയെ കണ്ടപോലെ തന്നെ നോക്കുന്നുണ്ട്..

കാരണം വേറൊന്നുമല്ല ക്ലാസ്സിലേക്ക് പുതിയൊരാൾ കയറിവരുമ്പോൾ ആരായാലും നോക്കി പോകുമല്ലോ... തലയും താഴ്ത്തി ലാസ്റ്റ് ബെഞ്ചിൽ പോയിരുന്നു.. "Hi, ഞാൻ നിലീന ചന്ദ്രൻ...." മുന്നിലെ ബെഞ്ചിൽ നിന്നും ഒരു പെൺകുട്ടി പ്രിയയുടെ നേരെ തിരിഞ്ഞിരുന്നു സ്വയം പരിചപ്പെടുത്തി.. "പ്രിയ.." അവൾ നീട്ടിയ കയ്യിലേക്ക് കൈകൊടുത്തു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഈ പ്രിയക്ക് തലയും വാലും ഒന്നുമില്ലേ.. " "പ്രിയ ശ്രീഹരി.. " "മാരീഡ് ആണോ.. " പ്രിയ ചിരിയോടെ തന്നെ തലകുലുക്കി.. "ഞാൻ അങ്ങോട്ട് വന്നിരുന്നോട്ടെ.. " നീലിമ ബാഗും എടുത്ത് പ്രിയയുടെ അടുത്ത് വന്നിരുന്നു... "ഞാൻ മാരീഡ് അല്ലാട്ടോ..

പക്ഷേ എൻഗേജ്മെന്റ് കഴിഞ്ഞിട്ടുണ്ട്.. ആൾ മിലിറ്ററിയിലാണ്.. ഇവിടെ അടുത്താണോ വീട്.." "അതെ.. " "ഞാൻ ഹോസ്റ്റലിൽ ആണ്.. എന്റെ വീട് കുറച്ച് ദൂരെയാ..വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളൂ.. അമ്മ താലൂക്ക്‌ ഹോസ്പിറ്റലിൽ നഴ്സാണ്... അപ്പൊ നൈറ്റ്‌ ഷിഫ്റ്റ്‌ ഒക്കെ ഉണ്ടെങ്കിൽ ഞാൻ തനിച്ചു നിൽക്കണ്ടേ എന്ന് പറഞ്ഞു ഹോസ്റ്റലിൽ ചേർത്തു... " "അച്ഛൻ.. " "അറിയില്ല.. കുഞ്ഞിലേ എന്നേയും അമ്മയേയും ഉപേക്ഷിച്ചു പോയതാണ്.. അച്ഛന്റെ പേര് മാത്രം ഇപ്പോഴും കൂടെയുണ്ട് ചന്ദ്രൻ.." യാതൊരു ഭാവഭേദവും ഇല്ലാതെ പറയുന്ന നീലിമയിൽ തന്നെ പ്രിയ ദൃഷ്ടി പതിപ്പിച്ചു.. "ശ്രീയേട്ടന് എന്താണ് ജോലി.. അങ്ങനെ വിളിക്കാലോ അല്ലേ.."

"ഓ. ഹരിയേട്ടൻ ഡോക്ടർ ആണ്.. ഇവിടെ സിറ്റി ഹോസ്പിറ്റലിൽ.. " "വല്യ പുള്ളിയാണല്ലോ.. " ഒന്നും രണ്ടും പറഞ്ഞിരുന്നപ്പോഴേക്കും ക്ലാസ്സിലേക്ക് സർ വന്നു.. അന്നത്തെ ദിവസം പരിചയപ്പെടലും മറ്റുമായി കഴിഞ്ഞു.. **** "ഇപ്പോൾ എങ്ങനെയുണ്ട് പ്രിൻസേ.. " "കാൽ അനക്കുമ്പോൾ ചെറുതായി വേദനയുണ്ട്.. എന്നാലും ഡോക്ടർ പറഞ്ഞതനുസരിച് ഡൈലി പത്തു മിനിറ്റ് കാലിന് എക്സൈസ് നൽകുന്നുണ്ട്.." "ഗുഡ്..താൻ വിഷമിക്കാതെടോ.. നമുക്ക് എത്രയും പെട്ടന്ന് നടക്കാന്നെ.. ഞാനല്ലേ പറയുന്നേ.." പ്രിൻസ് മറുപടിയായി അലസമായൊന്ന് ചിരിച്ചു... "സിസ്റ്ററെ പ്രിൻസിനെ തിരിച്ചു മുറിയിൽ കൊണ്ട് ചെന്നാക്കൂ...

" എന്തോ ജോലിയിലായിരുന്ന ഏയ്ഞ്ചലിനെ നോക്കി ഹരി വിളിച്ചു പറഞ്ഞു... ചെയ്തു കൊണ്ടിരുന്ന ജോലി അവിടെയിട്ട് പ്രിൻസ് ഇരിക്കുന്ന വീൽ ചെയറും തള്ളി മുറിക്ക് പുറത്തേക്കിറങ്ങി... "ഇയാളിത്തിരി വെയിറ്റ് കൂടിയിട്ടുണ്ട്...ഇനിയിപ്പോ എന്നെ കൊണ്ട് കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല..." വീൽ ചെയർ മുന്നോട്ട് തള്ളുന്നതിനിടയിൽ ഏയ്ഞ്ചൽ പറയുന്നത് കേട്ട് പ്രിൻസ് തലയുയർത്തി അവളെയൊന്ന് നോക്കി... "എന്താ നോക്കുന്നേ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ... " അവന്റെ നോട്ടം രസിക്കാതിരുന്ന ഏയ്ഞ്ചൽ ചുണ്ടുകൾ കൂർപ്പിച്ചു... "ഇയാളെ നോക്കാനും പാടില്ലേ... " പ്രിൻസ് വെറുതെയവളെ ചൊടിപ്പിച്ചു...

"അങ്ങനെ വഴിയേ പോകുന്നവർക്ക് നോക്കാനുള്ളതൊന്നുമല്ല എന്റെ മുഖം...എന്നെ കെട്ടാൻ പോകുന്നവന് നോക്കാനുള്ളതാ.." "ആരാണാവോ ആ ഹതഭാഗി... " പ്രിൻസ് കുറുമ്പോടെ മുകളിലേക്ക് നോക്കി കൈകളുയർത്തി... "ഇയാളെ ഇന്ന് ഞാൻ... " ദേഷ്യം വന്നവൾ വീൽ ചെയറൊന്ന് പിടിച്ചുലച്ചു... "കളിക്കല്ലേട്ടാ... ഞാൻ താഴെ വീഴും.. " "വീണോട്ടെ... " ദേഷ്യത്തോടെയവൾ പറഞ്ഞു... അപ്പോഴേക്കും മുറിയിലേക്ക് എത്തിയിരുന്നു... ഏയ്ഞ്ചൽ അവനെ താങ്ങി ബെഡിലേക്കിരുത്തി... "തന്നെ തന്റെ വീട്ടുകാർ എങ്ങനെ സഹിക്കുന്നോ ആവോ.. അവർക്കൊക്കെയതിന് പുരസ്‌കാരം കൊടുക്കണം.... " പ്രിൻസ് തമാശ രൂപേണ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

"അതിനെനിക്ക് വീട്ടുകാരെന്നു പറയാൻ ആരുമില്ല....ഞാനൊരനാഥയാ..." കരഞ്ഞു കലങ്ങിയ ഏയ്ഞ്ചലിന്റെ മുഖം കണ്ടതും പറയേണ്ടിയിരുന്നില്ലയെന്നവന് തോന്നി.... "സിസ്റ്റർ കരയുവാണോ.. ഞാൻ.. എനിക്കിതൊന്നും അറിയില്ലായിരുന്നു... " ഉറ്റവരോ ഉടയവരോ ഇല്ലാത്ത വേദനയാവോളം അറിയാവുന്ന പ്രിൻസിന് അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു... "കണ്ണിലൊരു കരട് പോയതാ....സർ കിടന്നോളൂ ഞാൻ കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ട് വരാം..." അവനെ നോക്കാതെ പറഞ്ഞിട്ടവൾ മുറിക്ക് പുറത്തേക്ക് പോയി.... ****** കുറച്ച് കഴിഞ്ഞ് ഏയ്ഞ്ചൽ അവനുള്ള ഭക്ഷണവുമായി വന്നു..

. എപ്പോഴും ചിരിച്ചു കൊണ്ടുള്ള മുഖത്തെ വിഷാദ ഭാവം അവനിൽ നോവുണർത്തി... ഭക്ഷണം പാത്രത്തിലേക്ക് പകർന്നെടുത്ത് അവൾ അവന്റെ മുന്നിലേക്ക് വെച്ചു കൊടുത്തു.... "ഞാൻ പറഞ്ഞത് പറഞ്ഞത് തനിക്ക് വിഷമം ആയല്ലേ..." "സാറത് വിട്ടില്ലേ... ഞാനത് അപ്പോഴേ മറന്നു..." പതർച്ചയോടെ പറയുന്നവളെ പ്രിൻസ് കണ്ണുകൾ കൂർപ്പിച്ചു നോക്കി.. "എന്നിട്ടാണോ ഈ മുഖം ഇങ്ങിനിരിക്കുന്നത്... " തന്റെ ഓരോ ചലനങ്ങളും അവൻ ശ്രദ്ധിക്കുന്നുണ്ടെന്നറിയെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു... "ഞാൻ ജനിച്ചത് എവിടെയാണെന്നറിയില്ല പക്ഷേ വളർന്നതും മറ്റും ഒരു മഠത്തിലായിരുന്നു...

ഒരമ്മ നഷ്ടപെട്ട എനിക്ക് പിന്നീട് അവിടെ നിന്ന് ഒരുപാട് അമ്മമാരെ കിട്ടി... അവിടുത്തെ സിസ്റ്റർമാർ എന്നെ സ്വന്തം മോളെ പോലെ തന്നെയായിരുന്നു വളർത്തിയത്.... വളർന്നു വലുതായി തിരിച്ചറിവ് വെച്ച പ്രായത്തിലാണ് അച്ഛനേയും അമ്മയേയും കുറിച്ച് ചോദിക്കുന്നത്... അങ്ങനെയൊരാളുകൾ ഇല്ലെന്നവർ പറഞ്ഞപ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു... പിന്നീട് പതിയെ പതിയെ ഞാനും ആ സത്യം അംഗീകരിച്ചു തുടങ്ങി... പഠിച്ചു ഒരു ജോലി നേടുക എന്നുള്ളതായിരുന്ന ലക്ഷ്യം... പഠിക്കാൻ മിടുക്കിയായിരുന്നത് കൊണ്ട് മഠത്തിന്റെ കീഴിലുള്ള ട്രസ്റ്റ്‌ മുഖേന എന്റെ പഠനം തുടർന്നു....

ഒരു നഴ്സ് ആവുക എന്നതായിരുന്നു ആഗ്രഹം... കർത്താവ് അനുഗ്രഹിച്ചു ആ ആഗ്രഹവും സാധിച്ചു... ഈ വെള്ളകുപ്പായാവുമിട്ട് നിങ്ങൾക്കിടയിലേക്ക് വരുമ്പോൾ എനിക്കും ആരൊക്കെയോ ഉണ്ടെന്നുള്ളൊരു തോന്നലാ.... സാറ് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ചെറിയൊരു വിഷമം തോന്നി...അതപ്പോൾ തന്നെ മാറുകയും ചെയ്തു...." കണ്ണും മുഖവും അമർത്തി തുടച്ചവൾ ഉള്ളിലെ നോവിനെ മറച്ചു പിടിച്ചു അവനെ നോക്കി മന്ദഹസിച്ചു...

പ്രിൻസ് പിന്നീടൊന്നും ചോദിച്ചില്ല... മുന്നിലിരിക്കുന്ന ഭക്ഷണം എടുത്ത് കഴിച്ചു...അല്ലെങ്കിലും എന്ത് ചോദിക്കാനാണ് അനാഥത്വത്തിന്റെ കൈപ്പ് രുചി താനും ആവോളം അറിഞ്ഞതല്ലേ... കഴിച്ചു കഴിഞ്ഞതും അവൾ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് കൊണ്ടുവന്നു അവന്റെ കയ്യും മുഖവുമെല്ലാം വൃത്തിയാക്കി കൊടുത്തു... ഉച്ചക്ക് കുടിക്കാനുള്ള മരുന്നും കൊടുത്തതിനു ശേഷം കുറച്ചു കഴിഞ്ഞു വരാമെന്നും പറഞ്ഞു അവിടെ നിന്നും പോയി...........(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story