പ്രിയമാനസം 💔: ഭാഗം 16

priyamanasam

രചന: ശംസീന

"ആ കുട്ടിയെ അത്രക്കും ഇഷ്ടമായിരുന്നോ...?" അവളുടെ ചോദ്യം കേൾക്കെ പ്രിൻസിന്റെ മിഴികൾ വീണ്ടും നിറഞ്ഞു തുടങ്ങി... "താന്നെ സങ്കടപ്പെടുത്താൻ വേണ്ടി ചോദിച്ചതല്ല അറിയാനൊരു കൗതുകം... താനവളെയോർത്ത് ഇത്രയധികം വേദനിക്കണമെങ്കിൽ അത്രയേറെ നിങ്ങൾ പ്രണയിച്ചിട്ടുമുണ്ടാവില്ലേ... " ഏയ്ഞ്ചലിന്റെ കണ്ണുകൾ തിളങ്ങി.. മുന്നിലിരിക്കുന്ന പ്രിൻസിനെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നവന്റെ വാക്കുകൾക്ക് കാതോർത്തു.. "സ്കൂൾ കാലം മുതൽ തുടങ്ങിയ പ്രണയമായിരുന്നു..അങ്ങോട്ട് മിണ്ടിയില്ലെങ്കിൽ പോലും ഇങ്ങോട്ട് ഇടിച്ചു കയറി കൂട്ടുകൂടുന്ന പ്രകൃതം..എന്നെ ഞാനാക്കിയതും എന്നിലെ അപകർഷാ ബോധത്തെ എടുത്ത് കളഞ്ഞതും അവളായിരുന്നു...

അവളെ കുറിച്ച് വാക്കുകളാൽ വർണിച്ചാൽ മതിയാകാതെ പോവും... " അവളുടെ ഓർമകളിൽ അവന്റെ ചൊടികൾ വിരിഞ്ഞു.. "ഇത്രക്ക് വലിയ പുള്ളിയാണോ.. എങ്കിൽ ആളെയൊന്ന് നേരിട്ട് കാണണമല്ലോ... " അവൾ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു... "അധികം വൈകാതെ കാണാം.. ഞാനൊന്നിവിടുന്ന് എഴുന്നേറ്റു നടന്നോട്ടെ... " പുത്തൻ പ്രതീക്ഷകളും മനസ്സിൽ നിറച്ച് പ്രിൻസ് കട്ടിലിലേക്ക് ചാഞ്ഞു... അവളെ കാണുന്ന ദിവസത്തിനായി നിമിഷങ്ങളെണ്ണി അവൻ കാത്തിരിപ്പ് തുടർന്നു... ***** ഹോസ്പിറ്റലിൽ കാണിച്ച ശേഷം രാഗേഷ് വീട്ടിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു... ശ്രീലക്ഷ്മിക്ക് പൂർണമായും ബെഡ്റസ്റ്റാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്...

രാഗേഷ് ജോലിക്ക് പോയി കഴിഞ്ഞാൽ അവളുടെ കാര്യങ്ങൾ നോക്കാൻ അവിടെ ആരുമില്ല.. ആരെയെങ്കിലും നിർത്താമെന്ന് കരുതിയാൽ വലിയ തുകയാണവർ ശമ്പളമായി ചോദിക്കുന്നത്.. രാഗേഷിന്റെ അമ്മയെ കൊണ്ടു വന്നു നിർത്താമെന്ന് കരുതിയാൽ എത്രയായാലും മരുമകൾക്ക് ചെയ്തു കൊടുക്കുന്ന കാര്യങ്ങൾക്കൊരു പരിമിതിയുണ്ടാവുമല്ലോ...ഒടുവിൽ വസുന്തരാമ്മ തന്നെ മകളുടെ അടുത്ത് നിൽക്കാമെന്നേറ്റു... ഹരിയേയും പ്രിയയേയും തനിച്ചിവിടെ നിർത്തി പോവുന്നതിൽ വിഷമമുണ്ടെങ്കിലും മറ്റു വഴികളൊന്നുമില്ലായിരുന്നു.. രാഗേഷിന്റെ സുഹൃത്തിന്റെ കൂടെയാണ് അമ്മ മുംബൈക്ക് പോവുന്നത്..

.അമ്മയെ എയർ പോർട്ടിൽ കൊണ്ടു വിട്ട് ഹരിയും പ്രിയയും വീട്ടിലേക്ക് തിരിച്ചു... "നല്ല വിശപ്പ്,, നമുക്കെന്തെങ്കിലും കഴിച്ചാലോ... " ഹരി ചോദിക്കേ തലയാട്ടി സമ്മതമറിയിച്ചു... ഹരി റോഡരികിൽ കണ്ടൊരു തട്ടുകയുടെ മുന്നിലേക്ക് കാറൊതുക്കി.. "ഇറങ്ങുന്നോ.. അതോ... " സീറ്റ് ബെൽറ്റ് ഊരിക്കൊണ്ട് ഹരി ചോദിച്ചു.. "ഇറങ്ങാം.. " താളത്തിൽ പറഞ്ഞിട്ട് പ്രിയയും അവനോടൊപ്പം ഇറങ്ങി.. "ചേട്ടാ കഴിക്കാനെന്തുണ്ട്... " ഓംലെറ്റ് അടിക്കുന്ന മധ്യ വയസ്കനോട് തിരക്കി.. "നിങ്ങൾക്കെന്ത് വേണം...?" നർമം കലർത്തി കൊണ്ടയാൾ തിരിച്ചു ചോദിച്ചു..ഹരി തലചെരിച്ചു പ്രിയയെ നോക്കി... "മസാല ദോശ... " ഒച്ച പുറത്തേക്ക് വരാതെ ചുണ്ടുകൾ കൊണ്ട് ആംഗ്യം കാണിച്ചു...

ഹരിയൊന്ന് പുഞ്ചിരിച്ചു അയാളോട് രണ്ട് മസാല ദോശ പറഞ്ഞു പ്രിയയുടെ അടുത്ത് ചെന്നിരുന്നു... ചെറിയൊരു തട്ട് കടയാണ്..ഇരിപ്പിടമെന്ന് പറയാൻ രണ്ട് ബഞ്ചും ഒരു സ്റ്റൂളും... കടയുടെ പിൻവശം കണ്ണെത്താ ദൂരത്തോളം നെല്പാടമാണ്... അവിടെ നിന്നും തണുത്ത കുളിർക്കാറ്റ് അവിടമാകെ വീശി...അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളെ ഹരി ചെവിയിടുക്കിലേക്ക് മാടിയൊതുക്കി... "അമ്മ പോയല്ലോ.. ഇനിയിപ്പോ താൻ തനിച്ചിരുന്ന് ബോറടിക്കും... " ഹരിയവളുടെ നീളൻ നഖങ്ങളിൽ ചുരണ്ടി.. "ഹരിയേട്ടനുണ്ടല്ലോ കൂട്ടിന്... പകൽ സമയങ്ങളിൽ നമ്മൾ രണ്ട് പേരും രണ്ടിടത്തായിരിക്കും... പിന്നെ രാത്രിയല്ലേ.. അന്നേരം നൈറ്റ്‌ ഷിഫ്റ്റെന്നും പറഞ്ഞ് ഹരിയേട്ടൻ മുങ്ങാതിരുന്നാൽ മതി..."

അവളുടെ സംസാരം ആസ്വദിച്ചു കൊണ്ടവൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു...കൊച്ചു കുഞ്ഞുങ്ങളുടേത് പോലുള്ള മുഖമാണ്... ഇരു കവിളുകളിലും ചുവന്ന കുഞ്ഞു കുഞ്ഞു മുഖക്കുരുകൾ...കരിമഷി പോലും എഴുതാത്ത തെളിഞ്ഞ നീളൻ മിഴികൾ... സംസാരത്തിനനുസരിച്ച് ചലിക്കുന്ന വിരലുകൾ... ഓരോ വട്ടം നോക്കുന്തോറും അവനവളിൽ അടിമപ്പെട്ടു കൊണ്ടിരുന്നു.. മുന്നിൽ കൊണ്ടു വെച്ച സ്റ്റീൽ പ്ളേറ്റിന്റെ ശബ്‍ദമാണ് കണ്ണുകളെ പിൻവലിച്ചത്... "ഡോക്ടറ് നൈസായിട്ടെന്നെ വായ് നോക്കുവായിരുന്നല്ലേ... " ചിരി കടിച്ചു പിടിച്ചുള്ള പ്രിയയുടെ ചോദ്യം അവനിൽ തെല്ലൊരു ജാള്യത നിറച്ചു..പിന്നീടവളുടെ ഭാഗത്തേക്ക്‌ അറിയാതെ പോലും നോക്കിയില്ല...

ദോശയെടുത്ത് വെപ്രാളത്തോടെ കഴിച്ചു.. "പതിയെ. " ഇടക്ക് നെറുകയിൽ കയറിയപ്പോൾ വേവലാതിയോടെ അവൾ തലയിൽ കൈ കൊണ്ട് തട്ടി.. കഴിച്ചു കഴിഞ്ഞ് പൈസയും കൊടുത്ത് കാറിലേക്ക് കയറി അവർ അവിടെ നിന്നും മടങ്ങി... **** വീട്ടിലെത്തി ഹരി കാർ പോർച്ചിലേക്ക് കയറ്റി നിർത്തിയതും പ്രിയ ചെന്ന് വാതിൽ തുറന്നു അകത്തേക്ക് കയറി..... ഷാളിലെ പിൻ അഴിച്ച് സോഫയിലേക്കിട്ടതും ഹരി പിന്നിലൂടെ വന്നവളെ പുണർന്നു കഴുത്തിലേക്ക് മുഖം ചേർത്തു..... "ഹരിയേട്ടാ... " വിറയലോടെ അവൾ വിളിച്ചു... "താനിങ്ങനെ ഹരിയേട്ടായെന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാടോ... " കഴുത്തിൽ നിന്നും മുഖം മാറ്റാതെ പതിഞ്ഞ ശബ്‍ദത്തിൽ പറഞ്ഞു...

അവന്റെ ചുടു വിശ്വാസത്തിൽ അവളുടെ ഉടലാകെ കുളിരു കോരി.. "ഡോക്ടർ സാറിന് ഈയിടെയായി ഇത്തിരി ഷുഗർ കൂടിയിട്ടുണ്ട്.. എനിക്കതൊന്നും സഹിക്കാൻ കഴിയുന്നില്ലാട്ടോ... " അവളുടെ പറച്ചിൽ കേൾക്കെ ഹരി അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി.. "ആണോ...എന്നാലേ ഈ ഡോക്ടറിന്റെ ഷുഗർ ഇപ്പോഴും ഹൈ ആയിട്ട് തന്നെയാണ്.." കുറുമ്പോടെ പറഞ്ഞിട്ട് ഇരു കവിളുകളും വലിച്ചു വിട്ടു. "സ്സ്.. " വേദനിച്ചതും അവളൊന്നേങ്ങി.. അതേ നിമിഷം തന്നെ ഹരി അവളെ വലിച്ചു നെഞ്ചോട് ചേർത്ത് കവിളിൽ അമർത്തി ചുംബിച്ചു... പ്രതീക്ഷിക്കാതെയുള്ള നീക്കത്തിൽ പ്രിയ പകച്ചു നിന്നു... ശരീരമെല്ലാം ചുട്ടു പൊള്ളുന്ന പോലെ...

ഹരിയേട്ടൻ മുൻപ് ചുംബിക്കുമ്പോഴോ ചേർത്ത് പിടിക്കുമ്പോഴോ തനിക്കിങ്ങനെ തോന്നാറില്ലായിരുന്നു... പെട്ടന്നെന്താ ഇങ്ങനെ... ഏതോ ഒരുൾപ്രേരണയാൽ പ്രിയ അവനെ പിറകിലേക്ക് തള്ളി.. വേച്ചു വീഴാൻ പോയ ഹരി സോഫയുടെ ഹാൻഡിലിൽ പിടിച്ചു... ഹരിയുടെ മുഖത്തും പകപ്പ് നിറഞ്ഞു.. പെട്ടന്നെന്തു പറ്റി എന്നുള്ള ചിന്ത അവനിലുമുണ്ടായി... "സോ.. സോറി ഹരിയേട്ടാ.. ഞാൻ പെട്ടന്ന്.. അറിയാതെ... " ചെയ്തു പോയ പ്രവർത്തിയുടെ കുറ്റബോധത്താൽ ശരീരം വിറ കൊള്ളുന്നതിനൊപ്പം വാക്കുകളിലും വിറയൽ കടന്നു കൂടി..

"Its ok... താൻ.. താൻ പോയി ഫ്രഷാവൂ... " അവളുടെ മുഖത്തേക്ക് നോക്കാതെ പതർച്ചയോടെ പറഞ്ഞിട്ട് ഹരി അമ്മയുടെ മുറിയിൽ കയറി വാതിലടച്ചു...അതിന്റെ പ്രകമ്പനത്തിൽ അവൾ ഞെട്ടിത്തരിച്ചു.. ചെയ്തു പോയ പ്രവർത്തിയുടെ ആഴം മനസ്സിനെ പിടിമുറുക്കി.. അവനത് വിഷമമായിക്കാണുമോ എന്നോർത്ത് ഉള്ളം വിങ്ങി.. മിഴികൾ നിറഞ്ഞു തൂവി... ഇതേ നിമിഷം അവനും സ്വയം വേദനിക്കുകയായിരുന്നു.. പെട്ടന്ന് തോന്നിയ വികാര വിക്ഷോഭത്തിൽ അവളോട് ചെയ്ത പ്രവർത്തിയാലോചിച്ച്............(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story